അദ്ധ്യായം 27
ഇവളിതെന്താണ് ഫോണ്‍ എടുത്തതെ ബഹളവും വഴക്കും. സുഭദ്രാമ്മ വാപൊളിച്ചു നിന്നുപോയി.
'നീ എന്താ കെല്‍സി ഫോണ്‍ എടുത്തതേ നിന്നു തുള്ളുന്നത്? ഇവിടെ എല്ലാവരും എന്താ ഫോണില്‍ ചുവട്ടില്‍ കാവലിരിക്കുവാണെന്നാണോ?' സുഭദ്രാമ്മ അന്ധാളിപ്പ് മാറാതെതന്നെ കെല്‍സിയോട് ചോദിച്ചു.
അല്ല കെല്‍സി... നീ എന്തിനാ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്നേ നിനക്കെന്തുപറ്റി....' യാഥാര്‍ത്ഥ്യബോധം വന്ന സുഭദ്രാമ്മ ചോദിച്ചു.
'അമ്മേ.... അച്ഛനും പിള്ളേരും എല്ലാം എവിടാ...' കെല്‍സി കാര്യം പറയാതെ അന്വേഷിച്ചു.
'ഞങ്ങള്‍ പറമ്പില്‍ നില്‍ക്കുകയായിരുന്നു.... അവര്‍ അവിടെയുണ്ട്..... നീ കാര്യം എന്താണെന്നു പറയൂ കെല്‍സി....' സുഭദ്രാമ്മയുടെ ക്ഷമനശിച്ചു.
'അമ്മേ അജിത്തിന് സുഖമില്ലാതെ ഹോസ്പിറ്റലൈസ് ചെയ്തു. ഞാന്‍ ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്....'
'അയ്യോ.... എന്റീശ്വരാ.... അവനെന്തുപറ്റി....' സുഭദ്രാമ്മയില്‍നിന്നും ചെറിയൊരു നിലവിളിയുയര്‍ന്നു.
'അജിത്തിന് ആകെ ഒരു തളര്‍ച്ച....' കെല്‍സി പ്രശ്‌നമൊന്നു ലഘൂകരിച്ചു പറഞ്ഞു.
'അതെന്തുപറ്റി കെല്‍സി.... പെട്ടെന്ന് ഇങ്ങനെ സംഭവിക്കാന്‍.... ഞാന്‍ അച്ഛനെയും പിള്ളേരെയും വിളിക്കട്ടെ നീ ഒന്നു ഹോള്‍ഡ് ചെയ്യണേ....' സുഭദ്രാമ്മ മാധവമേനോനെ വിളിക്കാനായി പുറത്തേക്കിറങ്ങി.
പെട്ടെന്നുതന്നെ മാധവമേനോന്‍ വന്ന് ഫോണ്‍ അറ്റന്‍ഡു ചെയ്തു. 'ഹലോ.... കെല്‍സി.... എന്താ മോളെ അവിടെ.... അജിക്ക് എന്തുപറ്റി....' മാധവനമേനോന്‍ മനസിലെ ആകുലതയുടെ ആഴം വാക്കുകളില്‍ തെളിഞ്ഞു.
'അച്ഛാ.... അജിക്ക് സുഖമില്ല.... ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കയാണ്....'
കെല്‍സിയുടെ ശബ്ദത്തിലെ പതര്‍ച്ച മേനോന് അനുഭവവേദ്യമായി....
'അവന് എന്തുപറ്റിയതാ മോളേ.... നീ കാര്യം പറയ്..... എന്താണെന്നുവച്ചാ വേണ്ടത് നമുക്ക് ചെയ്യാല്ലോ....' ജിജ്ഞാസ അടക്കാനാവാതെ മേനോന്‍ തിരക്കി.
'അത്..... അജിയുടെ വലതുവശം തളര്‍ന്നുപോയിരിക്കയാണച്ഛാ.... ഇന്നലെ ഓഫീസില്‍നിന്നും വന്നപ്പോള്‍ പെട്ടെന്നുണ്ടായതാ....'
'അവന്‍ വല്ലയിടത്തും വീണ് തട്ടുകയോ മുട്ടുകയോ മറ്റോ ഉണ്ടായോ കെല്‍സി.... അവനിപ്പം കുടിക്കാറുണ്ടോ..... ഇനി അതുവഴി വല്ലയിടത്തും വീണതാണോടി കെല്‍സി?'
'ഏയ്.... ഇല്ല.... കുടിക്കാറൊന്നും ഇല്ല.... നന്നായി ഇരുന്നതാ, പെട്ടെന്നിങ്ങനെ സംഭവിക്കാന്‍ എന്താണെന്ന് അറിയില്ല.... പക്ഷാഘാതമാണെന്നാണ് ഇവിടുത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട്' കെല്‍സി പറഞ്ഞു....
'അവിടെ ചികിത്സിച്ച് അസുഖം ഭേദമാക്കാമായിരിക്കും അല്ലേ മോളെ.... ഏതായാലും അവിടെ അഡ്മിറ്റ് ചെയ്തതല്ലേ. ട്രീറ്റിമെന്റ് നടക്കട്ടെ പുരോഗതി അറിഞ്ഞിട്ട് നമുക്ക് വേണ്ടത് ചെയ്യാം.... ഇല്ലെങ്കില്‍ പിന്നെ ഇവിടെ വന്നുനിന്ന് ആയുര്‍വേദം ചെയ്യണം. നല്ല വൈദ്യന്‍മാരുടെ അടുത്ത് കിടത്തി ഉഴിച്ചിലും പിഴിച്ചിലും ധാരയും എല്ലാകൂടി ചെയ്താല് നല്ലതായിരിക്കും. തളര്‍ന്ന് ഒരേ കിടപ്പ് കിടന്നവര്‍ അലോപ്പതിവിട്ട് ആയൂര്‍വ്വേദം ചെയ്ത് പയറുപോലെ എഴുന്നേറ്റ് നടക്കുന്നല്ലോ.... നീ വെറുതെ ആധികയറ്റണ്ട..... ഒന്നല്ലേ വേറെ വഴി ഉണ്ടല്ലോ...' മാധവമേനോന്‍ കെല്‍സിക്ക് ധൈര്യം പകര്‍ന്നു.
'ആ.... ഏതായാലും നോക്കാം...' കെല്‍സി നെടുതായൊന്നു നിശ്വസിച്ചു.
'കാലക്കേട് എന്നല്ലാതെ എന്തുപറയാനാ കുട്ടിയേ..... എല്ലാം ഭഗവാന്റെ ലീലാവിലാസം എന്നല്ലാതെ..... വിചാരിക്കാത്ത സമയത്ത് കൈപിടിച്ചുയര്‍ത്തും.... അപ്രതീക്ഷിതമായി ഓരോ ദുര്‍വിധികള്‍ വന്നു ഭവിക്കും.... മനുഷ്യജ•മായാല്‍ ഇങ്ങിനെയാ.... വിധിയെ തടുക്കാനൊക്കില്യാല്ലോ.... ഒക്കെ അനുഭവിക്കന്നെ..... നീയ് മനസ് നീറ്റാന്‍ നില്‍ക്കണ്ട.... അച്ഛന്‍ ഒന്നന്വേഷിക്കട്ടെ ഇവിടെ എവിടേലും നല്ല ചികിത്സ കിട്ട്വോന്ന്. ഇമ്മാതിരി അസുഖത്തിന് ചികിത്സിച്ച് എണീറ്റ് നടക്കുന്ന്വേര് എന്റെ നടക്കുന്ന്വേര് എന്റെ അറിവില്‍ ഉണ്ട്. അവരോട് തന്നെ ചോദിക്കാം. കേട്ടോ കെല്‍സിയേ....'
'ഉം...' കെല്‍സി ഒന്നു മൂളിയെന്നു വരുത്തി.
'നീ ഒറ്റയ്ക്കാ.... അവിടെ? വേറെ ആരുണ്ട് കുട്ടിന്....'
'ഇപ്പോ ഇവിടെ വേറെ ആരും വേണം എന്നില്ല. ട്രീറ്റമെന്റിന് നമ്മള്‍ എഗ്രി ചെയ്താല്‍ ബാക്കിയെല്ലാം വേണ്ടതുപോലെ അവര്‍ ചെയ്തുകൊള്ളും. നമ്മള്‍ ട്രീറ്റ്‌മെന്റിന്റെ പുരോഗതി ഡോക്ടേഴ്‌സിനോട് ഡിസ്‌കസ് ചെയ്താമതി. ചികിത്സയ്ക്ക് വേണ്ട വിദഗ്ദ്ധരായവരുമായി റഫര്‍ ചെയ്ത് അവര്‍ കാര്യങ്ങള്‍ നീക്കിക്കൊള്ളും....'
'ഓ.... അതേതായാലും നന്നായി. ഇവിടുത്തെപ്പോലെ നെട്ടോട്ടമോടി കൂടെ നില്‍ക്കുന്നവര്‍ക്ക് വായുവലിക്കേണ്ടി വരില്ല.... അല്ല എത്ര പണം നല്‍കിയാലും ഇവിടെ എല്ലാവരും പരീക്ഷണവസ്തുവല്ലേ..... എത്തിക്‌സ് പുസ്തകത്താളിലല്ലേ.... മെഡിക്കല്‍ മാഫിയയല്ലേ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഡോക്ടര്‍മാരെ വിലയ്‌ക്കെടുത്ത് ടാര്‍ഗറ്റ് കംപ്ലീറ്റ് ചെയ്യിക്കുകയല്ലേ ഇവ•ാര് ചെയ്യുന്നത്....'
'ഉം.... പിള്ളേരെന്തിയേ അച്ഛാ....'
'ദാ ഇവിടെ തന്നെയുണ്ട്.... ഞാന്‍ കൊടുക്കാം....' മാധവമേനോന്‍ അപ്പുവിനെ വിളിച്ച് റിസീവര്‍ കൈമാറി.
'ഹലോ....അമ്മേ....'
'ഹലോ...അപ്പൂ.... നീ അവിടെ എന്തെടുക്കുവാ..... മോനേ നിനക്ക് സുഖംതന്നെയല്ലേടാ?' കെല്‍സി സന്തോഷവും സങ്കടവും കലര്‍ന്ന ശബ്ദത്തില്‍ സംസാരിച്ചു.
'അമ്മേ..... അച്ഛന് എന്താ പറ്റിയേ....?'
'അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിലാ മോനെ..... നീ നന്നായി പ്രാര്‍ത്ഥിക്കണം കേട്ടോ.... അച്ഛന് സുഖമായിട്ട് ഞങ്ങള്‍ അങ്ങോട്ട് വരുന്നുണ്ട്. അമ്മു എന്തിയേ മോനേ....'
'അമ്മൂ എന്റെ അടുത്തുതന്നെയുണ്ട് അവള് കരയുവാ.... പെട്ടെന്ന് ഇങ്ങോട്ടെയ്ക്ക് വരുവോ അമ്മേ?' ്അപ്പുവിന് സങ്കടം വന്നു. ഒരു തേങ്ങലിലാണ് സംസാരം അവസാനിച്ചത്. അവന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് റിസീവര്‍ അമ്മുവിനെ ഏല്‍പ്പിച്ച് മാറിനിന്ന് കരഞ്ഞു. സുഭദ്രാമ്മ അവനെ ചേര്‍ത്തുനിര്‍ത്തി തലോടി ആശ്വസിപ്പിച്ചു.
മാധവമേനോനും സുഭദ്രാമ്മയും കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അമ്മ ഫോണില്‍ കെല്‍സിയോട് സംസാരിക്കുകയും കരയുകയും ചെയ്തു. സുഭദ്രാമ്മയ്ക്ക് ആകെ ഭയമായി. 'കാര്യങ്ങളൊക്കെ നന്നായി ഒരു കരയ്ക്ക് അടുക്കുന്നു എന്നുവന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞല്ലോ എന്റീശ്വരാ..... ഇനി എന്താവൂവോ ആവോ....' സുഭദ്രാമ്മ പരിതപിച്ച് മിഴികള്‍ ഒപ്പി....
അജി സംസാരിച്ച് ഫോണ്‍ മാധവമേനോന്‍ നല്‍കി. കുട്ടികള്‍ ആകെ കരച്ചിലാണ്. അവര്‍ക്ക് അച്ഛനെ കാണണം..... സുഭദ്രാമ്മ അവരെ ആശ്വസിപ്പിച്ചു.
***** ****** ***** ****** ******
ആറുമാസത്തെ ചികിത്സയുടെ ഫലമായി അജിത്തിന് പരസഹായത്തോടെ എഴുന്നേറ്റിരുന്ന് കോരിക്കൊടുക്കുന്ന ദ്രാവകരൂപത്തിലുള്ള ആഹാരം കഴിക്കാം എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. മറ്റുള്ളവര്‍ സംസാരിക്കുന്നത് കേട്ടുകിടക്കും. സംസാരിക്കാന്‍ വയ്യെന്നായി. കിടന്ന കിടപ്പില്‍ കിടക്കുകതന്നെ. വലത്തുകൈ ചെറുതായി അനക്കാം. കണ്ണ് പകുതിവരെ ആയാസപ്പെട്ട് തുറക്കാം. മറ്റു കാര്യങ്ങള്‍ക്കെല്ലാം പരസഹായം വേണം. ഓര്‍മ്മശക്തിയില്‍ വലിയ പുരോഗതി ഉണ്ടായതുമില്ല.
ഒരു മാസത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നു. പ്രിസ്‌ക്രിപ്ഷനനുസരിച്ച്്് വീട്ടില്‍ ചികിത്സിച്ചു വരികയാണ്. ആറുമാസത്തിലധികമായി തുടരുന്നു. ഹോംനഴ്‌സിനെ അപ്പോയിന്റ് ചെയ്തിട്ടുണ്ട്. കണ്ണിലെണ്ണയൊഴിച്ച് എന്നപോലെ കാത്തിരുന്ന് ശുശ്രൂഷിക്കാന്‍ കെല്‍സിയും ശ്രദ്ധിക്കുന്നുണ്ട്.
്അജിത്തിന് പറ്റിയ അത്യാഹിതത്തില്‍ മനംനൊന്ത് കെല്‍സി താന്‍ ഒപ്പുവച്ച ഒന്നുരണ്ടു പുതിയ പ്രൊജക്ടുകളുടെ കരാര്‍ റദ്ദാക്കി. പകുതി അഭിനയിച്ചവ പൂര്‍ത്തീകരിച്ചുകൊടുത്തു. ഏതായാലും കുറച്ചുനാളേയ്ക്ക് എഗ്രിമെന്റൊന്നും വേണ്ടെന്നും വച്ചു.
ഇനി അജിത്തിനെയുംകൊണ്ട് നാട്ടിലേയ്ക്ക് പോകുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാധവമേനോന്‍ ആയൂര്‍വേദ ചികിത്സയ്ക്കുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ഉടനെ കെല്‍സിയെയും അജിയെയും കൂട്ടി നാട്ടിലേയ്ക്ക് പോകുവാന്‍ മാധവമേനോന്‍ അമേരിക്കയിലേക്ക് വരുന്നുണ്ട്.
വീട്ടുകാര്യങ്ങള്‍ നോക്കുവാന്‍ ആളെ ഏര്‍പ്പാടു ചെയ്തു. ഇനി എപ്പോള്‍ തിരികെ വരാന്‍പറ്റും എന്നു പറയാനൊക്കില്ലല്ലോ.... വീട്ടില്‍നിന്നും മാറിനില്‍ക്കുന്ന വിവരം കാണിച്ച് പോലീസില്‍ ഇന്‍ഫര്‍മേഷന്‍ നല്‍കി. ദീര്‍ഘകാലത്തേയ്ക്ക് ഉടമസ്ഥന്‍ വീട്ടില്‍നിന്ന് മാറി നില്‍ക്കേണ്ടിവരുമ്പോള്‍ സെക്യൂരിറ്റിക്കു വേണ്ടി പോലീസില്‍ അറിയിക്കേണ്ടതുണ്ട്.
നാട്ടിലേയ്ക്ക്് ചികിത്സയ്ക്ക് പോകേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തുവച്ചു. ടിക്കറ്റുകള്‍ റെഡിയാക്കി. ഇനി മാധവമേനോന്‍ എത്തിയാല്‍ മതി. കെല്‍സി അച്ഛന്റെ വരവിനായി കാത്തിരുന്നു.
***** ***** ***** ****** *******
കെല്‍സിയെയും മാധവമേനോനെയും അജിത്തിനെയുംകൊണ്ട് എസ്തപ്പാന്റെ ക്വാളീസ് മംഗലത്തു വീടിന്റെ മുറ്റത്തുവന്നുനിന്നു. സുഭദ്രാമ്മയും അപ്പുവും അമ്മുവും പടിക്കല്‍തന്നെ കാത്തിരിപ്പുണ്ട്്. അവര്‍ വാഹനം വന്നതും ആകാംക്ഷയോടെ ഓടിവന്നു.
എസ്തപ്പാന്‍ വാഹനത്തില്‍ നിന്നിറങ്ങി പിന്നിലെത്തി ഡോര്‍ തുറന്നു. പിന്നിലത്തെ സീറ്റില്‍ അജിത്തും കെല്‍സിയും. അജി കെല്‍സിയുടെ തോളില്‍ തലചേര്‍ത്ത് സീറ്റില്‍ ചാഞ്ഞ് കിടക്കുകയായിരുന്നു. കുട്ടികള്‍ ഓടിവന്ന്് അജിയെയും കെല്‍സിയെയും കെട്ടിപ്പിടിച്ച് കരയുവാന്‍ തുടങ്ങി.
അജി വികാരവിക്ഷോഭത്താല്‍ ഞെളിപിരികൊള്ളുകയായിരുന്നു. ഇടതുകൈ കുത്തി ഇരിക്കുന്നതിനാല്‍ കുട്ടികളെ കെട്ടിപ്പിടിക്കാന്‍ ആവതില്ലാത്തതിന്റെ ദുഃഖം കണ്ണില്‍ നിറഞ്ഞുതുളുമ്പി. വാക്കുകള്‍ പുറത്തു വരുന്നില്ലെങ്കിലും ചുണ്ടുകള്‍ കോട്ടി പറയാതെ എന്തൊക്കെയോ പറഞ്ഞു. ദയനീയമാംവിധം പാതിയടഞ്ഞ കണ്ണുമായി കുഞ്ഞുങ്ങളെ കണ്‍നിറയെ നോക്കി. ഇതൊക്കെ കണ്ട് കെല്‍സി പൊട്ടിക്കരഞ്ഞു. സുഭദ്രാമ്മ കെല്‍സിയുടെ തോളോടു ചേര്‍ന്നുനിന്ന് അവളെ ആശ്വസിപ്പിച്ചു.
എസ്തപ്പാനും മാധവമേനോനും ചേര്‍ന്ന് അജിത്തിനെ വാഹനത്തില്‍നിന്ന് എടുത്തിറക്കി. മുറ്റത്തു കൊണ്ടുവച്ച ചൂരല്‍ കസേരയില്‍ എടുത്തിരുത്തി പിന്നെ കസേരയോടെ എടുത്ത് അകത്ത് മുറിയിലേയ്ക്ക് കൊണ്ടുപോയി കിടത്തി.
ഉച്ചയോടടുത്ത് അജിത്തിന്റെ വീട്ടില്‍നിന്നും അച്ഛനും അമ്മയും സഹോദരങ്ങളും എത്തി. മാധവമേനോനും കെല്‍സിയും അവരെ സ്വീകരിച്ചു. എല്ലാവരും അജിത്ത് കിടക്കുന്ന റൂമില്‍ എത്തി.
രാഘവമേനോനും മീനാക്ഷിയും മകന്റെ ബെഡില്‍ ചേര്‍ന്നിരുന്നു. മീനാക്ഷി മകന്റെ കവിളില്‍ തലോടി കണ്ണീര്‍ വാര്‍ത്തു. അനുജന്‍ സുജിത്തും അനുജത്തി സ്മിതയും ജ്യേഷ്ഠന്റെ കിടപ്പുകണ്ട് വ്യവസനപൂര്‍വ്വം നിന്നു.
'അല്ല മേനോനെ.... അജിത്തിനിതെന്തുപറ്റി.... ഇങ്ങനെ ഇത്ര പെട്ടെന്ന് ഒരു തളര്‍ച്ച...' രാഘവമേനോന്‍ മാധവമേനോനോട് തിരക്കി.
'അമേരിക്കയിലെ ട്രീറ്റ്‌മെന്റ് റിക്കോര്‍ഡില്‍ എഴുതിയിരിക്കുന്നത് തലച്ചോറിനുള്ളില്‍ രക്തം കട്ടകെട്ടി ബ്ലോക്കായി എന്നും മറ്റുമാ.... തലച്ചോറിന്റെ ഇടതുവശത്താണ് തകരാറ് സംഭവിച്ചത്. അതാണല്ലോ വലതുവശത്തിന് തളര്‍ച്ച ബാധിച്ചത്. അതുകാരണം സംസാരശേഷിയും വലതുകണ്ണിന്റെ കാഴ്ചയും നഷ്ടമായി. വലത്തൈകൈയ്യും തളര്‍ന്നു. ഓര്‍മ്മശക്തിക്കും കുറവുണ്ട്..... അവിടുത്തെ ചികിത്സകൊണ്ടല്ലേ ഇത്രയൊക്കെ പുരോഗതി ഉണ്ടായത്...' മാധവമേനോന്‍ താനറിഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു.
'ഇനി ഇപ്പോ എന്തു ചികിത്സ ചെയ്യും..... ഇവിടെ അതിനും പോന്ന സൗകര്യം ഉണ്ടോ?' മീനാക്ഷി ആകുലതയോടെ അന്വേഷിച്ചു.
'നമുക്കിനി ആയൂര്‍വേദം ചെയ്യാം എന്നാ പ്ലാന്‍.... സ്പീച്ച് തെറാപ്പിയെന്നാ ഫിസിയോതെറാപ്പിയെന്നോ പിന്നെ കുറെ എക്‌സര്‍സൈസുകളും ഒക്കെയാ ഇപ്പോ ചെയ്തുവരുന്നത്. പിന്നെ പ്രഷറും കൊളസ്‌ട്രോളും എല്ലാം ചെക്ക് ചെയ്യണം. അതിനുള്ള മരുന്നുകളെല്ലാം ഉണ്ട്. ഒരു വൈദ്യരെ കണ്ട് ഉഴിച്ചിലും പിഴിച്ചിലും ധാരയും ഒക്കെയായി വേണ്ടതു ചെയ്താ ഫലം ഉറപ്പാ..... നമുക്കത് ചെയ്യോല്ല്യോ.... ഞാനതിനുവേണ്ട ക്രമീകരണങ്ങളൊക്കെ ചെയ്തിരിക്കണു..... രണ്ടുദിവസത്തിനുള്ളില്‍ വൈദ്യര്‍ വന്ന് ചികിത്സയ്ക്കുള്ള ചിട്ടവട്ടങ്ങളൊക്കെ തുടങ്ങും....' മാധവമേനോന്‍ പറഞ്ഞു.
'ഞങ്ങള്‍ അജിയെ കൊണ്ടുപോയി ചികിത്സിച്ചോളാം....' രാഘവമേനോന്‍ പറഞ്ഞു.
'അതു വേണ്ടാ.... വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടല്ലോ, അജി ഇവിടെ നില്‍ക്കട്ടെ ചികിത്സ വേണ്ടതുപോലെ ചെയ്തുകൊള്ളാം. കുട്ടികളും കെല്‍സിയും എല്ലാവരും ഉള്ളതുകൊണ്ട് അജിക്ക് അതൊരു സന്തോഷവും ആകും....' മാധവമേനോന്‍ തറപ്പിച്ചു പറഞ്ഞു.
അജിയുടെ വീട്ടുകാര്‍ക്ക് അതത്ര രസിച്ചില്ല. മാധവമേനോന്‍ അതത്രകാര്യമാക്കിയുമില്ല. കുറെനേരം അജിയുടെ അടുത്ത് സമയം ചെലവഴിച്ചതിനുശേഷം രാഘവമേനോനും മീനാക്ഷിയും സഹോദരങ്ങളും യാത്രപറഞ്ഞിറങ്ങി. ഉച്ചയൂണ് കഴിച്ചിട്ടുപോകാം എന്ന് നിര്‍ബന്ധിച്ചിട്ടും അവര്‍ നിന്നില്ല.
കെല്‍സിയും അവരുടെ പ്രവൃത്തിയെ വകവച്ചില്ല. ഇത്രയും കാലം തങ്ങളെ തിരഞ്ഞുനോക്കാതിരുന്നിട്ട് ഇപ്പോള്‍ ക്ഷേമം അന്വേഷിച്ചു വന്നിരിക്കുന്നു എന്നാണ് കെല്‍സി ചിന്തിച്ചത്. അജിയും താനും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോള്‍ എതിര്‍ത്തവരാണ്. അവരുടെ എതിര്‍പ്പ് വകവയ്ക്കാതെ തീരുമാനമെടുത്ത അജിയുടെ ഈ അവസ്ഥയില്‍ ആരുടെയും സഹായം തനിക്ക് ആവശ്യമില്ല. വയ്യാഴിക വരുമ്പോള്‍ നോക്കാനും തനിക്കറിയാം. ഉറച്ച തീരുമാനത്തില്‍നിന്ന് തെല്ലും വ്യത്യചലിക്കുവാന്‍ കെല്‍സി തയ്യാറായതുമില്ല.
***** ******* ****** *******
പക്ഷാഘാതത്തിന് അലോപ്പതി ചികിത്സയ്ക്കുശേഷം ആയുര്‍വേദചികിത്സ തുടരുന്നതാണ് നല്ലതെന്ന് എല്ലാവരും നിര്‍ദ്ദേശിച്ചു. അത് അത്രയും പെട്ടെന്ന് ആയാല്‍ നന്ന്. തല്‍ഫലമായി വളരെയധികം ഗുണം ലഭിക്കുകയും ചെയ്യും.
തലച്ചോറിലെ ക്ഷതം സംഭവിച്ച കോശങ്ങളുടെ പുനരുദ്ധാരണത്തിന് ആയുര്‍വേദം നല്ലതുതന്നെ. മസ്സിലുകളുടെ പ്രവര്‍ത്തനക്ഷമതവീണ്ടെടുക്കുന്നതിനാവശ്യമായ ചികിത്സാരീതികള്‍ ലഭ്യവുമാണ്.
കാര്യങ്ങളൊക്കെ അ്‌വേഷിച്ചറിഞ്ഞ് മാധവമേനോന്‍ ശങ്കരമഠത്തില്‍ വാസുദേവ വൈദ്യരെ ചെന്നു കണ്ട് ചികിത്സയ്ക്കായി ഏര്‍പ്പാടുകള്‍ ചെയ്തു. വൈദ്യര്‍ പക്ഷാഘാതചികിത്സയില്‍ അഗ്രഗണ്യനാണ്. പൂര്‍വ്വികരില്‍നിന്നും പകര്‍ന്നു കി്ട്ടിയ അനുഗ്രഹവും കൈപ്പുണ്യവും കൈമുതലായുള്ള അതുല്യന്‍!
വാസുദേവ വൈദ്യരുടെ വൈദ്യമഠത്തില്‍ അജിത്തിനെ കൊണ്ടുചെന്നു. വൈദ്യര്‍ നാഡി പരിശോധനയും മറ്റും നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 'ഉം....' വൈദ്യര്‍ ഒന്നു ഇരുത്തിമൂളി. 'അല്ലോപ്പതീല് വിദഗ്ദ ചികിത്സ തന്യ കിട്ടീരിക്കണു.....ഉം.... നന്ന്.... ഇനീപ്പോ ആയുര്‍വ്വേദംന്തെന്ന്....' അജിത്തിന്റെ കണ്ണുകളും നാവും പരിശോധിച്ച് തൃപ്തിവരുത്തി വൈദ്യര്‍.
'കുറച്ചു സമയമെടുക്കും..... എന്നാലും നേര്യാക്കാം....' വൈദ്യര്‍ ഉറപ്പുതന്നിരിക്കു
ന്നു. പകുതി ആശ്വാസം! പോയ ജീവന്‍ തിരിച്ചുകിട്ടിയ അവസ്ഥ!
പിന്നീട് അങ്ങോട്ട് തകൃതിയായി ചികിത്സ നടന്നു. ആവി, നസ്യം, വസ്ത്രി, ഉഴിച്ചില്‍ എന്നിങ്ങനെ ചികിത്സാവിധികള്‍ യഥാവിധം ചെയ്തു. പക്ഷാഘാതത്തില്‍ നിന്നും വളരെവേഗം അജിത്തിന് പുരോഗതി ഉണ്ടാകും എന്ന് ഉറച്ചുവിശ്വസിച്ചു കെല്‍സിയും മേനോനും.
ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത, വീണ്ടെടുക്കുവാനുള്ള മരുന്നുകള്‍, മസിലുകളുടെ ഇറുക്കവും കോച്ചലും ലഘൂകരിക്കുവാനുള്ള മരുന്നുകള്‍, രക്തം ക്രമാതീതമായി കട്ടപിടിക്കുന്നത് തടയുവാനുതകുന്ന മരുന്നുകള്‍ തുടങ്ങി നീണ്ട ചികിത്സാവിധിതന്നെ വേണ്ടി വന്നു.
ദേഹമാസകലം ഉഴിഞ്ഞ് പഞ്ചകര്‍മ്മയും ചെയ്തു. പിണ്ഡസ്വേദയും പിഴിച്ചിലും നടത്തി തളര്‍ന്നുകിടന്ന അവയവങ്ങള്‍ക്ക് ഉണര്‍വും ഉത്തേജനവും നല്‍കി. 'യോഗ' 'പ്രാണായാം' എന്നിവ മുഖേന വളരെ വേഗമുള്ള രോഗമുക്തി ലഭ്യമാക്കുന്നതിനായി വൈദ്യര്‍ അക്ഷീണം യത്‌നിച്ചു.
കെല്‍സിയും കുട്ടികളും അജിയെ കാണാന്‍ വൈദ്യമഠത്തില്‍ വന്നുപോയി. പകല്‍ അവര്‍ അജിയുടെ സമീപം തങ്ങും. വൈകുന്നേരം മടങ്ങിപ്പോവുകയും ചെയ്യും. വൈദ്യമഠത്തില്‍ അജിയുടെ കാര്യങ്ങള്‍ അവിടുത്തെ ജോലിക്കാര്‍ തന്നെയാണ് നോക്കുന്നത്. പരിചരണവും മുറയനുസരിച്ചുള്ള ഭക്ഷണവും മരുന്നും അവര്‍തന്നെ നല്‍കും. വന്നുകണ്ട് സാന്ത്വനം നല്‍കിപോവുക എന്നല്ലാതെ മറ്റൊരു ബാധ്യതയും രോഗിയുടെ ബന്ധുക്കാര്‍ക്ക് ചെയ്യുവാനുണ്ടായിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യം.
മാധവമേനോനും എസ്തപ്പാനും അജിയെ നേരം കിട്ടുമ്പൊഴെല്ലാം വന്നുകണ്ട് പോയി. വൈദ്യരുടെ നിര്‍ദ്ദേശാനുസരണം വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു.
മൂന്നാലാഴ്ചത്തെ ചികിത്സയില്‍ തന്നെ അജിയില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരുന്നു. അത്യാവശ്യം അനങ്ങി കിടക്കുവാന്‍ കഴിയുന്നുണ്ട്. ഇടയ്ക്കിടെ ചിരിക്കുവാനും സംസാരിക്കുവാനും ശ്രമിക്കുന്നുണ്ട്. ഓര്‍മ്മശക്തിയിലും ആളുകളെ തിരിച്ചറിയുവാനുള്ള കഴിവിലും പുരോഗതി ഉണ്ടാകേണ്ടിയിരിക്കുന്നു.
അജിത്തിലെ നല്ല ലക്ഷണങ്ങള്‍ കണ്ട് കെല്‍സിയുടെ മനസു നിറഞ്ഞു. അവളുടെ അന്തരംഗത്തില്‍ പ്രതീക്ഷയുടെ പൂക്കാലം ഇതളിടുകയായി. അവള്‍ അജിയുടെ ശിരസില്‍ തലോടി സാന്ത്വനിപ്പിച്ച് അവനരികില്‍ ഇരുന്നു.