അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-3 - എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 14 November, 2014
അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-3 -   എ.സി. ജോര്‍ജ്
കേരളത്തിന് പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന എന്തിനേയും പ്രവാസി പ്രസിദ്ധീകരണങ്ങള്‍, വെളിയില്‍ നിന്ന് എഴുതുന്നവരെ പ്രവാസി എഴുത്തുകാര്‍ അതുപോലെ വെളിയിലുള്ള വായനക്കാരെ പ്രവാസി വായനക്കാര്‍ എന്നും പൊതുവെ പറയാറുണ്ട്. പ്രവാസി എന്ന വാക്കിനെയൊ, പദത്തെയൊ, പ്രയോഗത്തെയൊ, ഭാഷാപരമായൊ, യുക്തിപരമായൊ, എതിര്‍ക്കുന്നവര്‍ അനവധിയുണ്ട്. എന്നാലും വര്‍ഷങ്ങളായി കേരളത്തിലെ ഒരു തദ്ദേശവാസിയേയും കേരളത്തിനു വെളിയില്‍ താമസമാക്കിയിരിക്കുന്ന ഒരു മലയാളിയേയും എളുപ്പം ഒന്നു വേര്‍തിരിച്ചറിയാന്‍ വേണ്ടി സാര്‍വത്രികമായി പ്രയോഗിക്കുന്ന പദമാണ് പ്രവാസി എന്നത്. ഇവിടെ പ്രതിപാദിക്കുന്ന വായനക്കാര്‍ അമേരിക്കന്‍ മലയാളി എന്നൊ അമേരിക്കന്‍ മലയാളി പ്രവാസി വായനക്കാരൊ എന്നുമാത്രം മനസ്സിലാക്കിയാല്‍ മതി. അല്ലാതെ അമേരിക്കന്‍ പ്രവാസി  (ദരിദ്രവാസി) എന്നൊന്നും മനസ്സിലാക്കരുത്. പ്രയോഗം പോസിറ്റീവായി എടുത്താല്‍ മതി.

എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും അമേരിക്കന്‍ മലയാളികള്‍ പിന്നെ നാടും, കേരളവുമായി, ഇന്ത്യയുമായി എല്ലാ അര്‍ത്ഥത്തിലും ഒരു പൊക്കിള്‍കൊടി ബന്ധം വെച്ചു പുലര്‍ത്തുന്നവരാണ്. അവര്‍ യു.എസ്. പൗരത്വമെടുത്താല്‍ പോലും ആ ബന്ധം, ആ രക്തബന്ധം, ആ അത്മബന്ധം ആര്‍ക്കും വിച്ഛേദിക്കാന്‍ സാധ്യമല്ല. രണ്ടു വള്ളത്തിലും കാലു വെക്കുന്നവര്‍ എന്ന രീതിയില്‍ അവരെ അധിക്ഷേപിക്കുന്നതും ഒട്ടും ശരിയല്ല. ആ നിലയില്‍ പ്രവാസികളുടെ ചുമതലകളെ പറ്റി, അവകാശങ്ങളെ പറ്റി അവരുടെ നാട്ടിലെ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനെ പറ്റി, കൊടുക്കല്‍ വാങ്ങള്‍ പ്രക്രിയകളെ പറ്റിയുള്ള നിയമങ്ങളും വാര്‍ത്തകളും പ്രാമുഖ്യം കൊടുത്ത് അവരിവിടെ വായിക്കുന്നു. നാട്ടിലെ അവരുടെ വസ്തു വകകള്‍ തട്ടിപ്പറിക്കപ്പെടുന്നു അന്യാധീനപ്പെട്ടു പോകുന്നു. നിയമപാലകര്‍ പോലും അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പ്രവാസിയുടെ ന്യായമായ ഈ വക നീറുന്ന പ്രശ്‌നങ്ങള്‍ ഇതിനോടകം പല വ്യക്തികളും സംഘടനകളും അധികാരികളുടെ സമക്ഷം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കാര്യമായ ഒരു പുരോഗതിയും പരിഹാരവും കണ്ടെത്തിയിട്ടില്ല. ചില രംഗങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നു. അധികാരികളും ഗവണ്‍മെന്റ് മന്ത്രാലയങ്ങളും നിരുത്തരവാദകരമായി പെരുമാറുന്നു. ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലും എയര്‍പോര്‍ട്ടുകളിലും പ്രവാസികള്‍ക്ക് ദുരന്തങ്ങളും പീഡനങ്ങളും മാത്രം. തരുന്ന സേവനങ്ങള്‍ പരിമിതമാണെങ്കിലും കുത്തനെ ഉയര്‍ത്തുന്ന അനാവശ്യമായ സര്‍വ്വീസ് ചാര്‍ജ്ജുകള്‍. എങ്കിലും പ്രവാസികളുടെ പണം നാട്ടിലൊഴുകി എത്തുന്നു. പ്രവാസികളാണ് നാടിന്റെ നട്ടെല്ല് എന്ന് പൊള്ളയായ മൈതാനപ്രസംഗം നടത്തി പ്രവാസികളോട് സാമാന്യനീതി പോലും ചെയ്യാതെ വീണ്ടും ഇന്ത്യയില്‍ മുതല്‍ മുടക്കാനും നിക്ഷേപിക്കാനും അവിടെ അധികാരം കയ്യാളുന്നവര്‍ ഉല്‍ബോധിപ്പിക്കുകയാണ്. കോടികള്‍ മുടക്കിയിട്ടും പോരാഞ്ഞിട്ട് പ്രവാസിയെ കുനിച്ചുനിര്‍ത്തി അവരുടെ അടിവസ്ത്രം കൂടി ഉരിയാനൊ, പൊന്‍മുട്ടയിടുന്ന താറാവിനെ വയറുകീറി മുട്ടയെടുക്കാനൊ ഉള്ള ശ്രമമാണ് നമ്മുടെ ഉദ്യോഗസ്ഥരും മന്ത്രിപുംഗവന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്.

അതുപോലെ പാസ്‌പോര്‍ട്ട, പി.ഐ.ഒ. കാര്‍ഡ്, ഓ.സി.ഐ. കാര്‍ഡ് വിഷയങ്ങളിലെ അവ്യക്തത നൂറുനൂറു നൂലാമാലകള്‍ അവര്‍ നിരന്തരം നേരിടുന്നു. മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ല. വേലി തന്നെ വിളവു തിന്നുന്ന മാതിരി അവര്‍ തന്നെ പല കാര്യങ്ങളും എളുപ്പവും സുതാര്യവുമാക്കുന്നതിനു പകരം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി ഒത്തിരി ഒത്തിരി പേപ്പര്‍ വര്‍ക്കുകള്‍, കാലതാമസം, അവ്യക്തത എല്ലാം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇന്ത്യന്‍ കൗണ്‍സിലേറ്റുകളിലെ ഉദ്യോഗസ്ഥരുടെ ശത്രുതാ മനോഭാവത്തോടെയുള്ള, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം, അപേക്ഷകരെ വിവിധ ജാലകങ്ങളിലേക്കും ഡിപ്പാര്‍ട്ടുമെന്റിലേക്കുമുള്ള പന്തുതട്ടല്‍, പരസ്പരം പഴിചാരല്‍, കൈകഴുകല്‍, ബ്യൂറോക്രസിയുടെ അനാവശ്യമായ കഴുത്തു ഞെരിക്കല്‍. ഗവണ്മെന്റ് ചെലവിലും അല്ലാതെയും പ്രൈവറ്റായും ഒഫീഷ്യലായും യു.എസില്‍ എത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയാധികാരികളേയും ബ്യൂറോക്രാറ്റുകളേയും എയര്‍പോര്‍ട്ടു മുതല്‍ അവരുടെ പെട്ടിയും ചുമന്ന് കൂടെ നിന്ന് ഫോട്ടോക്ക് പോസും ചെയ്ത് പത്രത്തിലും ടിവിയിലും കൊടുത്തു സായൂജ്യമടയുന്ന വ്യാജ പൊതുപ്രവര്‍ത്തകരെ എല്ലാം അനുഭവത്തിലൂടെ തിരിച്ചറിയുന്ന പ്രവാസി മലയാളികള്‍, എഴുത്തിലൂടേയും വായനയിലൂടേയും അവരുടെ ദുഃഖഭാരം, കണ്ണീര്‍ കദനകഥകള്‍ പങ്കുവെക്കുന്ന പംക്തികള്‍ക്കാണ് കൂടുതല്‍ ആഭിമുഖ്യം. കാരണം അതെല്ലാം അവര്‍ക്ക് ജീവിത ഗന്ധികളാണ്. അനുഭവങ്ങളാണ്. ചിലര്‍ ആവക പീഡനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി രക്ഷ നേടിയേക്കാം. പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ ഈ ബ്യൂറാക്രാറ്റിക് പീഡനങ്ങള്‍ നേരിടുമ്പോള്‍ പീഡിതരായ അനുഭവസ്ഥരുടെ പട്ടികയില്‍ ചേരും. ഏതായാലും ഇത്തരം കയ്‌പേറിയ പ്രവാസി പീഡന കഥകള്‍ക്കും അതിനു പരിഹാരം നിര്‍ദ്ദേശിച്ചു കൊണ്ടുള്ള എന്തു രചനകളായാലും മറ്റെന്തിനേക്കാള്‍ പ്രവാസികള്‍ ചൂടോടെ വായിക്കുന്നു.

ഇവിടെ ചില മലയാള പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനിലും പ്രിന്റഡ് ആയും ഇംഗ്ലീഷിനായി കുറച്ചധികം പേജ് നീക്കിവെക്കുന്നത് അവരുടെ ഉദ്ദേശലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ലായെന്ന വസ്തുതയാണ്. കാരണം മലയാളം സൈറ്റില്‍ കയറുന്നത് മലയാളം പ്രസിദ്ധീകരണം കൈയ്യിലെടുക്കുന്നത് മലയാളത്തില്‍ വായിക്കാനാണ്. ഇംഗ്ലീഷില്‍ വായിക്കേണ്ടവര്‍ക്ക് ഇംഗ്ലീഷ് സൈറ്റുകളും പ്രസിദ്ധീകരണങ്ങളും ധാരാളമായിട്ടുണ്ടല്ലൊ എന്നതാണ് ആ വസ്തുത. അമേരിക്കന്‍ പ്രവാസി നാട്ടില്‍ ജനിച്ചു വളര്‍ന്ന മലയാളികളുടെ കുട്ടികള്‍ എത്രപേര്‍ ഇംഗ്ലീഷ് വായിക്കാനായി മലയാള സൈറ്റില്‍ കയറും. മലയാള-ഇംഗ്ലീഷ് കമ്പയിന്‍ഡ് പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിക്കും എന്ന കാര്യം ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

നാട്ടിലേതു പോലെ തന്നെ ഇവിടേയും എല്ലാത്തരം മീഡിയാക്കാരുടെ ഇടയിലും എന്തിന്റെയെങ്കിലും പേരില്‍ ചേരിതിരിവൊ പൊളിറ്റിക്‌സൊ ഉണ്ടെന്ന് പല വായനക്കാരും മനസ്സിലാക്കിയിരിക്കുന്നു. ചിലര്‍ ചിലരെ ഒഴിവാക്കുന്നു, ചിലരെ കൂടുതലായി ഉള്‍ക്കൊള്ളുന്നു എന്നതൊക്കെ സാധാരണ സംഭവമാണെങ്കിലും ചേരി തിരിവുകളൊ പെറ്റിപൊളിറ്റിക്‌സൊ ഒട്ടും പ്രദര്‍ശിപ്പിക്കാത്ത നിഷ്പക്ഷമായ ജനകീയ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈന്‍ ആയാലും പ്രിന്റഡ് ആയാലും ജനം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു, നെഞ്ചിലേറ്റുന്നു എന്നത് പകല്‍പോലെ സത്യമാണ്. എന്തിന്റെയെങ്കിലുംപേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ജനങ്ങളും വായനക്കാരും അകന്നുകൊണ്ടേയിക്കും. ശത്രുക്കളേയും വിവിധ അഭിപ്രായമുള്ള എഴുത്തുകാരേയും മാറ്റി നിര്‍ത്താതെ അവരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയും മനോധൈര്യവും ആ പ്രസിദ്ധീകരണത്തെ ജനകീയമാക്കും, ശക്തിപ്പെടുത്തും. പൊളിറ്റിക്‌സും ചേരിതിരിവും സ്വജനപക്ഷപാതവും കൈമുതലാക്കി പത്രധര്‍മ്മവും സാമൂഹ്യപ്രതിബദ്ധതയും നിരാകരിക്കുന്ന എഴുത്തുകാരേയും പ്രസിദ്ധീകരണത്തേയും പൊതുജനങ്ങളും വായനക്കാരും കാലക്രമേണ അവഗണിക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.

വായനക്കാര്‍ മുഖം നോക്കാതെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതും എഴുതുന്നതും ഒരു പ്രസിദ്ധീകരണത്തിന്റെ ദിശാബോധം ക്രമീകരിക്കാന്‍ സഹായിക്കും. അതിനായി എഴുത്തുകാരുടേയും വായനക്കാരുടേയും ഇടയില്‍ സര്‍വെകള്‍ നടത്തുന്നതും അതനുസരിച്ച് പ്രസിദ്ധീകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നതും അനിവാര്യമാണ്. പ്രസിദ്ധീകരണക്കാരും എഴുത്തുകാരും വായനക്കാരും പരസ്പര പൂരകങ്ങളാണ്. അതിലെ യജമാനന്മാര്‍ അല്ലെങ്കില്‍ ഏറ്റുവും പ്രധാന ഘടകം ഏതെന്ന് ചോദിച്ചാല്‍ അതു വായനക്കാര്‍ തന്നെ. ചില പ്രസിദ്ധീകരണങ്ങള്‍ അതു മനസ്സിലാക്കാതിരിക്കുകയൊ അല്ലെങ്കില്‍ മനഃപൂര്‍വ്വം അവഗണിക്കുകയൊ ചെയ്യുമ്പോഴാണ് പ്രസിദ്ധീകരണ രംഗത്ത് അപജയങ്ങള്‍ സംഭവിക്കുന്നത്. പ്രസിദ്ധീകരണക്കാരും ലേഖകരും വായനക്കാരും വല്ലപ്പോഴും മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളെപ്പറ്റി സെമിനാറുകളും സിമ്പോസിയങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നത്, ഈ മൂന്നു ഘടകങ്ങളില്‍ പെട്ടവര്‍ക്കും ഏതെങ്കിലും തരത്തില്‍ ഗുണപരമായിരിക്കും.
               (തുടരും)
അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-3 -   എ.സി. ജോര്‍ജ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക