Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍

Published on 13 April, 2025
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍ രംഗത്ത്. ബംഗാളില്‍ രൂക്ഷമാവുന്ന വഖഫ് പ്രക്ഷോഭം തൃണമൂല്‍ വിരുദ്ധവികാരമായി മാറുമോ അതു കേരളത്തില്‍ തനിക്കു തിരിച്ചടിയാകുമോ എന്ന ഭയത്തില്‍ നിന്നാണ് അന്‍വര്‍ ആവശ്യം കടുപ്പിക്കുന്നത് എന്നാണ് ലീഗും കോണ്‍ഗ്രസ്സും കരുതുന്നത്. നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആരാവണമെന്ന് അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചത് യു ഡി എഫിനു തലവേദനയായിരുന്നു. യു ഡി എഫ് താനുമായി ചര്‍ച്ച നടത്തി മുന്നണിയിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷ വൈകുന്നതിലാണ് ഇപ്പോള്‍ അന്‍വറിന് ആശങ്ക.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന സൂചനയും പി വി അന്‍വര്‍ നല്‍കുന്നു. ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന മുന്‍ പ്രഖ്യാപനം പുനപ്പരിശോധിക്കേണ്ടിവരുമെന്ന സൂചനയും ഇതിലുണ്ട്. ആര്യാടന്‍ മുഹമ്മദ് എന്ന നേതാവിന്റെ തട്ടകത്തില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി നിര്‍ത്താനുള്ള അന്‍വറിന്റെ നീക്കത്തിന് തലവച്ചു കൊടുക്കരുതെന്ന വികാരം യു ഡി എഫില്‍ ശക്തമാണ്. എന്നാല്‍ വി എസ് ജോയി മത്സരിച്ചാലെ വിജയിക്കാനാവൂ എന്ന അന്‍വറിന്റെ മുന്‍കൂര്‍ പ്രസ്താവന യു ഡി എഫ് നയങ്ങളിലുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുന്നു. അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ അതു വലിയ തലവേദനയാവും എന്നതിന്റെ സൂചനയാണ് ഈ പ്രസ്താവനയെന്നും വലിയ വിഭാഗം കരുതുന്നു. ഇതാണ് മുന്നണി പ്രവേശനത്തിനു തീരുമാനമെടുക്കാന്‍ വൈകുന്നത്.

 ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനോടുള്ള കോണ്‍ഗ്രസ് സമീപനവും അന്‍വറിന്റെ പ്രവേശനത്തിന് വിലങ്ങുതടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക