Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 22- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 21 March, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 22- കൊല്ലം തെല്‍മ)
അദ്ധ്യായം 22
മിഥുനിനെ കേന്ദ്രകഥാപാത്രമാക്കി തയ്യാറാക്കിയ കഥ! മികച്ച തിരക്കഥാകൃത്തായ സഞ്ജയ് പ്രഭാകറിന്റെ തൂലികയില്‍ വികസിച്ച് ശക്തമായൊരു കഥ.
മിഥുനിന്റെ കഥാപാത്രവുമായി തുല്യംതുല്യം നില്‍ക്കുന്ന മുഴുനീള സാന്നിധ്യമുള്ള കഥാപാത്രമാണ് കെല്‍സിയുടേത്.
മിഥുനിന്റെ ഡെയ്റ്റ് ഓക്കെയാക്കി കിട്ടിയിരിക്കുന്നു. കെല്‍സി ഇരുപതു ദിവസത്തെ കോള്‍ഷീറ്റില്‍ ഒപ്പുവച്ചു. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായുള്ള ഇരുപതു ദിവസങ്ങള്‍ ഓഗസ്റ്റ് പകുതിയോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഓണചിത്രമായി റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇനിയും ഇരുപതു ദിവസങ്ങള്‍ മുന്‍പിലുണ്ട്. ഓഗസ്റ്റ് ഒന്നിന് ചിത്രത്തിന്റെ പൂജയും റിക്കോര്‍ഡിഗും നിശ്ചയിച്ചിരിക്കുന്നു.
സാദിഖ് അലിയുടെ ഗാനങ്ങള്‍ക്ക് മോഹനവര്‍മ്മയാണ് ഈണമിട്ടിരിക്കുന്നത്. സുന്ദരമായ മൂന്നുഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെല്‍സി താന്‍ പുതിയ സിനിമ എഗ്രിമെന്റില്‍ ഒപ്പുവച്ചകാര്യം അറിയിക്കുവാനായി എസ്തപ്പാനെ വിളിച്ചു. ഫോണ്‍ റിംഗ് ചെയ്തു കട്ടായി. കെല്‍സി ഒന്നുകൂടി നമ്പര്‍ ഡയല്‍ചെയ്തു. ഒന്നുരണ്ട് ബെല്ലുകള്‍ അടിച്ചപ്പോള്‍ എസ്തപ്പാന്‍ ഫോണ്‍ അറ്റന്‍ഡു ചെയ്തു.
'ഹലോ.... എസ്തപ്പാന്‍ ഹിയര്‍....ങ്ങാ.... കെല്‍സിയോ? എന്താ കെല്‍സി വിശേഷിച്ച്?' എസ്തപ്പാന്‍ തിരക്കി.
'എസ്താപ്പന്‍ ചേട്ടാ ഞാന്‍ നമ്മുടെ കാശിനാഥന്‍ സാറിന്റെ പുതിയ സിനിമയിലേയ്ക്ക് എഗ്രിമെന്റ് സൈന്‍ ചെയ്തു.
ഓണത്തിനിറങ്ങുന്ന ചിത്രമാ....' കെല്‍സി കാര്യം അവതരിപ്പിച്ചു.
'അതു കലക്കി.... നല്ലൊരു സ്റ്റാര്‍ട്ടിംഗ് തന്നെ കിട്ടിയല്ലോ കെല്‍സി.... എന്നാ ഷൂട്ടിംഗ്?' എസ്തപ്പാന്‍ അത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയും കാര്യം തിരക്കി.
'ജൂലൈ-ഓഗസ്റ്റിലുമായി ഇരുപതു ദിവസത്തേയ്ക്കുള്ള എഗ്രിമെന്റ്. ഷൂട്ടിംഗില്‍ എന്റെ പാര്‍ട്ടിസിപ്പേഷന്‍ ജൂലായ് പത്തുമുതലാണ്. ജൂലായ് പത്ത് എന്നുപറഞ്ഞാല്‍ തിങ്കളാഴ്ചയാണ്. 1990 ജൂലൈ പത്തിനാണ് ഞാനഭിനയിച്ച എന്റെ ആദ്യ സിനിമ റിലീസ് ചെയ്തത്. എസ്തപ്പാന്‍ ഓര്‍ക്കുന്നുണ്ടാവും 'നിറസന്ധ്യ' എന്ന സിനിമ.'
'തീര്‍ച്ചയായും. ജോണിസാറിന്റെ സംവിധാനത്തില്‍ റസൂല്‍ നായകനായി അഭിനയിച്ച സിനിമ. റസൂലിനെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ജോണിസാറിന്റെ സിനിമകളെല്ലാം തന്നെ കുടുംബപ്രേക്ഷകര്‍ ഹിറ്റാക്കിയ സിനിമകളാണല്ലോ?' എസ്തപ്പാന്‍ പറഞ്ഞു.
ജൂബിലിയുടെ ബാനറില്‍ ജോണി സംവിധാനം നിര്‍വ്വഹിച്ച നിരവധി സിനിമകളില്‍ നായകസ്ഥാനം റസൂലിനായിരുന്നു. റസൂലിന്റെ നായികമാരായി നിരവധിപ്പേരെ ജോണി എന്ന സൂപ്പര്‍ സംവിധായന്‍ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതിലൊരാളാണ് കെല്‍സിയും. നിറസന്ധ്യ എന്ന സിനിമയ്ക്കുശേഷം നിരവധി സിനിമകളില്‍ ജോണിസാറിനൊപ്പം കെല്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സിനിമകളിലെല്ലാം റസൂലായിരുന്നു നായകന്‍.
കാശിനാഥന്‍ സാറിന്റെ സിനിമകളിലെ നായകസ്ഥാനം മിക്കപ്പോഴും മിഥുന് തന്നെയായിരുന്നു. റസൂലിനെ വളര്‍ത്തിയത് ജോണിസാറും, മിഥുനെ കാശിനാഥന്‍ സാറും മലയാളത്തിലെ രണ്ടു സമാന്തര താര ചക്രവര്‍ത്തിമാര്‍ മിഥുനും റസൂലിന്റെയും ചിത്രങ്ങളില്‍ സഹനടനായി ആദ്യകാലം തൊട്ടെ എസ്തപ്പാന്‍ അഭിനയിച്ചുവരുന്നു. മിഥുനും എസ്തപ്പാനും എറണാകുളത്ത് ഒരേ കോളജില്‍ പഠിച്ചവരാണ്. അന്നുമുതലെ രണ്ടുപേരും കലാപ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു നിന്നിട്ടുണ്ട്. മിഥുനും എസ്തപ്പാനും ഭംഗിയായി കോമഡി കൈകാര്യം ചെയ്തിരുന്നു. അവരുടെ കൂട്ടുകെട്ട് തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്.
'എന്താ കെല്‍സി താന്‍ സ്വപ്‌നം കാണുകയാണോ?' മറുതലയ്ക്കല്‍നിന്നും എസ്തപ്പാന്റെ ചോദ്യം. 
'അയ്യയ്യോ.... ഞാന്‍ കാശിനാഥിന്റെ സിനിമകളെപ്പറ്റി ഓര്‍ത്തുപോയി. മിഥുനും എസ്തപ്പാന്‍ ചേട്ടനും ഒട്ടുമിക്ക സിനിമകളിലും ഉണ്ടായിരുന്നല്ലോ? നിങ്ങളുടെ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് ഓര്‍ത്തുപോയി....' കെല്‍സി പറഞ്ഞു.
'അതൊരു കാലം തന്നെയായിരുന്നു കെല്‍സി....'
'കാശിനാഥന്റെ ഈ ചിത്രത്തില്‍ എസ്തപ്പാന്‍ ചേട്ടനുണ്ടോ?' കെല്‍സി തിരക്കി.
'ഇല്ല.... ഞാന്‍ ഇപ്രവാശ്യം ഒന്നുരണ്ടു പുതിയ സംവിധായകരുടെ ചിത്രത്തില്‍ നേരത്തെ ജോയിന്‍ ചെയ്തുകഴിഞ്ഞു.... പിന്നെ ജൂലായ്-ഓഗസ്റ്റിലാണ് തമ്പിസാറിന്റെ പുതിയ സിനിമയുടെ ഡേറ്റ്. ഏതായാലും എന്റെ ഓണചിത്രം തമ്പിസാറിന്റെയാ..... ഞങ്ങള്‍ കുറച്ച് ടീനേഡുകാര്‍ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണത്... ഹാസ്യത്തിനാണ് പ്രാധാന്യം.... മുന്‍നിരക്കാര്‍ ആരും തന്നെയില്ല.... പിന്നെ കാശിസാറ് എന്നോട് ഒരു റോള്‍ പറഞ്ഞിരുന്നു. ഇക്കാരണത്താല്‍ ഡേറ്റ് ഇല്ലാ എന്ന് ഞാനറിയിച്ചതാണ്. കെല്‍സി രണ്ടാമത് തിരിച്ചുവരുന്നു എന്ന കാര്യവും ഞാന്‍ സാറിനെ അറിയിച്ചിരുന്നു. അപ്പോഴാണ് കെല്‍സിയെപ്പറ്റിയുള്ള റ്റൈറ്റപ്പ് വായിച്ചിരുന്നതായി കാശിസാറ് പറഞ്ഞത്. റൈറ്റപ്പ് നന്നായിരുന്നു കെല്‍സി.... തന്റെ പഴ്‌സണല്‍ സെക്രട്ടറി കൊള്ളാം. എന്റെ അഭിനന്ദനം അറിയിച്ചേയ്ക്ക്....'
'തീര്‍ച്ചയായും....' കെല്‍സി മറുപടി പറഞ്ഞു.
'മിഥുന്‍ കാശിനാഥന്‍ ടീമിന്റെ സിനിമയായതിനാല്‍ സൂപ്പര്‍ഹിറ്റാവും.... ഓണത്തിന് സൂപ്പര്‍ഹിറ്റ് തന്റെ സാന്നിധ്യമുള്ള പടം തന്നെയാ കെല്‍സി..... ഞാന്‍ ഉറപ്പ് തരുന്നു.....' എസ്തപ്പാന്‍ ആശംസയോടെ പറഞ്ഞു.
'നാക്ക് പൊന്നാകട്ടെ....' കെല്‍സി പുഞ്ചിരിയോടെ പറഞ്ഞു.
എന്നാ ശരി കെല്‍സി.... കാര്യങ്ങളൊക്കെ ഇനി നേരില്‍ കാണുമ്പോള്‍.... ഓക്കെ....നന്നായി പ്രിപ്പയര്‍ ചെയ്ത് ഇറങ്ങിക്കൊള്ളൂ..... വിജയാശംസകള്‍.....'
'താങ്ക് യൂ.... താങ്ക് യൂ ബൈ' കെല്‍സി നന്ദി പ്രകടിപ്പിച്ചു ഫോണ്‍ കട്ട് ചെയ്തു.
കെല്‍സിക്ക് സന്തോഷം അടക്കാനായില്ല. കാശിനാഥന്‍ സാറിന്റെ സിനിമയില്‍ കൂടിയുള്ള തന്റെ രണ്ടാംവരവ് തീര്‍ച്ചയായും ക്ലിക്കാവുക തന്നെചെയ്യും എന്നതിന് നൂറുശതമാനം ഉറപ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍തന്നെ കാശിസാറിന്റെ സിനിമ ഉള്‍പ്പെടെ മൂന്നു മലയാള സിനിമകള്‍ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.
ആദ്യം പറഞ്ഞ രണ്ട് സിനിമകള്‍ പുതുമുഖ സംവിധായകരുടേതാണ്. ഏതായാലും അവ ഓണത്തിനു ശേഷം ചെയ്യാം എന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇനി തീര്‍ച്ചയായും ഒന്നിനു പിറകേ ഒന്നായി അവസരങ്ങള്‍ തന്നെത്തേടി എത്തുകതന്നെ ചെയ്യും. കാരണം ആ തരത്തിലുള്ള ഒരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കുറച്ചുദിവസങ്ങളായി മീഡിയാകളില്‍ തുടര്‍ച്ചയായി തന്നെക്കുറിച്ചുള്ള ന്യൂസുകളും അഭിമുഖങ്ങളും വരുവാന്‍ ദീപ്തി ആശ്രന്തപരിശ്രമം ചെയ്തിരുന്നു. അതിന്റെ ഫലമായി നല്ലൊരു പബ്ലിസിറ്റിയും ഗെറ്റപ്പും അപ്പിയറന്‍സും തനിക്കു ലഭിച്ചിരിക്കുന്നു. എത്രയധികം പണം ചെലവഴിച്ചാണെങ്കിലും തന്റെ സാന്നിധ്യം എവിടെയും ഉണ്ടാകുവാന്‍ വേണ്ട അറേഞ്ചുമെന്റുകള്‍ ചെയ്യുവാന്‍ ദീപ്തിയെ പ്രത്യേകം ചട്ടംകെട്ടിയിരുന്നു. ഉദ്ഘാടനങ്ങള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാവശങ്ങളും കൈവിടാതെ  ഉപയോഗപ്പെടുത്തി.
മീഡിയാക്കാര്‍ക്കും എഴുത്തുകാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും പരസ്യഏജന്‍സികള്‍ക്കും ആവോളം വേണ്ടതു നല്‍കി. പ്രതിഫലം നോക്കാതെ പരസ്യങ്ങളില്‍ മോഡലായി അങ്ങിനെ അങ്ങിനെ സ്വയം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പയറ്റി. ഇപ്പോള്‍ എങ്ങും എവിടെയും കെല്‍സി എന്ന നടിയുടെ സാന്നിധ്യം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പണ്ടത്തെക്കാളും കെല്‍സിയെ അറിഞ്ഞുതുടങ്ങി.... അങ്ങനെ വിവാഹ ജീവിതത്തിലെ പാളിച്ചകള്‍ പ്രേക്ഷകരില്‍നിന്നും മറച്ചുപിടിക്കാന്‍ കെല്‍സിക്കു കഴിഞ്ഞു.... സിനിമയില്‍ സജീവസാന്നിധ്യമാകുവാന്‍ കെല്‍സി കേരളത്തില്‍ താമസിക്കുന്നു..... എത്രതന്നെ..... അതില്‍ കൂടുതല്‍ ആരും അറിയുവാനോ അന്വേഷിക്കുവാനോ പോയില്ല. കെല്‍സിയുടെ കൈയ്യിലിരിക്കുന്ന മാധ്യമങ്ങള്‍ അതിന് മുതിര്‍ന്നുമില്ല.
******    *******    *******   ******   *******
കാശിനാഥന്റെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുന്നു.... എഡിറ്റിംഗ് വര്‍ക്കുകള്‍ കഴിഞ്ഞ് ഡബിംഗ് നടക്കുന്നു. കെല്‍സി തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിവരുന്നത്. മലയാള സിനിമയില്‍ അപൂര്‍വ്വം പുതുതലമുറ നായികമാര്‍ക്കേ സ്വന്തം ശബ്ദം കൊടുക്കുവാനുള്ള ഭാഗ്യം കൈവന്നിട്ടുള്ളൂ..... ആ ഒരു ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട് എന്നതില്‍ കെല്‍സി സന്തുഷ്ടയാണ്. ആദ്യസിനിമ തൊട്ടെ കെല്‍സിയുടെ കഥാപാത്രങ്ങള്‍ സംസാരിച്ചിരുന്നത് കെല്‍സിയുടെതന്നെ ശബ്ദത്തിലാണ്.
ഓഗസ്റ്റ് ഇരുപത്തിയഞ്ചോടുകൂടി സിനിമയുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സിനിമയുടെ പ്രിവ്യൂ കണ്ടിറങ്ങിയപ്പോള്‍ കെല്‍സി ആനന്ദത്താല്‍ തുള്ളിച്ചാടിപ്പോവും എന്നു തോന്നി. കാശിനാഥന്‍ സാറും മിഥുനും പ്രൊഡ്യൂസറും എല്ലാം അകമഴിഞ്ഞ് പ്രശംസിച്ചു. പ്രൊഡ്യൂസര്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം.
മിഥുന്‍ നായകസ്ഥാനത്ത് തകര്‍ത്തഭിനയിച്ചിരിക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ ടോപ്പ് റൈറ്റിംഗില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി. ചാനലുകളിലും എഫ്.എമ്മുകളിലും പാട്ടുകള്‍ നിറഞ്ഞുനിന്നു. സിനിമയുടെ പ്രൊമോഷന്‍ ക്ലിപ്പിംഗുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നു..... ദിവസങ്ങള്‍ കഴിയുന്തോറും കെല്‍സിയുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവരുന്നതായി തോന്നി.
സെപ്റ്റംബര്‍ ഇരുപതിന് വ്യാഴാഴ്ചയാണ് തിരുവോണം. പതിനാലാം തീയ്യതി വെള്ളിയാഴ്ച സിനിമയുടെ റിലീസിംഗ്. കേരളത്തില്‍ 'എ' ക്്ഌസ് തീയേറ്ററുകളിലെല്ലാം റിലീസിംഗിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിരുന്നു.
സെപ്റ്റംബര്‍ പതിമൂന്ന് വ്യാഴം.... കേരളക്കരയിലെ മുക്കായമുക്കിലും ഭിത്തികളിലും മതിലുകളിലും റിലീസിംഗ് തിയേറ്റര്‍ പരിസരങ്ങളിലും സിനിമയുടെ പോസ്റ്റര്‍ നിരന്നു. 'മധുചന്ദ്രിക' സംവിധാനം കാശിനാഥന്‍, പ്രൊഡ്യൂസര്‍ ശ്യാംകുമാര്‍, വിതരണം ന്യൂസരിഗ പിക്‌ചേഴ്‌സ്.
അന്നേദിവസം കെല്‍സിക്ക് സമയം മുന്നോട്ടുപോകുന്നതായി തോന്നുന്നേയില്ലായിരുന്നു. ഘടികാരം നിശ്ചലമായതുപോലെ. വിശപ്പും ദാഹവുമില്ല. ഒന്നിലും ഒരു താല്‍പര്യമില്ല. ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥ. എങ്ങനെയും നേരം പുലര്‍ന്നാല്‍ മതിയെന്നായിരുന്നു മിഥുനെയും കാശിസാറിനെയും മാറിമാറി വിളിച്ചു. ആദ്യസിനിമയുടെ റിലീസിംഗിന് ഇല്ലാതിരുന്ന ആകാംഷയും ഹൃദയഭാരവും ഇപ്പോള്‍!
കെല്‍സി സരളാന്റിക്ക് ഫോണ്‍ ചെയ്തു.
'ഹലോ സരളാന്റി എന്തുണ്ട് വിശേഷങ്ങള്‍' കെല്‍സി തിരക്കി.
'ഓ..... എന്റെ പെണ്ണേ നീയൊന്നു നിലത്ത് നില്‍ക്ക്. ഒന്നു നേരം വെളുത്തേട്ടെടികൊച്ചേ..... ഉം നിനക്കല്ലേ വിശേഷങ്ങള്‍.... ഇപ്രവാശ്യത്തെ ഓണകളക്ഷന്‍ നീയും മിഥുനുംകൂടി തൂത്തുവാരും എന്നാണെടി ഞാനറിഞ്ഞേ....' സരളാന്റി സന്തോഷാധിക്യത്താല്‍ പറഞ്ഞു.
'ആരു പറഞ്ഞു....' കെല്‍സി ആകാംഷയോടെ തിരക്കി.
'എടി പെണ്ണേ..... ഒത്തിരിക്കാലമായി ഞാന്‍ സിനിമേ വന്നിട്ട്. എനിക്കറിയത്തില്യോ ഇവിടുത്തെ പ്രേക്ഷകരുടെ ട്രെന്റുകള്‍.... കുറെയൊക്കെ പ്രേക്ഷകരുടെ റെസ്‌പോണ്‍സില്‍നിന്ന് മനസിലാക്കാന്‍ കഴിയും.....'
അതെന്തു സൂത്രമാ ആന്റി, എനിക്കുകൂടി പറഞ്ഞുതാ..... എന്റെ പൊന്നാന്റിയല്ലേ..... കെല്‍സി കൊഞ്ചി....'
'പോടി പെണ്ണേ കളിയാക്കാതെ, കെട്ടി രണ്ട് പിള്ളേരും ആയിട്ട് അവള്‍ കിടന്ന് കൊഞ്ചുന്നു....' സരളാന്റി കളിതമാശയായി ശാസിച്ചുകൊണ്ട് തുടര്‍ന്നു.
'എന്റെ കെല്‍സി..... പാട്ടെല്ലാം ഹിറ്റായി, എവിടെ തിരിഞ്ഞാലും ടോക് ഷോകള്‍, ടൈറ്റ് പര്‌സ്യം, പ്രൊമോഷന്‍ ക്ലിപിംഗ്‌സുകള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു..... പിന്നെ മിഥുന്റെ വലിയൊരു ഫാന്‍സ് അസോസിയേഷന്‍ എല്ലാംകൂടി പൊടിപൂരത്തിനുള്ള വകയായില്ലേ പിന്നെ ഇതാരെങ്കിലും പറയണോ എന്റെ കെല്‍സി' സരളാന്റി പറഞ്ഞുനിര്‍ത്തി.
'എനിക്ക് സന്തോഷംകൊണ്ട് ഇരിക്കവയ്യാതായിരിക്കുന്നു ആന്റി.....' കെല്‍സി തന്റെ സന്തോഷം പങ്കുവച്ചു.
'പിള്ളേരെന്തിയേടീ.....'സരളാന്റി തിരക്കി.
'അവര്‍ വല്യച്ചന്റെയും വല്ല്യമ്മയുടെയും കൂടെയല്ലേ ഇപ്പോ അവരു മതിയെന്നായിരിക്കുന്നു. എസ്തപ്പാനെ വലിയ കാര്യമാ..... എസ്തപ്പാന്‍ വീട്ടിലുള്ള സമയത്ത് ചേട്ടന്‍ അവരെയും കൂട്ടികൊണ്ട് പോകും. പിന്നെ ഡേസ്്ക്കൂളില്‍ പോകുന്നുണ്ട് രണ്ടുപേരും. ഏതായാലും ഞാന്‍ ഫ്രീയായി.....' കെല്‍സി മറുപടി പറഞ്ഞു.
'ദീപ്തി എ്ന്തുപറയുന്നു. സുഖംതന്നെയല്ലേ? ഏതായാലും നിനക്ക് നിനക്ക് നല്ലൊരു സെക്രട്ടറിയെ തന്നെയാ കിട്ടിയിരിക്കുന്നത്്.'
'ദീപ്തിക്ക് കുറച്ചു ദിവസത്തേയ്ക്ക് ലീവ് കൊടുത്തിരിക്കുകയായിരുന്നു. ഇനി നാളെ രാവിലെ വരും. റിലീസിംഗിന്റെ ആഘോഷങ്ങള്‍ക്ക്്....!' കെല്‍സിയുടെ വാക്കുകളില്‍ സന്തോഷം നിറഞ്ഞുതുളമ്പി.
'ങ്ങാ.... ഏതായാലും നാളെ വിളിക്കാം..... ശരി കെല്‍സി.... ബൈ'
'തീര്‍ച്ചയായും..... ആന്റി..... നാളെ വിളിക്കാം.... ബൈ ബൈ.....' കെല്‍സി ഫോണ്‍ കട്ടു ചെയ്ത് സോഫയില്‍ വന്നിരുന്നു.
ദീപ്തിയെ വിളിച്ച് നാളേയ്ക്കുവേണ്ട നടപടിക്രമങ്ങള്‍ ഫംഗ്ഷനുകള്‍ എന്നിവയെക്കുറിച്ച് ഡിസ്‌കസ് ചെയ്തു. നേരത്തെതന്നെ എത്തുവാനായി ചട്ടംകെട്ടി.
നന്ദകിഷോറിനെ നാളത്തെ യാത്രകളെക്കുറിച്ച് ബോധ്യപ്പെടുത്തി. രാവിലെതന്നെ തിരുവനന്തപുരത്ത് എത്തിച്ചേരുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. എസ്തപ്പാനെ വിളിച്ച് കെല്‍സി തന്റെ സന്തോഷം പങ്കുവച്ചു.
*****
തിരുവനന്തപുരം പത്മനാഭ തിയേറ്ററിന്റെ പരിസരം രാവിലെ എട്ടുമണിക്കുതന്നെ ജനനിബിഡമായി. സ്ത്രീകളും കുട്ടികളും യുവജനങ്ങളും തിക്കിത്തിരക്കി നില്‍ക്കുന്നു.
ഇളംവെയിലത്ത് ഓടിനടക്കുന്ന കുട്ടികള്‍. സ്ത്രീജനങ്ങള്‍ തീയേറ്റര്‍ പരിസരത്തുള്ള തണലുകളുള്ള ഇടങ്ങളില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നു. മുന്‍പില്‍ നില്‍ക്കുവാന്‍ ക്യൂവില്‍ ഉന്തും ബഹളവും. പിറകില്‍ നില്‍ക്കുന്നവന്‍ മുന്നിലേക്ക് മുന്നിലേയ്ക്ക് തള്ളിക്കയറുന്നു. മുന്നില്‍ നില്‍ക്കുന്നവര്‍ ശകാര വര്‍ഷവുമായി പിന്നിലേയ്ക്ക് തള്ളുന്നു. പുരുഷജനത്തിന്റെ ക്യൂവില്‍ ആകെ ബഹളമയം.
തിയേറ്റര്‍ പരിസരത്തെ സ്റ്റാളില്‍ നന്നേ തിരക്കുണ്ടായിരുന്നു തകര്‍പ്പന്‍ കച്ചവടം. അവരും സിനിമാവ്യവസായംകൊണ്ട് ജീവിക്കുന്നവര്‍. സൂപ്പര്‍ താരങ്ങളുടെ സിനിമ സൂപ്പര്‍ഹിറ്റായി നൂറുദിനങ്ങള്‍ ഓടുമ്പോള്‍ ഇവരുടെയും ജീവിതം പച്ചപിടിക്കും. കപ്പലണ്ടി കച്ചവടക്കാരനും സര്‍ബത്ത് കച്ചവടക്കാരനും വലിയ സന്തോഷം.
ഇതിനിടയിലും ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കാന്‍ വരുന്നവരുടെ ചാകരകൊയ്ത്ത്. സൂപ്പര്‍ താരത്തിന്റെ സിനിമയാവുമ്പോള്‍ ടിക്കറ്റിന് ബ്ലാക്കില്‍ വിലകൂടും.... തീവില! എന്നാലും ചൂടപ്പംപോലെ അതും മേടിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാവും അവസാനനിമിഷം ഓടിപ്പാഞ്ഞു വരുന്നവരെ  ചൂണ്ടയിടാന്‍ നോക്കി നില്‍ക്കുകയാവും ഇക്കൂട്ടര്‍. ഒടുവില്‍ പറഞ്ഞ വിലയ്ക്ക് ടിക്കറ്റ് വാങ്ങുകയും ചെയ്യും.
സമയം ഒന്‍പതര! പത്തുമണിക്കാണ് ഷോ. ആദ്യപ്രദര്‍ശനം! പലരും അക്ഷമരായി. കുറച്ചുപേര്‍ പോസ്റ്ററുകളിലെ നായകനെയും നായികയെയും നോക്കി സ്വപ്‌നലോകത്തുനില്‍ക്കുന്നു. ചിലര്‍ തങ്ങളുടെ ലോകത്ത് ഏകരായി നില്‍ക്കുന്നു.....
മറ്റു ചിലരാകട്ടെ വാതോരാതെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.
സമയം ഒന്‍പത് നാല്‍പത്തിയഞ്ച്..... ഇതുവരെയും ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയില്ല. ബെല്ലും മുഴങ്ങിയില്ല..... 'രണ്ട് സിനിമക്കുള്ള ആളൊണ്ട്..... ഇവനൊക്കെ ടിക്കറ്റ് കൊടുത്ത് തുടങ്ങിക്കൂടെ.... ടേയ് ടിക്കറ്റ് കൊടുക്കടേ....' ക്യൂവില്‍ നിന്ന് ഒരുവന്‍.
'ഫിലിംപെട്ടി വന്നുകാണില്ല..... ഇനി പതിനൊന്നുമണി ആകുമായിരിക്കും.... ഇന്നാള് ഫിലിംപെട്ടി എത്താത്തകൊണ്ട് ഷോയില്ലാതെ തിരിച്ചുപോകേണ്ടിവന്നിട്ടൊണ്ട്....' മറ്റൊരുവന്‍ അഭിപ്രായപ്പെട്ടു. ആ അഭിപ്രായം കേട്ടവര്‍ ആശങ്കാകുലരായി. ഫിലിം തുടങ്ങാന്‍ വൈകുന്നതെന്ത്? ആരെയും കാണുന്നില്ല. തിയേറ്റര്‍ പ്രവര്‍ത്തകര്‍ അങ്ങോട്ടും ഇങ്ങോട്ടും തിടുക്കത്തില്‍ നടക്കുന്നുണ്ട്..... എന്താണ് കാര്യം?
സമയം പത്തുമണി. ഇതുവരെയും സിനിമ തുടങ്ങിയില്ല..... ടിക്കറ്റ് കൊടുക്കാന്‍ ബെല്ലടിച്ചതുമില്ല..... സമയം പത്ത് പത്ത്! തിയേറ്റര്‍ കോമ്പൗണ്ടിലേയ്ക്ക് ഒരു ബ്ലാക്ക് പജിറോ വന്നുകയറി.... പിന്നാലെ ബി.എം.ഡബ്‌ള്യൂ കാറും..... പെട്ടെന്നുതന്നെ ടിക്കറ്റ് കൊടുക്കാനുള്ള ലോഗ്‌ബെല്‍ മുഴങ്ങി. ജനം കൗണ്ടറുകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കി.....



ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍: 22- കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക