Image

പകര്‍ന്നാട്ടം (കവിത: ഗീതാ രാജന്‍)

Published on 06 January, 2015
പകര്‍ന്നാട്ടം (കവിത: ഗീതാ രാജന്‍)
ഓരോ വിടപറച്ചിലും
ഓരോ മരണമാണ്...
ഉയിര്‍പ്പിന്റെ വിളിയെ
പുതച്ചിടുമ്പോഴും വേര്‍പാടിന്റെ
തണുപ്പ് ഇഴഞ്ഞെത്തുന്നു!!

ശൂന്യമാക്കിയ മനസ്സിനെ
മാറ്റിവെയ്ക്കുകയായിരുന്നു
കഴുകി കമഴ്ത്തിയ പാത്രം പോലെ!!
എത്രതന്നെ തേച്ചിട്ടും കഴുകിയിട്ടും
പോകാതെ പറ്റിപ്പിടിച്ചിരിക്കുന്നു നീ
അക്ഷയപാത്രത്തിലെ വറ്റുപോലെ!!

വെഷപ്പകര്‍ച്ചകള്‍ മുറുക്കി കെട്ടിയ
തന്ത്രികള്‍ മീട്ടിയതൊക്കെയും
അപശ്രുതിയെന്നറിയാതെ പോയി
നീയെന്നെ തൊട്ടുമീട്ടും വരെ!!

പകര്‍ന്നാട്ടത്തിന്‍ കുറിപ്പടികള്‍
മാറ്റി മാറ്റി ചേര്‍ത്തിട്ടും
മുന്നിട്ടു നില്‍ക്കുന്നെപ്പോഴും
അരുചി കലര്‍ന്നൊരു ജീവരസം!
പല നദികള്‍ അലിഞ്ഞു ചേര്‍ന്നിട്ടും
രുചിഭേദം നല്‍കാനാവാത്ത
കടല്‍വെള്ളംപോലെ..!!
പകര്‍ന്നാട്ടം (കവിത: ഗീതാ രാജന്‍)
Join WhatsApp News
വിദ്യാധരൻ 2015-01-06 12:22:31
ആടണമെന്നുണ്ട് കവിയിത്രി -പക്ഷേ 
കഥയറിയാതെ അടിയിട്ടെന്തു കാര്യം?
വേർപാടിന്റെ തണുപ്പരിച്ചു കേറാതെ 
കെട്ടിപ്പിടിക്കുമുടൻ അടുത്താളിനെ 
കമഴ്ത്തി വയ്ക്കില്ല ഒഴിഞ്ഞ പാത്രം 
നിറയ്ക്കും ഞാനത് പുത്തൻ മുന്തിരി ചാറിനാൽ 
പകർന്നിടും ചഷകങ്ങളിൽ 
പകർന്നാടിടും പിന്നെ 
പറ്റിപ്പിടിച്ച വറ്റുകളല്ല 
കമ്പിചകിരികളാൽ അമർത്തി തേച്ചാൽ 
ഇളകിപ്പോരുന്ന പറ്റിപ്പ്‌ക്കാരാണത് 
നീയറിയാതെ നിന്റെ ഹൃദയ തന്ത്രികളിൽ 
അപശ്രുതികൾ മീട്ടിയ പറ്റിപ്പ്‌ക്കാർ 
ഉപ്പ് കാരം ഇല്ലാതെ പോയാൽ 
ജീവിതത്തിനെന്തു രസം കവിയിത്രി?
ആയതിനാൽ എൻ മുന്നിലെ 
മുന്തിരിച്ചാർ പകർന്ന് 
മുത്തി കുടിച്ചാടറെ ഞാൻ 
പകർന്നാടട്ടെ ഞാനും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക