ഉത്സവക്കമ്മിറ്റി
പ്രസിഡന്റ്
അഞ്ചാറ്
ശിങ്കിടികളുമായി
തിടുക്കത്തിലെത്തുന്നു.
തിരിയിട്ട
വിളക്കിനു മുന്‍പില്‍
തിടമ്പേറി നില്‍ക്കുന്നു.
ദേവനെയെഴുന്നെള്ളിക്കേണ്ട
ആന
പനംപട്ടയും പാപ്പാനുമായി
പറയെടുപ്പിനിടയ്‌ക്ക്
പിണ്ടമിട്ട്
പകലുറക്കത്തിലാണ്
അമ്പലത്തിലെത്തുന്ന
എല്ലാവരും
തന്നെയാണ്
തൊഴുന്നതെന്ന്
പ്രസിഡന്റ്.
വീടുകളിലെ
കുരുത്തോലപ്പന്തലിലെല്ലാവരും
എന്നെക്കാത്തു
നില്‍ക്കുന്നെന്ന്
കൊമ്പന്‍.
എന്റെയല്ലെന്റെയലീ
കൊമ്പനാനകള്‍
എന്റെയല്ലെന്റെയല്ലീ
മഹാക്ഷേത്രവുമെന്ന്
മഹാകവി*
ഒമ്പതാം
ഉത്സവത്തിന്റന്ന്
അരവിന്ദാക്ഷനദ്ദേഹം
അവതാരകൃഷ്‌ണനായേക്കാം
ഗോപിയാശാന്‍
നളനായേക്കാം
സാംബന്‍
ഇയാഗോയുടെ
ഈഗോയുമായെത്താം
ചന്ദ്രേട്ടനോ
ശശിയേട്ടനോ
അടുത്തബെല്ലടിച്ചേക്കാം
ചാക്കോച്ചേട്ടന്‍
`പള്ളിക്കെട്ടെ'ടുത്തേക്കാം
കാവടിയെടുത്തങ്ങിങ്ങ്
ചില ചേട്ടന്മാര്‍
ഉത്‌സവം
മൊത്തത്തില്‍
ഏറ്റെടുത്തേക്കാം.
എന്തായാലും
വിളക്കിനെഴുന്നള്ളിപ്പാകുമ്പോള്‍
പ്രസിഡന്റ്
ദേവസ്വം ആപ്പീസില്‍ ഉറങ്ങും
ആന വാദ്യമേളങ്ങള്‍ക്കുള്ളില്‍
ദേവന്‍
ആനപ്പുറത്ത്
മേല്‍ശാന്തി തിടമ്പിന്‍മേല്‍
ഞാനും കൂട്ടുകാരും തീവട്ടി
പിടിച്ച്
വെച്ചുവാണിഭക്കാര്‍ വേലിക്കലിരുന്ന്
സരിഗ ലൈറ്റ്‌സ് ആന്‍ഡ്
സൌണ്ട്‌സ്
കട്ടന്‍കാപ്പിക്കടയില്‍
ഉറക്കം മത്സരിച്ച്
തന്നെ.
മേളക്കാര്‍ അപ്പോഴും തകര്‍ത്ത്
കൊട്ടുകയാവും.
പണ്ടാരമടങ്ങാനപ്പോഴേക്കും
തണുവങ്ങനെ
കാലിലൂടരിച്ചരിച്ചുകേറും
തീവട്ടിതാഴ്‌ത്തിയെണ്ണയൊഴിച്ച്
വീണ്ടും ഞെളിഞ്ഞു
നില്‍ക്കും.
പിന്നെ
തീവട്ടിയും ഞാനും
പിണ്ടമിട്ടു നീങ്ങുന്ന
ആനയും
ദേവന്റെ
കൂടെ
കൊടിമരച്ചുവട്ടിലെത്തും
തിടമ്പെല്ലാമിറക്കി
യെല്ലാവരുമൊരുമിച്ചപ്പ്രത്യക്ഷരാകും.
സൂര്യനപ്പോള്‍
പതിവുപോലെ
ഉദിച്ചേക്കാമെന്ന്
വിചാരിക്കും
പള്ളിയുണര്‍ത്തല്‍
വെടി
ശംഖ്
വിളി
അപ്പോഴേക്കും വീണ്ടും
അമ്പലം
വിഴുങ്ങികളെഴുന്നെള്ളിത്തുടങ്ങും
എല്ലാവരും കൈകൂപ്പി നില്‍ക്കവേ
വാറുപൊട്ടിയ
ചില
ചെരിപ്പുകള്‍ അമ്പലമുറ്റത്ത് മരവിച്ച് മരിച്ച്
ആര്‍ക്കും വേണ്ടാതെ
കിടപ്പുണ്ടാകും
കരിഞ്ഞുപോയ കുരുത്തോലക്കൂട്ടങ്ങള്‍,
അമ്മാവാ അമ്മാവാ
പീപ്പിത്തണ്ടുകള്‍,
പടക്ക് പടക്ക് ചില്ലടപ്പുകള്‍,
നനഞ്ഞ
പൊട്ടാസുകള്‍
പള്ളിക്കൂടപ്പിള്ളേര്‍ക്ക് തിരക്കേറുന്നു
ആരോ
മറന്നിട്ട
ഒരു ശിവകാശി അമ്പോറ്റി
ഇലക്ഷനില്‍ തോറ്റ
സ്ഥാനാര്‍ത്ഥി
കണക്കെ
തൊഴാനാളില്ലാതെ
മഞ്ഞില്‍
കുതിര്‍ന്ന്
പൂഴിമണ്ണിലേയ്‌ക്കൊളിക്കുന്നു
ഒരു വര്‍ഷം കൂടി
ടപ്പന്ന്
കടന്നു പോകുന്നു.
*****
* മഹാകവി അക്കിത്തം.
*തൃപ്പൂണിത്തറ
-അരവിന്ദാക്ഷമേനോന്‍ ബാലെ
*കലാമണ്ഡലം ഗോപി -കഥകളി
*സാംബശിവന്‍
-കഥാപ്രസംഗം
*കരകുളം ചന്ദ്രന്‍ -നാടകം
*ആദിനാട് ശശി
-നാടകം
*ചാക്കോ(ഗായകന്‍)മൂവാറ്റുപുഴ -എയ്‌ഞ്ചല്‍ വോയ്‌സ്.
സന്തോഷ്
പാലാ
mcsanthosh@yahoo.com