
നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പ്രതികാര നടപടികളെന്നോണം വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ സർക്കാർ ഉത്തരവുകളിലൂടെ തടഞ്ഞു. ഈസ്റ്റർ ദിനത്തിലെ പ്രദക്ഷിണവും, വെടിക്കെട്ടുകൾ പോലും പാടില്ലെന്ന കർശനനിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. ക്രൈസ്തവർക്ക് എതിരെയുള്ള നടപടികൾക്കായി സുരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്. തെരുവുകളിലൂടെ വിശുദ്ധ ചിത്രങ്ങളും, കുരിശുകളും സംവഹിക്കുന്നതും പ്രസിഡണ്ട് ഡാനിയേൽ ഒർട്ടേഗ നിരോധിച്ചിട്ടുണ്ട്.
2023 മുതൽ നിക്കരാഗ്വയിൽ പൊതുവായ പ്രദക്ഷിണങ്ങൾ നിരോധിച്ചിട്ടുണ്ട്. പള്ളിയുടെ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാവൂ എന്ന നിർദേശം കൊടുക്കുന്നതോടൊപ്പം, ലംഘകർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളും സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നു. ഈ ദിവസങ്ങളിൽ വിവിധ പള്ളികളിൽ പോലീസുകാരുടെ മിന്നൽ പരിശോധനകളും നടന്നുവെന്ന് വൈദികർ സ്ഥിരീകരിക്കുന്നു.
രാജ്യത്തെ ക്രൈസ്തവർക്കും, മതവിശ്വാസികൾക്കും നേരെയുള്ള സർക്കാരിന്റെ നടപടികൾ അത്യന്തം വേദനാജനകമെന്നു '100% നോത്തിസിയാസ്' എന്ന ഓൺലൈൻ മാധ്യമം അറിയിച്ചു. കുടിയേറ്റക്കാർ, രാഷ്ട്രീയ തടവുകാർ തുടങ്ങിയ സചേതനമായ വിഷയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുവാൻ സർക്കാർ അനുവദിക്കാത്തത്, നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും വിഷയങ്ങളിൽ സഭയുടെ ശബ്ദം നിശബ്ദമാക്കാനുള്ള ശ്രമമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.