Image

സാറാമ്മ ഉമ്മന്റെ സാരോപദേശപാഠങ്ങള്‍- ഡി.ബാബുപോള്‍

ഡി.ബാബുപോള്‍ Published on 02 May, 2015
സാറാമ്മ ഉമ്മന്റെ സാരോപദേശപാഠങ്ങള്‍- ഡി.ബാബുപോള്‍
'ആത്മശോധനയുടെ വഴിയില്‍' എന്ന ലഘുകൃതിയില്‍ ശ്രീമതി സാറാമ്മ ഉമ്മന്‍, പാറയ്ക്കല്‍ ഈശ്വരഹിതം സ്വജീവിതത്തില്‍ പ്രായോഗികമാക്കുന്നതിന് സഹായിക്കുന്ന ചില ആശയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആദ്യപാപമായ അനുസരക്കേട് അധികപാപമായ കൊലപാതകത്തില്‍ എത്തിച്ചേരാന്‍ ഒരു തലമുറയെ വേണ്ടിവന്നുള്ളൂ. അതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതം മനുഷ്യമനസ്സില്‍ വന്ന മാറ്റമാണ്. ഈശ്വരസാന്നിധ്യം അനുഭവിച്ച മനുഷ്യര്‍ അവിടെ നിന്ന് അകന്നതോടെ അവിശുദ്ധിയുടെ പ്രലോഭനങ്ങള്‍ അവനെ വേട്ടയാടാന്‍ തുടങ്ങി.
ജാനാമിധര്‍മ്മം നചമേ പ്രവൃത്തി
ജാനാമ്യധര്‍മ്മം നചമേ നിവൃത്തി
എന്ന് ദുര്യോധനനും താന്‍ ഇച്ഛിക്കുന്നതിനെയല്ല പകെയ്ക്കുന്നതിനെയത്രെ ചെയ്യുന്നത് എന്ന് പൗലോസും(റോമര്‍ 7:15) പറയുമ്പോള്‍ ഈ ദുരവസ്ഥയാണ് സൂചിതം.
1963 ലെ ഐ.എ.എസ്. പരീക്ഷയില്‍ ഇംഗ്ലീഷില്‍ ഉപന്യസിക്കാന്‍ കിട്ടിയ വിഷയങ്ങളില്‍ ഞാന്‍ തിരഞ്ഞെടുത്തത് Man is Still an adolescent എന്നതായിരുന്നു. കൗമാരപ്രായത്തില്‍ നാം ആദര്‍ശങ്ങളില്‍ ആകൃഷ്ടരാവുകയും ആരംഭശൂരത്വം അടയാളപ്പെടുത്തുന്ന ആദ്യനാളുകള്‍ക്കൊടുവില്‍ ആദര്‍ശരാഹിത്യത്തിലേയ്‌ക്കോ മറ്റൊരാദര്‍ശത്തിലേയ്ക്കാ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. മാനവകുലവും ആ മട്ടിലാണ്. ഒരു ശ്രീബുദ്ധന്‍ വരും. അതിന്റെ പിറകെ ഇറങ്ങിത്തിരിക്കും. പിന്നെ ഒരു ശ്രീയേശു വരും. അപ്പോഴും ധര്‍മ്മപാതയിലേയ്ക്ക് തിരിയും. പിന്നെ ഒരു നബി വരും. പിന്നെ അതിനായി ഹരം. കണ്‍ഫ്യൂഷസില്‍ നിന്ന് സോക്രട്ടീസിലേയ്ക്കും സോക്രട്ടീസില്‍ നിന്ന് ശങ്കരനിലേയ്ക്കും ശങ്കരനില്‍ നിന്ന് കാന്റിലേയ്ക്കും ഊഞ്ഞാലാടുന്ന സര്‍ക്കസ് കലാകാരനാണ് മനുഷ്യന്‍. ഈ പോക്കുവരവുകള്‍ കൗമാരകാലത്തെ അഭിനിവേശങ്ങളുടെ സൂചകങ്ങളാണ്. അതുകൊണ്ട് Man is Still only an adolescent എന്നായിരുന്നു ഞാന്‍ സമര്‍ത്ഥിച്ചത്.

ഗ്രന്ഥകര്‍ത്രി ഗ്രന്ഥോദ്ദേശ്യത്തില്‍ പറയുന്നത് ഇങ്ങനെ വായിക്കുന്നു നാം:...' ധര്‍മ്മത്തില്‍ നിന്ന് നാം ചിലപ്പോഴൊക്കെ വ്യതിചലിച്ചു പോകാറുണ്ട്. ഈ വ്യതിചലനത്തെ എത്രയും വേഗം തിരിച്ചറിഞ്ഞ് ശരിയായ ദിശയിലേയ്ക്ക് മടങ്ങിവരുന്നതിന് ആത്മശോധനയുടെ വഴിയിലൂടെ നാം നിരന്തരം സഞ്ചരിയ്‌ക്കേണ്ടതുണ്ട്.' ഇങ്ങനെ ആത്മശോധന നടത്തുന്നതിന് അടിസ്ഥാനമാനദണ്ഡമായി സ്വീകരിക്കേണ്ടത് ബൈബിള്‍ ആണ് എന്ന് ഗ്രന്ഥകര്‍തൃ വിശ്വസിക്കുന്നു. അതു കൊണ്ട് ബൈബിളിലെ വിവിധങ്ങളായ ദൂതുകളിലൂടെയും ജ്ഞാനോപാസന പാതകളിലൂടെയും ആത്മശോധന എന്ന പ്രക്രിയയെ സഹായിക്കുന്നതിനാണ് ഈ കൃതി നിര്‍മ്മിച്ചിട്ടുള്ളത്. പതിനൊന്ന് ലേഖനങ്ങളിലായി പതിനൊന്ന് വിളക്കുമാടങ്ങള്‍ സമ്മാനിക്കുകയാണ് രചയിതാവ്.

ആദ്യലേഖനത്തില്‍ പൗലോസിന്റെ ജീവിതാനുഭവങ്ങളാണ് പഠനവിഷയം. ദമസ്‌ക്കോസിലേയ്ക്കുള്ള യാത്രയില്‍ തുടങ്ങുന്ന അനുഭവങ്ങള്‍ എത്രയോ വിധിവിപര്യയങ്ങളിലൂടെയും കൃഷ്ണശുകഌപക്ഷങ്ങളിലൂടെയും കടന്നു പോവുന്നു എന്ന് നാം ഇവിടെ കാണുന്നു. ഉദാസീനത കൂടാതെ അധ്വാനിക്കുന്നവരാണ് ലക്ഷ്യം പ്രാപിക്കുന്നത്. പൗലോസിന്റെ ജീവിതത്തെയും പത്രോസിന്റെയും യോഹന്നാന്റെയും വാക്കുകളെയും ആശ്രയിച്ച് ഈ ആശയം സുതാര്യമാക്കിയിരിക്കുന്നു.

ദൈവവചനത്തിന്റെ ബലമാണ് ഒരദ്ധ്യായത്തിലെ പ്രതിപാദ്യമെങ്കില്‍ അനുതാപപൂരിതമായ ഹൃദയമാണ് മറ്റൊന്നിലെ വിഷയം. ഇങ്ങനെ വിഷയവൈവിദ്ധ്യം കൊണ്ട് ആകര്‍ഷകമായ ഈ കൃതി മലങ്കരസഭയിലെ അംഗങ്ങളുടെ ആധ്യാത്മികാഭ്യുന്നതിക്ക് ഉതകുന്ന ആശയങ്ങള്‍ കൊണ്ട് സമ്പന്നവുമാണ്.

നമ്മുടെ സഭാജീവിതം ആധ്യാത്മികഭാവങ്ങളെ അസ്തപ്രഭമാക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങളാല്‍ കലുഷിതമാക്കപ്പെട്ടിരിക്കുന്നു. ഫെയ്‌സ്ബുക്കിലും സഭാസ്‌നേഹപ്രചോദിതമായ സൈറ്റുകളിലും യുവാക്കള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും അവ കൈകാര്യം ചെയ്യുന്ന രീതികളും ആയതിലേയ്ക്ക് ഉപയോഗിക്കുന്ന ഭാഷയും നമ്മുടെ രണ്ടായിരംകൊല്ലത്തെ പാരമ്പര്യത്തെ തൃണമൂലാക്കുന്നതാണ്. ഇതില്‍ കക്ഷിഭേദമില്ല. സാറാമ്മ ഉമ്മന്‍ പുസ്തകം വായിക്കാന്‍ നമ്മുടെ യുവതയ്ക്ക് സന്ദര്‍ഭം ലഭിച്ചാല്‍ സഭാജീവിതം സിംഹാസനമോ, ഭദ്രാസനമോ അല്ല എന്ന് അവരറിയും, വാശിയും വൈരാഗ്യവും ആയി നടക്കുന്നവര്‍ വായിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവര്‍ വേദപുസ്തകം പോലും വായിക്കാത്തവരാണ്. അതുകൊണ്ട് അവരുടെ അമ്മമാരും ഭാര്യമാരും പെങ്ങന്മാരും ഇത് വായിക്കട്ടെ. പിണ്ഡത്തെ മുഴുവന്‍ പുളിപ്പിക്കുന്ന അസാരം പുളിമാവ് ആയി സഭയിലെ സ്ത്രീകള്‍ പരിണമിക്കട്ടെ.

സുറിയാനിക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ നമ്മുടെ സ്ത്രീകള്‍ക്ക് പത്തിരുനൂറ് കൊല്ലമായി ലഭിച്ച പൊതുവിദ്യാഭ്യാസത്തിന്റെ ഫലമാണ്. വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാനനായകരിലൊരാളായി വാഴ്ത്തപ്പെടുന്ന പി.ഏ.പൗലോസ് കോറെപ്പിസ്‌ക്കോപ്പ കോറുസോ ദശറോറോ(1904-87) സ്ത്രീസ്വാധീനത്തെക്കുറിച്ച് പറയുമ്പോള്‍ ചൂണ്ടിക്കാണിച്ചിരുന്ന ഉദ്ദാഹരണം കൂനന്‍കുരിശ് സത്യമാണ്. 1653-ല്‍ ആയിരുന്നുവല്ലോ ഇന്ത്യയിലെ ആ ആദ്യസ്വാതന്ത്ര്യസമരം. അന്ന് ശരാശരി ആയുര്‍ദൈര്‍ഘ്യം 20-22 വയസ്സാണ് അതായത് 1599-ല്‍ ഉദയബേരൂരില്‍ മെനെസിസ് വിജയകാഹളം മുഴക്കിയപ്പോള്‍ കീഴടക്കപ്പെട്ടവരില്‍ ആരും കൂനന്‍കുരിശിലെ ആലാത്തില്‍  തൊട്ടിരിക്കാനിടയില്ല. ആ അരനൂറ്റാണ്ടുകാലം ലത്തീന്‍ മേധാവിത്തത്തിനെതിരെ ഒരു വാക്ക് ഉരിയാടാന്‍  അനുവാദം ഉണ്ടായിരുന്നില്ല. പിന്നെ കൂനന്‍കുരിശില്‍ സത്യം ചെയ്യാന്‍ ചേര്‍ന്ന ജനങ്ങള്‍ അതല്ല തങ്ങളുടെ വിശ്വാസം എന്ന് അറിഞ്ഞത് എങ്ങനെ എന്നായിരുന്നു കോറെപ്പിസ്‌ക്കോപ്പാ വിശദീകരിച്ചത്. മലങ്കര സഭയിലെ ഓരോ സ്ത്രീയും കുഞ്ഞിന് മുലകൊടുത്തപ്പോള്‍ അമ്മിഞ്ഞപ്പാലിനൊപ്പം ഓതിക്കൊടുത്തു: 'മോനേ, ഇതല്ല നമ്മുടെ വിശ്വാസം; ഇവര്‍ നമ്മെ കീഴടക്കിയവരാണ്; നീയൊക്കെ വളര്‍ന്നിട്ട് വേണം സഭയെ രക്ഷിക്കാന്‍.' അങ്ങനെ കേട്ടുവളര്‍ന്ന തലമുറയാണ് ഒരു പരിധി കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗീസ് പീരങ്കികളെ നിശ്ശബ്ദമാക്കുമാറ് ആലാത്ത് കെട്ടി സത്യം ചെയ്തത്. അമ്മമാര്‍ മനസ്സ് വച്ചില്ലെങ്കില്‍ ഒരച്ചനും ഒരു മെത്രാനും സഭയെ രക്ഷിക്കാനാവുകയില്ല എന്ന് പറയുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്ത ആ ഉല്പതിഷ്ണു.
1990 ല്‍ ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ് വനിതകളുടെ ഒരു സെമിനാര്‍ കെ.സി.സി.യുടെ ഉത്സാഹത്തില്‍ തിരുവനന്തപുരത്ത് നടന്നു. രണ്ട് കക്ഷികളിലെയും വിദ്യാസമ്പന്നരായ സ്ത്രീകളുടെ ആ സഭയില്‍ എന്റെ സ്വര്‍ഗസ്ഥപത്‌നി നിര്‍മ്മലയാണ് ഒരു പ്രധാനപ്രബന്ധം അവതരിപ്പിച്ചത്. പൗലോസ് ഗ്രീഗോറിയോസ് തിരുമേനി കല്പിച്ചതനുസരിച്ചായിരുന്നു അത്. ആ പ്രബന്ധത്തില്‍ നിന്ന്: 'റിവോള്‍വിങ് റസ്‌റ്റോറന്റില്‍ ഇരിക്കുകയാണ് സ്ത്രീ. പുറത്തെ ദൃശ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തന്റെ കസേരയും തന്റെ മുന്നിലെ മേശയും അതിന് മേലുള്ള പ്‌ളേറ്റും ഒക്കെ ആപേക്ഷികമായി മാറ്റമില്ലാതെ നിലകൊള്ളുന്നു. അതുകൊണ്ട് പുറത്തെ ചലനങ്ങള്‍ അവളില്‍ കൗതുകത്തിനപ്പുറമുള്ള ഒരു പ്രതികരണവും സൃഷ്ടിക്കുന്നില്ല. എന്നുവച്ചാല്‍ ആദ്യം ഉണ്ടാകേണ്ടത് സ്ത്രീകളിലാണ്. ഇന്ന് ഇതൊക്കെ ഒരു കൊച്ചമ്മവിപ്‌ളവം ആയി പരിമിതപ്പെടുന്നതായാണ് തോന്നുന്നത്. അത് മാറണമെങ്കില്‍ അനുസ്യൂതമായ ബോധവല്‍ക്കരണം വേണം.'
ശ്രീമതി സാറാമ്മ ഉമ്മന്റെ കൃതി സ്ത്രീകളെ മാത്രം അല്ല ലക്ഷ്യമിടുന്നത്. അവര്‍ ഉള്‍പ്പെടുന്ന സഭാവിഭാഗത്തിന്റെ കാര്യം മാത്രം അല്ല അവര്‍ പറയുന്നതും. എന്നല്ല, ബൈബിള്‍ അടിസ്ഥാനരേഖയായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കൃതിയിലെ ആശയങ്ങളെ അത് പരിമിതിപ്പെടുത്തുന്നുമില്ല. എല്ലാ ഈശ്വരവിശ്വാസികള്‍ക്കും സ്വീകാര്യമായ സദുദ്ദേശ്യലേഖനങ്ങളാണ് ഓരോന്നും. ഒരുദ്ദാഹരണം കാണുക. ഉദ്ധരിക്കുന്നു.

ഭൗതികജീവിതരംഗത്ത് നമ്മെ സ്വാധീനിക്കുന്ന ഒഴുക്കുകള്‍ നിരവധിയാണ്. ധനമോഹം, സ്ഥാനമോഹം, വമ്പ്, പ്രതാപം, ആഢംബരം, സമൂഹത്തിലെ മാന്യതയ്ക്കും അംഗീകാരത്തിനും വേണ്ടിയുള്ള നേട്ടോട്ടം, സ്വാര്‍ത്ഥതാല്പര്യങ്ങളുടെ സംരക്ഷണം, അന്യരുടെ നീതിനിഷേധം, സ്വാതന്ത്ര്യധ്വംസനം, തന്നെക്കാള്‍ ചെറിയവനെ ചൂഷണം ചെയ്ത് സ്വതന്ത്ര്യലാഭം ഉറപ്പാക്കുക, അന്യായമാര്‍ഗ്ഗത്തിലൂടെ ആദായമുണ്ടാക്കുക, തനിക്കുള്ളതൊക്കെയും തനിക്കും കുടുംബത്തിനും തലമുറകള്‍ക്കും അനുഭവിക്കാന്‍ മാത്രമുള്ളതാണ് എന്ന സ്വാര്‍ത്ഥചിന്ത, എളിയവനെ ആദരിക്കാത്ത മനോഭാവം എന്നിവയെല്ലാം നമ്മിലെ ദൈവിക നന്മയെ ഒഴുക്കിക്കളയുന്ന ശക്തമായ ഒഴുക്കുകളാണ്.
ഉദ്ധരണി ഇവിടെ അവസാനിക്കുമ്പോള്‍ മതാതീതവും മതനിരപേക്ഷവും ആയ മൂല്യശ്രേണിയാണ് ഗ്രന്ഥകാരിയുടെ മനസ്സില്‍ എന്ന് വ്യക്തമാവുന്നു. ആ മൂല്യങ്ങളുടെ സാക്ഷാത്ക്കാരം സുസാദ്ധ്യമാക്കുവാന്‍ വേണ്ട ആയുധങ്ങള്‍ അവര്‍ക്ക് പരിചയം ഉള്ള മതപശ്ചാത്തലത്തില്‍ നിന്ന് അവര്‍ കണ്ടെത്തുന്നു എന്ന് മാത്രം.

എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവുകയില്ല എന്ന് ക്രിസ്തുവും ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും ശക്തിയുള്ളവനാകുന്നു എന്ന് പൗലോസും പറഞ്ഞിട്ടുണ്ട്. യോഹന്നാന്റെ സുവിശേഷത്തില്‍(15:5) ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിച്ചാല്‍ അവന്‍ വളരെ ഫലം കായിക്കും എന്ന് വായിക്കുന്നു. ഇനി ഏകശ്ലോകീഗീത വായിക്കുക. അതായത് ഭഗവദ്ഗീതയിലെ ആ അവസാനശ്ലോകം.

യത്ര യോഗേശ്വരം: കൃഷ്ണ യത്ര പാര്‍ത്ഥോ ധനുര്‍ധര:
തത്ര ശ്രീര്‍വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ എന്നാണ്. എവിടെ മനുഷ്യന്‍ തന്റെ സിദ്ധികളുമായി പ്രപഞ്ചത്തിന് മുഴുവന്‍ ആശ്രയമായ ഈശ്വരന് ചെവി കൊടുക്കുന്നുവോ അവിടെയാണ് ആത്മീയ തേജസ്സും ഭൗതികൈശ്വര്യവും ഉണ്ടാകുന്നത് എന്ന് ഏകദേശമായി അര്‍ത്ഥം കല്പിക്കാം. ഗീത പരിചയം ഉള്ളവര്‍ക്ക് അതാവാം; രാമായണം അറിയുന്നവര്‍ക്ക് അതാവാം. സാറാമ്മ ഉമ്മന് പരിചയം വേദപുസ്തകമാണ്. അത് അവര്‍ ആശയസംവേദനത്തിന് ഉപയോഗിക്കുന്നു എന്നേ ഉള്ളൂ. അതായത് ഏത് മതത്തില്‍ പെട്ടവര്‍ക്കും അവരവരുടെ മതങ്ങളിലെ ബിംബകല്പനകളും വേദഗ്രന്ഥങ്ങളും ഉപയോഗിച്ച് ഗ്രഹിക്കാന്‍ കഴിയുന്ന സാരോപദേശതത്വങ്ങളാണ് 'ആത്മശോധനയുടെ വഴിയില്‍' തെളിയുന്ന വിളക്കുമാടങ്ങള്‍ വിളംബരം ചെയ്യുന്നത്.

സാറാമ്മ ഉമ്മന്റെ സാരോപദേശപാഠങ്ങള്‍- ഡി.ബാബുപോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക