Image

അസൂയ (ഏഴാം ഭാഗം: കൊല്ലം തെല്‍മ-ടെക്‌സസ്)

കൊല്ലം തെല്‍മ-ടെക്‌സസ് Published on 20 September, 2014
അസൂയ (ഏഴാം ഭാഗം: കൊല്ലം തെല്‍മ-ടെക്‌സസ്)
ബൈബിളിലെ പഴയനിയമത്തില്‍ നിന്നും മുന്‍ലക്കങ്ങളില്‍ അസൂയയുടെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. ശൗല്‍ രാജാവിന്-വെക്കമാരു പടയാളിയും ആട്ടിടയനുമായ ദാവീദിനോട് അസൂയ.

അതിന്‌റെ ഫലം എന്തായി? ഒടുവില്‍ ശൗല്‍ രാജാവ് ശാത്രുക്കളാല്‍ വധിക്കപ്പെടുകയും, വളരെ പരിതാപകരമായ അന്ത്യം ഏറ്റുവാങ്ങുകയും ചെയ്തു. അസൂയയ്ക്ക് ഇരയായിത്തീര്‍ന്ന ദാവീദിനെന്തുസംഭവിച്ചു? ദൈവം അദ്ദേഹത്തെ കൃപാവരങ്ങളാല്‍ പൊതിഞ്ഞു.  “ആടിനെ മേയ്ച്ചുനടന്നവന്‍ യൂദാഭവനത്തിനധിപതിയായി.”  അതെ, ദാവീദ്, യഹുദാവംശത്തിന്റെ രാജാവായി നീണാള്‍ വാഴുകയും ചെയ്തു.

യാക്കോബിന്റെ മൂത്ത ആണ്‍മക്കള്‍ക്ക് അവരുടെ കൊച്ചനുജനോട് അസൂയ. എന്നിട്ട് കൊച്ചനുജന്‍ യോസേഫിനെന്തു സംഭവിച്ചു.? മൂത്ത സഹോദരങ്ങളുടെ അസൂയക്ക് ഇരയായി, കഷ്ടങ്ങള്‍ അനുഭവിച്ചെങ്കിലും ദൈവം പൊതിഞ്ഞു. ഈജിപ്റ്റിന്റെ ഗവര്‍ണര്‍ പദം അലങ്കരിച്ച്, മിസ്രയിമിന്റെ ആധിപനായി. ഒടുവില്‍ മൂത്ത സഹോദരങ്ങള്‍ ദാരിദ്ര്യത്തിന്റെ പരിവേഷമണിയുകയും ചെയ്തു.

ഇതില്‍ നിന്നും ഒരു കാര്യം പകല്‍പോലെ സത്യം അതായത്, നാം ആരെയെങ്കിലും- അസൂയ നിമിത്തം കഷ്ടത അനുഭവിക്കാന്‍ ഇടയാക്കിയാല്‍ ദൈവം നമ്മെ കൈവിട്ടുകളയുകയും- അസൂയക്ക് ഇരയായിത്തീര്‍ന്ന ആ വ്യക്തിയെ ദൈവം കൃപാവരങ്ങള്‍ കൊണ്ടുപൊതിയുകയും ചെയ്യും എന്നുള്ളത്.

കാരണം, ദൈവത്തോട് പിശാച് കാട്ടിയ അക്രമം ആണ് ആദ്യപാപമായ അസൂയ. ആയതിനാല്‍ അസൂയക്കിരയായി കഷ്ടത അനുഭവിക്കേണ്ടിവരുന്ന ഏതൊരു വ്യക്തിയുടെ കൂടെയും ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ ശക്തമായി ചലിച്ചിരിക്കും.

ഈ പച്ചപ്പരമാര്‍ത്ഥം, ഈ പരിജ്ഞാനം ലഭിച്ചു കഴിഞ്ഞാല്‍- മാനവരായിട്ടുള്ള ആര്‍ക്കെങ്കിലും അസൂയയോടെ, നശിപ്പിക്കണം എന്ന ഉദ്ദേശത്തില്‍ മുന്നോട്ടുപോകുവാന്‍ ധൈര്യം കാണുമോ? പിശാച് എത്ര പ്രോത്സാഹിപ്പിച്ചാലും “അവന്റെ തന്ത്രങ്ങളെ മനസ്സിലാക്കി” ആപ്രലോഭനങ്ങളെ അതിജീവിച്ച്, ദൈവത്തിന്റെ കൃപാവരങ്ങള്‍ ആസ്വദിച്ചു നമുക്ക് കഴിയാം.

കഴിഞ്ഞ ലക്കങ്ങളില്‍ ഹൈന്ദവ പുരാണങ്ങളില്‍ നിന്നും ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാക്ഷാല്‍ രാജകിരീടത്തിന് അവകാശിയായ ശ്രീരാമനെ രാജാവായി വാഴിച്ചില്ലെങ്കില്‍ വേണ്ട. പക്ഷെ അതും പേരാണ് അദ്ദേഹത്തെ പതിനാലുവര്‍ഷം വനവാസത്തിനയച്ചിരിക്കുന്നു- അസൂയയുടെ വിഷം….
പക്ഷെ എന്നിട്ടെന്തായി? ഇന്നും ഹൈന്ദവമതസ്തരുടെ ദൈവം ശ്രീരാമനല്ലേ? ഭരതന് രാജകിരീടമേ ലഭിച്ചുള്ളൂ.

ഭരതന് ഹിന്ദുക്കളുടെ ദൈവമായി വാടാന്‍ സാധിച്ചില്ല.

അസൂയ നിമിത്തം ഈ അക്രമങ്ങള്‍ നടത്തികൂട്ടിയ കൈകേയിക്കെന്തു സംഭവിച്ചു? മകന്‍ രാജ്യഭാരം ഏറ്റെടുത്തു രാജാവായി വാണിടും കൈകേയിയുടെ മനസമാധാനം അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ ചിത്തഭ്രമം പിടിപ്പെട്ട് കൈകേയി നശിക്കുകയാണുണ്ടായത്. ദൈവം കൈകേയിയോടൊപ്പം നിന്നില്ല…. അസൂയക്കിരയായിരുന്നവന്റെ കൂടെ നിന്നു ദൈവം!
മഹാഭാരത യുദ്ധത്തില്‍ ഏകലവ്യന്‍, പാണ്ഡവരുടെ പക്ഷത്തുനിന്ന് പൊരുതിയാല്‍ അവര്‍ക്ക് ജയമുണ്ടായേക്കാം എന്ന അസൂയയാല്‍ ഗുരനാഥനായ ദ്രോണാചാര്യര്‍ ശിഷ്യനോട് തള്ളവിരല്‍ മുറിച്ച് ഗുരുദക്ഷിണയായി നല്‍കണമെന്നാവശ്യപ്പെട്ടു. അസൂയയുടെ കൊടുവിഷം…. ഏകലവ്യന്‍ അപ്രകാരം തന്നെ ചെയ്യുകയും ചെയ്തു.

പക്ഷെ പിന്നെന്തുസംഭവിച്ചു? മഹാഭാരതയുദ്ധത്തില്‍ പാണ്ഡവര്‍ തന്നെ വിജയം വരിച്ചില്ലേ? അസൂയമൂത്ത് അക്രമം കാട്ടിയാല്‍ ദൈവം നമ്മുടെ പക്ഷം വിട്ടുമാറിപ്പോകുമെന്നും ഇതിന് ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുവാന്‍ പറ്റുമോ?
എല്ലാം ഐതീഹിക കഥകളാണെങ്കില്‍കൂടി, ഇവയെല്ലാം ചൂണ്ടുപലകകളാണെന്ന സത്യം മറക്കരുത്.
തനിക്ക് നഷ്ടപ്പെട്ട ദൈവസാന്നിദ്ധ്യം ഭൂമിയിലെ മനുഷ്യര്‍ക്കും നഷ്ടമാക്കിത്തീര്‍ക്കണം എന്ന ഒറ്റത്തീരുമാനമേ ലൂസിഫര്‍ അഥവാ പിശാചിനുള്ളൂ. ആ തീരുമാനത്തിന്റെ ഫലമാണ് നാമോരുത്തരിലുമുള്ള അസൂയ എന്ന പാപേച്ഛ.

ആര്‍ക്കെങ്കിലും എന്തെങ്കിലുമൊരു മേന്മകണ്ടാല്‍, അസൂയമൂത്ത് അത് ഉടനെ നശിപ്പിച്ചുകളഞ്ഞേ മതിയാകൂ എന്ന ചിന്തയില്‍ പാരപണിയുക, കണ്ണുപ്പെടുക, ശപിക്കുക, അപവാദം പറഞ്ഞു നടക്കുക, ആഭിചാരം ചെയ്യുക എന്നുവേണ്ട കൊല്ലുംകൊലയും സംഭവിക്കുന്നതുപോലും അസൂയയുടെ ഉത്ഭവത്തില്‍ നിന്നുമാണെന്ന് നാം പഠിച്ചുകഴിഞ്ഞു.

ദൈവം നമുക്ക് പരിജ്ഞാനം നല്‍കിയ സ്ഥിതിക്ക് ഇനി പിശാചിന്റെ തന്ത്രങ്ങളോട് നമുക്ക് വിടപറയാം. അങ്ങനെ പിശാചിന്റെ തന്ത്രങ്ങളില്‍ നിന്ന് വിടുതല്‍ നേടി ദൈവത്തിന്റെ അദൃശ്യകരങ്ങളാല്‍ ചുറ്റപ്പെട്ട്, ദൈവത്തിന്റെ കാരുണ്യക്കടലില്‍  നീന്തിത്തുടിച്ച്, നവചൈതന്യം കൈവരിച്ച്, കൃപാവരങ്ങളാല്‍ അനുഗ്രഹീതരായി ഇനിയുള്ള കാലം ജീവിക്കാം.

ശുഭം.


അസൂയ (ഏഴാം ഭാഗം: കൊല്ലം തെല്‍മ-ടെക്‌സസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക