Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 4; കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ-ടെക്‌സസ് Published on 25 October, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 4; കൊല്ലം തെല്‍മ)

അദ്ധ്യായം നാല്
തന്റെ ജീവിതം കട്ടപ്പുകയായി മാറിയിരിക്കുകയാണ്. എങ്ങിനെയാണ് ഈ പുകപടലത്തില്‍നിന്ന് പുറത്ത് ചാടുക? പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു. ഈ നേരത്ത് 'ഇന്ത്യാകോള്‍' ആകാനാണ് സാദ്ധ്യത. ചിലപ്പോള്‍ വീട്ടില്‍നിന്ന്, മറ്റുചിലപ്പോള്‍ സുഹൃത്തുക്കളില്‍നിന്ന്. തനിക്ക് സംസാരിക്കാനൊരു 'മൂഡും' തോന്നുന്നില്ല. ഫോണ്‍ പിന്നെയും ശബ്ദിച്ചപ്പോള്‍ കൈവിരലുകള്‍ ഫോണില്‍ തെരുപ്പിടിപ്പിച്ചു. അലസമായൊടുത്ത് ചെവിയോട് ചേര്‍ത്തു.
“ഹലോ എടേ കെല്‍സി, എന്തുവാടേ, താന്‍ കല്യാണം കഴിഞ്ഞ് അമേരിക്കയില്‍ പോയതിനുശേഷം ഞങ്ങളെയൊക്കെ മറന്നോ? എവിടടേ തന്റെ പ്രിയതമന്‍? പിന്നെന്തൊക്കെയാണെടേ വിശേഷങ്ങള്‍?”
അയ്യോ ഇത് 'എസ്ത്തപ്പാന്‍' അല്ലേ? സിനിമാനടന്‍ എസ്ത്തപ്പാന്‍! സംസാരിച്ചു തുടങ്ങിയാല്‍ അദ്ദേഹം വാതോരാതെ സംസാരിക്കും. സംസാരപ്രിയനാണ്. തന്നോടൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കിട്ടുന്നവേഷം ഏതു കഥാപാത്രമായാലും വിദഗ്ദ്ധമായി ചെയ്തു കാണികളെ ചിന്തിപ്പിക്കുകയും തമാശകള്‍ പൊട്ടിച്ച് സന്തോഷിപ്പിക്കുകയും ചെയ്യുന്ന നടന്‍ 'എസ്ത്തപ്പാന്‍'. ജ്യേഷ്ഠസഹോദരനെപ്പോലെയാണ് തനിക്ക് അദ്ദേഹം.
എസ്ത്തപ്പാന്റെ വര്‍ത്തമാനം കേട്ടുനിന്നാല്‍ എല്ലാ ബോറടികളും മാറിക്കിട്ടും. എപ്പോഴെങ്കിലും ഏകാന്തത അനുഭവപ്പെടുമ്പോള്‍ എസ്ത്താപ്പാന്റെ നമ്പര്‍ ഡയലുചെയ്താല്‍ മതി. പിന്നെ തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലോകം…
“ഓ… എടേ കെല്‍സി, താനെന്താ മിണ്ടാത്തത്?”
“ങാ, എസ്തഫാന്‍ ചേട്ടാ…എന്തുണ്ട് നാട്ടില്‍ വിശേഷം?”  ചിന്തയില്‍നിന്ന് പിടഞ്ഞ് ഞാന്‍ യാന്ത്രികമായി ഒരന്വേഷണം നടത്തി.
“ഓ… വിശേഷം ഒന്നു ഇല്ലടോ… നമ്മള് പ്രൊഫനുമായി പോകുന്നു…. കെല്‍സിക്കല്ലേയോ വിശേഷങ്ങള്‍… പുതിയ എഗ്രിമെന്റ് വല്ലതും സൈന്‍ ചെയ്‌തോടെ കെല്‍സി….
ഏയ് ഇല്ല ചേട്ടാ… വിവാഹം കഴിഞ്ഞല്ലേയുള്ളൂ. ഫ്യൂ മന്ത്‌സ്… കഴിയട്ടെന്നു വച്ചു… ഇവിടെ സുഖം തന്നെ… അമേരിക്കയില്‍ വല്ല സ്റ്റേജ്‌ഷോയും ഉടനെ ഉണ്ടോ ചേട്ടാ…?
ഉടനെയില്ല കെല്‍സി… ഞാനിപ്പോള്‍ ഒരു ലൊക്കേഷനിലാ… വെറുതെ ബ്രേക്ക് ടൈമില്‍ വിളിച്ചതാ… നമ്മുടെ കഴിഞ്ഞ പടത്തെക്കുറിച്ച് സെറ്റില്‍ സംസാരിച്ചപ്പോള്‍ വെറുതെ ഒന്നു വിളിക്കണം എന്നുതോന്നി വിളിച്ചതാ… ശരി…വിശേഷം ഒന്നും ഇല്ലല്ലോ…പിന്നെ വിളിക്കാം…ഓകെ”
“ശരി…” ഞാന്‍ രക്ഷപ്പെട്ടെന്ന ആശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു.
എസ്ത്തപ്പാന്‍ ഒരു നടനെന്നതിലുമുപരി പാവങ്ങളുടെ കണ്ണീര്‍ തുടയ്ക്കുന്നവനാണ്. ജീവകാരുണ്യപ്രവൃത്തികളില്‍ അതീവതല്പരനാണ്. ദീനരോട് അനുകമ്പയുള്ളവന്‍.
ഒരിക്കല്‍ എസ്ത്തപ്പാന്‍ അവതാരകനായിരുന്ന ഒരു ഗെയിം ഷോയില്‍ വിജയികളാകാന്‍ പറ്റാതെ നിരാശയോടെ പിരിഞ്ഞിപോകേണ്ടിവന്ന മത്സരാര്‍ത്ഥികള്‍ക്ക് തന്റെ ജീവകാരുണ്യ ഫണ്ടില്‍നിന്ന് ഒരു തുക നല്‍കിയ കാര്യം ഈ അടുത്തകാലത്താണ് അറിയാന്‍ കഴിഞ്ഞത്.
ഇത്രയും നല്ല 'ഇന്‍സ്റ്റന്റ് ജോക്ക്' ഡയലോഗുകളില്‍ വച്ചുകാച്ചുന്ന മറ്റൊരു നടന്‍ വെള്ളിത്തിരയിലില്ല. ഇത്രയും നന്മനിറഞ്ഞ മനസ്സുള്ള ഒരു കലാകാരന്റെ മാതാപിതാക്കളും അഭിനേതാക്കളായിരുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ആരാധകരെ രോമാഞ്ചം കൊളളിക്കുന്നു.
“ഡു നോട്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്‌സ് കവര്‍” എന്നൊരു ചൊല്ലുണ്ട്. പുസ്തകത്തിന്റെ പുറംചട്ട കണ്ട് ഉള്ളടക്കത്തെ വിലയിരുത്തരുതെന്ന് അര്‍ത്ഥം. അതായിരുന്നു എസ്ത്താപ്പാന്‍ എന്ന നടന്‍. മറ്റുള്ളവരെ രസിപ്പിക്കുക, സഹായിക്കുക, പരിസരം മറന്ന് പൊട്ടിച്ചിരിക്കുക ഇങ്ങനെയൊക്കെയാണെങ്കിലും-ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ അദ്ദേഹത്തിന്റെ മനസ്സിനുള്ളില്‍ ഒരു കടലോളം ദുഃഖം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന്. അത്യഗാതത്തിലുള്ള മനസ്സിന്റെ ദുഃഖം മറ്റുള്ളവര്‍ അറിയാതിരിക്കാനായിരിക്കണം, ഈ തമാശ പറച്ചിലും പൊട്ടിച്ചിരിയുമൊക്കം.
ഡോര്‍ബെല്ലിന്റെ ശബ്ദം ഹോം നഴ്‌സായിരിക്കണം. ഇന്ന് അള്‍ട്രാസൗണ്ടിനു പോകണം. മാസം ആറായിരിക്കുന്നു.
ആദ്യത്തെ കണ്‍മണി ആണായാലെന്ത്?പെണ്ണായാലെന്ത്? കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്.' എങ്കിലും ആകാംഷയെപ്രതി ആ ചടങ്ങ് നിര്‍വ്വഹിച്ചേക്കാം. അത്രതന്നെ.
സ്‌കാന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞു തനിക്ക് ഇരട്ടകുട്ടികളാണെന്ന്. ഒരാണും ഒരു പെണ്ണും. എല്ലാ ദൈവങ്ങളേയും വിളിച്ച് ഒത്തിരി നന്ദി പറഞ്ഞു. ദൈവത്തിന്റെ നിര്‍ല്ലോഭമായ അതിരുകളില്ലാത്ത ദാനം! ഇതില്‍ കൂടുതല്‍ തനിക്കെന്തു ഭാഗ്യമാണ് വേണ്ടത്?
അജിത്തേട്ടന്‍ ഇതറിയുമ്പോള്‍ ആനന്ദംകൊണ്ട് തുള്ളിച്ചാടുമായിരിക്കും. ഏട്ടന് തന്നോടുള്ള എല്ലാ വെറുപ്പും ഇതോടെ തീരുമായിരിക്കും. അദ്ദേഹത്തിന് ഒരു പുത്രനേയും പുത്രിയേയും ഒരുമിച്ച് സമ്മാനിക്കാന്‍ ദൈവം ഇടയാക്കിയല്ലോ.
അന്ന് അബദ്ധം പുലമ്പിയ നിമിഷങ്ങളെ നൂറുതവണ ശപിച്ചു. ഒരിക്കലും താനങ്ങിനെ പറയരുതായിരുന്നു. ഇത്രയും സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിനെ വേദനിപ്പിച്ചകറ്റേണ്ടിയിരുന്നോ? ഒരു സ്ത്രീക്ക് പറയാന്‍ കൊള്ളാവുന്ന കാര്യമാണോ താന്‍ പറഞ്ഞത്?
അജിത്തിന്റെ സന്തോഷം കാറ്റായി ഉലഞ്ഞു. പെരുമഴയായി കോരിച്ചൊരിഞ്ഞു, കടലായി ഇരമ്പിമറിഞ്ഞു.
തനിക്ക് ഒരു പുത്രനും പുത്രിയും ജനിക്കാന്‍ പോകുന്നു. ഈ സന്തോഷം എങ്ങിനെ ആഘോഷിക്കണം. ആരുമായി പങ്കുവയ്ക്കണം. ഭാര്യയുമായി പങ്കിടേണ്ട സന്തോഷം! പക്ഷേ… ഇത്തരുണത്തില്‍ തനിക്കതിനാവില്ല.
പണ്ടേ താനൊരു സിനിമാ പ്രേമിയായിരുന്നു. സീരിയല്‍ പ്രേമിയും. ഓരോ സീരിയലും മിനക്കെട്ടിരുന്ന് കണ്ടു തീര്‍ക്കും. അമേരിക്കയില്‍ ഡിഷ്‌നെറ്റ് വര്‍ക്കില്‍ കൂടി സൂര്യയും കൈരളിയും ഏഷ്യാനെറ്റും ലഭിക്കും.
അതുകൊണ്ടുതന്നെയാണ് തനിക്ക് ഒരു സിനിമാനടിയെത്തന്നെ വിവാഹം ചെയ്യണമെന്ന് മോഹമുണ്ടായത്. ആ മോഹം സഫലീകരിക്കുകയും ചെയ്തു. അവളെ കെട്ടി, കൈവെള്ളയില്‍ വച്ച് കൊണ്ടുനടന്നു. ജീവനു തുല്യം സ്‌നേഹിക്കുകയും ചെയ്തു. പക്ഷെ ഒരു കുറ്റം- അതു ക്ഷമിക്കാന്‍ പറ്റുന്നില്ല. ഏതായാലും ഇനിയുള്ള തന്റെ സന്തോഷം തന്റെ പുത്രനും പുത്രിയുമാണ്. സമയമാകട്ടെ, പൊന്നുപോലെ വളര്‍ത്തണം. താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടക്കണം. ഇനി മൂന്നുമാസങ്ങളുടെ കാത്തിരുപ്പ്.
…....…..     ……     …… ..  …… …….  ……. ……… ….. ………… ……… …………  ……….. ....... ..........

കെല്‍സി ഒരു പഴയകാല സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു കൈയ്യാല്‍ നിറവയറിന്മേല്‍ തടവിയിരുന്നപ്പോള്‍ എന്തെന്നില്ലാത്ത സുഖം. സരള ആന്റിയുടെ സിനിമയാണ്. അപ്പോഴാണോര്‍ത്തത് ആന്റിയെ വിളിച്ച് ഇത്തിരി കൊച്ചുവര്‍ത്തമാനം പറയണം. തന്റെ വിശേഷമറിയിക്കണം.
തനിക്കേറ്റവും ഇഷ്ടപ്പെട്ട അമ്മ വേഷങ്ങള്‍ അവതരിപ്പിക്കുന്ന ആന്റി. ഒരു പടത്തില്‍ താന്‍ സുധീന്ദ്രനാടാരുടെ ഭാര്യയായി അഭിനയിച്ചപ്പോള്‍ ആന്റി തന്റെ അമ്മയായി അഭിനയിച്ചു.
സംവിധായകന്‍ രാജിനെയാണ് ചേച്ചി കല്യാണം കഴിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളിലും ചേട്ടത്തിയായും അമ്മയായും ആന്റി നല്ല അഭിനയം കാഴ്ചവച്ചു.
പക്ഷെ പെട്ടെന്നായിരുന്നു ആന്റിയുടെ ഭര്‍ത്താവിന്റെ നിര്യാണം. സിനിമാലോകത്തെ മുഴുവന്‍ കണ്ണീരില്‍ മുക്കിക്കളഞ്ഞ സംഭവം. സിനിമാലോകത്തിന്റെ നികത്താനാവാത്ത വിടവ്.
പക്ഷെ അതുകഴിഞ്ഞും ആന്റി അഭിനയം നിര്‍ത്തിയില്ല. പ്രിയതമന്റെ ഓര്‍മ്മയ്ക്കുവേണ്ടിതന്നെ ആന്റി അഭിനയം തുടര്‍ന്നു.
 ടി.വി.യുടെ ശബ്ദം താഴ്ത്തി. നമ്പര്‍ ഡയല്‍ ചെയ്തു. “ഹലോ” അങ്ങേതലയ്ക്കല്‍ “സരളാന്റി ആന്റി ഞാനാ, കെല്‍സി, ഫ്രം അമേരിക്ക.”
“ അയ്യോടി മോളേ, ഞാന്‍ വിചാരിച്ചു നീയെന്നെ മറന്നുകാണുമെന്ന്. നിനക്കവിടെ സുഖമാണോ മോളെ? വിശേഷം വല്ലതും?”
“അതേ ആന്റി, എന്റെ വിശേഷം അറിയിക്കാനാ വിളിച്ചത്. ഞാന്‍ ഇരട്ടക്കുഞ്ഞുക്കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നു. എനിക്ക് ചേച്ചിയെ കാണാന്‍ ഒത്തിരി കൊതിയുണ്ട്.”
പിന്നീടങ്ങ് വാതോരാതെ സംസാരിച്ചു. ഫോണ്‍ വയ്ക്കുന്നതിനുമുമ്പ് ആന്റിയുടെ ഉപദേശം “മോളെ സൂക്ഷിക്കണേ.  കടിഞ്ഞൂല്‍ പ്രസവമാ. അതും ഇരട്ടകള്‍. മോളെ ഞാന്‍ ഗുരുവായൂര്‍ക്ക് പോകുന്നുണ്ട്. പ്രത്യേകം പ്രാര്‍ത്ഥിക്കാം. കേട്ടോ മോളെ?”
 എത്ര സ്‌നേഹമുള്ള ആന്റി. ഉള്ളിലെ ദുഃഖമെല്ലാം ഒതുക്കിവച്ച് മറ്റുള്ളവരോട് ഇണങ്ങിച്ചേര്‍ന്ന് എല്ലാവരോടും സൗഹാര്‍ദ്ദമായി കഴിയുന്നു. കണ്ണുകളില്‍ പൊടിച്ചുവന്ന നീര്‍ത്തുള്ളി ക്ലീനെക്‌സ്‌കൊണ്ട് തുടച്ച് താന്‍ ശരിക്കും സിനിമാലോകം മിസ് ചെയ്യുന്നുണ്ട്. എത്രയെത്ര നടികള്‍ കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നു. എന്നിട്ടും അവരുടെ കുടുംബജീവിതത്തിന് ഒരു കോട്ടവുമില്ലല്ലോ… പിന്നെ തന്നെ മാത്രം എന്തിനാണ് അദ്ദേഹം വിലക്കുന്നത്?
ഓര്‍മ്മ വന്നത് 'സീത' എന്ന ഗ്ലാമറസ് നടിയെയായിരുന്നു. തന്നോടൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുള്ള 'സീത'! സീതയും ഒരു സംവിധായകനെ വിവാഹം കഴിച്ചു, ഗുപ്താജിയെ. എന്നിട്ടെന്തായി? അവര്‍ അഭിനയം നിര്‍ത്തിയില്ലല്ലോ?
എന്നിട്ട് അവരുടെ കുടുംബജീവിതത്തിന് എന്തെങ്കിലും പാകപ്പിഴകളുണ്ടായോ? ഇല്ല. ഭര്‍ത്താവിന് വിശ്വാസം വേണം. അതില്ലാത്തതുകൊണ്ടാകണം അജിത്തേട്ടന്‍ തന്നെ അഭിനയിക്കാന്‍ വിടാത്തത്. ഓര്‍ത്തപ്പോള്‍ സീതയോട് അസൂയതോന്നി. പക്ഷെ അവളും തന്റെ അടുത്ത സ്‌നേഹിതയാണ്. സീതയുടെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും മെയ് വഴക്കമുള്ള നൃത്തച്ചുവടുകളും കണ്ണിയ്ക്കാതെ നോക്കിനിന്നിട്ടുണ്ട്.
ചാനല്‍മാറ്റിയപ്പോള്‍ മിനിസ്‌ക്രീന്‍ താരങ്ങളുടെ 'താരോദയം' നടക്കുന്നു. വിവിധ സീരിയലുകളിലെ നടീനടന്മാരുടെ കാലവൈഭവം പ്രകടമാക്കുന്ന മത്സരവേദി.
അക്കൂടെ തന്റെ ആരാധിക 'സാന്റി' ഉണ്ട്. പണ്ടുമുതലേ ഇഷ്ടമുള്ള നടി. പക്ഷെ സിനിമയിലും സീരിയലുകളിലും അവള്‍ കൂടുതല്‍ ഗൗരവമേറിയ കഥാപാത്രങ്ങളെ കാഴ്ചവയ്ക്കുമ്പോള്‍, ഒന്നുകില്‍ എപ്പോഴും ദുഃഖഭാവമുള്ള പത്‌നി, അല്ലെങ്കില്‍ ചെറുപ്പക്കാരിഅമ്മ തുടങ്ങി വേഷങ്ങളില്‍ കരയാനും ദുഃഖിക്കാനും വിഷമിക്കാനുമേ സാന്റിക്കറിയുകയുള്ളൂ എന്നു തോന്നിപ്പോകുമായിരുന്നു.
പക്ഷേ 'താരോദയം' പരിപാടി കാണാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി കിലുക്കാംപെട്ടിയായി നൃത്തം വയ്ക്കുവാനും മനോഹരമായി ഗാനങ്ങള്‍ ആലപിക്കുവാനും ഉള്ള 'സാന്റി'യുടെ കഴിവ്, അതൊന്നു വേറെ തന്നെയാണ്. നൃത്തചുവടുകളും, കോസ്റ്റ്യൂസും കണ്ടാല്‍ ടീനേജേഴ്‌സ് പെണ്‍കുട്ടികളെപ്പോലും സാന്റി തോല്പിച്ചുകളയും. ഒരമ്മയാണെന്ന് തോന്നുകയേയില്ല.
സാന്റി ഒരു നല്ല അമ്മയും നല്ല പത്‌നിയും കൂടിയാണ്. കാരണം 'താരോദയം' പരിപാടിയില്‍ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ അവള്‍ പിടിവാശി പിടിക്കാറുണ്ട്. “ഭര്‍ത്താവ്” “പീറ്ററി” നേയും തന്നെയും വ്യത്യസ്ത ടീമുകളില്‍ പങ്കെടുപ്പിക്കാന്‍ പറ്റുകയില്ല. എന്റെ പീറ്ററേട്ടന്‍ ഏതു ടീമിലാണോ ആ ടീമിലായിരിക്കണം ഞാന്‍ പങ്കെടുക്കേണ്ടത്. മരണത്തിനുമാത്രമേ ഞങ്ങളെ വെവ്വേറെയാക്കാന്‍ പറ്റുകയുള്ളൂ.”
സ്റ്റേജില്‍വച്ച് പരസ്യമായി അവളങ്ങിനെ പറഞ്ഞപ്പോള്‍ അഭിമാനംതോന്നി. അതെ, പ്രേമിച്ചു വിവാഹിതരായവരാണ് അവര്‍. അവര്‍ കലാവേദികളിലും ഒരുമിച്ച് നില്‍ക്കുന്നു. എത്ര നല്ല കുലീന!
അതുപോലെയാണ് അവരുടെ ഏകമകന്‍ 'ഡേവിഡ്' അറിവുവച്ചില്ല അതിനുമുമ്പേ തുടങ്ങി ഡാന്‍സും പാട്ടും അഭിനയവും. ഓര്‍മ്മ വന്നത് പണ്ടത്തെ 'ബേബി ശാരു' വിനെയാണ്. വളരെ കുഞ്ഞിലെ തന്നെ അവള്‍ ഒരു വലിയ കലാകാരിയായി, വലിയ പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നില്ലേ?
'ഡേവിഡ'് എന്ന ബാലന്റെ കലാപ്രകടനങ്ങള്‍ കാണുമ്പോള്‍ ചിലപ്പോഴൊക്കെ ഞെട്ടിപ്പോയിട്ടുണ്ട്. അതുപിന്നെയങ്ങിനെയല്ലാണ്ടാകുമോ “വിത്തു ഗുണം പത്തുഗുണം” എന്നല്ലേ പ്രമാണം.
ഇപ്പോള്‍ ബ്രേക്ക് കഴിഞ്ഞ് ആദ്യം 'താരോദയ' ത്തില്‍ ജോയ്‌സിന്റെ ഡാന്‌സാണ്. ജോയ്‌സിനെ താന്‍ ആദ്യമായി പരിചയപ്പെട്ടപ്പോള്‍ ടീനേജ് നടി എന്നതില്‍ കൂടതലൊന്നും അറിഞ്ഞിരുന്നില്ല. പക്ഷെ, അമേരിക്കയിലിരുന്ന് 'താരോദയം' പരിപാടി, ടി.വി.യിലൂടെ വാച്ച് ചെയ്യുമ്പോഴാണ് ജോയ്‌സിന്റെ മള്‍ട്ടീ റ്റാലന്റ് ബോദ്ധ്യപ്പെട്ടത്.
മോഹിനിയാട്ടം, ഭതനാട്യം എന്നീ നൃത്തകലാരൂപങ്ങള്‍ക്കു പുറമേ- ഏറ്റവും ആധുനിക സിനിമാറ്റിക് ഡാന്‍സ്, റോക്ക് ആന്‍ റോള്‍, ജാസ്, ഡിസ്‌ക്കോ എന്നുവേണ്ട എല്ലാം ജോയ്‌സ് തകര്‍ക്കും. 'താരോദയ' ത്തിന്റെ സമ്മാനവും അടിച്ചെടുക്കും. ടി.വി. കാണുമ്പോള്‍ സമയം പോകുന്നതറിയുകയേ ഇല്ല. അജിത്തേട്ടന്‍ പിണങ്ങിയതില്‍ പിന്നെ തനിക്കേക ആശ്രയം മലയാളം ടി.വി. തന്നെയാണ്. നിറവയറും തടവി ഈ കലാപരിപാടികളും കണ്ടിരിക്കുമ്പോള്‍ തോന്നും തനിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ കലാ വൈഭവമുള്ളവരായിട്ടായിരിക്കും ജനിക്കുക എന്ന്.
അജിത്തേട്ടന്‍ പിണങ്ങിയില്ലായിരുന്നെങ്കില്‍ ഒരുമിച്ചിരുന്ന് ടി.വി. കാണാമായിരുന്നു. കളിതമാശകള്‍ പറയാമായിരുന്നു.
പക്ഷെ, ഓര്‍ത്തപ്പോള്‍ മനസ്സില്‍ ദുഃഖം ഉരുള്‍പൊട്ടി. പാടില്ല, താന്‍ ദുഃഖിക്കരുത്. ഈ അവസരത്തില്‍ മനസ്സുദുഃഖിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് തന്റെ കുഞ്ഞുങ്ങള്‍ക്കായിരിക്കും.
എങ്കിലും അജിത്തേട്ടന്റെ ഈ അവഗണന താങ്ങാനാവുന്നില്ല. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ കരുതിയെങ്കിലും ഏട്ടനെന്നോട് കരുണകാണിക്കാമായിരുന്നു. ഒരിക്കന്‍ നടന്‍ “ഗോവര്‍ദ്ധനന്‍” ഫോണില്‍ പറഞ്ഞ വാക്കുകളോര്‍ത്തു. “ഒരു വാക്കിന്റെ വക്കത്താണ് മഹായുദ്ധങ്ങള്‍പോലും നടന്നിട്ടുള്ളത്. ഒരു 'വാക്ക്' തെറ്റിയാല്‍ എല്ലാം തെറ്റും.”
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 4; കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക