Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 3; കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ, ടെക്‌സസ് Published on 18 October, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 3; കൊല്ലം തെല്‍മ)
അദ്ധ്യായം മൂന്ന്
അജിത്ത് കെല്‍സിയുടെ കണ്ണുകളിലേക്ക് നോക്കി…
കെല്‍സിയുടെ ഭാവപ്പകര്‍ച്ച കണ്ട് അജിത്ത് വിളറി. അവള്‍ വിലാപസ്വരത്തില്‍ പുലമ്പി “അജിത്തേട്ടാ, നമുക്ക് ഇത്രനേരത്തെ കുഞ്ഞുവേണ്ട” കുറച്ചുനാള്‍ കൂടി കഴിഞ്ഞിട്ടു പോരെ? നമുക്കിതിനെ അബോര്‍ട്ടു ചെയ്യാം.”
അജിത്തിന്റെ നാസാരന്ധ്രങ്ങളില്‍ കുറച്ചു നിമിഷത്തേക്ക് ശ്വാസോച്ഛാസം നിലച്ചുപോയി. താനെന്താണീ കേള്‍ക്കുന്നത്? ഏതൊരു പെണ്ണും പരിസരം മറന്ന് സന്തോഷിക്കുന്ന അനര്‍ഘനിമിഷങ്ങളാണ് ഇത്. പക്ഷെ ഇവള്‍? ഇവള്‍ പെണ്ണോ? രക്തരക്ഷസ്സോ? ഇവള്‍ തന്റെ ഭാര്യ തന്നെയാണോ?
അജിത്തിന്റെ മുഖം വിവര്‍ണ്ണമായി രക്തപ്രസാദമറ്റുപോയി. പ്രേതബാധയേറ്റവനെപ്പോലെ മന്ത്രിച്ചു. വിളറിയ മുഖവുമായി അയാള്‍ കെല്‍സിയെ പകച്ചുനോക്കി. ആദ്യമായി അവളെ അങ്ങേയറ്റം വെറുത്ത നിമിഷങ്ങള്‍… ഉള്ളില്‍ ഒരു കടലോളം സ്‌നേഹം അവള്‍ക്കായി സംഭരിച്ചുവച്ചവനായിരുന്നു താന്‍. പക്ഷെ ഒരു നിമിഷംകൊണ്ട് എല്ലാം ഒലിച്ചുപോയിരിക്കുന്നു.
പെണ്ണിന്റെ അര്‍ത്ഥം ഇതാണോ? അവളുടെ മനസ് ഇത്ര ക്രൂരമോ? ഒരു പെണ്ണിന് താന്‍ ഏറ്റവും ഭാഗ്യവതിയാണെന്നു തോന്നേണ്ട നിമിഷങ്ങള്‍… ആ നിമിഷങ്ങളെ അവള്‍ ചവുട്ടിയരച്ചിരിക്കുന്നു… നിസാരവത്ക്കരിച്ചിരിക്കുന്നു.
അജിത്തിന്റെ ഭാവമാറ്റം അവളില്‍ ഭീതിജനിപ്പിച്ചു. പറയേണ്ടിയിരുന്നില്ല. ഗര്‍ഭവതിയായതില്‍ സന്തോഷമുണ്ടായിരുന്നു. എങ്കിലും ഇത്രപെട്ടെന്ന്, ഓര്‍ക്കാപ്പുറത്ത്, അതുകൊണ്ടുമാത്രമാണ് തനിക്കങ്ങിനെ തോന്നിയത്. അല്ലാതെ കുഞ്ഞിനെ തുലച്ചുകളയണമെന്നോര്‍ത്തല്ല അതു പറഞ്ഞത്.
തീര്‍ച്ചയായും ഒരു ഭര്‍ത്താവ് കേള്‍ക്കാനിഷ്ടപ്പെടാത്ത വാക്കുകളാണ് താന്‍ പറഞ്ഞത്. തന്നെ ജീവനു തുല്യം സ്‌നേഹിക്കുന്നവനാണ് അജിത്തേട്ടന്‍. തന്റെ വായില്‍നിന്ന് കേള്‍ക്കാനാഗ്രഹിച്ചത് മറിച്ചായിരുന്നിരിക്കണം. തന്റെ വാക്കുകള്‍ അജിത്തിന്റെയുള്ളില്‍ വെറുപ്പിന്റെ വിത്തുകള്‍ പാകിയിരിക്കുന്നു.
ഇല്ല, ആ വെറുപ്പിന്റെ വിത്തുകള്‍ മുളയ്ക്കാന്‍ പാടില്ല. മുളക്കുംമുമ്പേ നുള്ളിക്കളയണം. നിറഞ്ഞ കണ്ണുകളോടെ അവള്‍ യാചിച്ചു. “അജിത്തേട്ടാ, മാപ്പ് ഞാനറിയാതെ പറഞ്ഞുപോയതാണ്. എന്നോടു ക്ഷമിക്കൂ…  എത്രയോ ദമ്പതികള്‍ക്ക് ആറ്റുനോറ്റിരുന്നിട്ടും കുഞ്ഞുങ്ങളെ കിട്ടുന്നില്ല. ദൈവം നമുക്ക് നിര്‍ല്ലോഭമായിതന്ന ഈ സമ്മാനം വിലമതിക്കാനാവാത്തതാണ്. അയാളുടെ സൗമ്യ സാന്ത്വനത്തിനുവേണ്ടി അവള്‍ കാതോര്‍ത്തുനിന്നു…
ഇവളുടെ വിലാപം പൊള്ളയോ അതോ ആത്മാര്‍ത്ഥതയുള്ളതോ? എന്തോ? കടിഞ്ഞൂല്‍ കുരുന്നിനെ 'വേണ്ട' എന്ന് ഒരു നിമിഷമെങ്കിലും മനസില്‍ ചിന്തിച്ചിട്ടുള്ള ഇവളുടെ മനഃപരിവര്‍ത്തനവും പശ്ചാത്താപവും കപടതയാണെങ്കിലോ?
ഏതായാലും ഇനി ഇവളെ വിശ്വസിക്കുവാന്‍ കൊള്ളില്ല. ഇവള്‍ പെണ്‍വര്‍ഗ്ഗത്തിന് അപമാനമാണ്. അയാള്‍ ബെഡ്ഡില്‍ കമിഴ്ന്നുകിടന്ന് വിങ്ങി. ഒരു കൊച്ചുകുട്ടിയെപ്പോലെ.
കെല്‍സിയുടെ ഹൃദയമിടുപ്പുകള്‍ വര്‍ദ്ധിച്ചു. തന്റെ കുമ്പസാരം ഏശിയമട്ടില്ല. കഷ്ടം! വല്ല കാര്യവുമുണ്ടായിരുന്നോ; ഈ വിടുവാ തുറക്കുവാന്‍. ഇനി അജിത്തേട്ടന്റെ ആ സ്‌നേഹപൂര്‍ണ്ണമായ സംസാരവും പെരുമാറ്റവും തനിക്ക് ലഭിക്കുമോ? എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ത്തുകളഞ്ഞില്ലേ താന്‍…?
ഓര്‍മ്മ വന്നത് 'റസ്സലിനെ'യാണ്. 'മെഗാസ്റ്റാര്‍ റസ്സല്‍' ഒരു ചിത്രത്തില്‍, ഭാര്യയായ തന്നോട് ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയെ നശിപ്പിച്ചുകളയാന്‍ പറയുന്ന ഭര്‍ത്താവിന്റെ റോള്‍ കൈകാര്യം ചെയ്തത് റസ്സലായിരുന്നു. ആ ചിത്രത്തിലെ തന്റെ കഥാപാത്രം ആ കുഞ്ഞിനായി എത്രത്തോളം വാദിച്ചു. ഒടുവില്‍ തന്റെ ഭാഗം തന്നെ ജയിച്ചു… പക്ഷെ, തന്റെ ജീവിതത്തിലോ?
റസ്സലിന്റെ കൂടെ അഭിനയിക്കുന്നത് തനിക്കൊരു ത്രില്ലായിരുന്നു. നാട്ടില്‍ മാത്രമല്ല, കേരളത്തിനുപുറത്തുമുള്ള എല്ലാ സിനിമാപ്രവര്‍ത്തകരും ആരാധിച്ചിരുന്നു മെഗാസ്റ്റാര്‍ ഭരത് റസ്സലിനെ. വക്കീല്‍ പരീക്ഷ പാസ്സായ 'ബാരിസ്റ്റര്‍ക്ക്'  അഭിനയത്തിലായിരുന്നു താല്പര്യം. ഭാര്യക്കും മക്കള്‍ക്കും നൂറുവട്ടം സമ്മതവുമായിരുന്നു.
അദ്ദേഹം കാഴ്ചവച്ചിട്ടുള്ള ഭാവാഭിനയങ്ങള്‍! പഴയകാല ചിത്രങ്ങളിലെ ഭാവാഭിനയ ചക്രവര്‍ത്തിയാ മനുവിനെ കടത്തിവെട്ടിയ 'റസ്സലിന്റെ' ഭാവാഭിനയെ! എത്രയെത്ര ദേശീയ പുരസ്‌കാരങ്ങള്‍, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍!
ഏതൊരു നടിയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതില്‍ അഭിമാനംകൊള്ളും. അതില്‍ താനും ഭാഗ്യവതിയാണ്.
സൂപ്പര്‍സ്റ്റാര്‍ റസ്സല്‍! പിന്നീട് മെഗാസ്റ്റാറായും ഭരത് റസ്സലായും പ്രയാണം ചെയ്യുകയായിരുന്നു… ആരാധകവൃന്ദം അദ്ദേഹത്തെ അഭിനയശൈലാഗ്രത്തില്‍തന്നെ പ്രതിഷ്ഠിച്ചു. ആരാധകരുടെ ഹരം!
പക്ഷെ, താനിപ്പോള്‍ ഭരത് റസ്സല്‍ എന്ന സൂപ്പര്‍ മെഗാസ്റ്റാറിനെക്കുറിച്ച് ചിന്തിച്ചിരുന്നിട്ട് കാര്യമില്ല. തന്റെ അഭിനയജീവിതത്തിന്റെ തിരശ്ശീല വീണുകഴിഞ്ഞു. ഇനി യഥാര്‍ത്ഥ ജീവിതമാണ് മുന്നില്‍.
ഏട്ടന്റെ മനസ്സ് അലിയുന്ന ലക്ഷണമില്ല. എങ്ങനെയാണ് ആ മനസ്സുമാറ്റിയെടുക്കുക.
ഇവിടെവന്ന നാള്‍ മുതല്‍ താഴത്തും വയ്ക്കില്ല, തലയിലും വയ്ക്കില്ല എന്ന രീതിയിലാണ് സ്‌നേഹം തന്നെ ശ്വാസംമുട്ടിച്ചത്. തന്നെ പ്രീതിപ്പെടുത്താന്‍ അജിത്തേട്ടന്‍ നന്നേ പരിശ്രമിച്ചു.
പക്ഷെ ആ ഹൃദയം വൃണപ്പെട്ടിരിക്കുന്നു. തന്റെ തെറ്റ് ഒരിക്കലും ക്ഷമ ലഭിക്കാത്ത വിധം കഠിനമായിരുന്നോ? ഈ തെറ്റിന് മാപ്പില്ലേ? അതിന് തെറ്റായി താനൊന്നും പ്രവര്‍ത്തിച്ചില്ലല്ലോ? അഹിതമായ ചിലതു പറഞ്ഞു. അന്നേരത്തെ ചിന്തകളെപ്രത ിമുന്‍പിന്‍ ചിന്തിക്കാതെയുള്ള ഒരു പെണ്ണിന്റെ എടുത്തു ചാട്ടമായി കരുതിയാല്‍ പോരായിരുന്നോ അദ്ദേഹത്തിന്…
അജിത്ത് ദീര്‍ഘമായി ചിന്തിച്ചതിനുശേഷം ഒരു തീരുമാനമെടുത്തു. അമേരിക്കന്‍ ശൈലിയില്‍ പറഞ്ഞാല്‍ “ദാറ്റ് ഈസ് ഇറ്റ്”  തനിക്ക് തന്റെ കാര്യം. അത്രതന്നെ…
അയാള്‍ മൗനവ്രതത്തിലാണ്. ദിവസങ്ങളേറെയായി മിണ്ടാട്ടം മുട്ടിക്കഴിയുന്നു. മൗനയുദ്ധം… ഭക്ഷണം കഴിക്കുന്നത് തനിച്ച്, ഉറങ്ങുന്നത് തനിച്ച്, പുറത്തുപോകുന്നത് തനിച്ച്, ഭാര്യയോടുള്ള 'പാലേ-തേനേ' പ്രകടനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
സ്വന്തം കുഞ്ഞിനെ 'വേണ്ട' എന്നു പറയുന്ന 'കുലട' 'കരിംപുതന'. തനിക്കിനി അവളുടെ മുഖം പോലും കാണണ്ട. അവളുടെ ഭക്ഷണകാര്യങ്ങള്‍ മെയ്ഡിനെ ഏല്പിച്ചു. ആരോഗ്യസംരക്ഷണം 'ഹോം നഴ്‌സി'നെയും. നഴ്‌സ് ആഴ്ചയില്‍ ഒരിക്കല്‍ വന്ന് വേണ്ട പരിചരണങ്ങള്‍ ചെയ്തുകൊള്ളും.
ചെക്ക്അപ്പിന്റെ സമയമാകുമ്പോള്‍ ഹോം നഴ്‌സ് തന്നെ അവളെ മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോകും. പിന്നീട് തിരികെ കൊണ്ടുവന്നാക്കും.
ഇതാണ് മൗനയുദ്ധം. അവള്‍ക്ക് ഒന്നിനും ഒരു കുറവില്ല. എല്ലാം കൈയ്യെത്താവുന്ന ദൂരത്തില്‍. അവള്‍ക്കെല്ലാം ലഭിക്കും, നിര്‍ലോഭമായി; തന്റെ സ്‌നേഹമൊഴിച്ച്; അതൊരിക്കലും ഇനി അവള്‍ക്ക് ലഭിക്കുകയില്ല. തന്റെ ഹൃദയം കളഞ്ഞുപോയിരിക്കുന്നു. തന്റെ സ്‌നേഹമുള്ള ഹൃദയം കൈമോശം വന്നിരിക്കുന്നു.
അജിത്തിന് പെട്ടെന്ന് ഓര്‍മ്മവന്നത് സുധീന്ദ്രനാടാരുടെ ഒരു സിനിമയായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ജീവിതകാലം മുഴുവന്‍ ഭാര്യയുമായി വഴക്കടിച്ച് പിരിഞ്ഞിരിക്കുന്ന കഥാപാത്രം.
എങ്കിലും സുധീന്ദ്രനെപ്പോലെ താന്‍ അഭിനയിക്കുകയല്ലല്ലോ? ജീവിക്കുകയല്ലോ. ഇതു സിനിമയല്ല. സ്വന്തം ജീവിതം! കൈവിട്ടുപോയ പട്ടം… ആകെയുള്ള പത്തന്‍പതുവര്‍ഷത്തെ കുടുംബജീവിതം, പളുങ്കുപാത്രംപോലെ തകര്‍ത്തുപോയാല്‍ പിന്നെ…. എന്തു സമാധാനം…?
അജിത്തിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഈ അവസരത്തില്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സ്‌നേഹവും പരിലാളനയും കിട്ടേണ്ട അവസരമാണ്. പക്ഷെ തനിക്കതിനുകഴിയുന്നില്ല.
ഉള്ളില്‍ കപടതയോ വഞ്ചനയോ ഇല്ലാത്ത കറകളഞ്ഞ സ്‌നേഹം! അതായിരുന്നു തനിക്കവളോട്.
പക്ഷെ ഇപ്പോള്‍ മനസ്സുകൊണ്ട് വളരെയധികം വെറുത്തുപോയി. അവളെ എന്നല്ല, ഈ  ലോകത്തില്‍ ഏതെങ്കിലുമൊരു സ്ത്രീ സ്വന്തം കുഞ്ഞിനെ 'വേണ്ട' എന്നു പറഞ്ഞാല്‍ അവള്‍ 'സ്ത്രീ'യല്ല. അവള്‍ 'സ്ത്രീ'യായി പിറന്നുതന്നെ ഭൂമിക്കപമാനമാണ്.
താന്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഭാര്യ കടിഞ്ഞൂര്‍ കുഞ്ഞിനെ 'വേണ്ട' എന്നു പറഞ്ഞപ്പോള്‍ അവളെ വെറുക്കുകയല്ല- തല്ലി കൊല്ലുകയായിരുന്നു വേണ്ടത്. സ്ത്രീയായി ജീവിക്കാന്‍ അവള്‍ക്കര്‍ഹതയില്ല.
എന്തെന്തു സ്വപ്നങ്ങളായിരുന്നു. അവള്‍ ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോല്‍. അവളുടെ വയറില്‍ തൊട്ടും തലോടിയും, കാതുകള്‍ ചേര്‍ത്തുവച്ച് തുടിക്കുന്ന കൊച്ചുജീവനെ അറിയുവാനും നമ്മുടെ 'കണ്‍മണി'ക്ക് എന്തുപേരിടണം എന്നും അത് ആണായിരിക്കുമോ പെണ്ണായിരിക്കുമോ. എന്നൊക്കെ പരസ്പരം കളിവാക്കുകള്‍ പറഞ്ഞിരിക്കാന്‍ ആഗ്രഹിച്ചു. മലയാളിക്കടയില്‍പോയി പച്ചമാങ്ങയും, പച്ചപുളിയും വാങ്ങിക്കൊടുക്കാന്‍ സ്വപ്നംകണ്ടിരുന്നു. അവളത് കൊതിയോടെ, സ്‌നേഹത്തോടെ തിന്നുന്നതു നോക്കിയിരിക്കാന്‍ കൊതിച്ചിരുന്നു. ഇനി മോഹഭംഗങ്ങളുടെ ശ്മശാനത്തില്‍ ഏകനായിരുന്ന് ഒന്നും അയവിറക്കുന്നില്ല.
അവളെ വെറുപ്പാണ്. അവളുടെ മുഖത്തേക്ക്‌പോലും നോക്കുവാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. അവള്‍ പറഞ്ഞ മാനസാന്തരത്തിന്റെ വാക്കുകള്‍ പൊള്ളത്തരമാണ്. “ഈ കുഞ്ഞിനെ വേണ്ട” എന്നുപറയാന്‍ എങ്ങനെയാണവള്‍ക്ക് തോന്നിയത്.
കുഞ്ഞുപിറന്നാല്‍ ആ പൊന്നോമനയെ വാരിപ്പുണര്‍ന്ന് കൊഞ്ചിക്കാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ മാസം അഞ്ചായിരിക്കുന്നു. ആറാം മാസത്തില്‍ അള്‍ട്രാസൗണ്ട് നടത്തുമ്പോള്‍ കുട്ടി ആണോ പെണ്ണോ എന്നുള്ളതറിയാന്‍ സാധിക്കും. ഹോം നഴ്‌സിനെ എല്ലാം ഏല്‍പിച്ചിരിക്കുകയാണ്.
താന്‍ ചെയ്യുന്നതല്പം കടന്ന കൈയ്യാണെന്നറിയാം. അവള്‍ക്ക് 'ഡിവോഴ്‌സ്' ചെയ്തു പിരിയണമെങ്കില്‍ പിരിയാം. പക്ഷെ എന്റെ കുട്ടിയെക്കൊണ്ടുപോയാല്‍ സമ്മതിക്കുകയില്ല. ആ കുഞ്ഞ് ഇവിടെ വളരും. അവള്‍ക്ക് ആറുമാസം കൂടുമ്പോള്‍ നാട്ടില്‍നിന്ന് ഇവിടെ വരാം, താമസിക്കാം, കുഞ്ഞിനെ കാണാം. പക്ഷെ താനുമായി ഇനി ഒരു ബന്ധവുമുണ്ടാകുകയില്ല. 'നോ കോംപ്രമൈസ്'
….. …. …..
കെല്‍സി നിറവയറുമായി കണ്ണീരില്‍ കഴിഞ്ഞു. ഈ അവസരത്തില്‍ ഒരു ഭാര്യക്ക് തന്റെ പ്രിയതമന്റെ സാമീപ്യവും സ്‌നേഹവും എത്ര വിലപ്പെട്ടതാണ്. പക്ഷെ തന്റെ ബുദ്ധിമോശം കൊണ്ട് ഈ 'വിന' സംഭവിച്ചിരിക്കുകയാണ്.
അന്ന് അങ്ങനെ പറഞ്ഞതില്‍ കെല്‍സി ഒത്തിരി ഖേദിച്ചു. ഒരു തെറ്റുപറ്റിപ്പോയി. തെറ്റിന് പരിഹാരമില്ലേ? പ്രായശ്ചിത്തമില്ലേ? പലതവണ അജിത്തേട്ടന്റെയരികില്‍ ചെന്ന് കാലുപിടിച്ചു കരഞ്ഞുനോക്കി.
ഒരിക്കല്‍കൂടി ഒരിക്കല്‍ മാത്രം ക്ഷമിക്കൂ. അദ്ദേഹത്തോട് അതിനുള്ള കാരണം പറഞ്ഞു. താനാണെങ്കില്‍ ഇത്രനേരത്തെ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നിതേയില്ല. ഇത്രനേരത്തെ വേണ്ടിയിരുന്നില്ല എന്നു തോന്നിയത് അജിയോട് പറഞ്ഞുപോയി. പക്ഷെ അദ്ദേഹത്തിനിഷ്ടപ്പെട്ടില്ലെന്നു മനസ്സിലായപ്പോള്‍ പശ്ചാത്തപിച്ച് മാനസാന്തരപ്പെട്ടില്ലേ? പിന്നെ അങ്ങനെയൊരു നശീകരണ ചിന്തയ്ക്ക് താന്‍ മുതിര്‍ന്നുമില്ല…. പിന്നെ എന്തുകൊണ്ടാണീ അവഗണന... എത്രനാളിങ്ങനെ മൂന്നോട്ടുപോകും…. ഈ അവഗണനയില്‍താന്‍ എന്തെങ്കിലും ചെയ്തുപോയാല്‍….
പക്ഷെ അജിത്ത് ക്ഷമിക്കാന്‍ തയ്യാറായില്ല. ചതുര്‍ത്ഥി കാണുമ്പോലെയാണ് തന്നെ നോക്കുന്നത്. നഖശിഖാന്തം വെറുപ്പ്. ഈ വെറുപ്പിന് ഒരന്തവുമില്ല അറുതിയുമില്ല. അത്രക്ക് വെറുക്കാന്‍ താന്‍ വല്ല ക്രിമിനല്‍ കുറ്റവും ചെയ്‌തോ? വല്ലവന്റെയും പിറകെ അഴിഞ്ഞാടിനടന്നോ?
അഭിനയിക്കുന്ന കാലത്ത്‌പോലും തന്റെ സല്‍പേര് നിലനിര്‍ത്തിയവളാണ് താന്‍. പലപ്പോഴും നടന്‍ 'മിഥുന്‍' പ്രണയപൂര്വ്വം തന്നോട് അടുത്തിട്ടുണ്ട്. കണ്ടാല്‍ ഗൗരവക്കാരനെങ്കിലും അടുത്തറിയുമ്പോഴാണ് പുള്ളി ഒരു 'നാണ'ക്കാരനാണ് എന്നു മനസ്സിലാകുന്നത്. മിഥുനോട് തനിക്ക് വല്ലാത്ത ബഹുമാനമായിരുന്നു. 'മിഥുന്‍' സ്ത്രീജന ആരാധകരുടെ ഹരമായി മാറിയില്ലേ? നായികമാര്‍ക്ക് മിഥുനോടൊത്തുള്ള റോള്‍ തങ്ങളുടെ പ്രൊഫഷനിലെ നാഴികകല്ലാണ്. അഭിമാനത്തിന്റെ വക! ഭരത് പദവിയും രാജ്യപുരസ്‌കാരങ്ങളും വരെ ഇന്ന് മിഥുന്റെ കൈവശം എത്തിച്ചേര്‍ന്നിരിക്കുന്നു. അതെ വെള്ളിത്തിരയിലെ അതുല്യനക്ഷത്രം… മിഥുന്‍!
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 3; കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക