
ന്യൂഡല്‍ഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ വ്യവസായിയും ലോക്‌സഭാ എംപി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയെ തുടര്‍ച്ചയായി മൂന്നാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. വ്യാഴാഴ്ച ആറ് മണിക്കൂറോളമാണ് വാദ്രയെ ഇഡി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
2008ലെ ഹരിയാനയിലെ ഭൂമി ഇടപാടും അതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലുമാണ് ചോദ്യം ചെയ്തത്. തുടര്‍ച്ചയായി മൂന്ന് ദിവസം 16 മണിക്കൂറോളമാണ് വാദ്രയെ ഇഡി ചോദ്യം ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തനിക്കും തന്റെ കുടുംബത്തിനും നേരെയുള്ള രാഷ്ട്രീയ വേട്ടയാടലാണ് ഇഡി നടപടിയെന്ന് 56കാരനായ വാദ്ര ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വാദ്ര ചോദ്യം ചെയ്യലിനായി ഹാജരായത്. വയനാട് എംപിയും ഭാര്യയുമായ പ്രിയങ്കാ ഗാന്ധിയും വാദ്രയെ അനുഗമിച്ചിരുന്നു. വൈകീട്ട് 6.15ന് ചോദ്യം ചെയ്യലിന് ശേഷം ഇരുവരും ഇഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങി.
ചോദ്യം ചെയ്യാനായി വാദ്രയെ വീണ്ടും വിളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വാദ്രയോട് 16 മുതല്‍ 17 ചോദ്യങ്ങള്‍ വരെ ചോദിച്ചതായും കള്ളപ്പണം വെളുപ്പിക്കല്‍ തടയന്‍ നിയമം (പിഎംഎല്‍എ) പ്രകാരം വാദ്രയുടെ മൊഴി രേഖപ്പെടുത്തിയായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.