മലയാളത്തിന്റെ സൗമ്യ സരസ്വതിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി.
കത്തുന്ന അവബോധത്തിന്റെ ഒരു കണത്തിൽ നിന്നും സഹസ്രസംശോഭിതമായ സൂര്യതേജസ്സാർജ്ജിക്കുന്നവയാണ് അദ്ദേഹത്തിന്റെ കവിതകൾ.
“എല്ലാവരും വിഷ്ണു എന്ന് എന്നെ വിളിക്കുന്നു. ഈ ഞാൻ കേവലം ഒരു സർവ്വനാമം മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. എന്റെ കവിതയും അങ്ങനെ തന്നെ” എന്ന് അദ്ദേഹം സ്വയം വിലയിരുത്തുന്നു.
“വാമനനായി പിറന്ന് വിക്രമനായി വളർന്ന് മൂവുലകവും രണ്ട് ചുവടുകൾ കൊണ്ട് കീഴടക്കിയ വിഷ്ണുവിന്റെ കഥ പുരാണപ്രസിദ്ധം. ഇവിടെ ഈ കൊച്ചു കേരളത്തിൽ ജനിച്ചു വളർന്ന മറ്റൊരു വിഷ്ണു ഇതാ ഈരടികൾ കൊണ്ട് മൂവുലകും വ്യാപിച്ചു നിൽക്കുന്നു.
ആനന്ദവാദം
മുത്തച്ഛനും അമ്മാവനും നാവിൻ തുമ്പിൽ മധുരമായി ചാലിച്ചത് ഭാരത സംസ്കാരവും വേദങ്ങളും ഇതിഹാസങ്ങളും ആയിരുന്നു. സാമൂഹിക പരിഷ്കർത്താവും അനാചാരങ്ങൾക്കെതിരെ പൊരുതുകയും ഭാരതം മുഴുവൻ കാൽനടയായി സഞ്ചരിക്കുകയും ചെയ്ത അമ്മാവനായ വിഷ്ണു, വിഷ്ണുനാരായണന്‍ നമ്പൂതിരിയെ സ്വധീനിച്ചിരുന്നു.
വാല്മീമീകിയും, വ്യാസനും, കാളിദാസനും ശങ്കരാചാര്യനും ടാഗോറും നാരായണഗുരുവും ആശാനും വള്ളത്തോളും ഇടശ്ശേരിയും. എൻവിയും, ജിയും, കക്കാടും വൈലോപ്പിള്ളിയും ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സും യേറ്റ്സും എല്ലാംവിഷ്ണുവിന്റെ ബൗദ്ധികതലത്തെ തേജോമയമാക്കി. ഇവയിൽ നിന്നും സ്വാംശീകരിച്ച ഊർജ്ജം കൊണ്ട് നന്മമരമായി വിഷ്ണു വളർന്നു
കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയുമാണ് വിഷ്ണുവിന്റെ കവിതകളുടെ പ്രത്യേകത. ആധുനിക കവിതയുടെ സ്വഭാവമായി മൃത്യുപൂജ, അന്യതാബോധം, ശൂന്യതാവാദം, പൈതൃക നിരാസം തുടങ്ങിയവയോട് അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചില്ല. ആത്മീയതയിൽ ആധുനികതയും, അദ്ധ്യാപനത്തിലും മേൽശാന്തിപദത്തിലും ദൈവീകതയും വേദങ്ങളിൽ വിപ്ലവവും, പാശ്ചാത്യ പൗരസ്ത്യ സൗന്ദര്യശാസ്ത്രങ്ങളുടെ സമന്വയവുമാണ് വിഷ്ണുവിന്റെ കവിതയുടെ പ്രത്യേകത.
ദുഃഖ വാദമല്ല, ആനന്ദ വാദമാണ് തന്റെ മതമെന്നും ശ്രീനാരായണ ഗുരു പറഞ്ഞ പോലെ 'വാഴണം വാഴണം സുഖം' എന്നും സംസ്കാരവും മൂല്യവും ഒന്നും നശിക്കില്ലെന്നും, ഒരിടത്തു അസ്തമിച്ചാൽ മറ്റൊരിത്തത് അത് ഉദയം ചെയ്യുമെന്നുമുള്ള വിശ്വാസം കൈമുതലായി സൂക്ഷിക്കുന്ന ദാർശനികനാണ് കവി. മനുഷ്യ സഹജമായ എല്ലാ വികാര വിചാരങ്ങളോടുംകൂടി കവിതയെ സമീപിക്കുകയും തെറ്റ് പറ്റിയെന്ന് തോന്നിയവയെ മനനം കൊണ്ട് വിഷ്ണു കീഴടക്കുകയും ചെയ്തു. സ്വയം തെറ്റുകൾ തിരുത്താൻ പ്രാപ്തനായാൽ മാത്രമേ മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥം പൂർണ്ണമാകൂ എന്നും, സർഗ്ഗശക്തിയാണ് മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്നും അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്നു.
ആത്മീയത
ആത്മീയതയും ഭൗതികതയും ചേർന്നതാണ് ജീവിതം എന്നദ്ദേഹം വിശ്വസിക്കുന്നു. ഉത്തമമായ ആത്മീയത വേദനിഷ്ഠമാണ്. ഇത് ജാതിയുടെയോ മതത്തിന്റെയോ ദര്‍ശനമല്ല. മറിച്ചു മാനവപുരോഗതിക്കും നന്മയ്ക്കും വേണ്ടി ശീലിക്കുകയും പാലിക്കുകയും ചെയ്യേണ്ടുന്ന വ്യവസ്ഥകളുടെ സംഹിതയായ പുരോഗമന വിവേകമാണ്. ഭൂമിയുടെ വികാരമാണ്.
അന്ധ വിശ്വാസങ്ങളെ എതിർക്കാനും, പൂണൂൽ പൊട്ടിച്ച വിടിയെ മാതൃകയാക്കാനും അദ്ദേഹത്തിന് യാതൊരു വിമുഖതയില്ലായിരുന്നു. പരേതാത്മാവിനോട് സംസാരിക്കാൻ ആത്മീയതയിലൂടെ സാധ്യമല്ലെന്നും ഇതൊക്കെ തെറ്റിദ്ധാരണകൾ ആണെന്നും ആത്മനാശത്തെ അതിജീവിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. .
വേദമാണ് പ്രമാണമെങ്കിൽ ജാതിക്ക് അയിത്തമില്ല. ദളിതർ, ബ്രാഹ്മണർ, അബ്രാഹ്മണർ ഇതൊക്കെ വെറും വിഡ്ഢിത്തവും. ദ്രാവിഡനും ആര്യനും എന്നതൊക്കെ ശുദ്ധ അസംബന്ധവുമാണ്. പരിസരം ശുദ്ധമാക്കേണ്ടത് ആത്മബലം കൊണ്ടാണെന്നും കവിപറയുന്നുണ്ട്.
ശാസ്ത്രം
ശാസ്ത്ര സാഹിത്യ പരിഷത്തുമായി കവി ഗാഢബന്ധം പുലർത്തിയിരുന്നു.
സ്വാതന്ത്ര്യവും ജനാധിപത്യവും പുലരുന്ന അന്തരീക്ഷത്തിൽ നേരായ മാർഗ്ഗത്തിലൂടെയാണ് ശാസ്ത്രം വളരേണ്ടത് എന്നദ്ദേഹം നിരീക്ഷീക്കുന്നുണ്ട്.
ബഹിരാകാശ യാത്രകളെ "ധീരനൂതന യുഗത്തിന്റെ ആരംഭം "എന്നാണ് കവി വിശേഷിപ്പിക്കുന്നത്. ആദ്യകാല ബഹിരാകാശ യാത്രയിൽ രക്തസാക്ഷിത്വം വരിച്ച റഷ്യൻ വൈമാനികനെ കുറിച്ചെഴുതിയ “വ്ലാഡിമിർ കോമറോവ്”എന്ന കവിതയിൽ
മുഗ്ദ്ധയായ ദേവി വസുന്ധര, മകൻ മൂലം ചരിതാർത്ഥയാകുകയാണ്.
കാലദേശവര്ണങ്ങളുടഞ്ഞു ചേരുന്ന വാന നീലിമപോലെ മനുഷ്യമനസ്സും വിശാലമാകണം. എന്ന് കവി.പറയുന്നു.
“ഈടുറ്റ സങ്കേത പരീക്ഷണാഗ്നി
ച്ചൂടേറ്റുയിർക്കും ചിറകാഞ്ഞു വീശി
ഗോളാന്തര വ്യോമതലം കടന്നു
പായും മനുഷ്യപ്രതിഭാപകർഷം "എന്നാണ് കവി, നാസയെ വിശേഷിപ്പിക്കുന്നത്
ശാസ്ത്ര ലോകത്തെ ഉന്നതശിരസ്സുകളായ ഐൻസ്റ്റീൻ ഹെസ്സൻബർഗ്ഗ്.എന്നിവരുടെ കൂടിക്കാഴ്ചയെ ആസ്പദമാക്കി രചിച്ച”ഐൻസ്റ്റീന്റെ അതിഥി” എന്ന കവിതയിൽ "എക്സ്പാന്റിങ്ങ്യൂണിവേഴ്‌സ്" എന്ന പരികല്പനയെ ബ്രഹ്മസത്യത്തോട് ചേർക്കുന്നതിനൊപ്പം അനിയതത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു
ദെർക്കാത്തയുടെ ദർശനത്തിൽ അധിഷ്ഠിതമായ ഭൗതികശാസ്ത്രാടിത്തറയെക്കുറിച്ച് ഉയർത്തുന്ന ചോദ്യമാണ് “പരാവിദ്യ”എന്ന കവിത
മനുഷ്യപ്രതിഭ, സയൻസ്,കാവ്യാത്മകത ഇവയിലൂടെ മാറി മാറി സഞ്ചരിച്ചു അനിശ്ചിതത്വത്തിൽ ചെന്ന് മുട്ടുകയാണെന്ന തത്ത്വത്തെ കവിഅംഗീകരിക്കുന്നുണ്ട്.
രാഷ്ട്രീയം
കവിത ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. കവി, രാഷ്ട്രീയവുമായി ഇടപഴകുന്നതിന്റെ പങ്ക് വയ്ക്കലുകളാണ് കവിതയായി ബഹിർഗ്ഗമിക്കുന്നത്. വേദവും മാർക്സിസവും ഒന്നാണെന്നാണ് കവിയുടെ വിലയിരുത്തൽ.
പ്രതിഭാ ശാലിയും ഹൃദയാലുവും എന്ന നിലയിൽ കാറൽമാർക്സിനെ ബഹുമാനിക്കുകയും. അദ്ദേഹത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നുണ്ട്.
'ആഗസ്റ്റ് 15,' 'ക്വിറ്റിൻഡ്യാസ്മരണ', 'കന്നിപ്പത്ത്' തുടങ്ങി നിരവധി കവിതകളിൽ രാഷ്ട്രീയമായ അസ്വാതന്ത്ര്യം വ്യക്തിയെയും ജനതതിയെയും എങ്ങനെ ഞെരുക്കുന്നുവെന്നും സ്വാതന്ത്ര്യം സുരക്ഷിതമായാൽ എല്ലാമായി എന്ന ചിന്ത തെറ്റാണെന്നും പല രാജ്യ ചരിത്രങ്ങളും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്.
നരബലി, ശവരാഷ്ട്രീയം, സ്വാതന്ത്ര്യ ദിന ചിന്തകൾ (ഇന്ത്യ എന്ന വികാരം )തുടങ്ങിയ കവിതകളിലെ രാഷ്ട്രീയാംശങ്ങൾ ധർമ്മത്തിന്റെ നേരറിവാണ്. നിസ്വരായ മനുഷ്യരുടെ കൂടെ നിൽക്കുന്ന കവി, അതേക്കുറിച്ച് ഓർമ്മിപ്പിക്കുന്ന കവിതയാണ് 'കുറേ റഷ്യൻ കവികളോട്'.
സമകാലിക ജീവിതത്തിലെ മൂല്യച്യുതികളെയാണ് 'ഉജ്ജയിനിയിലെ രാപ്പകലുകൾ' എന്ന കവിതയിൽ പരാമർശിക്കുന്നത്. എൺപതുകളുടെ തുടക്കത്തിൽ 'യുഗള പ്രസാദൻ' എന്ന കവിത രചിക്കുകയും നിശ്ശബ്ദ താഴ്‌വര (silent valley)സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിബദ്ധതയോടെ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് കവി.
പ്രണയം
പ്രണയം കുറച്ചു സൗഭാഗ്യങ്ങളോടെയാണ് വിഷ്ണു നമ്മുടെ മുമ്പിൽ നിരത്തിവക്കുന്നത്. കുട്ടികാലത്തെ തുമ്പപ്പൂ പോലെ വെളുത്തു പരിശുദ്ധമായ സ്നേഹം, പ്രത്യേക അനുഭവത്തിന്റെ തീരെ പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ രതിമൂർച്ഛയിൽ മനസ്സിൽ ഉയർന്നു വരുന്ന അനുഭൂതിയായാണ് 'ബാല്യകാലസഖി'യിൽ കവി പ്രണയത്തെ കുറിച്ച് വർണ്ണിക്കുന്നത്.
ആനന്ദം പാപമാണെന്ന മൂഢവിചാരം ഭാരതീയ ദര്‍ശനം അനുശാസിക്കുന്നില്ല. ആത്മതപഃശക്തിക്ക് ആയിരം പ്രണാമങ്ങൾ അർപ്പിക്കുമ്പോഴും പ്രണയത്തെ വാഴ്ത്താൻ അദ്ദേഹത്തിന് യാതൊരു സങ്കോചവും ഉണ്ടായിട്ടില്ല. വളരെ ഒതുക്കത്തോടെ, ആത്മ നിഷ്ഠമായാണ് പ്രണയം അവതരിപ്പിക്കുന്നത്. സംഗീതവും പ്രണയവും മനുഷ്യ ജീവിതങ്ങളെ മഹത്വപെടുത്തുന്ന അടിസ്ഥാന ഭാവങ്ങളാണ്.
മുഗ്ദ്ധപ്രണയത്തെ കുറിച്ചും ഭഗ്നപ്രണയത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. സഹജമായ വികാരത്തിന് തടയിട്ടുകൊണ്ട് വികാരരഹിതനായ വ്യക്തിയോടൊപ്പം ജീവിക്കേണ്ടി വരുന്ന ഭഗ്ന പ്രണയത്തിന്റെ തീക്ഷ്ണതയാണ് 'അഹല്യാമോക്ഷം.' ഉയിർത്തെഴുന്നേറ്റ സ്ത്രീഹൃദയത്തിന്റെ വിഹ്വലതയാണ് 'ഉർവ്വശീനൃത്തം.'
ബ്രഹ്മാനന്ദം
രതിയെ, ബ്രഹ്മാനന്ദമെന്ന് വിശേഷിപ്പിക്കാൻ 'കുമാരസംഭവ'ത്തിൽ കാളിദാസന് കഴിയുന്നത് പോലെ 'കാശ്യപനിലൂടെ' വിഷ്ണുവിന് കഴിഞ്ഞു.
'കാശ്യപൻ' എന്ന കവിതയിൽ പ്രജാപതി നിറഞ്ഞ സന്ധ്യയിൽ പത്നിയെ പ്രാപിച്ചതാണ് വിഷയം. സന്ധ്യാ ദേവി പാപ ഭീതിയാൽ വിറ കൊണ്ട നിമിഷം, മുനി ചിത്തത്തിന്റെ ഗൂഢമായ ചിരി കാണാനും ആ വിശിഷ്ട വൈഖരി കേൾക്കാനും ആ ബ്രഹ്മാനന്ദ രസം അറിയാനും കവിക്കും കഴിയുന്നു എന്ന് കവിയുടെ സാക്ഷ്യപ്പെടുത്തല്‍.
സർവ്വോപകാരക്ഷമമെന്ന് കാളിദാസൻ വിവക്ഷിക്കുന്ന ഗാർഹസ്ഥ്യത്തിന്റെ ഭിന്നഭാവങ്ങളെ കുറിച്ചും അദ്ദേഹം നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.
ഗാർഹസ്ഥ്യം
വിഷ്ണുവിന് കവിതയും ജീവിതവും രണ്ടായിരുന്നില്ല. കവിയുടെ സാത്വികമായ വ്യക്തിത്വമാണ് നിലാവ് പോലെ പതഞ്ഞൊഴുകുന്ന നനുത്ത പുഞ്ചിരിയിലൂടെ പ്രതിഫലിക്കുന്നത് കൗമാരത്തിൽ കൈപിടിച്ച് ഒപ്പം കൂട്ടിയ 'സാ….' എന്ന് പ്രണയത്തോടെ നീട്ടി വിളിക്കാറുള്ള പത്നി സാവിത്രി, ജീവിത യാത്രയിൽ ഇണപിരിയാത്ത സാനിദ്ധ്യമായി ഒപ്പമുണ്ട്. മക്കളായ അദിതിയും അപർണ്ണയും മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങൾക്കുമപ്പുറം സാംസ്കാരിക സാഹിത്യ ലോകത്തിന്റെയും അനുഗ്രഹങ്ങൾ ലഭിച്ചു വളർന്നവരാണ്. പുതിയ ബന്ധങ്ങൾക്കൊപ്പം പഴയവ അന്വേഷിച്ചു കണ്ടു പിടിക്കുകയും അവയെ ജീവിതത്തോട് ചേർത്ത് നിർത്താനും അദ്ദേഹം എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. മോഷണം പോയ മൂന്ന് സൈക്കിളുകളുടെ മുതലാളിയായിരുന്ന കവിയുടെ ലളിതമായ ജീവിത ശൈലിയും സത്യസന്ധതയും സൗമ്യതയും കൃത്യ നിഷ്ഠയും ജീവിത സൗന്ദര്യങ്ങൾക്ക് മാറ്റ് കൂട്ടി.
പുഷ്പവനം
തിരുവനന്തപുരം വഴുതക്കാട് ബെക്കർ ശിൽപ്പമായ, വിഷ്ണുവിന്റെ പര്യായമായ 'അപരാജിത'യിൽ കവി, കുടുംബ സമേതം താമസിച്ചിരുന്നപ്പോൾ വീടിന്റെ അടയാളമരം കൊന്നയായിരുന്നു. ആ ദിനങ്ങൾ, മക്കളായ ഡോ. അദിതിക്കും, അപർണ്ണക്കും കർണ്ണികാര ശോഭ പകരുന്ന ഓർമ്മകളാണ്.
“അച്ഛൻ പകർന്നു തന്ന ജീവിതപാഠങ്ങളാണ് ഞങ്ങളുടെ സമ്പാദ്യം. അച്ഛന്റെ കവിതകളിൽ ഞങ്ങൾ നേരിട്ട് അനുഭവിച്ച ജീവിതത്തിന്റെ നേരും പച്ചപ്പും പൊള്ളലുമുണ്ട്.” അദിതിയുടെ കണ്ണുകളില്‍ തിളക്കം.
“വീട് ഒരു പുഷ്പവനമായിരുന്നു. കവിയായ അച്ഛൻ ചെടികൾ നടുക മാത്രമായിരുന്നില്ല ചെയ്തിരുന്നത്. അത് മുള പൊട്ടുന്നത് മുതൽ പൂവണിയുന്നത് വരെ ആനന്ദത്തോടെയുള്ള പരിലാളനവും കാത്തിരുപ്പുമായിരുന്നു. വൃക്ഷങ്ങളും ചെടികളും ആരാണോ സമ്മാനിച്ചിരുന്നത്, അവരായി അതിനെ സങ്കൽപ്പിച്ചാണ് വളർത്തിയിരുന്നത്. ഓരോ കാരണങ്ങളാൽ കൊന്നയും, മാവും, പൂമരുതുമൊക്കെ വെട്ടി മാറ്റേണ്ടി വന്ന അവസരങ്ങളിൽ വല്ലാതെ വേദനിച്ചിരുന്നു.'' അദിതി പറഞ്ഞു നിറുത്തി.
ശങ്കറിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച ആശ്രമ സദൃശ്യമായ 'ശ്രീ വല്ലിയിൽ' ചെമ്പരത്തിയും തുളസിയും, കാശിത്തുമ്പയും ശംഖുപുഷ്പവും പോലുള്ളവ മാത്രം നട്ട് പിടിപ്പിച്ചു. പാർക്കിൻസൺസ് രോഗം കാരണം പടികൾ കയറുന്നതും ഇറങ്ങുന്നതും ബുദ്ധിമുട്ടായപ്പോൾ പടിക്കെട്ടുകൾ മാറ്റി ചരിവാക്കി. ആ സമയം കടവേരോടെ ഇളക്കി മാറ്റി നട്ട 'പുഷ്കരമുല്ല' പരിസരമാകെ സുഗന്ധ പൂരിതമാക്കുന്നു. അവയെല്ലാം നട്ടുപിടിപ്പിച്ച വിറയാർന്ന കൈകൾ ഇപ്പോൾ അനുഗ്രഹാശിസ്സുകളുമായി അൽപ്പാൽപ്പം ഉയരുന്നുണ്ട്.
വൈകിയില്ലേ നമ്മൾ?
''ഇങ്ങനെയൊരു അച്ഛൻ ഇവിടെ ജീവിക്കുന്നു. ഭാരത സംസ്കാരത്തിന്റെ ഭൂതകാലത്തെയും വർത്തമാന കാലത്തെയും ഒരുമിച്ചു ഉൾക്കൊണ്ട കവി.” പിന്നെ ഞങ്ങൾ മൗനത്തിന്റെ വല്മീകത്തിനുള്ളിലായി. തരള വികാരങ്ങളെ മാത്രം തഴുകി കാലം കഴിക്കേണ്ടവനല്ല കവി. കാവ്യ സൃഷ്ടികൾ മാനവികതയുടെ നിലനിൽപ്പിനും രാഷ്ട്രീയ ജാഗ്രതയ്ക്ക് വേണ്ടിയും നില നിൽക്കേണ്ട ഒരായുധമാണ്. അതതുകൊണ്ട് തന്നെ
കവിതയിൽ വെടിയുണ്ട നിറച്ചു ഉന്നം തെറ്റാതെ കാഞ്ചി വലിക്കുന്നവൻ ആണ് യഥാർത്ഥ കവി എന്ന് വിഷ്ണു നാരായണൻ നമ്പൂതിരി തെളിയിക്കുന്നു. അപ്പോഴും നമ്മൾ, നമ്മളോട് തന്നെ ചോദിക്കേണ്ട
ഒരു ചോദ്യം ബാക്കിയാവുന്നു. വൈകിയില്ലേ നമ്മൾ?
read also