സ്വപ്‌നഭൂമിക (നോവല്‍ : 23- മുരളി.ജെ.നായര്‍)

മുരളി.ജെ.നായര്‍ Published on 02 May, 2015
 സ്വപ്‌നഭൂമിക (നോവല്‍ :  23- മുരളി.ജെ.നായര്‍)

ഇരുപത്തിമൂന്ന്
എതിരേ സോഫയിലിരിക്കുന്ന മകന്റെ മുഖത്തേക്ക് റോസമ്മ ഉറ്റുനോക്കി. ഇതുപോലൊരു പ്രതികരണമല്ല അനിലില്‍ നിന്നു പ്രതീക്ഷിച്ചത്. അവനോടു സംസാരിച്ചാലെങ്കിലും മനസിനു സമാധാനം കിട്ടുമെന്നു കരുതി.
'ഞാന്‍ ഡാഡിയോടും ഇതുതന്നെയാ പറയാറുള്ളത്,'  അനിലിന്റെ ശബ്ദത്തില്‍ വല്ലാത്ത കാര്‍ക്കശ്യം. ഇപ്പോള്‍ വേവലാതി പിടിച്ചതുകൊണ്ട് കാര്യമില്ല.'
'എന്തുചെയ്യണമെന്നാ മോനേ നീ പറയുന്നത്'?
'ഞാന്‍ പറയുന്നത് ആരെങ്കിലും എന്നെങ്കിലും കേട്ടിട്ടൊണ്ടോ?'
അനിലിന്റെ സ്വരം ഉയരുന്നതറിഞ്ഞു. വളരെ ദേഷ്യം വരുമ്പോഴേ അവന്‍ ഇങ്ങനെ സ്വരമുയര്‍ത്തി സംസാരിക്കാറുള്ളൂ.
'എല്ലാവര്‍ക്കുമങ്ങ് ധൃതിയല്ലായിരുന്നോ സന്ധ്യയുടെ കല്യാണം നടത്താന്‍. എന്തോ വലിയ കാര്യം സാധിക്കുന്ന ഭാവമല്ലായിരുന്നോ മമ്മിക്കും ഡാഡിക്കും?'
അനിലിന്റെ തുളഞ്ഞുകയറുന്ന നോട്ടം നേരിടാനാകാതെ തലകുനിച്ചു.
'മറ്റു മലയാളികള്‍ എന്തു പറയുമെന്നല്ലേ എപ്പഴും നിങ്ങടെ പേടി? സ്വന്തം മകളുടെ അഭിപ്രായം എന്നെങ്കിലും നോക്കീട്ടുണ്ടോ?'
അനില്‍ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. വീണ്ടും തന്റെ നേരെ തിരിഞ്ഞു.
'മക്കളെ നാട്ടില്‍ക്കൊണ്ടുപോയി ഒരിക്കലും കണ്ടിട്ടില്ലാത്തവരെക്കൊണ്ടു കല്യാണം കഴിപ്പിക്കുന്നത് വലിയ വിജയമായിട്ടല്ലേ നിങ്ങളൊക്കെ കരുതുന്നത്? അല്ലാതെ മക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്നാരെങ്കിലും ഓര്‍ത്തിട്ടുണ്ടോ?'
'മോനേ!'
ഉറക്കെ വിളിച്ചുപോയി.
'ദേഷ്യപ്പെടാതെ മമ്മീ, ഇപ്പഴും മമ്മിയുടെ പേടി മലയാളികള്‍ അറിഞ്ഞാല്‍ എന്താകുമെന്നല്ലേ? അല്ലാതെ നമ്മുടെ സന്ധ്യയ്ക്ക് എന്തു സംഭവിക്കുമെന്നല്ലല്ലോ?'
'അതിന് എന്റെ പുന്നാരമോനെങ്കിലും മലയാളികളെ വകവയ്ക്കാതെ എല്ലാം ഭംഗിയായി ചെയ്യുന്നുണ്ടല്ലോ!'
അനില്‍ തെല്ലിട മൗനത്തിലായി.
'ലുക്ക് മമ്മീ, ഞാന്‍ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല, സോറി!'
അനില്‍ മുകളിലേക്കുള്ള പടികള്‍ കയറുന്നത് നിസ്സഹായതയോടെ നോക്കിയിരുന്നു.
വിനോദില്‍ നിന്ന് ഇതു പ്രതീക്ഷിച്ചതല്ല. അവന്‍ സന്ധ്യയെ തല്ലാന്‍ കൈ ഓങ്ങിയത്രെ. അവള്‍ മദ്യപാനത്തെപ്പറ്റി പറഞ്ഞു ദേഷ്യപ്പെട്ടതാണത്രെ കാരണം.
ഇന്നു രാവിലെ വിനോദ് ജോലിക്കു പോയതിനു ശേഷമാണ് അവള്‍ ഇക്കാര്യം തന്നോടു പറഞ്ഞത്.
'ഐ ക്യാന്റ് ലിവ് വിത്് ഹിം എനിമോര്‍,' സ്വന്തം മകളുടെ വാക്കുകള്‍ തന്നെയോ എന്ന് ഒരു നിമിഷം സംശയം തോന്നിപ്പോയി.
'എന്താ മോളേ ഞാനീ കേള്‍ക്കുന്നത്? '
'അതേ മമ്മീ, ആലോചിച്ചു തന്നെയാ പറയുന്നത്. ഇന്നലെ രാത്രീലാണെങ്കില്‍ ഞാന്‍ ഒട്ടും ഉറങ്ങിയിട്ടില്ല.'
ദൈവമേ!
'മമ്മിയേം ഡാഡിയേം വിളിച്ചുണര്‍ത്തി സംസാരിച്ചാലോ എന്നുവരെ ആലോചിച്ചതാ.'
എന്താണിനി പറയുക, ഒരു നിമിഷം പരുങ്ങി.
'ഇനി അയാളിങ്ങനെ പെരുമാറിയാല്‍ എനിക്കു ചിലതു ചെയ്യേണ്ടിവരും.'
'സന്ധ്യേ!'
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
'മമ്മിയെന്തിനാ ദേഷ്യപ്പെടുന്നെ? ഇതൊക്കെ കേക്കുമ്പം സന്തോഷം തോന്നണ്ടതല്ലേ? നാട്ടില്‍ നിന്നു പാടുപെട്ടു കണ്ടുപിടിച്ച സണ്‍ ഇന്‍ലായുടെ കേമത്തം!'
പെരുവിരലില്‍ നിന്നും ഒരു തരിപ്പ്, പക്ഷേ അടുത്ത ക്ഷണം തന്നെ സമനില വീണ്ടെടുത്തു.
'മോളേ, ഭാര്യയും ഭര്‍ത്താവുമാകുമ്പം ചില സൗന്ദര്യപ്പിണക്കങ്ങളൊക്കെ ഉണ്ടാകും'
'സൗന്ദര്യപ്പിണക്കമോ? തല്ലാന്‍ വന്നാണോ സൗന്ദര്യപ്പിണക്കം തീര്‍ക്കുന്നേ? മമ്മിക്കും ഇതൊന്നും മനസിലാകാത്തതാണു കഷ്ടം. ഡാഡിയുടെ കൂടെ ജീവിച്ച് ഇങ്ങനെയായതാ, അല്ലേ?'
'മോളേ, നീ അതിരുകടക്കുന്നു!'
അല്പനേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
'ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം,' വീണ്ടും സന്ധ്യയുടെ വാക്കുകള്‍. എന്നെ എന്തെങ്കിലും ചെയ്താല്‍ പോലീസില്‍ കംപ്ലയിന്റ് ചെയ്യും.'
മകളുടെ വാക്കുകള്‍ കേട്ട്് വീണ്ടും ഞെട്ടി.
'ഞാന്‍ കാര്യമായിട്ടു തന്നെ പറയുകയാ. കുറേ ദിവസം ജയിലില്‍ കെടക്കുമ്പം നേരെയാകും.'
എന്തു മറുപടി പറയണമെന്നറിയാതെ അന്തംവിട്ടിരുന്നു പോയി.
'ഇതൊന്നും ഇപ്പോള്‍ മമ്മിയോടു പറയേണ്ട, എന്ന് ആദ്യം വിചാരിച്ചതാണ്. ബട്ട് ഐ ക്യാന്റ് ടേക്ക് ഇറ്റ് മമ്മി!'
അവള്‍ കരച്ചിലിന്റെ വക്കത്താണെന്നുതോന്നി.
മോളോടു ചേര്‍ന്ന് നിന്ന് തോളില്‍ മെല്ലെ കൈവച്ചു.
'ഞാന്‍ പറേന്നതൊന്നു കേള്‍ക്ക് മോളേ, അവന്റെ ജോലിയിലെ കുഴപ്പം കൊണ്ടല്ലേ ഈവക പ്രശ്‌നങ്ങളൊക്കെ ഉണ്ടായത്. ഇപ്പോള്‍ പുതിയ ജോലി ആയില്ലേ. അതില്‍ ഒന്നു സെറ്റില്‍ ആയിക്കഴിഞ്ഞാല്‍ എല്ലാം നേരെയാകും. മോള്‍ അല്പം കൂടി ക്ഷമിക്ക്്.'
'ഹും!'
സന്ധ്യ അകന്നു മാറി.
'എനിക്ക് ക്ലാസിനു പോകണം,' തിരിഞ്ഞു നടന്നുകൊണ്ടു പറഞ്ഞു.
കരുതലോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണ്. അമേരിക്കയില്‍ വളരുന്ന കുട്ടികളെ മാതാപിതാക്കള്‍ പോലും തല്ലുന്നതു വളരെ സൂക്ഷിച്ചാണ്. ശിക്ഷാര്‍ഹമായ കുറ്റമാണു ചൈല്‍ഡ് അബ്യൂസ്. നാടന്‍രീതിയില്‍ കുട്ടികളെ 'നേരെയാക്കാന്‍' ശ്രമിച്ച ചില മലയാളി മാതാപിതാക്കള്‍ക്ക് കോടതി കയറേണ്ടതായി വന്നിട്ടുണ്ട്.
പുസ്തകസഞ്ചിയെടുത്ത് സന്ധ്യ വാതില്‍ തുറന്ന് ഇറങ്ങിപ്പോകുന്നത് നിസ്സഹായതയോടെ നോക്കിയിരുന്നു.
പല ഇന്ത്യന്‍ കുടംബങ്ങളിലും, വിശേഷിച്ച് മലയാളി കുടുംബങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നമാണ്, നാട്ടില്‍നിന്ന് വിവാഹം കഴിച്ചു കൊണ്ടുവരുന്ന ജീവിതപങ്കാളിയുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥ.
സന്ധ്യ പോയതിനുശേഷം വളരെക്കഴിഞ്ഞാണ് മനസ് ഒന്നു സമനിലയിലായത്. കാടുകയറുന്ന ചിന്ത, അച്ചായനോട് ഇതേപറ്റി പറയുകയേ വേണ്ടെന്നാണ് ആദ്യം കരുതിയത്. എന്തായിരിക്കും പ്രതികരണം എന്നറിയില്ലല്ലോ.
അച്ചായന്‍ വീട്ടിലെത്തി. വളരെനേരമായിട്ടും ഇതെപ്പറ്റി ഒന്നും പറയാതെ കടിച്ചു പിടിച്ചു നടന്നു. ഊണു കഴിക്കുന്നതിനിടയില്‍ കാര്യം അവതരിപ്പിക്കേണ്ടി വന്നു.
'നീയാ അവളെ ഇത്രയും വഷളാക്കിയത്,' ഒരു പൊട്ടിത്തെറിയായിരുന്നു.
'അതിന് അവളെന്തു ചെയ്തു?'
'ഒന്നും ചെയ്തില്ല അല്ലേ?' പെണ്‍മക്കളെ അടക്കവും ഒതുക്കവും ഉള്ളവരായി വളര്‍ത്തിയില്ലെങ്കില്‍ ഇതൊക്കെ വരാവുന്നതാ.'
വിശ്വസിക്കാന്‍ പ്രയാസം തോന്നി. സന്ധ്യയുടെ കുറ്റംകൊണ്ട് എന്തോ സംഭവിച്ചതുപോലെയാണ് സംസാരം. എന്താ ഈ മനുഷ്യനോടു പറയുക?
'ആണുങ്ങളെ കൂടുതല്‍ ഭരിക്കാന്‍ നോക്കരുത്. അവന്‍ അല്പം ബിയറോ മറ്റോ കുടിച്ചെന്നുവെച്ച് അമ്മയും മോളുംകൂടെ എന്തൊരു ബഹളമായിരുന്നു?'
അപ്പോ അതാണു കാരണം!
'ആദ്യം ചെയ്തിരുന്ന ജോലി അവനിഷ്ടപ്പെട്ടില്ല. അതിനെന്താ വേറെ ശരിയാക്കിക്കൊടുത്തു. അവനൊന്നു നേരെ നില്ക്കട്ടെ. അതിനു മുമ്പ് അമ്മയും മോളും കൂടെ ഇങ്ങനെ വിറളിപിടിച്ചാലോ?'
അന്തം വിട്ടിരുന്നുപോയി.
'ഇത്രയൊക്കെ ആയതു മതിയായില്ലേ?' വീണ്ടും അച്ചായന്‍ സ്വരമുയര്‍ത്തി.' ഇനിയെങ്കിലും അമ്മയും മോളും ഒന്നടങ്ങ്. ബാക്കിയുള്ളവര്‍ക്കു കുറച്ചു സൈ്വര്യം കിട്ടട്ടെ.'
അച്ചായന്റെ നോട്ടം നേരിടാനാകാതെ തലകുനിച്ചിരുന്നു.
'എന്നിട്ട് പുന്നാരമോള്‍ക്ക് എന്ത് സാരോപദേശം കൊടുത്തു?' അച്ചായന്റെ പരിഹാസം നിറഞ്ഞ ചോദ്യം.
'നിങ്ങളെവിടെയാരുന്നു? എന്താ, മോളെ നേരെ ചൊവ്വേ വളര്‍ത്താമായിരുന്നില്ലേ?'
അച്ചായന്‍ മുഖമുയര്‍ത്തി തറപ്പിച്ചു നോക്കി.
ഫോണ്‍ബെല്ലടിച്ചു. അതു നന്നായെന്നു തോന്നി.
ഊണുകഴിഞ്ഞ് അധികം താമസിയാതെ അച്ചായന്‍ ഇറങ്ങിപ്പോകുകയും ചെയ്തു, കടയിലേക്കെന്നു പറഞ്ഞ്.
അതിനുശേഷമാണ് അനില്‍ വന്നത്.
അവനോടും ഒന്നു പറയേണ്ടാ എന്നു കരുതിയതാണ്. വിനോദിന്റെ പുതിയ ജോലിയെപ്പറ്റിയും മറ്റും പറയുന്നതിനിടയിലാണ് ഇന്നലത്തെ സംഭവം പറയേണ്ടി വന്നത്. അതിന് അവന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.
എന്താണാവോ താന്‍ അനുഭവിക്കുന്ന വിഷമം ആരും മനസിലാക്കാത്തത്!
മൂന്നുദിവസമേ ആയിട്ടുള്ളൂ വിനോദ്, മോട്ടലില്‍ ജോലിക്കു പോയിത്തുടങ്ങിയിട്ട്. വലിയ കുഴപ്പമില്ലാത്ത സെറ്റപ്പ് ആണെന്ന് അച്ചായന്‍ പറഞ്ഞിരുന്നു.
ഫ്രാഞ്ചൈസ് ഫുഡ്‌സ്റ്റോറിലെ ജോലി വിനോദ്  അങ്ങേയറ്റം വെറുത്തിരുന്ന കാര്യം സന്ധ്യ പറഞ്ഞാണ് അറിഞ്ഞത്.
 അനില്‍ താഴേക്കിറങ്ങി വന്നു.
'മമ്മി ഇന്നു ജോലിക്കുപോകുന്നില്ലേ?'
'ഇല്ല. സിക്കു വിളിക്കാന്‍ പോകുകയാ.'
ഈവനിങ് ഡ്യൂട്ടിയാണ്. എന്നാല്‍ ജോലിക്കുപോകാന്‍ ഒട്ടും മനസുവരുന്നില്ല.
'എന്തു പറ്റി?'
'പ്രത്യേകിച്ച് ഒന്നുമില്ല. നല്ല സുഖം തോന്നുന്നില്ല. പിന്നെ ലീവ് ഒത്തിരി കിടപ്പുണ്ടുതാനും.'
'ഡാഡി എപ്പഴാ വരുന്നത്?'
'അറിയില്ല. കടയിലേക്കെന്നും പറഞ്ഞാ പോയത്.'
'ഞാന്‍ വിനോദിനോടു സംസാരിക്കണോ?' അല്പനേരത്തെ മൗനത്തിനുശേഷം അനില്‍ വീണ്ടും.
'എന്തു സംസാരിക്കാന്‍?'
'അതോ,' അനില്‍ ചിരിച്ചു. 'അമേരിക്ക അയാള്‍ ജനിച്ചുവളര്‍ന്ന കേരളമല്ലെന്നും ഇവിടുത്തെ നിയമങ്ങളും കാര്യങ്ങളും ഒക്കെ കുറേ വ്യത്യസ്തമാണെന്നും പറഞ്ഞു മനസിലാക്കാം.'
അല്പനേരത്തേക്ക് തന്റെ പ്രതികരണമൊന്നും കേള്‍ക്കാതായപ്പോള്‍ അനില്‍ വീണ്ടും.
'ഞാന്‍ പറയുന്നത് അവനു മനസിലായില്ലെങ്കില്‍ മനസിലാകുന്ന രീതിയില്‍ തന്നെ പറയാം,' അനില്‍ വീണ്ടും ചിരിച്ചു, കുറേക്കൂടി ഉച്ചത്തില്‍.
വല്ലാത്ത പേടിതോന്നി, അനിലിന്റെ പറച്ചിലും ചിരിയും കേട്ടപ്പോള്‍. എന്താണാവോ ഇവന്‍ ഉദ്ദേശിക്കുന്നത്. തന്റെ അങ്കലാപ്പ് അനിലിനു മനസിലായെന്നു തോന്നുന്നു.
'മമ്മി പേടിക്കേണ്ട. ഞാന്‍ ഒന്നും പറയാന്‍ പോകുന്നില്ല. എത്രത്തോളം പോകുമെന്നു നോക്കട്ടെ.'
'നീയൊന്നും പറയേണ്ട. ഞാന്‍ സൗകര്യംപോലെ ഒന്നു സംസാരിച്ചു നോക്കാം.'
'വിനോദ് എപ്പോള്‍ വരും?'
'മൂന്നര മണി കഴിയും.'
'ഈ ജോലി എങ്ങനെയുണ്ട്?'
'വലിയ കുഴപ്പമില്ലെന്നാ തോന്നുന്നത്,' പട്ടേല്‍ നല്ലവനാ. സ്വന്തം അനിയനെപ്പോലെ വിനോദിനെ കരുതിക്കോളാമെന്നാണ് അയാള്‍ അച്ചായനോടു പറഞ്ഞത്.
'അവിടെയും പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു.' അനില്‍ ആത്മഗതം പോലെ പറഞ്ഞു.
ഡ്രൈവ് വേയില്‍ കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം.
അച്ചായന്‍ അകത്തേക്കു കയറിവന്നു.
'ഹായ് ഡാഡ്!'
'നീയെപ്പോള്‍ വന്നു?'
'കുറേനേരമായി ഡാഡീ.'
അച്ചായന്‍ തന്റെയും അനിലിന്റെയും നേരെ മാറിമാറി നോക്കിക്കൊണ്ട് സോഫയില്‍ ഇരുന്നു.
'കാര്യങ്ങളൊക്കെ അറിഞ്ഞോ?'
'ഞാന്‍ മമ്മിയുമായി അതേപ്പറ്റി സംസാരിക്കുകയായിരുന്നു,' അല്പ നേരത്തെ മൗനത്തിനുശേഷം അനില്‍ പറഞ്ഞു.
വീണ്ടും നിശ്ശബ്ദത, കൊടുങ്കാറ്റിനു മുമ്പത്തെ ശാന്തതയാണെന്നു തോന്നി.
'ഐ ഹാവ് റ്റു ഗോ,' അനില്‍ പോകാനായി എഴുന്നേറ്റു. 'എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ ഉടനെ വിവരമറിയിക്കണം.'
അനില്‍ പുറത്തേക്കിറങ്ങി കതകടയ്ക്കുന്നത് ഒരു വിങ്ങലോടെ നോക്കിയിരുന്നു.


 സ്വപ്‌നഭൂമിക (നോവല്‍ :  23- മുരളി.ജെ.നായര്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക