MediaAppUSA

മതവും രാഷ്ട്രീയവും എഴുത്തുകാരും- നൈനാന്‍ മാത്തുള്ള

നൈനാന്‍ മാത്തുള്ള Published on 24 March, 2015
മതവും രാഷ്ട്രീയവും എഴുത്തുകാരും- നൈനാന്‍ മാത്തുള്ള
സാഹിത്യത്തെയും അതിന്റെ എഴുത്തുകാരെയും കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന്റെ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. നാമെല്ലാവരും ഇന്ത്യയില്‍ നിന്നുള്ളവരായതുകൊണ്ട് നമുക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ വേദങ്ങളും ഭഗവത് ഗീതയും എഴുതിയ മുനിമാരുടെ പിന്‍തുടച്ചക്കാരാണ് ഇന്നത്തെ എഴുത്തുകാര്‍ എന്നു പറയാം. ഇവിടെ പലരുടെയും നെറ്റി ചുളിക്കുന്നത് കാണുന്നുണ്ട്.

വേദങ്ങളും ഭഗവത്ഗീതയും ഇന്ത്യയുടെ എഴുതപ്പെട്ട ഏറ്റവും പുരാതനങ്ങളായ സാഹിത്യസഞ്ചയങ്ങളാണല്ലോ? വേദങ്ങളും ഭഗവത്ഗീതയും ശ്രുതിയായിട്ടാണ് കരുതുന്നത്. അതായത് ഈശ്വരില്‍ നിന്നും നേരിട്ട് ശ്രവിച്ചത് എന്ന അര്‍ത്ഥത്തില്‍. അതുകൊണ്ട് എഴുത്തുകാര്‍ എഴുതുന്ന കാര്യങ്ങള്‍ ശ്രുതിയായിട്ടുള്ളതായിരിക്കണം.

ശരിയായ എഴുത്തുകാരില്‍ ആശയങ്ങള്‍ അങ്കുരിപ്പിക്കുന്നത് ഈശ്വരനാണ്. എഴുത്തുകാരന്‍ ഈ ആശയങ്ങള്‍ അപ്പോഴപ്പോള്‍ എഴുതിവയ്ക്കുന്നു. പിന്നീട് അതിന് എല്ലും മാംസവും തുകലും പിടിപ്പിക്കുന്നു. അത് കവിതയായും ഗദ്യമായും പുറത്തു വരുന്നു.
ഈശ്വരന്‍ മനസ്സില്‍ ആശയങ്ങള്‍ അങ്കുരിപ്പിക്കണമെങ്കില്‍ ഈശ്വരനുമായി എപ്പോഴും ആശയവിനിമയത്തിലായിരിക്കണം. ഈശ്വരനുമായുള്ള ആശയവിനിമയം സാധിക്കുന്നത് പ്രാര്‍ത്ഥനയില്‍ക്കൂടിയും ഈശ്വരനാമം ജപിക്കുന്നതില്‍ക്കൂടിയുമാണ്. എങ്കില്‍ മാത്രമേ മനുഷ്യര്‍ക്കു പകര്‍ന്നുകൊടുക്കത്തക്ക രീതിയില്‍ പ്രയോജനപ്പെടുന്ന എഴുത്തുകള്‍ പുറത്തു വരികയുള്ളൂ. നമ്മുടെ കഴിവിലും അറിവിലും ഊന്നി എന്തെങ്കിലും നമ്മുടെ മസ്തിസ്‌കത്തില്‍ നിന്ന് ഞെക്കിച്ചാടിച്ചാല്‍ അതുകൊണ്ട് മനുഷ്യര്‍ക്ക് പ്രയോജനം ഉണ്ടാവില്ല. അടുത്ത തലമുറയില്‍ ഈ എഴുത്തുകാരെയോ അവരുടെ എഴുത്തിനെയൊ ആരും അധികം ഓര്‍ക്കാറില്ല.
കാലത്തെ അതിജീവിക്കുന്ന കൃതികളെയാണല്ലോ ക്ലാസിക്കുകള്‍ എന്നു പറയുന്നത്. ചില എഴുത്തുകള്‍ക്ക് സ്ഥലകാല പരിമിധികള്‍ ഉള്ളപ്പോള്‍ മറ്റു ചിലത് സ്ഥലകാല സീമകളെ ലംഘിക്കുന്നു.

ചുരുക്കിപറഞ്ഞാല്‍ സമൂഹത്തിന് പ്രയോജനം ചെയ്യണമെങ്കില്‍ എഴുത്ത് ശ്രുതിയായിരിക്കണം. സാഹിത്യത്തില്‍ കാല്പനികത ഉണ്ടെങ്കിലും അത് ഈശ്വരനിയോഗം പ്രാപിച്ച് എഴുതിയിട്ടുള്ളതായിരിക്കണം(Inspired by God). ആശയഹല ഇതിനെപ്പറ്റി പറയുന്നത്, 'പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാ•നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചത്രേ(11 peter 1:21). ബൈബിള്‍ പ്രവചന പുസ്തകങ്ങള്‍ എന്നും ക്ലാസിക്കു(ഇഹമശൈര)കളുടെ കൂട്ടത്തിലായിരുന്നു- അന്നും ഇന്നും.

എഴുത്തുകാരന്റെ സാമൂഹിക പ്രതിസന്ധതയെപ്പറ്റി ചിന്തിക്കുമ്പോള്‍ മൂന്നു തരത്തിലുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളെക്കൊണ്ടാണ് ഈശ്വരന്‍ തന്റെ പദ്ധതികള്‍ സമൂഹത്തില്‍ ചെയ്‌തെടുക്കുന്നത്. രാജാക്കന്‍മാര്‍, പുരോഹിതന്‍മാര്‍, പ്രവാചകന്‍മാര്‍. ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ രാജാക്കന്‍മാരുടെ സ്ഥാനം രാഷ്ട്രീയക്കാരും ഭരണാധിപരും ഏറ്റെടുത്തിരിക്കയാണ്. അതുപോലെതന്നെ പത്രമാദ്ധ്യമങ്ങളും എഴുത്തുകാരും പ്രവാചകന്‍മാരുടെ നിരയിലാണ്.
വേദകാലത്ത് രാജാക്കന്‍മാരും പുരോഹിതന്‍മാരും എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടതെന്നും എങ്ങനെയാണ് ജനങ്ങളെ ശരിയായ മാര്‍ഗ്ഗത്തില്‍ നടത്തേണ്ടതെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നത് പ്രവാചകന്‍മാരായ മുനിമാരായിരുന്നു. വേദങ്ങളിലും ഗീതയിലും അധിഷ്ഠിതമായി രാജാക്കന്‍മാര്‍ രാജ്യം ഭരിച്ചിരുന്നു. പുരോഹിതന്‍മാര്‍ ജനങ്ങളെ ശരിയായ മാര്‍ഗ്ഗം ഉപദേശിച്ചിരുന്നു. എല്ലാ സമൂഹങ്ങളിലും ഇതായിരുന്നു സ്ഥിതി. ഇന്നും അതില്‍ മാറ്റമൊന്നുമില്ല. ഭരണാധിപന്‍മാരും പുരോഹിതന്‍മാര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടത് ഈശ്വരനിയോഗം പ്രാപിച്ച എഴുത്തുകാരാണ് അതുകൊണ്ട് സാമൂഹികപ്രതിബന്ധതയെപ്പറ്റി പറയുമ്പോള്‍ അതില്ലാത്ത എഴുത്ത് എഴുത്തല്ല- വെറുതെ സ്വന്തം മസ്തിഷ്‌കത്തില്‍ നിന്നും ഞെക്കിച്ചാടിച്ചതാണ്.

പഴയനിയമകാലത്ത് ഇസ്രയേലില്‍ രാജാക്കപന്‍മാരും പുരോഹിതന്‍മാരും പ്രവാചനകപന്‍മാരും ഉണ്ടായിരുന്നു. ഇവ മൂന്നും മൂന്നു സ്വതന്ത്രസ്ഥാപനങ്ങളായി നിലനിന്നിരുന്നു. അതേസമയം മൂന്നും ചേര്‍ന്ന് സമൂഹത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിച്ചിരുന്നു. രാജധാനിയില്‍ കടന്നുചെന്ന് രാജാവിന്റെ മുഖത്തുനോക്കി ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല എന്നു പറയാന്‍ വേണ്ട ധൈര്യവും അഭിക്ഷേകവും പ്രവാചകപന്‍മാരില്‍ ഉണ്ടായിരുന്നു. സമൂഹം മൂന്നു സ്ഥാപനങ്ങളെയും ബഹുമാനിച്ചിരുന്നു. ഒരു വ്യക്തിയില്‍ തന്നെ ഒന്നില്‍ക്കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ചുരുക്കമായി സമ്മേളിച്ചിരിക്കുന്നതു കാണാം. ഉദാഹരണമായ ശമുവേല്‍ പ്രവാചകന്‍ ന്യായാധിപനും പ്രവാചകനും ആയിരുന്നു. യേശുക്രിസ്തു രാജാവും പുരോഹിതനും പ്രവാചകനുമാണ്. മൂന്നു സ്ഥാപനങ്ങളും ഈശ്വരഹിതത്താല്‍ സ്ഥാപിതമായതാണ്- മൂന്നും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇന്നത്തെ എഴുത്തുകാര്‍ക്കും ഭരണാധിപന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും ആവശ്യം വേണ്ട ഗുണമാണ് ധൈര്യവും അഭിക്ഷേകവും- തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും പറയാനുള്ള ധൈര്യവും ഉള്‍ക്കാഴ്ചയും.

പഴയകാലത്ത് രാജാക്കന്‍മാര്‍ രാജ്യം ഭരിച്ചിരുന്നത് ദൈവത്തിന്റെ പ്രതിപുരുഷനായിട്ടായിരുന്നു. രാജാക്കന്‍മാരെ അഭിക്ഷേകം ചെയ്തിരുന്നത്, സ്ഥാനാരോഹണം നടത്തിയിരുന്നത് പ്രവാചകപന്‍മാരായിരുന്നു. ഇന്നും പല ഭരണാധിപന്‍മാരും പ്രതിജ്ഞയെടുക്കുന്നത് മതഗ്രന്ഥങ്ങള്‍ തൊട്ടാണ്. റോമാ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണം നടത്തിയിരുന്നത് ദൈവത്തിന്റെ പ്രതിപുരുഷനായ പോപ്പ് ആയിരുന്നു. പോപ്പിനെ നീക്കിയ ചക്രവര്‍ത്തിമാരും ചക്രവര്‍ത്തിയെ നീക്കിയ പോപ്പും ഉണ്ട്.

എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുന്നു. ദാനിയേല്‍ പ്രവചനത്തില്‍ നെബുവദ്‌നേശ്ശര്‍ ചക്രവര്‍ത്തി കണ്ട ബിംബത്തിന്റെ കളിമണ്ണും ഇരുമ്പും ചേര്‍ന്ന പദത്തിന്റെ കാലഘട്ടത്തിലായിരുന്നു നാം ഇപ്പോള്‍ ഇനിയും നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ ദാനിയേല്‍ പ്രവചനത്തില്‍ ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെ ആയിരിക്കും. ഈ ജനാധിപത്യയുഗത്തില്‍ രാജാക്കന്‍മാരെ അല്ലെങ്കില്‍ ഭരണാധിപന്‍മാരെ ആക്കാനും നീക്കാനുള്ള അധികാരം ഈശ്വരന്‍ നമുക്ക് നല്‍കിയിരിക്കുന്നു. പ്രവാചകന്‍മാരായ എഴുത്തുകാരില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം ഉള്‍ക്കൊണ്ടാണ് ജനങ്ങള്‍ അത് ചെയ്യുന്നത്. അതുകൊണ്ട് pen is mighter thanthe sword എന്നു പറയുന്നത്. എന്നാല്‍ ഇന്നത്തെ കേരളത്തിലെ സ്ഥിതി കഷ്ടമാണ്. ഓരോ എഴുത്തുകാരും പത്രമാദ്ധ്യമങ്ങളും ഓരോ പാര്‍ട്ടിയുടെ അല്ലെങ്കില്‍ വിഭാഗത്തിന്റെ വക്താക്കളായി നിലകൊള്ളുന്നു. പഴയനിയമകാലത്തെ കള്ളപ്രവാചകന്‍മാരെയാണോ ഇവര്‍ പ്രതിനിധീകരിക്കുന്നതെന്ന് സന്ദേഹിച്ചു പോകുന്നു.

സനാതനമൂല്യങ്ങളിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എഴുത്തുകാര്‍ ഈശ്വരനിയോഗം പ്രാപിച്ച് എഴുതേണ്ടത് ആവശ്യമാണ്. ചില എഴുത്തുകാരെന്ന് അവകാശപ്പെടുന്നവര്‍ പറയുമായിരിക്കും ഈശ്വരനില്ല; എനിക്കതില്‍ വിശ്വാസവുമില്ല എന്ന്. ഒരാള്‍ എങ്ങനെ എന്തു വിശ്വസിച്ചാലും സത്യം ഒന്നേയുള്ളൂ; അതിനു മാറ്റമില്ല. നമ്മുടെ അറിവും അനുഭവവും അനുസരിച്ച് നമ്മുടെ വിശ്വാസത്തിനാണ് മാറ്റം വരുന്നത്; സത്യത്തിന് മാറ്റമില്ല. അതുകൊണ്ട് ഇവിടെയുള്ള എഴുത്തുകാരെല്ലാം ഒരു പുത്തന്‍ പുലരിയുടെ ആഗമനം മുന്‍കൂട്ടിക്കണ്ട് അത് വിളിച്ചോതുന്ന കോഴിയുടെ കണ്ഠനാദമായി സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഈശ്വരനിയോഗം പ്രാപിച്ച് എഴുതാന്‍ ആഗ്രഹിക്കുക അതിനായി ഈശ്വരന്‍ എല്ലാ എഴുത്തുകാരെയും അഭിക്ഷേകം ചെയ്യട്ടെ എന്ന് ആശിക്കുന്നു.(ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനും റൈറ്റേഴ്‌സ് ഫോറമും ചേര്‍ന്ന് സംഘടിപ്പിച്ച 'മതം, രാഷ്ട്രീയം, സാഹിത്യം' എന്ന ചര്‍ച്ചവേദിയില്‍ അവതരിപ്പിച്ചതില്‍ നിന്ന്)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക