Image

പ്രയാണം (കഥ: രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്)

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് Published on 23 March, 2015
പ്രയാണം (കഥ: രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്)
ആകാശത്ത് പാറി നടക്കുന്ന കാര്‍മേഘക്കീറുകള്‍ക്കിടയില്‍കൂടി അരിച്ചെത്തുന്ന നിലാവെളിച്ചത്തില്‍, കറുത്ത സന്ധ്യയുടെ വരവും കാത്ത് എത്രനേരം ഇരുന്നെന്ന് അറിയില്ല.
പുതുനാവുകളുടെ വരവുംകാത്ത് തപസ്സിരിക്കുന്ന മരച്ചില്ലകളോട് സ്വകാര്യം പറഞ്ഞ് കടന്നു വന്ന തണുത്തകാറ്റ് തന്നെ തഴുകി കടന്നുപോയപ്പോഴാണ് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്. 
താനിരിക്കുന്ന ഈ ഇരുപതാം നിലയില്‍ നിന്നും താഴോട്ടുനോക്കിയാല്‍ പച്ചലൈറ്റിനുവേണ്ടി കാത്തുകിടക്കുന്ന വാഹനങ്ങളുടെ നീണ്ടനിര. അങ്ങകലെ ആകാശംമുട്ടെ നില്‍ക്കുന്ന ബില്‍ഡിംഗുകളില്‍ പലനിറത്തില്‍ മിന്നിത്തെളിയുന്ന മിന്നാമിനുങ്ങില്‍ നുറുങ്ങുവെട്ടം.
എത്രകണ്ടാലും മതിവരാത്ത, ഒരിക്കലും ഉറങ്ങില്ലെന്ന് വാശിപിടിയ്ക്കുന്ന ഈ ന്യൂയോര്‍ക്ക് പട്ടണത്തില്‍ തുടങ്ങിവച്ച തന്റെ ജീവിതം ഇവിടെത്തന്നെ എരിഞ്ഞടങ്ങണമെന്നുള്ളത് നിയതിയുടെ നിശ്ചയമാകാം. തന്നെ യാത്രയയ്ക്കുന്നതിന്റെ മുന്നോടിയായിട്ടാണോ ഈ നഗരം ഇത്രമാത്രം അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതെന്ന തോന്നല്‍ ഹൃദയത്തില്‍ ഒരു നൊമ്പരമായി രൂപം പ്രാപിക്കുന്നുവെന്നയാള്‍ക്കു തോന്നി.
വര്‍ഷങ്ങള്‍ക്കുമുമ്പ് താനീ നഗരത്തില്‍ എത്തുമ്പോള്‍, തണുപ്പിനെ വരവേല്‍ക്കാന്‍ പ്രകൃതിപോലും സമാധിയിലാണ്ടിരുന്ന സമയമായിരുന്നു. ഇലകള്‍ നഷ്ടപ്പെട്ട് ശുഷ്‌ക്കമായ മരച്ചില്ലകളില്‍ ചുറ്റിക്കറങ്ങി കടന്നുപോയ കാറ്റിന് കൊഴിഞ്ഞുവീണ മഞ്ഞയിലകളുടെ മണമായിരുന്നുവെന്ന് പിന്നീടാണ് 
മനസ്സിലായത്. 
കാലം സംവത്സരങ്ങളായി കൊഴിഞ്ഞുവീണിട്ടും ആ മണത്തിന് ഒരു മാറ്റവും വരാതെ തന്റെ ഉള്ളിന്റെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു.
എന്നാല്‍ താന്റെ ജീവിതം.
മഞ്ഞും, തണുപ്പും കൊണ്ട് മരച്ചില്ലകള്‍ കണ്ണുംപൂട്ടി നിന്നപ്പോള്‍ തന്റെ അവസ്ഥയും ഏതാണ്ട് അതുപോലെയായിരുന്നു. എവിടെ, എങ്ങിനെ തുടങ്ങണമെന്ന യാതൊരു എത്തും പിടിയുമില്ല. മഞ്ഞിനേയും, മഴയേയും അതിജീവിച്ചു മരച്ചില്ലകളില്‍ പുതുനാമ്പുമുളച്ചപ്പോള്‍ തന്റെ ജീവിതവും പതിയെ പൊട്ടിമുലയ്ക്കുകയായിരുന്നു.
കഴിഞ്ഞ നാല്‍പതു വര്‍ഷത്തെ പ്രവാസ ജീവിതം. എത്രയെത്രയോ അനുഭവങ്ങള്‍ കയ്പു നിറഞ്ഞതും, മധുരം കിനിയുന്നവയും,
എത്രയോ അവസരങ്ങള്‍,
തേടിവന്നതും, തേടിപ്പോയതും, നേട്ടങ്ങളുടേയും, കോട്ടങ്ങളുടേയും നീണ്ടനിര തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്.

അനുഭവിച്ച നൊമ്പരങ്ങള്‍ക്കും, ഏറ്റുവാങ്ങിയ മുറിവുകള്‍ക്കും കണക്കില്ലായിരുന്നു.
എല്ലാം സഹിക്കുകയായിരുന്നു. നിലനില്‍പിനു വേണ്ടി-, കാലം മുറിവുകളുണക്കിയപ്പോള്‍ കോട്ടങ്ങള്‍ നേട്ടങ്ങളായി- വീഴ്ചകളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉയര്‍ച്ചയ്ക്ക് പടവുകളായി.
താങ്ങും തണലിനും സ്വന്തമെന്നു പറയുവാന്‍ ആരോരുമില്ലാതെ, ഇല്ലായ്മകള്‍ മാത്രം കൂടെപ്പിറപ്പായിരുന്ന ഒരു കാലഘട്ടം. സ്വന്തമായിട്ടുള്ളതെന്നു പറയുവാന്‍ ഒരു സ്യൂട്ട് കേസിലൊതുങ്ങുന്ന അത്യാവശ്യസാധനങ്ങളും, ഇല്ലാത്ത ഒരു കമ്പനിയുടെ പേരിലുള്ള ഒരു തൊഴില്‍ വിസയും. 

മനുഷ്യത്വം നഷ്ടപ്പെടാത്ത പലരുടേയും സഹായത്താല്‍ പലയിടങ്ങളില്‍ അന്തിയുറങ്ങി. അവര്‍ വാങ്ങിത്തന്ന ഭക്ഷണം ജീവന്‍ നിലനിര്‍ത്താന്‍ ഉപകരിച്ചു. സഹായിച്ചവരാരും സാമ്പത്തികമായി മുമ്പത്തിലുള്ളവരായിരുന്നില്ല. എന്നാല്‍ സ്വന്തമെന്നപോലെ സ്‌നേഹിക്കുവാന്‍, കരുതുവാന്‍ അവര്‍ക്കായിരുന്നു.

ബേസ്‌മെന്റിലെ പഴകിയ മണം കട്ടപിടിച്ചു കിടക്കുന്ന കുടുസ്സുമുറിയില്‍ ചുരുണ്ടു കൂടാന്‍ ഒരിടം നല്‍കാന്‍ സന്‍മനസ്സുള്ളവരായിരുന്നു അവരില്‍ ഏറിയ പങ്കും. ജോലി കിട്ടാന്‍ ബുദ്ധിമുട്ടാണെന്നു കണ്ടപ്പോള്‍ ഒരു ചെറിയ ബിസിനസ്സു തുടങ്ങാന്‍ ഉപദേശിച്ചതും, കൈത്താങ്ങല്‍ തന്നതും അവര്‍ തന്നെയാണ്- ഒന്നും മറന്നിട്ടില്ല.

മരിച്ചാല്‍ അസ്ഥികള്‍ക്കുപോലും മറക്കാന്‍ കഴിയാത്ത ആ നല്ല മനസ്സുകളുടെ നല്ല സൗഹൃദങ്ങളുടെ, ഉടമകളെ മങ്ങലു ബാധിച്ച ഈ കണ്‍മുമ്പില്‍ ഇപ്പോഴും കാണാം. ഒരിക്കലും തന്നെക്കൊണ്ട് തിരിച്ചുനല്‍കാന്‍ സാധിക്കയില്ലെന്നറിഞ്ഞിട്ടും, ഉള്ളതില്‍ നല്ല പങ്കു തന്ന് തന്നെ സഹായിച്ച അവരുടെ സ്‌നേഹത്തിന് സ്വാര്‍ത്ഥതയുടെ ലാഞ്ചനപോലുമുണ്ടായിരുന്നില്ല. കാലം കഴിഞ്ഞപ്പോള്‍ നാം എത്ര മാറിയിരിക്കുന്നു. ഈ ജീവിതത്തിന്റെ നശ്വരതയെപ്പറ്റി ഒരു നിമിഷം ഒന്നാലോചിച്ചിരുന്നെങ്കില്‍.
ജീവിതത്തില്‍ എല്ലാം നേടിയത് എത്ര പെട്ടെന്നായിരുന്നു, തൊട്ടതെല്ലാം പൊന്നാകുന്ന ഒരു സമയം-പിന്നെ ഒരൊഴുക്കായിരുന്നു. ഒരോട്ടമായിരുന്നു- തളരാത്ത പന്തയകുതിരയെപ്പോലെ, എല്ലാം കൈക്കുള്ളിലാക്കാനുള്ള വെമ്പല്‍.

എപ്പോഴാണ് തന്റെ ജീവിതത്തിലേക്ക് ആനികടന്നുവന്നത്? നിറുത്താതെ പെയ്യുന്ന മഞ്ഞുള്ള ദിവസം. അന്നാദ്യമായാണ് താനവളെ കാണുന്നത്- ആകെയുള്ള പഴകിത്തുടങ്ങിയ സ്വെറ്ററും, തലയില്‍ തണുപ്പിനെ അതിജീവിക്കാനുള്ള ഒരു മങ്കി ക്യാപുമണിഞ്ഞ് പുതുഞ്ഞ മഞ്ഞും ചവുട്ടി താമസസ്ഥലത്തേക്ക് നടക്കുകയായിരുന്നു. പഞ്ഞിക്കെട്ടുകള്‍ പേറിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നിലാവെളിച്ചത്തില്‍ ഭൂമി വെള്ള പുതച്ചുകിടന്നിരുന്ന ആ സന്ധ്യയിലെ യാത്രക്കിടയില്‍ എപ്പോഴോ തന്നോടൊപ്പം കൂടിയ അവളുടെ താമസവും താന്‍ താമസിക്കുന്ന ബേസ്‌മെന്റിനടുത്താണു പോലും. കുടുംബം പുലര്‍ത്താന്‍ അടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നു. മണിക്കൂറില്‍ കിട്ടുന്ന മൂന്നു ഡോളര്‍ ഏഴരകൊണ്ടു ഗുണിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഭാരപ്പെടുന്ന ഒരു പ്രാരാബ്ധക്കാരി പെണ്‍കുട്ടി. ഇല്ലായ്മയിലും കൈമോശം വരാത്ത ജീവിതശൈലി. പെരുമാറ്റത്തിലെ കുലീനത-വിനീതമായ സംസാരം. തങ്ങള്‍ അടുക്കുകയായിരുന്നു. ചെറുതായുള്ള തന്റെ ബിസ്സിനസ്സ് പച്ചപിടിക്കാന്‍ തുടങ്ങുന്ന സമയമായിരുന്നു.

അപ്പനും, അമ്മയും ഇളയസഹോദരിയുമല്ലാതെ, സ്വന്തമെന്നു പറയാന്‍ അധികമാരുമില്ലാത്ത, പ്രാരാബ്ധങ്ങള്‍ മാത്രം കൂട്ടിനുള്ള അവളുടെ ജീവിതഭാരങ്ങള്‍ പങ്കുവയ്ക്കുവാന്‍ താനാഗ്രഹിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നിന്നും മുത്തുകള്‍പോലെ നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീഴുന്നത്, ചെതുമ്പല്‍ മൂടി കാഴ്ച മങ്ങിയ ഈ കണ്ണുകള്‍ക്ക് ഇന്നും കാണാം. ഇല കൊഴിഞ്ഞ മരച്ചില്ലകളില്‍ പൂക്കള്‍ വിരിയുന്ന ഒരു പകലില്‍, ആകെ സ്വന്തമെന്ന് പറയാനുള്ള ഏതാനും സുഹൃത്തുക്കളുടെ നിറഞ്ഞ മനസ്സിനെ സാക്ഷിയാക്കി ഞങ്ങളുടെ ജീവിതത്തിന്റെ ചെറുപടവുകള്‍ക്ക് അടിസ്ഥാനമിട്ടു.

മഞ്ഞും മഴയും ഓരോന്നായി കടന്നുപോയി. തനിക്ക് താങ്ങും തണലുമായി. ഒരു നിഴലായി. സാന്ത്വനത്തിന്റെ ചെറുക്കാറ്റായി എപ്പോഴുമുണ്ടായിരുന്നു തന്നോടൊപ്പം.
ഇന്നിപ്പോള്‍ താന്‍ യാത്രാമൊഴി ചൊല്ലാനുള്ള തയ്യാറെടുപ്പിലാണ്. ഈ വിശാലമായ കെട്ടിടത്തില്‍, മരുന്നും മന്ത്രവുമില്ലാതെ, വേര്‍പാടിന്റെ നൊമ്പരങ്ങളെ നെഞ്ചോടു ചേര്‍ത്തണച്ച്, വേദനയില്ലാത്ത ലോകത്തിലേക്കുള്ള പ്രയാണത്തിനായി ഭാണ്ഡം മുറുക്കിക്കഴിഞ്ഞു.

കാല്‍വറി-, ദുഃഖിതര്‍ക്കും, പീഡിതര്‍ക്കും, ആശ്വാസം പകര്‍ന്നുകൊണ്ട്, മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി രക്തം ചിന്തിയ ക്രിസ്തുനാഥന്റെ ആ പരിപാവനമായ രക്തം വീണുറഞ്ഞ കാല്‍വറിയെപ്പോലെ-, വേദനിക്കുന്നവര്‍ക്ക്  ആശ്വാസത്തോടെ കടന്നുപോകുവാന്‍, നിരാശയുടെ നീര്‍ച്ചുഴിയില്‍ നിന്നും പ്രത്യാശയുടെ നിറവിലേക്ക് പ്രവേശിക്കുവാന്‍ വഴിയൊരുക്കുന്ന 'കാല്‍വറി' എന്ന പ്രസ്ഥാനത്തിന്റെ തണലിലേക്ക് അടുത്തു വന്നിരിക്കുന്നു.

മദര്‍ തെരേസയെന്ന, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന അമ്മ, ജീവിതത്തിന്റെ അവസാനയാമങ്ങളില്‍ എത്തിനില്‍ക്കുന്ന നിരാലംബരായവര്‍ക്ക്-, സമൂഹം മനുഷ്യജീവിയെന്ന പരിഗണപോലും കൊടുക്കാതെ നിഷ്‌ക്കരുണം തെരുവിലുപേക്ഷിച്ച നിസ്സഹായര്‍ക്ക് താങ്ങും തണലും നല്‍കി. സ്‌നേഹത്തിന്റെ കമ്പളം പുതപ്പിച്ച്, ചുണ്ടില്‍ നിറയുന്ന പുഞ്ചിരിയോടെ, സമാധാനത്തിന്റെ ലേപനം പൂശി യാത്രയയ്ക്കുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്.

ഇവിടെ മദര്‍ തെരേസയില്ല-, എന്നാല്‍ വേദനയില്‍ നിന്നും വിടുതല്‍ നേടി, ദുഃഖമെന്ന മാറാരോഗത്തെ ആട്ടിയിറക്കി, സമാധാനത്തോടെ ഒരു സായാഹ്നം, അതുമല്ലെങ്കില്‍ കിഴക്കേച്ചരുവില്‍ ഉദിച്ചുയരുന്ന ഒരു പ്രഭാതം കൂടി കാണാമെന്നുള്ള ആഗ്രഹത്തോടെ താനും എത്തിയിരിക്കുന്നു. ഇവിടെ നിരാശയില്ല, നഷ്ടബോധങ്ങളില്ല- അവശേഷിച്ചിരിക്കുന്ന നിമിഷങ്ങള്‍ ജീവിതത്തിന്റെ ഇന്നേവരെയുള്ള നേട്ടങ്ങളുടെ ആകെത്തുക. കൂട്ടലും കിഴിക്കലും ഇല്ലാത്ത, ഉള്ളവനും ഇല്ലാത്തവനുമെന്ന ആരവമില്ലാത്ത, സമത്വ സുന്ദരമായ ഒരു ജീവീതത്തിലേക്കുള്ള പ്രയാണത്തിനായുള്ള കാത്തിരുപ്പിന്റെ അവസാന നാളുകള്‍-, അല്ല- അവസാന നിമിഷങ്ങള്‍. 

അല്പം തുറന്നുകിടക്കുന്ന ജനല്‍പ്പാളിയില്‍ക്കൂടി നോക്കിയാല്‍ പുറത്ത് ജീവിതത്തിന്റെ ആരവം കേള്‍ക്കാം, എല്ലാം നേടാനുള്ള വ്യഗ്രതയില്‍, വെട്ടിപ്പിടിക്കാനുള്ള വെമ്പലില്‍, നഷ്ടപ്പെടുന്ന ജീവിതങ്ങളുടെ കണക്കെടുപ്പ് ആരും നടത്തുന്നില്ലല്ലോയെന്ന ചിന്ത അയാളുടെ മനസ്സിനെ ഒരു കറുത്ത പുതപ്പായി പൊതിയാന്‍ തുടങ്ങിയിരുന്നു.

താഴെ നിരത്തില്‍ പച്ചലൈറ്റിനു കാത്തുകിടന്ന വാഹനങ്ങള്‍ എപ്പോഴോ പോയിക്കഴിഞ്ഞിരിക്കുന്നു. പച്ചയും, മഞ്ഞയും കഴിഞ്ഞ് ഒരു ചുവപ്പുണ്ടെന്ന് ആരും കരുതുന്നില്ല- താനും അങ്ങനെതന്നെയായിരുന്നല്ലോ?
ഈ കോട്ടം എന്നെങ്കിലും ഇതുപോലെ ഓടിത്തീര്‍ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല-സ്വന്തത്തിലും, ബന്ധത്തിലുമുള്ളവര്‍, പ്രസ്ഥാനങ്ങളില്‍, സംഘടനകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചവര്‍ ഓരോരുത്തരായി മാറ്റപ്പെട്ടപ്പോഴും തനിക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. യാന്ത്രികമായ അനുശോചന വചനങ്ങള്‍- ആത്മാര്‍ത്ഥതയില്ലാ- ആ ദുഃഖപ്രകടനങ്ങള്‍-, എല്ലാം കഴിഞ്ഞ് ഫ്യൂണറല്‍ ഹോമിന്റെ ഇടനാഴികളിലും, പാര്‍ക്കിങ്ങ്‌ലോട്ടിലും കൂടിനിന്ന് അടുത്തുവരുന്ന സംഘടനാ തിരഞ്ഞെടുപ്പിനുള്ള ചരടുവലികള്‍ നടത്തുമ്പോള്‍(അത് പള്ളിയുടെയോ, പത്രക്കാരുടെയോ, കൂണുപോലെ മുളച്ചു പൊന്തുന്ന മലയാളി സംഘടനകളുടെയോ അതുമല്ലെങ്കില്‍ ജനിച്ചുവീണ നാടിന്റെ പേരിലുള്ളതോ ആവാം)

അകത്തെ മുറിയില്‍, ഹൃദയം വിണ്ടുകീറുന്ന വേദനയടക്കി, ഉറ്റവരെ യാത്രയയ്ക്കാന്‍ പാടുപെടുന്ന വേണ്ടപ്പെട്ടവരുടെ വേര്‍പാടിന്റെ വേദന ഹൃദയം തൊട്ട് അനുഭവിച്ചിട്ടുണ്ടോ?? തനിക്കും ഇങ്ങനെ ഒരു ദിവസം വരുമെന്ന് തന്റെ വന്യമായ സ്വപ്‌നത്തില്‍പോലും കരുതിയിട്ടുണ്ടായിരുന്നോ?? പ്രത്യാശയില്‍ പൊതിഞ്ഞ ആശ്വാസവാക്കുകള്‍ മറ്റുള്ളവരോട് ഒരു പുറംപൂച്ചായി പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, ആ വാക്കുകള്‍ തന്റെ ഉറ്റവരുടെ ആശ്വാസത്തിനായി മറ്റുള്ളവര്‍ പറയാതിരിക്കില്ല എന്ന് കരുതുനാവുമോ??

ചിന്തകള്‍ മനസ്സിന്റെ കയറും പൊട്ടിച്ച് കാടുകയറുന്നു. കണ്‍കോണില്‍ അടിഞ്ഞു കൂടുന്ന കണ്‍പീലികളെ വിറക്കുന്ന വിരല്‍ത്തുമ്പുകള്‍ കൊണ്ട് തൂത്തുമാറ്റുമ്പോള്‍, കണ്ണുകളില്‍ പടരുന്ന മൂടലിന് പതിവില്ലാത്ത ആക്കം കൂടുന്നുവെന്ന തോന്നല്‍, വരണ്ടുണങ്ങിയ വിരലുകള്‍ മുക്കാലും മുടികൊഴിഞ്ഞ തലയില്‍, പരതിനടക്കുമ്പോള്‍ പേശികളില്‍ നൊമ്പരത്തിന്റെ ഞരക്കം.
എല്ലാം നേടിയെന്ന് മനസ്സില്‍ കണക്കുകൂട്ടാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നെയെന്ന് കുറിച്ചിരുന്നു.

മാറത്തണച്ചുകിടത്തി താരാട്ടുപാടിയുറിക്കിയ-എന്താഗ്രഹിച്ചാലും കൈപ്പിടിയില്‍ എത്തിച്ചുകൊടുത്ത്, ജീവിതത്തില്‍ ഒരു കുറവും അനുഭവിക്കരുതെന്ന് കരുതി ഓമനിച്ചു വളര്‍ത്തിയ മകന്‍ എത്ര പെട്ടെന്നാണ് ജ•ബന്ധങ്ങളേയും അറുത്തുമുറിച്ച്, ഇന്നലെയെന്നപോലെ തുടങ്ങിയ ബന്ധത്തിന്റെ പുറകെ പോയത്. ചോദിച്ചതൊന്നും കൊടുക്കാതിരുന്നിട്ടില്ല-, ആവശ്യങ്ങളുടെ മുമ്പില്‍ വാതിലുകള്‍ കൊട്ടിയച്ചിട്ടില്ല-, എന്നിട്ടും അവന് സ്വന്ത്ര ഇഷ്ടം മാത്രമായിരുന്നു പ്രധാനം. 
തന്നില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയ നാള്‍മുതല്‍ ഒരു നിഴലായി തന്നെ പിന്തുടരുന്ന ഭാര്യയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളില്‍ എന്നെ ഒറ്റക്കാക്കി പോകരുതേയെന്ന യാചന എങ്ങനെ കണ്ടില്ലെന്നു നടിക്കാനാവും. താന്‍ പോയാല്‍ അവള്‍ ഒറ്റക്കാകുമെല്ലോയെന്ന വേദനയായിരുന്നു അപ്പോഴെല്ലാം.
മാതാപിതാക്കള്‍ കടന്നു പോകുന്ന വേദനയുടെ പാതയില്‍ ഒരു വഴിയാത്രക്കാരിയായിപ്പോലും വരാന്‍ മടിക്കുന്ന മക്കളുടെ നിസംഗതക്കു മുമ്പില്‍ മൗനം പാലിക്കാനേ തങ്ങള്‍ക്കായിരുന്നുള്ളൂ. ഒരു കൂരയ്ക്കു താഴെ കഴിയുന്ന മൂന്നു ജ•ങ്ങള്‍ - അന്യോന്യം കാണാതിരിക്കാന്‍ ശ്രമിക്കുന്ന അവളുടെ മനസ്സിന്റെ കെമിസ്ട്രി ഇന്നും അജ്ഞാതമായിത്തുടരുന്നു. ഏതു സമയവും സഹോദരന്റെ വഴി ്‌വളും തിരഞ്ഞെടുക്കുമെന്നുള്ള അറിവ് ഞങ്ങളിലേക്ക് പടര്‍ന്നപ്പോള്‍, തകര്‍ന്നുപോകാതിരിക്കാന്‍ ഞങ്ങള്‍ ഹൃദയങ്ങള്‍ മുറിച്ചുണക്കി ഒന്നാക്കി മാറ്റി.

ഇപ്പോള്‍ താന്‍ കൂടി പോയാല്‍ ഉണങ്ങിത്തുടങ്ങിയ ആ ഹൃദയഭിത്തികളില്‍ നിന്നും കിനിയുന്ന നൊമ്പരങ്ങളെ ആര് സ്വാന്തനപ്പെടുത്തും?

ആരുടേയും തണലില്ലാതെ ഏകയാകുന്ന എന്റെ പ്രിയപ്പെട്ടവളുടെ കണ്ണുകളില്‍നിന്നും അടര്‍ന്നുവീഴുന്ന അനാഥത്വത്തിന്റെ ദുഃഖം താനെങ്ങനെ കണ്ടില്ലെന്നു നടിക്കും??
നീറുന്ന മനസ്സോടെ നിസ്സഹായകനായി നോക്കി നില്‍ക്കേണ്ടിവരുന്ന തന്റെ മനസ്സിന് ആര് ആശ്വാസം പകര്‍ന്നു തരും.??

എവിടെനിന്നാണ് തനിക്കല്പം സ്വസ്ഥത ലഭിക്കുക?? പുറത്തെ കട്ടപിടിച്ച ഇരുട്ടില്‍ പുറംകാഴ്ചകള്‍ നഷ്ടമായപ്പോള്‍ അവ്യക്തയുടെ കൂട്ടുപിടിച്ച് അയാള്‍ കണ്ണുകള്‍ പതിയെ അടച്ചു.
വരണ്ടു തുടങ്ങിയ ചുണ്ടുകളില്‍ ഇറ്റിറ്റു വീഴുന്ന തണുത്ത വെള്ളം നുണഞ്ഞിറക്കുമ്പോള്‍ ആരുടെയോ സാന്ത്വനത്തിന്റെ കരസ്പര്‍ശം മുടികൊഴിഞ്ഞ തന്റെ തലയില്‍ അനുഭവപ്പെട്ടു. മങ്ങിത്തീരാറായ കണ്ണുകള്‍ പതിയെ വലിച്ചു തുറക്കുമ്പോള്‍ സ്‌നേഹത്തിന്റെ ഒരു നിഴല്‍ വെട്ടം തന്നെ പൊതിയുന്നതായി അയാള്‍ക്കു തോന്നി.

എവിടെയോ പറഞ്ഞും കേട്ടും പഴകിയ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിയപ്പോള്‍, മറവി പിടിച്ച അയാളുടെ മനസ്സ് പഴയ ഫ്യൂണറല്‍ ഹോമിന്റെ ഇടനാഴിയില്‍ കൂടി ആരെയോ പരതി നടന്നു. ആരൊക്കെയോ വിതുമ്പുന്നു, വിങ്ങിപ്പൊട്ടുന്നു- അങ്ങുമിങ്ങും, കൂടി നിന്ന് ശബ്ദം താഴ്ത്തി സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ രൂപം നഷ്ടപ്പെട്ട തന്റെ മുഖമുണ്ടോയെന്ന അന്വേഷണത്തിനൊടുവില്‍ ആ കേള്‍ക്കുന്നത് തന്റെ തന്നെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു. ഹേ മരണമേ, നിന്റെ ജയമെവിടെ?? ഹേ, മരണമേ നിന്റെ വിഷമുള്ളെവിടെ?? മരണത്തെ വെല്ലുവിളിച്ചുകൊണ്ട്, മറ്റുള്ളവരില്‍ പ്രത്യാശയും, പ്രചോദനവും ആയിത്തീര്‍ന്ന ആ വാക്കുകള്‍ തന്റെ കാതുകളില്‍ പ്രത്യാശയുടെ സന്ദേശമായി ഒഴുകിയെത്തുന്നു. വേര്‍പാട് കൈയെത്തും ദൂരത്ത് എത്തിനില്‍ക്കുന്നതായി മനസ് മന്ത്രിക്കുന്നു.

പാതിതുറന്ന ജനാലയില്‍ കൂടി എത്തിനോക്കിയ തണുത്ത കാറ്റില്‍, മുറിയില്‍ മുറിഞ്ഞു കത്തുന്ന ചെറുതിരി നാളം പതിയെ ആടിയുലഞ്ഞു.

പുറത്തുനിന്നും ഇരുട്ടിന്റെ കമ്പളവും വാരിപ്പുതച്ച് കടന്നു വന്ന കറുത്ത കാറ്റ് മുറിയില്‍ നിറയുമ്പോഴേക്കും അയാള്‍ നിത്യതയുടെ തീരത്തിലേക്കുള്ള പ്രയാണം ആരംഭിച്ചിരുന്നു.


പ്രയാണം (കഥ: രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
വായനക്കാരൻ 2015-03-23 07:31:17
"Life's a bitch
Then you die"
They'll cry a bit
And go their way.
വിദ്യാധരൻ 2015-03-23 08:06:05
ജീവിതം ഒരു കൊടിച്ചി പട്ടിയാണ് 
പിന്നെ നിന്റെ മരണം 
അവളുമാര് അല്പം മോങ്ങും 
പിന്നെ വന്ന വഴിയെ പോകും 
Blesson houston 2015-03-23 10:24:25
നല്ല കഥ നീണ്ട നാളുകൾക്കുശേഷം രാജു ചിരമന്നിലീനു നന്ദി . ബ്ലെസ്സണ്‍ ഹൂസ്ടോൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക