പാതാളത്തിലിരുന്ന് മഹാബലി തീര്‍ച്ചയായും കേരളം വാഴുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്ത്
അഭിമാനിക്കുന്നുണ്ടാകും, തനിക്കുശേഷം ഇത്രയും , സത്യസന്ധവും നീതിമാനുമായ ഒരു
മനുഷ്യന്‍ കേരളം ഭരിക്കുന്നത് കണ്ട്. കള്ളവുമില്ല, ചതിവുമില്ല, പാപിയെന്നോ
പുണ്യവാളനെന്നോ പക്ഷപാതമില്ല, `പണി' ഒരുപോലെ. സരിതയെന്നോ ശാലുവെന്നോ വ്യത്യാസമില്ല.
ബിജുവിനോടും സലിംരാജിനോടും ഒരേ സ്‌നേഹം.. കുചേലനും കുബേരനും എല്ലാം ഒരേ നീതി.
അതാണ് ഉമ്മന്‍ചാണ്ടി !
മദ്യത്തിന് 20 ശതമാനം അധിക നികുതി ചുമത്തി സകല
കള്ളുകുടിയന്മാര്‍ക്കും `പണി' കൊടുത്തപ്പോള്‍ കുടിവെള്ളത്തിന് 50 ശതമാനം വില
വര്‍ദ്ധിപ്പിച്ച് സാധാരണക്കാര്‍ക്ക് പച്ച വെള്ളത്തില്‍ `പണി' കൊടുത്ത നീതി ബോധം
അത് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റെവിടെയാണ് കാണാന്‍ സാധിക്കുക. വൈനിന്റെ നികുതി 50
ശതമാനത്തില്‍ നിന്ന് എഴുപത് ശതമാനമാക്കി ഉയര്‍ത്തി അച്ചന്മാര്‍ക്കും
പള്ളിക്കാര്‍ക്കും `പണി' കൊടുത്തു. അതിലൂടെ വെള്ളാപ്പള്ളിയുടെ കുടി കുറച്ച് ,
ഇരുകൂട്ടര്‍ക്കും നീതി ലഭ്യമാക്കിയ മഹാനുഭാവന്‍ , അതാണ് ഉമ്മന്‍ ചാണ്ടി
!!!
ഇതൊന്നുമില്ലെങ്കില്‍ ഒരു മുറിബീഡി വലിച്ചു രസിക്കാമെന്നു വച്ചാല്‍
അതിന്റെയും നികുതി ഇരട്ടിയാക്കി `പണി' കൊടുത്തു. അരിയിലും പഞ്ചസാരയിലും
ഓണക്കാലത്ത് തന്നെ `പണി' കൊടുത്തിരുന്നു. പാവങ്ങള്‍ക്കിട്ട് എങ്ങനെ ഇനിയും പണിയാം
എന്നാലോചിക്കാന്‍ മന്ത്രിസഭ അടുത്ത ആഴ്‌ച കൂടുന്നുണ്ട്. റോഡിലെ ഒരു കുഴിയും തന്റെ
ഭരണകാലത്ത് അടയ്‌ക്കില്ല എന്നു സത്യപ്രതിജ്ഞ ചെയ്‌തതിലൂടെ കാറുള്ള മുതലാളിയും ,
കാലുമാത്രമുള്ള സാധാരണക്കാരനും റോഡിലെ കുളങ്ങള്‍ ഒരു പോലെ സമ്മാനിക്കാന്‍
ഉമ്മന്‍ചാണ്ടി സല്‍ഭരണത്തിനെ സാധിക്കൂ. നിയമന നിരോധനമില്ലെന്ന് ആണയിടുകയും , ഒപ്പം
പുതിയതായി ആര്‍ക്കും ജോലി നല്‍കില്ലെന്നും പറയുന്ന ബുദ്ധിസാമര്‍ത്ഥ്യം
ഉമ്മന്‍ചാണ്ടിയുടെ മാത്രം സ്വന്തം.
ഒറ്റ രാത്രികൊണ്ട് രണ്ടായിരം കോടി രൂപയുടെ
അധിക നികുതി കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍
ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ് ? ബാറു പൂട്ടിയതു കൊണ്ടുള്ള
നഷ്‌ടം നികത്തല്‍ എന്നു പറയുന്നത് വെറും തട്ടിപ്പ് മാത്രമാണ്.
ഏതു
ബാറാണ് പുതിയതായി പൂട്ടിയത് ? അത് ഇനി സൂപ്രീംകോടതി തീരുമാനിക്കണം. ഇനി ബാറായ
ബാറെല്ലാം പൂട്ടിയാല്‍ തന്നെ സര്‍ക്കാരിന് വരുമാനം കൂടത്തേയുള്ളൂ. കാരണം ബാറു
മുതലാളിമാരെല്ലാം വില്‍പ്പന നികുതി വെട്ടിക്കും. ബാറുകള്‍ പൂട്ടുന്നിതലൂടെ മുഴുവന്‍
മദ്യക്കച്ചവടവും സര്‍ക്കാരിന്റെ സ്വന്തം ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലൂട
മാത്രമാകും. അങ്ങനെ നികുതി വെട്ടിപ്പും തടയാം. സര്‍ക്കാരിന്റെ വരുമാനവും കൂട്ടാം.
ഇതാണ് മനുഷ്യനെ പൊട്ടനാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ബുദ്ധി !
ഈ നികുതി
വര്‍ദ്ധനവിലൂടെ മറ്റൊരു ലക്ഷ്യംകൂടി ഉമ്മന്‍ചാണ്ടിക്കുണ്ട്. അത് ധനകാര്യ മന്ത്രി
കെ.എം മാണിയെ ഒന്നു ചെറുതാക്കുക . അതായത്, ധനകാര്യവകുപ്പിന്റെ
പിടിപ്പുകേടുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി എന്നു വരുത്തി തീര്‍ക്കുക. അതിലൂടെ
ബാറു പൂട്ടൂന്ന കാര്യത്തില്‍ സൂധീരനെ പിന്തുണച്ച മാണി സാറിനിട്ട് ഒരു പണികൂടി.
സുധീരനെട്ടിന്റെ `പണി' അനസൂതം തുടരുകയാണ്. കുഞ്ഞാപ്പക്കുള്ള വടിവെട്ടാന്‍
പോയിട്ടുണ്ട്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതു പോലെയായി ഇത്.
സുധീരനോട് തോറ്റതിന് പാവം ജനങ്ങള്‍ക്കിട്ട് `പണി'. എന്തുകൊണ്ട്
ബിസിനസ്സുകാരില്‍ നിന്നും കമ്പനികളില്‍ നിന്നും പണക്കാരില്‍ നിന്നും ലഭിക്കേണ്ട
നികുതി പിരിക്കലും അവര്‍ക്കെല്ലാം ആവശ്യത്തിനിളവു നല്‍കുന്ന ഉമ്മന്‍ചാണ്ടി
എന്തുകൊണ്ട് സാധാരണക്കാരനിട്ട് ഇരുട്ടടി നല്‍കുന്നു. ബാറു പൂട്ടാന്‍ മുറവിളി
കൂട്ടിയ നീയൊക്കെ അനുഭവിക്ക് എന്നാണോ ? രണ്ടു വര്‍ഷം കൂടി ശനിദശ
അനുഭവിക്കുകയല്ലാതെ കേരള ജനതക്കു മറ്റു മാര്‍ഗമില്ല. !
അടിക്കുറിപ്പ് :
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മന്ത്രിമാര്‍ ശമ്പളത്തിന്റെ ഇതുപത്
ശതമാനം അടുത്ത ആറു മാസത്തേക്ക് വാങ്ങില്ല.
നമ്മുടെ മന്ത്രിമാര്‍ ശമ്പളം
കൊണ്ടാണ് ജീവിക്കുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്. !