Image

ടോം നീറുങ്കല്ലിന്റെ മാതാവിന്റെ നിര്യാണവും ചില ക്രൈസ്തവ പൊങ്ങച്ചങ്ങളും (ലേഖനം: രാജു മൈലപ്ര)

രാജു മൈലപ്ര Published on 30 April, 2015
ടോം നീറുങ്കല്ലിന്റെ മാതാവിന്റെ നിര്യാണവും ചില ക്രൈസ്തവ പൊങ്ങച്ചങ്ങളും  (ലേഖനം: രാജു മൈലപ്ര)
ഞങ്ങളുടെ പ്രിയ മാതാവ്(92) ഈ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മണ്ണാരക്കുളഞ്ഞി പകലോമറ്റം നീറുങ്കല്‍ കുടുംബാംഗമാണ്.

പരേതയുടെ മൂത്തപുത്രന്‍ ടോം നീറുങ്കല്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനാണ്. ന്യൂയോര്‍ക്കിലെ വിവിധ മലയാളി സംഘടനകളുടെ പ്രസിഡന്റായും, സെക്രട്ടറിയായും, ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ പദവി അദ്ദേഹത്തിന്റെ ഒരു വീക്ക്‌നെസ് ആയതുകൊണ്ട്, മിസ്റ്റര്‍ നീറുങ്കല്‍ ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ് മെംബറായി തുടരുകയാണ്. ആത്മീയ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം പ്രകാശം പരത്തുന്നുണ്ട്. ഈ വര്‍ഷം ഇടവക ട്രസ്റ്റിയായി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും, ആണ്ടു കുമ്പസ്സാരം നടത്തിയില്ല എന്നൊരു മുടന്തന്‍ കാരണം പറഞ്ഞ് ഇടവക വികാരി പത്രിക തള്ളി. പാപം ചെയ്യാത്ത താന്‍ കുമ്പസ്സാരിക്കേണ്ട കാര്യമില്ലെന്നു ശ്രീമാന്‍ നീറുങ്കല്‍ വാദിച്ചു നോക്കിയെങ്കിലും, മുന്‍വൈരാശ്യം കാരണം വികാരി വഴങ്ങിയില്ല. അടുത്ത വര്‍ഷത്തെ ട്രസ്റ്റിയാകുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. കുമ്പസ്സാരിക്കുവാന്‍ വേണ്ടി മാത്രം അല്ലറ ചില്ലറ പാപങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകന്‍ ഒരു ഇറ്റലിക്കാരി മദാമ്മയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

പരേതയുടെ രണ്ടാമത്തെ മകന്‍ ചാക്ക് നീറുങ്കല്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മലയാള സാഹിത്യകാരനാണ്. കഥ, കവിത കൂടാതെ കാമ്പുള്ള ലേഖനങങളും ചാക്കിന്റെ തൂലികയ്ക്കു വഴങ്ങുന്നുണ്ട്. അദ്ദേഹം അവധിയ്ക്ക് നാട്ടില്‍ എത്തുമ്പോഴൊക്കെ നാട്ടുകാര്‍ പൗരസ്വീകരണം നല്‍കാറുണ്ട്. കൈയില്‍ നിന്നും പണമിറക്കി ചാക്കു തന്നെയാണ് ഈ സ്വീകരണങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ചിലര്‍ പറഞ്ഞു പരത്തുന്നത് അസൂയ കൊണ്ടാണ്.

കേട്ടു കേഴ് വി പോലും ഇല്ലാത്ത പേരില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കല്യാണ്‍ സില്‍ക്ക്‌സിന്റെ ഒരു ബ്രാഞ്ച് തുടങ്ങത്തക്കതു പോലെ ധാരാളം പൊന്നാടകള്‍ പുതപ്പിച്ച്, പല സംഘടനകളും ചാക്കിന്റെ കുളിരു മാറ്റിയിട്ടുണ്ട്. ചാക്ക് നീറുങ്കല്‍ അടിച്ചു മാറ്റിയ അഞ്ചു ഡോളര്‍ ഫലകങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ സ്വീകരണമുറിയുടെ ഭിത്തികള്‍ ശ്വാസം മുട്ടുകയാണ്. മകളായ മിനി തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹമോചിതയാണ്. മിനിക്കുട്ടിയുടെ എക്‌സ് ഭര്‍ത്താവ് മടിയനും, മദ്യപാനിയും, വ്യഭിചാരിയുമാണ്. മറ്റു ബാദ്ധ്യതകളൊന്നുമില്ലാത്ത അവര്‍ പുനര്‍വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഏതായാലും ഇനിയും ഒരബദ്ധം പറ്റാതെ ഭാവിവരനാകുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുമായി ഡേറ്റിംഗ് തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ അമ്മച്ചിയുടെ ശവസംസ്‌കാരത്തിനു നേതൃത്വം കൊടുത്ത വലിയ തിരുമേനിയോടും, അകമ്പടി സേവിച്ച കൊച്ചുതിരുമേനിമാരോടും, മറ്റു പുരോഹിതന്മാരോടുമുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. വലിയ തിരുമേനിയുടെ റേറ്റ് അല്പം കൂടുതലാണെന്ന് ചില അല്പ വിശ്വാസികള്‍ പറഞ്ഞു പരത്തുന്നുണ്ട്. അമ്മച്ചിയുടെ ഡെഡ് ബോഡി, വയ്പു പല്ലുള്‍പ്പെടെ ഫിറ്റു ചെയ്തു മോടി പിടിപ്പിച്ച മിറക്കിള്‍ ബ്യൂട്ടി പാര്‍ലറിനോടും, വീഡിയോഗ്രാഫി, ആധുനിക ഗ്രാഫിക്‌സ് ഉള്‍പ്പെടെ ചെയ്തു തന്ന ഇമേജ് വീഡിയോ സ്റ്റുഡിയോടുമുള്ള നന്ദിയും അറിയിക്കുന്നു. അമ്മച്ചി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു പറക്കുന്ന ആ സീന്‍ വളരെ നന്നായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ സന്തോഷപൂര്‍വ്വം പങ്കെടുത്ത എല്ലാവര്‍ക്കും മണ്ണാരക്കുളഞ്ഞി പകലോമറ്റം നീറുങ്കല്‍ കുടുംബത്തിന്റെ പേരില്‍ ഒരിക്കല്‍ക്കൂടി നന്ദി.

അറിയിപ്പ്:  കഴിഞ്ഞ ലക്കത്തില്‍ ചേര്‍ത്തിരുന്ന ചരമ വാര്‍ത്തയില്‍ പരേതയുടെ പേരു വിട്ടുപോയതില്‍ ഖേദിക്കുന്നു. കൊച്ചു കത്രീന എന്നാണ് പരേതയുടെ പേര്.
അല്പം സ്വകാര്യം: അമേരിക്കയില്‍ വന്നതിനുശേഷം എല്ലാവരും പേരൊന്നും പരിഷ്‌ക്കരിച്ചു. തോമ്മച്ചന്‍ ടോമും, ചാക്കോച്ചന്‍ ചാക്കും, കൊച്ചമ്മണി മിനിയുമായി രൂപാന്തരം പ്രാപിച്ചു. മക്കളെ കഷ്ടപ്പെട്ടു പഠിപ്പിച്ചു എന്നതൊഴിച്ചാല്‍, കാര്യമായ കാര്യമൊന്നും ചെയ്യാത്തതുകൊണ്ടാണ് തന്തപ്പടിയുടെ പേര് ഒഴിവാക്കിയത്.

ചരിത്രമല്ലാത്ത ചരിത്രം.
ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും സംശയാലുവായിരുന്ന പരിശുദ്ധ തോമ്മാശ്ലീഹാ, കേരളത്തില്‍ വന്നുവെന്നും, ചില ചെപ്പടി മാജിക്കുവേലകള്‍ കാണിച്ച് പകലോമറ്റം, കള്ളി, കാളിയാങ്കല്‍, ശങ്കരപുരി എന്നീ ആഢ്യബ്രാഹ്മണ കുടുംബാംഗങ്ങളെ, സ്‌നാനം കഴിപ്പിച്ച് ക്രിസ്തുമതത്തില്‍ ചേര്‍ത്തുവെന്നാണ് ഐതീഹ്യം. ഇതുകേട്ടാല്‍ തോന്നും അതുവരെ കേരളത്തിലെ നമ്പൂതിരിമാര്‍ നനയ്ക്കാതെയും കുളിക്കാതെയും നടക്കുകയായിരുന്നെന്ന്. തോമ്മാശ്ലീഹാ കേരളത്തില്‍ വന്നുവെന്നതിന് ചരിത്രപരമായി യാതൊരു തെളിവുമില്ല.

പതിനാറാം നൂറ്റാണ്ടുമുതലാണ് പോര്‍ട്ടിഗീസുകാരുടെ നിര്‍ബന്ധപ്രകാരം കേരള ക്രിസ്ത്യാനികള്‍ ചരിത്രം എഴുതുവാന്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഇതിനെ പാണന്‍ പാടിയ പഴംപാട്ടുകളുടെ ബലത്തില്‍വേണം വിലയിരുത്തുവാന്‍ ശരിയായി ആലോചിച്ചാല്‍, തോമ്മാശ്ലീഹാ കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ തന്നെയും പകലോമറ്റം, ശങ്കരപുരി തുടങ്ങിയ ബ്രാഹ്മണ കുടുംബങ്ങളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുവാനുള്ള സാദ്ധ്യത വളരെ കുറവാണ്. കാരണം, നമ്പൂതിരിമാര്‍ പഴയകാലത്ത് ഇല്ലങ്ങളിലും മനകളിലും സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങള്‍ 
അനുഭവിച്ചാണ് കഴിഞ്ഞു  പോന്നത്. പൂജാദി കര്‍മ്മങ്ങളും, ഹോമബലികളും, സുരപാനവും, ചിട്ടവട്ടത്തോടു കൂടിയ സംഭീര സദ്യകളും- സന്ധ്യയ്ക്ക് നീലിഭൃംഗാദി എണ്ണ തേച്ചൊരു കുളിയും കഴിഞ്ഞ്, കുംഭനിറയെ ശാപ്പാടുമടിച്ചു കയറ്റി, നാലു കൂട്ടി ഒന്നു മുറുക്കി, ചൂട്ടും കത്തിച്ച് തെക്കോട്ടോ, വടക്കോട്ടോ ഏതെങ്കിലും ഇഷ്ടമുള്ള ഒരു ദിക്കിലേക്കു നടന്ന്, ഇഷ്ടപ്പെട്ട ഒരു അച്ചിക്ക് കൂട്ടു കിടന്നിട്ട്, കിഴക്കുണരും മുന്‍പേ, തിരിച്ചു കൂടണയുക എന്നതായിരുന്നു ഒരു പതിവ്.

അത്തരം സുഖലോലുപരായി ജീവിച്ചു പോന്നിരുന്ന നമ്പൂതിരിമാര്‍, താടിയും മുടിയും വളര്‍ത്തി, നീളന്‍ കുപ്പായവുമിട്ട്, കൈയിലൊരു കോലും പിടിച്ച് ഒരു വിദേശി വന്ന്, ' വരുവീന്‍ മതം മാറുവീന്‍' എന്നു പറഞ്ഞാല്‍ വിവരമുള്ള ആരെങ്കിലും ആ മണ്ടത്തരത്തില്‍ ചാടുമോ?- സാധുക്കളായ കുറച്ചു ആദിവാസികളേയും, ദളിതരേയും(അവര്‍ മോശക്കാരാണെന്നല്ല ഉദ്ദേശിക്കുന്നത്) പഴയതുണിയും, പാല്‍പ്പൊടിയും കൊടുത്ത് മതം മാറ്റിയിട്ടുണ്ടാവണം. ഇവരുടെ പിന്‍ഗാമികളാണ് ഇന്ന് പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയങ്കല്‍ തുടങ്ങിയ പാരമ്പര്യം പറഞ്ഞ് ഞെളിഞ്ഞുനടക്കുന്നത്. ഈ പേരുകളൊക്കെ ആദിവാസി ഊരുകളുടെ പേരു പോലെയാണു എനിക്കു തോന്നുന്നത്. അതുകൊണ്ട് അധികം ഞെളിഞ്ഞിട്ടു കാര്യമില്ല. 'ചമഞ്ഞാലും ചക്കി, ചക്കി തന്നെ!'
ടോം നീറുങ്കല്ലിന്റെ മാതാവിന്റെ നിര്യാണവും ചില ക്രൈസ്തവ പൊങ്ങച്ചങ്ങളും  (ലേഖനം: രാജു മൈലപ്ര)
Join WhatsApp News
Eappachi 2015-05-06 14:04:55
പതിവ് പോലെ തകര്ത് തരിപ്പണം ആക്കി ..  ഇവിടുത്തെ പല വീരന്മാര്ക്കും കൊണ്ട് കാണുമെന്നു തോന്നുന്നു .. പൊളിച്ചു അടുക്കി കൊടുത്തില്ലേ ..   അതുകൊണ്ട് ഒന്ന് സൂക്ഷിച്ചു നടന്നോ ... ഇരുട്ടടി കിട്ടാൻ ചാൻസുണ്ട് ..    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക