Image

അങ്ങനെ നമുക്ക്‌ മടങ്ങിപ്പോകാം (ലേഖനം: ജോണ്‍ മാത്യു)

Published on 28 April, 2015
അങ്ങനെ നമുക്ക്‌ മടങ്ങിപ്പോകാം (ലേഖനം: ജോണ്‍ മാത്യു)
ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം: എല്ലാവര്‍ക്കും `എന്തിനു വോട്ടവകാശം' എന്നതാണ്‌. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു മെമ്പറും ഇത്‌ ശരിവെച്ചു. ആദ്യമായി മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണം. ചിലര്‍ ഞെട്ടിയിട്ടുണ്ടായിരിക്കാം, ചിലര്‍ അതിശയത്തോടെ ചോദിച്ചിട്ടുണ്ടായിരിക്കാം: `ഇത്രയും വേണോ...' എന്ന്‌.

അതവിടെ നില്‌ക്കട്ടെ, ഇവിടെ പ്രധാന ചോദ്യം വോട്ടവകാശം സാര്‍വത്രീകമാണോയെന്നാണ്‌. അങ്ങനെയാകണമെന്നില്ല. കാരണം മാനവസംസ്‌ക്കാരം ഉണ്ടായകാലം മുതല്‍ ഇന്നുവരെ വളരെ ചെറിയ ഒരു കൂട്ടം മാത്രമേ വോട്ടു ചെയ്‌തിട്ടുള്ളൂ. ഇന്നും എത്രയോ രാജ്യങ്ങളില്‍ അങ്ങനെയൊരു സമ്പ്രദായം തന്നെയില്ല. ഇനിയും ഏറ്റവും മഹത്തായതെന്ന്‌ കരുതുന്ന വോട്ടവകാശം ധര്‍മ്മവും അവകാശവുമായി അഭിമാനിക്കുന്നവര്‍ത്തന്നെ അത്‌ നേരാംവണ്ണം ഉപയോഗിക്കുന്നുണ്ടോ?

അതുകൊണ്ടാണ്‌ ഇന്ത്യയിലെ ആ പാര്‍ലമെന്റ്‌ അംഗത്തോടെ ഞാന്‍ നൂറു ശതമാനവും യോജിക്കുന്നത്‌!

വോട്ട്‌ എന്ന ഈ പ്രഹസനം ഇല്ലായിരുന്നപ്പോഴും ഭരണമുണ്ടായിരുന്നു, ഇന്നത്തേപ്പോലെതന്നെ സമര്‍ത്ഥന്‍ ഭരണം കയ്യാളി. അതായത്‌ ഒരു തെരഞ്ഞെടുപ്പ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭരിക്കാന്‍വേണ്ടി ജനിച്ച ഒരു വര്‍ഗ്ഗംതന്നെയുണ്ട്‌. വേണ്ടിവന്നാല്‍ ഏത്‌ `കുതിര'യെയും സെനറ്റിലേക്ക്‌ നിയമിക്കും, അതിന്‌ മാമൂലുണ്ടുതാനും. ഇനിയും സ്വാഭാവികമായി വിവിധ വൈകല്യങ്ങളോടുകൂടിപ്പിറന്ന മറ്റ്‌ മൃഗങ്ങള്‍ക്കുവേണ്ടിയുള്ള മാമൂലുകള്‍ കല്‌പനമൂലം സൃഷ്‌ടിക്കയും ആവാം, ഇന്ത്യയിലെ സംവരണവും അമേരിക്കയിലെ അഫര്‍മേറ്റീവ്‌ ആക്ഷനും പോലെ!

സമ്മതിദായകത്വം ഉപയോഗിച്ച്‌ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത്‌ ചരിത്രപരമല്ല. സ്വതന്ത്രതെരഞ്ഞെടുപ്പ്‌ വേണം, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മരിക്കും എന്നൊക്കെ പറയുന്നവര്‍ ദൈവത്തിന്റെ ഏകാധിപത്യ രാജ്യത്തിനുവേണ്ടി നോക്കിപ്പാര്‍ക്കുന്നവരാണ്‌. അവിടെവിടാ തെരഞ്ഞെടുപ്പ്‌, എവിടെയാ ഈ സ്വാതന്ത്ര്യമോഹികള്‍ ഭരിക്കുന്നത്‌?

ഇന്ന്‌ തെരഞ്ഞെടുപ്പുകളെല്ലാം സുതാര്യമായിട്ടാണോ നടക്കുന്നത്‌? എത്രയെത്ര ഉദാഹരണങ്ങള്‍. നേരെയുള്ള കള്ളവോട്ടിന്റെ കാര്യം പോകട്ടെ, വോട്ടു മറിക്കല്‍, മൊത്തക്കച്ചവടം തുടങ്ങിയവയും പോകട്ടെ. മനുഷ്യനെ പറഞ്ഞുപറഞ്ഞു മയക്കുന്നതിന്‌ എവിടെ നീതീകരണം? റോഡില്‍ക്കൂടി മതിലുകളില്‌ക്കൂടി, ദിനപ്പത്രങ്ങളില്‍ക്കൂടി ദൃശ്യമാദ്ധ്യമങ്ങളില്‍ക്കൂടി ജനങ്ങളെ വട്ടുപിടിപ്പിച്ച്‌ വോട്ടുവാങ്ങി ജയിക്കുന്നതിനെ ജനാധിപത്യമെന്ന്‌ വിളിക്കുന്നത്‌ കേവലം `ഓളമല്ല', രാജ്യദ്രോഹം തന്നെ!

ഒറ്റക്ക്‌ മനുഷ്യര്‍ മിടുമിടുക്കന്മാര്‍, പൊതുജനം ആകുമ്പോള്‍ കഴുതകളും. പ്രാസമൊപ്പിച്ചും ശബ്‌ദം വേണ്ടപോലെ കനപ്പിച്ചും തുടര്‍ന്ന്‌ ലാഘവപ്പെടുത്തിയും വാചകമടിക്കുമ്പോള്‍ വീഴുന്ന മനസ്സുകളെ വിശേഷിപ്പിക്കാന്‍ നമുക്ക്‌ വാക്കുകളില്ല, പക്ഷേ, ഇ.വി. കൃഷ്‌ണപിള്ളക്ക്‌ കഴിഞ്ഞു `പൊതുജനം' എന്ന വാക്കിന്‌ ഒരു ക്ലാസിക്കല്‍ നിര്‍വ്വചനം കൊടുക്കാന്‍.

അപ്പോള്‍ ഈ വോട്ടു നിയന്ത്രണം എവിടെയെങ്കിലും തുടങ്ങേണ്ടേ, അത്‌ ഇസ്ലാം സമൂഹത്തില്‍നിന്നാകുന്നത്‌ ദുരുദ്ദേശത്തോടെയല്ല, ഒന്ന്‌ തുടങ്ങിക്കിട്ടാന്‍. അല്ലെങ്കിലും ഇസ്ലാം-യഹൂദ-ക്രൈസ്‌തവര്‍ ദൈവത്തിന്റെ പരമാധികാരത്തില്‍ വിശ്വസിക്കുന്നവരാണ്‌, അവര്‍ക്കെന്തിന്‌ ഈ ലോകത്തില്‍ വോട്ട്‌. ഇനിയും ബുദ്ധമതക്കാര്‍ മുണ്ഡനം ചെയ്യുന്നതുകൊണ്ടും സിക്കുകാര്‍ മുടി മുറിക്കാത്തതുകൊണ്ടും വോട്ടു നിഷേധിക്കുന്നത്‌ തികച്ചും ന്യായമാണ്‌.

ഓര്‍ക്കുക, ഈ അടുത്തകാലം വരെ, അതായത്‌ പത്തെഴുപത്തിയഞ്ചു വര്‍ഷം മുന്‍പു വരെ, തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ വോട്ടു ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നത്‌ അക്കാലത്ത്‌ നൂറു രൂപായില്‍മേല്‍ നികുതികൊടുക്കുന്ന ജന്മികള്‍ക്കും കച്ചവടക്കാര്‍ക്കുമായിരുന്നു. അതും പുരുഷന്മാര്‍ക്കുമാത്രവും. അപ്പോള്‍ ഒറ്റയടിക്ക്‌ സ്‌ത്രീകളെ വോട്ടര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കുന്നതിനും മാമൂലുണ്ട്‌.

തുടരാം, എണ്‍പതു വയസിനുമേലുള്ളവരെയും ഒഴിവാക്കാം. ഓര്‍മ്മയില്ല, നടക്കാന്‍ വടികുത്തണം, അപ്പോള്‍ ഇത്രയും കഷ്‌ടപ്പെട്ട്‌ വയോധികരെക്കൊണ്ട്‌ എന്തിന്‌ വോട്ട്‌ ചെയ്യിക്കണം? സ്വസ്ഥം `ഗൃഹഭരണം' പോരെ? മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനുപോലും എണ്‍പത്‌ കഴിഞ്ഞവര്‍ക്ക്‌ വോട്ടില്ല.

പ്രായത്തില്‍ വിവേചനം കാണിക്കുന്നുവെന്ന പരാതിയുണ്ടാകരുതല്ലോ, അതുകൊണ്ട്‌ ഇരുപത്തിയഞ്ച്‌ വയസില്‍ താഴെയുള്ളവരെയും ഒഴിവാക്കുക, പക്വതയെത്താത്തവരെന്ന ന്യായത്തില്‍. വര്‍ഷംതോറും ഇരുവശത്തുനിന്നുമുള്ള വൈജാത്യം കുറച്ചുകൊണ്ടും വരാം.

കഷണ്ടിയുള്ളവരെ തലനരച്ചവരെ പൊക്കം കൂടിയവരെ കുറഞ്ഞവരെ എല്ലാം ക്രമേണ ഒഴിവാക്കിയാല്‍ നമുക്ക്‌ ശുദ്ധമായ ഒരു വോട്ടര്‍പ്പടിക തയ്യാറാക്കിയെടുക്കാം. അങ്ങനെ സര്‍വ്വ പാരമ്പര്യവും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാത്തുസംരക്ഷിച്ചുകൊണ്ട്‌ തുടക്കത്തിലേക്കുതന്നെ മടങ്ങിപ്പോകാം.
അങ്ങനെ നമുക്ക്‌ മടങ്ങിപ്പോകാം (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക