MediaAppUSA

എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 15 December, 2014
എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും- ജോസ് കാടാപുറം
ബാര്‍ കോഴക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ മുഖ്യമന്തിയും, എക്‌സൈസ് മന്ത്രിയുമാണെന്ന പി.സി. ജോര്‍ജിന്റെ പ്രസ്ഥാവന കേട്ടിട്ടാണ്  പ്രഭാതം തുടങ്ങിയത്.

നിയമസഭാ സാമാജികനായി  അമ്പതുവര്‍ഷം പിന്നിട്ട കെ.എം.മാണി, കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി, അധ്വാനവര്‍ഗ്ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ അവതരിപ്പിച്ച നേതാവ്, കേരള രാഷ്ട്രീയത്തിലെ നിത്യഹരിത നായകന്‍-- പാലായുടെ മാണിക്യമായ മാണിസാര്‍ ഇന്നലെ വരെ ചൂടി നടന്ന ബഹുമതികളുടെ പൊന്‍തൂവലുകള്‍. എന്നാല്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പാര്‍ട്ടിയുടെ പരമാത്മാവും, ജീവാത്മാവുമായ മാണിസാറിന്റെ തൊപ്പിയില്‍ കറുത്ത തൂവലാണിപ്പോള്‍.

കൈക്കൂലി കേസില്‍ പ്രതിയാകുന്ന ആദ്യ മന്ത്രിയായാണ്‌  കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇനി മാണി സാര്‍ അറിയപ്പെടുക. നാണക്കേടിന്റെ ഭാരത്താല്‍ ഈ മന്ത്രിസഭയും, മന്ത്രിസഭയെ പിന്താങ്ങുന്ന പ്രമാണിമാരും കായംകുളം കൊച്ചുണ്ണിയുടെ കാപട്യവും, കണ്ടാമൃഗത്തിന്റെ തൊലികട്ടിയുള്ളവരുമായി മാറിയത്, കള്ളുകച്ചവടക്കാരില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് കേസ് എടുത്തതിന്റെ പേരിലാണ്. കേസെടുത്തതിനാല്‍ മാണിസാറിന് ആരോപണം നിഷേധിക്കാന്‍ പോലും ശക്തിയില്ലാതെ തന്റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന രണ്ടു പേരാണു  പ്രധാന പ്രതികളെന്ന് ജോര്‍ജിനെകൊണ്ട് പറയിപ്പിച്ചു ആകാശത്തിലേക്ക് നോക്കിയിരിക്കുന്ന മാണിസാറിന്റെ ചിത്രം യുഡിഎഫ് രാഷ്ട്രീയം കൂടുതല്‍ കുഴഞ്ഞു മറിയാനിടയായി.

മദ്യനയത്തിന് പിന്നിലെ കോടികളുടെ കോഴയും, കള്ളകളികളും കൂടുതല്‍ വെളിപ്പെടുകയാണ്. ലൈസന്‍സ് പുതുക്കി കിട്ടാന്‍ 20 കോടി രൂപായും, ക്വോറി ഉടമകളില്‍നിന്ന് 10 കോടിയും സ്വര്‍ണ്ണക്കടക്കാരില്‍ നിന്ന് 50 കോടി വേറെ ഇങ്ങനെ കോടികള്‍ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരുടെ മന്ത്രിസഭയാണ് ഇപ്പോഴുള്ളത്. ബാര്‍കോഴയില്‍ 20 കോടി പിരിച്ചതില്‍ 1 കോടിയാണ്   മാണിസാറിന് നല്‍കിയതെന്ന ബാറുടമകളുടെ വര്‍ക്കിംഗ്  പ്രസി. ബിജു രമേശ് വെളിപ്പിടുത്തിയത്. ബാക്കി തുക ആര്‍ക്കൊക്കെ കൊടുത്തു?. കോഴ കൈപറ്റിയ ഭരണകക്ഷിനേതാക്കള്‍ ആരെയാണ് സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്.

മുഖ്യമന്ത്രിയാകാന്‍ കൊതിച്ചു മുഖ്യ പ്രതിയായ മാറിയ കഥയാണ് മാണി സാറിനുള്ളത്. ഇനിയിപ്പോള്‍ രാജിയല്ലാതെ പാലായിലെ മാണിക്യത്തിന് വഴിയില്ല. ഇപ്പോള്‍ രാജിവച്ചാല്‍ നാട്ടില്‍ ഇമേജ് ഉണ്ടാവും. ഈ ശൈലി കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാവായ പി.ടി. ചാക്കോയുടെ ശൈലി. ആരോപണം ഉയര്‍ന്നപ്പോള്‍ രാജി വെച്ചതാണ്, അല്ലെങ്കില്‍ കേസ് വന്നപ്പോള്‍ രാജിവച്ച് കെ.കരുണാകരന്‍, ഏ.കെ. ആന്റണി, കെ.പി.വിശ്വനാഥന്‍, കെ.കെ.രാമചന്ദ്രന്‍മാസ്റ്റര്‍, അതുമല്ലെങ്കില്‍ മാണിയുടെ പാര്‍ട്ടിക്കാരായ പി.ജെ.ജോസഫ്, കുരുവിള, ആര്‍.ബാലകൃഷ്ണപിള്ള ഇതൊന്നും പോരെങ്കില്‍ ബഹു. കുഞ്ഞാലികുട്ടി സാഹിബിന്റെ ശൈലി പിന്തുടരാം.

ഏതായാലും കോണ്‍ഗ്രസ്സ് കുഴിച്ച, കുഴിയില്‍ മാണിസാര്‍ അകപ്പെട്ടതില്‍ സത്യവിശ്വാസികള്‍ക്ക് വലിയ ദുഃഖമുണ്ട്. എന്നാല്‍ ഐക്യമുന്നണി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന ചതിയുടെയും വഞ്ചനയുടെയും അവസാനത്തെ ഇരയാണ് കെ.എം.മാണി. തങ്ങളുടെ ആവശ്യാനുസരണം ഘടകകക്ഷികളെ ഉപയോഗിച്ചതിനുശേഷം കറിവേപ്പിലപോലെ തള്ളുക. എം.വി.രാഘവന്റെ, ഗൗരിയമ്മയുടെ, ബാലകൃഷ്ണപിള്ള ഇവരുടെ ഒക്കെ കഥ ഇപ്പോള്‍ മാണിസാറിന്റെയും.

ഇവിടെ മാണിസാര്‍ മുഖ്യമന്ത്രി കസേരയാണ് സ്വപ്നം കണ്ടത്!! അന്നു മുതല്‍ കുതന്ത്രശാലിയായ ഉമ്മന്‍ചാണ്ടി തന്ത്രങ്ങള്‍ മെനഞ്ഞു. മദ്ധ്യതിരുവിതാംകൂര്‍ ഉമ്മന്‍ചാണ്ടിയുടെയും, മാണിയുടെയും രാഷ്ട്രീയ തട്ടകം, അവിടെ നിന്നൊരു ക്രിസ്റ്റ്യന്‍ മുഖ്യന്‍ ഉണ്ടായാല്‍ പിന്നെ കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്‌പേസ്സ് എന്നേയ്ക്കുമായി നഷ്ടപ്പെടും. അതുകൊണ്ട്, സര്‍വ്വസമ്മതനായി ഉയര്‍ന്നു വരുന്ന കെ.എം.മാണി തന്റെ അന്തകനായി മാറുമെന്ന് തിരിച്ചറിഞ്ഞ് ഉമ്മന്‍ചാണ്ടി നടത്തിയ അതീവ തന്ത്രപരമായ നീക്കമായിരുന്നു കോഴ വിവാദമെന്ന് വിചാരിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ കേരളാകോണ്‍ഗ്രസ്സിലുണ്ട്.

ഈ മന്ത്രിസഭയില്‍ അഴിമതി ആരോപണത്തിലും വിജിലന്‍സ് കേസിലും പെടാത്തവര്‍ ആരുണ്ടെന്ന ഒരു ചോദ്യം ഇതിനിടയില്‍ ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടി, പി.ജെ.ജോസഫ്, റേഷന്‍ സബ്‌സിഡി കേസില്‍ അനൂപ് ജേക്കബ്, എം.കെ.മുനീര്‍, അടൂര്‍ പ്രകാശ്, ഇബ്രാഹിംകുഞ്ഞ്, അബ്ദുറബ്ബ് ഇവരൊക്കെ മന്ത്രിസഭയുടെ രത്‌നങ്ങളാണ്!!! അഴിമതി കേസില്‍പ്പെട്ട മന്ത്രിമാരൊക്കെ യഥേഷ്ടം വിഹരിക്കുമ്പോള്‍ മാണിസാറിന്റെ പേരിലുള്ള കേസ്സ് കൈക്കൂലിയാകുമ്പോള്‍ പ്രതി ചേര്‍ത്താല്‍ അറസ്റ്റു ചെയ്യുമോയെന്നാണു  കണ്ടറിണ്ടത്.

കൈക്കൂലി വാങ്ങിയ രാഹുല്‍ നായര്‍ക്കും, പൊതുമരാമത്ത് സെക്രട്ടറി ടി.ഓ. സൂരജിനും സസ്‌പെന്‍ഷന്‍, വില്ലേജ് ഓഫീസിലേ പ്യൂണിനോ, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറോ, ആര്‍.ടി.ഓ. ഓഫീസിലേ ക്ലാര്‍ക്കോ ആണെങ്കില്‍ അറസ്റ്റു.

 മന്ത്രിമാരാണെങ്കില്‍ വിഐപി പരിഗണ. നിയമത്തിന്റെ മുമ്പില്‍ സുരക്ഷിതര്‍! മന്ത്രിയായി ഇരുന്നുകൊണ്ട് അന്വേഷണംനടത്തിയാല്‍ അതില്‍ എന്ത് വിശ്വാസതയാണ് ഉള്ളത്. എല്ലാ മലയാളികള്‍ക്കും അറിയാം മാണിസാര്‍ മാത്രമല്ല കൈക്കൂലി വാങ്ങിയതെന്ന്. ബാര്‍ കോഴ എക്‌സൈസ് മന്ത്രിയും, മുഖ്യമന്ത്രിയും അറിയാതെ ഒന്നും നടക്കില്ലെന്നത്.

അതുകൊണ്ട് മാണിയ്‌ക്കെതിരെയുള്ള അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയും, എക്‌സൈസ് മന്ത്രിയുംവരണം, കേരളത്തില്‍ അഴിമതി സംബന്ധിച്ചു, ഏത് കേസ് അന്വേഷിച്ചാലും  അതിന്റെ അറ്റത്ത് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ജോപ്പന്‍മാരോ കാണാതിരിക്കില്ല!! മാണിയുടെ കാര്യത്തില് ബാര്‍ കൈക്കൂലികേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്  കീഴിലുള്ള വിജിലന്‍സ് തന്നെ പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടെത്തി കൂടുതല്‍ അന്വേഷണത്തിനായി കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നുയെന്ന പ്രത്യേകതയുണ്ട്.

ഇങ്ങനെ അഴിമതിയില്ലാത്ത മന്ത്രിമാരില്ലാത്ത ഈ സര്‍ക്കാര്‍ പ്രമാണിമാരുടെയും മുഖ്യധാര മാദ്ധ്യമങ്ങളുടെയും സംരക്ഷണയിലാണ്, ഈക്കൂട്ടര്‍ പറയുന്നത് പ്രതിസന്ധികളെ അതിജീവിച്ച് ഭരണത്തില്‍ അള്ളിപിടിച്ചിരിക്കുന്ന മുഖ്യമന്ത്രി കേമനനാണെന്നും മറിച്ച്, പ്രതിപക്ഷം മോശവും. മാത്രമല്ല അവര്‍ക്കില്ലാത്ത കുറ്റമില്ല, സര്‍ക്കാരിനെ അട്ടിമറിക്കാത്തതില്‍ കുറ്റം, സമാധാനപരമായി സര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ സമരത്തിന് മൂര്‍ച്ച പോരെന്ന് പറയും, സമരം സര്‍ക്കാരിനെതിരെ ശക്തമാക്കിയാല്‍ ആക്രമണ സമരമെന്ന് പറയും, മറിച്ച് അഴിമതിക്കാരായ ഭരണക്കാര്‍ നല്ലവരാണെന്ന് പറയാന്‍ പ്രമാണിമാരുടെ മാദ്ധ്യമങ്ങളില്‍ പ്രത്യേകം ഡസ്‌ക് തന്നെ ഉണ്ട്.

അഴിമതിയുടെ ചെളികുണ്ടില്‍ നില്‍ക്കുന്ന ഒരു മന്ത്രിസഭയെ ജനം പിടിച്ച് പുറത്താക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ മുമ്പ് കേന്ദ്രത്തില്‍ പറ്റിയതുപോലെ 484 അംഗങ്ങളില്‍ നിന്ന് 44 അംഗബലത്തിലേക്ക് പിന്തള്ളപ്പെടുമെന്ന് വിശ്വസിക്കാം…
എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും- ജോസ് കാടാപുറം
വിദ്യാധരൻ 2014-12-16 09:44:26
 (എമ്പ്രാൻ ഇത്തിരി കട്ടു ഭുജിച്ചാൽ എന്ന രീതി )

ചക്കര കൊണ്ട് നിറച്ച കുടത്തിൽ 
കൈകൾ ഇടാത്താവർ ആരുണ്ടിവിടെ?
കൊള്ളയടിച്ചും കോഴകൊടുത്തും 
പള്ളകൾ വീർത്തൊരു കള്ളന്മാരാൽ,
കൂടാതവരുടെ സന്താനങ്ങൾ 
മച്ചാൻമാരും മിത്രാധികളും \
ശിവ! ശിവ ! പറവാൻ വാക്കുകളില്ല 
നമ്മുടെ നാട് മുടിഞ്ഞു നശിച്ചു 
ഒരു നാ മറ്റൊരു നായെ നോക്കി 
നാക്കുകൾ നീട്ടി ബൗ ബൗ വച്ചും 
ചീഞ്ഞു പുഴുത്ത നാറും കഥകൾ 
മാന്തിഎടുത്തും ഓലികൾ  ഇട്ടും 
ഉള്ളൊരു കള്ളനെ തല്ലി ഇറക്കി 
മറ്റൊരു കള്ളനെ കൊണ്ടെന്നാകിൽ
വെളുക്കാൻ തേച്ചത് പാണ്ടായിടും. 
 പൊളിയും ചതിയും ഇല്ലത്താവരുടെ 
അവധാരം ഇനി എന്നുണ്ടാകും 
ശിവ! ശിവ ! പ്രാർത്ഥന കേട്ടീടേണെ 
നല്ലൊരു നാളെ തന്നീടേണെ 

Kollam Thelma 2014-12-16 08:31:07
Athu neraane,,,,, athu neraane,,,,, neraane,,,,, neraane!!!!!!! Congratulations, I agree with ya. Thelma.
RAJAN MATHEW DALLAS 2014-12-17 10:23:21
 ലോട്ടറി മാഫിയയുടെ വീട്ടിൽ താമസിച്ച് , ചാക്ക് ,ഖാറി , ബാർ...100 കോടിയിൽ അധികം ഇടത് വാങ്ങിയിട്ടില്ലേ...കുടുംബ സ്വത്തു കൊണ്ടല്ലല്ലോ പിണറായിയുടെ മകൻ വിദേശത്ത് പഠിക്കുന്നത് ...ആർ എസ്  പീ  പോയി...മാണിയെ കിട്ടിയില്ല...വലത്  ദയനീയം...വീ എസ്  അല്ലാതെ ഒരു ജനകീയ നേതാവ് അവിടെ ഉണ്ടോ ? മാലിന്യം കൊണ്ട് രക്ഷപ്പെടാമോ എന്ന് അറ്റ കൈ ശ്രമിക്കുന്നു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക