Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ 20: കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 28 February, 2015
 ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ 20: കൊല്ലം തെല്‍മ,  ടെക്‌സാസ്)

അദ്ധ്യായം 20

കെല്‍സി വന്നിട്ട് ഒന്നുരണ്ടാഴ്ച ആയിരിക്കുന്നു. അവളുടെ വരവറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും ഫോണ്‍വിളിക്കുകയും വന്നുകാണുകയും ചെയ്തു. എല്ലാവരും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും കുഞ്ഞുങ്ങളെ സ്‌നഹത്തോടെ ലാളിക്കുകയും ചെയ്തു.
അധിക പേരും കെല്‍സിയെ വര്‍ഷങ്ങള്‍ക്കുശേഷം നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു. കെല്‍സി വീണ്ടും അഭിനയമേഖലയിലേയ്ക്ക് ശ്രദ്ധപതിപ്പിക്കുവാന്‍ പോകുന്നു എന്നറിഞ്ഞതില്‍ പലരും വളരെ സന്തോഷിച്ചു. സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ചില ബന്ധുക്കള്‍ തങ്ങളുടെ അഹിതം പ്രകടിപ്പിച്ചു.

ഭര്‍ത്താവുമായി ഒത്തു ജീവിച്ച് കുഞ്ഞുങ്ങളെയും നോക്കി കുടുംബത്തില്‍ കഴിയുകയല്ലേ നന്നെന്ന് വിമര്‍ശിച്ചു. കൈയ്യില്‍ ധാരാളം പണവും ഭര്‍ത്താവിന്റെ ഭാരിച്ച സ്വത്തുമുള്ളപ്പോള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ച് ജീവിക്കാനുള്ളതല്ലേയുള്ളൂ എന്നു പിറുപിറുത്തു ചിലര്‍. ഇവള്‍ സിനിമയെന്നും പറഞ്ഞ് ഭര്‍ത്താവിനെയും വിട്ടെറിഞ്ഞ് വന്നപ്പോള്‍ അവനതിന് സമ്മതിച്ചല്ലോ എന്ന് ചിലര്‍ ചെവിയില്‍ പരസ്പരം കുശുകുശുക്കുകയും കുശുമ്പുപറയുകയും ചെയ്തു. എന്നാല്‍ ഇവയൊന്നും കെല്‍സി കണ്ടതായോ കേട്ടതായോ നടിച്ചില്ല.

'കെല്‍സി നീ ഈ സിനിമാന്ന് പറഞ്ഞ് ഇനി നടന്നാല്‍ ഈ പിള്ളേരെ ആരു നോക്കും..... പിള്ളേരുടെ അച്ഛനാണെങ്കില്‍ അങ്ങ് അമേരിക്കയിലും. ഇതൊക്കെ ശരിയാണോടി കെല്‍സി....' അച്ഛന്റെ രണ്ടാമത്തെ പെങ്ങള്‍ തന്റെ മനസിലുള്ളത് കെല്‍സിയോട് അധികാരഭാവത്തില്‍ തന്നെ ചോദിച്ചു.
'അച്ഛനും അമ്മയും ഇവിടുള്ളപ്പോ പിന്നെ ഞാനെന്തിനു പേടിക്കണം അപ്പച്ചി. പിന്നെ വളരെ ദിവസങ്ങളൊന്നും വീട്ടില്‍നിന്നും വിട്ടുനില്‍ക്കേണ്ടതില്ലല്ലോ? എന്റെ ഷെഡ്യൂള്‍ അനുസരിച്ച് ചെന്ന് അഭിനയിക്കണം എന്നല്ലാതെ.... അതിപ്പോ വലിയൊരു പ്രശ്‌നമായി എനിക്കു തോന്നുന്നില്ല' കെല്‍സി നീരസം മറച്ചുവച്ച് സ്‌നേഹഭാവേന പറഞ്ഞു.

'ങ്ങാ....നിന്റെ ഇഷ്ടംപോലെ ചെയ്യ് കെല്‍സി. ഞാന്‍ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ.....' അവര്‍ കൈമലര്‍ത്തിക്കൊണ്ട് പറഞ്ഞു.

വൈകുന്നേരമായപ്പോഴേയ്ക്കും എല്ലാവരും അവരുടെ ഭവനങ്ങളിലേയ്ക്ക് യാത്രയായി. സന്ധ്യയായപ്പോള്‍ കെല്‍സിയുടെ ചേച്ചീ നീനയും മകന്‍ നിതീഷും ഭര്‍ത്താവ് സതീഷ് മേനോനും എത്തിച്ചേര്‍ന്നു.

സതീഷ് മേനോന്‍ ബാങ്ക് ഓഫീസര്‍ ആണ്. എസ്.ബി.ഐ. ബാങ്കിലെ മാനേജരായി ജോലി ചെയ്യുന്നു. മകന്‍ നിതീഷ് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ജോലികഴിഞ്ഞ് കുടുംബസമേതം ഇറങ്ങിയതാണ് സതീഷ്. കാര്‍ പോര്‍ട്ടിക്കോവില്‍ നിര്‍ത്തിയിട്ട് എല്ലാവരും ഇറങ്ങി.

നിതീഷ് ഓടിവന്ന് അപ്പുവിനെയും മിന്നുവിനെയും കെട്ടിപ്പിടിച്ചു. അപ്പുവും മിന്നുവും നിതീഷിന്റെ കവിളില്‍ തിരികെ ഓരോ ഉമ്മകൊടുത്തു. അവര്‍ മുന്‍കാല ചങ്ങാതിമാരെന്നപോലെ അകത്തേയ്ക്ക് കയറിപ്പോയി.

കെല്‍സി സിറ്റൗട്ടിലേയ്ക്കിറങ്ങി വന്നപ്പോള്‍ സുഭദ്രാമ്മയും നീനയും കുശലംപറയുകയായിരുന്നു. സതീഷ് കെല്‍സിയെ കണ്ട് പുഞ്ചിരിയോടെ വിശേഷങ്ങള്‍ തിരക്കി.
'നീ.... ചെറുതായൊന്ന് നന്നായിട്ടുണ്ട് കേട്ടോ..... കെല്‍സി' നീന അനിയത്തിയോട് പറഞ്ഞു....
'കണ്ണുവയ്ക്കാതെ പോടി പെണ്ണേ..... അവളൊന്ന് നന്നായി വരുമ്പോഴാ അവളുടെ ഒരു കിന്നാരം.....' സുഭദ്രാമ്മ നീനയെ സ്‌നേഹപൂര്‍വ്വം ശാസിച്ചു.

'ഓ....പിന്നെ..... കെല്‍സി അമേരിക്കയില്‍ പട്ടിണികിടക്കുവല്ലായിരുന്നോ? ഇവിടെ വന്നപ്പം നന്നാവാന്‍.....' പോ അമ്മേ പൊങ്ങച്ചം പറയാതെ.....' നാന്‍സി പരിഭവം നടിച്ചു.
'സത്യമായും നീ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട് കേട്ടോടി.....' നീന സ്വകാര്യം എന്നപോലെ അമ്മ കേള്‍ക്കാതെ കെല്‍സിയുടെ ചെവിയില്‍ പറഞ്ഞ് ചിരിച്ചു....
'ഓ.... ഞാന്‍ വരവു വച്ചിരിക്കുന്നു.....' കെല്‍സി മറുപടി പറയുകയും ചെയ്തു.
'നിതിന്റെ പഠനം എങ്ങനെയുണ്ട് ചേച്ചി.....' കെല്‍സി അകത്തേയ്ക്ക് നടക്കവെ നീനയോട് ചോദിച്ചു.
'പരീക്ഷ കഴിഞ്ഞു..... എല്ലാ എളുപ്പമായിരുന്നു. ട്യൂഷനുള്ളതുകൊണ്ട് നല്ല മാര്‍ക്ക് എല്ലാ വിഷയത്തിനും ഉണ്ട്.... പിന്നെ എന്റെ അല്ലേടി മോന്‍.....' നീന തെല്ല് ജാഡ അഭിനയിച്ച് പറഞ്ഞു.
'ആന്നെ' കെല്‍സി വിധേയത്വം ഭാവിച്ച് ഒരു താളത്തിന് മറുപടി പറഞ്ഞു. ഇരുവരും പൊട്ടിച്ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് ചെന്നു. സുഭദ്രാമ്മ ചൂടുചായയുമായി ഹാളിലേയ്ക്ക് വന്ന് സതീഷിന് കൊടുത്തു.
'സതീഷ് എപ്പൊ വന്നു.....' പുറത്തേയ്ക്ക് പോയിവന്ന മാധവമേനോന്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സ് അഴിക്കുന്നതിനിടയ്ക്ക് സതീഷിനോടായി ചോദിച്ചു.
'ഞങ്ങള്‍ കുറച്ചു നേരമായി വന്നിട്ട്..... അച്ഛന്‍ എവിടെ പോയിരുന്നു....'
'ഞാന്‍ ടൗണില്‍ വരെ പോയതാ.... പശുക്കള്‍ക്കുള്ള പിണ്ണാക്കും കുറച്ച് വാഴയുള്ളതിന് വളവും വാങ്ങാന്‍ കുഞ്ഞനന്തന്റെ കൂടെ പോയതായിരുന്നു..... ഹൊ എന്തൊരു ചൂടാ..... ഇക്കൊല്ലം മഴ താമസിക്കുംന്നാ തോന്നണേ..... പെയ്തു തൊടങ്ങിയാ വമ്പന്‍ പെയ്ത്തും ആയിരിക്കും അത്രയ്ക്കല്ലേ ചൂട്....'
'ഉം' സതീഷ് മൂളി സമ്മതിച്ചു.
കെല്‍സി കുളിയും കഴിഞ്ഞ് തലമുടി തുവര്‍ത്തി ഉണങ്ങിയ ടര്‍ക്കികൊണ്ട് മുടി കെട്ടിവച്ച് ഇറങ്ങിവരുമ്പോള്‍ സുഭദ്രാമ്മയും നീനയും ഡൈനിംഗ് ടേബിളിനരികെ വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ്. കുട്ടികള്‍ മൂന്നുപേരും ടോം ആന്റ് ജെറി കണ്ട് ആര്‍ത്തുചിരിച്ച് രസിച്ചിരിക്കുകയാണ്. 

സതീഷും മാധവമേനോനും പുറത്തെ പനിനീര്‍ ചാമ്പയുടെ കീഴില്‍ കെട്ടിയുയര്‍ത്തിയ സിമന്റ്തറയില്‍ ഇരുന്ന് ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നു. സന്ധ്യയ്ക്കത്തെ ചൂടിന് പുറത്തിറങ്ങിയുള്ള ഇരിപ്പ് സുഖകരമാണ്. ചെറിയ കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ട്. ഫാനിന്റെ വരണ്ട കാറ്റിനെക്കാള്‍ എത്രയോ സുഖകരമാണ് പുറത്തെ കാറ്റ്!

'കെല്‍സി നീ സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ പോകുന്നു എന്ന് അമ്മ പറഞ്ഞു. ഇനിയിപ്പോ തുടര്‍ന്നുള്ള എന്‍ട്രി അത്ര ഈസിയാവുമോ കെല്‍സി..... ഞാനാന്നേ പറഞ്ഞിരുന്നല്ലോ ഫീല്‍ഡില്‍ തുടരണമെന്നാണ് നിന്റെ ആഗ്രഹം എങ്കില്‍ ടച്ച് വിടാതെ വിവാഹശേഷവും അഭിനയം തുടരണമെന്ന്. അജിത്തിന്റെ കുടുംബം നമ്മുടെ ആഗ്രഹം അനുവദിക്കാതിരുന്നപ്പോള്‍ മറ്റൊരു വിവാഹബന്ധം നോക്കാം എന്ന അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നതല്ലേ? ഒടുവില്‍ നീ തന്നെ അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തിട്ട് ഇപ്പോ ഇനി ഇറങ്ങിത്തിരിച്ചാല്‍ പഴയപോലെ നല്ലൊരു ഇമേജും പൊസിഷനും കിട്ടും എന്നുണ്ടോ കെല്‍സി....' നീന കെല്‍സിയോട് തന്റെ സംശയം ചോദിച്ചു.

'അതൊക്കെ ശരിയാ ചേച്ചി..... പക്ഷെ, സ്വന്തം നിലനില്‍പ്പിന് ഒരു ജോലി ആവശ്യമാണ് എന്ന് എനിക്കു തോന്നി. എനിക്കറിയാവുന്ന പ്രൊഫഷന്‍ അഭിനയമാണ്. ചേച്ചിക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഒരു പണിയുമില്ലാതെ ഇങ്ങനെ ദിവസംതോറും വെറുതെ ഇരിക്കുന്നതിന്റെ ബോറിംഗ്. ഒരു സെലിബ്രിറ്റിയായി പ്രശസ്തിയില്‍ കഴിഞ്ഞിട്ട് ഒരു വലിയ ബംഗ്ലാവിന്റെ ഉള്ളില്‍ ഒതുങ്ങിക്കഴിയാന്‍  എനിക്ക് ആവുമായിരുന്നില്ല. വിവാഹത്തിന്റെ നാളുകളില്‍ അങ്ങനെ ഒരു ഐഡിയയില്‍ ഉറച്ചുനില്‍ക്കാം എന്നു വിചാരിച്ചെങ്കിലും  വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അസ്വസ്ഥതകള്‍ ഏറിവരുന്നു എന്നല്ലാതെ ഒരു ഗുണവും കണ്ടില്ല. ഏതായാലും കാലം വൈകിച്ച് എല്ലാം കളഞ്ഞുകുളിക്കേണ്ട എന്ന് ഞാനും നിശ്ചയിച്ചു.' കെല്‍സി തന്റെ പ്രശ്‌നം അവതരിപ്പിച്ചു.

'ങ്ങാ....ഏതായാലും ഫീല്‍ഡില്‍ മുന്‍പരിചയം ഉണ്ടല്ലോ നിനക്ക്.... എല്ലാം ആദ്യം മുതലേ വേണ്ടപോലെ ചെയ്ത് ഒരു ഗംഭീര തിരിച്ചുവരവ് ഉണ്ടാക്ക്.' നീന ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.
'ഉം.... നീണ്ട വര്‍ഷങ്ങളുടെ ഇടവേള ഉണ്ടായത് മെയിന്റയിന്‍ ചെയ്യാന്‍ ആദ്യം ഒരു പബ്ലിക് അപ്പിയറന്‍സ് മെയ്ക്കപ്പ് ചെയ്യണം. അതിന് മറ്റു മീഡിയാകള്‍ യുക്തമായി ഉപയോഗിക്കണം. റൈറ്റപ്പുകളും ഇന്റര്‍വ്യൂകളും ന്യൂസുകളും ഉപയോഗപ്പെടുത്തണം. ഏതായാലും അധികം വൈകാതെ മുന്‍നിര മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കണം അതിനുള്ള തയ്യാറെടുപ്പിന് പ്ലാന്‍ ചെയ്യുകയും വേണം.... നോക്കട്ടെ.....'ദൃഢനിശ്ചയത്തോടെ കെല്‍സി തന്റെ തീരുമാനങ്ങള്‍ അവതരിപ്പിച്ചു.

*****   *****  ******  ******     ********

കെല്‍സി തന്റെ ഉപയോഗത്തിനായി പുതിയൊരു ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങി. കെല്‍സിയുടെ ആവശ്യപ്രകാരം എസ്തപ്പാന്‍ തന്റെയൊരു സുഹൃത്തിന്റെ അനന്തിരവനെ കെല്‍സിക്ക് ഡ്രൈവറായി ഏര്‍പ്പാടു ചെയ്തു.
ഡ്രൈവറുടെ പേര് നന്ദകിഷോര്‍. ഇരുപത്തിയഞ്ച് വയസ് പ്രായം. നന്ദകിഷോര്‍ ചെറുപ്പത്തിലെ തന്നെ ഡ്രൈവിംഗ് പഠിച്ച് തന്റെ വൈദഗ്ധ്യം തെളിയിച്ച ചെറുപ്പക്കാരനാണ്. എസ്തപ്പാന് നന്ദുവിനെ നന്നായി അറിയാവുന്നതുകൊണ്ടും വിശ്വസ്തനും സല്‍സ്വഭാവിയും ആണെന്നതിനാലുമാണ് കെല്‍സിയുടെ ഡ്രൈവറായി നിര്‍ദ്ദേശിച്ചത്.

ഡ്രൈവിംഗിലെ ശ്രദ്ധയും പാഠവവും വാഹനം നന്നായി സൂക്ഷിക്കുന്നതിലുള്ള വ്യഗ്രതയും എല്ലാം വാഹനങ്ങളെക്കുറിച്ചും നന്നായി അറിവുമുള്ള നന്ദു കെല്‍സിയുടെ പ്രിയ ഡ്രൈവറായി.
കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും സ്ഥലങ്ങളെക്കുറിച്ചും റോഡുകളെക്കുറിച്ചും നന്ദുവിന് നല്ല നിശ്ചയമുണ്ടായിരുന്നു എന്നത് കെല്‍സിയുടെ പ്രൊഫഷന് കൂടുതല്‍ സുരക്ഷിതത്വവും സമയകൃത്യതയും നല്‍കും എന്നതില്‍ നന്ദുവിനെക്കുറിച്ച് എസ്തപ്പാനും നല്ല അഭിപ്രായം തന്നെയായിരുന്നു.

ഒരു സിനിമാനടിയുടെ ഡ്രൈവര്‍ അവരുടെ സുരക്ഷയുടെ ഉത്തരവാദിത്വംകൂടി നിറവേറ്റുന്നു.
അന്ന് ഉച്ചകഴിഞ്ഞ് കെല്‍സി കുട്ടികളോടൊപ്പം തന്റെ പഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ശരണ്യാ മുകുന്ദന്റെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു. കെല്‍സി ശരണ്യ ആന്റിയെന്നു വിളിക്കുന്ന ശരണ്യ മുകുന്ദനായിരുന്നു സിനിമാ ജീവിതകാലത്ത് കെല്‍സിയുടെ ജൈത്രയാത്രയുടെ തേരാളിയായി നിന്നത്.
ബുദ്ധിപൂര്‍വ്വം കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത് വ്യക്തമായ തീരുമാനങ്ങളെടുക്കാനും കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് സെലക്റ്റീവായി മുന്നേറുവാന്‍ തന്റെ വലംകൈയ്യായി നിന്നത് ശരണ്യാന്റി ആണ്.

തന്റെ കോള്‍ഷീറ്റുകള്‍ ക്ലാഷാകാതെ ഒരു വിദഗ്ധ കാര്‍ഡ് പ്ലേയറെപ്പോലെ ക്രമീകരിക്കുന്നതിലുള്ള ആന്റിയുടെ വൈദഗ്ധ്യവും ശ്രദ്ധയും താന്‍ എത്രയോതവണ അംഗീകരിച്ചുകൊടുത്തിരിക്കുന്നു.
വിവാഹം ഒരു വഴിത്തിരിവായി സിനി ഫീല്‍ഡില്‍ നിന്ന് പിന്‍വാങ്ങാന്‍ നിശ്ചയിച്ചപ്പോള്‍ ഏറെ വേദനയുണ്ടായിരുന്നു ആന്റിക്ക്...... വേര്‍പിരിയലിന്റെ വേദന. ചതിക്കുഴികളും ഗോസിപ്പുകളിലും വീഴാതെ മകളെന്നപോലെ കരുതി പരിപാലിച്ച അമ്മയുടെ കനിവായിരുന്നു തനിക്ക് ശരണ്യാന്റി.

ശരണ്യാന്റിക്ക് ഇപ്പോള്‍ പ്രായം ഏറിയിട്ടുണ്ടാവും. ഫീല്‍ഡില്‍ ഉണ്ടാവും എന്നും തോന്നുന്നില്ല. ഏതായാലും ആന്റിയുടെ ഉപദേശം മുന്നോട്ടുള്ള തന്റെ പ്രായണത്തിന് ഉപകരിക്കും. പിന്നെ ആന്റിക്ക് ആരെയെങ്കിലും തന്റെ സെക്രട്ടറിയായി നിര്‍ദ്ദേശിക്കാന്‍ കഴിയുമെങ്കില്‍ അത് നന്നാണു താനും. തന്നെ വ്യക്തമായി അറിയുന്ന ആന്റി യുക്തമായൊരു വ്യക്തിയെ മാത്രമേ തന്റെ പഴ്‌സണല്‍ സെക്രട്ടറിയായി നിര്‍ദ്ദേശിക്കൂ എന്ന് കെല്‍സിക്ക് ഉറപ്പായിരുന്നു.

ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് നന്ദു കാര്‍ ശരണ്യാ മുകുന്ദന്റെ 'കൃഷ്ണാലയ' ത്തിനു മുന്നില്‍ കൊണ്ടു നിര്‍ത്തി. ഹോണടിച്ചപ്പോള്‍ ഗേറ്റ്മാന്‍ വന്നെത്തിനോക്കി. അയാള്‍ പുതിയ ആള്‍ ആണെന്നതിനാലും ഹിന്ദിക്കാരന്‍ ആയിരുന്നു എന്നതിനാലും തന്നെ തിരിച്ചറിഞ്ഞില്ല....
തന്റെ പേര് ചോദിച്ചു മനസിലാക്കിയശേഷം അയാള്‍ ഇന്റര്‍കോമിലൂടെ ആന്റിയുമായി സംസാരിച്ചശേഷം ഗേറ്റ് തുറന്നുതന്നു. നന്ദു കാര്‍ അകത്തേയക്ക് കയറ്റി വിശാലമായ മുറ്റത്ത് ഒഴിഞ്ഞൊരു കോണ്‍നോക്കി പാര്‍ക്ക് ചെയ്തു. കുട്ടികളെയും കൂട്ടി കെല്‍സി ഇറങ്ങിയപ്പോഴേയ്ക്കും ആന്റി സിറ്റൗട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു.
സ്വര്‍ണ്ണവര്‍ണ്ണക്കരയുള്ള സെറ്റുസാരിയില്‍ തിളങ്ങി നില്‍ക്കുന്ന ശരണ്യാന്റിയുടെ കണ്ണാടികള്‍ക്കുള്ളില്‍ സജലങ്ങളായ കണ്ണുകള്‍ തിളങ്ങിനില്‍ക്കുന്നു. സ്‌നേഹപൂര്‍വ്വം ഓടിവന്ന് ശരണ്യ കെല്‍സിയെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ചു.

'ഹാ..... ചുണക്കുട്ടികള്‍ രണ്ട്‌പേരും ഉണ്ടല്ലോ? ഉം..... ഇവള്‍ അമ്മയുടെ മോള്തന്നെ.....' മിന്നുമോളുടെ കവിളിണകളെ ലാളിച്ച് ശരണ്യാ മുകുന്ദന്‍ സ്‌നേഹവാത്സല്യം പ്രകടിപ്പിച്ചു.
'എടി കെല്‍സി, ഒടുവില്‍ നീ ഇങ്ങുപോന്നു അല്ലേ? ഇത്രേം ദിവസം എവിടെ ആയിരുന്നു നീ.... എത്ര ദിവസമായെന്നോ നിന്നെയും പിള്ളേരെയും കാണാന്‍ നിങ്ങള്‍ വന്നു എന്നറിഞ്ഞപ്പംതൊട്ട് കാത്തിരിക്കുന്നു.' എന്താടി സുഖംതന്നെയല്ലേ?' ശരണ്യാ മുകുന്ദന്റെ മനസിലുണ്ടായിരുന്നതെല്ലാം ഒരു മഴത്തിമിര്‍പ്പുപോലെ കെല്‍സിക്കു മുന്നില്‍ പ്രവഹിച്ചു.

'അയ്യോ ആന്റി..... താമസിച്ചുപോയി എന്നതു നേരാ...... കുഞ്ഞുങ്ങള്‍ ആദ്യമായി കേരളത്തില്‍ വന്നിറങ്ങിയതല്ലേ..... അവര്‍ നേച്ചറുമായി ഒന്ന് അഡ്ജസ്റ്റാവട്ടെ എന്നുവിചാരിച്ചു. പിന്നെ എനിക്കും ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍? അതാ ആന്റി, അല്ലാതെ..... മറ്റൊന്നും കൊണ്ടല്ല....' കെല്‍സി ക്ഷമാപണം നടത്തി.

'ങ്ങാ.... നീ കയറിവാ..... അവിടെ തന്നെ നില്‍ക്കാതെ അകത്തേയ്ക്കിരിക്ക്..... ഞാന്‍ പോയി നിങ്ങള്‍ക്ക് കുടിക്കാനുള്ളത് തയ്യാറാക്കാന്‍ പറഞ്ഞിട്ട് വരാം.... നിങ്ങള്‍ ഉച്ചഭക്ഷണം കഴിഞ്ഞല്ലേ ഇറങ്ങിയത്?'

'ഓ.... അതെ.... അതെ....' കെല്‍സി മറുപടി പറഞ്ഞു.

'നന്ദു കയറി ഇരിക്ക്....' കെല്‍സി ഡ്രൈവറോട് പറഞ്ഞു. നന്ദുവിന് ടി.വി. ഓണ്‍ ചെയ്ത് കൊടുത്തു. റിമോട്ട് നന്ദുവിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് കെല്‍സി കുട്ടികളെയും കൂട്ടി കിച്ചണിലേയ്ക്ക് പോയി.
'കെല്‍സി, ഇനിയെന്താ നിന്റെ പ്ലാന്‍....' ശരണ്യ തിരക്കി.

'ഹാ.... ഇതെന്തു ചോദ്യമാ ആന്റി..... സിനിമാഭിനയം തുടരും.... അല്ലാതെന്താ.... അതിനല്ലേ ഞാന്‍ കേരളത്തിലേയ്ക്ക് വന്നതുതന്നെ....' കെല്‍സി വിശദീകരിച്ചു.

'അതു നല്ല കാര്യം.... എങ്ങിനെയും ബ്രേക്കായ ഇമേജ് മേയ്‌ക്കോവര്‍ ചെയ്യണം. പുതിയൊരു തകര്‍പ്പന്‍ ഇമേജ്. വിവാഹശേഷം ഫീല്‍ഡിലേയ്ക്കു വരുമ്പോള്‍ നീണ്ടവര്‍ഷത്തെ അസാന്നിധ്യത്തില്‍നിന്നും പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു 'മെയ്ക്ക് ഓവര്‍' തീര്‍ച്ചയായും ഉണ്ടാവും. പ്രഗത്ഭയായ ഒരു സെലിബ്രിറ്റിയുടെ തിരിച്ചുവരവ് ഇന്‍ഡസ്ട്രിയും പ്രേക്ഷകരും ആഗ്രഹിക്കുന്നതുതന്നെയാവും.' ശരണ്യാ മുകുന്ദന്‍ തന്റെ കാഴ്ചപ്പാടുകളുടെയും അനുഭവങ്ങളുടെയും പിന്‍ബലത്തില്‍ സംസാരിക്കുകയായിരുന്നു.

'തീര്‍ച്ചയായും ഇവയൊക്കെയും ഞാന്‍ പ്രതീക്ഷിക്കുന്നു..... ഇനി എനിക്ക് നായികാ പ്രാധാന്യത്തോടെ മലയാളത്തില്‍ തിളങ്ങാന്‍ പറ്റില്ല എന്നറിയാം. പുതുതലമുറയിലെ ഇളമുറക്കാര്‍ നിരവധി വന്നുതുടങ്ങിയിരിക്കുന്നു. മിക്കവരും പ്രഗത്ഭര്‍ തന്നെയാണ്. ഞാന്‍ ലക്ഷ്യം വയ്ക്കുന്നത് സഹനടിയായി താരപ്രാധാന്യം നഷ്ടമാകാതെ ഫീല്‍ഡില്‍ നില്‍ക്കാനാണ്....' കെല്‍സി തന്റെ ചിന്ത പങ്കുവച്ചു.
'തീര്‍ച്ചയായും; ശക്തമായ എത്രയോ സപ്പോര്‍ട്ടിംഗ് ക്യാരക്ടേഴ്‌സ് വന്നിരിക്കുന്നു. ഇനിയും എത്രയോ അധികം വരാനിരിക്കുന്നു. നായികയ്‌ക്കൊപ്പം തുല്യപ്രാധാന്യത്തോടെ നിറഞ്ഞുനില്‍ക്കുന്ന എത്രയെത്ര സ്ത്രീ കഥാപാത്രങ്ങളെ നമ്മുടെ മുന്‍നിര താരങ്ങളായിരുന്നവര്‍ അഭിനയിച്ച് പ്രശസ്തി നേടുന്നു. വിവാഹശേഷവും അഭിനയം തുടരുന്ന എത്രയോപേര്‍ ഉണ്ട്. നീണ്ടകാലത്തിനുശേഷം രണ്ടാമത് അത്യുഗ്രന്‍ തിരിച്ചുവരവ് നടത്തിയവരും എത്രയധികം....' ശരണ്യ കെല്‍സിയെ പ്രോത്സാഹിപ്പിച്ചു.

'ആന്റി.... എനിക്ക് പഴ്‌സണല്‍ സെക്രട്ടറിയായി ഒരാളെ റെക്കമന്റ് ചെയ്യണം. നല്ല ക്യാരക്ടറും ഫീല്‍ഡിനെക്കുറിച്ച് അറിവുമുള്ള എക്‌സ്പീരിയന്‍സ്ഡ് വണ്‍. കാരണം ഇനി ഒരു തിരിച്ചുവരവിന് എനിക്ക് നൂറു ശതമാനവും സപ്പോര്‍ട്ടീവായി നില്‍ക്കാന്‍ കഴിവുള്ള ഒരു പ്രഗത്ഭ തന്നെയാവണം. എന്റെ കൂടെ ആന്റി ഉണ്ടായിരുന്നപോലെ, ആ കുറവ് പരിഹരിക്കത്തക്ക ഒരു നല്ല അപ്പോയിമെന്റ് ഞാന്‍ പ്രതീക്ഷിക്കുന്നു....'

ഓ.... അതിനെന്താ കെല്‍സി..... തീര്‍ച്ചയായും ഞാനൊന്ന് ആലോചിക്കട്ടെ. ഒന്നുരണ്ട് പേര്‍ എന്റെ ചിന്തയില്‍ ഉണ്ട്. അവരില്‍ ഏറ്റവും സെലക്ടീവായ ഒരാളെത്തന്നെ ഞാന്‍ ഏര്‍പ്പാട് ചെയ്തുതരാം.... എന്താ പോരേ....' ശരണ്യാ മുകുന്ദന്‍ സന്തോഷപൂര്‍വ്വം ആ ഉദ്യമം ഏറ്റെടുത്തു.

ശരണ്യ ഗ്ലാസ്സുകളില്‍ പകര്‍ന്നുവച്ച മാംഗോ ജ്യൂസ് ഒരു ഗ്ലാസ് കെല്‍സിക്ക് നല്‍കി. രണ്ടു ചെറിയ ഗ്ലാസുകളില്‍ കുട്ടികള്‍ക്കുള്ളതും എടുത്തു നല്‍കി. മറ്റൊരു ഗ്ലാസിലെ ജൂസുമായി ഡ്രൈവര്‍ നന്ദുവിന്റെ അരികിലെത്തി.

'ഒരു ഗ്ലാസ് ജൂസ് കുടിച്ചോളൂ..... എന്താ പുതിയ ആളുടെ പേര്?' ശരണ്യ തിരക്കി.

'നന്ദകിഷോര്‍....' നന്ദു ജൂസ് വാങ്ങി ഒരു കവിള്‍ കുടിച്ചുകൊണ്ട് പറഞ്ഞു.

'വീടെവിടാ? കെല്‍സിയുടെ നാട്ടുകാരന്‍തന്നെയാണോ?'

'എട്ടുകിലോമീറ്റര്‍ ദൂരം ഉണ്ട്. എസ്തപ്പാന്‍ചേട്ടന്റെ അകന്ന ബന്ധുകൂടിയാണ്. എസ്തപ്പാന്‍ചേട്ടന്‍ ശരിയാക്കി തന്നെ ജോലിയാണ്....' നന്ദു മറുപടി പറഞ്ഞു.

'ഓ.... അതുശരി..... വളരെ നല്ലത്..... ജോലിയൊക്കെ നന്നായിരിക്കുന്നു അല്ലേ? സൂക്ഷിച്ചും കണ്ടും കൊണ്ടുനടക്കണം എന്റെ പെണ്ണിനെ..... കേട്ടോ നന്ദു....' ശരണ്യ സ്‌നേഹവാത്സല്യത്തോടെ ഒരു നിര്‍ദ്ദേശം നന്ദുവിന്റെ മുന്നില്‍വച്ചു.

'ശരി മാഡം.... തീര്‍ച്ചയായും കെല്‍സി മാഡത്തിന്റെ സുരക്ഷയില്‍ ഞാന്‍ ശ്രദ്ധിക്കും.... ഒരു ജോലിയെക്കാള്‍ ഉപരിയായി....' നന്ദു തന്റെ ചുമതലാബോധത്തിന്റെ വ്യാപ്തി വെളിവാക്കുകയായിരുന്നു.

'അവളോട് എനിക്ക് അത്രമാത്രം സ്‌നേഹവും വാത്സല്യവും ഉള്ളതുകൊണ്ടാണ് ഞാന്‍ നന്ദുവിനോട് പ്രത്യേകം ശ്രദ്ധിക്കണം എന്നാവശ്യപ്പെട്ടത്. ശരി നന്ദു.... നന്ദു ഇരിക്ക്. ശരി' ശരണ്യ തിരിച്ച് കിച്ചണിലേയ്ക്ക് പോയി. കുട്ടികള്‍ രണ്ടുപേരും നന്ദുവിന്റെ അരികിലേയ്ക്ക് ഓടി എത്തി. സെറ്റിയില്‍ കയറിയിരുന്ന് ടിവിയിലെ മ്യൂസിക് പ്രോഗ്രാം കണ്ടുകൊണ്ടിരുന്നു.
ഒരു മണിക്കൂറിനുശേഷം കെല്‍സി കുട്ടികളെയും കൂട്ടി ശരണ്യാന്റിയോട് യാത്ര പറഞ്ഞിറങ്ങി..... നന്ദു കാര്‍ തിരിച്ച് കെല്‍സിയുടെ വീട്ടിലേയ്ക്ക് വിട്ടു. അതിവിദഗ്ധനായ ഡ്രൈവറുടെ കൈയ്യില്‍ ബി.എം.ഡബ്ലൂ കാര്‍ റോഡിലൂടെ മേഘപാളികള്‍ക്കിടയിലെ അരയന്നത്തേരുപോലെ ഒഴുകിനീങ്ങുകയയാരുന്നു. 

ആന്റി ഏതായാലും നല്ലൊരു സെക്രട്ടറിയെത്തന്നെ തനിക്കേര്‍പ്പാടാക്കിത്തരും എന്ന് കെല്‍സിക്ക് അറിയാമായിരുന്നു. തന്റെയും ആന്റിയുടെയും കഴിഞ്ഞകാല ബന്ധംവച്ച് നോക്കുമ്പോള്‍ എന്നും തന്റെ ഉന്നതിക്കായി അക്ഷീണം പ്രയത്‌നിച്ചിട്ടുള്ള ആന്റിയില്‍നിന്ന് അതല്ലാതെ മറിച്ചൊന്ന് ചിന്തിക്കേണ്ടതുമില്ല. ഇനി തന്റെ രണ്ടാംവരവില്‍ തനിക്ക് കൈത്താങ്ങും ശക്തിയുമാകേണ്ടയാളാണ് തന്റെ പഴ്‌സണല്‍ സെക്രട്ടറി. കാറിനൊപ്പം ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് കെല്‍സിയുടെ ചിന്തകളും ഒഴുകിനീങ്ങുകയായിരുന്നു....


 ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ 20: കൊല്ലം തെല്‍മ,  ടെക്‌സാസ്)
Join WhatsApp News
Prof:Prem Elias [Fatima college, Kollam] India 2015-03-02 12:10:15
Thelma, I liked the narration, beside, a poet or a novelist or a writer is immortal because his or her thoughts emotions and feelings live on through the readers. Now l can proudly tell my students that Thelma is my class mate who still remembers me. To be remembered by a celebrity is a privilege. All the best. PREM
Stanly Lukose, Riyad 2015-03-03 11:46:59
Novel kalakkunnu, Congratulations. Stanly
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക