എവിടെയായാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന ഒരു സുദിനമാണ് തിരുവോണം.
വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന ഈ വിരുന്നുകാരനെ പ്രതീക്ഷകളുടെ നിറക്കതിരുകള്‍
കാഴ്‌ചവെച്ച് കരളക്കര എതിരേല്‍ക്കുന്നു. പുത്തനുടുപ്പും, വിഭവങ്ങള്‍ നിറഞ്ഞ
ഓണസദ്യയും പായസവും ഓണത്തിന്റെ ഒഴിച്ചുകൂടാനവാത്ത ഘടകങ്ങളാണ്. വാസ്‌തവത്തില്‍ ആരും
തന്നെ പാതാളത്തിലേക്ക് ചവുട്ടിതാഴ്‌ത്തപ്പെട്ട മഹാബലിയെ കുറിച്ച്
ആലോചിക്കുന്നില്ല. എല്ലാവരും പ്രജാവത്സലനായ മാവേലിയെ
ഓര്‍ക്കുന്നു.
നന്മകളാല്‍ സമൃദ്ധമായ ആ രാജാവിന്റെ ഭരണകാലത്തെയാണ് എല്ലാവരും
ഓര്‍മ്മിക്കുന്നത്, ആദരിക്കുന്നത്, ആ കാലം പോലെയാകണമെന്ന് ആഗ്രഹിക്കുന്നത്.
ഇത്രയൊക്കെ നന്മകള്‍ ചെയ്‌ത ഒരു രാജാവ് പാതാളത്തില്‍ എങ്ങനെ കഴിയുന്നു എന്ന്
ആരെങ്കിലും ചിന്തിച്ചതായി അറിവില്ല. ഐതിഹ്യമല്ലേ അതില്‍ എന്തിനു പതിരുകള്‍
തിരയുന്നു എന്ന് തോന്നാം. അതേ സമയം രാജാവ് പ്രജകളെ കാണാന്‍ വരുമ്പോള്‍ ഓണക്കോടി
ധരിച്ചും സാദിഷ്‌ടമായ ഭക്ഷണങ്ങള്‍ ഒരുക്കിയും നമുക്കെല്ലാം സുഖമാണെന്ന്
കാണിക്കുമ്പോള്‍ മാവേലിപാട്ടിനോട് നമ്മള്‍ വിപരീതമായി പെരുമാറുകയാണ്. കാരണം
പണ്ട് സ്‌നേഹത്തോടെ, യാതൊരുവിധ പ്രയാസങ്ങളും അറിയിക്കാതെനമ്മുടെ പൂര്‍വ്വികരെ സം
രക്ഷിച്ചു പോന്ന ഒരു രാജാവിനെ നമ്മള്‍ പത്ത്‌ദിവസം ഒരുങ്ങി ഒരുങ്ങി
കബളിപ്പിക്കയാണ്. മാവേലിനാട് വാണീടും കാലം മാലോകരെല്ലാരും ഒന്നു പോലെ,
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം എന്ന പാട്ട്‌പാടുന്നത് ഇത്തിരി
കള്ളത്തരത്തോടെയാണ്. കാരണം കേരളത്തില്‍തന്നെയല്ല ഈ ഭൂമിയില്‍ എല്ലായിടത്തും
അശാന്തിയാണ്. നമ്മള്‍ കേരളത്തിലുള്ളവര്‍ പത്ത് ദിവസം അടിച്ച് പൊളിച്ച് മഹാബലിയെ
സന്തോഷിപ്പിച്ചു വിടുന്നു, വീണ്ടും അടുത്ത കൊല്ലം കാണാന്‍.എന്റെ മനസ്സില്‍
തോന്നുന്നത് ഇതെല്ലാം വാമനനെ സന്തോഷിപ്പിക്കാനാണെന്നാണ്. കാരണം എല്ലാ
സൗഭാഗ്യങ്ങളോടും കഴിഞ്ഞിരുന്ന ഒരു ജനതയെ കഷ്‌ടത്തിലാക്കിയത് അദ്ദേഹമല്ലേ.
മഹാബലിവരുമ്പോള്‍ ഓണ സദ്യ ഒരുക്കിയും, ഓണകോടിയുടുത്തും ജനം സുഭിക്ഷതിയിലാണെന്ന്
കാണിക്കുന്നത് മഹാബലിയെ വിശ്വസിപ്പിക്കാനോ വാമനനെ
പ്രീതിപ്പെടുത്താനോ?
എന്തായാലും ഓണം സമൃദ്ധിയുടെ നാളുകള്‍
ഓര്‍മ്മിപ്പിക്കുന്നെങ്കിലും അങ്ങനെ ഒരു കപട നാടകം അരങ്ങേറ്റി കള്ളവും ചതിയും
ഇപ്പോള്‍ ഉണ്ടെന്ന് കാണിക്കയാണു നമ്മള്‍. മഹാബലിയോട് സത്യങ്ങള്‍
ഉണര്‍ത്തുകയാണുവേണ്ടത്. അപ്പോള്‍ വാമനനു വെറുതെയിരിക്കാന്‍ കഴിയില്ല. മാവേലിയെ
ചവുട്ടിതാഴ്‌ത്തുമ്പോള്‍ പ്രജകളെ നല്ലപോലെ പരിപാലിച്ചുകൊള്ളാം എന്ന് വാമനന്‍
പറഞ്ഞിട്ടില്ല. അത്‌കൊണ്ട് സത്യം മഹാബലിയെ ബോധിപ്പിച്ചിട്ടും
പ്രയോജനമില്ല.
പ്രവാസികളായാലും, സ്വദേശികളായാലും ഓണം ഒരു ഉത്സവമായി കണ്ട്
365 ദിവസവും അതെപോലെ സമ്രുദ്ധിയും സന്തോഷവും എല്ലാവര്‍ക്കും ഉണ്ടാകാന്‍
ശ്രമിക്കയാണ് വേണ്ടത്. കീറിപോകുന്ന ഓണക്കോടിയും, ദഹിച്ചു പോകുന്ന ഓണ
സദ്യയുമുണ്ട് പിറ്റെദിവസം മുതല്‍ കഷ്‌ടപ്പാടും കണ്ണീരുമായി കഴിയുന്നതില്‍
എന്തര്‍ത്ഥം.മാവേലിനാട് വാണ കാലത്തിന്റെ ഓര്‍മ്മകള്‍ സദ്യയൊരുക്കിയും,
കോടിയുടുത്തും ആഘോഷിക്കുന്നതിനേക്കാള്‍ കള്ളമില്ലാത്ത, ചതിയില്ലാത്ത, എല്ലാവരും
സന്തോഷത്തോടെ കഴിയുന്ന ഒരു നവയുഗം കെട്ടിപടുക്കാന്‍നാമെല്ലാവരും ശ്രമിക്കണമെന്നാണു
എന്റെ ഓണ സന്ദേശം.
എല്ലാവര്‍ക്കും ഓണാശംസകള്‍.