പത്ത്
സന്ധ്യ വാച്ചില്‍ നോക്കി. ന്യൂയോര്‍ക്കിലെത്താന്‍ ഇനി നാലുമണിക്കൂര്‍ കൂടിയെങ്കിലും എടുക്കും.
ലണ്ടനില്‍ നിന്ന് ഒരു മണിക്കൂര്‍ ലേറ്റായിട്ടാണ് ടേക്ക് ഓഫ് ചെയ്തത്. ബോംബെ-ലണ്ടന്‍ ഫ്‌ളൈറ്റില്‍ സുഖമായി മൂന്നുനാലു മണിക്കൂര്‍ ഉറങ്ങാന്‍ കഴിഞ്ഞു.
ലണ്ടനില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിനു ശേഷം വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഭക്ഷണത്തിന് മുമ്പ് കുറച്ചു വൈന്‍ കഴിച്ചിരുന്നു. എന്നിട്ടും ഉറക്കം വരുന്നില്ല.
ബോംബെയില്‍ നിന്നു പുറപ്പെട്ടു കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നിയിരുന്നു. മമ്മിയും ഡാഡിയും തിരികെപ്പോയതിനു ശേഷം വല്ലാത്ത ടെന്‍ഷനായിരുന്നു. റീഹാബിലിറ്റേഷന്‍ തെറാപ്പി പൂര്‍ത്തിയാക്കുന്നതിനു മുമ്പായിരുന്നു കേരളത്തിലേക്കുള്ള യാത്രയും വിവാഹവും. ആകെ ഒരു അങ്കലാപ്പ്.
ഇപ്പോള്‍ ദൂരെ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ഒരു സ്വ്പനം പോലെ- സൈക്കഡലിക് സ്വപ്നം.
സമയത്തിന്റെ ഇടപെടല്‍ ഒഴിച്ചു നിര്‍ത്തി ചലച്ചിത്രത്തിലെന്നതുപോലെ എല്ലാം ഓര്‍ക്കാന്‍ രസമുണ്ട്. വിശേഷിച്ചും താന്‍ അതില്‍ നിന്നു വേര്‍പെട്ടുനിന്ന് നിഷ്പക്ഷമായി, നിര്‍വികാരമായി നോക്കുമ്പോള്‍.
വിവാഹം കഴിഞ്ഞതിനുശേഷമുള്ള ഈ മൂന്നാഴ്ചക്കാലം ഓര്‍മ്മയിലൂടെ മിന്നിമറയുന്നു. വിനോദ് എന്ന ഭര്‍ത്താവിനെ ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ ഇന്റലക്ച്വല്‍ കഴിവൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യന്‍. അതുമല്ലെങ്കില്‍ ഒരു സാത്വികന്‍. ഇതില്‍ എവിടെ അയാളെ കൊള്ളിക്കും?
എന്തായാലും അത്ര പാവമൊന്നുമല്ല. കിടപ്പറയിലെ ഫെര്‍ഫോമെന്‍സു കൊണ്ടു തന്നെ മനസ്സിലാകും.
അതുപോലെ തന്നെ ബിസിനസ് കാര്യങ്ങളിലും ആള്‍ തികഞ്ഞ പ്രാക്ടീഷനര്‍ തന്നെ. ചില ഡീലിങ്ങിനെപ്പറ്റി സംസാരിക്കുന്നതും മറ്റും കേട്ടിട്ടുണ്ട്. വളരെ പ്രൊഫഷണല്‍ ആയി തോന്നിയിരുന്നു. അതുകൊണ്ട് ഒരേ സമയം അഭിമാനവും പേടിയും തോന്നിയിരുന്നു.
ഒരു കാര്യമാണു സഹിച്ചുകൂടാത്തത്. അതായത് ഒരു ഹാര്‍ഡ്‌കോര്‍ ബിസിനസ്മാനെ. ജീവിതത്തിന്റെ ലോലഭാവങ്ങള്‍ മനസ്സിലാകാത്ത, ഋതുപ്പകര്‍ച്ചകള്‍ മനസ്സിലാകാത്ത, ഇലയുടെ പച്ചനിറം കണ്ടാനന്ദിക്കാത്ത ഒരാള്‍ മനുഷ്യനാണോ?
തന്റെ ഡാഡിയുടെ ബിസിനസ് ഭ്രമത്തെപ്പറ്റി ഓര്‍ത്തു. മമ്മി പലപ്പോഴും അതിനെ കുറ്റപ്പെടുത്തി സംസാരിക്കാറുണ്ട്. എന്താണ് മമ്മിയും ഡാഡിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല.
ആര്‍ക്കും അഭിമാനിക്കാവുന്ന മമ്മി. ഇത്തരം അമ്മമാരെ കിട്ടണമെങ്കില്‍ സുകൃതം ചെയ്യണം. എന്നാല്‍ അമേരിക്കന്‍ ഡോളറെന്ന മിഥ്യാഭ്രമത്തില്‍ ഡാഡിയുടെ താളത്തിനൊത്തു ചുവടുവയ്ക്കാന്‍ തയ്യാറാവുന്നതാണു കഷ്ടം.
ഇരട്ട ജോലികള്‍ ചെയ്യേണ്ടതിന്റെ ആവശ്യമാണ് മനസ്സിലാകാത്തത്. ഒരു ജോലിയില്‍ നിന്നുതന്നെ മാന്യമായി ജീവിക്കാനുള്ള വരുമാനം കിട്ടും. ഡാഡി നോക്കിനടത്തുന്ന ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ വേറെയും. വാടകയ്ക്കു കൊടുത്തിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, പലചരക്കുകടയിലെ പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവ.
ക്യാപ്റ്റന്റെ ശബ്ദം സ്പീക്കറിലൂടെ വന്നു. വിമാനം ഒരു എയര്‍ പോക്കറ്റില്‍ പെട്ടിരിക്കയാണെന്നു തോന്നുന്നു. ടര്‍ബുലന്റ് വെതര്‍. എല്ലാവരും സീറ്റ്‌ബെല്‍റ്റ് കെട്ടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. എയര്‍ഹോസ്റ്റുമാര്‍ ഓടിനടന്ന് അത് പ്രാവര്‍ത്തികമാക്കുന്നു.
ആകാശനൗകയുടെ നിതാന്തമായ മൂളല്‍ ആകുലാവസ്ഥയ്ക്കു മുകളിലൂടെ ഉയര്‍ന്നു കേട്ടു.
അല്പസമയത്തിനു ശേഷം എല്ലാം ശാന്തമായി.
അല്പം വൈന്‍ കിട്ടിയാല്‍ നന്നായിരുന്നു. വിജ്യംഭിതമായി നില്ക്കുന്ന മാനസികാവസ്ഥയെ സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞേക്കും.
എയര്‍ഹോസ്റ്റസിനെ കൈകാട്ടി വിളിച്ചു.
'ക്യാന്‍ ആ ഗെറ്റ് സം വൈന്‍?'
സന്ധ്യ ചോദിച്ചു.
'വിച്ച് വണ്‍?'
'റെഡ് വൈന്‍?'
'ഷുവര്‍.'
നിമിഷങ്ങള്‍ക്കകം വൈന്‍ മുന്നിലെത്തി.
സന്ധ്യ ആലോചിച്ചു. ഡാഡിയുടെ മദ്യപാനശീലത്തെപ്പറ്റി. ഒരിക്കല്‍ മമ്മി പറഞ്ഞ വാക്ക് ഓര്‍മ്മ വന്നു. പാതാള ഭൈരവി. പാതാളം എന്നുവച്ചാല്‍ നെതര്‍വേള്‍ഡ്. ഭൂതലത്തിനു താഴെയുള്ള ലോകം. അമേരിക്കന്‍ യാഥാര്‍ത്ഥ്യത്തില്‍ ബേസ്‌മെന്റ്. അമേരിക്കന്‍ വീടുകള്‍ക്ക് ഭൂതലത്തിനു മുകളിലുള്ള നിലകള്‍ കൂടാതെ താഴെ ഒരു നില കൂടി കാണും. ബേസ്‌മെന്റ്. ചിലര്‍ അതു സ്‌റ്റോറേജ് സ്ഥലമാക്കും. മിക്കവര്‍ക്കും അത് സ്വകാര്യസ്ഥലമാണ്. ബാറും ചിലപ്പോള്‍ ഒരു ഫാമിലിറൂമും ഒരു പൂജാമുറിയും മറ്റും.
നഴ്‌സുമാരായ ആന്റിമാരുടെ ഭര്‍ത്താക്ക•ാര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ബേസ്‌മെന്റ്. ഭാര്യമാര്‍ ജോലിയിലും കുട്ടികള്‍ ഉറക്കത്തിലും ആയിക്കഴിഞ്ഞാല്‍ അങ്കിള്‍മാര്‍ പാതാളത്തിലേക്ക്, ബേസ്‌മെന്റിലുള്ള ബാറിലേക്ക് പ്രവേശിക്കയായി. അവിടെയിരുന്ന് മത്തുപിടിക്കും വരെ കുടി, ചീട്ടുകളി. അങ്ങനെ വന്നുപെട്ട പേരാണ് 'പാതാളഭൈരവി'
വൈന്‍ ഒരിറക്കുകൂടി കുടിച്ചു. വീഞ്ഞിന്റെ സുഖദമായ അനുഭൂതിയില്‍ നാഡീഞരമ്പുകള്‍ അയഞ്ഞു.
'ഞാനിതാ ആകാശഭൈരവിയായിരിക്കുന്നു.' സന്ധ്യ മന്ദഹസിച്ചു. അടുത്തിരുന്ന യാത്രക്കാരി ഉറക്കത്തില്‍ ഒന്നിളകിയിരുന്നു. അറുപത് വയസ്സോളം വരുന്ന ഗുജറാത്തി തള്ള.
ഒരു കാര്യത്തിലാണ് ഡാഡിക്ക് മാപ്പു കൊടുക്കാനൊക്കാത്തത്. താന്‍ ഹൈസ്‌ക്കൂളിന്റെ ആദ്യവര്‍ഷങ്ങളിലായിരുന്നു കാലം. അനില്‍ കോളേജിലും. തനിക്ക് ഏകാന്തത ദുസ്സഹമായിരുന്ന സമയം. മമ്മി ജോലിയില്‍. ഡാഡി ഒന്നുകില്‍ കടയില്‍, അല്ലെങ്കില്‍ കൂട്ടുകാരുമൊത്ത് ആരുടേയോ വീടിന്റെ 'പാതാള' ത്തില്‍.
സ്‌കൂളില്‍ നിന്നെത്തി ഹോംവര്‍ക്കു പൂര്‍ത്തിയാക്കിയ ശേഷം ഒറ്റയ്ക്കാവുന്ന സമയം. ആരോടും സംസാരിക്കാനില്ലാത്ത അവസ്ഥ. ടെലഫോണ്‍ മാത്രമുണ്ട് കൂട്ടിന്. കൂട്ടുകാരികളെ വിളിച്ച് ഗോസിപ്പ് ചെയ്യാം. അല്ലെങ്കില്‍ ടി.വി.യിലെ ചാനലുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്താം. ഒന്നിലും മനസ്സ് ഉറച്ചു നില്ക്കാത്ത അവസ്ഥ.
ആ അശാന്തിയിലാണ് ആദ്യമായി കൊക്കയ്ന്‍ രുചിച്ചു നോക്കിയത്. നിര്‍ദ്ദോഷ ഭാവമുള്ള വെളുത്ത പൊടി....
ആദ്യത്തെ അനുഭവം ഏറ്റവുമടുത്ത കൂട്ടുകാരി ട്രിഷായുടെ വീട്ടില്‍ വച്ച്. ഒരിക്കല്‍ സ്‌കൂള്‍ വിട്ടു വരുന്നവഴി കയറിയതാണ്.
പതിവിനു വിപരീതമായി അന്ന് അവളുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അവള്‍ മുകളിലത്തെ നിലയിലുള്ള കിടപ്പു മുറിയിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി.
'ഒരു പുതിയ അനുഭവം വേണോ?' അവള്‍ പുഞ്ചിരിയോടെ ചോദിച്ചു.
ആദ്യം ഒന്നും മനസ്സിലായില്ല. ചോദ്യഭാവത്തില്‍ അവളെ നോക്കി.
ട്രിഷാ മുറിയുടെ മൂലയ്ക്ക് പഴയ കളിപ്പാട്ടങ്ങള്‍ കുന്നുകൂടിക്കിടന്ന സ്ഥലത്തേക്കു തിരിഞ്ഞു. ഒരു വലിയ 'ടെഡ്ഡി ബെയറിനെ' എടുത്തു പൊക്കിയിട്ട് അതിനിടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി പുറത്തെടുത്തു.
'ഇതെന്താണെന്ന് അറിയാമോ?'
'ഇല്ല.'
'നീയിതാ ഇന്ന് ഒരു പുതിയ ലോകത്തേക്കു പ്രവേശിക്കാന്‍ പോകുന്നു.' ട്രിഷാ പറഞ്ഞു.
കൗതുകപൂര്‍വ്വം അവള്‍ ചെയ്യുന്നതു നിരീക്ഷിച്ചു.
ആദ്യം മേശയുടെ ഒരു മൂല ഒഴിച്ചെടുത്തു. എന്നിട്ട് പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്ന് ചെറിയ ഒരു പായ്ക്കറ്റെടുത്ത് ശ്രദ്ധാപൂര്‍വ്വം കത്രികകൊണ്ട് ഒരു വശം കട്ട്‌ചെയ്തു. മേശപ്പുറത്തേക്ക് വെളുത്തപ്പൊടി ഒരു നേര്‍വരയായി തൂവിയിട്ടു.
മേശവലിപ്പു തുറന്ന് ഒരു സ്ട്രാ എടുത്തു. കസേര അടുത്തേക്കു വലിച്ചിട്ട് ഇരുന്നു. എന്നിട്ടു തന്നെ നോക്കി പറഞ്ഞു.
'ശ്രദ്ധിച്ചു നോക്കിക്കൊള്ളണം. വലിയ വിലയുള്ള സാധനമാണ്. നഷ്ടപ്പെടുത്തിക്കളയാന്‍ പാടില്ല.'
കുനിഞ്ഞിരുന്നുകൊണ്ട് ട്രിഷ സ്ട്രായുടെ ഒരറ്റം അവളുടെ മൂക്കിലേക്കു തിരുകി. മറ്റേ അറ്റം വെളുത്ത വരയുടെ ആരംഭത്തില്‍ വച്ചു. എന്നിട്ട് പതുക്കെ പൊടി സ്ട്രാ വഴി മൂക്കിലേക്കു വലിക്കാന്‍ തുടങ്ങി.
താന്‍ അന്തംവിട്ട് നോക്കിനിന്നു. അപ്പോള്‍ ഇതാണ് ഇത്രയും കാലം പറഞ്ഞു കേട്ടിരുന്ന സ്‌നോര്‍ട്ടിങ്!
വെളുത്ത ആ വര പകുതിയോളം അപ്രത്യക്ഷമായിക്കഴിഞ്ഞ് ട്രിഷ തലപൊക്കി തന്റെ നേര നോക്കി.
എന്നിട്ട് വേറൊരു സ്ട്രാ എടുത്ത് തന്റെ നേരെ നീട്ടി. ഒന്ന് അമ്പരന്ന തന്നെ അവള്‍ പ്രോത്സാഹിപ്പിച്ചു. 'ഉം....'
അവള്‍ എഴുന്നേറ്റുമാറിയ കസേരയിലേക്ക് ഇരുന്നു. മടിച്ചു മടിച്ചു ട്രിഷ ചെയ്ത അതേ ചേഷ്ട ആവര്‍ത്തിച്ചു. ആദ്യമായി വെളുത്ത പൊടി സ്ട്രാ വഴി മൂക്കിനകത്തെ മ്യൂക്കസ് മേംബ്രയിനില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു തരം പെരുപ്പ്. പിന്നെ ഒന്നുമറിഞ്ഞില്ല.
വലിച്ചുകഴിഞ്ഞ് തലപൊക്കി ട്രിഷയെ നോക്കി.
'നീ ആളു കൊള്ളാമല്ലോ.' അവള്‍ കളിയാക്കി.
ചിരിയാണു വന്നത്. പൊട്ടിച്ചിരിച്ചു.
ബാക്കിയുള്ള വെളുത്തപൊടി ട്രിഷ വലിച്ചു തീര്‍ത്തു.
'എങ്ങനെയുണ്ട്?' ട്രിഷ ചോദിച്ചു.
'കൊള്ളാം.'
'ഇന്ന് ഇത്രമതി.' ട്രിഷ പൊട്ടിച്ചിരിച്ചു.
അവളുടെ കട്ടിലില്‍ ഇരുന്നു. തലയ്ക്ക് ആകെയൊരു ലാഘവത്വം. ഒരുതരം ഫ്‌ളോട്ടിങ് സെന്‍സേഷന്‍.
അന്നോളം അനുഭവിച്ചിട്ടില്ലാത്ത അനുഭൂതി.
കുറെനേരം ട്രിഷയോടൊപ്പം എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു.
അതിനുശേഷം വീട്ടിലേക്കു പോയി.
അന്നുവൈകുന്നേരം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ ഒട്ടും ഏകാന്തത അനുഭവപ്പെട്ടില്ല. ഹോംവര്‍ക്കു ചെയ്യാനിരുന്നു. മനസ്സിന് ലാഘവത്വം. ഹോംവര്‍ക്ക് ചെയ്യാന്‍ വേഗതയും താല്പര്യവും കൂടിയതുപോലെ!
ഏതാനും മണിക്കൂറുകള്‍ ആ അവസ്ഥ നിന്നു. അതിനുശേഷം വലിയ ഹൃദയവ്യഥ തോന്നി. മമ്മിയുടെ മുഖത്തെങ്ങനെ നോക്കും. തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മമ്മിയും ഡാഡിയും. അവരെ വഞ്ചിച്ചില്ലേ?
കുറ്റബോധം കാരണം അന്നു വളരെ താമസിച്ചാണുറങ്ങിയത്. പിറ്റേന്നു രാവിലെ പതിവിലും നേരത്തേ ഉണരുകയും ചെയ്തു. നെഞ്ചിനുമുകളില്‍ ഭാരമുള്ളൊരു കല്ലുകയറ്റി വച്ചപോലെ.
ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു.
അടുത്ത എക്‌സ്പീരിയന്‍സ് ഏതാനും ആഴ്ചകള്‍ക്കു ശേഷം. ആ പാര്‍ട്ടിയില്‍ വച്ചായിരുന്നു. ആരുമറിയാതെ താനും കെല്ലിയും ആനിയും ട്രിഷയും ഒഴിഞ്ഞ കോണില്‍ കൂടി. കെല്ലിയുടെ കൈയിലുണ്ടായിരുന്നു സാധനം. താന്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചതാണ്. അവരുണ്ടോ വിടുന്നു.
ആ അനുഭവത്തിനുശേഷവും പതിവുള്ള കുറ്റബോധവും ഉറക്കമില്ലായ്മയും.
പിന്നീട് ഇക്കാര്യം ട്രിഷയോടു പറഞ്ഞപ്പോള്‍ അവള്‍ കളിയാക്കിച്ചിരിച്ചു.
ആനിയോടും കെല്ലിയോടും പറഞ്ഞ് എല്ലാവരുംകൂടി തന്നെ കളിയാക്കാന്‍ തുടങ്ങി. ആ കളിയാക്കലില്‍നിന്നു രക്ഷനേടാന്‍ ഇടയ്ക്കും മുറയ്ക്കും അവരുടെ കുടെ കൂടേണ്ടി വന്നു.
ഹൈസ്‌ക്കൂള്‍ ജീവിതം അവസാനിക്കുന്നതുവരെ ഇടയ്ക്കും മുറയ്ക്കുമുള്ള കൊക്കയ്ന്‍ സ്‌നോര്‍ട്ടു ചെയ്യല്‍ തുടര്‍ന്നുകൊണ്ടിരുന്നു.
കൊക്കയ്‌ന്റെ അടിമയായത് കോളേജില്‍ ചേര്‍ന്നതിനുശേഷമാണ്. അത്രയ്ക്കായിരുന്നു ആത്മസംഘര്‍ഷം. തനിക്കു ഫാര്‍മസികോഴ്‌സിനു ചേരാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു.
ആര്‍ട്ടോ ലിറ്ററേച്ചറോ മതിയെന്ന് തറപ്പിച്ചു പറഞ്ഞതാണ്. മമ്മിയും ഡാഡിയും സമ്മതിക്കേണ്ടേ?
എന്തു ഭ്രാന്താ മോളേ ഇപ്പറയുന്നേ? ഫാര്‍മസിസ്റ്റിനു കിട്ടുന്ന ശമ്പളം എത്രയാന്നു നിനക്കറിയാമോ?
മമ്മി ചോദിച്ചു.
'ശമ്പളം കൊണ്ടു മാത്രം ജീവിതമായോ മമ്മീ?'
'മോളേ, നീ കാശില്ലാത്തതിന്റെ വിഷമം അറിഞ്ഞിട്ടില്ല. അതുകൊണ്ടാ ഇങ്ങനെ പറയുന്നെ.'
'വേണ്ട, ഇനി മമ്മി കാശില്ലാതെ തെണ്ടിയ കാര്യമൊന്നും ഇങ്ങോട്ട് ഒന്നുകൂടി വിളമ്പണ്ട.' പറഞ്ഞുകഴിഞ്ഞാണ് പറയേണ്ടിയിരുന്നില്ല എന്നു തോന്നിയത്.
മമ്മിക്കു ദേഷ്യം വരുന്നുണ്ടെന്നു മുഖഭാവത്തില്‍ നിന്നു മനസ്സിലായി.
'സോറി, മമ്മീ.'
അങ്ങനെ മമ്മിയുമായും ഡാഡിയുമായും പല വാക്‌സമരങ്ങള്‍.
ഒടുവില്‍ രണ്ടുപേരും കൂടി ഫാര്‍മസികോഴ്‌സിനു ചേരാന്‍ തന്നെക്കൊണ്ടു സമ്മതിപ്പിക്കുകയായിരുന്നു. മമ്മിയുടെ സഹപ്രവര്‍ത്തകരുടെ മക്കളെപ്പോലെയും ഡാഡിയുടെ കൂട്ടുകാരുടെ മക്കളെപ്പോലെയും താനും മിടുക്കിയായി അംഗീകരിക്കപ്പെട്ടു.
ആദ്യം സെമസ്റ്റര്‍ ഒരു വിധം തള്ളിനീക്കി. പരീക്ഷയില്‍ ഗ്രേഡു വളരെ മോശം. കൂടുതല്‍ ആത്മനിന്ദ തോന്നി. മമ്മി പാടുപെട്ടുണ്ടാക്കുന്ന കാശ് താനായി വെറുതെ കളയുന്നു എന്ന തോന്നല്‍.
അടുത്ത സെമസ്റ്റര്‍ പകുതിയായതോടെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. പഠിത്തത്തില്‍ തീരെ താല്പര്യം തോന്നാതായി. അസൈന്‍മെന്റുകളും ഹോംവര്‍ക്കുകളും തക്കസമയത്തു പൂര്‍ത്തിയാക്കാന്‍ കഴിയാതെയായി.
ഹൈസ്‌ക്കൂളിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ പോകാതെ റസ്‌റ്റോറന്റില്‍ ജോലിക്കുപോയ ട്രിഷയെ ഒരു ദിവസം യാദൃച്ഛികമായി കണ്ടു. അവള്‍ വീട്ടിലേക്കു ക്ഷണിച്ചു.
വീണ്ടും വെളുത്ത പൊടി സല്‍ക്കരിച്ചു. അതു നല്‍കിയ എസ്‌കേപ്പിസ്റ്റു സുഖം അപ്പോള്‍ കൂടുതല്‍ അനുഭവവേദ്യമായിത്തോന്നി. അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ക്രമേണ പോക്കറ്റുമണി ആ വെളുത്തപൊടിക്കുവേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി.
ട്രിഷ അവളുടെ 'സോഴ്‌സ്' ആയ കൂട്ടുകാരനെ പരിചയപ്പെടുത്തിത്തന്നു.
തിരിഞ്ഞുനോക്കാതെയുള്ള ഒരു കൂപ്പുകുത്തലായിരുന്നു പിന്നെ. ലഹരിയുടെ പാതയിലേക്ക്. വേണ്ട, ഇനി അതൊന്നും ഓര്‍ക്കാന്‍ വയ്യ....
കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന വൈന്‍ പ്ലാസ്റ്റിക് ഗ്ലാസിലേക്കൊഴിച്ച് ഒറ്റവലിക്കു കുടിച്ചു.
എന്നിട്ടു സീറ്റില്‍ ചാരിക്കിടന്നു. എല്ലാം മറന്ന് ഒരു ഉറക്കത്തിനുകൂടി തയ്യാറായി.