Image

അവതാരിക ( ഡി.ബാബുപോള്‍ )

ഡി.ബാബുപോള്‍ Published on 25 April, 2015
അവതാരിക ( ഡി.ബാബുപോള്‍ )
ഭഗവാന്‍ സത്യസായി ബാബയെക്കുറിച്ച് കേള്‍ക്കാതെയാണ് ഞാന്‍ യൗവ്വനത്തിലെത്തിയത്. അറുപതുകളുടെ ഒടുക്കം സായിബാബ തിരുവനന്തപുരത്ത് വന്നു. 1967 എന്നാണ് ഓര്‍മ്മ. ഞാന്‍ തിരുവനന്തപുരത്ത് പയ്യന്‍ സബ്കലക്ടര്‍. ഭഗവാന്‍ ബാബയുടെ ഭക്തരായി ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഒട്ടേറെ ഉണ്ടായിരുന്നതിനാല്‍ സബ്കലക്ടര്‍ക്ക് ബാബ തലവേദന ആയില്ല. അന്ന് ഇ.എം.എസ്സിന്റെ മന്ത്രിസഭയില്‍ ആരോഗ്യകാര്യമന്ത്രി ആയിരുന്ന ബി.വെല്ലിങ്ടണ്‍ ബാബയുടെ ആരാധകനായി മാറിയത് അക്കാലത്തെ വലിയ നാട്ടുവര്‍ത്തമാനം ആയിരുന്നു താനും.

അക്കാലത്തെ മറ്റൊരു വിശേഷം ഡോക്ടര്‍ എ.ടി.കോവൂര്‍ ബാബയെ വെല്ലുവിളിച്ചതാണ്. മാര്‍ത്തോമ്മാ സഭയിലെ ആദ്യകാലവൈദികരിലെ പ്രമുഖനും പ്രഗത്ഭനും ആയിരുന്ന അയ്പ് തോമാ കാത്തനാരുടെ മകനായിരുന്നു കോവൂര്‍. മാതൃസഭയിലെ വിശ്വാസങ്ങള്‍ അന്ധമായി അനനുധാവനം ചെയ്യാതെ യുക്തിപൂര്‍വ്വം ചോദ്യം ചെയ്ത് വേണം സ്വാംശീകരിക്കരിക്കാന്‍ എന്ന് നവീകരണശില്പിയായ തോമാ കാത്തനാര്‍ മകനെ പഠിപ്പിച്ചു. മകനാകട്ടെ അപ്പന്‍ നിര്‍ത്തിയേടത്ത് ചോദ്യങ്ങള്‍ നിര്‍ത്തിയില്ല. അങ്ങനെ നിരീശ്വരവാദിയായി. കോവൂരിന്റെ വെല്ലുവിളി ബാബ ഗൗനിച്ചില്ല. പലരും ബാബയുടെ ബലഹീനതയായി അത് കണ്ടു. എന്നാല്‍ വടക്കന്‍ തിരുവിതാംകൂറിലെ നവോത്ഥാന നായകരിലൊരാളായി വാഴ്ത്തപ്പെടുന്ന പി.ഏ.പൗലോസ് കോറെപ്പിസ്‌ക്കോപ്പ  കോവൂരിനോട് യോജിച്ചില്ല.” കയ്യാഫാസ് വെല്ലുവിളിച്ചാല്‍ കര്‍ത്താവ് എങ്ങനെ പ്രതികരിക്കുമായിരുന്നു” എന്നായിരുന്നു കോറെപ്പിസ്‌ക്കോപ്പയുടെ ചോദ്യം.

ഏതായാലും സായിബാബയെ അറിയാതിരുന്ന എന്നെ തോന്നയ്ക്കല്‍ സായിഗ്രാമം സ്ഥാപിച്ച ശ്രീ. ആനന്ദകുമാര്‍ പത്തിരുപത്തഞ്ച് കൊല്ലം മുന്‍പ് ആഘോഷത്തിന് ക്ഷണിച്ചത് മുതല്‍ക്കാണ് ഞാന്‍ സായിപ്രസ്ഥാനവുമായി പരിചയപ്പെടുന്നത്. കുരിശ്, ചന്ദ്രക്കല, ഓംകാരചിഹ്നം എന്നിവയ തുല്യപ്രധാന്യത്തോടെ അവിടെ കണ്ടു ഞാന്‍. സായിബാബ ഹിന്ദു തന്നെ ആണ്. വൈഷ്ണവ ശൈവ ഭേദങ്ങളും അവൈദിക-വൈദിക മതഭേദങ്ങളോ ഒന്നും ശ്രദ്ധിക്കാത്ത ഹിന്ദു.  ഭാരതീയ സംസ്‌കാരത്തിന്റെ സഹിഷ്ണുതയ്ക്ക് നിരക്കുന്നതല്ല അന്യമതവിരോധം എന്ന് തിരിച്ചറിയുന്ന ഹിന്ദു. മാനവസേവയാണ് മാധവസേവയുടെ പ്രയുക്തഭാവവും അളവുകോലും എന്ന് പറഞ്ഞു തരുന്ന ഹിന്ദു-മതാതീതമായ ഈശ്വരസാക്ഷാത്ക്കാരത്തിന്റെ വഴി തേടിയ ഹിന്ദു.

ഭാരതീയപാരമ്പര്യത്തില്‍ അഭിരമിക്കുന്ന കുടുംബപശ്ചാത്തലം സായിബാബയെ ശ്രദ്ധിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വിശ്വാസത്തില്‍ ക്രൈസ്തവന്‍, അനുഷ്ഠാനങ്ങളില്‍ അന്യോന്യന്‍/പൗരസ്ത്യന്‍, സംസ്‌ക്കാരത്തില്‍ ഹൈന്ദവന്‍ എന്നതായിരുന്നു ഞാന്‍ വീട്ടില്‍ പഠിച്ചത്. ഫാദര്‍ പ്ലാസിഡ് എന്ന ചരിത്രകാരന്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ നിര്‍വ്വചിച്ചിട്ടുള്ളതും അങ്ങനെയാണല്ലോ. അതുകൊണ്ട് സായിബാബയെ എന്റെ സംസ്‌കാരത്തിന്റെ ഭാഗമായി കാണാന്‍ എനിക്ക് തെല്ലും ക്ലേശിക്കേണ്ടി വന്നില്ല. മാടനും മറുതയും കൃഷ്ണനും ഗണപതിയും അള്ളാഹു എന്ന അമൂര്‍ത്തഭാവവും യാഹ് വെയും ത്രിയേക ദൈവവും എല്ലാം ഉള്‍ക്കൊള്ളുന്നതാണല്ലോ ഭാരതീയസംസ്‌കാരം. ആദിവാസികളുടെ ടോട്ടമിസ്റ്റ്- ആനിമിസ്റ്റ് മതങ്ങളെയും ഹിന്ദുമതമായി അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്ന സംസ്‌കാരമാണത്.

സായിബാബയുടെ ആശുപത്രിയില്‍ ക്യാഷ് കൗണ്ടറില്ല എന്നതാണ് എന്നെ സ്വാധീനിച്ച മറ്റൊരു ഘടകം. സൗജന്യമായി രോഗസൗഖ്യം നല്‍കിയ ക്രിസ്തുവിന്റെ അനുയായികള്‍ നടത്തുന്ന ആശുപത്രികളില്‍ പോലും ഇല്ലാത്ത വിപ്ലവമാണത്. മിഷന്‍ ആശുപത്രികളില്‍ ധര്‍മ്മചികിത്സ ഇല്ലെന്നല്ല. ലൗകികബുദ്ധി വെച്ച് ചിന്തിച്ചാല്‍ പണക്കാരില്‍ നിന്ന് ഫീസ് ഈടാക്കുന്ന ക്രോസ് സബ്‌സിഡൈസേഷന്‍ തെറ്റുമല്ല. എങ്കിലും കാഷ് വേണ്ട എന്ന് വയ്ക്കുന്ന ഈശ്വരാധിഷ്ഠിത സുരക്ഷിതത്വബോധത്തെ മാനിക്കാതിരിക്കാന്‍ കഴിയുകയില്ല.

ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ച് സായിഗ്രാമത്തിന്റെ ഉപദേശകസമിതിയുടെ അധ്യക്ഷനാകുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാതിരിക്കുന്നത് സായിബാബയുടെ ഈശ്വരവിശ്വാസപരിപ്രേക്ഷ്യത്തില്‍ കുരിശിന്റെ വേദശാസ്ത്രത്തിലെന്നത് പോലെ മാധവവിചാരവും മാനവവിചാരവും ഉള്‍ച്ചേര്‍ന്നിരിക്കുന്നത് തിരിച്ചറിഞ്ഞിരിക്കുന്നതിനാലാണ്. ക്രിസ്തു പറഞ്ഞു ഈശ്വരനോടുള്ള സ്‌നേഹം മനുഷ്യനോടുള്ള സ്‌നേഹത്തിലാണ് പ്രതിഫലിക്കേണ്ടത് എന്ന്. കുരിശിന്റെ ലംബമുനഖണ്ഡം ആദ്യത്തേതിനെയും തിരശ്ചീനഖണ്ഡം രണ്ടാമത്തേതിനെയും സൂചിപ്പിക്കുന്നു. എന്നതാണ് കുരിശിന്റെ വേദശാസ്ത്രം പറഞ്ഞു തരുന്നത്.

പാണ്ഡവന്‍മലയിലെ വന്യതയുടെ വീഡിയോ ചിത്രവുമായി ആനന്ദകുമാര്‍ കാണാന്‍ വന്നപ്പോള്‍ ദേഹോപദ്രവമില്ലാത്ത ഏത് ഭ്രാന്തിനെയും സഹിഷ്ണുതയോടെ കാണുന്നതിന്റെ ഭാഗമായിട്ടാണ് ഞാന്‍ അതിനെ കണ്ടത്. ഇന്ന് അവിടെ പോകുമ്പോള്‍ കാണുന്ന അത്ഭുതകരമായ വളര്‍ച്ചയാകട്ടെ, വഴി മാറി ചിന്തിക്കുന്നവരിലൂടെയാണ് ലോകം മുന്നോട്ടുപോവുന്നത് എന്ന പഴയ പാഠം ഒരിക്കല്‍കൂടെ പറഞ്ഞുതരുന്നു.

സാന്ത്വനശ്രീലകം സായിഗ്രാമം എന്ന ലഘുകൃതി സായിഗ്രാമത്തെക്കുറിച്ച് നല്ല അറിവ് തരുന്നുണ്ട്. കുടെക്കൂടെ അവിടം സന്ദര്‍ശിക്കാറുള്ള എനിക്ക് ഈ കൃതിയിലെ വസ്തുനിഷ്ഠമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയും. സമ്പൂര്‍ണ്ണമായ ഏകാന്തവിശ്രമത്തിലേയ്ക്ക് ഞാന്‍ മുഖം തിരിക്കുന്ന കാലത്ത് സായിഗ്രാമത്തില്‍, പാണ്ഡവന്‍മലയുടെ ഉച്ചിയില്‍, ഒരു ചെറിയ വീട് സ്വന്തമാക്കി താമസം അങ്ങോട്ട് മാറ്റണമെന്ന് ചിന്തിക്കാറുണ്ട് പലപ്പോഴും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം ആണ്. വിദ്യഭ്യാസം അനാഥരെയും വൃദ്ധരെയും ഭിന്നശേഷിയുള്ളവരെയും പരിപാലിക്കുന്ന സമ്പ്രദായം, പ്ലാസ്റ്റിസ് വിരുദ്ധത എന്നിവയൊക്കെ ശ്ലാഘനീയം തന്നെ. എന്നാല്‍ അതിലേറെ എന്നെ പിടിച്ചു വലിക്കുന്നത് ഷിര്‍ദ്ദിക്ഷേത്രത്തിലെ തണുത്ത തറയാണ്, മദര്‍ തെരേസയുടെ പ്രതീകമായ ആവരണം ചെയ്യുന്ന വിശുദ്ധിയുടെ നീലക്കരയാണ് ബുദ്ധപ്രതിമ ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന സാന്ത്വനമാണ്, പുതിയ സായിക്ഷേത്രത്തില്‍ അനുഭവപ്പെടുന്ന നിശ്ശബ്ദ സമാധാനമാണ്. 

ജഗദീഷ് കോവളം മനുഷ്യസ്‌നേഹത്തിന്റെ ബലിപീഠത്തില്‍ നടത്തുന്ന അര്‍ച്ചനയാണ് സാന്ത്വന ശ്രീകലം സായിഗ്രാമം എന്ന രചന. ശുഭമസ്തു.

ഡി.ബാബു പോള്‍
അവതാരിക ( ഡി.ബാബുപോള്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക