Image

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

Published on 22 November, 2016
ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു


ഇത് സുനന്ദാമണി,

ചേര്‍ത്തല, തണ്ണീര്‍മുക്കം, കട്ടച്ചിറ, ശാസ്താങ്കല്‍ പ്രദേശത്തു നിന്നും മരുത്തോര്‍വട്ടം ക്ഷേത്രത്തിന് കിഴക്കു ഭാഗത്തേയ്ക്ക് വിവാഹം കഴിച്ചു വിട്ട ഒരു സഹോദരി.

8 വര്‍ഷങ്ങള്‍ക്കു മേലെ, ചേര്‍ത്തല ഭാഗത്തു ദുരന്തം വിതച്ചു കൊണ്ട് പറന്നു നടന്ന ചിക്കന്‍ ഗുനിയ കൊതുകുകളില്‍ ഒന്ന്, പറന്നു ചെന്നു കുത്തിയത് സുനന്ദാമണിയുടെ സ്വപ്നങ്ങളിലാണ് .

അന്ന് ചിക്കന്‍ ഗുനിയ ബാധിച്ച് തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവ് മുരളീധരന്‍ നായര്‍, പിന്നീട് ഇന്നു വരെ എഴുന്നേറ്റിട്ടില്ല.

കഴിഞ്ഞ 8 വര്‍ഷമായി, സുനന്ദാ മണിയുെടെ ഒരു ദിവസം തുടങ്ങുന്നത്, ഭര്‍ത്താവിനെ വട്ടം താങ്ങിയെടുത്ത്, ദൂരെയുള്ള കക്കൂസില്‍ കൊണ്ടെയിരുത്തി, പിന്നീട് ശരീരം വൃത്തിയാക്കി, തിരികെ കിടത്തിക്കൊണ്ടാണ്.

അതേ,
സുനന്ദാ മണി ചുമക്കുകയാണ്, ജീവിതത്തിന്റെ പച്ചയായ സകല ദുരിതക്കെട്ടുകളും.

വശങ്ങളിലേയ്ക്ക് എപ്പോഴും ചരിഞ്ഞു പോകുന്ന കഴുത്തും, വാക്കുകള്‍ തിരിയാത്ത നാക്കുമായി വേദനയോടെ കിടക്കുന്ന ഭര്‍ത്താവിനെ ഒറ്റയ്ക്കാക്കി, തൊഴിലുറപ്പു ജോലിയ്ക്കു പോലും പോകാന്‍ സാധിക്കുന്നില്ല .

ഫലമോ, കുട്ടിന് കൊടിയ ദാരിദ്ര്യം മാത്രം.

ഭര്‍ത്താവിനെ താങ്ങിയെടുത്ത്, കസേരയിലിരുത്തി, മുന്നോട്ടാഞ്ഞു വീഴാതെ, ഒരു തോര്‍ത്തു കൊണ്ട് കെട്ടിവച്ചതിനു ശേഷമാണ്, ആരുടെയെങ്കിലും സഹായം തേടി, നിത്യ ചെലവിനായി, ഇവര്‍ പുറത്തു പോകുന്നത്.

രോഗത്തിന്റെ ആദ്യ കാലങ്ങളില്‍, രോഗം മാറും എന്ന പ്രതീക്ഷയില്‍, ആഴ്ചയില്‍ പലതവണ, മെഡിക്കല്‍ കോളേജുകളില്‍ ഭര്‍ത്താവിനെ വാടകക്കാറിലാണ് കൊണ്ടുപോയിരുന്നത്.

എന്നാല്‍ ഇനിയൊന്നും ചെയ്യാനില്ലാ, എന്നു പറഞ്ഞു കൊണ്ട്, എല്ലാ ഡോക്ടര്‍മാരും കൈയൊഴിയുകയാണ് ഉണ്ടായത്.

വലിയൊരു തുക കാറു വാടകയിനത്തിലും മറ്റു ചിലവുകളിലുമായി, താങ്ങാനാവാതെ വന്നപ്പോള്‍, പണയം വച്ച, വീടും പറമ്പും, ഈ ഡിസംബറിലെ ജപ്തി നടപടികളിലൂടെ നഷ്ടപ്പെടും എന്ന്, വിതുമ്പിക്കൊണ്ടാണ് സുനന്ദാ മണി പറഞ്ഞത്.

ഈ വേദനയിലും മരുത്തോര്‍വട്ടം പള്ളിയില്‍ നിന്നും തനിയ്ക്കു കിട്ടിയ കാരുണ്യത്തെ, നന്ദിയോടെ സുനന്ദാമണി സ്മരിയ്ക്കുന്നു.

മകളെ പഠിപ്പിക്കാനും വിവാഹം കഴിപ്പിയ്ക്കാനും പള്ളിയില്‍ നിന്നും സഹായം ലഭിച്ചിരുന്നു.
മകളുടെ വിവാഹത്തിനു മുന്‍പായി, ഇടിഞ്ഞു പൊളിഞ്ഞ വീടു കണ്ട പള്ളി അധികാരികള്‍, ചെറുതായി അത്, പുതുക്കിപ്പണിതിരുന്നു.

ഇടയ്ക്കിടയ്ക്ക് പള്ളിയില്‍ നിന്നും കിട്ടിയിരുന്ന സഹായം കൂടി നിലച്ചതിനാല്‍, ഇവര്‍ ഇപ്പോള്‍ കടുത്ത ദുരിതത്തിലാണ്.

ഇത്തരം സഹോദരിമാരുടെ കരച്ചില്‍ കാണാതെ, കണ്ണീര്‍ തുടയ്ക്കാതെ, നിലവിളികളോടെ നീട്ടുന്ന ഇവരുടെ കരങ്ങള്‍ തട്ടിമാറ്റിക്കൊണ്ട് നമ്മള്‍ ചെയ്യുന്ന ഏതു പ്രവൃത്തികളാണ്, എല്ലാമറിയുന്ന ദൈവത്തിന്റെ അനുഗ്രഹം നമുക്ക് നേടിത്തരുന്നത്.

പണ്ഡിതനെന്നോ, പാമരനെന്നോ, പണക്കാരനെന്നോ, പണിക്കാരനെന്നോ വ്യത്യാസമില്ലാതെ, ആരെയും കുത്താവുന്ന ഒരു കൊതുകിന്റെ കുത്തലില്‍ തീരാവുന്നതേയുള്ളൂ നമ്മുടെ പണത്തിന്റെ കത്തലും, അഹങ്കാരത്തിന്റെ ആന്തലും.

അങ്കത്തിനായ്, ആരാധനാലയങ്ങള്‍ക്കായ്, ആര്‍ഭാടങ്ങള്‍ക്കായ്, ആഘോഷങ്ങള്‍ക്കായ് നാം ചിലവാക്കുന്ന പണത്തിന്റെ ഏറ്റവും ചെറിയ ഒരു വിഹിതം, ഇത്തരം ജീവിതങ്ങള്‍ക്കു കൂടി പങ്കുവച്ചാല്‍, 
ജീവിതത്തിന്റെ ദുരിതക്കടല്‍, തന്റെ ഭര്‍ത്താവിനെയും തോളിലേറ്റി ഒറ്റയ്ക്കു നീന്തുന്ന
ഇത്തരം സഹോദരിമാരുടെ ജീവിതം കുറച്ചു നാളുകള്‍ കൂടി നീട്ടികൊടുക്കാന്‍ സാധിച്ചേക്കും.

ദൈവം, നമ്മോട് പറയുന്നതു പോലെ തോന്നുന്നു, 
സുനന്ദാമണിയുടെ, നമുക്ക് നേരെ കരുണയ്ക്കായ് നീട്ടിയ കൈകളിലൂടെ, വിതുമ്പുന്ന ചുണ്ടുകളിലൂടെ

എത്രയോ പേരില്‍ നിന്നും തിരഞ്ഞെടുത്താണ്, എനിയ്ക്ക് പ്രിയപ്പെട്ട നിങ്ങളെ, മനോഹരമായ ഈ ഭൂമിയിലേയ്ക്ക് മനുഷ്യരായി, ശ്രേഷ്ഠ ജന്മം നല്‍കി അയച്ചത്.

എനിയ്ക്ക് വേണ്ടത്, നിങ്ങളുടെ കാണിയ്ക്കയല്ല, വഴിപാടുകളല്ല.
കനിവു കിനിയുന്ന മനസും കാരുണ്യമുള്ള ഹൃദയവുമാണ്. 
മറുകൈ അറിയാത്ത മാനവധര്‍മമാണ്.

SBI ചേര്‍ത്തല സൗത്ത് ബ്രാഞ്ച് .
മുരളീധരന്‍ നായര്‍ സുനന്ദാമണി.
അക്കൗണ്ട് നമ്പര്‍ 35 11 32 74 261.

മൊബൈല്‍: 8086639148.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക