MediaAppUSA

(ഇവള്‍ വാഴ്ത്തപ്പെട്ടവള്‍: നോവല്‍ : 26- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 18 April, 2015
(ഇവള്‍ വാഴ്ത്തപ്പെട്ടവള്‍: നോവല്‍ : 26- കൊല്ലം തെല്‍മ)

അദ്ധ്യായം 26
അജിയുടെയും കെല്‍സിയുടെയും ജീവിതം ആനന്ദപൂര്‍ണ്ണമായി. വിവാഹത്തിന്റെ ആദ്യനാളുകളിലെന്നപോലെ പ്രണയത്തിന്റെ പൂക്കാലമായി അവരുടെ ജീവിതം. അജിത്ത് മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായി.
കെല്‍സി ഒരു അഭിനേത്രിയെന്ന തലത്തില്‍നിന്നും കുടുംബിനിയുടെ നന്‍മയും എളിമയും തന്റെ സ്വകാര്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. അജിത്ത് തന്നെ സ്‌നേഹിക്കുന്നതിന്റെ ഇരട്ടി സ്‌നേഹം തിരികെ നല്‍കുവാന് പരിശ്രമിച്ചു.
ആകെ അലങ്കോലമായി കിടന്ന ഗാര്‍ഡനും പുല്‍ത്തകിടികളും ഭംഗിയില്‍ ഒരുക്കിയെടുത്തു കെല്‍സി. അജിയും കെല്‍സിയും നശിച്ചുപോയ പച്ചക്കറിത്തോട്ടം പുനരുദ്ധരിച്ചു. വ്യത്യസ്ഥയിനം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചു.
പച്ചക്കറിത്തോട്ടപരിപാലനയുടെ ത്രില്ല് അവര്‍ നന്നായി ആസ്വദിച്ചു. ജോലി കഴിഞ്ഞെത്തുന്ന സമയങ്ങള്‍ അതിനായി അജി വിനിയോഗിച്ചു. അവര്‍ ഗെറ്റുഗതറുകളിലും പാര്‍ട്ടികളിലും സജീവമായി.
ഒരു ഭാഗത്ത് കുടുംബജീവിതത്തിന്റെ ആനന്ദം അതിനൊടൊപ്പം ഇരുവരും തങ്ങളുടെ പ്രൊഫഷന്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോയി. കെല്‍സി മലയാളം, കന്നട, തമിഴ് സിനിമകളില്‍ സജീവമായി. ദീപ്തി ആവശ്യംവേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി ക്രമീകരിച്ചു പോന്നു. കെല്‍സിയുടെ സാന്നിധ്യം കേരളത്തില്‍ ഇല്ലാതിരുന്നിട്ടും ദീപ്തി അവളുടെ ജോലിയില്‍ കാട്ടുന്ന ആത്മാര്‍ത്ഥതതന്നെയാണ് കെല്‍സിയുടെയും വിജയത്തിനു കാരണം. എഗ്രിമെന്റനുസരിച്ച് കെല്‍സി ലൊക്കേഷനുകളില്‍ എത്തിച്ചേര്‍ന്നു. ചിലപ്പോഴെല്ലാം കൂടെ അജിയും ഉണ്ടാവും. രണ്ടുപേരും കുട്ടികളുമായി ദിവസങ്ങള്‍ ചെലവിട്ടു. അജിയുടെ ലീവ് കഴിഞ്ഞ് അജിയും ഷൂട്ടിംഗ് കഴിഞ്ഞ് കെല്‍സിയും തിരികെ അമേരിക്കയിലേയ്ക്ക് മടങ്ങും. അങ്ങിനെ ജീവിതം ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. അവരിരുവരുടെയും ജീവിതത്തില്‍ സന്തോഷവും സൗഹൃദവും സമാധാനവും നിറഞ്ഞുനിന്നു.
****   *****   **** ***** *****  *******
സാലമ്മ ആന്റി മരിച്ചു!
ഒരു വെള്ളിടി ശിരസിലൂടെ പാഞ്ഞുപോയതായി കെല്‍സിക്ക് അനുഭവപ്പെട്ടു. അജിത്ത് ഓഫീസില്‍ പോയിരിക്കയാണ്. താനും നാന്‍സിയും മാത്രമേ വീട്ടില്‍ ഉള്ളൂ.
സോബിച്ചന്റെ ഭാര്യ മേഴ്‌സിയാണ് കെല്‍സിയെ വിവരം അറിയിച്ചത്. വീട്ടില്‍ വച്ച് തല കറങ്ങി പെട്ടെന്ന് വീണു. തലയുടെ പിന്‍വശം സ്റ്റെപ്പില്‍ തട്ടിയതാണ് മരണകാരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു.
ബോഡി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ശരീരം കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഇടവകപള്ളിയില്‍ കുടുംബക്കല്ലറയില്‍ അടക്കം ചെയ്യുവാനാണ് പ്ലാന്‍. നാട്ടിലേയ്ക്ക് കൊണ്ടുപോകുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഭംഗിയായും കൃത്യമായും ചെയ്തു. മലയാളി അസോസിയേഷന്റെ അനുശോചയോഗവും പൊതു ആദരവും അര്‍പ്പിച്ചശേഷമാണ് ശരീരം കേരളത്തിലേയ്ക്ക് അയയ്ക്കുക.
കെല്‍സി അജിത്തിനെ വിളിച്ച് കാര്യം അറിയിച്ചു. അജിത്ത് ഉടനെ വരും എന്നറിയിച്ചു. കെല്‍സി ചടങ്ങുകള്‍ക്കും മറ്റും പങ്കുകൊള്ളുന്നതിന് ഒരുങ്ങിനിന്നു. അജിത്ത് ഉടന്‍തന്നെ ഓഫീസില്‍ നിന്നെത്തി.
കാര്‍ നിര്‍ത്തി അജി ഇറങ്ങുന്നതിനിടയില്‍ തന്നെ കാര്യം വിശദമായി ചോദിച്ചു.
'ഹോ....കഷ്ടമായിപ്പോയല്ലോ? പാവം ആന്റി..... ഈ ഇടയ്ക്കുംകൂടി ഇവിടെ വന്നേച്ചുപോയതാ..... എന്തൊരു ദുര്‍വിധി....' അജിത്തിന് തന്റെ വ്യസനം ഹൃദയത്തില്‍ ഒതുക്കിനിര്‍ത്തുവാന്‍ സാധിച്ചില്ല. അത്രയ്ക്കും സ്‌നേഹത്തോടെ വന്നുപോയിരുന്ന വ്യക്തിയാണ് സാലമ്മ ആന്റി.
'അല്ലേലും നല്ല മനുഷ്യരുടെ ഗതി ഇതുതന്നെയാ....! കഷ്ടപ്പാടും ദുരിതവും അവര്‍ക്ക് എപ്പോഴും കൂടെപ്പിറപ്പാ....' കെല്‍സി പരിതപിച്ചു.
'ഓ.... അങ്ങനെയൊന്നും അല്ല കെല്‍സി.... കാലക്കേട് എപ്പോള്‍ വേണേലും വന്നുഭവിക്കും. അതിന് നല്ലനേരമോ മോശംനേരമോ എന്നുണ്ടോ? നല്ലതുവരുമ്പോള്‍ എല്ലാവരും ആനന്ദിക്കും ദുഃഖവും ക്ലേശവും ആപത്തും വരുമ്പോള്‍ വിധിയെ പഴിക്കും. അതല്ലേ മനുഷ്യന്റെ സ്വഭാവം.... ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും; അത് ഏതുവിധം എന്നു നിശ്ചയിക്കാന്‍ നമുക്കാവില്ലല്ലോ കെല്‍സി.....' അജി തന്റെ നിരീക്ഷണം വ്യക്തമാക്കി.
'ങ്ങാ.... ഒരു നല്ല മരണം ലഭിച്ചാല്‍ അതുതന്നെ ഭാഗ്യം! ഈശ്വരന്‍ കാക്കട്ടെ.... എന്റീശ്വരാ.... ചിന്തിച്ചാല്‍ ഒരന്തവും കിട്ടില്ല....' കെല്‍സിയില്‍നിന്നും ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു.
അജിത്ത് വേഗംതന്നെ റെഡിയായി ഇറങ്ങി.  കെല്‍സി ഇറങ്ങി കാറില്‍ കയറിയിരുന്നുകഴിഞ്ഞു. അജിത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു തിരിച്ചിറക്കി. ടെക്‌സാസിലെ മലയാളി അസോസിയേഷന്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ആഡിറ്റോറിയത്തിലേയ്ക്ക് കാര്‍ പാഞ്ഞു.
വഴിയില്‍നിന്നും ഒരു പുഷ്പചക്രം വാങ്ങാന്‍ കെല്‍സി അജിയെ ഓര്‍മ്മിപ്പിച്ചു. അടുത്ത ഷോപ്പില്‍നിന്നും ചെമന്ന റോസാപ്പൂക്കളാല്‍ അലംകൃതമായ പുഷ്പചക്രം ഒന്നു വാങ്ങി കാറില്‍ സൂക്ഷിച്ചു. ജലകണങ്ങള്‍ തെളിഞ്ഞ കണ്ണീര്‍ത്തുള്ളികള്‍പോലെ റോസ് ദലങ്ങളില്‍ ഉരുണ്ടുകൂടിയിരുന്നു.
ഹാളില്‍ എത്തിയപ്പോഴേയ്ക്കും അനുശോചനചടങ്ങുകള്‍ ആരംഭിച്ചു. സാലമ്മയുടെ ശവമഞ്ചത്തിനരികെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സോബിച്ചനും മേഴ്‌സിയും അവരുടെ രണ്ടു മക്കളും ഉണ്ട്. അമ്മച്ചിയുടെ ചേതനയറ്റ ശരീരത്തില്‍ നോക്കി വിങ്ങിപ്പൊട്ടിക്കരഞ്ഞു ആ കൊച്ചുമക്കള്‍.
അനുശോചനപ്രസംഗങ്ങള്‍ ഹാളിലാകെ മുഴങ്ങി..... വന്നുപോവുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. സന്തപ്ത കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ പലരും മൂകം ദുഃഖം കടിച്ചമര്‍ത്തി നിന്നു. പ്രായമായ ആ അമ്മയുടെ മരണം ഒരു ദുരന്തമായതില്‍ എല്ലാവരും അതിയായി ദുഃഖിച്ചു.
കെല്‍സിയും അജിയും എല്ലാ സഹായങ്ങളും ചെയ്ത് അവിടെതന്നെ നിന്നു. വൈകുന്നേരത്തോടെ തന്നെ മൃതദേഹം ഫ്‌ളൈറ്റില്‍ കയറ്റി. സോബിച്ചനെയും കുടുംബത്തെയും നാട്ടിലേയ്ക്ക് യാത്രയാക്കി.
കെല്‍സിക്കും അജിക്കും സാലമ്മ ഒരു കുടുംബസുഹൃത്ത്  എന്നതിലുപരി നല്ലൊരു വഴികാട്ടിയും കുടുംബത്തിലെ ഒരംഗത്തെപ്പോലെയും ആയിരുന്നു. ഇനി ആന്റിയുടെ ഓര്‍മ്മകള്‍ മാത്രം!
****    *****   *****  *****    ******
വൈകുന്നേരം അജി ഓഫീസില്‍നിന്നു വന്നപ്പോള്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. കെല്‍സി കാരണം തിരക്കി. അജിത്തിനാണെങ്കില്‍ ഒന്നും മനസിലാകുന്നില്ല..... ഇടയ്ക്കിടയ്ക്ക് കണ്ണിന്റെ കാഴ്ച മങ്ങുന്നതായൊരനുഭവം. ചിലപ്പോള്‍ കവിളുകള്‍ കോച്ചിവലിക്കുന്നതായും തോന്നു. അജിത്ത് തന്റെ അസ്വസ്ഥതകള്‍ കെല്‍സിയുമായി പങ്കുവച്ചു.
'അതെന്താ അജി..... ഇങ്ങനെ..... തലവേദനയോ മറ്റോ ഉണ്ടോ?' കെല്‍സി അജിയുടെ നെറ്റിയിലും കഴുത്തിലും തന്റെ കൈപ്പടം ചേര്‍ത്തുനോക്കി....' ചൂടൊന്നും ഇല്ലല്ലോ? തലവേദന ഉണ്ടോ അജി?'
അജിത്ത് ഇല്ലെന്ന് തലയാട്ടി..... എന്നിരുന്നാലും ആകെയൊരു അസഹ്യത....
'ചിലപ്പോള്‍ ചെന്നിക്കുത്തായിരിക്കും.... കൊടിഞ്ഞി എന്നും പറയാറില്ലേ? അതാവുമ്പോ ഇതുപോലെ കണ്ണിന് കാഴ്ച മങ്ങല്‍ ഉണ്ടാവും.... പക്ഷേ, അഹസ്യമായ തലവേദനയുണ്ടാവേണ്ടതാണല്ലോ? മുമ്പിതുപോലെ വന്നിട്ടുണ്ടോ അജി?' കെല്‍സി തിരക്കി.
'ഓ.... എനിക്കങ്ങനെ ഓര്‍മ്മയില്ല.... ഏയ് ഇല്ല.... ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്....' അജിത്ത് ഉറപ്പിച്ചുപറഞ്ഞു.
നമുക്കെന്നാല്‍ ഹോസ്പിറ്റലില്‍ പോവാം. അജി ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റിനെ കണ്ടാല്‍ കാര്യം അറിയാമല്ലോ? അല്ലാതെ നമ്മള്‍ ഇവിടിരുന്ന് ടെന്‍ഷന്‍ അടിച്ചിട്ട് എന്തുകാര്യം?' കെല്‍സി ആകെ അങ്കലാപ്പിലായി. എന്തുചെയ്യണം എന്നൊരു നിശ്ചയവുമില്ല.
'ഓ.... സാരമില്ലെന്റെ കെല്‍സി. നീ ഒന്ന് സ്വസ്ഥമായിട്ട് ഇരി. ഏതായാലും ഞാനൊന്ന് കുളിച്ച് ഫ്രഷാകട്ടെ..... അപ്പോഴേയ്ക്കും ഇതെല്ലാം കുറയും. നീ പോയി ചായകൊണ്ടുവാ...' അജിത്ത് സ്‌നേഹപൂര്‍വ്വം ആവശ്യപ്പെട്ടു.
കെല്‍സി സംശയങ്ങളും അസ്വസ്ഥതയും നിറഞ്ഞ മനസോടെ കിച്ചണിലേയ്ക്ക് പോയി. നാന്‍സി ചായ റെഡിയാക്കി കെല്‍സിയെ ഏല്‍പ്പിച്ചു. ചായയുമായി എത്തിയപ്പോഴേയ്ക്കും അജിത്ത് കുളിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
'അജി.... ഈ ചൂടുചായ കുടിച്ചിട്ട് ഇനി കുളിച്ചാമതി.... ഇതാ കുടിച്ചോളൂ'
'അവിടെ വച്ചോളൂ കെല്‍സി.... ഞാനിതാവരുന്നു'
വേഗം വന്ന് കുടിക്ക് അജി.... അല്ലേല്‍ ഇതിന്റെ ചൂട് പോവും....' കെല്‍സി മുന്നറിയിപ്പ് നല്‍കി.
അജിവന്ന് ചായ മൊത്തികുടിച്ചു.... കെല്‍സി അജിയുടെ ശിരസിലൂടെ വിരലുകള്‍ ഓടിച്ചു. മസാജ് ചെയ്തപ്പോള്‍ അജിക്ക് തെല്ല് സുഖം തോന്നി. വലതുവശത്തെ കവിളിലാണ് അസ്വസ്ഥത. കഴുത്തിന് ചെറിയൊരു വേദനയുണ്ട്. സൂചിക്കു കുത്തുന്ന അനുഭവം.
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് വൈകിയപ്പോള്‍ അജിയൊന്നു മയങ്ങി. അജിയെ നന്നായി പുതപ്പിച്ച് കിടത്തിയശേഷം കെല്‍സി അജിയോട് ചേര്‍ന്ന് കെട്ടിപ്പിടിച്ചുകിടന്ന് ഉറങ്ങി. രാത്രിയില്‍ കെല്‍സി ഉണര്‍ന്നപ്പോള്‍ അജി ഉണര്‍ന്നിരിക്കുന്നത് കണ്ടു.
'എന്താ അജി? എന്തുപറ്റി.... എന്താ ഉറങ്ങിയില്ലേ?'
'ശരീരത്തിന് എന്തോ ഒരു വേദന.... കൈയെല്ലാം മരച്ചപോലെ; കട്ടുകിഴപ്പ്....' അജിയുടെ സംസാരത്തില്‍ എന്തോ പന്തികേട് തോന്നി. കെല്‍സി എഴുന്നേറ്റ് ലൈറ്റ് തെളിച്ചു. വലത്തെ കൈയ്ക്ക് ചെറിയ തണുപ്പ്....
കെല്‍സി വേഗം എഴുന്നേറ്റുവന്ന് അജിയുടെ സമീപത്തിരുന്നു. വേദനസംഹാരി എടുത്ത് അജിയുടെ കൈയ്യില്‍ പുരട്ടി..... നന്നായി തിരുമ്മി ചൂടുപിടിപ്പിച്ചു.
'ഇപ്പോള്‍ എങ്ങനെയുണ്ട്?' കെല്‍സി തിരക്കി.
'ആശ്വാസം തോന്നുന്നുണ്ട്.....' അജി കിടക്കയിലേയ്ക്ക് ചാഞ്ഞുകിടന്നു..... കെല്‍സി അജിയുടെ കൈയ്യും പുറവും നന്നായി ഉഴിഞ്ഞുകൊടുത്തു. അജി പതിയെപ്പതിയെ ഉറക്കത്തിലേയ്ക്ക് ആണ്ടു.
കെല്‍സി അജിയെ നിര്‍നിമേഷം നോക്കിയിരുന്നു. ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങുന്ന അജിയെക്കുറിച്ച് ആശങ്കകള്‍ കെല്‍സിയില്‍ രൂപപ്പെട്ടു. എന്തുപറ്റി അജിക്കെന്ന ചിന്തയില്‍ കെല്‍സി അങ്ങിനെ കുറേനേരം ഇരുന്നു. സമയം നാലുമണിയായി. അജി നന്നായി ഉറക്കം പുടിച്ചെന്നു ബോധ്യമായപ്പോള്‍ ലൈറ്റ് ഓഫ് ചെയ്ത് കെല്‍സിയും കിടന്നു.....
ഏറെനേരം കിടന്നിട്ടും കെല്‍സിക്ക് ഉറക്കം വരുന്നില്ല.... ചിന്തകള്‍ അസ്വസ്ഥമാക്കുന്ന മനസുമായി കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ കാപ്പിയുമായി വന്നപ്പോഴും അജി എഴുന്നേറ്റിരുന്നില്ല. അജിയുടെ സമീപത്തുചെന്ന് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
വിളികേട്ട് അജി പതിയെ കണ്ണുതുറന്നു. കെല്‍സി അജിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി..... അവളില്‍ നിന്നൊരു നിലവിളി ഉയര്‍ന്നു. കാപ്പി കപ്പ് താഴെ വീണ് രണ്ടായി പിളര്‍ന്നു.
കെല്‍സി അജിയുടെ സമീപത്തിരുന്ന് താടിപിടിച്ചുയര്‍ത്തി കുലുക്കി. അജിയുടെ ഒരു കണ്ണുമാത്രം തുറന്ന് ചലിക്കുന്നു. വലതുവശത്തെ കണ്ണ് കണ്ണ് മുക്കാല്‍പങ്കും അടഞ്ഞിരുന്ന് വിറയ്ക്കുന്നുണ്ട്. തുറക്കുന്നില്ല.
'അജി.... അജി എഴുന്നേല്‍ക്ക്.... എന്തുപറ്റി' കെല്‍സിയുടെ ഉള്ളില്‍ ഒരായിരം മിന്നല്‍പ്പിണരുകള്‍ പുളച്ചുപാഞ്ഞു.... കൂട്ടിലിട്ട വെരുകിനെപ്പോലെ കെല്‍സി ചുറ്റും ഓടിനടന്ന് അജിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
അജി എന്തോ പറയുവാന്‍ ഭാവിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. നാവ് കുഴഞ്ഞു പോയിരിക്കുന്നു. അപ്പോഴാണ് കെല്‍സിയത് ശ്രദ്ധിച്ചത്. അജിയുടെ വലതു കവിളും താടിയും കോടിയിരിക്കുന്നു. കെല്‍സി അജിയെ എടുത്തുയര്‍ത്തി തലയിണ കട്ടിലില്‍ ഉയര്‍ത്തിവച്ച് ചായ്ച്ചിരുത്താന്‍ ശ്രമിച്ചു. അജി വെട്ടിയിട്ടവാഴപോലെ നീണ്ടുനിവര്‍ന്ന് കിടന്നു. 
അജി ഇടത്തെ കൈകൊണ്ട് കെല്‍സിയെ മുറുകെ പിടിച്ചു. വലതുകൈ ഉയര്‍ത്താന്‍ പറ്റുന്നില്ല. കെല്‍സി ഉടനെതന്നെ നാന്‍സിയെ വിളിച്ചു. നാന്‍സി എന്തോ പന്തികേടുതോന്നി ഓടിവന്നു. കെല്‍സി കരഞ്ഞു നിലവിളിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടം ഓടി. ഉടന്‍തന്നെ നാന്‍സി ഡ്രൈവറെ വിളിച്ചുവരുത്തി. മെഡിക്കല്‍ എയിഡിന് ഹോസ്പിറ്റലിലേയ്ക്ക് വിളിച്ചു. ഡ്രൈവറും ഹോംഗാര്‍ഡും നാന്‍സിയും ചേര്‍ന്ന് അജിയെ എടുത്ത് താഴേയ്ക്ക് കൊണ്ടുപോയി.
നാന്‍സിയുടെ നിര്‍ദ്ദേശപ്രകാരം കെല്‍സി വേഗം ഒരുങ്ങി. മെഡിക്കല്‍ കാര്‍ഡും മറ്റും എടുത്ത് റെഡിയായി. അപ്പോഴേയ്ക്കും ഹോസ്പിറ്റലില്‍നിന്ന് ആംബുലന്‍സ് എത്തി. കെല്‍സി വേഗംതന്നെ താഴേയ്ക്ക് ഓടിയിറങ്ങി. കെല്‍സി എത്തിയപ്പോഴേയ്ക്കും ഡ്രൈവറും നാന്‍സിയും ഗാര്‍ഡും ചേര്‍ന്ന് അജിയെ വാനില്‍ കയറ്റി. നാന്‍സിയോട്  ഡ്രൈവറേയും കൂട്ടി കാറെടുത്ത് വരുവാന്‍ പറഞ്ഞ് കെല്‍സി വാനില്‍ ഹോസ്പിറ്റലിലേയ്ക്ക് പോയി.
നാന്‍സിയും ഡ്രൈവറും ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ കെല്‍സി അസ്വസ്ഥയായി വെയിറ്റിംഗ് റൂമില്‍ ഇരിക്കുന്നു. നാന്‍സി കെല്‍സിയോട് വിവരം തിരക്കി. അജിയെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത ന്യൂറോളജിസ്റ്റ് സാമുവല്‍ ഈപ്പന്റെ നേതൃത്വത്തില്‍ പരിശോധനയിലാണ്.
മണിക്കൂറുകള്‍ കഴിഞ്ഞ്  കെല്‍സിയെ കണ്‍സള്‍ട്ടിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ചു. കെല്‍സി പുകയുന്നൊരഗ്നി പര്‍വ്വതമായി കണ്‍സര്‍ട്ടിംഗ് റൂമിലേയ്ക്ക് കടന്നുചെന്നു. അവിടെ മൂന്നാല് ഡോക്ടറര്‍മാരും നഴ്‌സുമാരും ഉണ്ട്. കെല്‍സിയെ ക്ഷണിച്ച് ഇരുത്തി.
'്അവരിലൊരാള്‍ തുടക്കമിട്ടു. ഐ ആം ഡോക്ടര്‍ സാമുവല്‍ ഈപ്പന്‍.'
'ഹലോ...' കെല്‍സി വിഷ് ചെയ്തു.
സാമുവല്‍ ഈപ്പന്‍ മറ്റു ഡോക്ടര്‍മാരെയും പരിചയപ്പെടുത്തി. 'ഹി ഈസ് ഡോക്ടര്‍ എമില്‍ എബ്രഹാം ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റ്, ദെന്‍ ഷീ ഈസ് നേഹ ഡി. മരിയോവ ഫിസോ തെറാപ്പിസ്റ്റ്....' എമില്‍ എബ്രഹാമും നേഹ ഡി.മരിയോവയും കെല്‍സിയെ വിഷ് ചെയ്തു; കെല്‍സി തിരിച്ചും.
'യ്വോര്‍ ഗുഡ്‌നൈം പ്ലീസ്....' നേഹ ഡി. മരിയോവ കെല്‍സിയോട് ചോദിച്ചു.
'കെല്‍സി....' യാന്ത്രികമായി കെല്‍സിയില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നുവീണു.
'മിസ്സിസ് കെല്‍സി, മിസ്റ്റര്‍ അജി.... സോറി.... ഹി.... ഈസ് നൗ പരലിസ് കണ്ടീഷന്‍, ആകുലപ്പെടേണ്ടതില്ല..... കാരണം നല്ല ചികിത്സയിലൂടെ നമുക്ക് അജിയെ നോര്‍മല്‍ കണ്ടീഷനിലേയ്ക്ക് കൊണ്ടുവരാവുന്നതാണ്. അജിക്ക് മുമ്പ് ഇതുപോലെ തളര്‍ച്ചയോ വേദനയോ മറ്റോ ഉണ്ടായിട്ടുള്ളതായി അറിവുണ്ടോ?' സാമുവല്‍ ഈപ്പന്‍ കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുതന്നെ കെല്‍സിയോട് ചോദിച്ചു.
'ഇല്ല. അങ്ങനെയൊന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഇതുപോലെ മുമ്പ് വന്നിട്ടുമില്ല.... പെട്ടെന്ന് ഇന്നലെ വൈകുന്നരത്തോടെ സംഭവിച്ചതാണ്... ഇന്‌ലെ ഓഫീസില്‍ പോയിട്ട് വന്നു കയറിയത് ചില അസ്വസ്ഥതകളോടെയായിരുന്നു..... വലിയ ഒരു പ്രോബഌമായി ഞങ്ങള്‍ക്ക് തോന്നിയും ഇല്ല. രാവിലെയാണ് ഇങ്ങനെയൊരു തളര്‍ച്ച ഉണ്ടായത്....' കെല്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി..... തൊണ്ട വരണ്ടുണങ്ങി.....
'ഓക്കെ.... ഇപ്പോള്‍ അജിയുടെ വലതുവശം  തളര്‍ന്നിരിക്കുകയാണ്. അതിന്റെ ലക്ഷണമാണ് വലതുവശത്തെ കണ്ണ് തുറക്കാന്‍ പറ്റാത്തതും വലതുകൈയ്യുടെ ചലനശേഷി കുറഞ്ഞതും. ഈ ഒരു കണ്ടീഷന്‍ സ്‌ട്രോക്ക് മുഖേന സംഭവിച്ചതാണ്. നമുക്ക് ട്രീറ്റ്‌മെന്റുകളും ഫിസിയോതെറാപ്പിയുമൊക്കെയായി മുന്നോട്ടുപോകാം. ഒരു നല്ല റിസള്‍ട്ട് കിട്ടും എന്ന് പ്രതീക്ഷിക്കാം..... അജിയെ ഞങ്ങള്‍ അഡ്മിറ്റ് ചെയ്യുകയാണ്. മിസ്സിസ് കെല്‍സി വേണ്ട നടപടിക്രമങ്ങളുമായി സഹകരിക്കുമല്ലോ?' സാമുവല്‍ ഈപ്പന്‍ മുന്നോട്ട് ആഞ്ഞിരുന്ന് ശാന്തമായി പറഞ്ഞു.
'തീര്‍ച്ചയായും.... ഡോക്ടര്‍ വേണ്ട ട്രീറ്റ്‌മെന്റുകള്‍ തുടങ്ങിക്കോളൂ....' കെല്‍സി കണ്ണുകള്‍ തുടച്ചു.
'എന്നാല്‍ ശരി....' സാമുവല്‍ ഈപ്പനും മറ്റുള്ളവരും എഴുന്നേറ്റു. കെല്‍സി എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി.
അപ്പോഴാണ് കെല്‍സി കുഞ്ഞുങ്ങളെക്കുറിച്ച് ഓര്‍ത്തത്. കെല്‍സി ഉടനെതന്നെ ഓടിചെന്ന് ഒരിടത്ത് മാറിയിരുന്ന് ഫോണ്‍ എടുത്ത് വീട്ടിലേയ്ക്കുള്ള നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ കാതോട് ചേര്‍ത്ത് ചുണ്ടുകള്‍ കടിച്ചമര്‍ത്തി ദുഃഖം ഉള്ളിലൊതുക്കി. കൈയ്യിലിരിക്കുന്ന ഹാന്‍ഡ് ബാഗ് ഇടത്തുകൈയ്യില്‍ ഞെരിഞ്ഞമര്‍ന്നു. വീട്ടുകാരോട് എന്തുപറയും എന്ന അസ്വസ്ഥത ഉള്ളില്‍ കനലായി എരിഞ്ഞു.
മറുതലയ്ക്കല്‍ ഫോണ്‍ ഒരു തവണ റിംഗ് ചെയ്തു കട്ടായി. കെല്‍സി ദേഷ്യത്തോടെ നമ്പര്‍ ഒന്നുകൂടി ഡയല്‍ ചെയ്തു. പകുതി ബെല്ലടിച്ചപ്പോഴേയ്ക്കും മറുതലയ്ക്കല്‍ സുഭദ്രാമ്മയുടെ ശബ്ദം.... 'ഹലോ....' നിങ്ങള്‍ എല്ലാം എവിടാരുന്നു അമ്മേ.... ഒരു കാര്യത്തിന് വിളിച്ചാല്‍ ആരും ഇല്ലെന്നുണ്ടോ?' കെല്‍സി ക്ഷോഭത്തോടെ ചോദിച്ചു. മറുതലയ്ക്കല്‍ ഒരു പ്രതികരണവുമില്ലാതെ അന്തിച്ചുനിന്നു സുഭദ്രാമ്മ.....


(ഇവള്‍ വാഴ്ത്തപ്പെട്ടവള്‍: നോവല്‍ : 26- കൊല്ലം തെല്‍മ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക