Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 15 - കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 24 January, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 15 - കൊല്ലം തെല്‍മ)
അദ്ധ്യായം 15
ഉച്ചകഴിഞ്ഞ നേരത്ത് കെല്‍സിയും സരളാന്റിയും പുറത്ത് ലോണില്‍ ഇരിക്കുകയാണ്. കുട്ടികള്‍ രണ്ടുപേരും പുല്‍ത്തകിടിയില്‍ ഓടിച്ചാടി കളിക്കുന്നു.
കെല്‍സി രാവിലത്തെ സംഭവത്തിനുശേഷം ആകെ അസ്വസ്ഥതയാണ്. വികാരഭരിതയായി പ്രവൃത്തിച്ചവയെക്കുറിച്ചുള്ള ജാള്യതയും അവളുടെ മുഖത്തുണ്ടായിരുന്നു. കെല്‍സി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചെന്നു വരുത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍തന്നെ ആന്റിയും നുള്ളിപ്പെറുക്കി എന്തൊക്കെയോ തിന്നെന്നു വരുത്തി. വിശപ്പ് അനുഭവപ്പെട്ടുമില്ല.
പുറത്ത് നല്ല കാറ്റും തണലും ഉണ്ടായിരുന്നു. മനസിന് ഒരു കുളിര്‍മ്മ അനുഭവപ്പെട്ടു. കെല്‍സി ആന്റിയുടെ മടിയില്‍ തലവച്ച് ഗാര്‍ഡനിലെ കാസ്റ്റ് അയണ്‍ ചാരുബഞ്ചില്‍ കിടക്കുകയാണ്.
സരളാന്റി സ്‌നേഹത്തോടെ അവളുടെ മുടിയിഴകളില്‍കൂടി വിരലുകളോടിച്ചു. വാത്സല്യപൂര്‍വ്വം ഓരോ മുടിയിഴകളും വിടര്‍ത്തി കൈവിരലുകള്‍ ഓടിക്കുമ്പോള്‍ കെല്‍സി അവാച്യമായ ഒരു അനുഭവത്തിലെക്കെത്തുകയായിരുന്നു...
'കെല്‍സി...എടി പെണ്ണേ...' ആന്റി സ്‌നേഹത്തോടെ അവളുടെ കാതുകളില്‍ വിളിച്ചു. കെല്‍സി ചെരിഞ്ഞ് ആന്റിയുടെ കണ്ണുകളിലേക്ക് നോക്കി....
'എന്താ ആന്റി...'
'എന്താ മോളെ ഇതിന്റെയൊക്കെ അര്‍ത്ഥം....? ഞാനെന്തൊക്കെയാണ് കണ്ടത്?  നീ എന്താണ് കാട്ടിക്കൂട്ടിയത്... ഏ? എന്താണെങ്കിലും എന്റെ പൊന്നുമോള് ആന്റിയോട് പറ നമുക്ക് എന്താന്നുവച്ചാ വേണ്ടത് ചെയ്യാം.... ആന്റിയല്ലേ പറയുന്നത്....മോളെ...കെല്‍സി....'
കെല്‍സി....ആന്റിയുടെ മുഖത്തുനിന്നും കണ്ണുകള്‍ മാറ്റി അകലേയ്ക്ക് നോക്കി മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു കിടന്നു....
'മോളെ.... കെല്‍സിയെ.... നീ ആന്റി പറയുന്നത് കേള്‍ക്കുന്നുണ്ടോ....?
കെല്‍സി കണ്ണും മൂക്കും തുടച്ച് ഒന്നുമൂളിക്കൊണ്ട് പറഞ്ഞു.... 'ഉണ്ട്...'
'നിങ്ങള്‍ക്കെന്താണ് പറ്റിയത് എന്നോടുപറ'
പിള്ളേര് എനിക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ സമയത്ത് ഞാെേനന്തോ വിവരക്കേടു പറഞ്ഞു.... അതിന് അജിത്തെന്നെ ഒരുപാട് അവഗണിച്ചു..... എന്നോടൊരു സ്‌നേഹവുമില്ല.... ഇപ്പോ എന്നും മൂക്കുമുട്ടെ കുടിച്ച് ലക്കില്ലാതെയാ വരുന്നത്.... ഈ ഇടയ്ക്ക് എന്നോട് എന്റെ പാട്ടിന് പോവാന്‍ പറഞ്ഞു. ഒറ്റശ്വാസത്തില്‍ തന്റെ മനസ്സില്‍ തോന്നിയതെല്ലാം കെല്‍സി വിളിച്ചുപറയുകയായിരുന്നു.
സരളാന്റി എല്ലാം നിശബ്ദം കേട്ടിരുന്നു. ഒന്നുകൂടി മൃദുവായി സ്‌നേഹത്തോടെ അവളുടെ മുടിയിഴകളില്‍ വിരലുകളോടിച്ചുകൊണ്ടിരുന്നു. എന്തുപറയണമെന്ന് ആലോചിച്ചു.
'കെല്‍സി എന്താണ് അജിത്തിനോട് പറഞ്ഞത്?' ആന്റി അന്വേഷിച്ചു.
അത് ആന്റി ഒരുദിവസം ഞങ്ങള്‍ ഹണിമൂണ്‍ ടൂര്‍ കഴിഞ്ഞുവന്നുകയറിയപ്പോള്‍ ഞാന്‍ പെട്ടെന്ന് ഛര്‍ദ്ദിക്കുവാന്‍ തുടങ്ങി. തലകറങ്ങി വീഴുകയും ചെയ്തു. യാത്രയുടെ ക്ഷീണവും ഭക്ഷണത്തിന്റെ അസ്വസ്ഥതയുമാകാം എന്നാണ് ഞാനും കരുതിയത്. എന്നാല്‍ ഹോസ്പിറ്റലില്‍വച്ച് അപ്രതീക്ഷിതമായി ഞാന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍.... ആ ഷോക്കില്‍ ഞാന്‍ അജിത്തിനോട് ഇപ്പോള്‍ നമുക്ക് ഒരു കുട്ടിയെ ഉടനെ വേണ്ടെന്നു പറഞ്ഞു. അത്രയുമേ പറഞ്ഞുള്ളൂ.... അതിന്‍ നീയെന്റെ കുഞ്ഞിനെ കൊല്ലാന്‍ ഒരുമ്പെട്ടില്ലേടി എന്നുപറഞ്ഞ് എന്നെ ശാസിച്ചു. പിന്നെപ്പിന്നെ അതുപോരാഞ്ഞ് എന്നെ അവഗണിക്കുകയും ചെയ്തു. എന്നെ തനിച്ചൊരു മുറിയിലാക്കി അജിത്ത് വേറെ കിടന്നു. കുഞ്ഞിനുവേണ്ടി മാത്രം എന്ന രീതിയില്‍ എന്നെ പരിചരിച്ചു. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാറെയില്ലായിരുന്നു. വേലക്കാരെയും നഴ്‌സിനെയും എന്നെ പരിചരിക്കാന്‍ ഏല്‍പിച്ച് അജിത്ത് ഒഴിഞ്ഞു നടന്നു. പത്തുമാസം ചുമന്ന് ഒരു കുഞ്ഞിനെ പ്രസവിച്ചുകൊടുക്കുക എന്ന വ്യവസ്ഥ മാത്രമേ ഉള്ളൂ എന്ന രീതിയില്‍ എന്നോടു പെരുമാറി... പറ ആന്റി ഒരു ഭാര്യ എന്ന നിലയില്‍ ഒരമ്മ എന്ന നിലയില്‍ ഞാനിതൊക്കെ എങ്ങനെ സഹിക്കും.... രാപ്പകല്‍ സ്വന്തം ഇഷ്ടനാസുരണംനടക്കും. വീട്ടിലൊരാളുണ്ടെന്ന ചിന്തയേയില്ല. സ്വന്തം നാടും വീടും വിട്ട് അന്യനാട്ടിലാണെന്ന ചിന്തയേയില്ലാതെ എന്നെ എന്തിനിങ്ങനെ പീഡിപ്പിച്ചു.... അതു മാത്രമോ.... കുഞ്ഞുങ്ങളുണ്ടായതിനുശേഷം ഒന്നിനെപ്പോലും വേണ്ടവിധം എനിക്ക് ലാളിക്കാന്‍ വിട്ടുതരില്ലായിരുന്നു.' കെല്‍സി പിന്നെയും കരയുവാന്‍ തുടങ്ങി. എല്ലാം ആന്റി മൂളിക്കേട്ടു.
അജിത്തിന്റെ മനോഭാവവും ചിന്തയും എന്താണെന്നറിയേണം. അജിത്തിന്റെ മനമാറ്റത്തിനു കാരണം ഇത്രമാത്രമായിരിക്കുമോ എന്നും അറിയേണ്ടിയിരിക്കുന്നു. എന്തായിരിക്കാം അജിത്തിന്റെ പ്ലാന്‍? എല്ലാം മറച്ചുപിടിച്ചിട്ട് ഇവയൊക്കെയും താന്‍ അറിഞ്ഞെന്നറിഞ്ഞാല്‍ വൈകുന്നേരം അജിത്തിന്റെ നിലപാടും പ്രതികരണവും എന്തായിരിക്കും?
'മോളെ....ഇതൊക്കെ നിസാരപ്രശ്‌നമല്ലേ... നമുക്ക് വൈകുന്നേരം അജിത്ത് വന്നിട്ട് സംസാരിച്ച് ശരിയാക്കാം. ഞാന്‍ കാര്യങ്ങള്‍ അജിത്തിനെ പറഞ്ഞ് മനസ്സിലാക്കാം. ഞാന്‍ പറഞ്ഞാല്‍ മനസ്സിലാക്കാതിരിക്കുമോ? ചട്ടീം കലോം ആയാല്‍ തട്ടീംമുട്ടീം ഇരിക്കും എന്നാ പ്രമാണം. പണ്ടുള്ളവര്‍ അങ്ങനെ പറഞ്ഞത് ഇത്തരം നിരവധി ദുഃഖങ്ങളിലൂടെയും അഗ്നിപരീക്ഷയിലൂടെയും കടന്നുപോയി അനുഭവിച്ച പാഠങ്ങളില്‍ നിന്നാകും! കുടുംബജീവിത്തില്‍ എന്തെല്ലാം നന്മകളുണ്ട്.... അതുപോലെതന്നെ അതിലധികം വൈതരണികളുമുണ്ട് പെണ്ണേ... കുറെയൊക്കെ കണ്ടില്ല കണ്ടില്ല കേട്ടില്ല എന്നു വയ്ക്കണം...! സഹനമാണ് ഒരു പെണ്ണിന്റെ കഴിവ്. ഭൂമിയോളം താഴാനുള്ള കഴിവ്.'
'മാതൃത്വം എന്നത് കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തുക മാത്രമല്ല.... ഒരു കുടുംബജീവിതത്തെ കൈവെള്ളയിലേറ്റി പാകപ്പെടുത്തിയെടുക്കുന്ന പരിപാലിക്കുന്ന ജഗത് രൂപിണിയാണ് ഭാര്യ....എത്രയെത്ര സഹനങ്ങള്‍... എന്തുമാത്രം ദാരിദ്രവും വേദനയും പരിഹാസങ്ങളും സഹിച്ചാണ് നമ്മളെ നമ്മുടെ മാതാപിതാക്കള്‍ വളര്‍ത്തിയതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ കുഞ്ഞേ...' സരളാന്റി കെല്‍സിയെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. കെല്‍സിയുടെ വികാരങ്ങള്‍ക്കനുകൂലമായി നിന്ന് അജിത്തിനെതിരെ സംസാരിച്ചാല്‍ അത് എരിതീയില്‍ എണ്ണപകരലായിപ്പോയേക്കാം...
'ആന്റി എനിക്ക്.... തുടര്‍ന്നും സിനിമയില്‍ അഭിനയിക്കണം എന്നൊരാഗ്രമുണ്ട്. അജിത്തിനോടും കുടുംബത്തിനോടും തുടര്‍ന്ന് സിനിമാ ഫീല്‍ഡിലേയ്ക്ക് തിരിയില്ല എന്നു വാക്കു കൊടുത്തിട്ടുണ്ട്.... എന്നാലും.... ആന്റി പറ എന്റെ ആഗ്രഹം തെറ്റായതുവല്ലതുമാണോ? ഞാനെന്തിനാണ് എന്റെ കഴിവുകളെ ഇല്ലായ്മ ചെയ്യുന്നത്...'്
ശരിയാണ് കെല്‍സി.... ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും അദ്ധ്വാനിച്ച് കുടുംബത്തിന്റെ ഭദ്രതയും വളര്‍ച്ചയും കാത്തുപാലിക്കണം എന്നതു നല്ല ചിന്തതന്നെ.... കെല്‍സിയെ സംബന്ധിച്ച് പ്രവര്‍ത്തനമേഖല സിനിമാ ഇന്‍ഡസ്ട്രിയാണ്. താനും അതില്‍ ഉള്‍പ്പെട്ടവളാകയാല്‍ എനിക്കത് അറിയുകയും ചെയ്യാം. സിനിമാജീവിതം എന്നത് സ്ത്രീയെ സംബന്ധിച്ച് വളരെയധികം വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാണ്. യുവത്വത്തില്‍ നമ്മെ നാം തനിയെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം ഒരു നടിയുടെ ജീവിതം ഭര്‍ത്താവിന്റെ വീക്ഷണത്തിന് കീഴിലാണ്. സ്വന്തമായി തീരുമാനങ്ങളെടുത്ത് ഇറങ്ങിപ്പുറപ്പെടാന്‍ പറ്റില്ല. ഗോസിപ്പുകളും അപവാദങ്ങളും ഒരു കാലത്ത് തനിയെ നേരിട്ടെങ്കില്‍ വിവാഹശേഷം അത് പങ്കാളിയെക്കൂടി ബാധിക്കുന്നതാണ്.
'അത് ആന്റി....ഞാനെന്റെ ഹിതപ്രകാരം ഇറങ്ങി പുറപ്പെടാനല്ല ചിന്തിച്ചത്. അജിത്തേട്ടനുമായി ആലോചിച്ച് യുക്തമെന്ന് തോന്നുന്ന നല്ല നല്ല പ്രൊജക്ടുകളുമായി കരാറിലേര്‍പ്പെടുക എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്. ആന്റിയും ആന്റിയെപ്പോലെ മറ്റെത്രയോ പേര്‍ സിനിമയില്‍ വിവാഹശേഷവും തുടരുന്നുണ്ട്...?'
'ശരിയാണ് കെല്‍സി.... ഒരു പക്ഷെ ആ ഒരു തീരുമാനത്തില്‍ വിവാഹജീവിതത്തിലേയ്ക്ക് കടന്നുവരും; അല്ലെങ്കില്‍ സിനിമാ ഫീല്‍ഡില്‍ നിന്നുതന്നെ വിവാഹം കഴിച്ചവരുമാണ് ഇത്തരക്കാരില്‍ അധികവും. കെല്‍സിക്കറിയാമല്ലോ സിനിമാഫീല്‍ഡില്‍നിന്നും കല്യാണം കഴിച്ചവര്‍തന്നെ എത്രയോ അധികംപേര്‍ നടിയായിരുന്ന ഭാര്യയെ തുടര്‍ന്ന് അഭിനയത്തിന് വിടുന്നില്ല. പല നടിമാരും സന്തോഷത്തോടെ ആ തീരുമാനത്തിന് വിധേയരായി കുടുംബജീവിതം നയിക്കുന്നവര്‍ തന്നെയാണ്.'
'ഉം....ആയിരിക്കാം....' കെല്‍സി അലക്ഷ്യമായും തൃപ്തമല്ലാത്ത രീതിയില്‍ മൂളുകമാത്രം ചെയ്തു.
'സിനിമയില്‍നിന്നും പുറത്തുനില്‍ക്കുന്ന അജിത്തിനെപ്പോലെയുള്ളവര്‍ ഇത്തരം ചിന്തയെ അനുകൂലിക്കും എന്നു തോന്നുന്നില്ല. സിനിമാ ജീവിതത്തെക്കുറിച്ച് യഥാര്‍ത്ഥമായത് കാണുകയോ കേള്‍ക്കുകയോ ചെയ്യാതെ ആരെങ്കിലും പറയുന്നവ വിശ്വസിച്ച് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമേ ഇത്തരക്കാര്‍ക്കായെന്നു വരികയുള്ളൂ.... അതിനാല്‍ കാര്യങ്ങള്‍ യഥാവിധം ബോധിപ്പിക്കുവാന്‍ നാം ശ്രമിക്കണം. എന്നിട്ട് ഒരു നല്ല തീരുമാനത്തിന് ഒത്തൊരുമിച്ച് നില്‍ക്കണം....' സരളാന്റി കെല്‍സിയെ സമാധാനിപ്പിച്ചു.
***    ***           *****             *****      ****    *****  ******  ****** ******
ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് കെല്‍സി ഹാളിലേയ്‌ക്കെത്തിയത്. പരിചയമുള്ള നമ്പറല്ല. ഇന്ത്യാക്കോളാണ്. ആരാണാവോ? കെല്‍സി റിസീവര്‍ കാതോടു ചേര്‍ത്തു.
'ഹലോ.... കെല്‍സി.... ഹിയര്‍....'
'ഹലോ.... കെല്‍സി.... എന്തടേ വിശേഷം....?'
'ങാ..... അയ്യോ ഇത് എസ്തപ്പാനാണല്ലോ?.... ഞാന്‍ ഇതാരുടെ നമ്പാറാണെന്ന് ചിന്തിച്ചാ ഫോണെടുത്തത്.... ഇതെന്താ... വേറെ നമ്പറില്‍? അത്ഭുതവും ആനന്ദവും കലര്‍ന്ന് കെല്‍സി എസ്തപ്പാനോട് കുശലാന്വേഷണം നടത്തി.
'ഞാനിപ്പോ എറണാകുളത്താണ്. ഷൂട്ടിംഗിലായിരുന്നു.... നമ്മുടെ കമ്പനികള്‍ കുറച്ചുപേര്‍ അമേരിക്കായ്ക്ക് വന്നിട്ടുണ്ട്. അവിടെങ്ങാനും എത്തിയോ കെല്‍സി...'
'ഓ... പിന്നെ....ഒരാളിവിടെയുണ്ട്.... ഇവിടെ വരാതെ എവിടെപ്പോവാനാ.... സരളാന്റി എന്റെയടുത്ത് ഹാജര്‍ വച്ചിട്ടുണ്ട്...'
'ഔ....നിങ്ങള്‍ വല്യ പുള്ളികളല്ല്യോ..... പാവത്തുങ്ങള്‍ ഞങ്ങളിവിടെ ഉള്ള ഷൂട്ടിംഗും ഇനാഗുറേഷനും ഒക്കെയായി ജീവിച്ചുപോകട്ടടേ....'
'പിന്നില്ലേ.... പാവത്തുങ്ങള്‍ .... പാവങ്ങള്‍ എന്നു മുതലാ ബെന്‍സേ പോവാന്‍ തുടങ്ങിയത്? ഓട്ടോമാറ്റിക് ഗെയിറ്റുള്ള ഇരുനില വെണ്ണക്കല്‍ കൊട്ടാരം തന്നെയല്ലേ പാവത്താന്റെ 'പുല്‍മാടം'.....?'
'ഓ.... ആന്നേ..... ക്ഷമിക്കുവാന്‍ കനിവുണ്ടാകണെ.... അടിയന്‍ തിരിവുള്ളക്കേടു പറഞ്ഞെങ്കില്‍ പൊറുക്കണേ.... എന്തെടി.... നിന്റെ കെട്ട്യോന്‍ ജോലിക്കൊന്നും പോയില്ലേടിയേ.....?'
'പിന്നെന്ത്.... പോവ്വാതെന്തെടുക്കാന്‍....' കെല്‍സിയും വിട്ടുകൊടുത്തില്ല....
'സരളാന്റി എന്തെടുക്കുന്നു. വിശ്രമമാണോ?'
'ആന്റി മുകളില്‍ കുട്ടികളുമായി കളിചിരിയിലാണ്. പിള്ളേര്‍ക്ക് കൊഞ്ചിക്കുഴയാന്‍ ഒരു വല്യമ്മയെ കിട്ടിയ സന്തോഷമാണേ..... എസ്താപ്പാന്റെ ഷൂട്ടിംഗ് കഴിഞ്ഞോ?'
'ഇല്ലില്ല.... പത്തുദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ട്. അടുത്ത ഷെഡ്യൂള്‍ ഒറ്റപ്പാലത്താണ്. ഇടയ്ക്ക് ബ്രേക്ക് കിട്ടിയപ്പോ എല്ലാവരെയും ഒന്ന് ഒരുറൗണ്ട് വിളിക്കാം എന്നുവച്ചു അത്രതന്നെ....'
'നാട്ടിലെന്തുണ്ട് പുതിയ വിശേഷങ്ങള്‍....'
'എല്ലാവര്‍ക്കും സുഖംതന്നെ.... എല്ലാവരും ഓണച്ചിത്രങ്ങളുടെ ഫൈല്‍ തിരക്കിലാണ്.... മുന്‍നിരക്കാരെല്ലാവരുടെയും ചിത്രങ്ങള്‍ ഇക്കൊല്ലം ഓണത്തിനായ് ഒരുങ്ങിയിട്ടുണ്ട്....പിന്നെ......ഈ പാവത്തുങ്ങളുടെ ചിത്രവും....'
'പാവപ്പെട്ടവന്റെ ഇപ്രാവശ്യത്തെ ചിത്രം സൂപ്പര്‍സ്റ്റാറിന്റെ കൂടെയാണല്ലോ? മത്സരിച്ചഭിനയിക്കുകയാണെന്ന് ഞാന്‍ കേട്ടത്.... പിന്നെ നല്ലൊരു സംവിധായക കൂട്ടുകെട്ടിന്റെ ഫിലിംകൂടിയാവുമ്പോള്‍..... കാര്യങ്ങള്‍ അടിപൊളിയാവാതെവിടെപ്പോവാന്‍....'
'റസൂലിക്കായുടെ പടമായതുകൊണ്ട്.... തീര്‍ച്ചയായും ഈ ഓണത്തിന് നമ്പര്‍വണ്‍ കളക്ഷനുള്ള ചിത്രമിതാവും എന്ന് എനിക്കുറപ്പാ....' എസ്തപ്പാന്‍ ആനന്ദാതിരേകക്കാല്‍ തുള്ളിച്ചാടുകയാണെന്നുപോലും കെല്‍സിക്കു തോന്നാതിരുന്നില്ല...
പാവം ഒറ്റയ്ക്കുള്ള ജീവിതത്തില്‍ എല്ലാവരെയും കെയറുചെയ്യാന്‍ കാട്ടുന്ന ഉത്സാഹം എത്രയോ അധികം അഭിനന്ദനമര്‍ഹിക്കുന്നു. ദുഃഖത്തിന്റെ കയ്പ്പറിഞ്ഞവര്‍ക്കേ മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ അവരെ യഥാവിധം ആശ്വസിപ്പിക്കാന്‍ സാധിക്കൂ....
'എന്താ കെല്‍സി ഒന്നും മിണ്ടാത്തത്....'
'ഓ.... ഒന്നുമില്ല..... എസ്തപ്പാന്‍ചേട്ടന്റെ സന്തോഷം അറിഞ്ഞ ഞാന്‍ മതിമറന്നുപോയി.... ഈ ഓണത്തിന് ചേട്ടന്റെ ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷന്‍ കിട്ടട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് കേട്ടോ....'
'താങ്ക് യൂ കെല്‍സി താങ്ക് യൂ....'
'ഞാനും ഫില്‍ഡിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്.....എസ്തപ്പാന്‍ ചേട്ടാ....'
'ഓ....സര്‍പ്രൈസ് തന്നെടെ.... അജിത്ത് സമ്മതിച്ചോ?..... എനിക്ക് വിശ്വസിക്കാന്‍ വയ്യ... ' എസ്തപ്പാന്‍ അപ്രതീക്ഷിതമായി കേട്ട വാര്‍ത്തയില്‍ ഉന്മാദാവസ്ഥയിലെത്തി....
'അജിത്തേട്ടന്‍ സമ്മതിച്ചിട്ടില്ല.... ഞാന്‍ അങ്ങനെ പ്ലാനിട്ടിരിക്കുന്നു. വെറുതെ ഇരുന്ന് ബോറടിച്ചു. വെറുതെ ഇരിക്കുന്നു എന്നല്ല- നമ്മുടെ ഫീല്‍ഡില്‍നിന്ന് മാറിനിന്നപ്പം ഒരു ഒറ്റപ്പെട്ട അവസ്ഥ. ഷൂട്ടിംഗ് സെറ്റിലെ ത്രില്ലും ഗ്രൂപ്പ് ആക്ടിവിറ്റീസിന്റെ സന്തോഷവും എല്ലാം പെട്ടെന്നില്ലാതായപ്പോള്‍ ഒരു വിഷമം...'
അതു ശരിയാ കെല്‍സി.... കെല്‍സിയെപ്പോലെ ടാലന്റഡ് ആര്‍ട്ടിസ്റ്റുകള്‍ മാറിനില്‍ക്കുന്നത് ഇന്‍ഡസ്ട്രിക്കുതന്ന നഷ്ടമാ.... പറ്റുമെങ്കില്‍, അജിത്തിനിഷ്ടമെങ്കില്‍ മാത്രം.... കെല്‍സി തിരിച്ചുവരാന്‍ തയ്യാറാകണം എന്നുതന്നെയാണ് എന്റെയും ആഗ്രഹം.... തിരിച്ചുവരവിനായി ഒരു നല്ല ബാനര്‍ കണ്ടുപിടിക്കുവാന്‍ ഞാനും സഹായിക്കാം.
'അതുപിന്നെ എനിക്കറിയാമല്ലോ? അജിത്ത് സമ്മതിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥ.... ആന്റി ഏതായാലും ഇവിടെ ഉണ്ടല്ലോ.... അജിത്തിനോട് ആന്റിയെക്കൊണ്ട് സംസാരിപ്പിക്കാം..... കുഞ്ഞുങ്ങള്‍ക്ക് ഏതായാലും മൂന്നുവയസ് ആകുന്നു. ഇപ്പോള്‍ ട്രൈ ചെയ്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദൈവം അനുഗ്രഹിച്ചാല്‍ നല്ലൊരു ട്രാക്കിലേക്ക് എത്തിപ്പെടാം എന്ന് ആഗ്രഹിക്കുന്നു..'
'പിന്നില്ലേ.... എല്ലാം ഭാഗ്യംപോലെ നന്നായ് വരും കെല്‍സി. കെല്‍സിയുടെ പേരില്‍ ഞാനൊരു പുഷ്പാഞ്ജലി കഴിപ്പിക്കാം.... പിന്നെ നമ്മുടെ സിനിമാക്കാരുടെ സ്ഥിരം ജ്യോത്സനെക്കൊണ്ട് ഭാവി ഒന്നു നോക്കിച്ച് ഒരു വഴിപാട് പൂജയും നടത്താനുള്ള ഏര്‍പ്പാട് ചെയ്യാം. എന്താ... ഗണപതി ക്ഷേത്രത്തിലൊരു തേങ്ങയും ഉടച്ചേക്കാം. പോരെ.....'
'ധാരാളം മതിയേ...'
'എന്നാപിന്നെ ആന്റിയെയും അജിത്തിനെയും പ്രത്യേകം അന്വേഷണം അറിയിക്കുക.... കുഞ്ഞുങ്ങള്‍ക്ക് എന്റെ വക രണ്ട് ചക്കര ഉമ്മയും കൊടുത്തേക്ക്. ഓക്കെ...ബൈ...'
'ഓക്കെ.... ബൈ....'
ഏതായാലും തനിക്ക് ഒത്തിരി സന്തോഷം അനുഭവപ്പെടുന്നുണ്ട്.... താന്‍ ഒരു പൂജയ്ക്കും പുഷ്പാഞ്ജലിക്കും എല്ലാം ആഗ്രഹിച്ചിരിക്കയായിരുന്നു എന്തായാലും തന്റെ മനസറിഞ്ഞാലെന്നപോലെ എസ്തപ്പാന്‍ എല്ലാം ഏറ്റു... അതെന്തായാലും നന്നായി. ഈ തടസ്സങ്ങളുടെയും ദുഃഖങ്ങളുടെയും ഇടയില്‍ വിഘ്‌നേശ്വരന് ഒരു നാളികേരം ഉടയ്ക്കുക എന്നത് യുക്തം തന്നെയാണ്.
എങ്ങനെയായാലും തന്റെ പ്രതിസന്ധികളില്‍ ആശ്വാസം ഇത്തരം നല്ല സുഹൃദ്ബന്ധങ്ങള്‍ തന്നെയാണ്. വ്യക്തിബന്ധങ്ങളിലെ മാന്യത കാത്തുസൂക്ഷിക്കാന്‍ താന്‍ വളരെയധികം പ്രാധാന്യം നല്‍കിയതിനാല്‍ ഒരു നല്ല സുഹൃദ് വൃന്ദത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
തന്റെ രണ്ടാം വരവിന് ഇന്‍ഡസ്ട്രിയിലെ ഈ സുഹൃദ് വലയത്തിന്റെ സഹായസഹകരണങ്ങള്‍ വളരെയധികം ഗുണം ചെയ്യുകയും ചെയ്യും.
നാന്‍സി വൈകുന്നേരത്തെ വിഭവങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു. ആന്റിയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുവരാന്‍ അവള്‍ മുകളിലേയ്ക്ക് കയറിപ്പോയി...
കെല്‍സിക്ക് തന്റെ മൂഡോഫിന് പരിഹാരം ലഭിച്ചതില്‍ സന്തോഷിച്ചു. എന്തായാലും വളരെയധികം ഉല്ലാസം തോന്നുന്നുണ്ട്. പ്രായം ഉള്ളവര്‍ പറയാറുള്ളത് വലിയ സന്തോഷം അതിലധികം ദുഃഖത്തിലേയ്ക്കുള്ള കാരണം ആണെന്നാണ്. അതോര്‍ത്തപ്പോള്‍ കെല്‍സിയുടെ ഉള്ളില്‍ ഭീതി ചിറകടിച്ചുതുടങ്ങി.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 15 - കൊല്ലം തെല്‍മ)
Join WhatsApp News
Anil kumar 2015-01-24 11:54:35
Congratulations Thelma,  K.P.A.C Lalithayude accent adi poli aayittundu.
Estheppaan Mukeshalle?  Midukki. Only you can do it. Keep it up!!  Anil
Dr. Varsha Mohan 2015-01-29 12:28:29
Thelma, Novel nannaakunnu, aduthathinaayi kaathirikkunnu, spodanam undaakumo aduthathil?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക