Image

അപരിചിതന്‍ പരിചിതനായപ്പോള്‍ (കഥ-സാം നിലമ്പള്ളില്‍)

Published on 30 April, 2015
അപരിചിതന്‍ പരിചിതനായപ്പോള്‍ (കഥ-സാം നിലമ്പള്ളില്‍)
“എന്നെ ഓര്‍മ്മയില്ലേ? താങ്കളെ എനിക്ക്  നല്ലപോലെ അറിയാം.” അയാള്‍ പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ ആലോചനയില്‍ മുഴുകി. എവിടെവെച്ചായിരിക്കും ഇയാളെ കണ്ടിട്ടുള്ളത്? പഴയ സഹപാഠികളില്‍ ആരെങ്കിലും ആയിരിക്കുമോ? പ്രൈമറിക്‌ളാസ്സ് മുതല്‍ ബി.എ. വരെ കൂടെപഠിച്ചിരുന്നവരുടെയെല്ലാം മുഖങ്ങള്‍ മനസില്‍ റീവൈന്‍ഡ് ചെയ്തുനോക്കിയിട്ടും ഇങ്ങനെയൊരാളെ എവിടെയും കണ്ടതായി ഓര്‍മ്മയില്‍ തെളിയുന്നില്ല. സര്‍വീസിലിരുന്ന മുപ്പത്തിരണ്ട് വര്‍ഷക്കാലം സഹപ്രവര്‍ത്തകരായിരുന്ന നൂറുകണക്കിന് അരസികന്മാരുടെ കൂട്ടത്തിലും ഇയാളില്ല. പിന്നെ, വല്ല കാര്യസാധ്യത്തിനും തന്നെ സമീപിച്ച ആയിരക്കണക്കിന് നിവേദകരുടെ കൂട്ടത്തില്‍ ഒരാളായിരിക്കും. അവരെയെല്ലാം ഓര്‍ത്തിരിക്കാന്‍ ഒക്കുന്ന കാര്യമാണോ? ഒരുമനുഷ്യന്‍ തന്നെ ഓര്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ 'ഇല്ല' എന്നുപറയുന്നതിലെ മര്യദകേട് വിചാരിച്ച് 'ശരിക്കങ്ങോട്ട് ഓര്‍മ്മ വരുന്നില്ല' എന്ന് ഞാന്‍പറഞ്ഞു.

“സാറിനെ ഞാന്‍ കുറ്റംപറയില്ല. വയസായാല്‍ എല്ലാവരുടേയുംഗതി ഇതൊക്കത്തന്നെ.” അയാള്‍ തുടര്‍ന്നു. “എന്റെ കാര്യംതന്നെ കേള്‍ക്കണോ? കഴിഞ്ഞദിവസം രണ്ടുപേര്‍ എന്നെതേടിവന്നു; വര്‍ഷങ്ങളോളം എന്നെ പരിചയമുള്ളവര്‍; പലവിധത്തില്‍ ഉപദ്രവിച്ചിട്ടുവര്‍; എന്റെ ശത്രുക്കള്‍. ഞങ്ങളെ ഓര്‍മ്മയുണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ വളരെയധികം ആലോചിച്ചിട്ടും എനിക്ക് സാധിച്ചില്ല. അവസാനം മക്കള്‍ പറഞ്ഞപ്പോളാണ് ഓര്‍മ്മകിട്ടിയത്.”

അയാള്‍ പറഞ്ഞതെല്ലാം സാധാരണമായ കാര്യമാണെന്ന് ഞാന്‍ സമ്മതിച്ചു. തുടര്‍ന്നുള്ള അയാളുടെ അന്വേഷണങ്ങള്‍ക്ക് ഇപ്പോള്‍ റിട്ടയേര്‍ഡ് ലൈഫ് നയിക്കുന്നെന്നും, മക്കളെല്ലാം വിവാഹിതരായി പലവഴിക്ക് പോയെന്നും ഭാര്യയും ഞാനും മാത്രമേ വീട്ടില്‍ താമസമുള്ളെന്നും പറഞ്ഞു.

സംസാരിച്ചുനടന്ന് വീടെത്തിയത് അറിഞ്ഞില്ല. വീടെത്തിയസ്ഥിതിക്ക് ഒന്ന് കയറിയിട്ട്‌പോകാം എന്ന് പറയുന്നതല്ലേ മര്യദ? അല്ലാതെ പലരും ചെയ്യുന്നതുപോലെ 'എന്നാപ്പിന്നെ അങ്ങനെയാകട്ടെ' എന്നുപറഞ്ഞ് കൈവീശിയിട്ട് ഗേറ്റുംപൂട്ടി അകത്തേക്ക് കയറിപ്പോയാല്‍ എന്നെപ്പറ്റി മാന്യവ്യക്തി എന്തായിരിക്കും വിചാരിക്കുക? സംസ്‌കാരമില്ലത്തവന്‍, വീട്ടിലേക്ക് ക്ഷണിച്ചാല്‍ ഒരുഗ്‌ളാസ്സ് നാരങ്ങാവെള്ളമോ അല്ലെങ്കില്‍ ഒരു ചായയോ കൊടുക്കേണ്ടി വരുമല്ലോയെന്ന് കരുതുന്ന ലുബ്ധന്‍. അങ്ങനെയൊന്നും ഒരാള്‍ എന്നെപറ്റി ചിന്തിക്കുന്നത് ഇഷ്ട്ടമില്ലത്തതുകൊണ്ട് വരൂ ഒന്ന് കയറിയിരുന്നിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു.

തിരക്കുണ്ടെങ്കിലും ക്ഷണിച്ചസ്ഥിതിക്ക് കയറാതെ പോകുന്നത് ശരിയല്ലല്ലോ എന്നുപറഞ്ഞ് അയാള്‍ എന്റെ പിന്നാലെവന്നു. ഭര്‍ത്താവിന്റെകൂടെ മറ്റൊരാള്‍ വരുന്നത് കണ്ടതുകൊണ്ടാണ് ശ്രീലത കസേരയില്‍നിന്ന് എഴുന്നേറ്റ് ഭവ്യത പ്രകടിപ്പിച്ചത്.

“ലതേ, ഇത് എന്റെയൊരു പരിചയക്കാരനാ.” അതിഥിയെ പരിചയപ്പെടുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു. എവിടെവെച്ചാണ് എങ്ങനെയാണ് എന്നുള്ളത് അപ്പോഴും എനിക്ക് അവ്യക്തമായിരുന്നു.

ചായ എടുക്കട്ടേയെന്ന് ശ്രീലത ചോദിച്ചപ്പോള്‍ വാച്ചില്‍നോക്കിയിട്ട് നട്ടുച്ച ആയില്ലേ ഇപ്പോഴാണോ ചായ എന്ന് അയാളുടെ മറുപടി. വീട്ടിലെല്ലാവരും കാത്തിരിപ്പുണ്ടെന്നും താന്‍ ചെന്നിട്ടേ അവര്‍ ഊണ് കഴിക്കത്തുള്ളെന്നും തുടര്‍ന്ന് അയാള്‍ പറഞ്ഞു. ഒരു ഉപചാരത്തിനെങ്കിലും ചോറുണ്ടിട്ട് പോകാമെന്ന് ശ്രീലത ക്ഷണിക്കാത്തതെന്താണെന്ന് അതിശയിച്ചിരിക്കുമ്പോള്‍ അതിഥി ലോകകാര്യങ്ങളിലേക്ക് എന്റെ ശ്രദ്ധതിരിച്ചു. “ എന്താ ഒരു ചൂട്. ഇക്കണക്കിന് പോയാല്‍ കേരളം മരുഭൂമിയായി മാറാന്‍ അധികകാലം വേണ്ടിവരികയില്ല.” കോഫിടേബിളില്‍കിടന്ന ഒരു മാസികയെടുത്ത് വീശിക്കൊണ്ട് അയാള്‍ പറഞ്ഞതിനോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നില്ല.

“അതെങ്ങനാ കേരളംമൊത്തം കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ലേ? മരങ്ങളെല്ലാം വെട്ടിക്കളഞ്ഞു. റോഡെല്ലാം ടാറുചെയ്തു. എങ്ങനെ ചൂട് കൂടാതിരിക്കും.” ശ്രിലതയുടെ അഭിപ്രായംകേട്ട് അയാള്‍ മുകളിലേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഞങ്ങടെവീടും കോണ്‍ക്രീറ്റ് ചെയ്തതാണല്ലോയെന്നോര്‍ത്ത് ഞാന്‍ പ്രതികരിച്ചില്ല. സ്വന്തംവീട് കോണ്‍ക്രീറ്റ് ചെയ്തിട്ടാണോ ഇവള്‍ മറ്റുള്ളവരെ പഴിക്കുന്നത്?

ആഗോളതാപനത്തെ പറ്റിയായിരുന്നു അയാള്‍ക്ക് പിന്നീട് പറയാനുണ്ടായിരുന്നത്. “ലോകം അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ വിപത്താണ് ആഗോളതാപനം. ധ്രുവങ്ങളിലെ മഞ്ഞ് ഉരുകിക്കഴിഞ്ഞാല്‍ കടലിലെ ജലനിരപ്പ് ഉയരും. തഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. മാലദ്വീപ് കടലിനടിയിലാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞത് കേട്ടിട്ടില്ലേ?”

അയാള്‍ പറയുന്നതെല്ലാം സത്യമാണെന്ന് അറിയാവുന്നതുകൊണ്ട് തലകുലുക്കി സമ്മതിക്കാനേ എനിക്ക് ആകുമായിരുന്നുള്ളു. ശ്രീലതയും എല്ലാം കേട്ടുകൊണ്ടിരുന്നു. “തീഗോളം പറന്നിറങ്ങിയത് പത്രത്തില്‍ വായിച്ചില്ലേ? ആകാശത്തില്‍നിന്നും അഗ്നിഗോളം ഭൂമിയില്‍ പതിക്കുമെന്നും ജീവജാലങ്ങള്‍ വെന്തുരികി നശിക്കുമെന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ്. ഓ! നിങ്ങള്‍ ഹിന്ദുക്കളാണല്ലേ? മുറ്റത്തെ തുളസിത്തറ കണ്ടപ്പോളാണ് എനിക്കത് മനസിലായത്. നിങ്ങടെ വേദങ്ങളിലും ലോകാവസാനത്തെപ്പറ്റി പറയുന്നുണ്ടല്ലോ. ഞാനൊരു ക്രിസ്ത്യാനിയാണെങ്കിലും എല്ലാ മതങ്ങളേയും സ്‌നേഹിക്കുന്നവനാണ്. സോറി, എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. എന്റെപേര് ഗ്രിഗറി. ഞങ്ങള്‍ പുരാതനകാലം മുതല്‍ ക്രിസ്ത്യാനികളാണ്.”

സംസാരത്തില്‍ മുഷിപ്പ് തോന്നിയതുകൊണ്ടാകണം വിഷയം മാറ്റാമെന്ന് ശ്രീലത വിചാരിച്ചത്. 

“വീട്ടില്‍ ആരൊക്കെയുണ്ട്?” അവള്‍ ചോദിച്ചു.

 പെട്ടന്നുതന്നെ ഗൗരവം ഭാവിച്ചകൊണ്ട് അയാള്‍ പറഞ്ഞു, “എല്ലാവരുമുണ്ട്. ധാരാളംപേരുള്ള വലിയൊരു തറവാടാണ് ഞങ്ങടേത്. ചുറ്റും മതില്‍കെട്ടുള്ള ഒരു കോമ്പൗണ്ടിലാണ് ഞങ്ങടെ വീട്. ഗേറ്റില്‍ പോലീസ് കാവലുണ്ട്. കാര്യങ്ങള്‍ നോക്കാന്‍ വാര്‍ഡന്മാരും സൂപ്രണ്ടുമുണ്ട്. അവിടുത്തെ ചില വാര്‍ഡന്മാരാണ് കഴിഞ്ഞദിവസം എന്നെത്തേടിവന്നത്. ഓടി രക്ഷപെട്ടതുകൊണ്ട് എന്നെ പിടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈവീട് ഇപ്പോള്‍ എനിക്ക് സ്വന്തംപോലെ ആയതുകൊണ്ട് ശിഷ്ടകാലം ഇവിടെ കഴിയാനാണ് എന്റെ ഉദ്ദേശം.”

അയാളുടെ യുക്തിയില്ലാത്ത സംഭാഷണംകേട്ട് ഞാന്‍ ഭാര്യയേയും അവള്‍ എന്നേയും നോക്കി.

“അല്ല, എന്താണ് നിങ്ങള്‍ പറഞ്ഞുവരുന്നത്?” പരിഭ്രമിച്ചാണെങ്കിലും ഞാന്‍ ചോദിച്ചു. “ആരാ നിങ്ങള്‍? എന്നെ പരിചയമുണ്ടെന്ന് പറഞ്ഞത് വെറുതേയല്ലേ? 

എന്റെ ചോദ്യംകേട്ട് അയാള്‍ ഉറക്കെ ചിരിച്ചു. “നല്ല ചോദ്യം! ഞാന്‍ ആരാണ്? ഈ ചോദ്യംതന്നെയാണ് മഹാന്മാരെല്ലാം സ്വയം ചോദിച്ചിട്ടുള്ളത്.  ആറാം തമ്പുരാനില്‍ മോഹന്‍ലാലും ചോദിച്ചിട്ടുണ്ട് ഇതേചോദ്യം. അവരെപ്പോലെതന്നെ എനിക്കും ഉത്തരം കണ്ടുപിടിക്കാന്‍  ആയിട്ടില്ല.

“നിങ്ങള്‍ ആരെങ്കിലും ആയിക്കൊള്ളട്ടെ. ഇത് നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിങ്ങടെ വീടല്ല; ഇവിടെ താമസിക്കാനും പറ്റില്ല.” ധൈര്യം സംഭരിച്ചുകൊണ്ട് ശ്രീലത പറഞ്ഞു.

അതുകേട്ട് അയാള്‍ വീണ്ടും ചിരിച്ചു, “ഇതുനല്ല തമാശ. എന്റെ വീട്ടില്‍ താമസിക്കാന്‍ നിങ്ങടെ അനുവാദംവേണോ? എന്റെകൂടെ താമസിക്കാന്‍ വയ്യെങ്കില്‍ നിങ്ങള്‍ക്ക് വേറെ എങ്ങോട്ടെങ്കിലും പോകാം.”

കാര്യം പന്തിയല്ലെന്ന് തോന്നിയതുകൊണ്ടാണ് ശ്രീലത അകത്തേക്ക് പോയത്. അവള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. കുറെ സമയം കഴിഞ്ഞപ്പോള്‍ ഒരു പോലീസ് ജീപ്പ് ഗേറ്റില്‍വന്ന് നിന്നതുകണ്ട എന്റെ അതിഥി എഴുന്നേറ്റ് മുറ്റത്ത്ചാടി. പക്ഷേ, പോലീസുകാര്‍ നിമിഷംകൊണ്ട് അയാളെ പിടികൂടിക്കഴിഞ്ഞിരുന്നു. പിടിച്ചുവലിച്ച് കൊണ്ടുപോകുമ്പോള്‍ ഒരു പലീസുകാരന്‍ പറഞ്ഞു. “ഭ്രാന്താശുപത്രീന്ന് ചാടിയതാ. അഞ്ചാറ് ദിവസങ്ങളായി ഞങ്ങള്‍ അന്വേഷിച്ച് നടക്കുകയായിരുന്നു. വിളിച്ചറിയിച്ചതിന് നന്ദി.”

 “വഴിയില്‍കണ്ട ഭ്രാന്തന്മാരെയെല്ലാം വീട്ടില്‍ കയറ്റിക്കൊണ്ടുവരാന്‍ നിങ്ങള്‍ക്കും ഭ്രാന്തുണ്ടെന്നാ തോന്നുന്നത്.” ശ്രീലതയുടെ ശകാരംകേട്ട് ഞാന്‍ മിണ്ടാതിരുന്നതേയുള്ളു.

സാം നിലമ്പള്ളില്‍
sam3nilam@yahoo.com.

അപരിചിതന്‍ പരിചിതനായപ്പോള്‍ (കഥ-സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക