അദ്ധ്യായം 12
കുട്ടികള്‍ ഉണര്‍ന്ന് വിളിച്ചപ്പോഴാണ് കെല്‍സി ഉറക്കമുണര്‍ന്നത്. രാത്രി ഏറെ വൈകിയാണ് കിടന്നത്. അജിത്തിന്റെ കുത്തുവാക്കുകള്‍ ചാട്ടുളിപോലെ തുളഞ്ഞുകയറിയ മനസുമായി ഏറെനേരം ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു.
അജിത്തിന്റെ അപ്രതീക്ഷിതപെരുമാറ്റം തന്നെ ആകെയൊന്നുലച്ചു. തന്റെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന തരത്തിലേയ്ക്ക് അജിത്തിന്റെ ചിന്താഗതികള്‍ ചേക്കേറിയിരിക്കുന്നു. തന്റെ വ്യക്തിത്വത്തെയും സ്വഭാവത്തേയും സംശയിക്കത്തക്ക ചിന്തകളും വാക്കുകളും രൂഢമൂലമായ ശൈലി…
ഈയിടെയായുള്ള അമിത മദ്യപാനശീലം അത്രയധികം തുറന്നുപെരുമാറുവാനുള്ള സ്വാതന്ത്ര്യവും പ്രചോദനവും അജിത്തിന് നല്‍കിയിരിക്കുന്നു. അതുകൊണ്ടല്ലോ കാര്യങ്ങള്‍ ഇത്രയധികം തകിടെ മറിയുവാന്‍ ഇടവന്നതും.
ഇനിയെന്തായാലും അജിത്തില്‍ നിന്നൊരു സ്‌നേഹസമീപനം പ്രതീക്ഷിക്കേണ്ടതില്ല. തനനെക്കുറിച്ചുള്ള അവിശ്വാസം എരിതീയില്‍ എണ്ണയെന്നപോലെ വിദ്വേഷം വളര്‍ത്തുവാനേ ഉപകരിക്കുകയുള്ളൂ.
നാന്‍സിവന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. കെല്‍സി എഴുന്നേറ്റ് ഫ്രഷായി താഴേയ്ക്ക് ചെന്നു. അജിത്ത് രാവിലെ ജോലിയ്ക്ക് പോയിരുന്നു. ഇന്നലെ രാത്രി സോഫായില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നു തോന്നുന്നു.
അജിത്തിന് ജോലിക്കാര്യങ്ങള്‍ ഉള്ളതിനാല്‍ ഫാമിലി പ്രോബ്‌ളം അധികം പ്രശ്‌നമാവുന്നില്ല. എന്നാല്‍ തനിച്ച് വീട്ടിലിരിക്കുന്ന തന്നെ സംബന്ധിച്ച് ആകെ അസ്വസ്ഥതയാണ്. ചിന്തകള്‍ പിന്നെയും പിന്നെയും മനസിനെ മഥിക്കാന്‍ തുടങ്ങും.
മിക്കപ്പോഴും ആശ്വാസത്തിനുള്ള ആശ്രയം ടി.വിയും കുട്ടികളുമാണ്. പിന്നെ ഇടയ്ക്കിടയ്ക്കുള്ള കേരളം ഫോണ്‍കോളുകളും.
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയതിനുശേഷം കെല്‍സി പ്രഭാതഭക്ഷം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു. ടി.വി.ഓണ്‍ ചെയ്തപ്പോള്‍ മലയാളസിനിമയായിരുന്നു.
'വിടപറയും മുമ്പേ' എന്ന സിനിമ. മദിരാശിനഗരത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന സിനിമ! ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ!
ഒരു സ്വകാര്യ കമ്പനിയുടെ മാനേജരുടെയും അവിടുത്തെ തൊഴിലാളിയുടെയും ജീവിതത്തിലൂടെ ജീവിതബന്ധങ്ങളുടെ പവിത്രത വരച്ചുകാട്ടുന്ന ചിത്രം.
രണ്ടു കഥാപാത്രങ്ങളെയും സജീവമായി വെള്ളിത്തിരയില്‍ നിലനിര്‍ത്തിയ അഭിനയ പ്രതിഭകള്‍! അസൂയാവഹമായ അഭിനയചാരുത… മലയാളത്തിലെ അതുല്യപ്രതിഭകള്‍ ഒരു ബാനറിനുകീഴില്‍ അണിനിരന്ന നല്ലൊരു സിനിമ തന്നെയാണ് 'വഴിയോര കാഴ്ചകള്‍' താനെത്രതവണ കണ്ടിരിക്കുന്നു.
ഫോണ്‍ റിങ് ചെയ്തപ്പോള്‍ കെല്‍സി ഓടിച്ചെന്നെടുത്തു. അങ്ങേത്തലയ്ക്കല്‍ സരള ആന്റിയാണ്… വളരെയധികം സന്തോഷം തോന്നി.
“ചേച്ചി വിളിച്ചിട്ട് കുറച്ചുദിവസമായല്ലോ എന്ന് ഞാന്‍ ആലോചിച്ചിരിക്കുകയായിരുന്നു…”
“ഓ പിന്നെ… നീ ആലോചിച്ചു… ഒന്നുപോടി കെല്‍സിയെ… നുണ പറയാതെ.”
“അതെ ആന്റി…സത്യമായും…ആന്റി ടെക്‌സാസില്‍ വരുന്നതും നോക്കി ഇരിക്കയാണ് ഞാന്‍…”
“ങാ… അതു ശരിയാരിക്കും. പിന്നെ ടീ പെണ്ണെ… ഇവിടെ ആകെ തിരക്കല്ലായിരുന്നോടിയെ… റിഹേഴ്‌സലും ക്യാമ്പും ഒക്കെയായി… ഇനിയിപ്പം അടുത്ത വെള്ളിയാഴ്ച വൈകീട്ട് ഞങ്ങള്‍ ഫ്‌ളയിറ്റ് കയറും… ശനിയാഴ്ച പ്രോഗ്രാം… അത്രതന്നെ…”
“ങാ… ദിവസങ്ങളങ്ങുപോയി അടുത്തയാഴ്ച ഓണമിങ്ങെത്തും… ഓ… എനിക്കു വയ്യ! ആന്റിയേ വരുമ്പം ആന്റിയുടെ കൈപ്പുണ്യം ഇങ്ങുകൊണ്ടുവരണേ…”
“ഓ… എന്തോന്ന് കൈപ്പുണ്യം…”
“ഉപ്പേരി, കൊണ്ടാട്ടം, ശര്‍ക്കരവരട്ടി അങ്ങിനെ എല്ലാം ഇങ്ങു പോരട്ടെ ആന്റി…”
“ടെക്‌സാസില്‍ മലയാളിക്കു കിട്ടാത്ത ഉപ്പേരിയും കൊണ്ടാട്ടവും ശര്‍ക്കരവരട്ടിയും ഉണ്ടോടി പെണ്ണേ… നിങ്ങളല്ലയോ ഓണം തകര്‍ത്താഘോഷിക്കുന്നത്… മാവേലി ഇപ്പോ വിദേശരാജ്യങ്ങളില്‍ ചുറ്റുകയാണെന്നാ ഞാന്‍ കേട്ടത്…” സരളാന്റി ചിരിച്ചു…
“ഓ പിന്നെ… പാവങ്ങള്… റിഹേഴ്‌സല്‍ കഴിഞ്ഞോ? സ്റ്റേജ്‌ക്കേറി തകര്‍ത്തുവാരിക്കോണം. ഞങ്ങള് ചെറുപ്പക്കാര് പിള്ളേരാണ് പുറത്തിരിക്കുന്നതെന്ന് ഓര്‍മ്മവേണം… നല്ല കലക്കന്‍ കൂവല് ഞങ്ങള്‍ക്കറിയാം…”
“നീയൊന്നു പോടി… നിന്നെക്കാളും അഞ്ചാറ് ഓണം ഉണ്ടതാടീ ഈ ഞാന്‍….സരളാന്റി അതിലധികം തട്ടേക്കേറിയിട്ടുണ്ട്. അതിനുശേഷമാ പെണ്ണെ സിനിമേ വന്നത്… ഉവ്വെടി അതിന് പുളിക്കും….മോളേ…”
“യ്യോ… ആന്റി ഞാനൊരു തമാശയ്ക്കങ്ങു പറഞ്ഞതല്ലേ… പിണങ്ങല്ലേ പൊന്നേ!”
“അതൊക്കെ പോട്ടെ എന്തുണ്ടെടി വിശേഷങ്ങള്…”
“എല്ലാം ഇവിടെ വന്നിട്ടുപറയാം ആന്റി…” കെല്‍സി ഒന്നു നിശ്വസിച്ചു.
“അങ്ങനെയാകട്ടെടി; ഞാന്‍ എന്നാ ഫോണ്‍വയ്ക്കുവാന്നേ…”
“ശരി ആന്റി…ബൈ...ബൈ...”
“ബൈ...ബൈ...കെല്‍സി…ബൈ...”
സരളാന്റി ഏതായാലും അടുത്ത ശനിയാഴ്ച ഇങ്ങോട്ടേയ്ക്കു വരും. പ്രോഗ്രാം കഴിഞ്ഞ് തങ്ങളുടെ കൂടെ തന്നെ ഇങ്ങു വന്നേക്കും. അതാണ് ആന്റിയുടെ പതിവ്. കെല്‍സിക്ക് തെല്ല് ആശ്വാസം തോന്നി.
**** ***** ****** ***** ***** ****
ഓഫീസില്‍ ഏസി റൂമിലിരുന്നിട്ടും അജിത്തിന് ആകെയൊരു അസ്വസ്ഥതയനുഭവപ്പെട്ടു. എത്രയായിട്ടും മനസിനൊരു സുഖവും കിട്ടുന്നില്ല. ജോലിയില്‍ ശ്രദ്ധചെലുത്താന്‍ പറ്റാത്തതില്‍ ഖേദം ഇല്ലാതിരുന്നില്ല.
ഇന്നലത്തെ പാര്‍ട്ടി കുറച്ച് ഓവറായിപ്പോയി. കുറച്ചെന്നല്ല ശരിക്കും ഓവറായി. സുഹൃത്തുക്കളുടെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നുണ്ട്. ദുര്‍മന്ത്രവാദിനിയുടെ ജല്പനങ്ങള്‍പോലെ അരോചകമായ ശബ്ദകോലാഹലം…
താനിന്നലെ കെല്‍സിയോട് കയര്‍ത്തതിന് അടിസ്ഥാന കാരണം സുഹൃത്തുക്കളുടെ വിലയിരുത്തലുകള്‍ തന്നെയാണ്. കെല്‍സിയോടുള്ള തന്റെ നീരസവും കൂടി ചേര്‍ന്നപ്പോള്‍ അതഗ്നിയായി കത്തിപ്പടര്‍ന്നു.
തന്റെ നിലപാടില്‍ത്തന്നെ അജിത്ത് ഉറച്ചുനിന്നു. തന്നെ അനുസരിക്കാത്തൊരു ജീവിതം. തന്നോടു വിധേയത്വമില്ലാത്ത ജീവിതം ഒരു ഭാര്യയെന്നനിലയില്‍ തുടരാന്‍ കെല്‍സിയെ അനുവദിക്കുകയില്ല. തന്റെയും വീട്ടുകാരുടെയും തോല്‍വിക്കു കാരണമാകുംവിധം അവളുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല.
സ്വന്തം കാലില്‍ നില്‍ക്കാം എന്ന അഹന്തയാണവള്‍ക്ക്… ടെക്‌സാസില്‍ വന്നകാലം മുതല്‍ ഒരു പുച്ഛ മനോഭാവമായിരുന്നു അവള്‍ക്ക്… എത്രയധികം താന്‍ സഹിച്ചു നന്നാക്കാന്‍ ശ്രമിച്ചു… കുറെയധികം കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്തില്ലേ… താനൊരു വിഡ്ഢിയായ ഭര്‍ത്താവിന്റെ വേഷമല്ലേ ആ നാളുകളില്‍ കെട്ടിയാടിയത്… അജിത്തിന് തന്നോടുതന്നെ വെറുപ്പു തോന്നി.
തുടക്കത്തിലേ തന്റെ ഹിതത്തിനൊത്ത് നടത്തണമായിരുന്നു. അവളുടെ താളത്തിനൊത്ത് തുള്ളേണ്ടിയിരുന്നില്ല എന്ന് അജിത്തിന് തോന്നി.
ഇനിയങ്ങോട്ട് ഇന്നലത്തെ സംഭവങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടെ ബന്ധത്തിന് കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാനെ സാധ്യതയുള്ളൂ…. കെല്‍സിയും വിട്ടുതരുമെന്നു തോന്നുന്നില്ല. ഏതായാലും; എന്തു വന്നാലും നേരിടുക തന്നെ. അല്ലാതെ വേറെ വഴികളൊന്നുംതന്നെയില്ല… ഉറച്ചതീരുമാനത്താല്‍ അജിത്തില്‍നിന്നും ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു.
****** ******* ****** ****** ****** ******* ******* ************* ******************** **************** **************
ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി അരങ്ങേറുന്ന സ്റ്റേജ് പ്രോഗ്രാം. ടെക്‌സാസിലുള്ള ഒട്ടുമിക്ക മലയാളികളും കുടുംബവും ഒത്തുചേരുന്ന ഒരു മഹാസംഭവം തന്നെയാണത്.
സ്‌പോണ്‍സറിംഗ് പ്രോഗ്രാമുമായി അമേരിക്കയിലെ നഗരങ്ങള്‍ ചുറ്റിത്തിരിഞ്ഞെത്തുന്ന മലയാള സിനിമ ലോകത്തെയും മിമിക്രിരംഗത്തെ കലാകാരന്മാരെയും ആവേശത്തോടെയാണ് അമേരിക്കന്‍ മലയാളി സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നത്.
സിനിമാഗാനങ്ങളും സ്‌കിറ്റുകളും കോര്‍ത്തിണക്കി തങ്ങളുടെ ഇഷ്ടതാരങ്ങള്‍ സ്റ്റേജില്‍ ആടിപ്പാടിത്തകര്‍ക്കുമ്പോള്‍ കാണികളും ഹര്‍ഷാരവത്തോടെ ഒപ്പം ചേരുന്നു. ലൈവ്‌ഷോയുടെ ആനന്ദവും സ്‌നേഹോഷ്മളതയും താരങ്ങള്‍ക്കും ആവേശകരമാണ്.
ടെക്‌സാസില്‍ താമസമാക്കിയ സെലിബ്രിറ്റികളെല്ലാം കുടുംബസമേതം പ്രോഗ്രാമിന് പങ്കുകൊണ്ടു; എന്നാല്‍ അജിത്തും കെല്‍സിയും പ്രോഗ്രാമിന് പോയില്ല.
കെല്‍സിക്ക് പ്രോഗ്രാമിന് പോകണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കൂടെ പ്രവര്‍ത്തിച്ചവരെയും സ്‌നേഹിതരെയും എല്ലാം കാണുവാനും സൗഹൃദം പുതുക്കുവാനും സാധിക്കുമായിരുന്നു. സരളാന്റി പ്രത്യേകം ക്ഷണിച്ചതുമായിരുന്നു. ആന്റി ഏതായാലും ഇവിടെ എത്തും എന്നതു നിശ്ചയം തന്നെയാണ്. തന്നെകാണാഞ്ഞ് വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. തന്റെ അസാന്നിധ്യം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവണം.
രാവിലെ ആന്റി തന്റെ അരികില്‍ ഓടിയെത്തും. കാര്യങ്ങള്‍ എല്ലാം ആന്റിയോട് തുറന്നുപറയണം. ആന്റിയുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം ഒരു തീരുമാനത്തിലെത്തിച്ചേരാന്‍. സംഭവങ്ങളുടെ നിജസ്ഥിതി അറിയുമ്പോള്‍ സരളാന്റി എന്തുപറയുമോ ആവോ? ആന്റി തന്നെ തള്ളിപ്പറയുകയില്ലായിരിക്കും എന്ന് കെല്‍സി ആശ്വസിച്ചു.
നാളെ ആന്റി വരുമ്പോള്‍ പകല്‍ അജിത്ത് ഉണ്ടാവില്ല. ഞായറാഴ്ചയാണെങ്കിലും പുറത്തെവിടെയെങ്കിലും പോകും. കുട്ടികളെയുംകൊണ്ട് പോകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. വൈകുന്നേരം മറ്റുപ്രോഗ്രാമുകള്‍ ഉള്ളതായി അറിവില്ല. അതിനാല്‍ രാത്രി ഇവിടെ കാണും.
മിന്നുവിനും അപ്പുവിനും നേരത്തെ ഭക്ഷണം കൊടുത്ത് കിടത്തിയുറക്കി. കെല്‍സി ഭക്ഷണം കഴിഞ്ഞ് ഹാളിലിരുന്ന് വായനയില്‍ മുഴുകി. അജിത്ത് വരുന്നതേയുള്ളൂ. സ്റ്റേജ്‌ഷോയ്ക്ക് പോകാതെ അജിത്ത് മറ്റെവിടെയോ പോയിരിക്കയാണ്. ശനിയാഴ്ചയായതിനാല്‍ മിക്കവാറും ക്ലബ്ബിലോ പാര്‍ട്ടിക്കോ പോയിട്ടുണ്ടാവാം. ഇന്നും കുടിച്ചു കൂത്താടി വരുമായിരിക്കും. ഏതായാലും നാളെയാണ് സരളാന്റി ഇങ്ങോട്ടേയ്ക്ക് വരുന്നതെന്ന് ഓര്‍മ്മിപ്പിക്കണം. എന്തു പ്രതികരണം ഉണ്ടാവും എന്ന് ചിന്തിക്കേണ്ടതില്ല.
രാത്രി ഏറെ വൈകാതെ തന്നെ അജിത്ത് എത്തിച്ചേര്‍ന്നു. ഇന്നധികം കുടിച്ചമട്ട് കാണുന്നില്ല. മിനിഞ്ഞാന്ന് ആവശ്യത്തിലുമധികം കഴിച്ചതുകൊണ്ടാവാം ഇന്നൊരടക്കം കാണുന്നത്.
കെല്‍സി പതിയെ എഴുന്നേറ്റു. നാളെ സരളാന്റി ഇങ്ങോട്ടേയ്ക്ക് വരും എന്ന് അറിയിച്ചിട്ടുണ്ട്…. അജിത്തിവിടെ കാണുമല്ലോ? അല്ലേ?
“ഞാനെന്തിനു കാവല്‍ നില്‍ക്കണം…” റൂമിലേയ്ക്ക് പടികള്‍ കയറിയ അജിത്ത് തിരിഞ്ഞുനിന്ന് നീരസത്തോടെ ചോദിച്ചു.
“അതല്ല… നമുക്കു കുറച്ചു കാര്യങ്ങള്‍ സംസാരിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്…”
“എന്തുകാര്യം? ഇനിയെന്തു തീരുമാനം? എല്ലാ തീരുമാനങ്ങളും വാക്കുകളും നീയൊരുത്തി തകര്‍ത്തു നശിപ്പിച്ചില്ലേ… ഇനിയങ്ങ് സ്വന്തം തീരുമാനിച്ചാമതി…” അജിത്ത് രോഷത്തോടെ മുകളിലേയ്ക്ക് കയറിപ്പോയി.
കെല്‍സി കൈയിലിരുന്ന മാഗസിന്‍ ടീപ്പോയിലേക്ക് വലിച്ചെറിഞ്ഞു… ശബ്ദം കേട്ടുവന്ന നാന്‍സി അകത്തേയ്ക്ക് ഉള്‍വലിഞ്ഞു… കെല്‍സി കണ്ണീര്‍ തുടച്ചു. വാതില്‍ അടച്ച് ലോക്കുചെയ്തു ബെഡ്‌റൂമിലേയ്ക്ക് പോയി.
കുട്ടികള്‍ നല്ല ഉറക്കത്തിലായിരുന്നു. കെല്‍സി അവരെ നേരെ കിടത്തി ഊര്‍ന്നുപോയ ബ്ലാങ്കറ്റ് ശരിക്ക് പുതപ്പിച്ചു. ആകെ അസ്വസ്ഥമാണ് മനസ്. കിടന്നാല്‍ ഉറക്കം വരുമെന്നു തോന്നുന്നില്ല.
കുറച്ചുനേരം ജനാല്ക്കരുകില്‍ പോയി നിന്നു. നല്ല നിലാവുണ്ടായിരുന്നു. മേപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെ നിലാവലകള്‍ വന്ന് തന്റെ കവിളില്‍ തലോടി ആശ്വസിപ്പിക്കുന്നതായി കെല്‍സിക്കു തോന്നി.
നിലാവ് എന്നും തനിക്ക് ഇഷ്ടമാണ്. ചന്ദ്രബിംബത്തില്‍ ഒളിച്ചിരിക്കുന്ന മുയലിന്റെ കഥ തനിക്ക് ചെറുപ്പത്തില്‍ മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്. അമ്പിളിയെ കാട്ടിയാണല്ലോ അമ്മമാര്‍ കുഞ്ഞുങ്ങളെ ഊട്ടിയിരുന്നത്.
നിലാവ് സ്‌നേഹത്തിന്റെ പ്രതീകമാണ്. നിലാവിന്റെ ആര്‍ദ്ര പ്രണയജോഡികള്‍ക്ക് വികാരോജ്വലമാണ്. വിവാഹശേഷവും ഏകാന്തവേദനയനുഭവിക്കുന്ന തന്നെ നോക്കി വെണ്‍തിങ്കള്‍ എന്തോ പറയാന്‍ വെമ്പുന്നില്ലേ…
സമയം പത്തുമണിയായിരിക്കുന്നു. ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് കെല്‍സി ചിന്തകളില്‍നിന്നു വിരമിച്ചു. എക്സ്റ്റന്‍ഷന്‍ ഫോണ്‍ എടുത്തു കാതോട് ചേര്‍ത്തു.
“ഹലോ…”
“എടി കെല്‍സി നീ ഉറങ്ങിയില്ല അല്ലേ… ഞാന്‍ നീ പിള്ളാരുടെ കൂടെ കിടന്ന് ഉറങ്ങിക്കാണും എന്ന് പേടിച്ചാണ് വിളച്ചത് കേട്ടോ…”
“സരളാന്റിയായിരുന്നോ… ഓ ഞാന്‍ ഉറങ്ങിയില്ല ആന്റി… ഓരോന്ന് ചിന്തിച്ച് ഉറക്കം വന്നില്ല…”
“എന്തുവാടി പെണ്ണേ ഇത്ര ചിന്തിക്കാന്‍….പോയിക്കിടന്ന് ഉറങ്ങാന്‍ നോക്ക് പെണ്ണേ…. അജിത്തെന്തിയേടി… കിടന്നോ…”
“ങാ…കിടന്നു….എങ്ങനെയുണ്ടായിരുന്നു ആന്റി പ്രോഗ്രാം…”
“ഓ… എടി പെണ്ണേ ഞാന്‍ മറന്നു… പ്രോഗ്രാം ഗംഭീരമായിരുന്നു…. ഓഡിറ്റോറിയം നിറച്ചാളായിരുന്നു… ടെക്‌സാസ് മുഴുവന്‍ ഉണ്ടായിരുന്നു; നീയും അജിത്തും പിള്ളേരുമൊഴികെ; വല്ലാത്ത ചതിയായിപ്പോയി കേട്ടോടി…”
“അതുപിന്നെ വരാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല ആന്റി. ആന്റി നാളെയിങ്ങ് എത്തുമല്ലോ? അപ്പോള്‍ എല്ലാം വിശദമായി പറയാം…”
“ഓ…അതുമതിയേ…നേരം കുറെയായില്ലേ… നീ പോയി കിടന്നോ… ഞങ്ങളേതായാലും ഇത്തിരിനേരത്തിനുള്ളില്‍ ഹോട്ടലിലേയ്ക്ക് പോവും… നാളെ കാണാം… എല്ലാവരും നിന്നെ അന്വേഷിച്ചു കേട്ടോ… ഓക്കെ…ബൈ ഗുഡ്‌നൈറ്റ്..”
“ശരി…ഓക്കെ…ഗുഡ്‌നൈറ്റ് ആന്റി…”
കെല്‍സി ഫോണ്‍ കട്ട് ചെയ്തു… ജനലിന്റെ കര്‍ട്ടന്‍ വലിച്ചിട്ട് ബെഡ്ഡില്‍ വന്നിരുന്നു.
അപ്പു എന്തോ സ്വപ്നം കണ്ടിട്ടാണെന്നു തോന്നുന്നു ഉറക്കത്തില്‍കിടന്ന് തേങ്ങി…കെല്‍സി അവന്റെ തുടയില്‍ താളംപിടിച്ച് പതിയെ അവ്യക്തമായ ഒരു പാട്ടു മൂളിക്കൊണ്ട് അവനെ ഉറക്കി.
അപ്പു ഉറങ്ങിയെന്നു തോന്നിയപ്പോള്‍ അവനെ ഒന്നുകൂടി നന്നായി പുതപ്പിച്ചുകിടത്തി. മിന്നുമോള്‍ നല്ല ഉറക്കത്തില്‍ തന്നെയാണ്…പാവം കുട്ടികള്‍! ഏതായാലും കുറച്ചുദിവസങ്ങളായിട്ട് ഇവര്‍ തന്നോടൊപ്പം തന്നെയാണ് ഉറക്കം. അജിത്ത് ഒരു തരത്തിലാണല്ലോ വന്നുകയറാറ്. അതിനാല്‍തന്നെ താനവരെ അജിത്തിനോടൊപ്പം കിടത്താറുമില്ല.
ഇനി അഥവാ വാശിപ്പിടിച്ച് അവിടെപോയി കിടന്നുറങ്ങിയാലും ഉറക്കംപിടിച്ചുകഴിയുമ്പോള്‍ തന്റെ കൂടെ എടുത്തുകൊണ്ടുവന്നു കിടത്തും അത്രതന്നെ.
സമയം രാത്രി വൈകിയിരുന്നു. കെല്‍സി ടേബിള്‍ ലാമ്പ് ഓഫ് ചെയ്ത് കുട്ടികളോടു ചേര്‍ന്ന് കിടന്നു. അപ്പു തിരിഞ്ഞ് തള്ളപ്പൂച്ചയോട് ചേര്‍ന്നുകിടക്കുന്ന കുഞ്ഞിനെപ്പോലെ കെല്‍സിയോട് ഒന്നുകൂടി പറ്റിച്ചേര്‍ന്നു.