Image

ഓര്‍മ്മകളുടെ `മഞ്ചാടിക്കുരു'- അഞ്‌ജലി മേനോന്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 04 October, 2014
ഓര്‍മ്മകളുടെ `മഞ്ചാടിക്കുരു'- അഞ്‌ജലി മേനോന്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
നിഷ്‌കളങ്ക ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഓരൊ മഞ്ചാടിക്കുരുവായി കോര്‍ത്തിണക്കിയ സിനിമ. അനുഭവജ്ഞരായ സംവിധായക പ്രതിഭകളുടെ സൃഷ്ടികളെ തഴഞ്ഞ്‌ വാശിയോടെ മുന്നേറിയ ഈ നവാഗത സംവിധായിക അഞ്‌ജലി മേനോന്റെ 'മഞ്ചാടിക്കുരു' മെയ്‌ 18ന്‌ തീയറ്ററുകളിലെത്തി. കുഞ്ഞുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍വരെ ഉള്ളം കൈയില്‍ താലോലിക്കാനിഷ്ടപ്പെടുന്ന 'മഞ്ചാടിക്കുരു'വിലൂടെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്ക്‌ വെളിച്ചം വീശുകയാണ്‌ ഇവിടെ സംവിധായക അഞ്‌ജലി.അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രധാന ആകര്‍ഷണമായിരുന്ന അഞ്‌ജലിയുടെ 'മഞ്ചാടിക്കുരു' ,രണ്ടു പുരസ്‌കാരങ്ങളാണ്‌ ഏറ്റുവാങ്ങിയത്‌.മികച്ച മലയാള ചിത്രത്തിനുള്ള `ഫിപ്രസി' പുരസ്‌കാരവും, ഇന്ത്യയില്‍ നിന്നുള്ള നവാഗത സംവിധായകമികവിന്‌ പുതുതായി ഏര്‍പ്പെടുത്തിയ `ഹസന്‍കുട്ടി പുരസ്‌കാരവുമാണ്‌' അഞ്‌ജലിക്ക്‌ ലഭിച്ചത്‌.ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനംകൂടിയാണ്‌ 2012 മേളയില്‍ നടന്നതെന്നത്‌ എടുത്തുപറയേണ്ട മറ്റൊരു വസ്‌തുതയാണ്‌.

രണ്ടു വര്‍ഷംകൊണ്ട്‌ മലയാളം എഴുതാനും വായിക്കാനും,പഠിച്ച അഞ്ചലി മേനോന്റെ ഏറെ നാളത്തെ ആത്മാര്‍ഥ ശ്രമത്തിനു ശേഷമാണ്‌ ഈ സ്വപ്‌നം പൂവണിയാനിടയായത്‌.ഗള്‍ഫില്‍ പഠിച്ചു വളര്‍ന്ന തന്റെ കുട്ടിക്കാലത്ത്‌ ഉണ്ടായ അനുഭവങ്ങള്‍ മഞ്ചാടിക്കുരുവിന്‌ ഏറെ സ്വാധീനം പുലര്‍ത്തിയിട്ടുണ്ടെന്ന്‌ അഞ്‌ജലി പറയുന്നു.പൂന ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും മാസ്‌ കമ്മ്യൂണിക്കേഷന്‍ പഠിച്ച ശേഷം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്നും ബിരുദം നേടിയ അഞ്‌ജലിയുടെ തന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.സിനിമയെ വെറും നേരംപോക്കായി കാണാതെ വളരെ ഗൗരവത്തോടെ നോക്കിക്കാണുന്ന അഞ്‌ജലി,താന്‍ മലയാള സിനിമയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടു തന്നെയായിരുക്കും എന്നതില്‍ സംശയിക്കേണ്ടതില്ല എന്ന്‌, ആദ്യത്തെ ചിത്രം കൊണ്ടുതന്നെ തെളിയിച്ചു കഴിഞ്ഞു.

2008 ല്‍ പൂര്‍ത്തിയായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ്‌ കേരളയില്‍ പ്രീമിയര്‍ ചെയ്‌ത `മഞ്ചാടിക്കുരു' നിരവധി അന്താരാഷ്‌ട്ര ബഹുമതികള്‍ നേടിയതാണ്‌. ദുബായില്‍ നിന്നും നാട്ടിലെത്തുന്ന വിക്കി എന്ന ഒരു ബാലന്റെ ദൃഷ്‌ടികോണിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥ മുന്നോട്ട്‌ നീങ്ങുന്നത്‌. വിക്കിയുടെ ഗൃഹാതുരത്ത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക്‌ മടങ്ങിയെത്തുന്നതാണ്‌ അഞ്ചല്യിയുടെ ചിത്രത്തിന്റെ പ്രമേയം.1980കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന മഞ്ചാടിക്കുരു കൂട്ടുകുടുംബങ്ങളുടെ താങ്ങും തണലും തകര്‍ച്ചയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം സമ്പന്നമായ ബാല്യകാലത്തിന്റെ നഷ്ടവും ഓര്‍മപ്പെടുത്തുന്നു. പലയിടങ്ങളിലായി ചിതറിപ്പോയ കൂട്ടുകുടുംബം മുത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടുമ്പോഴുണ്ടാകുന്ന അപരിചിതത്വവും പൊരുത്തക്കേടുകളുമെല്ലാം സിനിമയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്‌. പൃഥ്വിരാജ്‌ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന ഈ ചിത്രം, അദ്ദെഹത്തിന്റെ സിനിമാജീവിതത്തിന്റെ തന്നെ മഞ്ചാടിക്കുരുവായി മാറിക്കഴിഞ്ഞു. കഥാവിവരണത്തിന്‌ പൃഥ്വിരാജാണ്‌ ശബ്‌ദം നല്‍കുന്നത്‌.ആ ബാലനും അവന്റെ കൂട്ടുകാരുമാണ്‌ ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദുക്കള്‍.ഒരു യുവാവിന്റെ ശബ്ദം മാത്രം ഉപയോഗിക്കുകയും അയാളുടെ പത്തുവയസ്സിലെ സംഭവങ്ങള്‍ സ്‌ക്രീനില്‍ കാണിക്കുകയുംചെയ്യുന്ന വളരെ അപൂര്‍വ്വമായ ശൈലിയാണിത്‌ സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്‌.`മഞ്ചാടിക്കുരു' എല്ലാവരുടെയും ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നതാണ്‌.വിലമതിക്കാനാവാത്ത ഇത്തരം ചില ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തില്‍ നഷ്ടപ്പെടുത്താതെ മുറുകെപ്പിടിക്കാനുള്ളതാണെന്നാണ്‌ നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

പൃഥ്വിരാന്റെ ബാല്യകാലത്തെ `വിക്കി' എന്ന വിക്രമിന്റെ കഥ പറച്ചിലുടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. മുത്തച്ഛന്റെ മരണവുമായി ബന്ധപ്പെട്ട്‌ ബാലനായിരുന്നപ്പോള്‍ രണ്ടാഴ്‌ചത്തേക്ക്‌ വിദേശത്ത്‌ നിന്ന്‌ നാട്ടിലെത്തിയപ്പോഴുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്‌ വിക്കി എന്ന യുവാവ്‌. വീണ്ടും തറവാട്ടിലെത്തുമ്പോള്‍ ബാല്യത്തിലെ ആ 16 ദിനങ്ങള്‍ പകര്‍ന്നുനല്‍കിയ മധുരം അയാള്‍ക്ക്‌ തിരികെ ലഭിക്കുകയാണ്‌ ഓര്‍മകളിലൂടെ.1980 കളിലെ തറവാടും അവിടുത്തെ ചുറ്റുപാടുകളും ചിട്ടവട്ടങ്ങളും ഗ്രാമക്കാഴ്‌ചകളും കളിക്കോപ്പുകളും ഒക്കെയായി ഗൃഹാതുരത ഉണര്‍ത്തുന്ന, പൂര്‍ണമായും മലയാളിത്തം തുളുമ്പുന്ന ചിത്രമായാണ്‌ മഞ്ചാടിക്കുരു ഒരുക്കിയിരിക്കുന്നത്‌.കുട്ടിക്കാലത്ത്‌ നാട്ടില്‍ ചെലവിട്ട സ്ഥലങ്ങളും കാലവുമൊക്കെ മാറ്റമില്ലാതെ ഇന്നും തന്റെ മനസ്സിലുണ്ടെന്നും,ആ ലോകമാണ്‌ മഞ്ചാടിക്കുരുവിനായി പുനര്‍സൃഷ്ടിച്ചതെന്നും സംവിധായിക പറയുന്നു. ജീവിതത്തിന്റെ ഉല്‍സവകാലം കുട്ടിക്കാലമാണെന്ന ബോധ്യത്തിലേക്ക്‌ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയി സ്‌നേഹത്തിന്റെ ആര്‍ദ്രത പകരുകയുമാണീ ചിത്രം.ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന എല്ലാവരും അവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌ത 4 ബാലതാരങ്ങളുടെ പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നു. സിദ്ധാര്‍ഥ്‌, വൈജയന്തി, റിജോഷ്‌, ആരതി ശശികുമാര്‍ എന്നിവരാണ്‌ ബാലതാരങ്ങളുടെ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്‌.

കാവാലം നാരായണപ്പണിക്കരുടേതാണ്‌ പശ്ചാത്തലസംഗീതം, ഫ്രഞ്ച്‌ കംപോസരര്‍ ഫ്രാന്‍കോസ്‌ ഗമോറിയും ഇതിലെ തീംസോംഗിന്‌ സംഗീതം നല്‍കുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട്‌. ബി. ലെനിന്‍ എഡിറ്റിംഗ്‌ നിര്‍വഹിക്കുന്നു.രമേശ്‌ നാരായണന്റെ സംഗീതസംവിധാനവും,സ്വീഡിഷ്‌ ക്യാമറാമാന്‍ പെട്രോ സുവേര്‍ചറാണ്‌ ഛായാഗ്രഹണം,എഡിറ്റിംഗ്‌ ബി.ലെനിനും കല രതീഷ്‌ ബാബു,കോസ്റ്റ്യൂംസ്‌ എസ്‌.ബി. സതീശന്‍,മേക്കപ്പ്‌ പട്ടണം റഷീദ്‌ ആണ്‌. ഒറ്റപ്പാലം,തിരുവില്വാമല എന്നിവിടങ്ങളിലായിട്ടാണ്‌ 'മഞ്ചാടിക്കുരു'വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.തിലകന്‍,മുരളി,റഹ്മാന്‍,ജഗതി, സാഗര്‍ ഏലിയാസ്‌,ഹരിശാന്ത്‌, ഉര്‍വശി, ബിന്ദുപണിക്കര്‍, പ്രവീണ, സിന്ധുമേനോന്‍,കവിയൂര്‍ പൊന്നമ്മ, റിജോഷ്‌, ആരതി, വൈജയന്തി, എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍.ലിറ്റില്‍ ഫിലിംസ്‌ ഇന്ത്യ ആഗസ്റ്റ്‌ സിനിമ വഴിയാണ്‌ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്‌. റിലീസിന്‌ വളരെമുന്‍പ്‌ തന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിത്തുടങ്ങിയ ചിത്രം മലയാളത്തിലെ പല പ്രധാനതാരങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവനേകുന്നതെങ്കിലും ആരും നായകരോ താരങ്ങളോ അല്ല,വെറും കഥാപാത്രങ്ങള്‍ മാത്രം എന്ന്‌ തീര്‍ത്തും പറയാം.

പ്രേക്ഷകരുടെയും ,പ്രസിദ്ധരായ ചിലരുടെയും വാക്കുകളിള്‍ ശ്രദ്ധിച്ചാല്‍ ഇങ്ങനെ കേള്‍ക്കാം....വളരെ കാലത്തിനു ശേഷം ഒരു നല്ല മലയാള സിനിമ കണ്ടു.`മഞ്ചാടിക്കുരു'. ഇപ്പോഴത്തെ സിനിമകളില്‍ കാണിക്കുന്ന കോപ്രായങ്ങളും അശ്ലീലചുവയുള്ള ഡയലോഗുകളും ഒന്നും ഇല്ലാത്ത ഒരു നല്ല കൊച്ചു സിനിമ.കച്ചവട സിനിമകള്‍ കാണിച്ചു തന്ന യുക്തിക്ക്‌ നിരക്കാത്ത കാഴ്‌ചകളില്‍ നിന്ന്‌ മാറി മലയാളിക്ക്‌ ഏറെ പരിചിതമായ കാഴ്‌ചകളാണ്‌ ഈ കൊച്ചു സിനിമയിലൂടെ സംവിധായിക അഞ്‌ജലി മേനോന്‍ നമ്മുക്ക്‌ കാണിച്ചു തരുന്നത്‌.തിരക്ക്‌ പിടിച്ച ജീവിതത്തിനിടയില്‍ നമ്മളെല്ലാം ഒരിക്കല്‍ക്കൂടെ കടന്നു വന്നിരുന്നെങ്കില്‍ എന്ന്‌ കൊതിക്കുന്ന ആ ബാല്യകാലത്തേക്ക്‌ നമ്മെ കൈപിടിച്ചു കൊണ്ട്‌ പോവുകയാണ്‌ അഞ്‌ജലി മേനോന്‍ ഈ കൊച്ചു ചിത്രത്തിലൂടെ.കുട്ടിക്കാലത്ത്‌ കാണിച്ച കുസൃതികളും സാഹസങ്ങളും കളികളും എല്ലാം നമ്മെ ഓര്‍മിപ്പിക്കുന്നു ഈ ചിത്രം.നിഷ്‌കളങ്കമായ സ്‌നേഹവും സുഹൃദ്‌ബന്ധങ്ങളും നിറഞ്ഞ ആ കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ കഴിയും എന്നതാണ്‌ ഈ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ കിട്ടുന്ന സുഖം.ഹൃദയം നിറഞ്ഞ അനുഭൂതിയാണ്‌ പലര്‍ക്കും ഈ ചിത്രം നല്‍കിയത്‌. ഇനിയൊരിക്കലും നമ്മുക്ക്‌ തിരിച്ചു കിട്ടാത്ത മലയാളത്തിന്‍റെ അഭിനയ പ്രതിഭ ഭരത്‌ മുരളിയെ ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നു എന്നുള്ളതാണ്‌ പ്രേക്ഷകന്‌ കിട്ടുന്ന ബോണസ്‌ പോയിന്റ്‌.

ലക്കി റെഡ്‌ സീഡ്‌സ്‌ അഥവാ മഞ്ചാടിക്കുരു

ന്യൂജേഴ്‌സിയില്‍ 21,22,23 തീയതികളില്‍ നടന്ന ന്യൂജഴ്‌സി ഇന്‍ഡിപെന്‍ ഡന്റ്‌ സൗത്ത്‌ ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മലയാളികള്‍ അണിയിച്ചൊരുക്കിയ രണ്ടു സിനിമകള്‍ ശ്രദ്ധേയമായി.മലയാളിയായ ആര്‍.ശരത്‌ കഥ,തിരക്കഥ,സംവിധാനം എന്നിവ നിര്‍വഹിച്ച ഭദ്‌ ഡിസയര്‍ എന്ന ചിത്രവും അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്‌ത ഭമഞ്ചാടിക്കുരു എന്ന ചിത്രവും കാണികള്‍ കയ്യടിയോടെ സ്വീകരിച്ചു. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുശേഷം ചോദ്യോത്തരവേള ഉണ്ടായിരുന്നു.മഞ്ചാടിക്കുരു എന്ന ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പറ്റിയും ആ കഥ രൂപപ്പെട്ട സാഹചര്യങ്ങളെപ്പറ്റിയും ചിത്രത്തിന്റെ നിര്‍മാതാവും അഞ്‌ജലി മേനോന്റെ ഭര്‍ത്താവുമായ വിനോദ്‌ മേനോന്‍ വിശദീകരിച്ചു.സ്‌ത്രീശാക്‌തീകരണം ആസ്‌പദമാക്കി നിര്‍മിക്കപ്പെട്ട ചിത്രങ്ങളാണ്‌ ഈ ഫെസ്‌റ്റിവലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്‌.

അഞ്‌ജലി മേനോന്‍ `കേരള കഫേ' എന്ന ചിത്രത്തിനായി സംവിധാനം ചെയ്‌ത 'ഹാപ്പി ജേര്‍ണി'യും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്‍വര്‍ റഷീദിന്റെ `ഉസ്‌താദ്‌ ഹോട്ടല്‍' എന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കിയതും അഞ്‌ജലി തന്നെ.അഞ്‌ജലി മേനോനും ഭര്‍ത്താവ്‌ വിനോദ്‌ മേനോനും ചേര്‍ന്ന്‌ `ലിറ്റില്‍ ഫിലിംസ്‌ ഇന്ത്യ' എന്ന പേരില്‍ ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയും നടത്തുന്നുണ്ട്‌.പുതിയ പല പ്രൊജക്‌ടുകളും ഇവരുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു.അതിനെ കുറിച്ചറിയാനും ഈ പ്രൊജക്‌ടുകളില്‍ പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക. www.littlefilmsindia.com
ഓര്‍മ്മകളുടെ `മഞ്ചാടിക്കുരു'- അഞ്‌ജലി മേനോന്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
ഓര്‍മ്മകളുടെ `മഞ്ചാടിക്കുരു'- അഞ്‌ജലി മേനോന്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)

Join WhatsApp News
vaayanakkaaran 2014-10-05 05:46:42
ഇതൊരു പഴയ ലേഖനമാണെന്നു തോന്നുന്നു, 2008 ൽ മഞ്ചാടിക്കുരുവിനും 20012 ൽ ഉസ്താദ് ഹോട്ടലിനും ശേഷം 2014 ൽ അഞ്ജലി സംവിധാനം ചെയ്ത ബാംഗളൂർ ഡേയ്സ് ഒരു വമ്പിച്ച ഹിറ്റായിരുന്നു.
Sapna George 2014-10-05 23:30:58
തീർച്ചയായും വായനക്കാരാ, ഇതു പഴയതു തന്നെ, പക്ഷെ , അഞ്ചലി മേനോന്റെ ആദ്യത്തെ സിമിമ, അതാണിവിടെ ഉദ്ദേശിച്ചത്. ഇന്നത്തെ പ്രശസ്തിയല്ല, അവരുടെ ആദ്യത്തെ തുടക്കം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക