അദ്ധ്യായം 2
അജിത്ത് ജോലിക്കു പോയിക്കഴിഞ്ഞപ്പോള്‍ കെല്‍സി എന്ന നടി കൗച്ചിലിരുന്നു വെറുതെ ഓരോന്നു ചിന്തിച്ചു. വാസ്തവത്തില്‍ തനിക്കെന്താണ് സംഭവിച്ചത്? വെള്ളിത്തിരയില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് കാണികളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്ന തനിക്ക് ധാരാളം വിവാഹാലോചനകള്‍ വന്നിരുന്നു. ധനവാന്മാരുടെയും കൂടെ അഭിനയിച്ചുവന്ന നായകന്മാരുടെയും. ഒന്നും കാമ്യമായി തോന്നിയില്ല.
അമേരിക്കയില്‍ നിന്നുമുള്ള അജിത്ത് എന്ന പണക്കാരന്‍, കോമളയുവാവ്, വളരെ നല്ല കുടുംബപശ്ചാത്തലം. പിന്നീടൊന്നും ചിന്തിച്ചില്ല; സമ്മതിച്ചു. കൂട്ടുകാരില്‍ കളിയാക്കി “അമേരിക്കയില്‍ താമസിക്കാന്‍ വേണ്ടിയല്ലേ?” അതായിരുന്നോ കാരണം. അമേരിക്ക, കാനഡ, ഗള്‍ഫ് തുടങ്ങി ഒട്ടുമുക്കാല്‍ രാജ്യങ്ങളിലും 'ലൈവ് പ്രോഗ്രാം' ചെയ്തു മടുത്തതാണ്.
ഒരു പക്ഷെ; ഒരു മാറ്റം, അതായിരിക്കണം കാരണം. വിവാഹം അത്ര ആര്‍ഭാടമായിട്ടാണഅ നടന്നത്. അമേരിക്കക്കാരനും പ്രശസ്ത നടിയും തമ്മിലുള്ള വിവാഹം. ഒട്ടുമിക്ക സിനിമാ- സീരിയല്‍ താരങ്ങളുടെയും അകമ്പടിയോടെ നടന്ന വിവാഹം.
മിഥുന്‍, എസ്ത്തപ്പാന്‍, സീത, സരളാന്റി, വിനയാമ്മ, വിനീത് കുമാര്‍, ബാപ്പൂട്ടി, ഗോവര്‍ദ്ധനന്‍, സന്ദീപ് തുടങ്ങിയ തിരക്കേറിയ നടീനടന്മാരടക്കം ഒട്ടേറെപ്പേര്‍ അവരുടെ തിരക്കിനിടയിലും തങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തി.
അതില്‍ താന്‍ സന്തുഷ്ടയുമായിരുന്നു. പക്ഷെ അമേരിക്കയില്‍ വന്നപ്പോള്‍ എല്ലാ ആവേശങ്ങളും ആറിത്തണുത്തതുപോലെ. സന്തോഷത്തിമിര്‍പ്പുകളെല്ലാം കെട്ടടങ്ങി.
ടെക്‌സാസ്, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്റ്റേറ്റ്. എവിടെ തിരിഞ്ഞാലും മലയാളികള്‍. കടകളില്‍, പള്ളിയില്‍, ഗെറ്റ് റ്റു ഗതറുകളില്‍. പോരാത്തതിന് പച്ചക്കറിത്തോട്ടമുള്ള ഒരു കൊച്ചുകേരളം. കേരളത്തനിമയുള്ള പൂക്കള്‍ കാണുമ്പോള്‍ ആവര്‍ത്തനവിരസത, അരോചകത്തം!
ഒന്നിനും ഒരു പുതുമ തോന്നുന്നില്ല. അജിത്തേട്ടന്‍ പറയുമ്പോലെ, ഇനി തണുപ്പും മഞ്ഞും ഉള്ള മറ്റു വല്ല സ്റ്റേറ്റിലും താമസിച്ചാല്‍ ആവര്‍ത്തനവിരസതയ്ക്ക് പകരം മനംമടുപ്പിക്കുന്ന ഡിപ്രഷന്‍ ഉണ്ടായേക്കാം ഒത്തിരി കേട്ടിട്ടുണ്ട് തണുപ്പ് സേറ്റുകളില്‍ മലയാളികള്‍ കഷ്ടപ്പെടുന്നത്; സ്‌നോ എന്ന അസൗകര്യം; അത് വരുത്തിവയ്ക്കുന്ന അപകടങ്ങള്‍, സ്‌നോ ഷൗല്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ തെന്നി മറിഞ്ഞുവീണ് കാലൊടിഞ്ഞവരുടെ കഥ, കാറ് സ്‌നോയില്‍ സ്‌കിഡ് ചെയ്ത് എത്രയെത്ര റോഡപകടങ്ങള്‍!
തമ്മില്‍ ഭേദം തൊമ്മന്‍ എന്നതുപോലെ നാടിന്റെ ചൂടും നിറവുമുള്ള ഈ സ്റ്റേറ്റ് തന്നെയാണ് മലയാളികള്‍ക്ക് സ്വര്‍ഗ്ഗം!
പാവം അജിത്തേട്ടന്‍! തന്നെ സന്തോഷിപ്പിക്കാന്‍ എത്രമാത്രം തത്രപ്പെടുന്നു. തനിക്കിവിടെ ഒന്നിനും ഒരു കുറവുമില്ല. അമേരിക്കന്‍ ഭക്ഷണംകഴിക്കുന്നതും അത്തരം റെസ്റ്റോറന്റുകളില്‍ കയറിയിറങ്ങുന്നതും വാസ്തവത്തില്‍ ഒരു 'ജാഡ' മാത്രമല്ലേ?
എന്തിനാണ് താന്‍ അജിത്തേട്ടനെ ഇങ്ങനെ നിരാശപ്പെടുത്തുന്നത്? അജിത്തേട്ടന്‍ തന്നെ പ്രതീപ്പെടുത്താന്‍ ശ്രമിക്കുന്ന നല്ലൊരു ഭര്‍ത്താവല്ലേ? പിന്നെ തനിക്കെന്താണ് പറ്റിയത്?
എപ്പോഴും മൂടിക്കെട്ടിയ മനസ്സും, വീര്‍പ്പിച്ച മുഖവുമായി താനെന്തിനാണ് ഏട്ടനെ വിഷമിപ്പിക്കുന്നത്? അറിയാം, വാസ്തവത്തില്‍ കാരണം തനിക്കറിയാം. പക്ഷെ, അതെങ്ങിനെ ഏട്ടനോടു പറയും? കേരളം പോലുള്ള സ്റ്റേറ്റല്ല എന്നുള്ളതല്ല കാരണം. കേരളത്തനിമയുമല്ല കാരണം. തന്റെ ഫ്രസ്‌ട്രേഷന്‍ ന്റെ ശരിക്കുമുള്ള കാരണം അതൊന്നുമായിരുന്നില്ല. പക്ഷെ അതെങ്ങിനെ താന്‍ അജിത്തേട്ടനോടു പറയും?
ഇനിയും നീട്ടിക്കൊണ്ടു പോയാല്‍ ആ പാവത്തിന് വല്ല ഹിസ്റ്റീരിയ യും പിടിക്കും. തന്നെ അത്രക്ക് സ്‌നേഹിക്കുന്നുണ്ട്, പാവം! ഇനി ഉള്ളതു തുറന്നു പറയണം. ഈ മറയും മുഖമൂടിയും ഒന്നുംവേണ്ട…
ഒരു പക്ഷെ, കാര്യം കേള്‍ക്കുമ്പോള്‍ അദ്ദേഹം ഞെട്ടിപ്പോകുമോ? എന്നാലും സാരമില്ല. തന്റെ മൗനവും സസ്‌പെന്‍സും അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തുകയേള്ളൂ. വൈകീട്ടു വരുമ്പോള്‍ എല്ലാം വെട്ടിത്തുറന്നു പറയണം.
തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന അഭിനേത്രിയാണ് പ്രശ്‌നം എന്നറിയുമ്പോള്‍ അദ്ദേഹത്തിന് നിരാശ തോന്നിയേക്കാം. പക്ഷെ ഇനി പറയാതെ വയ്യ. ഒരു സ്‌ഫോടനം ആവശ്യമായി വന്നിരിക്കുന്നു.
വൈകീട്ട് ഒരുമിച്ച് ചായകുടിക്കുമ്പോള്‍ ക്രിം കുക്കിയും ക്രാക്കേഴ്‌സും കഴിക്കുന്നതിനുപകരം ഉഴുന്നുവട എരിയുള്ള ചമ്മന്തിയില്‍ തൊട്ട് ആര്‍ത്തിയോടെ കഴിക്കുന്ന തന്നെ നോക്കി അജിത്തേട്ടന്‍ അന്തംവിട്ട് ഇരുന്നു.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ. പിന്നീടവള്‍ സമോസ്സ പൊളിച്ച് പുതീനാ ചട്‌നിയില്‍ മുക്കി ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നു…!
അടുക്കളയുടെ വാതില്‍ക്കല്‍ ഇന്ത്യന്‍ 'മെയ്ഡ്' പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്നു! ഒരു കള്ളച്ചിരി…
“ചേട്ടാ, ഇവിടെ എനിക്ക് ഒന്നിനും ഒരു കുറവുമില്ല. ഞാന്‍ വെറുതെ 'ജാഡ' കാണിക്കാനായിരുന്നു അമേരിക്കന്‍ ഭക്ഷണം കഴിച്ചതും മറ്റും. അതൊന്നുമല്ല ചേട്ടാ എന്റെ ഡിപ്രഷന്റെ കാരണം. ചേട്ടന്റെ അതിരുകവിഞ്ഞ സ്‌നേഹവും അതിന്റെ ആഴവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ എന്റെ പ്രശ്‌നം അതൊന്നുമല്ല…” അവള്‍ തുറന്നടിച്ചു…
അജിത്ത് തരളിതനായി “പറയൂ, പറയൂ പിന്നെന്താണ് നിന്റെ മനോവിഷമത്തിനു കാരണം? അതു കേള്‍ക്കാന്‍ എന്റെ കാതു വെമ്പുന്നു.”
കെല്‍സിയും പറയാന്‍ വെമ്പി. ഒടുവില്‍ അവളതു പറഞ്ഞു. എന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 'അഭിനേത്രി' ഉണര്‍ന്നിരിക്കുന്നു. അതെ, അതാണെന്റെ പ്രശ്‌നം. എനിക്കഭിനയിക്കണം. ഇവിടെ തളച്ചിടാതെ കലയുടെ ലോകത്തേക്ക് ചിറകുകള്‍ വിടര്‍ത്തി പറന്നുപോകാന്‍ എന്നെ അനുവദിക്കണം. അജിത്ത് അമ്പരന്ന് എന്തുപറയണമെന്നറിയാതെ മൂകനായി അവളുടെ കണ്ണുകളിലേക്ക് നോക്കി അങ്ങനെ ഇരുന്നുപോയി.
“അതെ, അജിത്തേട്ടാ, എനിക്കഭിനയിക്കണം. എന്റെ 'പാഷന്‍' അഭിനയവും നൃത്തവുമാണ്. എനിക്ക് ഒരു വീട്ടമ്മയുടെ ചട്ടക്കൂട്ടിലൊതുങ്ങിക്കഴിയാന്‍ പറ്റുമെന്നു തോന്നുന്നില്ല.”
അജിത്ത് പകച്ചുപോയി. അന്ധാളിപ്പിന്റെ വിറയാര്‍ന്ന ശബ്ദത്തില്‍; വികാരാധീനനെങ്കിലും അതു പുറത്തുകാട്ടാതെ പറഞ്ഞു. “പക്ഷെ കെല്‍സി, നീ വിവാഹത്തിനുമുമ്പ് എനിക്കും എന്റെ വീട്ടുകാര്‍ക്കും വാക്കു തന്നിരുന്നു- വിവാഹം കഴിഞ്ഞാല്‍ അഭിനയ ജീവിതം എന്നേയ്ക്കും ഉപേക്ഷിക്കുമെന്ന്. എന്നിട്ടപ്പോള്‍?”
ഗദ്ഗദംകൊണ്ട് അയാളുടെ വാക്കുകള്‍ വിറങ്ങലിച്ചു. എയര്‍കണ്ടീഷന്റെ തണുപ്പിലും അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. തൊണ്ട വരളുന്നതുപോലെ. തന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് മലര്‍പ്പൊടിക്കാരന്റേതുപോലെ ആയിത്തീര്‍ന്നേക്കുമോ?
“ഏട്ടനെന്നോടു ക്ഷമിക്കണം. ഒന്നും മനഃപൂര്‍വ്വമല്ല. അങ്ങനെതന്നെയാണ് ഞാനും മനസ്സില്‍ ഉറച്ചിരുന്നത്. പക്ഷെ..”
“എനിക്കഭിനയിച്ചു കൊതി തീര്‍ന്നിട്ടില്ല. അഭിനയ ലോകത്തെ എന്റെ സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു.”
“അജിത്തേട്ടനെ വഞ്ചിക്കുകയല്ല; ഞാന്‍ എന്നെത്തന്നെ വഞ്ചിക്കുകയാണ്. എന്റെ ഉള്ളിലെ 'നടി'; ഉറങ്ങിക്കിടന്നിരുന്ന 'നടി' സടകുടഞ്ഞെണീറ്റിരിക്കുന്നു. എനിക്കു പോകണം അജിത്തേട്ടാ…”
അജിത്തിന് ഭാവപ്പകര്‍ച്ചയുണ്ടായി. അയാള്‍ക്ക് ഈ പ്രതിസന്ധിഘട്ടം തരണംചെയ്യണം. ഇവിടെ താന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ഇത് 'പെണ്ണി'ന്റെ വെറും ചാപല്യമാണ്. മുളയിലെ നുള്ളിക്കളയേണ്ടിയിരിക്കുന്നു.
അജിത്തിന്റെ ഉള്ളിലെ വികാരം വാക്കുകളില്‍ ഒരു 'നയാഗ്ര' യായി…
“കെല്‍സീ, നീ എടുത്തുചാടി ഒരു തീരുമാനം എടുക്കരുത്. ഇത് നമ്മുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എന്തുതോന്നു.”
അയാള്‍ പല സിനിമാനടികളുടെയും നല്ല ജീവിതോദാഹരണങ്ങള്‍ വിവരിച്ചു.
“നിന്നെപ്പോലെ സുന്ദരിയും പ്രശസ്തയുമായ ഒരു നടിയായിരുന്നില്ലേ 'പാര്‍വണ' പക്ഷെ നടന്‍ ശ്രീരാമന്‍ പാര്‍വണയെ കെട്ടിയതിനുശേഷം അവള്‍ ഒരു നല്ല വീട്ടമ്മയായി ജീവിതം ക്രമപ്പെടുത്തിയില്ലേ?
അവള്‍ രണ്ടു കുട്ടികളുടെ അമ്മയുമായി. ആ കുട്ടികളെയും വീട്ടുകാര്യങ്ങളും നോക്കി നടത്തി നല്ലൊരു കുടുംബിനിയായിക്കഴിയുന്നു.
അജിത്ത് വീറോടെ വാദിച്ചു: “നല്ലൊരഭിനേത്രിയായിരുന്ന 'മേരി' ഒരു പ്രൊഡ്യൂസറെയാണല്ലോ വിവാഹം ചെയ്തത്. എന്നിട്ടെന്തായി? പ്രൊഡ്യൂസറെ കെട്ടിയ ആള്‍ക്കാണോ സിനിമയില്‍ ചാന്‍സുകിട്ടാന്‍ പ്രയാസം? ആ 'മേരി' ക്ക് പിന്നെയും അഭിനയജീവിതം തുടരാമായിരുന്നല്ലോ? അവളും രണ്ടു പെറ്റില്ലേ? അമ്മയായില്ലേ? പിന്നീടവള്‍ വെള്ളിത്തിരയില്‍ വന്നിട്ടുണ്ടോ? സൗന്ദര്യത്തിന്റെ കാര്യത്തില്‍ മറ്റാരേക്കാളും 'ഒരരയന്നച്ചന്തം' മേരിക്കുണ്ടായിരുന്നല്ലോ? നീ ഇവരെയൊക്കെ വേണം കണ്ടുപഠിക്കാന്‍. അവരെ റോള്‍മോഡലാക്കൂ. അപ്പോള്‍ നിന്റെയീ ആവേശമൊക്കെ യാഥാര്‍ത്ഥ്യത്തിനു വഴിമാറും…”
അജിത്തിന്, ഒരു പേമാരി പെയ്‌തൊഴിഞ്ഞ ആശ്വാസം! ഇത്തവണ കുറിക്കു കൊള്ളുമെന്ന് ആത്മവിശ്വാസമുണ്ടായി. കെല്‍സിയെ അയാള്‍ക്ക് ജീവനാണ്. പക്ഷെ, കെല്‍സിയില്‍ പ്രത്യേകിച്ച് ഭാവപ്പകര്‍ച്ചയുണ്ടായില്ല. അവള്‍ അലക്ഷ്യമായി ടിവിയുടെ റിമോട്ടില്‍ മാറിമാറി ഞെക്കിക്കൊണ്ടിരുന്നു. ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്നു.
അജിത്ത് അക്ഷമനായി. അയാള്‍ക്ക് രണ്ടിലൊന്ന് അറിഞ്ഞേ തീരൂ. അവളുടെ തീരുമാനത്തിന് മാറ്റമുണ്ടോ? മറ്റു രണ്ടു സിനിമാനടികളുടെ ഉദാഹരണങ്ങള്‍ക്കൂടി അവളുടെ മുന്നില്‍ അവതരിപ്പിക്കാം…
നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല. സിസ്സിയെന്ന നടിയെ വളരെ ചെറുപ്പത്തില്‍ ടീനേജു പ്രായത്തില്‍തന്നെ ഒരു സംവിധായകനെ കല്യാണം കഴിച്ചു. ആ സിസ്സി എന്ന ടീനേജി നടി പിന്നെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവളും അമ്മയായി, നല്ലൊരു കുടുംബിനിയായി ജീവിക്കുന്നു.”
“മറ്റൊരു പ്രശസ്തയായ നടി 'മോളി' ഒത്തിരി ഒത്തിരി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടി, ഒടുവില്‍ സിനിമാനടന്‍ ഭൈരവനെ കെട്ടി. പക്ഷെ അവളും പിന്നീട് അഭിനയിക്കാന് പോയില്ല. എത്ര നല്ലൊരു കുടുംബിനിയാണ് മോളിയിന്ന്. അതുകൊണ്ടാണ് നിന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ ഞാനും എന്റെ വീട്ടുകാരും തറപ്പിച്ചു പറഞ്ഞത്, വിവാഹത്തിനുശേഷം അഭിനയിക്കാന്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന്. നീയും നിന്റെ വീട്ടുകാരും അതു സമ്മതിക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍…”
എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അജിത്തിന്റെയുള്ളില്‍ ആശയ്ക്കു വകയുള്ള രണ്ടു തളിരിലകള്‍ നാമ്പിട്ടു. പക്ഷെ… നിമിഷങ്ങള്‍ വിറങ്ങലിച്ചു നിന്നു…
ഒടുവില്‍ അവള്‍ പൊട്ടിക്കരഞ്ഞു. അജിത്ത് നിര്‍ന്നിമേഷനായി. ഇത് അവള്‍ക്ക് മാനസാന്തരം വന്നതിന്റെ ലക്ഷണമാണോ? അവളുടെ മനസ്സുമാറിക്കാണുമോ? ഇടതടവില്ലാതെ നിര്‍ഗ്ഗളിച്ച തന്റെ വാഗ്‌ധോരണിയുടെ നയാഗ്രയില്‍ അവള്‍ വീണു മുങ്ങിക്കാണുമോ?
മനസ്സില്‍ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും തണുത്ത മഴത്തുള്ളികള്‍ വീണു ചിതറി. അവള്‍ക്കെന്താണ് പറയുവാനുള്ളത് എന്നറിയുവാനുള്ള ജിജ്ഞാസ! ഇമ വെട്ടാതെ അജിത്ത് അവളെ നോക്കി. ഒടുവില്‍ ഒരു സാന്ത്വനമെന്നോണം അജിത്ത് അവളെ തലോടി. അവളെ താനെന്തുമാത്രം ഇഷ്ടപ്പെടുന്നുവെന്ന് അവള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.
“കെല്‍സി, കരയാതെ, നിന്നെ ദുഃഖിപ്പിക്കാന്‍ പറഞ്ഞതല്ല, മറ്റുള്ളവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി, നിന്നെ കുടുംബജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയായിരുന്നു. നിന്റെ കൂട്ടുകാരികളുടെ ഉത്തമമായ കുടുംബജീവിതത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ യാഥാര്‍ത്ഥ്യം മനസിലായില്ലേ?”
നിന്നെ വേദനിപ്പിക്കാനോ കരയിക്കാനോ പറഞ്ഞതല്ല. വരൂ. വന്ന് മുഖം കഴുകി ഫ്രഷാക്… നമുക്കൊരു മൂവിക്കു പോകാം. 'ആലന്‍ബര്‍ഗി' ന്റെ നല്ല മൂവിയിറങ്ങിയിട്ടുണ്ട്. നിന്റെ വിഷമങ്ങളൊക്കെ മാറും. അതുകഴിഞ്ഞ് 'പാരഡൈസ്' ഹോട്ടലില്‍ പോയി 'ടെംറ്റേഷന്‍'കഴിക്കാം. നിനക്ക് ഏറ്റവും ഇഷ്ടമുള്ള അമേരിക്കന്‍ ഡിഷ്- 'ടെംറ്റേഷന്‍'”
“വാ, കെല്‍സി” അയാള്‍ അവളുടെ മൃദുലമായ കൈകളില്‍ കടന്നു പിടിച്ചുവിളിച്ചു സ്‌നേഹവായ്‌പോടെതന്നെ. അവളുടെ നെറ്റിത്തടത്തില്‍ ഒരു ചുടുചുംബനവുമേകി.
കെല്‍സി കണ്ണുനീര്‍ തുടച്ചു. അജിത്തിന്റെ കൈകളില്‍ തൂങ്ങി ഒരു കൊച്ചുകുട്ടിയുടെ അനുസരണയോടെ അയോളോടൊപ്പം എഴുന്നേറ്റു. ഇരുവരും യാത്രയ്ക്കായി ഒരുങ്ങി.
അന്നുരാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അജിത്തിന്റെയുള്ളില്‍ കൈവിട്ടുപോയ മനഃശാന്തി നിറഞ്ഞുതുളുമ്പി.
പക്ഷെ രാവേറെയായിട്ടും കെല്‍സിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ സിനിമാനടി 'പാര്‍വണ'യെക്കുറിച്ചോര്‍ത്തു. തന്റെ ഉറ്റതോഴി. അവള്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ എത്ര പെട്ടെന്നാണ് ശ്രീരാമനുമായി അടുത്തത്. രണ്ടുപേരും അഭിനേതാക്കള്‍. ഇരുകൂട്ടരുടെയും വീട്ടുകാര്‍ക്ക് പരിപൂര്‍ണ്ണസമ്മതം. പക്ഷെ ശ്രീരാമന്‍ ഒരു കരാറ് പറഞ്ഞു. വിവാഹത്തിനുശേഷം നമ്മളിലൊരാള്‍ മാത്രം അഭിനയിച്ചാല്‍ മതി; നീ നല്ലൊരു ഭാര്യയും അമ്മയുമായി സന്തോഷത്തോടെ ഗൃഹംവാഴണം. അപ്പോള്‍ പാര്‍വണ എത്ര വിധേയത്തോടെയായിരിക്കാം ആ കരാര്‍ സമ്മതിച്ചത്. അതിനുശേഷം അവള്‍ രണ്ടുകുട്ടികളുടെ അമ്മയുമായി അവളുടെ സന്തോഷത്തിന് അന്നും ഇന്നും ഒരു കുറവുമില്ല.
മനുഷ്യന്‍ എങ്ങിനെയാണ് ജീവിതം സ്വയം ഉഴിഞ്ഞുവച്ച് മറ്റുള്ളവരുടെ ആനന്ദത്തിനുവേണ്ടി ജീവിക്കുന്നത്. പാര്‍വണ നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു. വലിയ കണ്ണുകള്‍! അതും ആകര്‍ഷകത്വം തുളുമ്പുന്ന കരിനീലനിറമുള്ള വലിയ കണ്ണുകള്‍!
ഒരിക്കല്‍ അവളുടെ കവിളില്‍ നുള്ളിക്കൊണ്ട് താന്‍ കളിയാക്കിയത് ഇപ്പോഴും മനോമുകുരത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു “നിന്റെ ഉണ്ടക്കണ്ണ് കാട്ടിയല്ലേ ശ്രീരാമനെ നീ വീഴ്ത്തിയത്. എടീ ഉണ്ടക്കണ്ണീ കല്യാണം കഴിഞ്ഞ്‌പോയാല്‍ ഞങ്ങളെയൊന്നും മറന്നേക്കരുതേ.”
പക്ഷേ, ഓര്‍ത്തപ്പോള്‍ ആത്മനിര്‍വൃതി! ശ്രീരാമന്‍ അവള്‍ക്ക് മോഹിനിയാട്ടത്തില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഇടയ്ക്കിടെ പാര്‍വണയുടെ നൃത്തരൂപങ്ങള്‍ ടിവിയിലും മറ്റും കണ്ടു തുടങ്ങിയപ്പോള്‍ ശ്രീരാമനോട് തനിക്ക് മനസ്സില്‍ 'ആരാധന' തോന്നിയിരുന്നു. അഭിനയിക്കാന്‍ വിട്ടില്ലെങ്കിലും നൃത്തകലയില്‍ അദ്ദേഹം അവള്‍ക്ക് പ്രോത്സാഹനം നല്‍കിയല്ലോ. ഒരുത്തമ കലാകാരന്‍! നെറിവുള്ളവന്‍! ശരിയാണ് കുട്ടികളെയെല്ലാം പറക്കമുറ്റിച്ചുകഴിഞ്ഞാല്‍ ഇത്തരം അമ്മമാര്‍ക്ക് വീട്ടില്‍ ബോറടിക്കും. പിന്നെ കലാരംഗത്തേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുന്നതില്‍ തെറ്റില്ല.
മേരിയും അതാണ് ചെയ്യുന്നത്. അവളെപ്പോലെ 'ഏഴഴകുള്ളവള്‍' വേറെയുണ്ടോ എന്നു സംശയം. അജിത്തേട്ടന്‍പോലും മേരിയുടെ സൗന്ദര്യത്തെ വിശേഷിപ്പിച്ചത് “അരയന്നച്ചന്തം” എന്നാണെന്നോര്‍ത്തപ്പോള്‍ അഭിമാനംതോന്നി. അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് എത്രയെത്ര നടന്മാര്‍ മേരിയെ കെട്ടാന്‍ കൊതിച്ചിട്ടുണ്ടെന്നോ?
പക്ഷെ അവള്‍ അടക്കവും ഒതുക്കവുമുള്ള ഒരുന്നത തറവാട്ടിലെ പെണ്ണായിരുന്നു. അച്ഛനമ്മമാര്‍ തീരുമാനിക്കുന്ന വിവാഹത്തിനു മാത്രമേ സമ്മതിക്കുകയുള്ളെന്ന നിര്‍ബന്ധക്കാരിയായിരുന്നു. അവള്‍ ആഗ്രഹിച്ചതു നടന്നു.
ഒരിക്കല്‍ അവളെ നോക്കി കുസൃതിയോടെ താന്‍ പറഞ്ഞ നര്‍മ്മം ഇപ്പോഴും ഓര്‍ക്കുന്നു. “മേരി നിന്റെ മുഖത്തെ ഈ മറുകുണ്ടല്ലോ, അത് ആരുടെയും കണ്ണുപെടാതിരിക്കാന്‍ സഹായിക്കും. കാരണം നീ അപസര സുന്ദരിയല്ലേ…സൗന്ദര്യത്തില്‍ നിന്നെ മറികടക്കാനാരുമില്ല..” അപ്പോള്‍ മേരി പറഞ്ഞവാചകം ഇപ്പോഴും കര്‍ണ്ണപുടങ്ങളില്‍ അലയടിക്കുന്നു.
“ഓ! ഒന്നുപോ, കെല്‍സി. എന്നെ അത്രയ്ക്കങ്ങു പുകഴ്‌ത്തേണ്ട, കാരണം ഞാന്‍ വിശ്വസുന്ദരിയോളം വരില്ലല്ലോ” അതുകേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. കൂടെ അവളും. ഇന്ന് അതൊക്കെ വെറും ഓര്‍മ്മകളായി മാത്രം അവശേഷിക്കുന്നു. എത്ര സുന്ദരമായ സുഹൃത്ത്ബന്ധമായിരുന്നു ഞങ്ങളുടേത്. അവള്‍ക്ക് പെട്ടെന്നാണ് 'അയ്യര്‍' ഫാമിലിയെ അവളുടെ വീട്ടുകാര്‍ക്കിഷ്ടപ്പെട്ടു. വിവാഹം പെട്ടെന്ന് കഴിയുകയും ചെയ്തു.
ഓര്‍ക്കുമ്പോള്‍ സുഖംതോന്നുന്നു. രണ്ടുപുത്രികളുടെ അമ്മയായി സസന്തോഷം കുടുംബിനിയായിക്കഴിയുന്നു അവള്‍. എന്റെ പ്രിയ തോഴി- അരയന്നപ്പിടയേ നിനക്ക് സര്‍വ്വമംഗളങ്ങളും നേരുന്നു…
ഉറങ്ങിയതു വളരെ വൈകിയായതിനാല്‍ നേരം വെളുത്തിട്ടും ഉണരാന്‍ കഴിഞ്ഞില്ല… കണ്ണുതുറന്നപ്പോള്‍ സൂട്ടുംകോട്ടും ധരിച്ച് അജിത്തേട്ടന്‍ ജോലിക്കു പോകാനായി ഒരുങ്ങി. ഒരു കൈയ്യില്‍ തനിക്കുള്ള കാപ്പിക്കപ്പുമായി മുന്നില്‍ നില്‍ക്കുന്നു. ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എഴുന്നേറ്റു. കാപ്പി വാങ്ങി ടേബിളില്‍ വച്ചു വാഷ്‌ബേസിനരികിലേയ്ക്കു നടന്നു.
അജിത്തിന്റെ മനസ്സില്‍ തേന്‍ മഴ! തന്റെ സാരോപദേശം അവളില്‍ അല്പം മാറ്റം വരുത്തിയിരിക്കുന്നു. എന്നാലും പെണ്ണിന്റെ മനസ്സല്ലേ, ഒന്നും അത്ര ഉറപ്പിക്കാന്‍ പറ്റില്ലല്ലോ. അതിനൊരു പോംവഴിയുണ്ട്. എത്രയും പെട്ടെന്ന് താനൊരച്ഛനാകുക. അവള്‍ അമ്മയായാല്‍ ആ മാതൃഹൃദയത്തില്‍ അഭിനയിക്കാനുള്ള വാഞ്ചനയുണ്ടാകുകയില്ല. എല്ലാ ചിന്തകളും സ്വന്തം കുഞ്ഞിലേക്കു തിരിക്കും.
അടുത്തയാഴ്ച ക്യാനഡ ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുകയാണ്. ഹണിമൂണിന്റെ തുടര്‍ച്ചയായി ഒരു ട്രിപ്പ്.
ക്യാനഡായിലെ 'ഒണ്‍ടാരിയോ പ്ലേയ്‌സ്', ലോകത്തിലെ പൊക്കംകൂടിയ 'ഒണ്‍ടാരിയോ ടൗവര്‍', 'നയാഗ്രാ ഫാള്‍സ്', എന്നുവേണ്ട 'ക്ലോക്ക് ഫ്‌ളവര്‍' ഗാര്‍ഡനുമെല്ലാം കെല്‍സിയുടെ അരക്കെട്ടില്‍ ചുറ്റിപ്പിണര്‍ന്നു നടന്ന് കണ്ടു. ഒപ്പം ചൂളമടിച്ച് ചുറ്റിയടിച്ചെത്തുന്ന 'മാഗ്നോളിയ' യുടെ സുഗന്ധം പകരുന്ന ഇളം കാറ്റേറ്റു ചുറ്റിക്കറങ്ങി.
ട്രിപ്പുകഴിഞ്ഞ് തിരികെ വന്നപ്പോള്‍ കെല്‍സി ഇടതടവില്ലാതെ ഛര്‍ദ്ദിക്കുന്നു. അവള്‍ക്ക് തലചുറ്റുന്നതുപോലെ.
ഈശ്വരാ! ചതിച്ചോ! പരിചയമില്ലാത്ത ക്ലൈമറ്റും കനേഡിയന്‍ ഫുഡും അവളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുമോ? വല്ലാത്ത പരവേശത്തില്‍ അജിത്ത് അസ്വസ്ഥനായി.
ആംബുലന്‍സ് വിളിച്ച് അയലത്തുകാര്‍ക്ക് ഉത്കണ്ഠ കൊടുക്കണ്ട. മെഡിക്കല്‍ സെന്റര്‍ അടുത്തു തന്നെയായതിനാല്‍ കെല്‍സിയെ താങ്ങിപ്പിടിച്ച് കാറില്‍ കയറ്റി വിട്ടു.
പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ എമിലി റിച്ചര്‍ പറഞ്ഞു ഷീ ഈസ് ക്യാരിയിംഗ്. യു ആര്‍ ഗോയിംഗ് ടുബി എ ഡാഡ്, കണ്‍ഗ്രാറ്റസ്”.
കേട്ടപാതി കേള്‍ക്കാത്ത പാതി അജിത്ത് കെല്‍സിയുടെ ടെസ്റ്റിംഗ് റൂമിലേയ്ക്ക് കയറാന്‍ ശ്രമിച്ചു. അപ്പോള്‍ നഴ്‌സ് വിലക്കിയിട്ടു പറഞ്ഞു: “അവള്‍ക്ക് 'ഐവി' കൊടുത്തുകൊണ്ടിരിക്കുകയാണ്; ബിക്കോസ് ഷീ ഈസ് വീക്ക്.”
അജിത്തിന്റെ മനസ്സ് താനെന്തൊരു മണ്ടനാണെന്ന് സ്വയം കളിയാക്കി. ഇതു മനസ്സിലാക്കാന്‍ ആശുപത്രിയില്‍ വരണമായിരുന്നോ? ഇതൊക്കെ എനി ടോം ഡിക് ആന്‍ഡ് ഹാരിക്കറിഞ്ഞുകൂടെ.
ജാള്യത, ജാള്യത! അവളെന്തു വിചാരിക്കും? താനൊരു കിഴങ്ങന്‍ ഭര്‍ത്താവാണെന്നല്ലേ അവള്‍ക്കുതോന്നൂ. ഒരു മരമണ്ടന്‍ ഹസ്ബന്റ്! മണുങ്ങൂസ് നമ്പര്‍ വണ്‍. ഛെയ് താനൊരു വിഡ്ഡിയാണ് പരമ്പരവിഡ്ഢി. കല്യാണശേഷം രണ്ട്മാസം കഴിഞ്ഞ് ഭാര്യ ഛര്‍ദ്ദിക്കുമ്പോള്‍ അതിന്റെയര്‍ത്ഥം മനസ്സിലാക്കാതെ! കാളപെറ്റെന്നു പറഞ്ഞ് കയറെടുക്കുന്നവനെപ്പോലെ, അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പരക്കം പാഞ്ഞ പമ്പരവിഡ്ഢി.
പക്ഷെ അപകര്‍ഷതാബോധം ഉളവാക്കി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താന്‍ അജിത്ത് തയ്യാറായില്ല. ഫാമിലി റൂമിലിരുന്ന് ടിവി കാണുമ്പോള്‍ കെല്‍സിയോടയാള്‍ മെല്ലെ പറഞ്ഞു.
"നീ വീക്ക് ആണെന്ന് എനിക്കറിയാമായിരുന്നു. തക്കസമയത്ത് അവിടെയെത്തിയതു നന്നായി. അതു കൊണ്ടല്ലേ അവര്‍ നിനക്ക് ഐവി തന്നത്. എന്തായാലും ഈ സന്തോഷം- ഈ ഗുഡ് ന്യൂസ് നമുക്കെല്ലാവരെയും വിളിച്ചറിയിക്കാം; നാട്ടിലും വീട്ടിലും. പിന്നെ ഇവിടെയുള്ള സുഹൃത്തുക്കള്‍ക്ക് ഹോട്ടല്‍ ബ്ലൂ ബേര്‍ഡില്‍ ഒരു പാര്‍ട്ടിയും അറേയ്ഞ്ചുചെയ്യാം. എന്തു പറയുന്നു?
അപ്പോള്‍ കെത്സി പറഞ്ഞ വാക്കുകള്‍ അയാളെ ഞെട്ടിച്ചു, മൂര്‍ചയുള്ള കഠാാര ഹ്രുദയതിലൂടെ കുത്തി ഇറക്കിയതു പോലെ....