Image

വഴിയറിയുക, അല്ലെങ്കില്‍ ചോദിക്കുക(ഇ-മലയാളി നോയമ്പുകാല രചന -4: സ്വന്തം ലേഖകന്‍)

സ്വന്തം ലേഖകന്‍ Published on 12 March, 2021
വഴിയറിയുക, അല്ലെങ്കില്‍ ചോദിക്കുക(ഇ-മലയാളി നോയമ്പുകാല രചന -4: സ്വന്തം ലേഖകന്‍)
പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രാര്‍ത്ഥനയും ഉപവാസവും പറഞ്ഞിട്ടുണ്ട്. ഉപവസിച്ച് പ്രാര്‍ത്ഥിക്കുമ്പോഴാണ് ആത്മീയ നിറവ് അനുഭവപ്പെടുന്നത്.  ദൈവത്തില്‍ പൂര്‍ണ്ണമായിവിശ്വസിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ വിശപ്പറിയുന്നില്ല.  പ്രാര്‍ത്ഥനയുടെ ശക്തി നമ്മെ വിനയാന്വിതരാക്കുന്നു. അപ്പോള്‍ നമ്മുടെ മനസ്സില്‍ നന്മകള്‍ നിറയുന്നു.  ഉപവസിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ ഏകാഗ്രത കിട്ടുന്നു.  ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് ചെയ്യുമ്പോള്‍ ആത്മീയമായ ആനന്ദമാണ് അനുഭവപ്പെടുക. അത് അനുഭവിക്കുന്നത് പുണ്യമാണ്.
 
നാല്‍പ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഉപവാസവും പ്രാര്‍ത്ഥനയും അവസാനിക്കുന്നത് കര്ത്താവിന്റെ  കുരിശൂ മരണത്തിലും  ഉയര്‍ത്തെഴുന്നേല്‍പ്പിലുമാണ്. വിശപ്പും ദാഹവും അറിയാതെ പ്രാര്‍ത്ഥനയിലൂടെ കടന്നുപോകുന്ന ദിവസങ്ങളുടെ സമാപ്തി നമുക്ക് പ്രത്യാശ നല്‍കിക്കൊണ്ടാണ്.  മനുഷ്യരാശിയെ പാപങ്ങളില്‍ നിന്നും രക്ഷിച്ച് അവര്‍ക്ക് പറുദീസാ വീണ്ടെടുക്കാന്‍ ദൈവപുത്രന്‍ മരണത്തെ തോല്‍പ്പിച്ചുകൊണ്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ  ആനന്ദം നോയമ്പ് കാലം കഴിയുമ്പോള്‍ നമുക്ക് കൈവരുന്നു.
ഇസ്രായേല്‍ ജനത വാഗ്ദത്ത ഭൂമിയില്‍ എത്താന്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ എടുത്തുവെന്നു നമ്മള്‍ ബൈബിളില്‍ വായിക്കുന്നു. വെറും ഒമ്പതു മാസം കൊണ്ട് എത്താവുന്ന ദൂരം താണ്ടാന്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ എടുത്തത് അവര്‍ തിരഞ്ഞെടുത്ത വഴി നേര്‍വഴിയല്ലാഞ്ഞിട്ടോ  അതോ കുറുക്കു  വഴിയിലൂടെ പോയിട്ടോ. എന്തായാലും കൃത്യമായി അവര്‍ നാല്പത് വര്ഷം കഷ്ടപ്പെട്ട കണക്കുകള്‍ നമ്മള്‍  മനസ്സിലാക്കുന്നു. തികഞ്ഞ അച്ചടക്കവും ദൈവ വിശ്വാസവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അങ്ങനെ  നരകിക്കേണ്ടിവരുമായിരുന്നില്ല. അവരെ നയിച്ച മോസസ്സിനോട് വഴിക്കുകൂട്ടുകയും കണക്കുകള്‍ ചോദിക്കുകയുംചെയ്ത യാത്ര ദുസ്സഹമാക്കിയിരുന്നു അവര്‍. അവര്‍ അടിമത്വത്തില്‍ നിന്നും സ്വാതന്ത്രത്തിലേക്ക് പ്രയാണം ചെയ്യുകയായിരുന്നു. എന്നിട്ടും അത് ആഹ്ളാദകരമായ  ഒരു യാത്രയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  നമ്മള്‍ ഈ നാല്‍പ്പത് ദിവസം ഉപവസിക്കുകയും പ്രാര്ഥിക്കുകയും 
ചെയ്യുമ്പോള്‍ ഓര്‍ക്കുക നമ്മളും ജീവിതമാകുന്ന മരുഭൂമിയിലൂടെ സഞ്ചരിക്കയാണെന്നു. നമുക്ക് നമ്മുടെ വഴി അറിയണം. അല്ലെങ്കില്‍ അത് ചോദിച്ച് മനസ്സിലാക്കണം.
പലര്‍ക്കും ലക്ഷ്യസ്ഥാനത്തെത്തുവാനുള്ള വഴിയറിയില്ല. അവര്‍ ചോദിച്ച് മനസിലാക്കുന്നു.ചെല്ലുമ്പോള്‍ ചെല്ലട്ടെ എന്ന മനോഗതിക്കാര്‍ക്ക് ഒന്നും പ്രശ്‌നമല്ല. പക്ഷെ ഭൂമിയില്‍ നമുക്ക് ലഭിച്ച ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തീര്‍ക്കുമ്പോഴാണ് അത് സഫലമാകുന്നത്. പല മതഗ്രന്ഥങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നു. അതില്‍ നിന്നും നല്ലത് തിരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി ദൈവം മനുഷ്യന് കൊടുത്തിട്ടുണ്ട്. ഇത്തരം വൃതാനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും നന്മയുടെ വഴിയിലൂടെ നടക്കാന്‍ നമ്മെ സഹായിക്കുന്നു.  മതത്തിന്റെ മതില്‌കെട്ടുകള്‍ക്കുള്ളില്‍ കെട്ടപ്പെട്ടു കിടക്കണമെന്നില്ല.  അറിവ് നേടുമ്പോള്‍. എല്ലാവരുടെയും ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാകണം. അവിടെയെത്താനുള്ള വഴി കണ്ടെത്തണം. ജീവിതത്തില്‍ ഒരു സമയത്തും കുറുക്കു വഴികള്‍ ഇല്ലെന്നു നമ്മള്‍ മനസ്സിലാക്കണം. 
 
നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകണം. അതിനു നമ്മളുടെ ജീവിതം നമ്മള്‍ നന്മയുടെ അടിത്തറയില്‍ പണിതതാക്കണം. മത്തായിയുടെ വിശേഷം അഞ്ചാം  അദ്ധ്യായം പതിമൂന്നു മുതല്‍ പതിനാറു വരെയുള്ള വാക്യങ്ങള്‍ വായിക്കുക.  13 നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല്‍ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാന്‍ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.14 നിങ്ങള്‍  ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.15 വിളക്കു കത്തിച്ചു പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു.16 അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
നന്മയുടെ പ്രകാശമുണ്ടെങ്കിലേ ജീവിതം തിളങ്ങുകയുള്ളു. ദൈവ വചനങ്ങള്‍ക്ക് മതമില്ലെന്നു ഓര്‍ക്കുക. അതുകൊണ്ട് മനുഷ്യരാശിക്ക് ഫലപ്രദമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക.  പ്രതിബന്ധങ്ങളില്‍ തളര്‍ന്നുപോകാതെ നമ്മെ കരുത്തരാക്കുന്നത് നമ്മളിലുള്ള ആത്മീയമായ ശക്തിയാണ്. അത് നമുക്ക് ലഭിക്കുന്നത് പ്രാര്ഥനയിലൂടെയും, ഉപവാസത്തിലൂടെയുമാണ്. നമ്മള്‍ ആര്‍ജിക്കുന്ന അറിവിലൂടെയാണ്.
 
(തുടരും)
 
വഴിയറിയുക, അല്ലെങ്കില്‍ ചോദിക്കുക(ഇ-മലയാളി നോയമ്പുകാല രചന -4: സ്വന്തം ലേഖകന്‍)
Join WhatsApp News
american malayalee 2021-03-12 22:49:51
വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലിമൃഗങ്ങൾ നമ്മൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക