Image

അമേരിക്കന്‍ മലയാളി വായനക്കാര്‍ (സ്വതന്ത്ര അപഗ്രഥനം- 6: എ.സി. ജോര്‍ജ്‌)

Published on 04 December, 2014
അമേരിക്കന്‍ മലയാളി വായനക്കാര്‍ (സ്വതന്ത്ര അപഗ്രഥനം- 6: എ.സി. ജോര്‍ജ്‌)
അമേരിക്കന്‍ മലയാളി വായനക്കാരുടെ വായനാശീലത്തിന്റെ പള്‍സ്‌ അറിയാന്‍ ശ്രമിക്കുന്നതിനിടയില്‍ വായനക്കാരെന്ന്‌ അവകാശപ്പെടുന്ന വായിക്കാത്തവരേയും കണ്ടെത്തി. കാരണം എല്ലാ മലയാള രചനകളും അതെന്തായാലും അരച്ചു കലക്കി കുറുക്കി വായിക്കുന്നവരെന്ന്‌ അവകാശപ്പെടുന്ന ചിലരുടെ സംസാരത്തിൽ  നിന്ന്‌ ഒരിടത്തു നിന്നു പോലും കഴിഞ്ഞ ഒരു കൊല്ലമായെങ്കിലും മലയാള രചനയുടെ ഒരു ചെറിയ വായനാ ഗുളിക പോലും അരച്ചു കലക്കി കുടിച്ചിട്ടില്ലെന്നു മാത്രമല്ലാ ഒന്നു മണത്തു പോലും നോക്കിയിട്ടില്ലെന്ന കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു.

മലയാളം പഠിച്ചാലും വായിച്ചാലും യാതൊരു ഗുണവുമില്ലെന്നു മാത്രമല്ല സ്വന്തം അഭിമാനത്തിനു പോലും ക്ഷതമാണെന്ന്‌ ഒരു ചെറിയ ശതമാനം ഉന്നതശ്രേണിയിലെന്ന്‌ സ്വയം അഭിമാനിക്കുന്ന ചില, മലയാളക്കരയില്‍ ജനിച്ച്‌ യുഎസില്‍ കുടിയേറിയവര്‍ പറഞ്ഞു. അവര്‍ ഒരു പക്ഷെ വന്ന വഴി മറന്നവരും തലമറന്ന്‌ എണ്ണതേക്കുന്നവരുമാകാം.

എന്നാല്‍ മറ്റു ചിലര്‍ അതിനു കടകവിരുദ്ധമായി അവര്‍ അമേരിക്കയില്‍ വന്നിട്ടും ഈ നാടിന്റെ യാതൊരു നല്ല ഗുണവും മേന്മയും കാണാതെ വെറും ആര്‍ഷഭാരത ഭാഷ, ആര്‍ഷഭാരത സംസ്‌ക്കാരം (ചിലര്‍ തമാശയായി ചുരുക്കി അതിനെ ആ.ഭാ.സം) എന്നും പറയുന്നു. അവര്‍ക്ക്‌ മലയാള വ്യാകരണം, വൃത്തം, അലങ്കാരം, ചെണ്ട, ചേങ്ങല, കഥകളി, ചുട്ടി, ആഢ്യത്വം, ജപം ജാതി, മതം, പൂജാരി,പള്ളീലച്ഛന്‍, തിരുമേനി, ഒക്കെ മതി. അവര്‍ക്ക്‌ സായിപ്പിനോടും മദാമ്മയോടും അമേരിക്കന്‍ സംസ്‌ക്കാരത്തോടും പരമപുഛമാണ്‌. അത്തരക്കാരാണ്‌ കൂടുതലായി ഭാരത മതങ്ങളും വേലിക്കെട്ടുകളും, സംസ്‌ക്കാര പൈതൃകങ്ങളും, പറഞ്ഞ്‌, ഒത്തിരി ഒത്തിരി വേവലാതിപ്പെടുന്നവര്‍.

ഇതെല്ലാം അവര്‍ പറയുമ്പോഴും സായിപ്പിന്റേയും മദാമ്മയുടേയും ഈ രാജ്യത്തിന്റേയും ജോലിയും, ശമ്പളവും, കിമ്പളവും, ഡോളറും, അവകാശങ്ങളും മുഴുവനായി വേണം താനും. ഇത്തരക്കാരായ പരിമിതം വായനാ-കം-എഴുത്തുകാരേയും അടുത്ത കാലത്ത്‌ സന്ധിക്കുകയുണ്ടായി. അവര്‍ക്ക്‌ അമേരിക്കന്‍ മലയാളി പ്രസിദ്ധീകരണങ്ങളേയും അമേരിക്കന്‍ മലയാളി എഴുത്തുകാരേയും പരമ പുഛമാണ്‌. അവര്‍ക്ക്‌ കേരളത്തിലിരിക്കുന്ന അല്ലെങ്കില്‍ അവിടെ നിന്ന്‌ സന്ദര്‍ശനത്തിനെത്തുന്ന ദിവ്യന്മാരായ എഴുത്തുകാരെ മാത്രം മതി. അത്തരത്തിലുള്ള ചിലരുടെ കഴമ്പില്ലാത്ത വാദം കേള്‍ക്കുമ്പോള്‍ തന്നെ സാമാന്യ ബോധമുള്ളവര്‍ മൂക്കത്തു വിരല്‍ വെച്ചു പോകും. എഴുതാനറിയാവുന്ന ഒരൊറ്റ പ്രവാസി എഴുത്തുകാരിവിടെയില്ല. അതുപോലെ ഒരൊറ്റ നല്ല മലയാളി പ്രസിദ്ധീകരണവും.

പ്രിന്റഡ്‌ ആയിട്ടൊ ഓണ്‍ലൈന്‍ ആയിട്ടൊ ഇവിടെയില്ല. അതിനാല്‍ താനിവിടത്തെ ഒന്നും വായിച്ചു വെറുതെ സമയം കളയാറില്ല. വായിക്കണമെങ്കില്‍ നാട്ടിലെ എഴുത്തുകാരുടെ നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കണം എന്ന്‌ ശക്തിമത്തായി ഇത്തരം ചില കേമന്മാരും കേമികളും വീറോടെ വാദിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അതിനാല്‍ നാട്ടിലുള്ളവര്‍ക്കു മാത്രമെ അവാര്‍ഡുകള്‍ നല്‍കാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മലയാള ഭാഷയേയും പ്രസിദ്ധീകരണങ്ങളേയും സംബന്ധിച്ച്‌ നാട്ടിലുള്ളതുപോലെ താരതമ്യം ചെയ്യാന്‍ അസാധ്യമാണെങ്കില്‍ തന്നെയും ഇവിടെയും നല്ല മലയാള ഭാഷാ എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും ഉണ്ടെന്ന സത്യം മുന്‍പറഞ്ഞ ഇടുങ്ങിയ മനസ്ഥിതിക്കാര്‍ക്ക്‌ അജ്ഞാതമായിരിക്കാം.

പക്ഷെ ഇവിടത്തെ എഴുത്തുകാരില്‍, അവര്‍ എത്ര പരിണിതപ്രജ്ഞരായാല്‍ തന്നേയും ചുരുക്കം ചിലര്‍ പോയി സാഹിത്യ അക്കാദമിയിലും, സാഹിത്യ പരിഷത്തിലും, അവിടെ ഡിസ്‌ട്രിക്‌ട്‌ തലങ്ങളിലുള്ള പ്രസ്‌ ക്ലബ്ബുകളിലും, സെക്രട്ടറിയേറ്റിലെ മന്ത്രിമന്ദിരങ്ങളിലും പോയി ക്യാമറയും, പുസ്‌തകവും കൈയിലേന്തി ക്ലിപ്പുകളെടുത്ത്‌, നാട്ടില്‍നിന്ന്‌ പുരസ്‌ക്കാരങ്ങളും പാരിതോഷികങ്ങളും നേടി, കരസ്ഥമാക്കി എന്നു തലക്കെട്ടില്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ അതും അപഹാസ്യമായി തീരുന്നു.

മുന്‍ സൂചിപ്പിച്ച പ്രവാസിയായ പരമനാടു ഭക്തക്കര്‍ക്ക്‌ അപഹാസ്യത്തിന്റെ വെടി മരുന്നു നിറക്കാന്‍ ഇതുവഴി അവസരം ഒരുക്കി കൊടുക്കുന്നു. അതിനെപ്പറ്റിയൊക്കെ മനസ്സു തുറന്ന്‌ ഒരു സ്വതന്ത്ര വിശകലനം ചെയ്യാനൊരുങ്ങുന്ന വ്യക്തികള്‍ ഒരു പക്ഷെ വെറുപ്പിന്റേയും, എതിര്‍പ്പിന്റേയും തീമഴയില്‍ അഭിഷേകം ചെയ്യപ്പെട്ടേക്കാം. ഒരു പെട്ടിക്കടക്കാരന്‌ മറ്റൊരു പെട്ടിക്കടക്കാരനെ കണ്ടുകൂടാ എന്നു പറയാറില്ലെ. അതുപോലെ ഒരേ തൂവല്‍ പക്ഷികളായിരുന്നാല്‍ തന്നേയും ഒരെഴുത്തുകാരനേയും എഴുത്തുകാരിയേയും മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിക്കോ കണ്ടുകൂട എന്ന്‌ പറയുന്നതിലും അല്‌പം യുക്തി ഇല്ലാതില്ല. എന്നാല്‍ വായനക്കാര്‍ക്കു തമ്മില്‍ ഇത്ര അസൂയയോ കിടമല്‍സരമോ ഇല്ലെന്നു തന്നെ പറയാം.

ഇനി വായനയുടേയും വായനക്കാരുടേയും മറ്റൊരു വിഷയമെടുക്കാം. പുസ്‌തകങ്ങളാണൊ അതോ അനുദിനം വിവിധ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന രചനകളാളൊ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക, വായിക്കപ്പെടുക എന്ന ചോദ്യത്തിന്‌ വളരെ എളുപ്പം പറയാം. ഒരു പുസ്‌തകത്തിന്റെ ആയിരം മടങ്ങ്‌ വായനക്കാര്‍ അനുദിനം ഓണ്‍ലൈനിലും പത്രമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന കൃതികള്‍ക്കുണ്ട്‌. അഞ്ഞൂറൊ ആയിരമൊ പ്രതികള്‍ മാത്രം അച്ചടിക്കുന്ന മലയാള പ്രവാസി പുസ്‌തകങ്ങള്‍ ഇവിടെ എത്ര പ്രവാസി വായനക്കാരുടെ കൈയ്യില്‍ എത്തുന്നു? ചിന്തിക്കുക. തുലോം പരിമിതം മാത്രം. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഗ്രന്ഥ രചയിതാക്കളെ വളരെ ചുരുക്കം പേര്‍ മാത്രം അറിയുന്നു. എന്നാല്‍ ദിനംതോറും പത്രമാധ്യമങ്ങളിലെഴുതുന്ന ഒരു റിപ്പോര്‍ട്ടറെ പോലും ജനം അറിയുന്നു.

പോരാത്തതിന്‌ കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വന്നതോടെ പുസ്‌തകം പോലെ തന്നെ അത്തരം രചനകള്‍ സൂക്ഷിച്ചു സംരക്ഷിച്ചു വെക്കുവാനുള്ള അവസരങ്ങളുമുണ്ട്‌. അതിനാല്‍ പുസ്‌തക രചയിതാക്കള്‍ പോലും തങ്ങളുടെ പുസ്‌തകങ്ങള്‍ അനുദിന പ്രസിദ്ധീകരണങ്ങളില്‍ ഓരോ അധ്യായങ്ങളായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ പരിമിതമായി കോപ്പികള്‍ അച്ചടിച്ച അവരുടെ പുസ്‌തകങ്ങള്‍ പോലും അധികം പേരാലും വായിക്കപ്പെടാതെ പെട്ടിയിലിരുന്ന്‌ പൂപ്പല്‍ പിടിച്ച്‌ നശിച്ചു പോകും. ഏതു ശാഖയിലുള്ള രചനകളാണെങ്കിലും പ്രസിദ്ധീകരണമാണെങ്കിലും അതാതു നാട്ടിലെ വായനക്കാരുടെ പൊതു സ്വഭാവവും പള്‍സും അറിഞ്ഞ്‌ കാലോചിതമായി പ്രവര്‍ത്തിക്കണം, പരിഷ്‌ക്കരിക്കണം എന്നാണ്‌ സീരിയസായി പരിഗണിക്കപ്പേടെണ്ട വായനക്കാര്‍ ഐകമത്യത്തോടെ അഭിപ്രായപ്പെട്ടത്‌.

ഈ പരമ്പരയുടെ തുടക്കത്തിലെ ചില വിനീത ഉപാധികളും അപേക്ഷകളും വെച്ചിരുന്നു. അതായത്‌ പരമ്പര മുഴുവനായി എങ്ങും വെട്ടി വിഴുങ്ങാതെ വായിച്ചാല്‍ മാത്രമെ എഴുത്തുകാരന്റെ ആശയവും മനോഗതവും തീര്‍ത്തും മനസ്സിലാകുകയുള്ളൂവെന്നും എന്നിട്ടു വേണം ഇതിനെ വിലയിരുത്താവൂ, വിമര്‍ശിക്കാവൂ എന്ന്‌. അനേകം പോസിറ്റീവായ ഫീഡ്‌ബാക്ക്‌ കിട്ടിയപ്പോള്‍ വളരെ വിരളമായ നെഗറ്റീവ്‌ ഫീഡ്‌ബാക്കും കിട്ടി.

അവരോടും കൂടെ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വീണ്ടും അപേക്ഷിക്കുകയാണ്‌. ലേഖനപരമ്പര മുഴുവനായി വായിക്കുക. ചിന്തിക്കുക. അപ്പോള്‍ മനസ്സിലാകും നെഗറ്റീവ്‌ ചിന്തക്ക്‌ വലിയ പ്രസക്തിയില്ല എന്ന വസ്‌തുത. നൂറുശതമാനവും കുറ്റമറ്റതാണീ പരമ്പര എന്നും അവകാശപ്പെടുന്നില്ല. ഇത്‌ വായനക്കാരില്‍ നിന്ന്‌ കണ്ടതും കേട്ടതുമായ അനുഭവങ്ങളും ഉള്‍ക്കാഴ്‌ചകളുമാണ്‌. പല വായനക്കാരും ഉപയോഗിച്ച മാന്യത കുറഞ്ഞതും പരുഷവുമായ ഭാഷ അതേപടി ഇവിടെ പകര്‍ത്തിയിട്ടില്ല. അതുകൂടെ മുഴുവനായി പകര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ വിമര്‍ശകരുടെ എണ്ണം കൂടുമായിരുന്നു. ഈ പരമ്പരയുടെ ശീര്‍ഷകം പോലെ തന്നെ അമേരിക്കന്‍ മലയാളി വായനക്കാരുടെ ഒരു സ്വതന്ത്ര അപഗ്രഥനമാണിത്‌. അമേരിക്കന്‍ മലയാളി വായനക്കാരുടെ അഭിപ്രായങ്ങള്‍ അതേപടി കോപ്പി ചെയ്യുകയല്ല ഇവിടെ ചെയ്‌തിരിക്കുന്നത്‌. ലേഖകന്‍ അതിനെ സ്വതന്ത്രമായി അപഗ്രഥനം ചെയ്‌തു പഠിക്കുക കൂടെയാണ്‌ ചെയ്‌തിരിക്കുന്നത്‌. അവരിവിടെ വായിക്കുന്ന സാഹിത്യ രചനകളുടെ വാര്‍ത്തകളുടെ സംഭവവികാസങ്ങള്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി അപഗ്രഥിക്കുകയാണിവിടെ.

ഇവിടെ ആണെഴുത്ത്‌, പെണ്ണെഴുത്ത്‌ എന്നീ വ്യത്യാസത്തില്‍ ഒരു വിമര്‍ശനവും നടത്തിയിട്ടില്ല. മുഴുവന്‍ പ്രസിദ്ധീകരണങ്ങള്‍, മുഴുവന്‍ എഴുത്തുകാര്‍, മുഴുവന്‍ വായനക്കാര്‍ എന്ന്‌ അടച്ച്‌ ഇകഴ്‌ത്തിയൊ, പുകഴ്‌ത്തിയൊ എഴുതിയിട്ടില്ല. എഴുത്തിന്റെ ഉടനീളം ചില എന്ന പദപ്രയോഗങ്ങള്‍ മാത്രമാണ്‌ നടത്തിയിട്ടുള്ളത്‌. സംശയമുള്ളവര്‍ ഒന്നും വിടാതെ മുഴുവനായി ഒരു തുറന്ന മനസ്സോടെ വായിക്കുക. തൊണ്ണൂറ്റി എട്ട്‌ ശതമാനം ആള്‍ക്കാരും പ്രോല്‍സാഹജനകമായ പോസിറ്റീവ്‌ മറുപടി എഴുതി അവര്‍ക്കും അതുപോലെ വെറും 2 ശതമാനം വരുന്ന വിമര്‍ശകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ഇതിലെ വിമര്‍ശനങ്ങള്‍ക്കൊ കുറവുകള്‍ക്കൊ ഈ ലേഖകനും അതീതനല്ലെന്നു മാത്രമല്ല അറിഞ്ഞൊ അറിയാതെയൊ അതെല്ലാം കുറച്ചൊക്കെ ഉള്‍ക്കൊള്ളുന്നു എന്നു കൂടി പറയട്ടെ. ഒപ്പം ഒരു കാര്യം കൂടെ അവര്‍ ഓര്‍ക്കണം. സാധാരണയായി ഒരു നാടന്‍ പ്രയോഗമില്ലെ, കോഴി കട്ടവരുടെ തലയില്‍ പപ്പിരിക്കും എന്ന്‌. വീണ്ടും മറ്റ്‌ രചനകളും വിഷയങ്ങളുമായി ഇനി ഒരവസരത്തില്‍ നമുക്ക്‌ സന്ധിക്കാം. തല്‍ക്കാലം ഈ പരമ്പര കാലോചിതവും സമയോചിതവുമായ ആശംസകളോടെ ഉപസംഹരിക്കുന്നു. മാന്യവായനക്കാരുടെ എരിവും, പുളിയും, കയ്‌പും, മധുരവും നിറഞ്ഞ എന്ത്‌ അഭിപ്രായമൊ പ്രതികരണമൊ ആവട്ടെ സവിനയം, സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

(ലേഖനപരമ്പര അവസാനിച്ചു)
അമേരിക്കന്‍ മലയാളി വായനക്കാര്‍ (സ്വതന്ത്ര അപഗ്രഥനം- 6: എ.സി. ജോര്‍ജ്‌)
Join WhatsApp News
Sudhir Panikkaveetil 2014-12-05 08:22:12
വായനകാരില്ലെന്നു എഴുത്തുകാരും, എഴുതുകാരില്ലെന്നു (എഴുത്തുകാർ എല്ലാം നാട്ടിൽ എന്ന് ധ്വനി) വായനകാരും സമാന്തര രേഖകളെപോലെ
അമേരിക്കൻ മലയാളി സമൂഹത്തിൽ നീങ്ങുന്നു. ആ റെയിൽ പാളങ്ങളിലൂടെ പായുന്ന തീവണ്ടിയെ
ഒരു സ്റ്റേഷനിൽ നിരത്തി വണ്ടിയേയും യാത്രക്കാരെയും പരിചയപ്പെടുത്തി ശ്രീ ജോര്ജ്.  എന്തായാലും അങ്ങനെ ഒരു വണ്ടി ഓടുന്നുണ്ടെന്ന് ഇവിടെയുള്ളവർക്കരിയാം, അതിന്റെ കൂക്ക് വിളിയും, കാശു കൊടുക്കാതെ വണ്ടിയിൽ കയറാനുള്ള ചവിട്ടും കുത്തും  അതിനിടയിൽ ചില
അപകട മരണങ്ങളും. സമാന്തര രേഖകൾ  അടുത്തെങ്ങും കൂട്ടിമുട്ടുകയില്ലെന്ന് നല്ല പോലെ അറിയുന്ന ശ്രീ ജോര്ജ് വണ്ടിയുടെ ലക്ഷ്യവും, വണ്ടിയിലെ യാത്രക്കാരെയും വണ്ടി നില്ക്ക്കാവുന്ന സ്റ്റേഷനുകളും ഒക്കെ പരഞ്ഞു മനസ്സിലാക്കി നല്ല വിധത്തിൽ.   വണ്ടി, വണ്ടി, നിന്നെ പോലെ തലയിലെനിക്കും കലയാണ് എന്ന് പാടി പ്രതിദിനം പുതിയ യാത്രക്കാർ എത്തുന്നുവേന്നതും അമേരിക്കൻ മലയാള സാഹിത്യ എക്സ്പ്രസ്സ്‌ കേടില്ലാതെ ഓടുന്നു എന്നതിന് തെളിവല്ലേ.  ഇ മലയാളി വായനകാരെകൊണ്ട് എഴുത്തുകാരെ തിരഞ്ഞെറ്റുപ്പിക്കുന്നുണ്ട്.  നമുക്ക് കാത്തിരിക്കാം. ഒരു പക്ഷെ അവർ ഇവിടെ ആരുമില്ലെന്ന് പറഞ്ഞേക്കാം, അല്ലെങ്കിൽ ചിലരുണ്ടെന്ന് പറഞ്ഞേക്കാം. ആര്ക്കറിയാം, കുംഭ മാസ നിലാവ് പോലെ അമേരിക്കൻ മലയാളി വായനകാരുറെ മനസ്സ് , തെളിയുന്നതെപ്പൊഴെന്നരിയില്ല, മങ്ങുന്നതെപ്പോഴെന്നരിയില്ല....എന്തായാലും
വെറുതെ  അവിടെയും ഇവിടേയും ഇരുന്ന് വിടുവായ് അടിക്കാതെ ധൈര്യപൂര്വ്വം
അഭിപ്രായം പറയാൻ ഇ മലയാളി വായനകാര്ക്  ഒരവസരം
കൊടുക്കുന്നു.  സ്വന്തം പേരു വച്ച് പറയാത്ത അഭിപ്രായങ്ങൾ അസാധുവാക്കാൻ ഇ മലയാളിക്ക്  തോന്നാട്ടെ എന്നാശിക്കാം.

Ninan Mathullah 2014-12-05 18:16:34
Mr. A. C George has done a great service to the Malayalee community with his writings. He has spend a great deal of time and energy to keep us in focus when we tend to go out of focus. Here again his writing has helped many for a self evaluation and recollection. May God richly reward him for his service.
നാരദർ 2014-12-05 21:01:32
ഈ -മലയാളിയുടെ പോക്കറ്റടിച്ചു എ സി ജോർജ്ജിന്  പ്രതിഫലം കൊടുക്കാനാണോ മാത്തുള്ള ദൈവത്തോട് പ്രാർത്ഥിച്ചത്‌ ?  മാത്തുള്ളക്ക് പ്രാർഥിച്ചാൽപ്പോരെ നഷ്ടം ഈ -മലയാളിക്കല്ലേ.  ഇത് എന്ത് പരിപാടിയാ മാത്തുള്ള?
vinayen 2014-12-06 10:34:20
ഈ മലയാളിയിൽ ഞാൻ ആദ്യം നോക്കുന്നത് ചരമ വാർത്തകളിൽ ആണ്. എന്റെ ഫോട്ടോ ആരെങ്കെലിഉം  പത്രാധിപര്ക്ക് അയച്ചു കൊടുത്തോ എന്ന്. ഈ നാടല്ലെ എന്തും സംഭിവിക്കാമല്ലോ ? ലെഖകൻ പറഞ്ഞതുപോലെ ഒരു പ്രതിപലവും കിട്ടാതെ എഴുതുന്നവർ. സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവന്‍. അതുകൊണ്ട് അവരെ വിമര്സിക്കാറില്ല. എന്ന് വച്ച് എഴുതുന്നവരെ എല്ലാം സ്തുതിക്കാനും ഹസ്ത ധാനം ചെയ്യാനും ഞാൻ തയാറല്ല. ഞാൻ സമയം കിട്ടുബോഷെല്ലാം മലയാളം വായിക്കുന്ന കൂട്ടത്തിലാണ്. സ്ഥിരമായി മലയാളമനോരമ,ഭാഷാപോഷിണി,മാതൃഭൂമി,വീക്ഷണം  വായിക്കുന്ന  ഒരു അമേരിക്കൻ മലയാളി ആണ്. അതിൽ വരുന്ന ലേഖനങ്ങളെക്കൾ ഒരു പടി മുന്പിലോ ഒപ്പമോ എഴുതന്ന എഴുത്തുകാർ എവിടെ ഉണ്ട് എന്ന് ഞാൻ വിശ്വ്യസിക്കുന്നു. ഇതു മനസിലാക്കാൻ ബിരുധ്നന്തര ബിരുതമൊ കേരള സാഹിത്യ അക്കാദമി  അവാർഡ്‌ കിട്ടണമെന്നില്ല. (അക്ബര് കക്കട്ടില്നും പെരുമ്പടവം ശ്രീധരനും കിസ്സ്‌ മൈ ***). താങ്കളുടെ ലേഖനം വളരെ നന്നായിരുന്നു. താങ്കൾ എന്ത് കൊണ്ട് സമകാലിന പ്രശനങ്ങലെകുരിച്ചു എശുതുനില്ല ?(ഫെര്ഗുസണ്‍,ന്യൂ യോർക്ക്‌ ) ഇതു നമ്മളെ എല്ലാം ബാധിക്കുനതല്ലേ? എഴുതു, മനോരമയിലും, വീക്ഷണത്തിലും പ്രസിധികരിക്ക് .
നന്ദി

Regi 2014-12-06 20:31:58
Very good.keep it up
Tom Vachaparambil 2014-12-08 12:26:09
Good work George
Tom
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക