കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെയെങ്കിലും അവരെ തന്നോടൊപ്പം വളര്‍ത്തണം. ഈ ദുരന്തഭൂമിയില്‍ വാടിയ ഇളംനാമ്പുകളാകരുത് തന്റെ കുട്ടികള്‍! തന്റെ ദുര്‍വിധി പൊന്നുമക്കളെയും പിന്തുടരുവാന്‍ ഇടവരരുത്.
ഇനിയും ഇവിടെ തുടര്‍ന്നാല്‍ ഈ ദുഷ്ടന്‍ തന്നില്‍നിന്നും കുട്ടികളെ അടര്‍ത്തിയെടുത്തേയ്ക്കും. എന്ന ചിന്ത അവളില്‍ അഗ്നികനലുകളായി എരിഞ്ഞു.
എങ്ങനെയും ഇവിടെനിന്നും രക്ഷപെടണം. ഈ ദുഷ്ടന്റെ കൈകള്‍ എത്തിപ്പെടാത്തിടത്ത്, തങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ പറ്റിയ ഇടത്തേയ്ക്ക് ഇന്നുതന്നെ രക്ഷപെടണം.
അവള്‍ തന്റെ നിശ്ചയത്തില്‍ ഉറച്ചുനിന്നു. നേരം വൈകിക്കാതെതന്നെ അവള്‍ ചെറിയൊരു ബാഗില്‍ അത്യാവശ്യം തുണികളുമറ്റും വാരിനിറച്ചു അധികമൊന്നും എടുക്കുന്നില്ല. കുഞ്ഞുങ്ങളെയുംകൊണ്ട് പോകുമ്പോള്‍ തടസ്സമാവും.
ഇരുളിന്റെ മറപറ്റി അവള്‍ കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തേയ്ക്കിറങ്ങി. വാഹനങ്ങള്‍ തലങ്ങും വിലങ്ങും റോഡിലൂടെ പോവുന്നുണ്ട്. ആര്‍ക്കും മുഖംകൊടുക്കാന്‍ ഇടവരുത്താതെ അവള്‍ എങ്ങോട്ടെന്നില്ലാതെ അതിവേഗം നടന്നു.
എതിരെ വരുന്നവര്‍ ശ്രദ്ധിക്കുന്നെന്നു കണ്ടപ്പോള്‍ അവള്‍ അസ്വസ്ഥയായി.ഒരു ടാക്‌സി വന്നിരുന്നെങ്കില്‍ കയറി പോകാമായിരുന്നെന്നവള്‍ ആശിച്ചു.
രാത്രിയില്‍ നൈറ്റ് ക്ലബ്ബില്‍ പോയി മടങ്ങുന്നവര്‍ തന്നെ ചൂഴ്ന്ന് നോക്കി… പാതിരായ്ക്ക് ഇറങ്ങിപ്പുറപ്പേടേണ്ടിയിരുന്നില്ല എന്നവള്‍ക്ക് തോന്നാതിരുന്നില്ല.
കുഞ്ഞുങ്ങളെയുംകൊണ്ട് എവിടെ പോകാനാണ്. അവളില്‍ ഭയത്തിന്റെ നെരിപ്പോട് നീറിത്തുടങ്ങിയിരുന്നു. ഏതായാലും എവിടെയെങ്കിലും കയറി കുറച്ചുസമയം ഇരുന്നിട്ട് പോകാം എന്നവള്‍ തീരുമാനിച്ചു. മനസൊന്ന് ശാന്തമാവുകയും ക്ഷീണം മാറുകയും ചെയ്യും.
അടുത്തുകണ്ട ബസ് ടെര്‍മിനലിലേയ്ക്കവള്‍ കയറി. കുട്ടികളെ വെയ്റ്റിംഗ് സീറ്റില്‍ ഇരുത്തി. അവളും ഇരുന്നു.
കുട്ടികള്‍ക്കാണെങ്കില്‍ ആകെ അമ്പരപ്പ് എന്തിനാണ് എവിടേയ്ക്കാണ് പോവുന്നതെന്നറിയാതെ അവള്‍ മിഴിച്ചിരുന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അകലെ നിന്നും ഒരു ടാക്‌സികാര്‍ വരുന്നതുകണ്ടു. അവള്‍ റോഡിലേയ്ക്ക് ചാടി ഇറങ്ങി. കൈകാട്ടി. കാര്‍ സ്ലോവായി ടെര്‍മിനലിനോടുചേര്‍ന്നു നിന്നു.
“എന്തുവേണം…?” ഡ്രൈവര്‍ തല പുറത്തേയ്ക്കിട്ട് ചോദിച്ചു.
“എനിക്കും കുഞ്ഞുങ്ങള്‍ക്കും അര്‍ജന്റായി ഒരു യാത്ര പോവേണ്ടതുണ്ട്. ഒന്നു സഹായിക്കാമോ…”
“എവിടേയ്ക്കാണ് ?” അയാള്‍ അലസമായി ചോദിച്ചു.
“അടുത്ത പട്ടണംവരെ പോവേണ്ടതുണ്ട്. …” അവള്‍ തെല്ലു മടിക്കാതെ പറഞ്ഞു
അയാള്‍ അവളെയൊന്നു വിശദമായി അടിമുടി നോക്കി; കുട്ടികളെയും. അവളൊന്ന് പരുങ്ങി..
അയാള്‍ കണ്ണുകാണിച്ചു… “കയറ്…” അവള്‍ കുട്ടികളെയും കൂട്ടി കാറിന്റെ പിന്‍സീറ്റിലേയ്ക്ക് കയറി. അയാള്‍ കാര്‍ അടുത്തപട്ടണം ലക്ഷ്യമാക്കി ഓടിച്ചുതുടങ്ങി.
ആ കറുത്ത മനുഷ്യന്‍ ഹാറ്റ് ഊരി സീറ്റില്‍ വച്ചു. അലസമായി കാറോടിച്ചു… പാഞ്ഞുവന്നുപോകുന്ന സ്ട്രീറ്റ്‌ലൈറ്റിന്റെ മഞ്ഞവെളിച്ചം അയാളുടെ മൊട്ടത്തലയില്‍ മിന്നി.
ഇടയ്ക്കിടെ ആ കറുമ്പന്‍ പിന്നിലിരിക്കുന്ന തങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. വലിയ ചാമ്പയ്ക്കാമൂക്കും കറുത്തു മലര്‍ന്ന ചുണ്ടുകളും കണ്ടാല്‍ തന്നെ അറിയാം അയാള്‍ ഒരു നീഗ്രോയാണെന്ന്.
അവള്‍ക്ക് ഭയം ഒന്നുകൂടി വര്‍ദ്ധിച്ചു. താനെന്തൊരു മണ്ടിയാണെന്ന് സ്വയം ശപിച്ചു. ഒറ്റയ്ക്ക് കുഞ്ഞുങ്ങളെയും കൂട്ടി ഒരു കാറില്‍ കയറി യാത്ര തിരിച്ച മണ്ടി…
അടുത്ത പോലീസ് എയ്ഡ്‌പോസ്റ്റിലെങ്കിലും കാര്‍നമ്പറും യാത്രാവിവരങ്ങളും അറിയിക്കേണ്ടതായിരുന്നു.
അങ്ങനെയാണല്ലോ രാത്രിയാത്രയുടെ സുരക്ഷാമാനദണ്ഡം. ഹോ… മോശമായിപ്പോയി. ഇനി എന്തു ചെയ്യാനാണ്. അങ്ങനെയൊരു തീരുമാനത്തിന് ഇനി തയ്യാറായാല്‍ ഇയാള്‍ കാര്‍ നിര്‍ത്തുമെന്നും തന്റെ പദ്ധതികളോട് സഹകരിക്കും എന്നും എന്താണ് ഉറപ്പ്. ഇയാളിനി തന്നെ വഴിയില്‍ ഇറക്കിവിട്ട് അയാളുടെ വഴിക്കുപോയാല്‍ അതും അബദ്ധമാകും.
ഇനി അതല്ല പോലീസില്‍ പോയി യാത്രാ വിശദീകരണം നല്‍കാം എന്നുവച്ചാല്‍ അവര്‍ ചോദിക്കുന്നവയ്ക്ക് താനെന്ത് മറുപടി നല്‍കും. എവിടേയ്ക്ക് പോവുന്നുവെന്നാണ് പറയേണ്ടത്. ഒടുവില്‍ കള്ളിവെളിച്ചത്തായാല്‍ താന്‍ കൈയ്യോടെ പിടിക്കപ്പെടും… എല്ലാം പൊളിയും. നാടറിഞ്ഞ് നാണക്കേടുമാവും… വേണ്ട. ഏതായാലും വരുന്നിടത്തുവച്ച് കാണാം… ധൈര്യം സംഭരിച്ച് അവള്‍ ഒന്ന് ഇളകിയിരുന്നു.
ഇടയ്ക്ക് ആ കറുമ്പന്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിലാണ് സംസാരം… ഇടയ്ക്കിടെ ചിരിച്ചുല്ലസിക്കുകയും കണ്ണാടിയിലൂടെ തന്നെ വീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ആരോടാണിയാള്‍ സംസാരിക്കുന്നത്… ഇരുട്ട് വളരെയധികം വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. സ്ട്രീറ്റ് വിളക്കുകള്‍ ഒന്നും തന്നെയില്ല. ഇരുപുറം വിജനമായ റോഡ് ഇടയ്ക്കിടെ കുറ്റിക്കാടുകള്‍ മാത്രം… നീലാകാശം കടല്‍പോലെ വിശാലമായി കിടക്കുന്നു… ഇടയ്ക്കിടെ പാസ് ചെയ്യുന്ന വാഹനങ്ങളുടെ ലൈറ്റ് കാറിനുള്ളില്‍ വെളിച്ചം വിതറും… കുട്ടികള്‍ നല്ല ഉറക്കത്തിലാണ്.
അവള്‍ ജാക്കറ്റിനുള്ളിലേയ്ക്ക് കൈകള്‍ കടത്തി. ഒന്നുകൂടി ജാക്കറ്റ് ശരീരത്തോട് ചേര്‍ത്തുമുറുക്കിപ്പിടിച്ചു.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ അയാള്‍ ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് കാര്‍ ഒതുക്കിയിട്ടു. അവളോടൊന്നും പറയാതെ ഡോര്‍ തുറന്ന് പുറത്തിറങ്ങി. പായ്ക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്തു. ലൈറ്റര്‍ കത്തിച്ച് അതിന്റെ തീജ്വാലയോട് സിഗരറ്റ് ചേര്‍ത്തു. തെരുതെരെ ആഞ്ഞുവലിച്ച് സിഗരറ്റിന്റെ അറ്റം തീപന്തം പോലെ ജ്വലിപ്പിച്ചു. ഒരു കവിള്‍ പുക ആഞ്ഞുവലിച്ച് അകത്താക്കി. ഒന്നു കാറിത്തുപ്പിയശേഷം ഉള്ളിലൊളിപ്പിച്ചുവച്ചിരുന്ന പുക പുറത്തേയ്ക്ക് ആഞ്ഞുതള്ളി…
സിഗരറ്റും പുകച്ചുകൊണ്ടയാള്‍ കാറിന് പിന്നിലേയ്ക്ക് പോയി. ഡിക്കിതുറന്നതും അടയ്ക്കുന്നതും അറിഞ്ഞു. എന്തായിരിക്കും അയാളുടെ ഉദ്ദേശം? മിണ്ടാനാവാതെ അവള്‍ കാറിനുള്ളില്‍ വിറങ്ങലിച്ചിരുന്നു. കുട്ടികളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.
അയാള്‍ കാറിനുള്ളില്‍നിന്നും എന്തോ ഒന്ന് എടുത്തുയര്‍ത്തിക്കൊണ്ട് റോഡ് ക്രോസ്‌ചെയ്തു പോയി. അപ്പുറത്തു കാണാമായിരുന്ന ഒരു നൈറ്റ്‌ഷോപ്പിലേക്കാണ്അയാള്‍ ചെന്നു കയറിയത്. കൈയ്യിലിരുന്ന വസ്തു അയാള്‍ കടയുടെ മുന്‍വശത്തേയ്ക്ക് ഇട്ടു. വലിയൊരു പൊതിക്കെട്ടു വീഴുന്ന ശബ്ദം. കടയിലുണ്ടായിരുന്ന ആളോട് എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി… അവിടെ ഇരുന്ന ആള്‍ എഴുന്നേറ്റുവന്ന് താഴെകിടക്കുന്ന വസ്തുവില്‍ ചവിട്ടിനോക്കുന്നുണ്ടായിരുന്നു. പിന്നെ എന്തൊക്കെയോ പരസ്പരം പറഞ്ഞുറപ്പിക്കുന്നു.
ആ കറുമ്പന്‍ തിരികെ വരുകയാണ്. വലിച്ചു തീര്‍ന്ന സിഗരറ്റ്കുറ്റി അയാള്‍ റോഡിലേയ്ക്ക് ഊക്കോടെ എറിഞ്ഞു. ഇരുളില്‍ റോഡിലത് തീപ്പൊരിയുടെ വര്‍ണ്ണജാലം തീര്‍ത്തു. അയാള്‍ ജീന്‍സുഷര്‍ട്ടിന്റെ സ്ലീവില്‍ ചുണ്ടമര്‍ത്തിത്തുടച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്തുവെന്ന് ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുപ്പുറപ്പിച്ചു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു കൊണ്ടയാള്‍ പറഞ്ഞു
“എസ്‌ക്യൂസ്മി… ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമിക്കണം…”
“ഓ…. സാരമില്ല… ഇറ്റ്‌സ് ഓക്കെ…” ഏറെനേരത്തിനുശേഷം അയാളൊന്നു മിണ്ടിയതിലും തെല്ലൊരു സൗമ്യത കാണാന്‍ ഇടയായതിലും അവള്‍ ആശ്വസിച്ചു. ശ്വാസം നേരെ വീണതുപോലെ…
കുറച്ചുനേരം കഴിഞ്ഞില്ല അയാളുടെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. ഫോണെടുത്ത് അയാള്‍ സംസാരിച്ചു. ആരോ തങ്ങള്‍ പോകുന്ന ദിശയില്‍ അടുത്ത ജംഗ്ഷനില്‍ നില്‍പ്പുണ്ടെന്നുള്ള കാര്യം അയാളുടെ സംസാരത്തില്‍നിന്നും പിടികിട്ടി. പിന്നെയും ആശങ്ക പത്തിരുപതു മിനിറ്റുകള്‍ക്കുള്ളില്‍ തങ്ങളുടെ കാര്‍ അവിടെ എത്തുമെന്നും അയാള്‍ പറയുകയുണ്ടായി. അവര്‍ അവിടെ തങ്ങളെയും കാത്ത് നില്‍ക്കുകയാണെന്നത് ഉറപ്പാണ്.
ഓ… താനൊരു ചതിയില്‍ ചെന്നു പെടുകയാണോ എന്ന് അവള്‍ ഭയപ്പെട്ടു തുടങ്ങി… പിന്നെ അയാള്‍ പലരെയും വിളിക്കുന്നുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിലാണ് സംസാരം… ഫ്രണ്ടിലെ സൈസ്ഗ്ലാസ് താഴ്ത്തിയിരിക്കുന്നതിനാല്‍ കാറ്റിരച്ച് കയറുന്നുണ്ട്. സ്പീഡ് കാരണം ഒന്നും വ്യക്തമാവുന്നില്ല… ചെറിയ തോതില്‍ തണുപ്പ് വ്യാപിക്കുവാന്‍ തുടങ്ങിയിരുന്നു. അത് ആ തടിയന്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.
കണ്ണുകളില്‍ ഉറക്കം വന്നു തുടങ്ങിയിരിക്കുന്നു. ഭയം കാരണം ഉറങ്ങാന്‍ പറ്റുന്നുമില്ല. എവിടെ എത്തിയെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എങ്ങും ഇരുട്ട്… സ്ഥലം എവിടെയായെന്ന് അയാളോട് തിരക്കാം എന്നുവച്ചാല്‍ അത് അബദ്ധമാണ്.
താന്‍ സ്ഥലപരിചയമില്ലാത്തവളാണെന്ന് അയാള്‍ മനസ്സിലാക്കിയേക്കും. അതു തനിക്ക് കൂടുതല്‍ ആപത്തുവരുത്തിവച്ചേക്കും. അവള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് തടിയന്‍ ഡ്രൈവറെ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു.
അകലെ പ്രകാശവലയങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏതോ ടൗണ്‍ഷിപ്പ് അടുത്തുവരികയാണെന്ന് തോന്നുന്നു. അതു ശരിതന്നെയായിരുന്നു. തങ്ങള്‍ ഒരു ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. അയാള്‍ കാര്‍ സ്ലോവാക്കി സൈഡില്‍ നിര്‍ത്തി.അപ്പോഴേയ്ക്കും കാറിനരികിലേയ്ക്ക് രണ്ട് യുവാക്കള്‍ കടന്നുവന്നു. രണ്ട് ആജാനബാഹുക്കള്‍.
അയാള്‍ പുറത്തേക്കിറങ്ങി. അവരുമായി എന്തൊക്കെയോ സംസാരിച്ചു.ഇടക്കിടയ്ക്ക് തന്നെ നോക്കി ചിലത് പറയുന്നുമുണ്ടായിരുന്നു. ഒടുവില്‍ അയാള്‍ കാറിനരികിലേയ്ക്ക് വന്നു.
“ഇവരില്‍ ഒരാളെ നമ്മോടൊപ്പം കാറില്‍ കയറ്റുന്നതില്‍ വിരോധമില്ലല്ലോ?” അയാള്‍ എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അവരിലൊരാളെ വിളിച്ച് കാറിന്റെ ഫ്രണ്ട്‌സീറ്റില്‍ ഇരുത്തി. അയാള്‍ വന്ന് ഡ്രൈവിംഗ് സീറ്റിലും കയറിയിരുന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങി. മറ്റേ ആള്‍ അടുത്തുകിടന്ന ബൈക്കില്‍ കയറി ഇരുന്നു. അയാളോടൊപ്പം വേറൊരാളും ബൈക്കില്‍ കയറി അവരും തങ്ങളുടെ കാറിനെ പിന്തുടര്‍ന്ന് വന്നു.
കാര്‍ നഗരാതിര്‍ത്തികടന്ന് വിജനപ്രദേശത്തുകൂടി പിന്നെയും യാത്ര തുടര്‍ന്നു. ബൈക്ക് ഇടയ്ക്കിടെ കാറിനെ മറികടന്ന് പോവും… കാര്‍ പിന്നാലെ ബൈക്കിനെയും മറികടക്കും ഇതു തുടര്‍ന്നുകൊണ്ടേയിരുന്നു.
കാറില്‍ കയറിയ അപരിചിതന്‍ ഡ്രൈവറോട് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നിലിരിക്കുന്ന തങ്ങളെ കണ്ടതായി ഭാവിച്ചതേയില്ല… കാറും ബൈക്കും ഇരുളില്‍ ചീറിപ്പായുകയായിരുന്നു. വളവുകളും കയറ്റിറക്കങ്ങളും വകവയ്ക്കാതെ അതിശീഘ്രം പറക്കുകയായിരുന്നു.
അവള്‍ ഭയപ്പാടോടെ ചുറ്റുപാടുകള്‍ വീക്ഷിച്ചു. തനിക്കറിയാന്‍ പാടില്ലാത്ത വഴികളിലൂടെയാണിപ്പോള്‍ കാര്‍ പോകുന്നത്. വിജനപ്രദേശം! മുന്നിലിരിക്കുന്ന ആള്‍ അരോചകമായി ചിരിച്ചുതുടങ്ങിയിരിക്കുന്നു. മുന്നില്‍പോയ ബൈക്ക് കാറിനോട് ചേര്‍ന്ന് വന്നുതുടങ്ങി…
പെട്ടെന്ന് കാര്‍ ഒരു ബമ്പില്‍ക്കയറിപ്പാളി നിരങ്ങി. ഒരു വളവിലേയ്ക്ക് കാര്‍ പാഞ്ഞുകയറി… വലിയ ഒരു പ്രകാശം കാറിലേയ്ക്ക് ഇടിച്ചുകയറി… അവള്‍ അലറിക്കൊണ്ട് പുറത്തേയ്ക്ക് ചാടി.. കാലുകള്‍ നിലത്തുറയ്ക്കാതെ താഴേയ്ക്ക് താഴേയ്ക്ക് പോയി…
കെല്‍സിയുടെ ശരീരം പാദംതൊട്ട് ശിരസോളം ഒന്നു വെട്ടിവിറച്ചു. അവള്‍ നടുങ്ങി എഴുന്നേറ്റു. കണ്ണുതുറന്ന് ചുറ്റുംനോക്കി അരണ്ട വെളിച്ചം. ശരീരം വിയര്‍ത്തിരിക്കുന്നു. കണ്ട ദുഃസ്വപ്നത്തില്‍നിന്നും അവള്‍ മോചിതയായില്ല എന്നു തോന്നും… എഴുന്നേറ്റ് ലൈറ്റിട്ടു സമയം രാത്രി മൂന്നുമണിയായിട്ടേയുള്ളൂ. അവള്‍ അല്പം വെള്ളം എടുത്തു കുടിച്ചിട്ട് ലൈറ്റ് ഓഫാക്കി കിടന്നു… എന്തൊരു സ്വപ്നം ! അമേരിക്കന്‍ ശൈലിയില്‍ ഇതൊരു വിഢി സ്വപ്നം. ഒരിക്കലും ഒരു സ്ത്രീ തനിയെ ഇറങ്ങിത്തിരിക്കില്ല. തന്റെ മനസ്സിന്റെ വിഭ്രാന്തി അല്ലാതെ എന്ത് ? ഇന്ത്യന്‍ കള്‍ച്ചറില്‍ വളര്‍ന്ന തന്റെ മനസ്സിലെ ഇല്ല്യൂഷന്‍സ്… അത്ര തന്നെ… ഉറക്കം വരുന്നില്ല… എങ്കിലും കണ്ണുകള്‍ ഇറുകെ പൂട്ടി അങ്ങനെ കിടന്നു.
അതിരാവിലെ തന്നെ കെല്‍സി ഉറക്കമുണര്‍ന്നു. കിച്ചണില്‍ എത്തി നാന്‍സിക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സരളാന്റി വരുമ്പോഴേയ്ക്കും വിഭവങ്ങള്‍ എല്ലാം റെഡിയാക്കണം.
അമേരിക്കന്‍ മെയ്ഡിനെയും കെല്‍സി ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. സരളാന്റിക്ക് ഇവിടുത്തെ ഫുഡ് ഐറ്റംസ് പ്രിപ്പയര്‍ ചെയ്യുക എന്നതാണ് ലക്ഷ്യം.
സരളാന്റി അമേരിക്കയില്‍ വരുമ്പോഴെല്ലാം താന്‍ ഇവയൊക്കെ ഒരുക്കി നല്‍കാറുള്ളതാണ്. ആന്റി വളരെ നന്നായി ആസ്വദിച്ച് തന്നോട് അഭിപ്രായങ്ങള്‍ പറയാറുമുണ്ട്. ഇന്ത്യന്‍ ഫുഡില്‍നിന്നും ഒരു ചെയ്ഞ്ച്, പിന്നെ അമേരിക്കന്‍ സ്റ്റൈല്‍ രുചിക്കാനൊരവസരവും എന്നാണ് ആന്റിയുടെ അഭിപ്രായം. പിന്നെ സ്‌നേഹത്തോടെ വച്ചു വിളമ്പിത്തരുന്നവരുണ്ടെങ്കില്‍ രുചി അല്പം ഇരട്ടിക്കും എന്ന ആന്റിയുടെ കമന്റും…
അജിത്ത് ഇന്ന് ഏതായാലും പുറത്തേയ്ക്ക് പോവുന്നില്ല എന്നുവച്ചു. രാവിലെ ഉണര്‍ന്ന് കാപ്പികുടിയും കഴിഞ്ഞ് പത്രപാരായണത്തിലാണ് കക്ഷി. ഇന്നലെ നല്ല സ്വഭാവത്തില്‍ വന്നതിനാലാവണം വലിയ മൂഡ് ഓഫ് കാണുന്നില്ല.
അപ്പുവും മിന്നുവും ഹാളില്‍ തങ്ങളുടെ ലോകത്ത് വിരാജിക്കുന്നു. സരളാന്റി എത്തുന്ന സന്തോഷത്തിലാണി കെല്‍സി.
സമയം പതിനൊന്നര കഴിഞ്ഞുകാണും ഗേറ്റിനരുകില്‍ ഒരു ബ്ലാക്ക് ലക്‌സസ് കാര്‍ വന്നുനിന്നു. കെല്‍സി പുറത്തേയ്ക്ക് വന്നു. റിമോട്ട് കണ്‍ട്രോളറിന്റെ ബട്ടണില്‍ വിരലമര്‍ത്തി. ഗേറ്റ് ഇരുവശത്തേയ്ക്കുമായി ഒഴുകി നീങ്ങി… കാര്‍ കോമ്പോണ്ടിലേയ്ക്ക് കയറി. ഗേറ്റ് പൂര്‍വ്വസ്ഥിതിയില്‍ അടഞ്ഞു. ഹൗസ്‌കീപ്പര്‍ ഓടി വന്ന് കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു.
സരളാന്റിയായിരുന്നു കാറില്‍… ഒരു പുഞ്ചിരിയോടെ ആന്റി കാറില്‍ നിന്നിറങ്ങി. കെല്‍സി ഓടിച്ചെന്ന് ആന്റിയെ ഒന്നടങ്കം കെട്ടിപ്പിടിച്ചു. ഇരുവരും കവിളില്‍ ചുംബിച്ചു. സരളാന്റിയുടെയും കെല്‍സിയുടെയും കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞുതുളുമ്പി… ഇളംവെയില്‍ അവ വൈരമുത്തുകള്‍പോലെ തിളങ്ങി… താഴേയ്ക്ക് ഉതിര്‍ന്നുവീണു.
സരളാന്റി സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി. നീലസാരിയാണ് ആന്റി ഉടുത്തിരിക്കുന്നത്. നിറയെ വെള്ളപ്പൂക്കള്‍ മിന്നിത്തിളങ്ങുന്ന സാരി…
“അടിപൊളി സാരിയാണല്ലോ ആന്റി…” അസ്സലായിട്ടുണ്ട് കേട്ടോ…” കെല്‍സി കണ്ണുകള്‍ തുടച്ച് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ… ഒന്നുപോടി; എല്ലാ പെണ്ണുങ്ങളും ഒന്നിച്ചു കണ്ടാ രണ്ടാമത് ശ്രദ്ധിക്കുന്നത് ഡ്രസ്സും കാതേലും കഴുത്തേലുമാ… നീയെന്നെ പുകഴ്ത്തുകയൊന്നു വേണ്ട കേട്ടോ…” ആന്റി ചെറിയൊരു കുറുമ്പ് പ്രകടിപ്പിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“അല്ല ആന്റി… സത്യമായും അടിപൊളിയായിട്ടുണ്ട്…”
“ഞാനല്ലേ ഉടുത്തത് അതുകൊണ്ടാ…”
“ ഓ പിന്നെ.. “ കെല്‍സി കളിയാക്കി.
ഹൗസ്‌കീപ്പര്‍ ആന്റിയുടെ ബാഗുകള്‍ എടുത്ത് ഹാളിലേയ്ക്കുവച്ചു. അജിത്ത് ആന്റിയെ വിഷ്‌ചെയ്തുകൊണ്ട് ഇറങ്ങിവന്നു.
“എന്താ ആന്റി അവിടെത്തന്നെ നിന്നുകളഞ്ഞത്? കയറി വാ… പിന്നെ എന്തൊക്കെയാണ് വിശേഷങ്ങള്‍.”
“ഓ… ഞാനിവളെ കണ്ട സന്തോഷത്തിലങ്ങ് നിന്നുപോയതാണെ… എടി പെണ്ണെ നീയങ്ങ് ക്ഷീണിച്ചല്ലോടിയെ… അമേരിക്കയില് ഒന്നും കിട്ടാനില്ല്യോടിയെ?” ആന്റി പരിതപിച്ചു.
“എടാ അജിത്തേ നീ ഈ പെണ്ണിനൊന്നും കൊടുക്കാറില്ലേടാ…? കഴിഞ്ഞ തവണത്തേതിലും ക്ഷീണം തട്ടീട്ടൊണ്ട്…?” സരളാന്റി കെല്‍സിയെ ആകമാനം ഒന്നു വീക്ഷിച്ചിട്ട് തന്റെ നിരീക്ഷണം വ്യക്തമാക്കി.
അജിത്ത് മറുപടിയൊന്നും പറയാതെ വെറുതെയാണ് വെളുക്കനെ ചിരിച്ചു അത്രമാത്രം. സരളയും കെല്‍സിയും ഹാളിലേയ്ക്ക് പ്രവേശിച്ചു.
കെല്‍സി ആന്റിയുടെ ലഗേജുകള്‍ അവര്‍ക്കായി സജ്ജമാക്കുയ റൂമിലേയ്ക്ക് എടുത്തുവയ്പിച്ചു. അജിത്ത് സരാളാന്റി വന്ന കാറിന്റെ ഡ്രൈവര്‍ക്ക് വിശ്രമത്തിനായി ഔട്ട്ഹൗസ് തുറന്നുകൊടുപ്പിച്ചു. ടെക്‌സാസിലെ മലയാളി അസോസിയേഷനിലെ ജോയി ലൂക്കായുടെ കാറിലാണ് ആന്റി വന്നത്. ആന്റിക്ക് ടെക്‌സാസിലെ ഉപയോഗത്താനായി പ്രോഗ്രാം സ്‌പോണ്‍സര്‍ ഏര്‍പ്പാടാക്കിയതാണ്.
“ആന്റി, റൂം റെഡിയാണ്. ഡ്രസ്മാറി ഫ്രഷായി ഒന്നു വിശ്രമിച്ചോളു.” കെല്‍സി പറഞ്ഞു.
“ശരി കെല്‍സി ഞാന്‍ ഡ്രസ് ഒന്നു ചെയ്ഞ്ചാക്കട്ടെ. ഒന്നു വിശ്രമിക്കണം… ഇന്നലെ രാത്രി വൈകിയാണ് പോയത് പരിചയക്കാരും അദ്യുദയകാംഷികളും എല്ലാം ആയി നേരം പോയതറിഞ്ഞില്ല. പിന്നെ രാവിലെ എഴുന്നേറ്റ് റെഡിയായി നേരെ ഇങ്ങ് പോന്നു.”
“ഇനി അടുത്ത സ്റ്റേജ് ചൊവ്വാഴ്ചയല്ലേ ആന്റി…?”
“ങാ, അതുവരെ വിശ്രമം… ഒരുമാസത്തെ കറക്കമാ… ഒട്ടുമിക്ക സ്റ്റേറ്റുകളും കവര്‍ചെയ്യും…”
“ശരി ആന്റി…” കെല്‍സി കിച്ചണിലേയ്ക്ക് പോയി. സരളാന്റി വിശ്രമത്തിനായി റൂമിലേയ്ക്കും…