Image

കാലിയായ ഖജനാവും കാത്തിരിക്കുന്ന സര്‍ക്കാരും - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 16 September, 2014
കാലിയായ ഖജനാവും കാത്തിരിക്കുന്ന സര്‍ക്കാരും - ജോസ് കാടാപുറം
സംസ്ഥാന ഖജനാവിലെ പ്രധാന വരുമാനങ്ങളിലൊന്നാണു മദ്യനികുതി. നികുതിയായി ലഭിച്ചു കൊണ്ടിരിക്കുന്ന 7000 കോടി വേണ്ടെന്നുവെച്ചു കൊണ്ടു മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം സ്വര്‍ണ്ണ മുട്ടയിടുന്ന താറാവിനെ ചൊല്ലി അത്യാഗ്രഹികള്‍ നടത്തിയ തര്‍ക്കത്തിനൊടുവില്‍ താറാവിനെ കൊന്ന കഥയാണ് ഓര്‍മ്മിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി രണ്ടായിരം കോടി വീതം കടമെടുത്തു നീങ്ങുന്ന ഖജനാവ് ഏഴായിരം കോടി രൂപ വേണ്ടെന്നു വെയ്ക്കുമ്പോള്‍ എങ്ങനെ കാര്യങ്ങള്‍ വീണ്ടും, വെള്ളം, വൈദ്യുതി, ബസ്‌കൂലി ഒന്നുകൂടി കൂട്ടി മദ്യപിക്കാത്ത സാധാരണക്കാരെ കൂടി പിഴിയാതെ മറ്റന്താണാവോ വഴി?!!

ഭരണകക്ഷിയിലെ ഒരു നേതാവിന്റെ ആഴ്ചയില്‍ വിദേശനിര്‍മ്മിത മദ്യക്കുപ്പി വരുത്താന്‍ പതിനായിരം രൂപ! ഇതൊരു നേതാവിന്റെ മാത്രം കഥയല്ലിത്. കേരളത്തിലെ നേതാക്കളില്‍ രണ്ടെണ്ണം വിട്ടില്ലെങ്കില്‍ നോര്‍മലല്ലാത്ത എത്ര നേതാക്കള്‍ ഉണ്ടെന്ന് അണികള്‍ക്ക് നന്നായി അിറയാം.

ജനങ്ങളുടെ ആരോഗ്യമോ, ഭാവിയോ, കുണ്ടുംകുഴിയുമായ റോഡ് നന്നാക്കാനോ, ഒരു യൂണിറ്റ് വൈദ്യുതി പുതിയതായി ഉണ്ടാക്കാനോ ഒന്നിനും കഴിയാത്ത ഈ സര്‍ക്കാര്‍ ഇപ്പോഴത്തെ അനാവശ്യ വിവാദങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അവസാന ഘട്ടത്തിലേക്കാണ് ഈ ബാര്‍പൂട്ടല്‍ വിവാദം എത്തിനില്‍ക്കുന്നത്. ഭരണം സൂക്ഷ്മമായി വിലയിരുത്തിയാല്‍ കാലിയായ ഖജനാവിന് എന്തിനാണ് കാവല്‍ എന്ന് ചോദിച്ചുപോകും.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ട് പ്രതിസന്ധിയും പ്രയാസമേയുള്ളൂയെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലികട്ടി അപാരമാണ്. ഒരു ലക്ഷത്തി പതിനെട്ടായിരം കോടിയുടെ പൊതുകടം. മാസം തോറും 800 കോടി രൂപായുടെ വായ്പാപലിശ. പ്രതിമാസ വരവ് ചിലവ് കണക്കുകള്‍ തമ്മില്‍ 1650 കോടിയുടെ വ്യത്യാസം. എന്തിനെറെ സര്‍ക്കാര്‍ നല്‍കുന്ന ചെക്കുകള്‍ തന്നെ വണ്ടിചെക്കാവുന്ന അവസ്ഥ. ഇതിനെ സാമ്പത്തിക പ്രതിസന്ധിയെന്ന് വിളിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ അപേക്ഷ?!

പൊതുവിപണിയില്‍ നിന്നും കടമെടുപ്പിന്റെ പരിധിയിതിനകം തന്നെ ലംഘിച്ചു. 2014 ആരംഭിച്ചപ്പോള്‍ തന്നെ 14000 കോടിയുടെ റവന്യൂകമ്മിയിലാണ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. ബഡ്ജറ്റില്‍ കണക്കുകൂട്ടി വച്ചതിന്റെ രണ്ടിരട്ടിയാണ് ഈ റവന്യൂ കമ്മിയിപ്പോള്‍. എന്നാല്‍ മറുവശം രസകരമാണ് അതിസമ്പന്നര്‍ക്ക് നികുതിയിളവുകള്‍ ക്രമാതീതമായി അനുവദിച്ചു കൊടുത്തു. അങ്ങനെയാണ് വന്‍ നികുതി ചോര്‍ച്ചയുണ്ടായത്; ഇപ്പോഴുള്ള പ്രതിസന്ധിക്ക് പ്രധാന കാരണം. 32000 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. ആരുടെ ആനുകൂല്യം പിടിച്ചെടുക്കാനാണ് ഈ 32000 കോടി കുടിശിക പിരിച്ചെടുക്കേണ്ടതില്ലയെന്ന് തിരുമാനിച്ചത്?.

നികുതിപിരിവ് കാര്യക്ഷമമായിരുന്നെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിത്രയും രൂക്ഷമായില്ലായിരുന്നു. നിത്യചെലവുകള്‍ക്ക് ക്രമരഹിതമായ അഡ്വാന്‍സ് എടുക്കേണ്ട സ്ഥിതി ഒഴിവാക്കാമായിരുന്നു. ആദ്യം 550 കോടി പിന്നെ 200 കോടിയും ആകെ 750 കോടി അഡ്വാന്‍സ് പറ്റി, അതുകൂടാതെ 2000 കോടി പൊതുവിപണിയില്‍ നിന്ന് കടമെടുത്തു. 650 കോടി കേന്ദ്ര നികുതിയില്‍നിന്ന്  അഡ്വാന്‍സ് എടുത്തു. എന്നിട്ടും പ്രതിസന്ധി മറികടക്കാനായില്ല. ഇതിനിടയില്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ വീടുകളിലെ പ്രധാന വരുമാനമായ റബ്ബര്‍വില ഇടിഞ്ത് കൂടതല്‍ പ്രശ്‌നമായി., ഒരു കിലോ റബ്ബറിന് 270 രൂപായില്‍ നിന്ന് 110 രൂപയിലേക്ക് താഴ്ന്നപ്പോള്‍ റബ്ബര്‍വെട്ടുന്നതിലും നല്ലത് വെട്ടാതിരിക്കാന് കേരളത്തിലെ കൃഷിക്കാരും സാധാരണക്കാരും തീരുമാനിച്ചപ്പോള്‍ ജനജീവിതം കൂടുതല്‍ ദുഃസഹമായി.

റബ്ബറിന്റെ വിലയിടിവിന് കാരണം ടയര്‍ ലോബികളും ടയര്‍ കമ്പനികളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളി, ഊഹകച്ചവടത്തെയും ഇറക്കുമതികളെയും പ്രോത്സാഹിപ്പിക്കുന്ന നയം. എന്തിന് പറയുന്നു ജനങ്ങളുടെ ആകെയുള്ള വരുമാനവും വെള്ളത്തിലായി. കേരളത്തിലിപ്പോള്‍ പലസ്ഥലത്തും റബ്ബര്‍മരങ്ങള്‍ വെട്ടികയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. സാമ്പത്തിക പ്രതിസന്ധി മൂലം റോഡിലെ കുഴിനികത്താന്‍ മെറ്റലും, ടാറും വാങ്ങാനും കാശില്ലാത്തതിനാല്‍ റോഡിലെ കുഴിമൂലം അപകടമരണങ്ങളും പെരുകി.

ചുരുക്കത്തില്‍ കാലിയായ ഒരു ഖജനാവിന് ശമ്പളം പറ്റി കാവലിരിക്കാന്‍ ഒരു മന്ത്രി സഭയെന്തിന് എന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചുപോയെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട്, കാര്യമില്ല!?

കാലിയായ ഖജനാവും കാത്തിരിക്കുന്ന സര്‍ക്കാരും - ജോസ് കാടാപുറം
Join WhatsApp News
വിദ്യാധരൻ 2014-09-17 12:34:00
കാലിയായി കാലിയായി ഖജനാവ് കാലിയായി, കുത്തുപാള എടുത്തു ഞങ്ങൾ തെണ്ടുവാനും സമയമായി, മന്ത്രിമാരും ചേവകരും കൊള്ള ചെയ്തു കൂട്ടുമ്പോൾ, വരുന്ന തന്റെ തലമുറക്കായി സ്വിസ്ബാങ്കിൽ ആക്കുമ്പോൾ, കഴുതകളായി മനുഷ്യരെല്ലാം നോക്കി നിന്ന് കരയുന്നു, ദൈവം തന്റെ സ്വന്ത നാടായി തിരെഞ്ഞെടുത്ത കേരളം, കള്ളന്മാരും കൊള്ളക്കാരും ഒന്ന് ചേർന്ന് മുടിക്കുന്നു, എൻ സ്വദേശം കാണുവാനും പുക്കുൾ ബന്ധം പുതുക്കുവാനും, എന്റെ ഉള്ളം വാഞ്ചിപ്പ്. (സമയമാം രഥത്തിൽ എന്ന രീതിയിൽ എനും നെഞ്ചത്തടിച്ചു പാടിയാൽ ആശ്വാസം കിട്ടിയെങ്കിൽ ആയി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക