HOTCAKEUSA

ഞാനും പുലിയച്ചനും കൂടി.... രാജു മൈലപ്രാ

രാജു മൈലപ്രാ Published on 05 May, 2015
ഞാനും പുലിയച്ചനും കൂടി.... രാജു മൈലപ്രാ
പണ്ടു പണ്ടു നടന്ന ഒരു സംഭവകഥ ഓര്‍മ്മിച്ചു. പമ്പാനദിയുടെ കുറുകെയുള്ള വടശ്ശേരിക്കര പാലം ഒന്നു കുലുങ്ങി. ആ കാലത്ത് വടശ്ശേരിക്കര വനനിബിഡമായിരുന്നു. വൈകുന്നേരമായപ്പോള്‍ ഒരു ചുണ്ടെലി രണ്ടെണ്ണം വീശിയിട്ട് ചുവന്ന തോര്‍ത്തു കൊണ്ട് തലയിലൊരു കെട്ടുകെട്ടി, കാജാബീഡി പുകച്ചു കൊണ്ട് വടശ്ശേരിക്കര ചന്തയിലിറങ്ങി ഒരു വിലസു വിലസി: 'അറിഞ്ഞാരുന്നോടാ നായിന്റെ മക്കളെ.... ഞാനും പുലിയച്ചനും കൂടി പാലം കുലുക്കിയത്. ഏതവനെങ്കിലും കണ്ടോടാ കഴുവറട മക്കളേ... കളി ഞങ്ങളോടു വേണ്ടാ- ഇനി കളിച്ചാല്‍ ഞാനും പുലിയച്ചനും കൂടി പാലം തകര്‍ക്കും-' നീട്ടിയൊരു തുപ്പു തുപ്പിയിട്ട് ചുണ്ടെലി ഏതോ മാളത്തിലൊളിച്ചു.

ഈ കഥ ഇപ്പോള്‍ ഓര്‍ക്കുവാന്‍ ഒരു കാരണമുണ്ട്. മാവോയിസ്റ്റു നേതാവിനേയും അയാളുടെ ഭാര്യയേയും പോലീസ് കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റു ചെയ്തു. കേരളാ, തമിഴ്‌നാട്, ആന്ധ്രാ സംയുക്ത പോലീസ് സേനയാണ് ഈ മാവോയിസ്റ്റ് നേതാവിനേയും കൂട്ടരേയും കുടുക്കിയത്. ഇതു കേരളാ പോലീസിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ നിമിഷമാണേ്രത! കഴിവുള്ള ചുണക്കുട്ടന്മാര്‍ അവരെ പിടിച്ചപ്പോള്‍, അതിന്റെ ക്രെഡിറ്റ് എടുക്കുവാന്‍ നമ്മുടെ ബുദ്ധിരാക്ഷസനായ ആഭ്യന്തരമന്ത്രി ഒട്ടും അമാന്തിച്ചില്ല. കഴിഞ്ഞ കുറേ കാലമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നേ്രത! എന്നാല്‍പ്പിന്നെ പതിവു ശൈലിയില്‍ വലവിരിച്ചങ്ങു പിടിച്ചാല്‍ പോരായിരുന്നോ?

മഹാത്മാഗാന്ധി സര്‍വ്വകലാശാല എല്‍.എല്‍.എം. പരീക്ഷക്ക് കോപ്പിയടിച്ച തൃശ്ശൂര്‍ റേഞ്ച് ഐ.ജി.യെ. അധികൃതര്‍ പിടികൂടി. ഇതു കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് ആഭ്യന്തര മന്ത്രി. ഇതു കേട്ടാല്‍ തോന്നും കേരളാ അസംബ്ലിയില്‍ മന്ത്രിമാരും, എം.എല്‍.എ.മാരും.
'അധരം അമൃത ജലശേഖരം
.........................
എന്തൊരുന്മാദം, എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍, അഴകേ ഒന്നാകുവാന്‍'
എന്ന് പാട്ടിന്റെ അകമ്പടിയോടു കൂടി നടത്തിയ കിള്ളിപറിക്കലും, കടിച്ചു പറിയും, പ്രേമസല്ലാപവും, ജൗളിപൊക്കലും മറ്റും കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തിയെന്ന്! പരീക്ഷക്ക് തുണ്ടു കടലാസ് ഉപയോഗിച്ചു കോപ്പിയടിച്ചതിനെക്കുറിച്ച് എ.ഡി.ജി.പി. അന്വേഷിക്കും- കോപ്പിയടിച്ച സര്‍വകലാശാല വൈസ് ചാന്‍സലറെ, ഐ.ജി. തൊണ്ടിയോടുകൂടി പിടികൂടി എന്നായിരിക്കും, തുണ്ടു കടലാസ്സില്‍ തയ്യാറാക്കുന്ന അന്തിമറിപ്പോര്‍ട്ട്- ഇത്ര കഷ്ടപ്പെട്ട് കോപ്പിയടിക്കണ്ട കാര്യമൊന്നും മന്ത്രിക്കില്ലായിരുന്നു. നമ്മുടെ വിദ്യാഭ്യാസ മന്ത്രിയോടൊന്നു പറഞ്ഞിരുന്നെങ്കില്‍, റാങ്കോടു കൂടി പാസാകാമായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാത്ത കുട്ടികളെപ്പോലും ഉയര്‍ന്ന ഗ്രേഡില്‍ വിജയിപ്പിച്ച ഉദാരമനസ്‌ക്കനാണദ്ദേഹം!
ആഭ്യന്തര മന്ത്രിയുടെ അഭിപ്രായം കേട്ടാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി നടന്ന നാണക്കേടാണിതെന്നു തോന്നും!

പാവം പിടിച്ച സെക്യൂരിറ്റിക്കാരനെ ലക്ഷറി കാറിടിപ്പിച്ചു കൊലപ്പെടുത്തിയ വന്‍ ബിസിനസുകാരനെ രക്ഷപ്പെടുത്തുവാന്‍ പോലീസ് മേധാവി തന്നെ ശ്രമിക്കുന്നു എന്നാണ് നമ്മുടെ പഴയ ചീഫ് വിപ്പ് പാടിക്കൊണ്ടു നടക്കുന്നത്. സ്വാമിക്കു പ്രത്യേക താല്പര്യമുള്ള കേസാണേ്രത ഇത്!'- കൊലപാതകം കഴിഞ്ഞയുടനെ സെക്യൂരിറ്റിക്കാരന്റെ മരണമൊഴി പോലും രേഖപ്പെടുത്താതെ, പ്രതിയുടെ ആഢംബര കാറില്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ബാംഗ്ലൂര്‍ക്കു നടത്തിയ വിനോദയാത്ര കേരളാ പോലീസിന്റെ കീര്‍ത്തി ഉയര്‍ത്തിയ ഒരു സംഭവമാണ്. സംഗതിയെന്തായാലും ബിസിനസുകാരനു ജയിലിലും പരമസുഖമാണ്. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന നെയ്‌ച്ചോറും, ആടുബിരിയാണിയുമേ അദ്ദേഹം കഴിക്കുകയുള്ളൂ.
സ്വര്‍ണ്ണക്കള്ള കടത്തുകാരനു വേണ്ടി ജയിലിലെ ഭക്ഷണശാല ഇടിച്ചു നിരത്തി, ടെന്നീസ് കോര്‍ട്ട് ഉണ്ടാക്കിക്കൊടുത്തത്, കേരളാ പോലീസിന്റെ തലയില്‍ ഒരു പൊന്‍തൂലുകൂടി ചാര്‍ത്തിയ സംഭവമാണ്.

സോളാറു കൊണ്ടു പ്രകാശം പരത്തിയ പെണ്‍കുട്ടിയും, പാവങ്ങളുടെ വസ്തുവകകള്‍ വഞ്ചനയിലൂടെ തട്ടിയെടുത്ത മുഖ്യന്റെ പ്രിയ ഗണ്‍മോനും, പോലീസുകാരുടെ തോളില്‍ കൈയിട്ടുകൊണ്ടാണ് നടപ്പ്. മന്ത്രിമാരുമായി എടാ, പോടാ ബന്ധമാണവര്‍ക്ക്. ഇവര്‍ക്ക് പോലീസിന്റെ ഏതാപ്പീസിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം- ഉടക്കെന്തെങ്കിലും പറഞ്ഞാല്‍ കാസര്‍ക്കോട്ട് സ്ഥലം മാറ്റം ഉടനടി ഉറപ്പ്!

കോഴപ്പണത്തില്‍ മുങ്ങിക്കുളിച്ചു നടക്കുന്ന മന്ത്രിമാരുടെ മുന്നില്‍ ഓഛാനിച്ചു നില്‍ക്കുകയും, അവരെ സല്യൂട്ട് ചെയ്യേണ്ട ഗതി- കേട്ടും ഉള്ള പോലീസില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കണ്ടാ ഇതു താന്‍ കേരളാ പോലീസ്!

ഞാനും പുലിയച്ചനും കൂടി.... രാജു മൈലപ്രാ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക