Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:14 -കൊല്ലം തെല്‍മ ടെക്‌സാസ്‌)

കൊല്ലം തെല്‍മ, ടെക്‌സാസ്‌ Published on 17 January, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:14 -കൊല്ലം തെല്‍മ ടെക്‌സാസ്‌)
അദ്ധ്യായം 14

കെല്‍സിയും അജിത്തും കുട്ടികളും സരളാന്റിയെയും കൂട്ടി വൈകുന്നേരം പുറത്തേയ്ക്കിറങ്ങി. ഡിന്നര്‍ പുറത്തുനിന്നും കഴിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
അജിത്തിന്റെ റോള്‍സ് റോയിസ് കാറിലാണ് യാത്ര. സരളാന്റിയെ മുന്‍സീറ്റില്‍ ഇരുത്തി. കെല്‍സിയും കുഞ്ഞുങ്ങളും പിന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു. അജിത്ത് കാര്‍ ഡ്രൈവ് ചെയ്തു.
ടെക്‌സാസില്‍കൂടി ഒഴുകി നീങ്ങി. ഞായറാഴ്ച വൈകുന്നേരം ആയതിനാല്‍ നിരത്തുകള്‍ സജീവമാണ്. മലയാളികളും വിവിധ ദേശക്കാരും ഇടകലര്‍ന്നു നീങ്ങുന്നു. വ്യാപാരശാലകളും മാളുകളും റെസ്റ്റോറന്റുകളും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
കുട്ടികള്‍ ഓടിച്ചാടി നടക്കുന്നു. യുവതീയുവാക്കള്‍ ആടിപ്പാടി ഇണക്കുരുവികളെപ്പോലെ മുട്ടിയുരുമ്മി ഫ്രൈഡ് നട്ട്‌സും മറ്റും കൊറിച്ചുകൊണ്ട് കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് അലസം നടക്കുന്നു. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. എല്ലാവരും അങ്ങനെ ഒഴുകി നടക്കുകയാണ്.
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളില്‍ തിരക്കാണ്. വിദഗ്ദ്ധരായ ഷെഫുകള്‍ വിഭവങ്ങള്‍ ചടപടാന്ന് ഉണ്ടാക്കി നിരത്തുന്ന തിരക്കിലാണ്. വലിയ തവകളില്‍ ബീഫ്   ഐറ്റംസ് കിടന്നു മൊരിയുന്നു.... ഇടയ്ക്കിടയ്ക്ക് വലിയ തവികൊണ്ട് തവകളില്‍ കൊട്ടിയും ചുരണ്ടിയും ശബ്ദം പുറപ്പെടുവിക്കുന്നു, പാചകത്തിന്റെ താളം...! ബീഫ് കഷ്ണങ്ങള്‍ തവകളില്‍നിന്ന് വായുവിലേയ്ക്ക് വീശിയെറിഞ്ഞ് മറിച്ചിട്ട് ഇളക്കുന്നതിന്റെ വൈദഗ്ദ്ധ്യം ഒരു കാഴ്ചതന്നെയാണ്.
ഇടയ്ക്കിടെ ഓയില്‍ കോരി ഒഴിക്കുമ്പോള്‍ തവയിലേയ്ക്ക് പടര്‍ന്നുകയറി ആളുന്ന തീജ്വാല! മസാലകൂട്ടില്‍ പൊരിഞ്ഞു പാകമാകുന്ന വിഭവങ്ങളുടെ സുഗന്ധം ഏതൊരു വഴിപോക്കനെയും കൊതിയോടെ ആകര്‍ഷിച്ച് അടുപ്പിക്കും. ആസ്വദിച്ച് രസിച്ച് ഭക്ഷണം കഴിക്കുകയും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്ന് സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍! കെല്‍സി ദീര്‍ഘമായൊന്ന് നിശ്വസിച്ചു.
സരളാന്റിയും അജിത്തും വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ്. അജിത്ത് കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മൂളിക്കേക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നു. ആന്റി ഇടയ്ക്കിടയ്ക്ക് തന്നോടു തമാശകള്‍ പറയുകയും അഭിപ്രായം ആരായുകയും ചെയ്യും. താന്‍ കൂടെ പങ്കുചേരുന്നു എന്നുവരുത്തി തലയാട്ടിയും ചിരിച്ചും സപ്പോര്‍ട്ടീവായി.
അജിത്തുമായി ഇങ്ങനെയൊരു യാത്ര വിരളമാണ്. വിരളമെന്നല്ല ഒരു വര്‍ഷത്തിനിടയ്ക്ക് ആദ്യ അനുഭവമാണ്. ആന്റി ഉള്ളതുകൊണ്ട് ഒരു ചടങ്ങെന്ന് കൂട്ടിയാല്‍ മതി. അത്രതന്നെ...
നന്നെ ഇരുട്ടിയിരുന്നെങ്കിലും തെരുവോരങ്ങളിലെങ്ങും കണ്‍തുറന്നിരിക്കുന്ന ലൈറ്റുകള്‍ ടെക്‌സാസിനെ പകല്‍പോലെ പ്രകാശപൂരതമാക്കിയിരിക്കുന്നു. അജിത്ത് കാര്‍ ഒരു വലിയ റെസ്റ്റോറന്റിന്റെ പാര്‍ക്കിംഗ് എരിയായിലേയ്ക്ക് കയറ്റി. ഗാര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം പാര്‍ക്ക് ചെയ്ത കാറിന്റെ മുകള്‍വശം പിന്നിലേയ്ക്ക് ഊര്‍ന്നിറങ്ങി തുറന്നു. എല്ലാവരും കാറില്‍ നിന്നിറങ്ങി. ഗാര്‍ഡ് ഏവരെയും വിഷ്‌ചെയ്തു. സല്യൂട്ട് നല്‍കി റിസപ്ഷനിലേയ്ക്ക് ആനയിച്ചു.
സ്റ്റെയ്കിനും സീഫുഡ് ഐറ്റംസിനും പ്രശസ്തിയാര്‍ജ്ജിച്ച ടെക്‌സാസിലെ റസ്റ്റോറന്റിലേയ്ക്കാണ് അജിത്ത് അവരെയുംകൊണ്ട് എത്തിയത്. ക്യാന്‍ഡില്‍ലൈറ്റ് ഡിന്നറിന് പേരുകേട്ട സ്ഥലം. കത്തിച്ചുവച്ച വലിയ മഴുകുതിരികള്‍ക്കു ചുറ്റുമിരുന്ന് വിഭവങ്ങള്‍ രുചിക്കുവാനും സിംഫണികളും പ്ലേയും ഡാന്‍സും ആസ്വദിക്കുവാനും ഏവരും ഒത്തുചേരുന്നു ഇവിടെ. കത്തിജ്വലിച്ചുരുകി മഞ്ഞപ്രകാശം വിതറുന്ന മെഴുകുതിരിവെളിച്ചത്തിന്റെ സൗകുമാര്യതയും ഊഷ്മളതയും എയര്‍കണ്ടീഷ്ണറിന്റെ സുഖവും അനുഭവിക്കാന്‍ ഇവിടെ വരാത്തവരില്ല.
റെസ്റ്റോറന്റില്‍ ചെന്നുകയറുമ്പോള്‍ വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ബീഥോവന്‍ സിംഫണിയുടെ മായികതയായിരുന്നു തങ്ങളെ വരവേറ്റത്. വെളിച്ചത്തില്‍നിന്ന് അരണ്ട ഇടനാഴിയിലൂടെ നടന്ന് ഇരുളില്‍ തെളിയുന്ന മെഴുകുതിരിയുടെ ഇടയിലേയ്ക്ക് കയറിയപ്പോള്‍ ഒരു പ്രത്യേക അനുഭൂതി.... അപ്പുവും മിന്നുവും സംഗീതത്തിന്റെ ആരോഹണാവരോഹണങ്ങള്‍ക്കനുസൃതം തുള്ളിയിളകിത്തുടങ്ങി.
ചെമന്ന വെല്‍വറ്റ് കര്‍ട്ടണുകളും ഡാര്‍ക്ക് വുഡ് ഫര്‍ണിഷിംഗില്‍ വെളുത്ത വരകളും ചേര്‍ന്ന് ഒരു ഗുഡ് അറ്റ്‌മോസ്പിയര്‍!
മുന്‍കൂര്‍ റിസര്‍വ് ചെയ്ത ടേബിളിലേയ്ക്ക് വെയിറ്റര്‍ തങ്ങളെ സ്വീകരിച്ചിരുത്തി. ഒരു ചുവന്ന വലിയ മെഴുകുതിരിയായിരുന്നു തങ്ങളുടെ ടേബിളില്‍ കത്തിനിന്നത്. തീനാളത്തിനു കീഴെ മെഴുക് കണ്ണാടിപോലെ ചുവന്നുതുടുത്തു മിന്നി. കുട്ടികളെ രണ്ടുസീറ്റിലായി ഇരുത്തി എയ്പ്രണ്‍ ധരിപ്പിച്ചു. അജിത്തും കുട്ടികള്‍ക്കു സമീപത്തായി ഇരിപ്പുറപ്പി്ച്ചു. അവര്‍ക്കഭിമുഖമായി കെല്‍സിയും സരളാന്റിയും അടുത്തടുത്ത് ഇരുന്നു.
സപ്ലയര്‍മാര്‍ അവര്‍ക്ക് വെല്‍ക്കം ഡ്രിങ്ക് നല്‍കി. പിന്നീട് യഥാസമയം ഓര്‍ഡര്‍ അനുസരിച്ചുള്ള വിഭവങ്ങള്‍ മേശമേല്‍ നിരന്നുകൊണ്ടിരുന്നു. നിര്‍ബാധ ജലപ്രവാഹംപോലെ സുന്ദരന്‍ സെര്‍വിംഗ്.
'മകന്റെ പഠനമൊക്കെ എങ്ങനെ പോകുന്നു ആന്റി...' ഇടയ്ക്ക് അജിത്ത് തിരക്കി.
'അവന്‍ മിടുക്കനായി പഠിക്കുന്നുണ്ട്...... ഇപ്പോഴവന് എക്‌സാം ടൈമാ... ഞങ്ങള്‍ രണ്ടുപേരും ഈ ഫീല്‍ഡില്‍ ആണെങ്കിലും പഠിത്തത്തില്‍ അവന് അവന്റേതായ ശ്രദ്ധയുണ്ട്. പിന്നെ നല്ലൊരു ഹോസ്റ്റലിലായതിനാല്‍ ഞങ്ങള്‍ക്കും ആശ്വാസം.'
'അങ്കിളിന്റെ കഴിഞ്ഞ സിനിമ ഞങ്ങള്‍ കണ്ടിരുന്നു കേട്ടോ ആന്റി. വളരെ നന്നായിട്ടുണ്ട്. ഈ പ്രാവശ്യത്തെ അവാര്‍ഡ് അങ്കിളിന്റെ സിനിമയ്ക്കു തന്നെയാ.... അങ്കിളിന്റെ ആ ടച്ച് വളരെ നന്നായി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്....'  കെല്‍സി ആന്റിയോടായി പറഞ്ഞു.
'അടുത്ത പടത്തിനുള്ള വര്‍ക്ക് തുടങ്ങിയിട്ടുണ്ട് കെല്‍സി.... കടലിന്റെ  പശ്ചാത്തലത്തില്‍ ഒരു വലിയ പ്രൊജക്ട് തന്നെയാ വന്നിരിക്കുന്നത് അതിന്റെ പേപ്പര്‍ വര്‍ക്കുകളുമായി പുള്ളിക്കാരന്‍ തിരക്കിലാണ്. റസ്സൂലിനെ നായകനാക്കിയാണ് ചിത്രീകരിക്കുന്നത്. റസൂലിന്റെ ഡെയ്റ്റ് കിട്ടിയിട്ടുണ്ട്. നായിക ഒരു പുതിയ പെണ്‍കൊച്ചാ.... അപ്പന്റെയും മകളുടെയും കഥയാണെന്നാ എന്നോടു പറഞ്ഞിരിക്കുന്നേ...'
'അജിയുടെ ജോലിയൊക്കെ എങ്ങനെയുണ്ട് മോനെ... നന്നായി പോവുന്നില്ലേ...' ആന്റി അജിത്തിനോടായി ചോദിച്ചു.
'ഉവ്വ് ആന്റി.... നന്നായിപ്പോവുന്നു.'
'അജിയുടെ സുകുമാരന്‍ അങ്കിളിന് എന്തുണ്ട് വിശേഷം സുഖം തന്നെയാണോ... വിളിക്കാറുണ്ടോ അജി...'
'ങാ... ഇടയ്ക്ക് വിളിക്കാറുണ്ട്..... ഞാന്‍ അങ്ങോട്ടു വിളിക്കും. ഇപ്പം ചെറിയചെറിയ അസുഖങ്ങളൊക്കെയാ.... സുഖമില്ലാണ്ടായിത്തുടങ്ങി... പ്രായമായി വരികയല്ലേ... അതാ...'
സുകുമാരന്‍ മാമ്മനെ ആന്റിക്ക് നന്നായി അറിയാവുന്നതാണ്. നാട്ടില്‍ തങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്ന കാലത്ത് ആന്റിയെ നന്നായി സ്വീകരിക്കാറുള്ളത് സുകുമാരമാമ്മനാണ്. തറവാട്ടിലെ വലിയ പുളിയന്‍മാവില്‍ കയറി കുലകുലയായി കണ്ണിമാങ്ങാ അടര്‍ത്തികൊടുക്കാറുള്ളത്... എപ്പോഴും ആന്റി പറയാറുണ്ട്...നിറയെ നീറിന്‍കൂടുള്ള മാവാണ്. നാലുദിക്കിലേയ്ക്കും പടര്‍ന്നു വീശിനില്‍ക്കുന്ന മാവിന്‍തടികളിലൂടെ നിസാരമായി നടന്ന് സുകുമാരമാമ്മ മാങ്ങാക്കുലകള്‍ പറിച്ചെടുക്കും... ഒന്നുപോലും താഴ്ത്തുകളയുകയുമില്ല.
വേറെ ആരുകയറിയാലു ഉറുമ്പിന്‍ പട്ടാളത്തിന്റെ ആക്രമണത്തില്‍ തോറ്റോടും. സുകുമാരന്‍മാമ്മന്‍ കയറിയാല്‍ മാവറിയുകയില്ല ഉറുമ്പുകള്‍ ഇളകുകപോലുമില്ല. ഉറുമ്പിനെയും മയക്കുന്ന ഗന്ധമായിരിക്കാം സുകുമാരന്‍ മാമ്മയുടെ ശരീരത്തിന് എന്നു തോന്നുന്നു.
സുകുമാരന്‍ മാമ്മ പള്ളിപ്പടിയാറ്റില്‍ കുളിക്കാന്‍ തന്നെയും കൂടെക്കൊണ്ടുപോകുമായിരുന്നു. തന്നെ നീന്തല്‍ പഠിപ്പിച്ചത് സുകുമാരന്‍ മാമ്മയാണ്.... പഠനകാലയളവില്‍ എത്രത്തോളം പുഴവെള്ളം വയറ്റിലെത്തി എന്നതിന് ഒരന്തവും ഇല്ല.
ഉണക്കത്തേങ്ങ രണ്ടെണ്ണം തൊണ്ടുരിഞ്ഞ് കൂട്ടിക്കെട്ടി തനിയെ നീന്താന്‍ വിട്ടു... ബാലന്‍സില്ലാതെ താന്‍ നിലവിളിച്ചു. കാലുകളും അരയും തേങ്ങായോടൊപ്പം മുകളിലേയ്ക്ക് പൊങ്ങിപ്പോയി. അരയ്ക്കു മേല്‍ഭാഗവും തലയും വെള്ളത്തിലേയ്ക്ക് താഴ്ന്നും മുങ്ങിക്കിടന്നു. പിന്നീട് തനിക്ക് ഒരു ഏത്തവാഴത്തടവെട്ടിയിട്ടുതന്നു. അതികയറിക്കിടന്ന് കൈകാലിട്ട് തുഴഞ്ഞ് നീന്താന്‍ പഠിച്ചു. വെള്ളിപോലെ മിന്നുന്ന വാഴത്തടയും കൈകാലിട്ടടിക്കുന്ന തന്നെയും കണ്ട് ഭയന്ന് ആറ്റിലെ മീനുകള്‍ നെട്ടോട്ടം ഓടി...
തുഴയുംതോറും കരയില്‍നിന്നകന്ന് നടുക്കോട്ടു നടുക്കോട്ട് പോയ്‌ക്കൊണ്ടിരുന്നു. പിന്നെ കരയിലെത്തണമെങ്കില്‍ മാമ്മന്‍ വന്ന് വലിച്ചുകൊണ്ടുപോകണം... അങ്ങനെ അങ്ങനെ പതിയെ തുഴഞ്ഞുകിടക്കാന്‍ പഠിച്ചപ്പോള്‍ വാഴത്തടയില്‍നിന്നും ഇറങ്ങി അതിപ്പിടിച്ചുകിടന്ന് കാലിട്ടടിച്ച് നീങ്ങുവാന്‍ പഠിച്ചു. പിടിവിട്ട് വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി പേടിമാറ്റി. പിന്നെ വാഴത്തട ഉപേക്ഷിച്ച് തനിയെ പൊങ്ങിക്കിടക്കാന്‍ പഠിച്ചു. കൈകാലിളക്കി തുഴഞ്ഞ് പതിയെ പതിയെ ഒരു നീന്തല്‍കാരനായി.
അടുത്ത ആഗ്രഹം അമ്മാവനെപ്പോലെ ഡൈവ് ചെയ്യുക എന്നതായിരുന്നു. കടവിലെ കല്ലില്‍നിന്നുയര്‍ന്നുപൊങ്ങി മറിഞ്ഞുതിരിഞ്ഞ് വെള്ളത്തില്‍ വീണ് മുങ്ങും.... പിന്നെ മുങ്ങാംകുഴിയിട്ട് പൊങ്ങുന്നത് അക്കരക്കടവില്‍.... അവിടെ ഒരു ഞാവല്‍ മരമുണ്ട് അതിന്റെ മുകളില്‍ കയറി നിറയെ കറുത്തുവിളഞ്ഞ ഞാവല്‍ കായകള്‍ പറിച്ചുതിന്നാം. പൊഴിയുന്ന ഞാവല്‍ കായകള്‍ വെട്ടിവിഴുങ്ങാന്‍ മീനുകള്‍ കൂട്ടംകൂടി വരാറുണ്ട്. അവ ഉയര്‍ന്നു ചാടി മറിയുന്നത് കാണാന്‍ നല്ല രസമാണ്.
ആ ഞാവല്‍ മരത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍നിന്ന് അമ്മാവന്‍ താഴേയ്ക്ക് ചാടും. നാലും അഞ്ചും തവണ വായുവില്‍ തലകീഴായി കറങ്ങിത്തിരിഞ്ഞ് വെള്ളത്തിലേയ്ക്ക് ഊളിയിട്ട് വീഴും. അവിടെ കയത്തിന് അഞ്ചാറാള്‍ താഴ്ചയുണ്ട് എന്നാണ് പറഞ്ഞറിവ്. അടിയിലേയ്ക്ക് മുങ്ങിപ്പോകുന്തോറും നല്ല തണുപ്പാണ് മരത്തിന് കീഴെ ആയതിനാലും നല്ല ആഴം ഉള്ളതിനാലും അടിഭാഗത്ത് നല്ല ഇരുട്ടാണ്.
തനിക്ക് ഭയമാണ്. പണ്ടുകാലത്ത് അവിടെ മുതല ഉണ്ടായിരുന്നതായി അമ്മാവന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അലക്കുകാരന്‍ മാധവനെ മുതലപിടിച്ച് വലിച്ചാഴ്ത്തികൊണ്ടുപോയത് അവിടെയാണ്. പിന്നെ അയാളുടെ പൊടിപോലും കിട്ടിയില്ലത്രേ.... പിന്നീടൊരിക്കല്‍ തോക്കുകാരന്‍ ജോസ് മുതലയെ ആ ഞാവല്‍മരത്തിന്റെ കൊമ്പില്‍ കാവലിരുന്ന് വെടിവെച്ചു മലര്‍ത്തി.
'എന്താ അജി...? അജി ഇവിടെയല്ലെന്നു തോന്നുന്നു....' സരളാന്റി ചോദ്യമുതിര്‍ത്തപ്പോള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
'ഓ.... ആന്റി സുകുമാരന്‍മാമ്മനെ പറ്റി ചോദിച്ചപ്പോള്‍ ഓരോന്ന് ചിന്തിച്ചുപോയി...'
കെല്‍സിയും ആന്റിയും സംസാരിച്ചിരിക്കേ സിംഫണിയുടെ താളലയങ്ങള്‍ അവരുടെ ശബ്ദത്തിനു മീതേ ചിറകുവിടര്‍ത്തിയുയര്‍ന്നു.
'പോര്‍ക്ക് ചോപ്‌സിന്റെയും' 'പോട്ട് റോസ്റ്റിന്റെ'യും പ്ലെയിറ്റുകള്‍ കാലിയായി. അജിത്ത് 'റോസ്റ്റ് ബീഫി' നും 'സ്റ്റെയ്ക്കിനും' ഓര്‍ഡര്‍ നല്‍കി.
ഇരുപതു മിനിറ്റിനുള്ളില്‍ പറഞ്ഞ വിഭവങ്ങള്‍ ടേബിളിലെത്തി. ആവി പറക്കുന്ന റോസ്റ്റില്‍നിന്നും മനം മയക്കുന്ന ഗന്ധം ഉയര്‍ന്നു. എത്രയോ തവണ ആദ്യവര്‍ഷങ്ങളില്‍ താനും കെല്‍സിയും ഇവിടെ വന്നിട്ടുണ്ട്; അവളുടെ ഹിതത്തിനനുസരിച്ച്. ഇന്നിപ്പോള്‍ ടേബിളിനിരുപുറവും ഔപചാരികതകളുടെ മുഖംമൂടിയുമായി വന്നിരിക്കേണ്ടിവരുന്നു. കെല്‍സി ജീവിതത്തിലും അഭിനയിക്കാന്‍ മിടുക്കിയാണെന്ന് തോന്നിപ്പോവും. എത്ര ഭംഗിയായാണ് മറ്റുള്ളവരെ കബളിപ്പിക്കുന്നത്.
ഡിന്നറിനുശേഷം റെസ്റ്റോറന്റില്‍നിന്നും ഇറങ്ങി കാറില്‍ കയറി. സരളാന്റിക്ക് അത്യാവശ്യ പര്‍ച്ചേസിംഗിനായി വലിയൊരു മാളിലേയ്ക്ക് കാര്‍ വിട്ടു.
പര്‍ച്ചേസിംഗിനുശേഷം പാര്‍ക്കിലൊക്കെ കയറി കറങ്ങിത്തിരിഞ്ഞ് പത്തുമണി രാത്രിയായപ്പോള്‍ അവര്‍ തിരികെ വീട്ടിലെത്തി. കുറച്ചുനേരം കുശലം പറഞ്ഞിരുന്നശേഷം അജിത്ത് ഗുഡ്‌നൈറ്റ് പറഞ്ഞ് റൂമിലേയ്ക്ക് കയറിപ്പോയി. അത്യാവശ്യം ഓഫീസ് വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കുവാനുള്ളതില്‍ അജിത്ത് വ്യാപൃതനായി.
കെല്‍സിയും സരളാന്റിയും കുട്ടികളെയും കളിപ്പിച്ചും വര്‍ത്തമാനം പറഞ്ഞും ഹാളിലിരുന്നു. പ്രോഗ്രാമിനെക്കുറിച്ചും ഷൂട്ടിംഗ് വിശേഷങ്ങളും പറയുവാന്‍ ആന്റിക്ക് ഏറെയുണ്ടായിരുന്നു. എല്ലാം സാകൂതം കേട്ടിരുന്നു കെല്‍സി.
ഫീല്‍ഡില്‍ പുതുതായി വന്നവരെപ്പറ്റിയും പുതിയ ട്രെന്‍ഡുകളെപ്പറ്റയും സരളാന്റി കെല്‍സിയോട് വിശദമായി സംസാരിച്ചു. കെല്‍സിക്ക് താന്‍ പോന്നതിനുശേഷമുള്ള ഇന്‍ഡ്‌സ്ട്രിയുടെ വ്യത്യാസങ്ങളെക്കുറിച്ചും മറ്റും അറിഞ്ഞിരിക്കുവാന്‍ വളരെയധികം സഹായകമായി. പുതിയൊരു ഊര്‍ജ്ജസ്വലത ലഭ്യമായ സന്തോഷമായിരുന്നു കെല്‍സിക്ക്.
വളരെയധികം ആത്മബന്ധമുള്ള സരളാന്റിയില്‍നിന്നും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിച്ചു എന്നത് അറിഞ്ഞ കാര്യങ്ങളുടെ ആധികാരികത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
സമയം ഏറെ രാത്രിയായിരിക്കുന്നു. കുട്ടികള്‍ രണ്ടുപേരും കളിചിരിയും കഴിഞ്ഞ് സോഫായില്‍ കിടന്ന് ഉറക്കം പിടിച്ചിരുന്നു.
'അയ്യോടാ....രണ്ടുപേരും കളിച്ചു കളിച്ച് ഉറങ്ങിപ്പോയല്ലോടിയെ... എന്റെ ചക്കരക്കുടങ്ങള്‍' സരളാന്റി സ്‌നേഹവാത്സല്യത്തോടെ രണ്ടുപേരുടെയും കവിളില്‍ മൃദുവായി നുള്ളി വിരലുകള്‍ ചുണ്ടില്‍ചേര്‍ത്ത് മുത്തം നല്‍കി...
'കെല്‍സി, നീ ഇവളെ എടുത്തോളൂ... വാ... ഇവരെ കൊണ്ടുക്കിടത്താം....' അപ്പുവിനെ എടുത്ത് മാറോടുചേര്‍ത്തുകൊണ്ട് മിന്നുവിനെ എടുക്കാനായി സരളാന്റി കെല്‍സിയോട് പറഞ്ഞു.
കെല്‍സി മിന്നുവിനെയും എടുത്ത് സരളാന്റിയുടെ പിറകെ നടന്നു...
'ആന്റി ശ്രദ്ധിച്ച് സ്റ്റെപ്പ് കയറണേ...' കെല്‍സി സ്‌നേഹത്തോടെ മുന്നറിയിപ്പു നല്‍കി.
'ഓ....നീ ഇങ്ങ് നോക്കിയും കണ്ടും വാടിപെണ്ണേ... ഞാന്‍ വീഴത്തൊന്നും ഇല്ല...'
കുഞ്ഞുങ്ങളെ സൈഡില്‍ കിടത്തി ബ്ലാങ്കറ്റ് പുതപ്പിച്ചു. കെല്‍സി സരളാന്റിയെ മുറിയില്‍ കൊണ്ടുചെന്നാക്കി.
'ആന്റി കുടിക്കുവാനുള്ള ചുക്കുകാപ്പി ഞാന്‍ കൊണ്ടു വയ്പ്പിച്ചിട്ടുണ്ട്.... കേട്ടോ....പിന്നെ വെറും ചൂടുവെള്ളം ദാ....ഫഌസ്‌കില്‍ ഉണ്ട്....'
'ഓ..... ഇതൊക്കെ ധാരാളം മതിയെ..... ശരി മോളെ.... ഗുഡ്‌നൈറ്റ്....'
'ഗുഡ്‌നൈറ്റ് ആന്റി.... സ്വീറ്റ് ഡ്രീംസ്...'
'ഓക്കെ....സ്വീറ്റ് ഡ്രീംസ്...'
****            *****            *****        ******    *****          ******         *****        *****
അതിരാവിലെ തന്നെ ആന്റി എഴുന്നേറ്റിരുന്നു. കെല്‍സി കാപ്പിയുമായി വന്നപ്പോഴേയ്ക്കും ആന്റി കുളിച്ച് റെഡിയായി തങ്ങളുടെ പൂജാമുറിയില്‍ കയറി വിളക്ക് തെളിച്ചിരുന്നു. ഒരമ്മയുടെ സ്‌നേഹവാത്സല്യത്തോടെ വന്ന് കെല്‍സിയുടെ കവിളില്‍ ഒരു മുത്തം നല്‍കി.
അജിത്ത് ഭക്ഷണവും കഴിച്ച് ആന്റിയോട് യാത്ര പറഞ്ഞ് ഓഫീസിലേക്കിറങ്ങി. കെല്‍സിയോട് ഒരു വാക്കുപോലും ഉരിയാടാതെയുള്ള അജിത്തിന്റെ പോക്ക് ആന്റിയില്‍ അത്ഭുതമുളവാക്കി. ഇന്നലെ വൈകുന്നേരം വാതോരാതെ തന്നോടു സംസാരിച്ച; ഒരു ഗ്രാന്‍ഡ് ഡിന്നറിന് തങ്ങളോടൊപ്പം വന്ന അജിത്തുതന്നെയാണോ ഇതെന്ന് ആന്റി അതിശയിക്കാതിരുന്നില്ല.
കെല്‍സിയുമായി പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ സരളാന്റി അവളോട് അത് തിരക്കുകയും ചെയ്തു.
'ആന്റി....ഫോണ്‍ വിളിക്കുമ്പോഴെല്ലാം ആന്റി വന്നിട്ട് ചില കാര്യങ്ങള്‍ സംസാരിക്കണം എന്നു ഞാന്‍ പറഞ്ഞില്ലേ...അത്....ഇതിനെക്കുറിച്ചുതന്നെയാ ആന്റി....'
'കല്യാണം കഴിഞ്ഞ് നാലഞ്ചുമാസങ്ങള്‍ക്കുശേഷം ഒന്നരവര്‍ഷക്കാലത്തോളമായി.... ആന്റി ഞങ്ങള്‍ തമ്മിലകന്നിട്ട്.... അജിത്തിന് എന്നോടു പിണക്കമാ.... എന്നോട് സ്‌നേഹമില്ല.... എത്രകാലമായെന്നോ ഞാനിതൊക്കെ സഹിച്ചിവിടെ ജയിലിലെന്നപോലെ കഴിയുന്നു... എനിക്കിനി വയ്യാ... ആന്റി...' പൊടുന്നനവേ കെല്‍സി പൊട്ടിക്കരഞ്ഞുകൊണ്ട് സരളാന്റിയുടെ തോളിലേക്ക് വീണപ്പോള്‍ സരളാന്റി വായിലേക്കുയര്‍ത്തിയ ഇഡ്ഡലിക്കഷണം ടേബിളില്‍ വീണുരുണ്ട് താഴേയ്ക്കുപോയി.
പെട്ടെന്നുതന്നെ സ്ഥലകാലബോധം വീണ്ടെടുത്ത ആന്റി കെല്‍സിയെ തോളോടുചേര്‍ത്ത് ഉയര്‍ത്തി എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തി....
കെ....ല്‍...സി... എടി കെല്‍സി.... എടി പെണ്ണേ, യ്യോ....ഇതിനെന്നാപറ്റി....നാന്‍സിയെ ഇങ്ങുവന്നേ...'
കെല്‍സി വിങ്ങിവിങ്ങി ശ്വാസം കിട്ടാത്തതുപോലെ പിള്ളേരെപ്പോലെ കരയുകയായിരുന്നു. എന്തൊക്കെയോ പിറുപിറുക്കുകയും ആവലാതിപറയുകയും ചെയ്യുന്നു. ഏങ്ങലടിച്ചും വിക്കിവിഴുങ്ങിയും പറയുന്നത് ആര്‍ക്കും മനസ്സിലാവുകയുമില്ല.... നാന്‍സി കിച്ചണില്‍നിന്നും ഒരു പാത്രം വെള്ളവുമായി ഓടിവന്നു.
'നീ ആ വെള്ളം അങ്ങോട്ടുവച്ച്.... മുഖമൊന്നു കഴുകിക്കേ കെല്‍സി...' കെല്‍സി ഒന്നും കേട്ടതായി ഭാവമില്ല....
'ശൊ... ഇതെന്തൊരു കഷ്ടമാ... എടീ നീ ഒന്നെഴുന്നേറ്റെ... നമുക്ക് പരിഹാരം ഉണ്ടാക്കാം.... നീ കാര്യം എന്താണെന്നുവച്ചാ എന്നോടുപറ...'
'ഞാന്‍ വേണേ ഒന്നു രണ്ടു ദിവസത്തെ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്ത് നിന്റെ കൂടെ ഇവിടെ നില്‍ക്കാം...'
'നാന്‍സി... നീയാ... അജിത്തിന്റെ സെല്ലേലോട്ടൊന്നു വിളിച്ചേ...' സരളാന്റി നാന്‍സിയോടായി പറഞ്ഞു.
'വേണ്ട...അജിത്തിനെയും വിളിക്കേണ്ട... ഒരുത്തനെയും വിളിക്കേണ്ട.... എനിക്കാരെയും കാണേണ്ട.... എന്നോടു സ്‌നേഹമില്ലാത്തവരെ എനിക്കു വേണ്ട....'
കെല്‍സി നിന്നു വിറച്ചു തുള്ളുകയാണ്. ഒന്നരവര്‍ഷക്കാലം ഉള്ളിലൊതുക്കിയ ദുഃഖങ്ങളും നിരാശയും ദേഷ്യവും അഗ്നിക്കടല്‍പോലെ ഇരച്ചാര്‍ത്ത് കരയിലേയ്ക്ക് കലിതള്ളിക്കയറി.....
സരളാന്റി ആകെ... എത്തും പിടിയും കിട്ടാതെ വലഞ്ഞു. കെല്‍സിയും അജിത്തും തമ്മില്‍ നാളുകളായി വലിയൊരകല്‍ച്ചയിലാണെന്ന സത്യം സരളാന്റിയുടെ മനസ്സില്‍ ഓടിയെത്തി. ഇത്രയധികം ക്ഷോഭിക്കണമെങ്കില്‍ ഒരു പെണ്ണെന്നതിലുപരിയായി അത്രമാത്രം പ്രശ്‌നം ഇവരുടെ ഇടയിലുണ്ടാവാം....
താനെന്ത് ഒഴിവുകഴിവും പറഞ്ഞാലും കെല്‍സി ഒന്ന് അടങ്ങാത്തിടത്തോളം ഒരു കാര്യവുമില്ല എന്നവര്‍ക്കു മനസ്സിലായി. കരയട്ടെ..... കരഞ്ഞുകരഞ്ഞ് കരളിലുറഞ്ഞ ദുഃഖം കണ്ണീരായി മണ്ണില്‍ വീഴട്ടെ.... പെണ്ണിന്റെ കണ്ണീര് മണ്ണിനു ശാപമാണ്‍ എന്നാലും അവിവേകപ്രവൃത്തികളില്‍നിന്ന് അവളെ തടയുവാന്‍ അനസ്യൂതം ഒഴുകുന്ന കണ്ണീരാല്‍ കഴിയും.... സരളാന്റി മൂകയായി  അവളെയും നോക്കി അവിടെതന്നെ ഇരിപ്പായി.  കെല്‍സി തേങ്ങിതേങ്ങി ഒരുവിധം ശാന്തയായി....
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:14 -കൊല്ലം തെല്‍മ ടെക്‌സാസ്‌)
Join WhatsApp News
Jojo panavila, Florida 2015-01-17 09:34:44
Thelma, novel ishttapettoo, kaaryam gauravamaakunnu.
pakshe chapter 13 vaayichillallo? enthe oru chapter skip cheithoo? Congratulations again.
Jojo
Sudheesh Pillai, Canada 2015-01-20 12:39:39
Swapnangal vaachaalamaakumbol...... Novel Adi poli. Congrats!! Sudheesh
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക