Image

തിരുവനന്തപുരത്ത് ആംബുലൻസ് ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പോലീസ്

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
തിരുവനന്തപുരത്ത് ആംബുലൻസ് ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പോലീസ്

തിരുവനന്തപുരത്ത് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളറട ദേവി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ 108 ആംബുലൻസിനെ വിളിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ പോയതിനാലാണ് വീട്ടമ്മയായ ആൻസി മരിച്ചത്.

പ്ലേറ്റ്‌ലെറ്റ് അളവ് കുറഞ്ഞ ആൻസിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് അത്യാവശ്യമായിരുന്നു. സാമ്പത്തികമായി പിന്നോക്കമുള്ളതിനാലാണ് 108 നെ വിളിച്ചത്. എന്നാൽ കുരിശുമലയിലെ പ്രത്യേക ഡ്യൂട്ടിക്ക് പോകാനുള്ളതുകൊണ്ട് ആംബുലൻസ് നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം ഓക്സിജനില്ലാത്ത ഒരു സ്വകാര്യ ആംബുലൻസിലാണ് ആൻസിയെ കൊണ്ടുപോയത്. എന്നാൽ യാത്രയ്ക്കിടെ നെയ്യാറ്റിൻകരയിൽ വെച്ച് ആൻസി മരണപ്പെട്ടു. സംഭവത്തിൽ ആൻസിക്ക് ചികിത്സാ സഹായം നൽകിയവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

 

 

English summary:

Incident of housewife's death in Thiruvananthapuram due to unavailability of ambulance; police register case suo motu.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക