ഡിസംബര്‍ മാസത്തിലെ ശീതക്കാറ്റിന്റെ ഇരമ്പല്‍ കൂടികൂടി വരുന്നു. സകല ചരാചരങ്ങളും
സുഷുപ്‌തിയിലാണ്ടിരിക്കുന്ന ഈ നിശബ്‌ദയാമത്തില്‍ ഞാന്‍ മാത്രം നിദ്രാവിഹീനയായി
വിവിധ ചിന്തകളുടെ ലോകത്തില്‍ ചുറ്റിത്തിരിയുകയാണ്. കിടക്കവിട്ടെഴുന്നേറ്റ്
ജനാലയില്‍കൂടി പുറത്തേക്ക് നോക്കി. തുടര്‍ച്ചയായി പെയ്‌ത്‌കൊണ്ടിരിക്കുന്ന മഞ്ഞ്
ഭൂതലത്തെയാകെ മൂടിയിരിക്കുന്നു. ഇല കൊഴിഞ്ഞ വൃക്ഷക്കൊമ്പുകള്‍ വൈദ്യുതിവിളക്കിന്റെ
പ്രകാശത്തില്‍ അതിമനോഹരമായിരിക്കുന്നു. വീടിനു മുമ്പിലുള്ള വരാന്തയും
നടപ്പാതയുമെല്ലാം ഇപ്പോള്‍ മൂടിയിരിക്കാം. പണ്ട് ഇതുപോലെ മഞ്ഞ് പെയ്യുന്ന
ദിവസങ്ങളില്‍ ഡാഡിയും മകനും കൂടി എത്രവേഗമാണ് ഡ്രൈവെയും നടപ്പാതകളും
വ്രുത്തിയാക്കിയിരുന്നത്. ഇന്നിപ്പോള്‍ എല്ലാറ്റിനും ആരെയെങ്കിലും
ആശ്രയിക്കേണ്ടിയിരിക്കുന്നു. മനസ്സിനെ മഥിക്കുന്ന ചിന്തകളുമായി വീണ്ടും കിടക്ക
പൂകി. എങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല.
എന്റെ പ്രിയതമന്‍
ശാന്തനായുറങ്ങുന്നു. നൈറ്റ് ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ ആ മുഖം ഞാന്‍
ശ്രദ്ധിച്ചു. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കഴുത്തില്‍ താലി
ചാര്‍ത്തിയ അരോഗദ്രുഡഗാത്രനായിരുന്ന യുവകോമളന്റെ മുഖത്തെ ഓജസ്സ്‌്
മങ്ങിപ്പോയിരിക്കുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അദ്ദേഹവുമൊത്തുള്ള
ദാമ്പത്യം എന്നും സന്തോഷത്തിന്റെ നാളുകളായിരുന്നു. പരസ്‌പരം കരുതലുള്ള,
ദൈവാനുഗ്രഹമുള്ള ഭാര്യാഭര്‍ത്താക്കന്മാരെന്ന് ബന്ധുക്കളും സുഹ്രുത്തുക്കളും
പറയുമ്പോള്‍ ഞാന്‍ അഭിമാനിച്ചിരുന്നു.
ഭൂമിദേവിയുടെ ഉറക്കം കെടുത്താതെ വളരെ
മ്രുദുലമായി ആകാശം മഞ്ഞ് പൊഴിച്ചുകൊണ്ടിരുന്നു. ഓര്‍മ്മകളുടെ ലോകത്തിലേക്ക്
പിടിച്ചുയര്‍ത്താന്‍ വേണ്ടി ആരോ എന്റെ ഉറക്കം കവര്‍ന്നെടുത്തിരിക്കുന്നു. എന്റെ
ബാല്യവും കൗമാരവും പിന്നിട്ട മനോഹരമായ ഗ്രാമവും അവിടെ പ്രതാപത്തോടെ തലയുയര്‍ത്തി
നിന്ന തറവാടും എല്ലാം ഇപ്പോള്‍ എന്റെ സ്‌മൃതിപഥത്തിലെത്തി
നോക്കുന്നു.
നാലുകെട്ടും ചാവടിപ്പുരയും ഇന്നും ഒരു ചരിത്ര സത്യം പോലെ
അവശേഷിക്കുന്ന എന്റെ തറവാട് വലിയ തിരക്കുകളൊന്നുമില്ലാതിരുന്ന, നഗരത്തോട്
ചേര്‍ന്ന് കിടക്കുന്ന ഒരു ഹരിത സുന്ദര ഗ്രാമത്തിലായിരുന്നു. വിശുദ്ധിയുടെ
പര്യായമായ ഗ്രാമം. പുഞ്ചപ്പാടങ്ങളും ആമ്പല്‍പൊയ്‌കകളുംകൊണ്ട് മനോഹരമായ ആ
ഗ്രാമത്തിന്റെ ചാരുതയാര്‍ന്ന ചിത്രം വരക്കുന്നത് കുളിര്‍മ്മ പകരുന്ന ഒരനുഭൂതിയാണ്
എനിക്ക് പ്രദാനം ചെയ്യുന്നത്. പ്രധാനവീഥിയില്‍ നിന്നും ചെമ്മണ്ണ് വിരിച്ച ചെറിയ
പാത ചെന്നവസാനിക്കുന്നത് ഞങ്ങളുടെ തറവാടിന്റെ പടിപ്പുരയിലാണ്. തെങ്ങ്, കവുങ്ങ്,
പ്ലാവ് തുടങ്ങിയ ഫലവ്രുക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞ തറവാട്ട് വളപ്പ്
ഐശ്വര്യദേവതയുടെ നര്‍ത്തനവേദിയായിരുന്നു. അകത്തേക്ക് കടന്നാല്‍ വെള്ള മണല്‍
വിരിച്ച വീതിയുള്ള നടപ്പാത. പാതയുടെ ഇരുവശങ്ങളിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന
പൂമരങ്ങളും ചെടികളും. വിശാലമായ മുറ്റത്ത് നടപ്പാത
അവസാനിക്കുന്നു.
മുറ്റത്തിനു ചുറ്റും റോസ്‌്, മുല്ല, വിവിധ ഇനങ്ങളിലുള്ള
മരച്ചെടികള്‍ തുടങ്ങിയവ ആകര്‍ഷകപൂര്‍വ്വം നട്ടുവളര്‍ത്തിയിരിക്കുന്നു.
മുറ്റത്തത്തിന്റെ നടുവിലായി തുളസിത്തറ, മുറ്റത്തിന്റെ കിഴെക്കെ അതിര്‍ത്തിയിലായി
തെറ്റി, ശംഖുപുഷ്‌പം, ചെമ്പരത്തി തുടങ്ങിയവ വളര്‍ന്ന്‌പന്തലിച്ച് നില്‍ക്കുന്നു
നന്ദനോദ്യാനം അതിന്റെ മദ്ധ്യത്തില്‍ മരിച്ചവരുടെ ആത്മാക്കളെ
കുടിയിരിത്തിയിരിക്കുന്നു. കുര്യാല. നിത്യവും, സന്ധ്യാവേളകളില്‍ കുര്യാലയില്‍ ദീപം
തെളിച്ചിരുന്ന എന്റെ അമ്മയുടെ ചിത്രം ഉള്ളില്‍ മങ്ങാത്ത ഓര്‍മ്മയായി
അവശേഷിക്കുന്നു.
അമ്മ സുഖമില്ലാതെ കിടന്നിരുന്ന അവസാനനാളുകളില്‍ ഏതാനും
മാസങ്ങള്‍ അമ്മയുടെ പരിചരണത്തിനായി ഞാന്‍ തറവാട്ടില്‍ അമ്മയോടൊപ്പമുണ്ടായിരുന്നു.
അന്നു അമ്മ പറഞ്ഞു മക്കളൊക്കെ വലുതായി അവരുടെ ജീവിതം തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍
അനാഥരാകുന്നു. അപ്പോള്‍ ജീവിതത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഒരു ഏകാന്ത
തീരത്ത് എത്തുന്ന പ്രതീതിയാണ്. നിശബ്‌ദത എങ്ങും തളം കെട്ടി നില്‍ക്കുന്ന ഒരു
അവസ്‌ഥ. ഓടി തളര്‍ന്ന കുതിരകളായി ഒരു മൂലയില്‍ ഒതുങ്ങികൂടേണ്ടി വരുക എന്നത്
വാര്‍ദ്ധക്യത്തിന്റെ അനിവാര്യതയാണു. പക്ഷെ ഈ നിശ്ശബ്‌ദത, ശൂന്യത പ്രായം ചെന്ന
ശരീരത്തെക്കാള്‍ മനസ്സിനെ ഭയപ്പെടുത്തുന്നു. കിളികള്‍ പറന്ന് പോയ ഒരു കൂടാണ് ഈ
തറവടെന്നു അമ്മ പറയുന്നത് കേട്ട് അമ്മക്കൊപ്പം അമ്മയുടെ തൂക്കുകട്ടിലില്‍
ഇര്രുന്നപ്പോള്‍ അമ്മ വിവരിച്ച ആ അവസ്‌ഥയുടെ ഭീകരത പൂര്‍ണ്ണമായി മനസ്സിലാക്കാന്‍
സാധിച്ചില്ല. തന്നെയുമല്ല അമ്മയ്‌ക്ക് ഞങ്ങള്‍ കൂടെയുണ്ടല്ലോ എന്ന ഒരു സമാധാനം
പറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ചരിത്രം ആവര്‍ത്തിക്കുന്നു
എന്നു പറയുന്നത് എത്ര ശരി. അന്ന് അമ്മയോടൊപ്പം അമ്മയെ സമാശ്വസിപ്പിച്ച ഞാനും
ഭര്‍ത്താവും ഇന്നു വാര്‍ദ്ധക്യ ദശയിലാണ്. മഞ്ഞ്‌് പെയ്യുന്ന ഈ രാത്രിയില്‍ ഞാനും
എന്റെ ഭര്‍ത്താവും ഈ വീട്ടില്‍ തനിയെയാണു. അമ്മയുടെ തൂക്ക് കട്ടില്‍ പോലെ എന്റെ
മനസ്സ് ആടികൊണ്ടിരിക്കുന്നു. പേടിപ്പിക്കുന്ന നിശ്ശബ്‌ദതയാണു ചുറ്റിലും. ചുവരില്‍
കുട്ടികളുടെ പടങ്ങള്‍ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കുന്നു. മക്കളുടെ ഓരോ
ജന്മദിനാഘോഷങ്ങളിലും എടുത്ത ഫോട്ടോകള്‍. മഞ്ഞുകാലങ്ങളില്‍ പരസ്‌പരം മഞ്ഞു കട്ട
വാരിയെറിഞ്ഞ് വീടിന്റെ നാലുചുറ്റും ഓടിനടന്നു കളിക്കുന്ന കുസ്രുതിക്കുടുക്കകളുടെ
ചിത്രങ്ങള്‍. എത്ര പെട്ടെന്നാണവര്‍ വളര്‍ന്നത്. ഗ്രാജുവേഷനു - ഗൗണും ക്യാപ്പും
അണിഞ്ഞ്, നില്‍ക്കുന്ന അഭിമാനം സ്‌ഫുരിക്കുന്ന, പുഞ്ചിരിക്കുന്ന ഫോട്ടോകള്‍.
പിന്നീട് വിവാഹഫോട്ടോകള്‍. ഏറ്റവും അവസാനമായി കൊച്ചുമക്കളുടെ ഓമനത്വം തുളുമ്പുന്ന
വിവിധ ചിത്രങ്ങള്‍. ജീവിതത്തിന്റെ നല്ല നാളുകളുടെ പ്രതിഫലനങ്ങള്‍. അവരെല്ലാം
വളര്‍ന്ന് കുടുംബങ്ങളുമായി വേറെ താമസിക്കുന്നു എന്ന് വിശ്വസിക്കാന്‍ ചിലപ്പോള്‍
പ്രയാസമാണ്. . അവര്‍ക്ക് അഛനേയും അമ്മയേയും ഇഷ്‌ടമാണ്, പതിവായി ഫോണില്‍
വിളിക്കാറുണ്ട്. പക്ഷെ കൂടെ കൂടെയുള്ള സന്ദര്‍ശനം അകലെയുള്ള പട്ടണങ്ങളില്‍
താമസിക്കുന്ന അവര്‍ക്ക് ബുദ്ധിമുട്ടാണു.
അവരുടെ നിര്‍ബന്ധത്തിനു
വഴങ്ങിയാണ് ഈ കൊച്ചു വീട്ടിലേക്ക് താമസം മാറ്റിയത്. പൂന്തോട്ടങ്ങളും, പുറകില്‍
വിശാലമായ പുല്‍ത്തകിടികളുമുള്ള വീട് വയസ്സായവര്‍ക്ക് പരിപാലിക്കാന്‍
പ്രയാസമാണു്. ആ വലിയ വീടു വിറ്റു പോരുമ്പോള്‍ അവരുടെ പപ്പക്ക് വലിയ
പ്രയാസമായിരുന്നു. വേനല്‍കാല പച്ചക്കറികള്‍ നട്ടു വളര്‍ത്തുന്നതില്‍ എനിക്ക്
താല്‍പര്യമായിരുന്നെങ്കിലും അദ്ദേഹത്തിനു ഉത്സാഹമുണ്ടായിരുന്നില്ല. അദ്ദേഹം അവിടെ
നട്ട മുന്തിരിചെടി പടര്‍ന്ന് പന്തലിച്ച് തുടങ്ങിയ കാലമായിരുന്നു അപ്പോള്‍. അത്
വിട്ടു പോരാന്‍ അദ്ദേഹത്തിനു വിഷമമായിരുന്നു. ഈ വീട്ടില്‍ വന്നിട്ടും എന്നും
അദ്ദേഹം പറയുമായിരുന്നു. നമുക്ക് പോയി മുന്തിരി വള്ളി തളിര്‍ത്തൊ എന്നു
നോക്കാമെന്നു.
ഈ മഞ്ഞ് കാലം കഴിയാന്‍ ഏകദേശം അഞ്ച് മാസങ്ങള്‍ കഴിയണം.
വയസ്സായവരെ വല്ലാതെ കഷ്‌ടപെടുത്തുന്ന കാലമാണിത്‌്. അസുഖങ്ങള്‍ തലപൊക്കുന്നതും
മാറാതിരിക്കുന്നതും ഇപ്പോഴാണു. പുറത്തേക്കിറങ്ങാന്‍ കഴിയാതെ വീട്ടിനുള്ളില്‍
കഴിച്ചുകൂട്ടേണ്ടി വരിക.എല്ലാ ഓര്‍മ്മകളും സട കുടഞ്ഞെഴുന്നേല്‍ക്കുന്നത്
ഇപ്പോഴാണെന്നു തോന്നുന്നു. ഒഴിവുകാലങ്ങളില്‍ കുട്ടികളുടെ മുറികളില്‍ നിന്നും ഒഴുകി
വരുന്ന ഇംഗ്ലീഷ് പാട്ടുകള്‍. അവര്‍ പരിശീലിക്കുന്ന വാദ്യോപകരണങ്ങളുടെ ശബ്‌ദം.
ചിലപ്പോള്‍ കാതടപ്പിക്കുന്ന ശബ്‌ദം. അന്ന് അവരെ ശാസിച്ചിട്ടുണ്ട്. ഇപ്പോള്‍
അങ്ങനെ ശബ്‌ദങ്ങള്‍ അവരുടെ മുറികളില്‍ നിന്നും കേള്‍ക്കാന്‍
ആഗ്രഹിക്കുന്നു.
ഇപ്പോള്‍ വിശേഷദിവസങ്ങള്‍ക്ക് കാത്തിരിക്കുന്നത്
ഞങ്ങളാണു. ഈ തണുപ്പ് കാലത്ത് ആഘോഷിക്കുന്ന ക്രുസ്‌തുമസ്സ്, ക്രുസ്‌തുവിന്റെ
ജന്മം പോലെ തന്നെ ഞങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രഹപ്രദമണ്. ആ അവസരത്തില്‍ മക്കളും
കൊച്ചുമക്കളും ഒത്തുള്ള കൂടിചേരല്‍ എല്ലാ വേദനകളും മാറ്റുന്നു. മഞ്ഞില്‍ കളിക്കാന്‍
കമ്പിളി വസ്ര്‌തങ്ങളും ധരിച്ച് കൊച്ചു മക്കള്‍ പുറത്ത് പോയി സ്‌നൊ മാനെ ഉണ്ടാക്കി
വല്യമ്മക്ലിക്ക് കൊണ്ട് വരുന്നത് മഞ്ഞുപോലെ സുഖമുള്ള ഒരു ഓര്‍മ്മയാണു.
ശൈത്യത്തിന്റെ പിടിയില്‍ വാതം കോപിച്ചത് മൂലം തണുപ്പ് സഹിക്കാന്‍ പറ്റാത്ത എന്റെ
കൈകളിലേക്ക് അത് വച്ചു തരുമ്പോള്‍ വാസ്‌തവത്തില്‍ തണുപ്പല്ല വാത്സല്യത്തിന്റെ
ചെറു ചൂടാണു അനുഭവപ്പെടുക. സ്‌നേഹത്തിന്റെ മധുരം ചേര്‍ത്ത് വല്യമ്മച്ചിയുണ്ടാക്കി
വക്കുന്ന കുക്കികള്‍ തിന്നു ചിലപ്പോള്‍ കുട്ടികള്‍ തമ്മില്‍ തമ്മില്‍ കലഹിച്ച്
കുക്കി ഭരണികള്‍ ഉടച്ച്‌് അടുക്കളയില്‍ കോലാഹലം ഉണ്ടാക്കുമ്പോള്‍ കോപത്തിനു പകരം
അവരോട് വാത്‌സല്യം ഏറുകയാണു. അപ്പോഴാണു മക്കളുടെ ചോദ്യങ്ങള്‍. ഞങ്ങള്‍
ചെറുപ്പത്തിലെ എന്തെങ്കിലും നശിപ്പിച്ചാല്‍ അടി തരാതെ ഞങ്ങളെ വെറുതെ
വിടുമായിരുന്നില്ലല്ലോ. ഇപ്പോള്‍ എന്തേ ആ ശൗര്യം പോയോ?
അവരോടു എന്തു
പറയാന്‍. ഒരു വല്യമ്മച്ചിയുടെ ഹ്രുദയത്തില്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും ഉള്ള
സ്‌നേഹം അളക്കാന്‍ കഴിയുന്നതാണോ. ഒരു കുഞ്ഞ് ജനിച്ചുവളര്‍ന്ന് വലുതാകുന്നത് വരെ
അതിനു ശേഷവും ഈ കാലഘട്ടങ്ങളിലെല്ലാം മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ ശക്‌തിയും
അളവും കൂടുകയല്ലാതെ കുറയുന്നില്ല. മക്കളെകുറിച്ചുള്ള മാതാപിതാക്കളുടെ
സ്വ്‌പനങ്ങള്‍ക്ക് അതിരുകളില്ല. അത്‌കൊണ്ടായിരിക്കും പ്രായമാകുമ്പോള്‍ അവര്‍
അടുത്തില്ലെങ്കില്‍ അതു വളരെ വേദനാജനകമാകുന്നത്.
പകല്‍ കഴിഞ്ഞ് സന്ധ്യ
വരുമ്പോള്‍, രാത്രിയാകുമ്പോള്‍ അനുഭവപ്പെടുന്ന ഒരു ഏകാന്തതയും, ശൂന്യതയും എങ്ങനെ
വിവരിക്കാനാണു. ഒരു വിമാനം പോകുന്ന ശബ്‌ദം കേള്‍ക്കുന്നു. ആ വിമാനത്തിലെ
യാത്രക്കാരെല്ലാം പ്രിയപ്പെട്ടവരെ കാണാനുള്ള വെമ്പലോടെ യാത്ര ചെയ്യുകയാണു.. എന്നെ
സംമ്പന്ധിച്ചടത്തോളം ജീവിതവും ഒരു യാത്ര തന്നെ. പലരും കരുതുന്നത് ജീവിതത്തിന്റെ
ലക്ഷ്യം മരണമാണെന്നണു. എന്നെ സമ്പന്ധിച്ചടത്തോളം നമ്മുടെ ജീവിതത്തില്‍ നമുക്ക്
കിട്ടുന്ന ഭാഗങ്ങള്‍ ഭംഗിയായി അഭിനയിച്ചുതീര്‍ക്കുക എന്നതാണു. അഭിനയത്തില്‍
ആത്മാര്‍ത്ഥത ഉണ്ടാകണമെന്നു മാത്രം.. ഓര്‍മ്മകളുടെ ഒരു വലിയ സഞ്ചി ഞാന്‍ അഴിച്ച്
നിരത്തി. ഇതിനിടയില്‍ എന്റെ പ്രിയതമന്‍ കണ്ണു തുറന്നു. നേരം വക്ലാതെ
പുലര്‍ന്നിരിക്കുന്നു. ചൂടോടെ ഒരു കപ്പ് കാപ്പി കിട്ടിയിരുന്നെങ്കില്‍ എന്ന്
വെറുതെ ആശിച്ചുപോയി.. അതിനു ഞാന്‍ തന്നെ അടുക്കളയിലേക്ക് പോകണം. അമേരിക്കയില്‍
മാത്രുദിനാഘോഷ ദിവസം മക്കള്‍ പപ്പക്കും, മമ്മിക്കും കാപ്പി ഉണ്ടാക്കനൊക്കെ
ഉത്സാഹിക്കാറുണ്ട്‌്. പക്ഷെ മത്രുഹ്രുദയമല്ലേ അവരെകൊണ്ട് അത് ചെയ്യിക്കാന്‍
തോന്നുകയില്ല. അതിനു സമ്മതിക്കാതാവുമ്പോള്‍ അവര്‍ പറയും ഈ മമ്മി വേണമെങ്കില്‍
കിച്ചനില്‍ കിടക്കാനും റഡിയാകും. മമ്മിയോടും പപ്പയോടുമുള്ള സ്‌നേഹാദരവുകള്‍
പ്രകടിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണു് മാത്രുദിനവും, പിതുദിനവും എന്ന് കുട്ടികള്‍
ഉറച്ച് വിശ്വസിച്ചു പോന്നു. മമ്മിക്ക് പൂക്കളോടും ചെടികളോടുമുള്ള അമിതമായ
താല്‍പ്പര്യം മനസിലാക്കിയിരുന്ന മക്കള്‍ ആ ദിവസങ്ങളില്‍ അതിരാവിലെതന്നെ
ആകര്‍ഷണീയമായ പൂക്കള്‍ സമ്മാനിച്ചിരുന്നു. കൂട്ടത്തില്‍ മധുരമേറിയ നിഷ്‌ക്കളങ്കമായ
സ്‌നേഹചുമ്പനങ്ങളും. വളര്‍ന്ന് കഴിഞ്ഞിട്ടൂം കഴിയുന്നതും ആ പതിവു
തെറ്റിക്കാറിക്ലായിരുന്നു. എന്നാല്‍ ക്രമേണ ആ സ്‌നേഹപ്രകടനങ്ങളെല്ലാം ആകര്‍ഷണീയമായ
കാര്‍ഡുകളില്‍ ആരോ എഴുതിചേര്‍ത്ത മനോഹരമായ വാക്കുകളില്‍ ഒതുങ്ങാന്‍
തുടങ്ങുന്നു.
നേരത്തെ ഉണര്‍ന്ന് കിടക്കുന്നത് കൊണ്ട് ഉറക്ക ക്ഷീണം.
അപ്പോള്‍ അതാ ആരൊ ഡോര്‍ ബെല്ല് അടിക്കുന്നു. ആരാ ഈ വെളുപ്പാന്‍ കാലത്ത് എന്ന്
പറഞ്ഞപ്പോള്‍ എന്റെ പ്രിയതമന്‍ പറഞ്ഞു - ക്ലോക്കിലോട്ട് നോക്കൂ, മണി എട്ടു
കഴിഞ്ഞു. പതുക്കെ എഴുന്നേറ്റ് ചെന്നു വാതില്‍ തുറന്നപ്പോള്‍ ഫെഡ്
എക്‌സ്‌പ്രെസ്സ് കമ്പനിക്കാര്‍ ഒരു വലിയ പാക്ക്‌റ്റ് വച്ച് പോയിരിക്കുന്നു. അതു
പൊക്കാനുള്ള ശക്‌തിയില്ലാത്തത് കൊണ്ട് പതുക്കെ ഉള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടു
വന്നു. അയച്ചിരിക്കുന്നത് മകനാണു. വളരെ ആഹ്ലാദത്തോടെ അത് തുറന്നു നോക്കിയപ്പോള്‍
ഞങ്ങള്‍ക്കുള്ള സമ്മാനങ്ങളാണു. ക്രുസ്‌തുമസ്സിനുള്ള സമ്മാനങ്ങള്‍ അവന്‍ വരുമ്പോള്‍
കൊണ്ട് വരുന്നതാണു പതിവു. ഇക്കൊല്ലം എന്തു പറ്റി എന്നാലൊചിക്കവെ കയ്യില്‍ ഒരു
കത്ത് തടഞ്ഞു. അവന്റെ കത്താണ്. അവനും ഭാര്യയും മക്കളും ക്രുസ്‌തുമസ്സ്
അവുധിക്ക് എവിടേയോ വിനോദ യാത്ര പോകുന്നു. കൂടെ ഞങ്ങളുടെ മകളും കുടുംബവും.
ഇക്കൊല്ലം അവര്‍ വരുന്നില്ല. കുറച്ചുമുമ്പ് വരെ കൂട്ടി വല്ല ഒത്തിരി ഒത്തിരി
സ്വ്‌പനങ്ങളുടെ പളുങ്ക് പാത്രം ചിന്നി ചിതറി. ചിന്തകള്‍ വീണ്ടും കഴിഞ്ഞ്‌പോയ നല്ല
നാളുകളിലേക്ക് ഒഴുകിപ്പോകുന്നു. ക്രുസ്‌തുമസ് കാലങ്ങള്‍ എന്നും ആക്ലാദത്തിന്റെ
ദിനങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. ജാതിയോ, മതമോ ഒന്നും ആ സുദിനങ്ങള്‍ക്ക്
അതിരുകള്‍ തീര്‍ത്തിരുന്നില്ല. നവംബര്‍ മാസം ആദ്യം മുതല്‍ കുട്ടികള്‍ രണ്ട്‌പേരും
അവര്‍ക്ക് സമ്മാനമായി വാങ്ങേണ്ട സാധനങ്ങളുടെ നീണ്ട ലിസ്‌റ്റ്
തയ്യാറാക്കിയിരിക്കും. വാരാന്ത്യങ്ങളില്‍ ആ ലിസ്‌റ്റുമായി ഷോപ്പിങ്ങ്. ഡിസംബര്‍
പകുതി ആകുമ്പോഴേക്കും വീടിന്റെ ഒരു മുറി സമ്മാനപ്പൊതികള്‍ കൊണ്ട് നിറഞ്ഞിരിക്കും.
അവര്‍ക്ക് മാത്രമല്ല അവരുടെ സ്‌നേഹിതര്‍ക്കും കസിന്‍സിനുമെല്ലാം അവരുടെ
താല്‍പ്പര്യമനുസ്സരിച്ചുള്ള സമ്മാനങ്ങള്‍. വീട്ടിനുള്ളില്‍ ക്രുസ്‌തുമസ് ട്രീ
അലങ്കരിക്കുന്നതില്‍ എന്തുത്സാഹമായിരുന്നു ഇരുവര്‍ക്കും. വീടിനു ചുറ്റും
ദീപാലങ്കാരങ്ങള്‍. ശാന്തിയുടേയും സന്തോഷത്തിന്റേയും ആ നല്ല നാളുകള്‍ എവിടെയോപ്പോയി
മറഞ്ഞിരിക്കുന്നു. എന്റെ വിഷമം കണ്ട് ഭര്‍ത്താവ് പറഞ്ഞു. അവര്‍ക്ക്
ചെറുപ്പമല്ലേ? അവര്‍ ആനന്ദിക്കട്ടെ. നമുക്ക് കുട്ടികളെപോലെ ഇക്കൊല്ലം
സാന്റാക്ലോസ്സ് വരുന്നത് കാത്തിരിക്കാം. അതും പറഞ്ഞ് അദ്ദേഹം പെട്ടെന്ന്
ബാത്ത് റൂമിലേക്ക് പോയി. വാതില്‍ അടയുന്നതിനു മുമ്പ് ഒരു വിതുമ്പല്‍ ഞാന്‍
കേട്ടു.
ശുഭം.