Image

യാഥാസ്ഥിതികരുടെ വത്തിക്കാന്‍ സിനഡും ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും (ജോസഫ്‌ പടന്നമാക്കല്‍)

Published on 07 October, 2014
യാഥാസ്ഥിതികരുടെ വത്തിക്കാന്‍ സിനഡും ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും (ജോസഫ്‌ പടന്നമാക്കല്‍)
ആഗോള കത്തോലിക്കാ സഭയില്‍ എങ്ങനെ നവീകരണാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാമെന്ന ചര്‍ച്ചാ വിഷയങ്ങളുമായി വത്തിക്കാന്‍ ഒരു സിനഡ്‌ വിളിച്ചു കൂട്ടിയത്‌ ലോകം ആകാംക്ഷയോടെയാണ്‌ ശ്രദ്ധിച്ചത്‌. സിനഡിലെ വിഷയങ്ങള്‍ പ്രധാനമായും വൈവാഹിക ജീവിതത്തിന്റെ താളപ്പിഴകളെപ്പറ്റിയും സഭ നിയന്ത്രിച്ചിരിക്കുന്ന ഗര്‍ഭ നിരോധന നിയന്ത്രണങ്ങളെപ്പറ്റിയുമാണ്‌. ഗര്‍ഭ നിരോധക ഉറകളും വിവാഹത്തിനുമുമ്പുള്ള ലൈംഗികതയും ചര്‍ച്ചാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്‌. ക്രിയാത്മകമായ ഈ ചര്‍ച്ച സഭയുടെ പാരമ്പര്യ നിയമങ്ങള്‍ക്കെതിരായുള്ള നുഴഞ്ഞു കയറ്റമെന്ന്‌ യാഥാസ്ഥിതിക ലോകം വിലയിരുത്തുകയും ചെയ്‌തു. യാഥാസ്ഥിതികരും പുരോഗമന ചിന്താഗതിക്കാരും തമ്മില്‍ ഗൌരവമേറിയ വാക്കുതര്‍ക്കങ്ങള്‍ക്ക്‌ എന്നും ഈ വിഷയങ്ങള്‍ കാരണമായിരുന്നു. സഭാമക്കളുടെ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ പരിഹാരം തേടാനാണ്‌ സിനഡിന്റെ ലക്ഷ്യമെങ്കിലും യാഥാസ്ഥിതിക ലോകത്ത്‌ ഈ പരിവര്‍ത്തനങ്ങള്‍ തീക്കനല്‍ വിതറിയിരിക്കുകയാണ്‌. വിവാഹ ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും മൂല്യങ്ങളില്‍ അര്‍ഥം കല്‍പ്പിക്കുന്നതായ ഒരു പുതിയ ഭാഷ കണ്ടെത്തണമെന്നും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ഇന്ന്‌ കത്തോലിക്കാ ലോകത്തിലെ ഭൂരിഭാഗം പേരും ലൈംഗികതയും കുടുംബാസൂത്രണവും സംബന്ധിച്ച സഭാനിയമങ്ങള്‍ പാലിക്കാറില്ലെന്നുള്ളത്‌ വത്തിക്കാന്‌ ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലൈംഗികത സംബന്ധിച്ച സമകാലിക വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യാന്‍ 75 പേജുള്ള ഒരു പത്രിക തയ്യാറാക്കിയിട്ടുണ്ട്‌. സ്വവര്‍ഗ രതികളില്‍ വ്യാപൃതരായിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ വ്യത്യസ്‌തമായ ഒരു തീരുമാനം എടുക്കുവാന്‍ സാധിക്കാതെ സഭയിന്ന്‌ ഒരു വെല്ലുവിളിയെ നേരിടുകയാണ്‌. പരാജയപ്പെട്ട സഭയുടെ പാരമ്പര്യമായ കണക്കു കൂട്ടലിനും വിശ്വാസത്തിനും ഒരു തീരുമാനം കൈകൊള്ളുവാന്‍ യാഥാസ്ഥിതിക ലോകവും മുമ്പോട്ടു വരണം. സ്വവര്‍ഗ രതികളില്‍ പങ്കാളികളായി ജീവിക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരില്‍ ഉള്‍കൊള്ളാനുള്ള സഭയുടെ സന്മനസ്സും സിനഡിന്റെ ചര്‍ച്ചാ വിഷയങ്ങളായിരിക്കും. അവരെയും അന്തസ്സോടെ സഭയുടെ വിശ്വാസ സത്യങ്ങളിലേക്ക്‌ സ്വാഗതം ചെയ്യണമെന്നുള്ള ആവശ്യങ്ങള്‍ എന്നത്തേക്കാളും ശക്തമായിട്ടുണ്ട്‌. വിവാഹത്തിനുമുമ്പും ലൈംഗികതയുണ്ടെങ്കില്‍ വധൂവരന്മാര്‍ തമ്മിലുള്ള ഹൃദയബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ അടിത്തറയുണ്ടെന്നുള്ള സത്യവും സഭ മനസിലാക്കണം.

അടുത്ത കാലത്ത്‌ സഭാ പൌരന്മാര്‍ക്കായി ചോദ്യോത്തര രൂപത്തില്‍ ഒരു പ്രശ്‌നാവലി ആഗോളസഭയിലുള്ള എല്ലാ രൂപതകളിലും വത്തിക്കാന്‍ അയച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ചോദ്യോത്തരങ്ങളടങ്ങിയ ആ സര്‍വ്വേ റിപ്പോര്‍ട്ട്‌ സീറോ മലബാര്‍ രൂപതകള്‍ പുറത്തു വിട്ടില്ല. അല്‌മേനികളില്‍ നിന്നും റിപ്പോര്‍ട്ട്‌ മറച്ചുവെക്കാനാണ്‌ സീറോ മലബാര്‍ അഭിഷിക്തര്‍ക്ക്‌ താല്‌പര്യമുണ്ടായിരുന്നത്‌. ആഗോള സഭയുടെ തീരുമാനങ്ങള്‍ക്കെതിരെ ധിക്കാരപരമായി ചോദ്യോത്തര പംക്തികള്‍ ഒളിച്ചുവെച്ച സീറോ മലബാര്‍ നേതൃത്വത്തിനെതിരെ ബ്ലോഗുകള്‍ വഴിയും കത്തുകള്‍വഴിയും ഡോ ജെയിംസ്‌ കൊട്ടൂരും അല്‌മായ സംഘടനകളും ദേശീയതലത്തില്‍ പ്രതിക്ഷേധിക്കുകയുണ്ടായി. വത്തിക്കാന്റെ സര്‍വ്വേ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‌കാന്‍ കേരളത്തിലെ സഭാപൌരന്മാര്‍ക്ക്‌ അവസരം നല്‍കണമെന്നുള്ള കത്തുകള്‍ക്കെല്ലാം മറുപടി നല്‌കാതെ കാക്കനാട്ടു കേന്ദ്രമായ അഭിക്ഷിക്ത നേതൃത്വം നിശബ്ദത പാലിക്കുകയാണുണ്ടായത്‌. സഭയുടെ പാരമ്പര്യമായ അനാചാരങ്ങളെപ്പറ്റിയും കാലത്തിനനുസരിച്ച സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റിയും പഠനം നടത്തുകയെന്നതായിരുന്നു ചോദ്യോത്തരരൂപത്തില്‍ തയ്യാറാക്കിയ ഈ സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്‌. ലൈംഗികതയും സ്വവര്‍ഗ രതിയും ഗര്‍ഭനിരോധകവും നിരോധക ഉറകളും വിവാഹവും വിവാഹ മോചനവും മറ്റു സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും അല്‌മായരുടെ അഭിപ്രായങ്ങളില്‍ക്കൂടി എങ്ങനെ പരിഹാരം കണ്ടെത്താമെന്നുള്ള ഒരു അന്വേഷണമാണ്‌ സര്‍വ്വേകൊണ്ട്‌ ഉദ്ദേശിച്ചത്‌. സാധാരണ സഭാ പൌരന്മാര്‍ തൊട്ട്‌ ബൌദ്ധികതലങ്ങളിലുള്ളവരും ചിന്തകരും പുരോഹിതരും അഭിഷിക്തരും ഈ ചോദ്യോത്തരാവലിയില്‍ പങ്കു ചേര്‍ന്നിരുന്നു. അവരില്‍നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളടങ്ങിയ ഡോക്കുമെന്റ്‌ വത്തിക്കാന്റെ കൈവശമുണ്ട്‌. ഡോക്കുമെന്റിലെ ഉള്ളടക്കവും ജനങ്ങളുടെ അഭിപ്രായങ്ങളും സിനഡിലെ ചര്‍ച്ചകളില്‍ പ്രതിഫലിക്കുമെന്നു വിശ്വസിക്കുന്നു. ഒരു കുടുംബത്തിന്റെ ഭദ്രതയെ നിലനിര്‍ത്താനുള്ള ദമ്പതികളുടെ ശ്രമങ്ങളില്‍ സന്മാര്‍ഗത്തിന്റെ പേരില്‍ സഭ വിലങ്ങു തടിയാണെന്നുള്ള അഭിപ്രായങ്ങളും പൊന്തി വന്നിട്ടുണ്ട്‌. കുടുംബാസൂത്രണപരമായ സഭയുടെ നിയന്ത്രണങ്ങള്‍ വിവാഹിതരായവര്‍ക്ക്‌ ഇന്ന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ പോകുന്നു.
മുപ്പത്തിയൊമ്പത്‌ ചോദ്യോത്തരങ്ങളാണ്‌ സഭാപൌരന്മാര്‍ക്കായി വത്തിക്കാന്‍ ആഗോളസഭയിലെ രൂപതകള്‍ക്കെല്ലാം വിതരണം ചെയ്‌തത്‌. വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ്‌ കോണ്‍ഫറന്‍സിലേക്ക്‌ അവതരിപ്പിക്കേണ്ട ചര്‍ച്ചാവിവരങ്ങളാണ്‌ ആ ചോദ്യോത്തരങ്ങളുടെ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്‌. അഭിപ്രായങ്ങള്‍ സാധാരണ കത്തോലിക്കര്‍തൊട്ട്‌ ജീവിതത്തിന്റെ നാനാ തുറകളിലെ ബൗദ്ധിക തലങ്ങളിലുള്ളവരില്‍നിന്നും പുരോഹിതരില്‍നിന്നും സമാഹരിച്ചിരുന്നു. ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്‌ സ്വവര്‍ഗക്കാരുടെ പ്രശ്‌നത്തില്‍ സഭ അനുഭാവപൂര്‍വമായ പരിഗണന നല്‌കണമെന്നായിരുന്നു. ചോദ്യോത്തരങ്ങളില്‍ പങ്കുചേര്‍ന്ന ലോകമാകമാനമുള്ള കത്തോലിക്കരുടെയിടയിലുള്ള അഭിപ്രായങ്ങളനുസരിച്ച്‌ ഭൂരിഭാഗം സഭാപൌരന്മാരും സഭയുടെ ഇന്നത്തെ നയങ്ങളെയും പഠനങ്ങളെയും എതിര്‍ക്കുന്നതായി കാണാം. സഭ പഠിപ്പിക്കുന്നത്‌ അപ്പാടെ തിരസ്‌ക്കരിക്കണമെന്നും അഭിപ്രായപ്പെട്ടു. സഭയുടെ നിയന്ത്രണങ്ങളായ ഗര്‍ഭനിരോധകങ്ങളും ലൈംഗിക നിയമങ്ങളും വിശ്വാസികള്‍ക്ക്‌ ഉള്‍ക്കൊള്ളുവാന്‍ സാധിച്ചില്ല. 95 ശതമാനം വിശ്വാസികളും സഭയുടെ ലൈംഗിക നിയമങ്ങളെ തള്ളിക്കളയുന്നു. സ്വവര്‍ഗരതികളിലുള്ളവരെയും അവര്‍ വളര്‍ത്തുന്ന പിള്ളേരെയും സഭാമക്കളായി സ്വീകരിച്ചുകൊണ്ട്‌ സഭയുടെ ചട്ടക്കൂട്ടില്‍ കൊണ്ടുവരാനും ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താനും സര്‍വ്വേ റിപ്പോര്‍ട്ട്‌ വ്യക്തമാക്കി. അന്തസോടെ സഭാമക്കളായി അവരെയും തുല്യരായി കരുതണം. സ്വവര്‍ഗരതിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട്‌ സഭയുടെ ഇടയചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. ആണും പെണ്ണും പോലെ ദമ്പതികളെപ്പോലെ അവരെ സഭയുടെ നിയമങ്ങളില്‍ക്കൂടി പങ്കാളികളാക്കാനുള്ള നിര്‍ദ്ദേശങ്ങളും ചോദ്യോത്തര സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. 'പ്രതീക്ഷകളാണ്‌ നമ്മെ നയിക്കുന്നതെന്നും തീവ്രമായ ചില പാരമ്പര്യങ്ങള്‍ മുറിച്ച്‌ സഭയെ നവീകരിക്കാന്‍ ഒറ്റ ദിവസം കൊണ്ടു സാധിക്കില്ലെന്നും' മാര്‍പ്പാപ്പാ ഒര്‍മ്മിപ്പിച്ചു. പ്രശ്‌നസങ്കീര്‍ണ്ണത നിറഞ്ഞ ഇത്തരം പ്രശ്‌നങ്ങള്‍ സഭയെ സംബന്ധിച്ച്‌ പരിഹാരം കാണാനും ബുദ്ധിമുട്ടാണ്‌. സിനഡില്‍ നടക്കുന്ന ചര്‍ച്ചകളും വിശ്വാസ സത്യങ്ങളും സഭാ പൌരന്മാര്‍ക്ക്‌ മനസിലാകത്തക്കതായിരിക്കണമെന്നും തീരുമാനങ്ങള്‍ നവീകരണത്തിന്റെ മാര്‍ഗരേഖയായിരിക്കണമെന്നും മാര്‍പ്പാപ്പാ ആഗ്രഹിക്കുന്നു.

ചരിത്രപ്രധാനമായ ഈ സിനഡില്‍ സഭയുടെ ഗൗരവമേറിയ ഇത്തരം വിഷയങ്ങളെ അവലോകനം ചെയ്യാന്‍ ഫ്രാന്‍സീസ്‌ മാര്‍പാപ്പാ ലോകമെമ്പാടുമുള്ള ബിഷപ്പുമാരോട്‌ ആഹ്വാനം ചെയ്യുകയുണ്ടായി. സഭയെ നവീകരിച്ച്‌, മനുഷ്യ മനസാക്ഷിയെ വിലമതിച്ചു പരിശുദ്ധമായ ഒരു സഭയെ നയിക്കണമെന്ന്‌ മാര്‍പാപ്പ സ്വപ്‌നം കാണുന്നു. നാനാ ദിക്കിലും അധിവസിക്കുന്ന ബിഷപ്പുമാരോടായി മാര്‍പ്പാപ്പ ഒരു സന്ദേശത്തില്‍ പറഞ്ഞത്‌,`ഭയം അരുത്‌, സഭയുടെ ഇടയ ശ്രേഷ്ടരായ നിങ്ങള്‍ ഭയരഹിതരായി, സ്വതന്ത്രമായ തുറന്ന മനസ്സോടെ ഒരു വിവാദം നടത്തൂ. ഭയം മനസാക്ഷിക്കനുസരിച്ചുള്ള വിവാദങ്ങള്‍ക്ക്‌ തടസമാണ്‌. പാരമ്പര്യത്തെ മുറിക്കുന്ന പ്രശ്‌നങ്ങളെ കാണാനും പരിഹാരം കാണാനും പലപ്പോഴും നാം ഭയപ്പെടുന്നു. ഭയമെന്നുള്ളതു ദൈവിക വരപ്രസാദമല്ല. ദൈവം നിങ്ങളോട്‌ സംസാരിക്കുന്നത്‌ എന്താണോ അതാണ്‌ തുറന്ന ചര്‍ച്ചകള്‍ക്കായി അവതരിപ്പിക്കേണ്ടത്‌. പരിശുദ്ധമായ ആത്മാവ്‌ മനസിനെയും ഉയര്‍ത്തണം. ഭയമില്ലാതെ മനസാക്ഷിക്കനുസരിച്ച്‌ മാനുഷിക മൂല്യങ്ങള്‍ക്ക്‌ പരിഗണ നല്‌കണം. ` ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സമ്മേളിക്കുന്ന ബിഷപ്പുമാരോടും കര്‍ദിനാള്‍മാരോടുമായി ഈ സിനഡിന്റെ ലക്ഷ്യവും ഉദേശവും മാര്‍പ്പാപ്പ വിശകലനം ചെയ്‌തു.

2014ജൂലൈ പതിനാലാം തിയതി മാര്‍പ്പാപ്പാ വാര്‍ത്താ ലേഖകരുമായുള്ള അഭിമുഖ സംഭാഷണവേളയില്‍ സഭയിലെ രണ്ടു ശതമാനത്തോളം പുരോഹിതര്‍ കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നവരാണെന്നു വെളിപ്പെടുത്തി. പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും മാര്‍പ്പാപ്പ സംസാരിച്ചു. ഇറ്റലിയുടെ 'ലാ റിപ്പബ്ലിക്കാ ഡയിലി' നടത്തിയ സംഭാഷണ മദ്ധ്യേയാണ്‌ മാര്‍പ്പാപ്പാ ഇങ്ങനെ സഭയിലെ സത്യങ്ങള്‍ വാര്‍ത്താ ലേഖകരോട്‌ പറഞ്ഞത്‌. ബിഷപ്പുമാരും കര്‍ദ്ദിനാനാള്‍വരെയും കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്നും മാര്‍പ്പാപ്പാ പറഞ്ഞതായി പത്രം റിപ്പോര്‍ട്ടു ചെയ്‌തു. പുരോഹിതരെ വൈവാഹിക ജീവിതത്തിനു സമ്മതിക്കുമോയെന്ന ചോദ്യങ്ങള്‍ക്കും മാര്‍പ്പാപ്പാ ശുഭവിശ്വാസത്തോടെയാണ്‌ മറുപടി പറഞ്ഞത്‌. `രക്ഷകനായ യേശുവിന്റെ ക്രൂശിത മരണശേഷം 900 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ സഭയില്‍ പുരോഹിതര്‍ക്കുള്ള ബ്രഹ്മചര്യം നടപ്പിലാക്കിയത്‌. കിഴക്കിന്റെ സഭകളിലെ പുരോഹിതര്‍ക്ക്‌ വിവാഹം ചെയ്യാമെന്നുള്ള നിയമം സഭയുടെ കീഴ്വഴക്കമാണെന്നും` മാര്‍പ്പാപ്പാ പറഞ്ഞു. `സഭയുടെ ഇന്നത്തെ സാഹചര്യത്തില്‍ പുരോഹിതരെ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നതില്‍ പ്രശ്‌നങ്ങളേറെയുണ്ട്‌. എങ്കിലും സങ്കീര്‍ണ്ണമല്ലാത്ത ഈ പ്രശ്‌നങ്ങള്‍ കാലാന്തരത്തില്‍ സഭയ്‌ക്ക്‌ പരിഹരിക്കാന്‍ സാധിക്കും. അതിന്‌ സമയവും കാലവുമാണവശ്യം. അതിനുള്ള പരിഹാരം ഞാന്‍ കണ്ടുപിടിക്കും.` പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റി കൂടുതലായ വിവരങ്ങളൊന്നും മാര്‍പ്പാപ്പാ സംസാരിച്ചില്ല. എന്നാല്‍ വത്തിക്കാന്‍ വക്താവായ 'ഫെഡറിക്കോ ലൊംബാര്‍ഡി' പറഞ്ഞത്‌ 'പൌരാഹിത്യ ബ്രഹ്മചര്യത്തെപ്പറ്റി മാര്‍പ്പാപ്പയുടെ അഭിപ്രായങ്ങള്‍ വളച്ചു തിരിച്ചുകൊണ്ട്‌ അര്‍ത്ഥ വ്യത്യാസത്തോടെ പത്രങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തെന്നാണ്‌.' പത്രധര്‍മ്മത്തിനെതിരായി അറിവില്ലാത്ത വായനക്കാരെ പത്രങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും കര്‍ദ്ദിനാള്‍ കുറ്റപ്പെടുത്തി.

കുടുംബ പ്രശ്‌നങ്ങളും സഭയുടെ ലൈംഗിക നിയമങ്ങളും സംബന്ധിച്ച വിവാദപരമായ വിഷയങ്ങള്‍ സിനഡില്‍ ആത്മാര്‍ത്ഥതയോടെ ചര്‍ച്ചാ വിഷയങ്ങളാക്കാന്‍ ബിഷപ്പുമാരോടും കര്‍ദ്ദിനാള്‍മാരോടും മാര്‍പ്പാപ്പാ അഭ്യര്‍ഥിച്ചെങ്കിലും അത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലരും തയ്യാറാകുന്നില്ല. സഭയുടെ പാരമ്പര്യത്തെ ഇല്ലാതാക്കി പുതിയതിനെ സ്വീകരിക്കാന്‍ അവര്‍ തയാറാകാത്തത്‌ വ്യക്തിപരമായ അഭിമാനപ്രശ്‌നം കൊണ്ടാണ്‌. കുര്‍ബാനയില്‍ പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ റോമ്മാമാര്‍പ്പാപ്പായ്‌ക്ക്‌ കീഴ്വഴങ്ങി മാര്‍പ്പായുടെ അഭിപ്രായങ്ങള്‍ വിലമതിച്ചാല്‍, അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം മനസാക്ഷിക്കനുസരിച്ച്‌ മേല്‍പ്പട്ടക്കാര്‍ പ്രവര്‍ത്തിച്ചാല്‍, സഭയുടെ നവോധ്വാന ചിന്തകളില്‍ പുത്തനായ മാറ്റങ്ങള്‍ ഉണ്ടാകാം. ഭൂരിഭാഗം ബിഷപ്പുമാരും യാഥാസ്ഥിതിക പുരോഹിതരും ഗര്‍ഭ നിരോധക മാര്‍ഗങ്ങളെ സംബന്ധിച്ച്‌ സംസാരിക്കാന്‍പോലും ആഗ്രഹിക്കുന്നില്ല. സഭ പാരമ്പര്യമായി പഠിപ്പിച്ച തത്ത്വങ്ങളില്‍ വിശ്വാസികള്‍ക്ക്‌ ചിന്താക്കുഴപ്പമുണ്ടാക്കുമെന്നും വാദിക്കുന്നു. ലൈംഗിക വിവാദങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി പുതിയവ സഭാമക്കളെ പഠിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല. പാരമ്പര്യത്തെ മുറിക്കാനും തടസങ്ങള്‍ ഏറെയുണ്ട്‌. ഇന്നത്തെ കാലഘട്ടമനുസരിച്ച്‌ സഭയുടെ നയങ്ങളില്‍ രൂപകല്‌പ്പന ആവശ്യമെന്ന്‌ പുരോഗമന ചിന്താഗതിക്കാരായ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ചിന്തിക്കുന്നു.

കുടുംബ കാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ സഭ വിവാഹ മോചനം നടത്തിയവരെ പാടെ നിരസിക്കുന്നതായി കാണാം. ബന്ധം പിരിഞ്ഞ വിവാഹിതരെ രണ്ടാം തരമായി സഭ കാണുന്നു. അതിനൊരു മാറ്റമുണ്ടാകണം. വിവാഹ മോചനം നടത്തിയവര്‍ക്ക്‌ സഭ കൂദാശകള്‍ വിലക്കിയിരിക്കുകയാണ്‌.അവര്‍ക്കു പുനര്‍വിവാഹം ചെയ്യണമെങ്കിലും തക്കതായ കാരണമില്ലെങ്കില്‍ സഭയനുവദിക്കില്ല.വിവാഹ മോചനം നടത്തിയവര്‍ പുനര്‍ വിവാഹം ചെയ്യാതെ ഒറ്റയ്‌ക്ക്‌ മക്കളെ വളര്‍ത്തി വിശ്വാസം സംരക്ഷിക്കാന്‍ സഭ കല്‌പ്പിക്കുന്നു. ക്രിസ്‌തുവില്‍ മനുഷ്യരെല്ലാം ഒന്നായ സഭയില്‍ അവിടെ എന്തു നീതിയാണുള്ളത്‌? എന്തുകൊണ്ട്‌ അവര്‍ക്ക്‌ കൂദാശകള്‍ നിഷേധിക്കുന്നു? വീണ്ടും വിവാഹിതരാകുവാന്‍ അനുവദിക്കുകയുമില്ല. സഭാ നിയമങ്ങളില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ ജീവിത കാലം മുഴുവന്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണം. അവസാനം അവരുടെ മക്കളും സമൂഹത്തില്‍നിന്നു ഒറ്റപ്പെടും. ഒടുവില്‍ വിവാഹമോചനം നേടിയവരുടെ മക്കളും സഭയില്‍ നിന്നു പിരിഞ്ഞു പോകും. ക്രിസ്‌തു പഠിപ്പിച്ച കരുണയെവിടെ ? വിവാഹമെന്നത്‌ പരിപാവനമായ കൂദാശയെന്നു കണക്കാക്കിയാല്‍ തന്നെ വൈവാഹിക പങ്കാളികളുടെ ഹോര്‍മോണുകള്‍ പരസ്‌പ്പരം യോജിക്കുന്നില്ലെങ്കില്‍ എങ്ങനെ ആ വിവാഹ ബന്ധം തുടരാന്‍ സാധിക്കും? ലൈംഗിക താല്‌പര്യമില്ലാത്ത ഒരു പങ്കാളിയുമായി ജീവിച്ച്‌ സഭയോട്‌ നല്‌കിയ പ്രതിജ്ഞ എങ്ങനെ നിറവേറ്റും?
വിവാഹ മോചിതര്‍ പൊറുക്കപ്പെടാത്ത പാപികളാണെന്ന്‌ സഭ പറയുന്നു. കൊലയും കൊള്ളയും തീവെട്ടിക്കൊള്ളയും വെടിവെപ്പും നടത്തുന്നവര്‍ക്ക്‌ പാപമോചനമുണ്ട്‌. എന്നാല്‍ വിവാഹ മോചനം നടത്തിയവര്‍ക്ക്‌ കൂദാശകള്‍ വിലക്കുന്ന സഭയുടെ മനോഭാവത്തിനു നാളിതുവരെ മാറ്റം വന്നിട്ടില്ല. അത്തരം പരിവര്‍ത്തനങ്ങള്‍ക്കായുള്ള ചിന്താഗതികള്‍ സിനഡിന്റെ അജണ്ടയിലുണ്ട്‌. മാര്‍പ്പാപ്പാ പറഞ്ഞു, `ഞാനും സഭയുടെ പുത്രനാണ്‌. സഭ അങ്ങനെയുള്ള കുടുംബബന്ധങ്ങള്‍ തകര്‍ന്നവരോട്‌ കരുണ കാണിക്കണം. രോഗികള്‍ക്കാണ്‌ വൈദ്യനെ ആവശ്യം. വൈദ്യന്‍ എക്കാലവും രോഗികളായി വരുന്നവരുടെ രോഗം ഭേദമാക്കുന്നു. മുറിവേറ്റ ആത്മാക്കള്‍ക്കും നാം അഭയം കൊടുക്കണം.` എന്നാല്‍ യാഥാസ്ഥിതിക പുരോഹിതലോകം വിവാഹമോചിതര്‍ക്കായുള്ള മാര്‍പ്പാപ്പയുടെ അഭിപ്രായങ്ങളെ എതിര്‍ക്കുന്നു. സിനഡിലെ ചര്‍ച്ചകള്‍ നടക്കുന്നത്‌ പുറം ലോകത്തിനു പ്രവേശനമില്ലാതെ രഹസ്യമായ മുറികളിലെ അടഞ്ഞ വാതിലിനുള്ളിലായിരിക്കും. രണ്ടാഴ്‌ചയോളമുള്ള ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നവരുടെ വ്യക്തിപരമായ അഭിപ്രായം പുറത്തു വിടാതെ തികച്ചും രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞ കാലചര്‍ച്ചകളില്‍ വെളിവാക്കപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ ഒരിക്കലും രഹസ്യ സ്വഭാവമുണ്ടായിരുന്നില്ല. അത്‌ പലപ്പോഴും വ്യക്തിപരമായ മാനസിക സംഘര്‍ഷത്തിനും ഇടയാക്കിയിട്ടുണ്ട്‌

.വിശ്വാസത്തെക്കാള്‍ ഒരു സാമൂഹിക കൂടികാഴ്‌ച്ചയ്‌ക്കായി ലോകമെമ്പാടും പള്ളികളില്‍ ജനമിന്നു സമ്മേളിക്കുന്നു. ദൈവ വിശ്വാസം കുറഞ്ഞ ഒരു ജനതയാണ്‌ ലോകം മുഴുവനുള്ളത്‌. പുരോഹിത ലോകത്തിലെ അനേകര്‍ യുവാക്കളുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നത്‌ സഭയ്‌ക്ക്‌ ഒരു വെല്ലുവിളിയായിരിക്കുകയാണ്‌. ലൈംഗിക വൈകൃതമുള്ള പുരോഹിതര്‍ ശരീര അവയവത്തെയും ലൈംഗികാവയാങ്ങളെയും ഇഷ്ടപ്പെടുന്നു. അത്തരക്കാര്‍ നല്ലവരായ പുരോഹിതരുടെ പേരിനും കളങ്കം വരുത്തുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രിസ്‌തുവിന്റെ തത്ത്വങ്ങളുമായി യോജിക്കാന്‍ സാധിക്കുകയില്ല. ദൈവിക പുരോഹിതരുടെ സ്ഥാനത്ത്‌ ഇന്ന്‌ സൊഡോമിസ്റ്റുകള്‍ പള്ളിയുടെ അള്‍ത്താര സൂക്ഷിപ്പുകാരാകുന്നതും പള്ളിയിലെത്തുന്ന മാതാപിതാക്കള്‍ക്ക്‌ ഒരു പേടിസ്വപ്‌നമായിരിക്കുകയാണ്‌. പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും ദൈവവചനം പ്രസംഗിക്കുന്നതിനുപകരം അത്തരക്കാരുടെ താല്‌പര്യം യുവാക്കളുമായി ലൈംഗിക ക്രീഡകള്‍ നടത്താനാണ്‌. വചനത്തില്‍ പറയുന്നത്‌ ഭൂമിയില്‍ പിശാചിനും നിയന്ത്രണമുണ്ടെന്നാണ്‌. ` നിന്റെ തിരുമനസ്‌ സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ`യെന്ന്‌ പ്രാര്‍ത്ഥിക്കുന്നത്‌ 'പിശാചിന്റെ ' കൈകള്‍ ഭൂമിയിലും ശക്തമായതുകൊണ്ടാണ്‌. ഈ പ്രാര്‍ത്ഥന പിശാചുക്കളായ ഇത്തരം പുരോഹിതരെയുദേശിച്ചായിരിക്കാം.

ക്രിസ്‌തുവിന്റെ മാര്‍ഗങ്ങളില്‍നിന്ന്‌ അകന്നു പോയിരിക്കുന്ന സഭ പൌരാഹിത്യ ഞാണിന്മേല്‍ ക്രിസ്‌തുവിന്റെതല്ലാതായിരിക്കുന്നു. ക്രിസ്‌തുവിനെ അവര്‍ സഭയില്‍നിന്ന്‌ പുറത്തു ചാടിച്ചു. കൃസ്‌തുവിന്റെ വഴിയും സത്യവും ബലിപീഠത്തിങ്കല്‍ നിത്യവും ഹോമിച്ച്‌ ക്രിസ്‌തുവില്ലാത്ത സഭയാക്കിയിരിക്കുന്നു. ഈ പുരോഹിതര്‍ ക്രിസ്‌തുവിന്റെ വചനങ്ങളെയും നിയമങ്ങളെയും വെറുക്കുന്നതിനു കാരണം ലൈംഗികമായ വൈകൃതം അവര്‍ക്കുള്ളതുകൊണ്ടാണ്‌. നല്ലവരായ പുരോഹിതരുടെ അഭിമാനവും കുപ്പായത്തിനുള്ളിരുന്നുകൊണ്ട്‌ ഇവര്‍ നശിപ്പിക്കുന്നു. ആഗോളവാര്‍ത്തയായ ഈ സിനഡില്‍ പുരോഹിതരാല്‍ പീഡിതരായ കുഞ്ഞുങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സിനഡ്‌ വിളിച്ചുകൂട്ടരുതോ?

പ്രതീക്ഷകള്‍ നല്‍കുന്ന യുഗ പുരുഷനായ ഒരു മാര്‍പാപ്പാ നമുക്കുണ്ട്‌. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍വ്വവിധ പിന്തുണയും നല്‌കുകയെന്നതാണ്‌ സഭാനവീകരണ ചിന്തകളില്‍ ഉള്‍പ്പെടുത്തേണ്ടത്‌. സഭയുടെ മാലിന്യങ്ങളെ തുടച്ചു മാറ്റി ശുദ്ധികലശം നടത്താന്‍ ശ്രമിക്കുന്നതും ആശ്വാസകരമാണ്‌. തീവ്രമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സഭ മരിക്കുമെന്നും മാര്‍പ്പാപ്പ കരുതുന്നുണ്ടാകാം. സഭാമക്കളെ സത്യത്തിന്റെ വഴിയേ മടക്കി കൊണ്ടുവരാന്‍ മാര്‍പ്പാപ്പ ആഗ്രഹിക്കുന്നു. അതിന്‌ സഭാ മക്കളുടെ വിശ്വാസം വീണ്ടെടുക്കണം. സഭയുടെ പുരോഹിതര്‍ കുഞ്ഞുങ്ങളെ പീഡിപ്പിക്കാന്‍ ഇനിമേല്‍ അനുവദിക്കരുത്‌. കഴിഞ്ഞ മാര്‍പ്പാമാരുടെ തെറ്റുകള്‍ തിരസ്‌ക്കരിച്ച്‌ ഒരു നവയുഗം പടുത്തുയര്‍ത്താന്‍ സഭയുടെ പ്രിയങ്കരനായ ഫ്രാന്‍സീസ്‌ മാര്‍പ്പായ്‌ക്ക്‌ അവസരം കൊടുക്കൂ. ലോകം ആ മഹാന്റെ വാക്കുകള്‍ ശ്രവിക്കട്ടെ.
യാഥാസ്ഥിതികരുടെ വത്തിക്കാന്‍ സിനഡും ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
വിദ്യാധരൻ 2014-10-07 19:52:50
'ജടില മതത്തിന്റെ മേലുടുപ്പും, ഉടവാളും ചെങ്കോലുമേന്തിയോരെ," മതി മതി നിങ്ങടെ വേദം ഓതൽ, മതിയാക്കു നിങ്ങടെ അഴിമതികൾ. നേരായ മാർഗ്ഗങ്ങൾ വിട്ടു നിങ്ങൾ പിൻ വാതിലിലൂടുള്ളിൽ കയറിടുന്ന കള്ളന്മാർ കവർച്ചക്കാരാണ് നിങ്ങൾ സ്വവർഗ്ഗ രതിവൈകൃത സന്യാസിമാർ നിങ്ങൾ നശിപ്പിച്ച കൊച്ചു പിള്ളേർ ചുറ്റി കറങ്ങുന്നു പാരിലെല്ലാം എന്ന് നീ എത്തിടും യേശുദേവ കുറ്റബോധ നിവർത്തി അവർക്ക് നൽകാൻ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക