Image

ഓണമെത്താറുണ്ടെന്നരികിലിന്നും (കവിത: ബിന്ദു ടിജി)

Published on 08 October, 2014
ഓണമെത്താറുണ്ടെന്നരികിലിന്നും (കവിത: ബിന്ദു ടിജി)
ഏറെയുദാരവുമേറ്റമുദാത്തവുമായൊരാ നന്മയെ
തീരെ ചെറിയ ചതിയാല്‍ മറച്ചതിന്‍
വിഷാദാനന്ദ സ്‌മൃതികളും
ഇത്തിരി പൂവിന്‍ സുഗന്ധവും
നേരിന്‍ ചിരിച്ചന്തവും
കോടിയുടുപ്പിന്റെ ചേലും
മധുരസ്വപ്‌നാലസ്യവും പേറി;

വിശ്വമോഹന ഭംഗികളാകവേ
ഓരിതള്‍ പൂവിന്നുള്ളിലൊതുക്കി
അതിഗൂഢ സുസ്‌മിതം ചൊടികളില്‍ ചാര്‍ത്തി
നില്‌ക്കുമാ തുമ്പ കുറുമ്പി തന്‍
വിവര്‍ണ്ണ സ്വപ്‌നങ്ങളില്‍ നിറക്കാഴ്‌ചയുമേകി;

തളിരിന്‍ മിനുപ്പും
താരത്തിന്‍ തിളക്കവും
മാനത്തിന്‍ മൌനവും
മഴവില്ലിന്നഴകുമൊന്നു ചേര്‍ന്നൊഴുകുന്ന
പ്രേമോക്തിയായി.

ചില്ല കാണാതെ പൂത്ത മരത്തിന്‍ ചുവട്ടിലുമേതോ
സ്‌നേഹാകുലമൊരു മൂകതയെന്‍
ഹൃത്തിനെ നുള്ളിനോവിക്കവേ
ഓണമിങ്ങെത്തുമൊരു നിലാവുപോല്‍
പൊടുന്നനെ തെളിഞ്ഞും.....മങ്ങിയും.
ഓണമെത്താറുണ്ടെന്നരികിലിന്നും (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക