കാടിന് നടുവിലെ ഒറ്റയടിപ്പാതയിലൂടെ നടക്കുക ആണ് അവള്‍. രണ്ടുവശത്തും പൂത്തുനിറഞ്ഞുനില്‌ക്കുന്ന ചെടികള്‍ വിവിധവര്‍ണ്ണങ്ങളിലുള്ള പുഷ്‌പങ്ങള്‍ അവളുടെ മേല്‍ വര്‍ഷിക്കുന്നു. അവളുടെ ചുരുണ്ട തലമുടിയിലും പാവാടയുടെ ഞൊറിവുകളിലും ബ്ലൌസിന്മേലും അവ നിറഞ്ഞിരിക്കുന്നു. പക്ഷെ അതൊന്നും അറിയാതെ മുന്നോട്ടു ഗമിക്കുകയാണവള്‍.
ഭാര്യയുടെ ഞരക്കം കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു. അവള്‍ ഏങ്ങലടിച്ചു കരയുകയാണ്. അയാള്‍ അവളെ ശരീരത്തോടു ചേര്‍ത്തു പിടിച്ചു തടവിക്കൊണ്ട് പറഞ്ഞു:
`കരയാതെ ദേവീ. ഇനി കരഞ്ഞിട്ടെന്തു കാര്യം? സംഭവിക്കാനുള്ളതു സംഭവിച്ചു.'
ഏങ്ങലടി തുടര്‍ന്നുകൊണ്ടിരുന്നു. അയാള്‍ വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു.
അയാളുടെ കൈകള്‍ അവളുടെ പുറത്ത് ചിത്രങ്ങള്‍ വരയ്‌ക്കുകയായിരുന്നു. ആംബുലന്‍സിന്റെ നാദം, വാടിക്കരിഞ്ഞ സ്വപ്‌നങ്ങളുടെ ഗന്ധം, കണ്ണുനീരിന്റെ ഉപ്പുരസം, നിലവിളക്കിന്റെ നനഞ്ഞ പ്രകാശം എന്നിവയെല്ലാം ആ ചിത്രങ്ങളില്‍ തെളിഞ്ഞു.
പക്ഷെ അതൊന്നും ഗൗനിക്കാതെ പെണ്‍കുട്ടി മുന്നോട്ടു നടന്നുകൊണ്ടേയിരുന്നു.
പെട്ടെന്ന് നടപ്പാത അവസാനിച്ചു. ഇപ്പോള്‍ അവളുടെ മുന്നില്‍ വന്‍ വൃക്ഷങ്ങളും അവയില്‍ പടര്‍ന്നു പിടിച്ച മുള്‍ച്ചെടികളും മാത്രം.
അവള്‍ നാലുചുറ്റും നോക്കിയിട്ട് കാടിനുള്ളിലെ ആരോടോ പുഞ്ചിരിച്ചു. ആമോദം നിറഞ്ഞുനിന്ന ആ പുഞ്ചിരി അവസാനിച്ചതും അവള്‍ അപ്രത്യക്ഷയായി. ആ പുഞ്ചിരി മാത്രം അവിടെ തങ്ങിനിന്നു.
അയാള്‍ കണ്ണ് തുറന്നു. മുന്നിലെ കാടും പുഞ്ചിരിയും ആ ഇരുട്ടിലൂടെ തന്നേ നോക്കുന്നത് അയാള്‍ കണ്ടു. അയാള്‍ പതുക്കെ ഭാര്യയെ തട്ടിവിളിച്ചു: `ദേവീ.'
പക്ഷെ ദേവി ഉറങ്ങിക്കഴിഞ്ഞിരുന്നു.
പെട്ടെന്ന് കാടിനുള്ളില്‍ പ്രകാശം നിറയുന്നത് അയാള്‍ കണ്ടു. അതിനുള്ളില്‍ ഒരു സൂര്യകാന്തിപ്പൂവ് വിടര്‍ന്നു കാടിന്റെ പുഞ്ചിരി പോലെ.
ഭാര്യയെ ചേര്‍ത്തു പിടിച്ച് അയാള്‍ ഉറങ്ങി.