അദ്ധ്യായം 6
കുഞ്ഞുങ്ങള്‍ക്ക് ഒരുവയസായിരിക്കുന്നു. ബര്‍ത്ത്‌ഡേ ആഘോഷം ഗംഭീരമായി നടത്തി. എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. അവരുടെ മുന്നില്‍ തങ്ങളുടെ സ്വരച്ചേര്‍ച്ചയില്ലായ്മ തെല്ലും പ്രകടിപ്പിക്കാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു.
ധാരാളം ഗിഫ്റ്റ് ഐറ്റംസ് രണ്ടു കുരുന്നുകള്‍ക്കും കിട്ടി. രാവേറെയായിരിക്കുന്നു. അജിത്തേട്ടന്റെ ചില സുഹൃത്തുക്കള്‍ ഇപ്പോഴും അദ്ദേഹത്തോടൊപ്പം ലോണില്‍ ഉണ്ട്. ചെറുതണുപ്പത്തിരുന്ന് ഡ്രിംഗ്‌സ് ആസ്വദിക്കുന്നതിന്റെ ഹരത്തിലാണവര്‍…
കോക്കനട്ട് ഓയിലില്‍ വറുത്തെടുത്ത ചിക്കന്‍ പീസുകള്‍ ചവച്ചരച്ചതിനൊടൊപ്പം 'ഷിവാസ് റീഗള്‍' കത്തിയിറങ്ങി… അജിത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഓഫീസ് ജീവിത്തിലും കുടുംബത്തിലെ അസ്വസ്ഥതകള്‍ക്കും ഇടയില്‍ കിട്ടിയ ഒരാനന്ദവേളതന്നെയായിരുന്നു കുഞ്ഞുമക്കളുടെ ജന്മദിനാഘോഷം.
മിസ്റ്റര്‍ അജി, മിസിസ് ഇനി സിനി ഫീല്‍ഡിലേയ്ക്ക് ശ്രദ്ധതിരിക്കുമായിരിക്കും അല്ലേ?” ഫെര്‍ണാണ്ടസ് ഗ്ലാസ്‌കാലിയായി ടീപ്പോയില്‍ വയ്ക്കുന്നതിനിടെ ചോദിച്ചു.
“ഷുവര്‍, കരിയര്‍ ഉപേക്ഷിക്കേണ്ടതില്ല എന്നാണ്; കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തെല്ലു ശ്രദ്ധിക്കാം എന്ന പ്ലാനും ഉണ്ട്, പിന്നെ ഞങ്ങളൊന്ന് ലൈഫ് എന്‍ജോയി ചെയ്യട്ടെ ഫെര്‍ണാണ്ടസേ…” അജിത്ത് യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് സംസാരിച്ചു.
“മിസിസ്സിന്റെ ഫിലിംസ് ഒട്ടുമിക്കതും ഞങ്ങള്‍ കണ്ടിട്ടുണ്ട്… ഷീ ഈസ് എ ടാലന്റഡ് വണ്‍; ഇന്നത്തെ കാലത്ത് കുട്ടികള്‍, കുടുംബം എന്നു പറഞ്ഞ് ആകുലപ്പെടേണ്ടതില്ലല്ലോ? ബേബികെയര്‍ സെന്റര്‍, പ്ലേസ്‌കൂള്‍, കിന്റര്‍ഗാര്‍ഡന്‍ തുടങ്ങി കൊച്ചുങ്ങള്‍ നമ്മുടെ കൈയ്യില്‍നിന്നും പോയില്ലേ…?” സുഗതന്‍ സിഗരറ്റ് ആഞ്ഞു വലിച്ച് പുകചുരുളുകളായി പറത്തി.
അല്ലെങ്കിലും മെയിഡന്‍സും നഴ്‌സസും ഉണ്ടല്ലോ, കാര്യങ്ങള്‍ ഭംഗിയായി അവര് നോക്കും… പത്തോ പതിനഞ്ചോ ദിവസത്തെ എഗ്രിമെന്റിന് ചെന്നിറങ്ങി അഭിനയിക്കുന്നു…. തിരിച്ചിങ്ങ് പോരുന്നു… പിന്നെ കുറച്ചുദിവസം ഫാമിലി ലൈഫ്… കാര്യങ്ങള്‍ ഭംഗിയായി പോകും…” ഗോപിസാര്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു…
അജിത്തിന്റെ ഉള്ളില്‍ നീരസം നിറഞ്ഞുവന്നു. പക്ഷെ പുറത്തു പ്രകടിപ്പിച്ചില്ല എന്നേയുള്ളൂ. നല്ലൊരു നിമിഷത്തില്‍ എഴുന്നള്ളിക്കാന്‍ കണ്ട കാര്യം….
കുരുമുളക്‌പൊടിയും ഉപ്പും വിതറി അലങ്കരിച്ച വെജിറ്റബിള്‍ സാലഡ് മെയ്ഡ് ടേബിളില്‍ കൊണ്ടുവന്നു വച്ചു.
“കുട്ടികള്‍ എന്തെടുക്കുന്നു” അജിത്ത് തിരക്കി.
“അവര്‍ കെല്‍സിയോടൊപ്പം റൂമില്‍ ഉണ്ട് സാര്‍”
“എല്ലാവരും പോയോ..? നിങ്ങള്‍ ഭക്ഷണം കഴിച്ചോ…?”
“ഗസ്റ്റുകള്‍ എല്ലാവരും പോയി…കെല്‍സിയും കുഞ്ഞുങ്ങളും ഭക്ഷണം കഴിച്ചു… സാറിനും കൂട്ടുകാര്‍ക്കും എല്ലാം റെഡിയാക്കി ടേബിളില്‍ എടുത്തുവച്ചിട്ടുണ്ട്…”
“ശരി…ഞങ്ങള്‍ വന്നേക്കാം…”
“ശരി സാര്‍…” മെയ്ഡ് അകത്തേയ്ക്ക് പോയി.
അജിത്തും കൂട്ടുകാരും ഡ്രിങ്ക്‌സ് ഫിനിഷ് ചെയ്യുവാനുള്ള ഒരുക്കത്തില്‍ ഒന്ന് ഇളകിയിരുന്നു. ഫെര്‍ണാണ്ടസ് എല്ലാവര്‍ക്കുമായി മദ്യം ഗ്ലാസിലേക്കൊഴിച്ചുവച്ചു…
ആകാശം നോക്കിയങ്ങനെ ഇരിക്കാന്‍ എന്തുരസം! ഓരോരുത്തരും അവരവരുടെ ചിന്തകള്‍ പങ്കുവച്ചും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചും ഗ്ലാസ് കാലിയാക്കി… എല്ലാവരെയും ഭക്ഷണത്തിന് ക്ഷണിച്ച് അജിത്ത് മുന്‍പേ നടന്നു. മറ്റുള്ളവര്‍ ആടിയാടി പിഞ്ചെന്നു.
ഫെര്‍ണാണ്ടസിനെ സംബന്ധിച്ച് മൂന്ന് പെഗ് ആകുമ്പോഴേയ്ക്കും ഫിറ്റായികഴിയും… പിന്നെയുള്ള പെഗുകള്‍ ഒന്നൊന്നായി ആര്‍ത്തിയോടെ അകത്താക്കും… എത്ര കുടിച്ചാലും മതിവരാത്ത പ്രകൃതം…ഫെര്‍ണാണ്ടസ് 'ഒരു ടാങ്ക്' ആണെന്നാണ് കൂട്ടുകാര്‍ പറയുക…
സുഗതന്‍ ഒരു സ്‌മോക്കര്‍ കൂടിയാണ്. കുടിച്ചുകഴിഞ്ഞാല്‍ പിന്നെ ഗോള്‍ഡ് ഫില്‍ട്ടറിന്റെ ചെയിന്‍ സര്‍വ്വിസാണ്. വാതോരാതെ സംസാരിക്കുകയും ചെയ്യും. രസികനാണ്. എരിവും പുളിയും ചേര്‍ത്ത് സംസാരിക്കാന്‍ സുഗതനെക്കഴിഞ്ഞേ ആളുള്ളൂ…. സുഗതന്‍ പിന്നെയും പിന്നെയും ആര്‍ത്തോയോടുകൂടിയാണ് വലിക്കുന്നത്.
സുഗതന്‍, സിഗരറ്റ് കളഞ്ഞിട്ടു വരൂ… സമയം ഏറെയായില്ലേ ഭക്ഷണം തണുത്തുപോകും… വന്നു കഴിക്ക്… പിന്നെ എത്ര വേണേലും വലിക്കരുതോ?” അജിത്ത് ഹാളിലേക്കു കയറിക്കൊണ്ട് തിരിഞ്ഞ് പോര്‍ട്ടിക്കോവില്‍ നില്‍ക്കുന്ന സുഗതനോടായി പറഞ്ഞു…
സുഗതന് സിഗരറ്റ് വലിച്ചെറിഞ്ഞ് ചുമച്ച് കാര്‍ക്കിച്ചുതുപ്പി ആടിയാടി അകത്തേയ്ക്ക് കടന്നു. ടേബിളില്‍ എല്ലാം അറേഞ്ച് ചെയ്തുവച്ചിട്ടുണ്ട്. എല്ലാവരും കൈ ഒന്നു നനച്ചിട്ട് കഴുകിയെന്നുവരുത്തി ഡൈനിംഗ് ടേബിളിനരികിലെത്തി ചെയര്‍ വലിച്ചിട്ട് അതിലേയ്ക്ക് വീണു എന്നു പറയുന്നതാവും ശരി…
മെയ്ഡ് വന്ന് ആഹാരസാധനങ്ങള്‍ തുറന്നുവച്ച് എല്ലാവര്‍ക്കുമായി വിളമ്പി…
“എടോ, അജിത്തെ, വൈഫിനെയും പിള്ളേരെയും വിളി ഇന്നൊന്നിച്ചിരുന്ന് കഴിക്കേണ്ട… ഓ ഞങ്ങളുണ്ടെന്നു കരുതണ്ട. വിളി അജിത്തേ അവരെ…” ഗോപിസാര്‍ ആവശ്യപ്പെട്ടു.
മെയ്ഡ് അജിത്തിനെ ഒന്നു പാളിനോക്കിയിട്ട് പറഞ്ഞു: “കെല്‍സിമാഡം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ ആകൂടെ കഴിച്ചു. കുട്ടികളെ ഉറക്കുകയായിരിക്കും…”
“ഫെര്‍ണാണ്ടസിന് ആ ഫിഷ്‌കറി എടുത്തു കൊടുക്കൂ…” അജിത്ത് മെയ്ഡിനോട് പറഞ്ഞു. മെയ്ഡ് ഫിഷ്‌കറി എടുത്തു വിളമ്പി… എല്ലാവരും മദ്യത്തിന്റെ കത്തലില്‍ ആഹാരം വാരിവലിച്ചു കഴിച്ചു…
ആഹാരശേഷം കുറച്ചു സമയം വിശ്രമിച്ചതിനുശേഷം സുഹൃത്തുക്കള്‍ ഓരോരുത്തരും ഗുഡ്‌നൈറ്റ് പറഞ്ഞു പിരിഞ്ഞു. അജിത്ത് ഫ്രണ്ട്‌ഡോര്‍ ലോക്ക് ചെയ്ത് മെയ്ഡിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷം റൂമിലേക്ക് നടന്നു…
കെല്‍സിയും കുട്ടികളും ഉറക്കം പിടിച്ചിരുന്നു. അജിത്ത് തന്റെ റൂമിലേയ്ക്ക് നടന്നു റൂമില്‍ കയറി വാതിലടച്ചു…. ഡ്രസ് ചെയ്ഞ്ച് ചെയ്ത് ബെഡിലേയ്ക്കു വീണു. ടേബിള്‍ ലാമ്പ് ഓഫ് ചെയ്തു. ലോണിലെ ലൈറ്റിന്റെ അരണ്ട വെളിച്ചം റൂമിലേയ്ക്ക് പടര്‍ന്നുവീണു… ചിന്തകളുടെ തിരയിളക്കങ്ങള്‍ക്കൊടുവില്‍ നിദ്രയുടെ ആഴങ്ങളിലേയ്ക്ക് അയാള്‍ അറിയാതെ ആണ്ടു തുടങ്ങിയിരുന്നു.
ഡോറിലെ മുട്ടുകേട്ടാണ് അജിത്ത് കണ്ണുതുറന്നത്. നേരം പുലര്‍ന്നിരിക്കുന്നു. “യേസ്…കമിംഗ്…” അജിത്ത് വാതില്‍ തുറന്നു. മെയ്ഡ് വാതില്‍ക്കല്‍ കാപ്പിയുമായി നില്‍ക്കുന്നു. നാട്ടില്‍ നിന്നെ ഉള്ളശീലമാണ് ഉറക്കമെഴുന്നേറ്റാലുള്ള കാപ്പികുടി. അമ്മ രാവിലെ എഴുന്നേറ്റ് പണികള്‍ ആരംഭിക്കുന്നതിനു മുമ്പേ 'ഒരു കുഞ്ഞുകലം' കാപ്പി തിളപ്പിക്കുമായിരുന്നു. അപ്പോഴേയ്ക്കും അച്ചനും എഴുന്നേറ്റുവരും…
അമ്മയോടൊപ്പം ഉണര്‍ന്നിരുന്ന തനിക്കും അവര്‍ കാപ്പി തന്നിരുന്നു. “കാപ്പി കുടിച്ചാല്‍ കറുത്തു പോകും കേട്ടോ…” അമ്മ പറയുമായിരുന്നു. അതൊരു ശീലമായി ഇന്നും തുടരുന്നു. അമേരിക്കയിലായിരുന്നിട്ടുപോലും അമേരിക്കയായാലെന്താ കാപ്പി കുടിക്കരുതെന്നുണ്ടോ?
വാഷ്‌ബേസിനരികില്‍ പോയിനിന്നു. ഇന്നലെ ആഘോഷങ്ങളുടെ 'ഹാങ്ങ് ഓവര്‍' കുറച്ചുണ്ട്. മതി മറന്നാഘോഷിച്ചില്ലേ… പൊന്നുമക്കളുടെ ഒന്നാം പിറന്നാളായിരുന്നല്ലോ?
മൗത്ത് വാഷ് ഒരളവെടുത്ത് കവിള്‍കൊണ്ടു തുപ്പി… “ഹാവൂ…” കൂള്‍മിന്റിന്റെ എഫക്ടില്‍ കവിളുകള്‍ നീറി… ചെറിയൊരു സുഖമുള്ള നീറ്റല്‍… വായില്‍ വെള്ളം കവിള്‍ക്കൊണ്ട് തുപ്പി… മുഖം കഴുകി, ടൗവ്വല്‍ എടുത്തു തുടച്ച് തിരിഞ്ഞു നടന്നു.
ടേബിളില്‍ നിന്നും ചൂടന്‍ കാപ്പിയെടുത്തു മൊത്തിക്കുടിച്ചു…നല്ല സുഖമുണ്ട്… കാപ്പില്‍ ഉള്ളില്‍ ചെന്നപ്പോള്‍ ഒരു ഉഷാര്‍ തോന്നി. പിന്നീട് ബ്രഷ് ചെയ്ത് കുളിയും കഴിഞ്ഞ് ഓഫീസില്‍ പോകാന്‍ റെഡിയായി.
അജിത്ത് താഴേയ്ക്ക് നടക്കുന്നതിനിടയില്‍ കെല്‍സിയുടെ റൂമില്‍ കയറി… കെല്‍സി താഴേക്ക് പോയിരുന്നു. കുട്ടികള്‍ ഉറക്കത്തിലാണ്. കൊച്ചുപൂച്ചക്കുട്ടികളെപ്പോലെ കമ്പിളിക്കിടയില്‍ കെട്ടിപ്പുണര്‍ന്നങ്ങനെ കിടക്കുകയാണ് ആങ്ങളയും പെങ്ങളും.
എപ്പോഴും ഇങ്ങനെയാണ്. രാവിലെ താന്‍ ഓഫീസിലേക്ക് ഇറങ്ങിയതിനുശേഷമാണ് ഇരുവരും ഉണരുക. കുഞ്ഞുങ്ങളല്ലേ ഉറക്കം തന്നെ ഉറക്കം. അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ ഉറക്കത്തിലാണ് വളരുന്നതെന്ന്. ഉറങ്ങട്ടെ… എത്രയുംവേഗം വളരട്ടെ… അത്യാവശം പിടിച്ചുനടക്കാന്‍ തുടങ്ങിയിട്ടുണ്ട്… രണ്ടുപേരും കൂടെ ആഘോഷമാണ്.
ഒരു കണക്കിന് കുഞ്ഞുങ്ങള്‍തന്നെയാണ് ജീവിതത്തിന്റെ ആനന്ദം… ഈ സുന്ദരക്കുടങ്ങളെയല്ലേ വേണ്ടെന്നു പറഞ്ഞത്…? എന്തൊരു ക്രൂരത…! കുഞ്ഞുങ്ങളുടെ കളിചിരിയും മുഖവും ഓര്‍മ്മവരുമ്പോള്‍ ആര്‍ക്കെങ്കിലും അബോര്‍ഷനെക്കുറിച്ച് ചിന്തുക്കുവാന്‍തന്നെ പറ്റുമോ…? എന്തൊരു ലാഘവത്വത്തോടെയാണ് മനുഷ്യര്‍ ജീവനെ കാണുന്നത്…. കഷ്ടം!
ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ നിര്‍നിമേഷം നോക്കി നില്‍ക്കരുതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്… ദോഷമാണത്രേ… അജിത്ത് കുട്ടികളെ ഒന്നുകൂടി നന്നായി പുതപ്പിച്ചിട്ട് ഇറങ്ങി നടന്നു.
താഴെ ഡൈനിംഗ് ഹാളിലെത്തി പ്രഭാതഭക്ഷണം എടുത്തു കഴിച്ചു. കൈകഴുകി തയ്യാറായി ഓഫീസിലേക്ക് യാത്രതിരിച്ചു. റോള്‍ റോയിസ് കാര്‍ ഗെയിറ്റു കടന്ന് മറഞ്ഞു.