
ചെന്നൈ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹമാണ്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിങ് സ്റ്റെൻഡിങ്, കൊറോണറി സ്റ്റെൻഡിങ് തുടങ്ങിയവയിൽ വിദഗ്ധനായിരുന്നു ഡോ. മാത്യു സാമുവൽ കളരിക്കൽ.
രാജ്യത്ത് ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവലാണ്. ഇലക്ട്രോണിക്ക് അൽജെസിമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്കെയിൽ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിനു പേറ്റന്റുണ്ട്. ഹൃദയ ധമനികളിലെ തടസം നീക്കുന്ന ആൻജിയോപ്ലാസ്റ്റിയിൽ ലോക സ്റ്റെന്റുകൾക്കു പകരം സ്വയം വിഘടിച്ചു ഇല്ലാതാകുന്ന ബയോ സ്റ്റെന്റുകൾ ഉപയോഗിച്ചുള്ള ചികിത്സയുടെ അമരക്കാരിലൊരാളും അദ്ദേഹമാണ്.