Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-35: സാം നിലമ്പള്ളില്‍)

Published on 25 April, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-35: സാം നിലമ്പള്ളില്‍)
അദ്ധ്യയം മുപ്പത്തി അഞ്ച്‌.

യഹൂദരെക്കൊണ്ട്‌ അടിമവേലചെയ്യിച്ച്‌ ഹിറ്റ്‌ലര്‍ പടുത്തുയര്‍ത്തിയതെല്ലാം സഖ്യകക്ഷികള്‍ ബോംബിട്ട്‌ തകര്‍ത്തു. ബര്‍ലിന്‍ നഗരം ഒരു കല്‍ക്കൂമ്പാരമായി മാറി. ജനിച്ചുവീണ വീടുവിട്ട്‌ കണ്ണുനീരോടെ കടന്നുപോയ യഹൂദരെനോക്കി ചിരിച്ച ജര്‍മന്‍ജനത തങ്ങളുടെ വീടുംപൂട്ടി പ്രാണരക്ഷാര്‍ത്ഥം പരക്കംപാഞ്ഞു. ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലര്‍ അനുയായികളോടൊപ്പം നിലവറയില്‍ ഒളിച്ചു.

ലോകത്തിന്റെ കിഴക്കെ ഭാഗത്ത്‌ അമേരിക്ക വേറൊരു യുദ്ധമുഖം തുറക്കുകയായിരുന്നു, ഒരാവിശ്യവുമില്ലാതെ തങ്ങളെ ചൊറിയാന്‍വന്ന ജപ്പാനെതിരെ. ജപ്പാന്‍കാര്‍ അത്രയെളുപ്പം കീഴടങ്ങുന്ന കൂട്ടത്തിലായിരുന്നില്ല. ദൈവത്തെപ്പോലെ കണക്കാക്കുന്ന രാജാവിനുവേണ്ടി മരിക്കാനും അവര്‍ തയ്യാറായിരുന്നു. അവരുടെ ദൈവം സൈനികത്തലവന്മാരുടെ കയ്യിലെ വെറുമൊരു പാവയായിരുന്നെന്നും ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്‌ രാജ്യം യുദ്ധത്തിന്‌ ഇറങ്ങി പുറപ്പെട്ടതെന്നും ചാവേറുകളാകാന്‍ തുനിഞ്ഞിറങ്ങിയ പാവം ജനങ്ങള്‍ക്ക്‌ അറിയില്ലായിരുന്നു. അവസാനം തങ്ങളുടെ രണ്ട്‌ പട്ടണങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോളാണ്‌ അവര്‍ക്ക്‌ തെറ്റ്‌ മനസിലായത്‌. കീഴടങ്ങാന്‍ ജപ്പാന്‍കാര്‍ക്ക്‌ ഒരു വ്യവസ്ഥമാത്രമേ ഉണ്ടായിരുന്നുള്ളു. തങ്ങളടെ രാജാവിനെ ഉപദ്രവിക്കരുത്‌. അമേരിക്ക അവരുടെ രാജാവിനെ വെറുതെവിട്ടു. എന്നാല്‍ അദ്ദേഹത്തെ കുരങ്ങുകളിപ്പിച്ച സൈനികത്തലവന്മാര്‍ ശിക്ഷിക്കപ്പെട്ടു.

യൂറോപ്പില്‍ ഹിറ്റ്‌ലര്‍ക്ക്‌ സുഹൃത്തായി മറ്റൊരു ഏകാധിപതികൂടി ഉണ്ടായിരുന്നു, ഇറ്റലിയിലെ മുസോളിനി. സ്വന്തം ജനങ്ങള്‍തന്നെ അയാളെയും ഭാര്യയേയും തല്ലിക്കൊന്ന്‌ തലകീഴായി കെട്ടിത്തൂക്കി. റഷ്യന്‍സേന ബര്‍ലിന്‍ നഗരത്തിന്‌ സമീപമെത്തിയിട്ടും കീഴടങ്ങാന്‍ ഹിറ്റ്‌ലര്‍ കൂട്ടാക്കിയില്ല. അമേരിക്കന്‍ സേനയും ബ്രിട്ടനോടൊപ്പം തലസ്ഥാനം വളഞ്ഞുകഴിഞ്ഞിരുന്നു.

സഖ്യകക്ഷികള്‍ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ രക്ഷയില്ലെന്നുകണ്ട ഹിറ്റലര്‍ സ്വയം വെടിവെച്ച്‌ ആത്മഹത്യചെയ്‌തു; സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്‌ത എല്ലാ ഏകാധിപതികളുടേയും പോലത്തെ അന്ത്യം. കൂടെനിന്ന വീരന്മാര്‍ പലരും ചുണ്ടെലികളെപ്പോലെ മാളങ്ങളില്‍ ഒളിച്ചു. യുദ്ധശേഷം സഖ്യകക്ഷികള്‍ ഓരോരുത്തരെയായി പിടികൂടി വിചരണചെയ്‌തു. മനുഷ്യരാശിക്കെതിരായ കുറ്റം ചെയ്‌തവരില്‍ ചിലരെ മരണശിക്ഷയും മറ്റുചിലര്‍ക്ക്‌ ജീവപയര്യന്തവും വിധിച്ചു. ഗ്യാസ്‌ ചേമ്പറുകളുടെ നടത്തിപ്പുകാരനായിരുന്ന ഹിമ്മ്‌ലര്‍ മരണശിക്ഷക്ക്‌ വിധിക്കപ്പെട്ടവനായിരുന്നു. എന്നാല്‍ ശിക്ഷ നടപ്പാകുന്നതിന്‌ മുന്‍പ്‌ അയാള്‍ ജയിലില്‍ ആത്മഹത്യചെയ്‌തു. കൂട്ടുപ്രതി ഐക്ക്‌മാന്‍ അര്‍ജന്റീനയിലേക്ക്‌ ഒളിച്ചോടി. കൊച്ചുകുട്ടികളെ ഗിനിപ്പന്നികളാക്കിയ ഡോക്‌ട്ടര്‍ മെന്‍ഗല്‍ ബ്രസീലില്‍ ഒളിച്ചുപാര്‍ത്തു.

ഐക്ക്‌മാന്‍ മഞ്ഞുമൂടിയ ആല്‍പ്‌സ്‌ പര്‍വതനിരകള്‍ കയറിയിറങ്ങി അവസാനം ഇറ്റലിയിലെത്തി. റോമില്‍ ഒരു പുരോഹിതന്‍ അയാള്‍ക്ക്‌ അഭയം നല്‍കി. മറ്റൊരുപേരില്‍ അര്‍ജന്റീനയിലേക്ക്‌ കടക്കാനുള്ള വ്യാജ പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ചുകൊടുത്തത്‌ ഈ പുരോഹിതനായിരുന്നു; വംശീയവിദ്വേഷത്തിന്റെ മറ്റൊരു വൃത്തികെട്ടമുഖം.

അറുപതുലക്ഷം യഹൂദരെ കൊലചെയ്‌ത ഐക്ക്‌മാനെ പിടികൂടാന്‍ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ്‌ ലോകവ്യാപകമായി വലവിരിച്ചു. കുബുദ്ധിയായിരുന്ന അയാള്‍ തന്റെ ഒരുഫോട്ടോപോലും എവിടെയും അവശേഷിപ്പിച്ചിരുന്നില്ല.

കള്ളപ്പേരില്‍ കഴിഞ്ഞിരുന്ന ഐക്ക്‌മാനെ മൊസാദ്‌ കണ്ടെത്തുമ്പോള്‍ അയാള്‍ മേര്‍സ്‌ഡീസ്‌ ബെന്‍സിന്റെ അര്‍ജന്റീനിയന്‍ യൂണിറ്റിലെ വെറുമൊരു തൊഴിലാളിയായിരുന്നു. മദ്യവും മദിരാക്ഷികളുമായി പ്രതാപിയായി ജീവിച്ച കൊലയാളി ജീവിക്കാന്‍വേണ്ടി ഒരു ഫാക്‌ട്ടറി തൊഴിലാളിയായി കഴിഞ്ഞകഥ പല എഴുത്തുകാരും ഗ്രന്ഥങ്ങളായി പുറത്തിറക്കിയിട്ടുണ്ട്‌. മൊസാദ്‌ ഐക്കമാനെ കണ്ടെത്തിയതും അര്‍ജന്റീനിയന്‍ അധികൃതര്‍ അറിയാതെ ഐതിഹാസികമായി പുറത്തുകടത്തി അയാളെ ഇസ്രായേലില്‍ എത്തിച്ചതും ചാരസംഘങ്ങളുടെ സാഹസിക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ്‌.

വിചാരണ ചെയ്യപ്പെട്ടപ്പോള്‍ താന്‍തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമാണ്‌ ചെയതതെന്നും അയാള്‍ അവസാനംവരെ വാദിച്ചുകൊണ്ടിരുന്നു. അയാള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചുകൊണ്ട്‌ ഇസ്രായേലി ആറ്റോര്‍ണി ജനറല്‍ ഇപ്രകാരം കോടതിയില്‍ പറഞ്ഞു.

`അഡോള്‍ഫ്‌ ഐക്ക്‌മാനെതിരെ കുറ്റാരോപണം നടത്താന്‍ ഇസ്രായേല്‍ കോടതിമുമ്പാകെ നില്‍ക്കുന്ന ഞാന്‍ ഒറ്റക്കല്ല, എന്നോടൊപ്പം ഈ മനുഷന്‍ കൊലചെയ്‌ത അറുപതുലക്ഷം യഹൂദരുമുണ്ട്‌. പക്ഷേ, അവര്‍ക്ക്‌ ഈ കോടതിയില്‍വന്ന്‌ ഇയാളുടെനേരെ വിരല്‍ചൂണ്ടി ഭഈ മനുഷ്യനെതിരെ ഞങ്ങള്‍ കുറ്റം ആരോപിക്കുന്നു' എന്ന്‌ പറയാന്‍ സാധിക്കുന്നില്ല. കാരണം അവര്‍ ഔസ്വിറ്റ്‌സിലെ കുന്നുകളിലും,
ട്രെംബ്‌ളിങ്കയിലെ പാടങ്ങളിലും, പോളണ്ടിലെ വനങ്ങളിലും ചിതാഭസ്‌മമായി കിടക്കുകയാണ്‌. അവരില്‍ പലരുടേയും ശവകുടീരങ്ങള്‍ യൂറോപ്പില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. അവരുടെ രക്തം നീതിക്കായി വിലപിക്കുന്നത്‌ നമുക്ക്‌ കേള്‍ക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ അവരുടെ ഒരു വെക്താവായിട്ട്‌ ഈ കോടതിയില്‍നിന്ന്‌ ഈ മനുഷ്യനുനേരെ ഞാന്‍ വിരല്‍ചൂണ്ടിക്കൊണ്ട്‌ പറയുന്നു, ഇയാള്‍ കൊലയാളിയാണ്‌.

കുറ്റവാളിയായി വിധിക്കപ്പെട്ട ഐക്ക്‌മാനെ പിന്നീട്‌ തൂക്കിലേറ്റി. ഇസ്രായേല്‍രാഷ്‌ട്രം രൂപമെടുത്തതിനുശേഷം ആദ്യമായിട്ടും അവസാനമായിട്ടും വധശിക്ഷക്ക്‌ വിധേയനായ ഒരേയൊരാള്‍.


****

രാജ്യങ്ങള്‍ തമ്മിലും ഗോത്രങ്ങള്‍ തമ്മിലുമുള്ള യുദ്ധങ്ങള്‍ പണ്ടുമുതലേയുള്ളതാണ്‌. ആദികാലംമുതല്‍ ഇന്നോളമുള്ള യുദ്ധങ്ങളില്‍ മരിച്ചവരുടെ എണ്ണം എത്രയെന്ന്‌ ആര്‍ക്കെങ്കിലും ഊഹിക്കാന്‍ സാധിക്കുമോ? സ്വന്തം ജനതയെ കൊന്നൊടുക്കുന്ന യുദ്ധം ആദ്യമായി ആവിഷ്‌കരിച്ചത്‌ ഹിറ്റ്‌ലറാണ്‌. അയാളുടെ അവതാരങ്ങള്‍ പിന്നീട്‌ പലരാജ്യങ്ങളിലും ഉണ്ടായി, ഇറാക്കില്‍, ലിബിയയില്‍, ആഫ്രിക്കയിലെ റുവാണ്ടയില്‍, കംബോഡിയയില്‍, കൊസാവോയില്‍. ഏകാധിപതികളുടെ അന്ത്യം എന്തായിരുന്നെന്ന്‌ നാമെല്ലാം കണ്ടതാണ്‌. കൊട്ടാരങ്ങളില്‍ രാജാക്കന്മാരെപ്പോലെ വാണിരുന്നവര്‍ അവസാനം എലികളെപ്പോലെ മാളങ്ങളില്‍ ഒളിക്കുന്നതും സ്വന്തം ജനങ്ങളാല്‍ വധിക്കപ്പെടുന്നതും നാംകണ്ടു.

നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍ തിന്മ ഒരിടത്തും വിജയിച്ചിട്ടില്ല, വിജയിക്കുകയുമില്ല. ഹോളോക്കോസ്റ്റ്‌ ഇനിയും പലരാജ്യങ്ങളിലും ഉണ്ടാകാം. മതങ്ങള്‍ തമ്മിലും ജാതികള്‍ തമ്മിലുമുള്ള പോരാട്ടങ്ങളില്‍ നിരപരാധികളായ ലക്ഷങ്ങള്‍ ഇനിയും മരിച്ചുവീഴാം. മനുഷ്യമനസിനെ മരവിപ്പിക്കുന്ന മദ്യമാണ്‌ മതമെന്ന്‌ പല മഹാന്മാരും പറഞ്ഞിട്ടുണ്ട്‌. അത്‌ തലക്കുപിടിച്ചുകഴിഞ്ഞാല്‍ മനുഷ്യന്‍ ചെയ്യുന്നത്‌ എന്താണെന്നത്‌ അവനുതന്നെ ബോധമില്ല. നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം എന്ന ക്രിസ്‌തുവചനവും സ്‌നേഹമാണ്‌ അഖിലസാരസമൂഴിയില്‍ എന്ന ഭാരതീയ വചനവും ഒന്നുതന്നെയാണ്‌. അത്‌ പ്രായോഗികമാക്കാന്‍ നമുക്ക്‌ സാധിക്കുമെങ്കില്‍ ഈ ഭൂമിതന്നെയായിരിക്കും യധാര്‍ത്ഥ സ്വര്‍ക്ഷം. നിങ്ങള്‍ പൂജിക്കുന്ന ദൈവത്തെ കാണുന്നതും സഹജീവികളോടുള്ള സ്‌നേഹത്തില്‍കൂടിയാണ്‌.

(തുടരും....)

മുപ്പത്തിനാലാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-35: സാം നിലമ്പള്ളില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക