Image

ജ്ഞാനസ്നാന പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യുക അസാധ്യം

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 18 April, 2025
ജ്ഞാനസ്നാന പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യുക അസാധ്യം

മാമോദീസ എന്ന കൂദാശ മാറ്റുകൂദാശകളിലേക്കുള്ള ചരിത്രപരമായ ഒരു ആരംഭം ആണെന്നും, സഭയിൽ നിന്നും പുറത്തുപോകുവാനുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ, ഇടവകകളിൽ സൂക്ഷിക്കുന്ന മാമോദീസ പട്ടികയിൽ നിന്നും ആളുകളുടെ പേരുകൾ നീക്കം ചെയ്യുക അസാധ്യമാണെന്ന് വത്തിക്കാനിലെ നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററി വ്യക്തമാക്കി. ഡികസ്റ്ററിയുടെ പ്രീഫെക്ട് മോൺസിഞ്ഞോർ ഫിലിപ്പോ യന്നോനെ, സെക്രട്ടറി ഹുവാൻ അരിയെത്ത എന്നിവർ ഒപ്പുവച്ച വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം എടുത്തുപറഞ്ഞത്.

വിശുദ്ധ മാമോദീസ എന്ന കൂദാശയുടെ സ്വീകരണം ഒരു അടിസ്ഥാന ചരിത്ര "വസ്തുത"യാണ്, അതിനു നൽകേണ്ടുന്ന കൃത്യത എപ്പോഴും നൽകണമെന്നും, പിശകുകൾ തിരുത്താൻ ഒഴികെ മറ്റു വിശദാംശങ്ങൾ തിരുത്തുവാനോ, പരിഷ്കരിക്കുവാനോ, ഇല്ലാതാക്കുവാനോ ആർക്കും അനുവാദമില്ലെന്നും ഡിക്കസ്റ്ററി വിശദീകരിക്കുന്നു. പട്ടികയെന്നത് കൂദാശകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വസ്തുനിഷ്ഠമായ സ്ഥിരീകരണത്തെ പ്രതിനിധീകരിക്കുന്നുവെന്നും രേഖയിൽ പറയുന്നു.

സ്ഥൈര്യലേപനം, തിരുപ്പട്ടം, വിവാഹം എന്നീ കൂദാശകളുടെയും, സന്യാസവ്രത സ്വീകരണം, മറ്റു റീത്തുകളിലേക്കുള്ള മാറ്റം എന്നിവയ്ക്കല്ലാം അടിസ്ഥാനമായി നിലകൊള്ളുന്നത് മാമോദീസസ്വീകരണം ആണെന്നുള്ളതുകൊണ്ട്, ഈ കൂദാശകളുടെ "സാധുവായ സ്വീകരണം" സ്ഥാപിക്കുന്നതിന് മാമോദീസ പട്ടിക കറയില്ലാത്ത സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും രേഖ അടിവരയിടുന്നു. എന്നാൽ സഭ ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ സ്വതന്ത്ര ഇച്ഛാശക്തിയെ ഒരു തരത്തിലും പരിമിതപ്പെടുത്തുന്നില്ലയെന്നും രേഖയിൽ വ്യക്തമാക്കുന്നു.

ഒരു വ്യക്തി കത്തോലിക്കാ സഭ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുമ്പോൾ, രജിസ്റ്ററുകളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനസ്നാനത്തിന്റെ വിവരങ്ങൾ  ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും, സ്വന്തം താൽപ്പര്യങ്ങളുടെയും ഉൾപ്പെട്ടിരിക്കുന്ന എല്ലാ വിഷയങ്ങളുടെയും ഉദ്ദേശ്യം കണക്കിലെടുത്ത്, ഉൾപ്പെട്ട വ്യക്തിയുടെ ലളിതമായ അഭ്യർത്ഥന പ്രകാരം, ഒരു എതിർ വാദം കേൾക്കലിന്റെ പശ്ചാത്തലത്തിൽ, അവരുടെ  ഇഷ്ടാനിഷ്ടങ്ങൾ രജിസ്റ്ററിൽ ചേർക്കാൻ അനുവാദമുണ്ടെന്നും രേഖയിൽ പറയുന്നു.

അവസാനമായി, മാമ്മോദീസ ആഘോഷത്തിൽ, ആവർത്തിക്കാനാവാത്ത മറ്റ് കൂദാശകളിലെന്നപോലെ, സാക്ഷിയുടെ സാന്നിധ്യവും,  ഉറപ്പും അവശ്യമാണെന്നും രേഖയിൽ ചൂണ്ടിക്കാണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക