Image

ലഘുലേഖകള്‍ ഉണ്ടാകുന്നതെങ്ങനെ?

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ Published on 15 January, 2015
ലഘുലേഖകള്‍ ഉണ്ടാകുന്നതെങ്ങനെ?
ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട് എന്നാണ് ഒരു ലഘുലേഖ സമൂഹത്തോടുപറയുന്നത്. ഔദ്യോഗി സംവിധാനങ്ങളോടുചേര്‍ന്നു പോകുന്നതല്ല ലഘുലേഖകള്‍ അതിനാല്‍തന്നെ എല്ലാ ലഘുലേഖകളെയും അധികാരികള്‍ ഭയത്തോടുകൂടിയ ഒരു പുഛത്തോടെയേ കാണാറുള്ളു.
   വിമര്‍ശനങ്ങളുടെ മേലുള്ള സഭാ നേതൃത്വത്തിന്റെ നിലപാട് ഏറെ വിചിത്രമാണ്. ഞാന്‍ ഇവിടെയുണ്ട് എന്നോട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണെന്നും അതിനു തയ്യാറാകാതെയാണ് ലഘുലേഖകള്‍ പുറത്തിറക്കുന്നതെന്നുമാണ് മെത്രാന്മാരുടെ നിലപാട്. മാത്രമല്ല; ഇവിടെ പല വേദികളുണ്ടെന്നും അവിടെ പറയാതെ വിമര്‍ശിക്കുന്നവരോടും, സോഷ്യല്‍മീഡിയായില്‍ എഴുതുന്നവരോടും നിങ്ങള്‍ പറയണം ഇതുശരിയല്ല നിര്‍ത്തണമെന്ന്; ഇങ്ങനെ ഒരുമെത്രാന്‍ ചില യോഗങ്ങളില്‍ പറയുന്നതുകേട്ടു. അതിനര്‍ത്ഥം നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ മറ്റുള്ളവര്‍ കൈകാര്യം ചെയ്യണമെന്നല്ലേ! എന്നു സംശയിച്ചാല്‍ അതില്‍ കാര്യമില്ലാതില്ല.
  
സഭാവിമര്‍ശനം എന്നൊന്നില്ല.
    
     മെത്രാന്റെയോ വൈദികന്റെയോ ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ അത്തരക്കാരെ സഭാവിമര്‍ശകരായിട്ടാണ് അധികാരികള്‍ ചിത്രീകരിക്കുക. മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്; കാരണം രാഷ്ട്രിയപാര്‍ട്ടിയും മന്ത്രിസഭയും മാറിവരുന്നതാണ്. എന്നാല്‍ സഭയാകട്ടെ മാറിവരുന്നില്ല അതിന്റെ നേതാക്കള്‍ മരിച്ചു പിരിയുകയും പുതിയ ആളുകള്‍ വരികയുമാണ് ചെയ്യുന്നത് കത്തോലിക്കാ സഭാ വിമര്‍ശനം അല്ല ഇവിടെ നടക്കുന്നത്. സഭാ നേതാക്കളുടെ ചെയ്തികളെയാണ് വിമര്‍ശിക്കുന്നത്. ഈ വിമര്‍ശനമാകട്ടെ അനിവാര്യവുമാണ്. കാരണം വിമര്‍ശനം ഇല്ലാത്തിടത്ത് തിരുത്തല്‍ ഉണ്ടാവില്ല. വിമര്‍ശിക്കുന്നവരെ ഒതുക്കിഇല്ലാതാക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. ഏകാധിപതികള്‍ക്ക് ജനമനസ് വായിക്കാനാവില്ല. 
    കോട്ടയം ജില്ലയിലെ ഒരു പള്ളിയില്‍ കണക്കുവായിച്ചപ്പോള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വായിച്ചില്ല കാരണം വൗച്ചറും ബില്ലും എഴുതാന്‍ കഴിയാത്ത ചില ചിലവുകള്‍ വികാരിയുടെ അറിവോടെ നടത്തിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതു പരാമര്‍ശിച്ചിരുന്നു. ഫോറോനായിലെ വൈദികരുടെ ധ്യാനത്തിനായി പതിനായിരത്തോളം രൂപ ചിലവായതായിട്ടാണ് ഒരു കണക്ക്. അങ്ങനെ ആ ഇടവകയില്‍ ഒരു ധ്യാനം നടന്നതായി ആര്‍ക്കും അറിവില്ല. ഫോറോനായിലെ വൈദികരുടെ ഒരു കൂട്ടായ്മ അവിടെവെച്ചു നടന്നിരുന്നു. അതിന്റെ ചിലവ് ഇടവകയുടെ ചിലവില്‍ ആയിരുന്നിരിക്കണം എന്ന് കമ്മറ്റിക്കാര്‍ വിചാരിച്ചിരിക്കുകയാണ്. ഇതുപോലെ പല തിരിമറി നടത്തിയിട്ടു അച്ചനു ശമ്പളം കൊടുക്കാന്‍ പണമില്ലന്ന് പള്ളിയില്‍ അദ്ദേഹം വിളിച്ചു പറയുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്താല്‍ അച്ചന്‍ വേദനിക്കുമെന്നും ശപിക്കുമെന്നും അഭിഷിക്തനെ തൊടരുതെന്നുമറ്റും പറഞ്ഞ് വിശ്വാസികളെ വളരെ നാളുകളായി പേടിപ്പിച്ചിരിക്കുകയാണ് വിശ്വാസികള്‍ എന്തുചെയ്യണം?   
   ലഘുലേഖകളുടെ വിതരണത്തിലൂടെ നിരാശജനമായ അനുഭവങ്ങളാണ് ചിലപ്പോഴൊക്കെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്നത്. സഭാനേതൃത്വത്തെ വിമര്‍ശിക്കുന്ന ലഘുലേഖകള്‍ പരസ്യമായി കൈയ്യില്‍വെയ്ക്കുന്നതിനുപോലും പലര്‍ക്കും പേടിയാണ്. വൈദികനെ, മെത്രാനെ, വിമര്‍ശിക്കുക ചോദ്യം ചെയ്യുക എന്നതൊക്കെ വലിയപാപമാണെന്നു കരുതുന്നവരണ് കത്തോലിക്കേരറെയും. 
    ബൈബിളില്‍; നിങ്ങള്‍ ഭയപ്പെടരുത് എന്ന് 365 തവണ പരാമര്‍ശിക്കുന്നുണ്ടെന്നാണ് പറയുന്നത്. 364 പ്രാവശ്യം പേടിച്ചുകൊള്ളുക ഒരു തവണയെങ്കിലും പേടിക്കാതെ ഒരു ചോദ്യം ചോദിക്കാന്‍ ഏതെങ്കിലുമൊരു കത്തോലിക്കാ വിശ്വാസിക്കു ധൈര്യംവന്നിട്ടില്ല. വിശ്വാസികളുടെ ഈ മനോഭാവം മെത്രാനിലുള്ള വിശ്വാസത്തിന്റെയും, അനുസരണത്തിന്റെയും, തെളിവായി മെത്രാന്മാര്‍ കണ്ടാനന്ദിക്കുന്നു. അറിവില്ലായ്മയുടെയും ആത്മവിശ്വാസം ഇല്ലാത്തതിന്റെയും ഉത്തരവാദിത്വം ഏല്‍ക്കാനുള്ള ആര്‍ജ്ജവം ഇല്ലാത്തതിന്റെയുമാണ് വിശ്വാസികള്‍ക്ക് ചോദ്യങ്ങള്‍ ഇല്ലാത്തതിന്റെ അടിസ്ഥാനമെന്ന് മെത്രാന്‍ന്മാര്‍ മനസിലാക്കുന്നില്ല. 
     സംശയം എത്ര എണ്ണം ചോദിച്ചാലും, ഒരു ചോദ്യം ചോദിക്കുക എന്നതാണ് നല്ല അദ്ധ്യാപകനെ സന്തോഷിപ്പിക്കുന്നത്. ഒരു പുരുഷായുസില്‍ ഒരു മെത്രാനോടു ഒരു ചോദ്യം ചോദിക്കാതെ മരിച്ചുപോകുകയെന്നാല്‍ ആ കത്തോലിക്കാ വിശ്വാസജീവിതം തന്നെ വ്യര്‍ത്ഥമായി എന്നു പറയേണ്ടിവരും. ചോദ്യം ചെയ്യപ്പെടുന്ന, പരീക്ഷണ വിഷയമാകുന്ന വിശ്വാസത്തിനാണ് ദൃഡതയുള്ളത്. ചോദ്യം ചെയ്യപ്പെടുമ്പോഴാണ് മെത്രാന്‍ ജനകിയനാകുന്നത്. സഭയേയും പുരോഹിതരെയും സ്‌നേഹിക്കുന്നവര്‍ അവരോടു ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്. മെത്രാന്റെ മുന്നില്‍ ആര്‍ക്കും സംശയവും ഇല്ല ചോദ്യവും ഇല്ല എന്ന അവസ്ഥയിലാക്കി വിശ്വാസികളെ നിര്‍വ്വീര്യരാക്കിയിരിക്കുന്നു.

സഭയെ വിമര്‍ശിക്കുന്ന വൈദികര്‍
      യേശുവളര്‍ന്നതനുസരിച്ച് തയ്യല്‍ ഇല്ലാത്ത മേലങ്കിലും വളര്‍ന്നു എന്നാണെല്ലോ നമ്മള്‍ വിശ്വസിക്കുന്നത്. അതുപോലെ കത്തോലിക്കാ വിശ്വാസികളുടെ വീട്ടിലെ ഒരു കുട്ടിവളര്‍ന്നുവരുന്തോറും വൈദികരോടും മെത്രാനോടുമുള്ള പേടിയും വളര്‍ന്നു വരുന്നു. ഈ പേടിയുടെ അടിസ്ഥാനകാരണം അന്വേഷിക്കേണ്ടതാണ്. ഒന്നാമത് പുരോഹിതന്‍ കോപിച്ചാല്‍ കുടുംബം തകരുമെന്ന തെറ്റായധാരണ. ഈ ധാരണ വളര്‍ത്താന്‍ ചിലവൈദികര്‍ ചില പൊടികൈകളും ഇടയ്ക്കിടെ പ്രയോഗിക്കാറുണ്ട്. പുരോഹിതന്‍ എത്ര പാപിയാണെങ്കിലും തെറ്റുചെയ്തവനാണെങ്കിലും അദ്ദേഹം കൂദാശാവചനം ഉഛരിച്ചാല്‍ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളാകും എന്ന വൈദികരുടെ പ്രസ്ഥാവന, പൗരോഹിത്യത്തിന്റെ മാഹാത്മ്യം പറഞ്ഞ് വിശ്വാസികളെ പേടിപ്പിക്കുന്നതിനു പിന്നാലെയാണ് മുന്‍പറഞ്ഞ മുന്‍കൂര്‍ജാമ്യം നേടല്‍. എന്നാല്‍ വിശ്വാസികള്‍ യോഗ്യതയോടും വിശുദ്ധിയോടും കൂടിമാത്രമേ കര്‍ത്താവിന്റെ ശരീരംഭക്ഷിക്കാവു അല്ലങ്കില്‍ അത് അവന്റെ നാശത്തിനുകാരണമാകുമത്രെ! ഐ എ എസ് പരീക്ഷനടത്തിപ്പുകാരുടെ ആള്‍ക്കാര്‍ പറയുകയാണെന്നു കരുതുക; ഞങ്ങള്‍ക്കുപരീക്ഷ എഴുതാന്‍ പ്രത്യേകയോഗ്യതയൊന്നുംവേണ്ട എന്നാല്‍ നിങ്ങള്‍ യോഗ്യതയോടും നല്ല ഒരുക്കത്തോടെയുമായിരിക്കണം പരീക്ഷ എഴുതേണ്ടതെന്ന്. യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കരുണയും പ്രസാദവും ലഭിക്കാന്‍ മനുഷ്യന്റെ യോഗ്യതകൊണ്ടാവില്ല എന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് വൈദികര്‍ സ്വന്തം സുരക്ഷിതത്വം പ്രധാനംചെയ്യുന്ന ദൈവശാസ്ത്രം പറഞ്ഞ് മനുഷ്യരെ പേടിപ്പിക്കുന്നത്.
     ഫ്രാന്‍സീസ് മാര്‍പാപ്പ പഠിപ്പിക്കുന്നതിങ്ങനെയാണ്; ദിവ്യകാരുണ്യം പരിപൂര്‍ണ്ണര്‍ക്കുള്ള ഒരു പാരിതോഷികമല്ല, മറിച്ച് ബലഹീനര്‍ക്കുള്ള ശക്തമായ ഒരൗഷധവും പരിപോഷണവുമാണ്. (അപ്പസ്‌തോലിക പ്രബോധനം: സുവിശേഷത്തിന്റെ സന്തോഷം) നോക്കു അച്ചന്റെയും മനുഷ്യരുടെയും യോഗ്യത അവിടെ പ്രസക്തമേ അല്ല.
     സഭ എന്നാല്‍ ദൈവജനത്തിന്റെ കൂട്ടായ്മയാണ്. പുരോഹിതരെ വിമര്‍ശിച്ചാല്‍ സഭയെ വിമര്‍ശിക്കുന്നു എന്നു അവര്‍ പറയുകയും ചെയ്യുന്നു. പള്ളി പ്രസംഗത്തിലും കണ്‍വെഷനുകളിലും  മറ്റും ദൈവജനത്തെ ഹീനമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വൈദികരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം വൈദികരാണ് സഭാ വിമര്‍ശകര്‍. 
    വിശ്വാസികള്‍ക്കു സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തുകൊണ്ടാണ് സഭാനേതൃത്വം വിശ്വാസികളുടെമേല്‍ അധികാരം പ്രയോഗിക്കുന്നത്. വിശ്വാസികളാകട്ടെ എല്ലാം പണം കൊടുത്തുവാങ്ങുവാന്‍ തയ്യാറായിനില്ക്കുന്നു. സ്വര്‍ഗ്ഗ രാജ്യത്തിന്റെ ഏജന്റുമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതൊന്നും പറയാന്‍ ഇത്തരം മടിയന്മാര്‍ സമ്മതിക്കുകയുമില്ല. സ്വന്തമായി വിരുന്നൊരുക്കി മെത്രാന്റെയും വൈദികരുടെയും കൂടെ ഇരുന്നു കഴിക്കുക അവരോടൊത്തു നിന്നൊരു ഫോട്ടോ എടുക്കുക ഇതൊക്കെ മതി പുതുമടിശീലക്കാരായ ഇവര്‍ക്ക്. ഇതിനെ അനുസരണമായും പൗരോഹിത്യത്തോടുള്ള വിധേയത്വമായും സഭാ നേതൃത്വം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.
   മുന്‍കാലങ്ങളില്‍ യുറോപ്യന്‍ രാജ്യങ്ങളിലും ഇതേ അവസ്ഥയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മലയാളികള്‍ക്കു പരിചയമുള്ള വിശുദ്ധരെല്ലാം വെള്ളക്കാരായിരുന്നല്ലോ. ഇപ്പോള്‍ അവിടങ്ങളില്‍ ഉള്ള ബ്രഹ്മാണ്ടമായ പള്ളികളില്‍ ആളുകള്‍ എത്താത്തതിനാല്‍ അധികാരികള്‍ മറ്റുകാര്യങ്ങള്‍ക്കായി  പള്ളി കൊടുത്തിരിക്കുന്നു. പലതും വില്പനനടത്തിവരികയാണ്. ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാല്‍ നമ്മുടെ കേരളത്തിലും ഇതേഅവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതൊന്നും ഇന്നത്തെ പുരോഹിതര്‍ക്കു പ്രശ്‌നമല്ല നാളെയെക്കുറിച്ചവര്‍ ആകുലരാകുന്നേയില്ല. തന്റെ കാലം നന്നായി സുഖമായികഴിയണം അത്രമാത്രം. 
 റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയുടെ റെക്റ്റര്‍ ആര്‍ച്ചു ബിഷപ്പ് കൊവോളോ തൃശൂരുവന്നപ്പോള്‍ സീറോമലബാര്‍ സഭയെക്കുറിച്ച്, ആവേശം നിറഞ്ഞ വിശ്വാസമാണ് കേരളത്തിലെ വിശ്വാസികള്‍ക്കുള്ളതെന്നാണ് പറഞ്ഞത്. കേരളത്തില്‍ പ്രകൃതിക്ഷോപവും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോള്‍ അത് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍നിന്നും ആളുകള്‍വരും അവരെ ആകാശത്തുകൂടെ ഹെലികോപ്റ്ററില്‍ കൊണ്ടുനടന്ന് വെള്ളം നിറഞ്ഞുകിടക്കുന്ന വേമ്പനാട്ടുകായലും അഷ്ടമുടികായലും മറ്റും കാണിച്ച്  ജനവാസമുള്ള ഏരിയ വെള്ളം കൊണ്ട് മൂടികിടക്കുന്നതാണെന്നും പറഞ്ഞ് നല്ല ശാപ്പാടുംകൊടുത്തുവിടുമെന്നാണ് പറഞ്ഞുകേട്ടിരിക്കുന്നത്. കൊവോളോയെ തൃശൂര്‍ കത്തീഡ്രലില്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസികളെ കാണിച്ചുകൊണ്ട് പറയിപ്പിച്ച അഭിപ്രായം  മാത്രമാണിത്. ഇവിടെ വിശ്വാസികള്‍ മെത്രാന്മാരുടെ കാഴ്ച്ചപാടില്‍ വെറും സിംബിളും ഓര്‍ഡിനറിയുമാണെന്ന് ആര്‍ച്ചുബിഷപ്പുണ്ടോ അറിയുന്നു. അദ്ദേഹത്തിന്റെ നാട്ടില്‍ ഇത്തരം ഒറു കത്തീഡ്രലില്‍ നാലോ അഞ്ചോ വല്യമ്മമാരാണ് കുര്‍ബാനക്കുവരിക.
പണ്ടൊക്കെ അവിടെയും ഇതുപോലെ ജനക്കൂട്ടം ഉണ്ടായിരുന്നു.  അധികാരികളുടെ തോന്യാസം സഹിക്കവയ്യാതെ. അവരൊക്കെ കൂടോഴിഞ്ഞു.

സീറോമലബാര്‍ സഭയുടെ വളര്‍ച്ച
    സീറോമലബാര്‍ സഭ രാജ്യ രാജാന്തരങ്ങളിലൂടെ വളരുകയാണെന്നാണ് മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ മെത്രാന്മാര്‍ പറഞ്ഞു നടക്കുന്നത്. ആരാ വളര്‍ത്തുന്നത്; കിടപ്പാടംവിറ്റ് നേഴ്‌സിംഗ് പഠിപ്പിച്ച് പലരുടെയും കാലുപിടിച്ച് വിദേശങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും എത്തപ്പെടുന്ന പാവം നേഴ്‌സുംമാരെ തടുത്തുകൂട്ടി നടുക്ക് സീറോമലബാറിന്റെ കൊടിനാട്ടി പിരിവ് തുടങ്ങുന്നു. സീറോമലബാര്‍ സഭ വളരുകയാണെന്നു മെത്രാന്മാര്‍ മേനിപറയുകയും ചെയുന്നു.
    യൂറോപ്യന്മാര്‍ പണ്ട് സ്വീകരിച്ചതും ഇപ്പോള്‍തള്ളിക്കളഞ്ഞതുമായ ജീവിത ശൈലി കേരളത്തിലെ ക്രൈസ്തവര്‍സ്വീകരിച്ചുവരികയാണ്. അതിന്റെ അനന്തരഫലം എന്നത് വിശ്വാസത്യാഗമാണെന്ന് അധികാരികള്‍ തിരിച്ചറിയണം.
     പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ പണിയണമെന്ന് ചാവറ പിതാവ് ഒരു കാലത്തു പറഞ്ഞു. പരിത്യക്തര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്ന് മെട്രോപോളീറ്റന്‍ സിറ്റികളില്‍ മാത്രമാണ് ഹൈടക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. ചാവറപിതാവിന്റെ മനസിലുണ്ടായിരുന്നവര്‍ക്ക് അവിടെയെങ്ങും എത്തിനോക്കാന്‍ കൂടിയാവില്ല.
   ഒരു കത്തോലിക്കാ ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടറെ മറ്റൊരു കത്തോലിക്കാ ആശുപത്രിയുടെ സന്യാസിയായ അധികാരി ഇരട്ടി ശമ്പളം കൊടുത്ത് തട്ടികൊണ്ടുപോകുന്നു എന്നിട്ട് രോഗികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നു ഇത് പരസ്യമായ കച്ചവടമാണ്. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ആശുപത്രിനടത്തുന്നത്? സന്യാസസഭയുടെ കീശവീര്‍പ്പിക്കാനല്ലേ!
     ഒരു കാലത്ത് സഭയില്‍ പാഷണ്ഡത വളര്‍ന്നപ്പോള്‍ അതിനെ നേരിടാന്‍ സംഘമായി മുന്നോട്ടുവന്നവരാണ് സന്യാസികള്‍ അവര്‍ പ്രത്യേക സമൂഹങ്ങള്‍ സ്ഥാപിച്ച് വിശ്വാസവളര്‍ച്ച സാദ്ധ്യതമാക്കി. ഇന്ന് അവര്‍ സഭയ്ക്ക് ബാദ്ധ്യതയായിരിക്കുന്നു. സമ്പത്തിന്റെ കുന്നുകൂടലില്‍ അവര്‍ സ്വയം പാഷണ്ഡികളായിരിക്കുന്നു.

അഭിപ്രായം പറയാനുള്ള വേദി എവിടെ?
    സഭാനേതാക്കളുടെ തോന്യാസങ്ങള്‍ ചോദ്യം ചെയ്യാന്‍ വേദി എവിടെയാണ്? അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇടവകസന്ദര്‍ശനത്തിനായി ഔദ്യോഗികമായി വരുന്ന മെത്രാനോട് പൊതുയോഗത്തില്‍വെച്ച് ചോദിക്കാന്‍ ആര്‍ക്കും ഒന്നും ഇല്ല. എല്ലാവരും മൗനമായി കുറെ നേരം ഇരിക്കുന്നു എന്നാ ശരി എന്നു പറഞ്ഞ് മെത്രാന്‍ എഴുന്നേറ്റുപോകുന്നു. ഈ സാഹചര്യത്തില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ലഘുലേഖയിലൂടെ പറയുന്നവരോടു, കുടുംബജീവിതക്കാരായ നിങ്ങള്‍കൂലിഇല്ലാത്ത വേല എന്തിനു ചെയ്യുന്നു എന്ന ചിലരുടെ ചോദ്യം സ്വന്തം സ്വാര്‍ത്ഥതയില്‍ നിന്നും മുളയെടുക്കുന്നതാണ്. പ്രാദേശികരായ എല്ലാ സഭാ സ്‌നേഹികളുടെയും ആശങ്ക ഏറ്റെടുത്തു കൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പ തന്നെ പുരോഹിതരെ വിമര്‍ശിക്കുന്നതാണ് ഇപ്പോള്‍ സഭാസ്‌നേഹികള്‍ക്ക് ആശ്വാസമായിരിക്കുന്നതും സഭാനേതാക്കള്‍ക്ക്‌വരെ അങ്കലാപ്പുണ്ടാക്കിയിരിക്കുന്നതും.
     സഭ വിശ്വാസികളുടെ കൂട്ടായ്മയാണെന്നു പറയുന്നുണ്ടെങ്കിലും സമസ്തമേഖലകളും വൈദികനേതൃത്വം കൈയ്യടക്കിവെച്ചിരിക്കുന്നു. അല്മായര്‍ക്ക് സഭാവേദികളില്‍ ഒരിടത്തും സംസാരിക്കാന്‍ അവസരംഇല്ല. പള്ളികളില്‍ പ്രസംഗം പറയാന്‍ സാധിക്കില്ല. മരണവീട്ടില്‍ പാടാനോ പ്രാര്‍ത്ഥിക്കാനോ ഒന്നും ഇല്ല. സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് വൈദികര്‍ രൂപതാ കമ്മറ്റികളുടെ അദ്ധ്യക്ഷന്മാര്‍ വൈദികര്‍മാത്രം. രൂപതാ കമ്മീഷനുകളുടെ ഡയറക്ടര്‍ന്മാര്‍ വൈദികര്‍, അല്മായസംഘടനകളുടെ തലപത്ത് വൈദികര്‍, ജാഗ്രതാ സമതികളുടെ തലപ്പത്ത് വൈദികര്‍, കരിസ്മാറ്റിക്ക് ഡയറക്ടര്‍ വൈദികന്‍. കല്യാണ പരിശീലന കോഴ്‌സിന്റെ ഡയറക്ടര്‍ പാതിരിമാര്‍, മധ്യവര്‍ജ്ജന സമിതി, കര്‍ഷകകൂട്ടായ്മ ഇങ്ങനെ എല്ലായിടത്തും മുന്നില്‍ കയറിനിന്നിട്ട് അല്മായര്‍ മുന്നോട്ടുവരണം സഭാകാര്യങ്ങളില്‍ വ്യാപൃതരാകണം എന്നൊക്കെ മെത്രാന്മാര്‍ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. വിശ്വാസികളുടെ മുകളിലാണ് വൈദികരുടെ തീര്‍പ്പ് എന്നു വരുന്നത് ക്രൈസ്തവമല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അല്മായര്‍ മുന്നോട്ടുവരണമെന്ന് ഇന്‍ഡ്യയിലെ അപ്പസ്‌തോലിക നൂണ്‍ഷിയോ രണ്ടുദിവസം മുന്‍പ്, 2015 ജനുവരി 10-ാം തീയതി കൊച്ചിയില്‍വെച്ച് പറഞ്ഞു. അദ്ദേഹം അറിയുന്നുണ്ടോ അല്മായരുടെ മുന്നില്‍ നിരന്നു നില്ക്കുന്ന വൈദികരുടെ നിരയെ.
     സഭവക പള്ളികുടം സര്‍ക്കാര്‍ അംഗീകൃതമാണെങ്കില്‍ അവിടെ അദ്ധ്യാപകര്‍ അച്ചനും കന്യാസ്ത്രീകളും. അംഗീകാരമില്ലാത്ത താണെങ്കില്‍ ചെറിയ ശമ്പളത്തില്‍ അദ്ധ്യാപികമാര്‍ ജോലിചെയ്യണം.
സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തുകൊണ്ട് വിശ്വാസികളെ ഇങ്ങനെ ഞെക്കിപിഴിയുന്നതിനെതിരെ പ്രതികരിക്കാന്‍ ലഘുലേഖകളല്ലാതെവേറെ ഏതുമാര്‍ഗ്ഗമാണുള്ളത്. വിശ്വാസികളെ ശുശ്രൂഷിക്കുക എന്നത് പുരോഹിതരുടെ ഉത്തരവാദിത്വവും വിശ്വാസികളുടെ അവകാശവുമാണെന്നും കുര്‍ബാനക്ക് പണം വാങ്ങരുതെന്നും കുര്‍ബാനയുടെ വില എഴുതി പ്രദര്‍ശിപ്പിക്കുന്നതിനെ വിശ്വാസികള്‍ എതിര്‍ക്കണെമെന്നും മാര്‍പാപ്പതന്നെ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇനി ലഘുലേഖകള്‍ പഴയതുപോലെ വേണ്ടി വരില്ലന്നുതോന്നുന്നു. നേരിട്ടുള്ള ചെറുത്തുനില്പിനുള്ള ആഹ്വാനമാണ് പാപ്പനടത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉള്ള ഗുരുക്കന്മാരെ പോലെ അല്ല അധികാരം ഉള്ളവനെ പോലെയാണ് ഫ്രാന്‍സീസ് പാപ്പ പഠിപ്പിക്കുന്നത് (മത്തായി 7-28). 
     നീ ഒന്നിനു വേണ്ടിയും ഓടണ്ട ആരോടും യുദ്ധം ചെയ്യണ്ട നിനക്കുവേണ്ടത് ഞങ്ങള്‍ നിന്റെ നാവില്‍വെച്ചുതരാം എന്നാണ് പുരോഹിതരുടെ മനോഭാവം. നീ മരിച്ചുകിടക്കുമ്പോള്‍, ഞാന്‍ നല്ലവണ്ണം യുദ്ധം ചെയ്തു ഞാന്‍ എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ന് നിനക്കുവേണ്ടി ഞാന്‍ പറഞ്ഞുകൊള്ളാം. പണ്ട് നിന്നെ മാമ്മോദീസ മുക്കിയപ്പോള്‍ നിന്റെ തലതൊട്ടപ്പന്‍ നിനക്കു വേണ്ടി പറഞ്ഞില്ലേ, സാത്താനെയും അവന്റെ വികൃതികളെയും ഞാന്‍ ഉപേക്ഷിക്കുന്നു എന്ന് അതുപോലെ. 
    അല്മായര്‍ക്കു സംസാരിക്കാന്‍ വേദികളുണ്ടെന്നു പറയുന്നതുപോലെ അസത്യമായ ഒരു പ്രസാഥാവന വേറെയില്ല കുടുംബകൂട്ടായ്മയിലോ പാരിഷ് കൗണ്‍സിലിലോ ഇടവക പൊതുയോഗത്തിലോ മെത്രാനെ വിമര്‍ശിക്കാന്‍ വികാരി സമ്മതിക്കില്ല. പാസ്റ്ററല്‍ കൗണ്‍സിലാണ് പിന്നെയുള്ളത്. അതില്‍ അല്മായരുടെ ശതമാനം കഷ്ടിച്ചു പത്തു ശതമാനം അങ്ങനെവരുന്നവര്‍ മെത്രാന്റെ അടിയാന്മാരായിരിക്കും. പിതാവുമായി നേര്‍ക്കുനേര്‍ വരുന്ന ഒരു വേദി അഞ്ചുകൊല്ലം ത്തിലോരിക്കല്‍ ഉണ്ടാകുന്ന പിതാവിന്റെ ഇടവക സന്ദര്‍ശനമാണ്. അല്മായര്‍ക്കു മെത്രാനോടു സംസാരിക്കാനുള്ള വേദി അതുമാത്രമാണ്. ആ മണിക്കൂറില്‍ വേണം കഴിഞ്ഞ അഞ്ചുകൊല്ലം മെത്രാന്‍ എടുത്ത തീരുമാനങ്ങളിലെ തിരുത്തല്‍  ഉണര്‍ത്തിക്കാന്‍. വേദിയുണ്ട് വേദിയുണ്ട് എന്നു പറയുന്നതിന്റെ പൊള്ളത്തരം ഇപ്പോള്‍ മനസിലായി കാണുമല്ലോ. ഈ സാഹചര്യത്തില്‍ സഭയെ സ്‌നേഹിക്കുന്നവര്‍ ലഘുലേഖയിലൂടെ അവര്‍ക്കു പറയാനുള്ളതു പറയുന്നതില്‍ എവിടെയാണ് തെറ്റ്? 
,    പൗരോഹിത്യത്തിന്റെ മഹത്വം ഇല്ലാതാക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. എന്നാല്‍ ഒരേ ഒരാള്‍ക്ക് മാത്രം അതിന് കഴിയും ഒരു പുരോഹിതനുമാത്രമേ അദ്ദേഹത്തിലെ പൗരോഹിത്യത്തെ തകര്‍ക്കാന്‍ കഴിയു. ഓര്‍ക്കുക പൗരോഹിത്യത്തിനെതിരെയല്ല ഞങ്ങള്‍ സംസാരിക്കുന്നത് അവരുടെ ചെയ്തികളെയാണ്. വൈദികരുടെ പാപത്തെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത് എന്തെന്നാല്‍ ഇത്തരം ചെന്നായ്ക്കള്‍ എന്റെ സഭയില്‍ ഉണ്ടായിരിക്കരുത് എന്നാണ്. ചില വൈദികര്‍ നടത്തിയ ബാലപീഠനവുമായി ബന്ധപ്പെട്ടാണ് പാപ്പ ഇതു പറഞ്ഞത്. ഇത്തരക്കാരെ ഞങ്ങള്‍ ഇതുവരെ ചെന്നായ്ക്കള്‍ എന്നു വിളിച്ചിട്ടില്ല.
പുളിമാവ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍്
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക