Image

ഒളിമങ്ങാത്ത പ്രഭാപൂരം (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

Published on 06 December, 2014
ഒളിമങ്ങാത്ത പ്രഭാപൂരം (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
ഡിസംബര്‍ 8, 2012 ക്രിസ്‌തുദേവനെ എതിരേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന വര്‍ണ്ണ ശബളിമയാര്‍ന്ന സായാഹ്നം.മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭാവിശ്വാസികളെ ദുഃഖത്തിന്റെ താഴ്‌വരയിലേക്ക്‌ ആഴ്‌ത്തിക്കൊണ്ട്‌ ആ വാര്‍ത്ത പരന്നു. `മലങ്കരഓര്‍ത്തോഡോക്‌സ്‌ സഭയുടെ സീനിയര്‍ മെത്രാപ്പൊലീത്ത അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ കാലം ചെയ്‌തു'. ആ താപസ ശ്രേഷ്‌ഠനെ അടുത്തറിഞ്ഞവരെല്ലാം കണ്ണുനീരോടെ ആ വാര്‍ത്ത ഉള്‍ക്കൊണ്ടു. രണ്ടു വര്‍ഷങ്ങള്‍ കൊഴിഞ്ഞ്‌ വീണിട്ടും തിരുമേനിയെ ഓര്‍ക്കുന്നവരുടെ കണ്ണില്‍ ഇപ്പോഴും വെള്ളം നിറയുന്നു. സ്വര്‍ഗ്ഗസ്‌ഥനായി എന്ന്‌ വിശ്വസിക്കുമ്പോഴും നമ്മുടെ ഇടയില്‍നിന്നും വിട്ടുപോയ ദു:ഖത്തിന്റെ തേങ്ങല്‍ പ്രിയപ്പെട്ടവര്‍ക്ക്‌ ചുറ്റും ഘനീഭവിച്ചു നില്‍ക്കയാണ്‌. അഭിവന്ദ്യനായ ആ ദിവ്യാത്മാവിനെകുറിച്ച്‌ എഴുതാന്‍ വാക്കുകള്‍ അപര്യാപ്‌തങ്ങളാണ്‌. എങ്കിലും തിരുമേനിയുടെ ഓര്‍മ്മദിനത്തില്‍ കുറെ നല്ല ഓര്‍മ്മകളെ അക്ഷരത്തിലാക്കാന്‍ ശ്രമിക്കുന്നു. മനുഷ്യര്‍ക്ക്‌ ദിവ്യപരിവേഷം ലഭിക്കുന്നത്‌ നമ്മള്‍ കണ്ടറിയുകയും വായിച്ചറിയുകയും ചെയ്‌തിട്ടുണ്ടെങ്കിലും ചിലരുടെ ഇഹലോകവാസവും അവരുടെ സ്വര്‍ഗ്ഗാരോഹണവും എന്നെന്നും മനുഷ്യരാശി ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. തിരുമേനി അവരില്‍ ഒരാള്‍ ആണ്‌. ദൈവീക ചിന്തകളും, ദൈവവചനങ്ങള്‍ക്കനുസരിച്ചുള്ള നിര്‍മ്മല ജീവിതവും അദ്ദേഹത്തിന്റെ ജീവിത വ്രതമായിരുന്നു. വൈദിക ജീവിതം അദ്ദേഹം ധന്യമാക്കി കടന്നുപോയി.

1992ല്‍ അഭിവന്ദ്യ ബര്‍ണബാസ്‌തിരുമേനി അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതു മുതലാണ്‌്‌ ഞാന്‍ ആ യോഗിവര്യനെ പരിചയപ്പെടുന്നത്‌ ക്രിസ്‌തീയ കൂട്ടായ്‌മയുടെ നേത്രുത്വനിരയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം അദ്ദേഹമാണ്‌ എനിക്ക്‌ നല്‍കിയത്‌. അല്‍പ്പം സാഹിത്യാഭിരുചി ഉണ്ടായിരുന്ന എന്നെ നസ്രാണി സാഹിത്യത്തിലേക്ക്‌ നയിച്ചതും തിരുമേനിയായിരുന്നു.

രണ്ടു കുപ്പായമുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവനു നല്‍കണം എന്ന ക്രിസ്‌തീയ ജീവിത തത്വം പ്രായോഗികമാക്കിയ ശ്രേഷ്‌ഠ പുരോഹിതനെ അടുത്തറിയാന്‍ കഴിഞ്ഞതുതന്നെ എന്റെ പുണ്യം. ലളിതമായ സ്വജീവിതം സഭാമക്കള്‍ക്ക്‌ ശ്രേഷ്‌ഠ മാതൃകയാക്കി ഇടയ ശുശ്രൂഷ നിര്‍വ്വഹിച്ച ആ പിതാവിന്റെ സ്‌നേഹവാത്സ്യല്യങ്ങള്‍ക്ക്‌ പാത്രീഭൂതയാകാന്‍ സാധിച്ചത്‌ എന്റെ സ്വകാര്യ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

തികഞ്ഞ ദൈവാശ്രയവും പ്രാര്‍ത്ഥനാ ജീവിതവും സഭയുടെ വിശ്വാസാചാരങ്ങളിലുള്ള കൃത്യനിഷ്‌ഠയും കൈമുതലാക്കി സത്യത്തിന്റേയും നീതിയുടേയും സ്‌നേഹത്തിന്റേയും വെന്നിക്കൊടിപാറിച്ച മുനിശ്രേഷ്‌ഠന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ പരിശുദ്ധന്‍ എന്ന്‌ അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ വിശ്വസിച്ചു.

മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയുടെ തേജസ്സായിരുന്ന ആ പൊന്‍വിളക്ക്‌ പൊലിഞ്ഞു എന്നാല്‍, സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശുദ്ധിയുടേയും അനര്‍ഘ ശോഭപരത്തികൊണ്ട്‌ ആ കനക ദീപം, ആയിരം ദീപങ്ങള്‍ ഒരുമിച്ച്‌ കത്തുമ്പോഴുണ്ടാകുന്ന പ്രഭാപൂരം, വിശ്വാസികളുടെ ഹൃദയങ്ങളില്‍ എന്നും ജ്വലിച്ചു നില്‍ക്കും.
ഒളിമങ്ങാത്ത പ്രഭാപൂരം (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
ഒളിമങ്ങാത്ത പ്രഭാപൂരം (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

ഒളിമങ്ങാത്ത പ്രഭാപൂരം (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക