പല വിശിഷ്ടവ്യക്തികളെയും അഭിമുഖം ചെയ്യാനുള്ള ഭാഗ്യം പത്രപ്രവര്‍ത്തനത്തില്‍ കൂടി കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും മഹത്തായ ഒരു അഭിമുഖമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കാബാവയുമായ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിദീയന്‍ കാതോലിക്കബാവയുമായി നടത്തിയത്. ഈ അടുത്തസമയത്ത് പരിശുദ്ധ കാതോലിക്കാബാവ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഹൂസ്റ്റണില്‍ വെച്ചായിരുന്നു അഭിമുഖം നടത്തിയത്. വളരെ ലളിതവും അര്‍ത്ഥസംപുഷ്ടവുമായ രീതിയിലായിരുന്നു പരിശുദ്ധബാവ അഭിമുഖസംഭാഷണത്തില്‍ സംസാരിച്ചത്. ഏറെ വെല്ലുവിളികളെ അതിജീവിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന സഭയെ നയിക്കുന്ന ഭാരമേറിയ ഉത്തരവാദിത്വമാണ് പരിശുദ്ധ ബാവയ്ക്കുള്ളത്.
വളരെ ലളിതമായ ജീവിതശൈലി ഇഷ്ടപ്പെടുന്ന പരിശുദ്ധ കാതോലിക്കാബാവ ആഢംബരമെന്ന വാക്കാണ് ഏറ്റവുമധികം വെറുക്കുന്നത്. ഒരു സാധാരണകുടുംബത്തില്‍ പിറക്കുകയും ലളിതമായ ജീവിതശൈലിയില്‍ കൂടി മാതാപിതാക്കള്‍ വളര്‍ത്തിയതാണ് അതിന് കാരണമെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ കൂടി മനസ്സിലാക്കാന്‍ സാധിച്ചു. തിരക്കുപിടിച്ച അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഏറെ ക്ഷീണിതനായിരുന്നുയെങ്കിലും അതൊക്കെ മറച്ചുവെച്ചുകൊണ്ട് തുറന്ന മനസ്സോടെയും സന്തോഷത്തോടെയുമായിരന്നു പരിശുദ്ധബാവ സംസാരിച്ചത്.
സഭാ കാര്യങ്ങളെന്നപോലെ വ്യക്തിപരമായ കാര്യങ്ങളും സംഭാഷണത്തില്‍ കടന്നുവരികയുണ്ടായി വൈദീകജീവിതം തിരഞ്ഞെടുത്തത് വളരെ ചെറുപ്പത്തിലെ ആയിരുന്നു. ഹൈസ്‌ക്കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ മാതാപിതാക്കളെ തന്റെ ആഗ്രഹം അറിയിച്ചു. അവര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. ദയറ പട്ടക്കാരനാകുകയെന്നു കൂടി പറഞ്ഞപ്പോള്‍ ആ എതിര്‍പ്പ് ഇരട്ടിയായി തന്റെ നിര്‍ബന്ധത്തിനു വഴങ്ങി വൈദീകനാകാന്‍ അനുമതി നല്‍കി.
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരുടെയും അടുത്തേക്ക് പോയിട്ടില്ലെന്നു മാത്രമല്ല അതൊക്കെ തന്നെ തേടിവന്നപ്പോഴേക്ക് മാറി നടക്കുകയാണ് ചെയ്തതെന്ന് ബാവ തിരുമേനിയുടെ സംഭാഷണത്തില്‍ കൂടി മനസ്സിലാക്കാന്‍ സാധിച്ചു. മെത്രാന്‍ സ്ഥാനത്തേക്ക് വരണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അത് സ്‌നേഹപുരസരം നിരസ്സിക്കുകയാണുണ്ടായത്. അതിനൊക്കെ പ്രാപ്തനാണോയെന്ന സംശയം തന്നെ അതിന് കാരണമത്രെ. നിയുക്ത കാതോലിക്കാബാവ സ്ഥാനത്തേക്കും നിര്‍ദ്ദേശിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഒടുവില്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിക്കുകയാണുണ്ടായത്.
അഭിമുഖം തുറന്ന മനസ്സോടെയും സന്തോഷത്തോടെയുമായിരുന്നു പരിശുദ്ധബാവ സംസാരിച്ചത്.
സഭയിലെ മെത്രാപ്പോലീത്താമാരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഭയില്‍ പലരും രംഗത്തുവരികയുണ്ടായി. ഇതില്‍ സിനഡോ മാനേജിംഗ് കമ്മറ്റിയോ എന്തെങ്കിലും തീ രുമാനമെടുത്തിട്ടുണ്ടോ?
മെത്രാപ്പോലീത്താമാരെ സ്ഥലം മാറ്റുന്നതിനെ കുറിച്ച് സിനഡില്‍ ഇതിനു മുമ്പും തീരുമാനമുണ്ടായിട്ടുണ്ട്. ആ തീരുമാനം ഭദ്രാസനങ്ങളില്‍ ഒഴിവുവരുന്ന തനുസരിച്ചായിരുന്നു. എന്നാല്‍ അത് ഒരു സമയബന്ധിതമായോ എല്ലാവര്‍ക്കുമെന്ന രീതിയിലോ ആയിരുന്നില്ല. ഇപ്പോഴുള്ള ആവശ്യം സമയബന്ധിതമായി മെത്രാന്‍മാരെ സ്ഥലം മാറ്റുകയും അവര്‍ക്ക് റി ട്ടയര്‍മെന്റ് ഏര്‍പ്പെടുത്തുകയുമെന്നതാണ്. അതില്‍ ഗുണവുമുണ്ട് ദോഷവുമുണ്ട്. കാതോലിക്കായാണ് പുതിയ മെത്രാപ്പോലീത്തായ്ക്ക് ഭദ്രാസനവും അധികാരവും നല്‍കുന്ന ത്. മാനേജിംഗ് കമ്മറ്റിയുടെ ആലോചനയും സിനഡിന്റെ ശിപാര്‍ശയും ഇതിനുണ്ടാകണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്, സമയബന്ധിതമായ സ്ഥലം മാറ്റം ഭരണഘടനയില്‍ പറയുന്നില്ല. എന്നാല്‍ എല്ലാ മെത്രാപ്പോലീത്താമാര്‍ക്കും സ്ഥലം മാറ്റം വേണമെന്നും അവര്‍ക്ക് റിട്ടയര്‍മെന്റ് ഏര്‍പ്പെടുത്തണമെന്നും മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ടുതരിക യും പ്രമേയമായി അവതരിപ്പിക്കുകയുമാണ് ചെയ്തത്. ആ പ്രമേയത്തിന് അനുമതി നല്‍കാതിരിക്കാന്‍ അതിന്റെ അദ്ധ്യക്ഷന്‍ എന്ന നിലക്ക് കഴിയുമായിരുന്നെങ്കിലും അത് അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണുണ്ടായത്. എപ്പിസ്‌ക്കോപ്പസിയും ഡമോക്രസിയും ഒന്നിച്ചുള്ളതാ ണ് സഭ. അതുകൊണ്ടാണ് ആ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാര്‍ക്കും സ്ഥലം മാറ്റം വേണമെന്നും അവര്‍ക്ക് റിട്ടയര്‍മെന്റ് ഏര്‍പ്പെടുത്തണമെന്നും ഞങ്ങള്‍ പരിശുദ്ധ കാതോലിക്കാബാവയോട് അപേക്ഷിക്കുന്നുയെന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്. ജനങ്ങളുടെ അഭിപ്രായം നൂറ് ശതമാനം തള്ളിക്കളയാന്‍ കഴിയില്ല. ഒപ്പം എപ്പിസ്‌ക്കോപ്പസിക്ക് മുന്‍തൂക്കവുമുണ്ട്. മാനേജിംഗ് കമ്മറ്റി പ്രമേയം പാസാക്കിയത് ഐക്യകണ്ഠനേയെന്നതാണ്. ആര്‍ക്കെങ്കിലും ഇതില്‍ എതിര്‍പ്പുണ്ടോയെന്നത് പല ആവര്‍ത്തി ചോദിച്ചിട്ടും ആരും എതിര്‍പ്പുണ്ടെന്ന് പറഞ്ഞില്ല. എന്നാല്‍ ആര് എങ്ങനെ എന്നതി നെ കുറിച്ച് തീരുമാനമായിട്ടില്ല.
സഭയില്‍ മെത്രാപ്പോലീത്തമാരെ സ്ഥലം മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടാന്‍ കാരണം?
അതിന് വ്യക്തമായ ഒരു ഉത്തരം പറയാന്‍ കഴിയില്ല. മെത്രാപ്പോലീത്താമാരുടെ ഭരണശൈലിയില്‍ ചില മാറ്റങ്ങള്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതാകാം ഇതിനു കാരണം. മെത്രാപ്പോലീത്തമാര്‍ തങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുന്നില്ലായെന്ന് ചില ഭാഗങ്ങളില്‍നിന്ന് പരാതിയുണ്ടാകാറുണ്ട്. എന്നാല്‍ നിസ്വാര്‍ത്ഥസേവനവും ജനങ്ങളുടെ കഷ്ടപ്പാടുകളും മനസ്സിലാ ക്കി പ്രവര്‍ത്തിക്കുന്നവരാണ് കൂടുതല്‍ പേരും. ഇതൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ഇപ്പോഴുള്ള ആവശ്യത്തിന്റെ പ്രസക്തി നഷ്ടപ്പെടും.
സിനഡില്‍ ഇതിന് എത്രമാത്രം പിന്തുണയുണ്ട്.
സിനഡില്‍ ഇതിന് നൂറ് ശതമാ അതിന് വ്യക്തമായ ഒരു ഉത്തരം പറയാന്‍ കഴിയില്ല.പിന്തുണയില്ല ചില മെത്രാപ്പോലീത്താമാരൊക്കെ ഇതില്‍ എതിരഭിപ്രായക്കാരാണ്.
സിനഡും മാനേജിംഗ് കമ്മറ്റിയും തമ്മില്‍ അധികാരത്തെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് പറയുന്നു. ഇതെകുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
അതിന്ും വ്യക്തമായ ഒരു ഉത്തരം പറയാന്‍ കഴിയില്ല. എന്നാല്‍, സിനഡും മാനേജിംഗ് കമ്മറ്റിയും ഒന്നിച്ചുപോയെങ്കിലെ സഭയുടെ കാര്യങ്ങള്‍ സുഗമമായി പോകുകയുള്ളൂ ഡെമോക്രസിയും എപ്പിസ്‌ക്കോപ്പസിയും ഒന്നിച്ചുകൊണ്ടുപോകുന്ന സഭയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. എപ്പിസ്‌ക്കോപ്പസിക്ക് ചില കാര്യങ്ങളില്‍ അല്പം മുന്‍തൂക്കമുണ്ട്. എന്നാല്‍ സഭയുടെ ഭരണപരമായ നടത്തിപ്പിന് ഇരുകൂട്ടരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഇരുകൂട്ടരും രണ്ട് ധ്രുവങ്ങളില്‍ പോയാല്‍ കാര്യങ്ങള്‍ സുഗമമായി നടത്താന്‍ കഴിയില്ല. സിനഡിനെ ആശ്രയിക്കാതെ മാനേജിഗം കമ്മറ്റിക്കോ മാനേജിംഗ് കമ്മറ്റിയെ ആ ശ്രയിക്കാതെ സിനഡിനോ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇരുവരും പരസ്പര പൂരകങ്ങളാണ്.
പരിശുദ്ധ കാതോലിക്കാബാ വയും പരിശുദ്ധ പത്രിയര്‍ക്കീസ് ബാവയും അമേരിക്കയില്‍വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് കേള്‍ ക്കുകയുണ്ടായി. അങ്ങയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുമു ന്‍പ് അന്ത്യോഖ്യയില്‍ നിന്ന് ഇ തിനായി എന്തെങ്കിലും നീക്കം നടത്തിയിട്ടുണ്ടോ?
ഇങ്ങനെയൊരു വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി അറിയുകയുണ്ടായി. രണ്ട് സഭകളിലെയും ഔദ്യോഗിക തലങ്ങളിലോ ഔദ്യോഗികമായോ അങ്ങനെയൊരു ആശയ കൈമാറ്റം ഒന്നും നടന്നിട്ടില്ല. ജനങ്ങള്‍ ഒരു പക്ഷെ ഇങ്ങനെയൊരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടാകാം. കാതോലിക്കാ ബാവയും പാത്രിയര്‍ക്കീസ് ബാവയും കൂടിക്കാഴ്ച നടത്തിയതുകൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് തോന്നുന്നില്ല. കേരളത്തിലെ യാക്കോബായ സഭയുടെ നേതൃത്വത്തിലിരിക്കുന്നവരില്‍ ഒരു ധാരണയുണ്ടാകണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ ഇരുസഭകളിലും ധാരണയുണ്ടാകണം. അല്ലാതെ സഭാതലവന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതുകൊണ്ട് വലിയ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നില്ല. അങ്ങനെ ഒരു കൂടിക്കാഴ്ച അവ്യക്തത സൃഷ്ടിക്കും. ആദ്യം കേരളത്തിലെ യാക്കോബായ സഭയില്‍ അതിന് നീക്കമുണ്ടാകണം.
പരിശുദ്ധ പത്രിയര്‍ക്കീസ് ബാവ മലങ്കരസഭയില്‍ സമാധാ നം വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ഇതില്‍ തി രുമേനിയുടെ അഭിപ്രായമെന്താണ്?
അതിനെ സ്വാഗതം ചെയ്യുന്നു അദ്ദേഹം മാത്രം മലങ്കരസഭയില്‍ സമാധാനം വേണമെന്ന് ആഗ്രഹിച്ചാല്‍ പോരാ 1958-ല്‍ മലങ്കരസഭയില്‍ സമാധാനം ഉ ണ്ടായതാണ്. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഒരു വിഭാഗം ജനങ്ങ ളും ചില മെത്രാപ്പോലീത്താമാരും അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു. അവര്‍ സഭയില്‍നിന്ന് പുറത്തുപോയി സഭക്കെതിരെ പ്രശ്‌നങ്ങളുണ്ടാക്കി. ഇരുസഭകളും ആത്മാര്‍ത്ഥമായി സമാധാനം വേണമെന്ന് ആഗ്രഹിച്ചെങ്കിലെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ.
ഓര്‍ത്തഡോക്‌സ് സഭ ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്നു. ശാശ്വതമായ സമാധാനം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. അതിന്റെ അര്‍ത്ഥം പാത്രിയര്‍ക്കീസിന്റെ കീഴില്‍ ഒരു മലങ്കരസഭയെന്ന് ആശയമല്ല. നിയമങ്ങള്‍ക്കും ഭരണഘടനകള്‍ ക്കും അതാത് സന്ദര്‍ഭങ്ങളില്‍ വന്ന കോടതി വിധികള്‍ക്കും അനുകൂലമായ നിലപാട് വന്നെങ്കി ലെ സമാധാനം മുന്നോട്ട് പോകുകയുള്ളൂ. കായികമായി നേരിടുകയും കൈയ്യൂക്കിന്റെ നിലയി ലും സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ല.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ സമാധാനശ്രമങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്താല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം എന്തായിരിക്കും?
മലങ്കര ഓര്‍ത്തഡോക്‌സ് സഭ അതിനെ സ്വാഗതം ചെയ്യും. പരിശുദ്ധ പാത്രീയര്‍കകീസ് ബാ വ അങ്ങനെയൊരു നിര്‍ദ്ദേശം കൊടുത്താലും കേരളത്തിലെ യാക്കോബായ സഭയുടെ നേതൃ ത്വം അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിലെ സഭ പ്രധാനമായും ഉന്നയിക്കുന്നത് സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അന്ത്യോക്യന്‍ പാത്രിയര്‍ക്കീസുമായോ സഭയുമായോ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യാതൊരു ശത്രുതയുമില്ല.
കാതോലിക്കാബാവയെന്നത്, മെത്രാന്‍മാരില്‍ മുന്‍പനെന്നെയുള്ളൂവെന്ന്‌സഭയുടെ നേതൃത്വത്തിലിരിക്കുന്ന ചിലര്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ കൂടി കാണുകയുണ്ടായി. ഇതില്‍ അവിടുത്ത അഭിപ്രായമെന്താണ്?
അങ്ങനെയാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം തെറ്റാണ്. ആ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. കാതോലിക്കായെന്നത് മുന്‍പനെ ന്ന അര്‍ത്ഥമല്ല. സഭയുടെ തലവനും നാഥനുമാണ്. രാജത്വം ആ പദവിക്കുണ്ട്.
കുടുംബത്തില്‍ പിതാവിനെ മക്കള്‍ തങ്ങളില്‍ മുന്‍പന്‍ എന്നാണോ പറയുന്നത്. രാജാവിനെ തങ്ങളില്‍ മുന്‍പന്‍ എന്നാണോ മന്ത്രിമാര്‍ വിളിച്ചിരുന്നത്?തിരുമേനി ചിരിച്ചുകൊണ്ട് മറുചോദ്യമാണ് ചോദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ബാറുകള്‍ അടച്ചുകൊണ്ട് മദ്യനിരോധനത്തിന് തുടക്കം കുറിക്കുകയുണ്ടായി. അതെക്കുറിച്ച് തിരുമേനിയുടെ അഭിപ്രായമെന്താണ്?
സംസ്ഥാനത്ത് ബാറുകള്‍ അടച്ചുകൊണ്ട് മദ്യനിരോധനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കാന്‍ കാരണം കോടതിയുടെയോ മറ്റോ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്. കോടതിയും ജനങ്ങളും ആഗ്രഹിക്കുന്നത് കേ രളത്തില്‍ മദ്യനിരോധനമാണ്. വന്‍ സാമ്പത്തിക നഷ്ടം സര്‍ക്കാരിന് ഇതുവഴിയുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നതുകൊണ്ട് മദ്യനിരോധനം പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിയില്ലായെന്ന നിലയില്‍ കോടതിയെപ്പോലും അവര്‍ വീര്‍പ്പുമുട്ടിച്ചുയെന്നാണ് പറയപ്പെടുന്നത്. ഒരു കാര്യം തുറന്നുപറയട്ടെ മദ്യപാ നം മൂലം കേരളത്തില്‍ അനേകം കുടുംബങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ശക്തമായ നിലപാട് സര്‍ ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണം. സര്‍ക്കാരിന്റെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ഭാഗത്തുനിന്നും അലംഭാവ പൂര്‍ണ്ണമായ നടപടികള്‍ ഉണ്ടായാല്‍ മദ്യനിരോധനം പരാജയപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. അത് മാത്രമല്ല അത് അനധികൃത മദ്യം കേരളത്തിലൊഴുകാന്‍ കാരണമാകും. മറ്റൊരു കാര്യം ഈ നിയമം തകിടം മറിക്കാന്‍ സാമൂഹിക വിരുദ്ധരും മറ്റും ശ്ര മിക്കുകയും ചെയ്യും. നിയമം നടപ്പാക്കുമ്പോള്‍ അത് എങ്ങനെ പഴുതുകള്‍ കണ്ടെത്തി മറികടക്കാമെന്നാണ് സാമൂഹികവിരുദ്ധരും ഈ നിയമത്തെ എതിര്‍ക്കുന്നവരും ചിന്തിക്കുക. അതുകൊണ്ട് മദ്യനിരോധനം ശക്തമായി നടപ്പാക്കുകയും ചെയ്യണം.