MediaAppUSA

കേരളത്തിന്റെ ആഭിചാരവും ജയലളിതയുടെ പൂജാതന്ത്രവും!!- അനില്‍പെണ്ണുക്കര

അനില്‍പെണ്ണുക്കര Published on 14 October, 2014
കേരളത്തിന്റെ ആഭിചാരവും ജയലളിതയുടെ പൂജാതന്ത്രവും!!- അനില്‍പെണ്ണുക്കര
വിശ്വാസം, അതല്ലേ എല്ലാം? എന്ന പ്രസിദ്ധമായ പരസ്യം വേണ്ടയിടത്തും വേണ്ടാത്തയിടത്തുമൊക്കെ നാം എടുത്ത് പ്രയോഗിക്കാറുണ്ട്. വിശ്വാസം എന്ന വാക്കിനുതന്നെ വിശ്വാസമില്ലാതെയായി. മംഗള്‍യാനും, കാലാവസ്ഥ പ്രവചനവുമൊക്കെ കൃത്യമായി നടക്കുന്ന നമ്മുടെ നാട്ടില്‍ അന്ധവിശ്വാസത്തിന് യാതൊരുകുറവുമില്ല.

സ്വന്തം മകള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ പ്രേമിച്ചപ്പോള്‍ കേരളത്തിലെ ഒരു ജോത്സ്യന് പൂജനടത്തി മകളെ നാട്ടില്‍ കൊണ്ടുപോയി മലയാളിയെ വിവാഹം കഴിപ്പിച്ചു ഒരാള്‍. പൂജ ഏറ്റു. മകള്‍ തിരികെ വന്ന് ആഫ്രിക്കന്‍ അമേരിക്കടൊപ്പം പോയി. വിശ്വാസവും പോയി മകളും പോയി. കുടുംബവും പോയി.
കഴിഞ്ഞ ദിവസം പത്തനംതിട്ട വടശേരിക്കരയില്‍ ഒരു കോളജ് വിദ്യാര്‍ത്ഥിനി ആതിര വയസ് 19 (റാന്നി സെന്റ് തോമസ് കോളേജ് ഒന്നാം വര്‍ഷ ബിരുദം) ആഭിചാര പ്രക്രിയയെ തുടര്‍ന്ന് മരണപ്പെട്ട വിവരം നാമൊക്കെ വളരെ ദുഃഖത്തോടെയാണ് വായിച്ചത്. കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ചുള്ള പൂജയ്ക്കിടെ ആതിരെ കൊല്ലപ്പെടുകയായിരുന്നു. ബലംപ്രയോഗിച്ച് 'പൂശാരിയും' സംഘം പൊള്ളലേല്‍പ്പിക്കുകയായിരുന്നു.എന്തായാലും പൂശാരിയും സംഘവും പോലീസിന്റെ ആഭിചാരപ്രക്രിയയിലാണ് ഇപ്പോള്‍.

കേരളം വളരുന്നു എന്ന് കവികളും എഴുത്തുകാരും, ശാസ്ത്രജ്ഞരുമൊക്കെ പാടുകയും പറയുകയുമൊക്കെ ചെയ്യുമെങ്കിലും ഉമ്മറത്തിരിക്കുന്ന അപ്പന്റെ ഫോട്ടോയാണ് നിങ്ങളുടെ ബിസിനസ് പതനത്തിന് കാരണമെന്ന് ഒരു സിദ്ധന്‍ പറഞ്ഞാല്‍ എത്ര വലിയ പണ്ഡിതനാണെങ്കിലും ബിസിനസ് വിജയിക്കാന്‍ വേണ്ടി അപ്പനെ വേസ്റ്റ് കുഴിയില്‍ തള്ളുന്ന സംസ്‌കാരമാണ് നമ്മുടേത്. അക്കരകാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വീടിന്റെ ഐശ്വര്യത്തിന് അല്പം വെള്ളവും ഗ്ലാസും ഡൈനിംഗ് മുറിയില്‍ വച്ചാല്‍ അച്ചായന്റെ ഇന്‍ഷുറന്‍സ് മേഖല പച്ചപിടിക്കുമെന്ന് ഫെങ്ഷൂയിക്കാരന്‍ പറഞ്ഞപ്പോള്‍ ഒരു ഗ്ലാസ് മദ്യവും വെള്ളവും ഡൈനിംഗ് റൂമില്‍ പ്രശ്‌നം പരിഹരിച്ചു അച്ചായന്‍!

വിശ്വാസവും അന്ധവിശ്വാസവും ഒന്നു തന്നെയാണെന്നാണ് എന്റെ വിശ്വാസം. നമ്മുടെ ജയലളിത(അമ്മ എന്നാണ് തമിഴ് മക്കള്‍ ജയലളിതയെ വിളിക്കുന്നത്)യ്ക്ക് പറ്റിയ കഥ കണ്ടില്ലേ. പാവം അകത്തായിപ്പോയി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ പറ്റിക്കുന്നതിന് ദൈവം കൊടുത്ത ശിക്ഷയാണെന്നാണഅ ഞങ്ങളുടെ നാട്ടുകാരന്‍ വാസുദേവന്‍ പറഞ്ഞത്. എന്തായാലും അകത്തായി പച്ചയാണ് ജയലളിതയുടെ ഭാഗ്യനിറം. ആ നിറമെങ്കിലും തുണയ്ക്കാതിരിക്കില്ല എന്ന വിശ്വാസം കൊണ്ടാവാം പച്ചസാരിയും പച്ചബ്ലൗസും ധരിച്ചുകൊണ്ടാണ് കക്ഷി വിധിപ്രസ്താവം കേള്‍ക്കാന്‍ കോടതിയിലെത്തിയത്. കണ്ണില്‍ ചോരയില്ലാത്ത നീതി പീഠം പച്ചവേഷം കണ്ടതായിപ്പോലും നടിച്ചില്ല. ശിക്ഷിച്ചുകളഞ്ഞു. നൂറുകോടിരൂപ പിഴയും നാലുവര്‍ഷത്തെ തടവും. ഒരു രാഷ്ട്രീയ നേതാവിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ പിഴയാണ് ഈ നൂറ് കോടി. എന്തെല്ലാം പോക്രിത്തരം കാണിച്ചാലും ദൈവത്തിന് കൈക്കൂലി കൊടുത്താല്‍ ഏത് ഏവറസ്റ്റും കയറാമെന്നാണ് നമ്മുടെയൊക്കെ വിശ്വാസം. ഇതിന്റെ രാജ്ഞിയായിരുന്നു ജയലളിത. ഇന്ത്യന്‍ പ്രധാനമന്ത്രിയായി മുല്ലപ്പെരിയാര്‍  സ്വന്തമാക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രധാനമന്ത്രിയാകാന്‍) ജൂലൈ 12ന് തമിഴ്‌നാട്ടിലെ 66 ക്ഷേത്രങ്ങളില്‍ പൂജനടത്തി. അന്നാണ് ജനമറിഞ്ഞത് കുമാരി ജയലളിതയ്ക്ക് 66 വയസായി എന്ന്. എന്തായാലും ജയലളിത മാനത്ത് കണ്ടത് ദൈവം മനസ്സില്‍ കണ്ടു. പൂജയും, ഹോമവും എല്ലാം തിരിഞ്ഞുകൊത്തി. ഇപ്പോള്‍ പണ്ടേത്തേതുപോലെ അല്ല പാടത്ത് ജോലി വരമ്പത്ത് കൂലി! കാരണം കുറ്റവാളികള്‍ പെരുകുന്നു. കപട ഭക്തരരും എന്തായാലും ഈ വിധി ഒരു താക്കീതാണ്. പലര്‍ക്കും പ്രത്യേകിച്ച് കള്ളപ്പണ രാഷ്ട്രീയക്കാര്‍ക്ക്.

പലപ്പോഴും ചിന്തിക്കാറുണ്ട്; നാം ചീത്ത പറഞ്ഞാലും, കുറുമ്പുകാട്ടിയാലും, കാശ് കൊടുത്താലും എന്തു ചെയ്താലും പരാതിപറയാത്ത ഒരാളേ ലോകത്തുള്ളൂ. ദൈവം! (നിരീശ്വര വാദികള്‍ പൊറുക്കുക). ആ ദൈവത്തെ വലയിലാക്കാന്‍ എന്തെല്ലാം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നു. ദൈവത്തിന്റെ പേരിലാണല്ലോ അടി മുഴുവന്‍. നാലാംക്ലാസില്‍ പഠിക്കുന്ന മകന്‍ ഈയിടെ എന്നോട് ചോദിച്ചു. “അച്ഛാ നമ്മളൊക്കെ അമ്പലക്കാരാ….അല്ലേന്ന്” അതെന്താ? എന്ന് ഞാന്‍. ഒന്നൂല്ല… ഞങ്ങടെ സ്‌കൂളില്‍ മുഴുവന്‍ പള്ളീക്കാരാ.. എവിടെയാണ്, എന്താണ് സംഭവിച്ചതെന്ന് ഒന്നും എനിക്ക് മനസിലായില്ല. എങ്കിലും ഞാന്‍ അവനെ തിരുത്തി.

നമുക്ക് വിശ്വാസം വേണം അത് ഈശ്വരനിലായിരിക്കണം. നമ്മെയൊക്കെ നയിക്കുന്ന ഒരു ശക്തിയില്ലേ…? ഉണ്ട്!! അതിനിടയില്‍ ഇത്തരം സിദ്ധന്‍മാരേയും, ക്ഷുദ്രജീവികളേയും നമുക്ക് വേണ്ടോ? ഒരു ജീവന് എന്തുവിലയാണ് നാം നല്‍കുക. വെറുതെയല്ല വിവേകാനന്ദസ്വാമി പറഞ്ഞത് കേരളം ഭ്രാന്താലയമാണെന്ന്!
കേരളത്തിന്റെ ആഭിചാരവും ജയലളിതയുടെ പൂജാതന്ത്രവും!!- അനില്‍പെണ്ണുക്കര
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക